ഇപ്പോള്‍ തളരുന്നത് ആരോമുണ്ണിയാണെന്ന് കണ്ണപ്പുണ്ണിക്കു മനസ്സിലായി. അപ്പോള്‍ അവന്‍ ആരോമുണ്ണിയെ മുത്തച്ഛന്‍ പഠിപ്പിച്ചുകൊടുത്ത പത്തൊമ്പതാമത്തെ അടവ് ഓര്‍മ്മിപ്പിച്ചു. മുത്തച്ഛനേയും കളരിഭരമ്പരദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ആരോമുണ്ണി ചുവടു മാറ്റിച്ചവിട്ടി.
”നോക്കിത്തടുത്തോടാ ചന്തു, ഇത് പത്തൊമ്പതാമത്തെ അടവാണ്.
നിനക്കായിവേണ്ടി മാത്രം മുത്തച്ഛന്‍ പഠിപ്പിച്ചുതന്നതാണ് ”
മിന്നല്‍കണക്കേ ചുരിക വായുവിലുയര്‍ന്നുതാണു. ചന്തുവിനു
തടുക്കാന്‍ കഴിയുന്നതിനു മുമ്പേ, അമ്മാവന്റെ കേമന്‍ ചുരിക ചന്തുവിന്റെ കഴുത്തില്‍ പതിച്ചു. ചന്തുവിന്റെ തല തല്‍ക്ഷണം നിലത്തു വീണുരുണ്ടു. കണ്ണപ്പുണ്ണി ചന്തുവിന്റെ തല കുടുമയില്‍ പിടിച്ചുപൊക്കി കൂടെക്കൊണ്ടുവന്ന മാറാപ്പിലിട്ടു.
അപ്പോള്‍ ആരോമുണ്ണി പറഞ്ഞു:
”അയിലാളര്‍ അറിഞ്ഞുകൊണ്ടുവേണം നമ്മള്‍ ഈ ചതിയന്റെ തലയുംകൊണ്ടു പോകാന്‍. ഇല്ലെങ്കിലോ, നമ്മള്‍ ഇവനെ അങ്കത്തില്‍ ചതിച്ചുകൊന്നതാണെന്ന് പെണ്ണുങ്ങള്‍ രണ്ടും പറഞ്ഞുണ്ടാക്കും”
അവര്‍ പടിപ്പുരത്തിണ്ണയിലിരുന്നു.
കുട്ടിമാണിയുടേയും കുഞ്ചുണ്ണൂലിയുടേയും അലമുറ കേട്ട് അയിലാളര്‍ ഓടിക്കൂടി.
”ചന്തുച്ചേകോന്റെ തലയറുത്ത് അതാ കൊണ്ടുപോകുന്നു’ എന്ന് പെണ്ണുങ്ങള്‍ ബഹളംകൂട്ടി. അതുകേട്ടവാറേ അയിലാളര്‍ വടിയും ഉലക്കയുമായിവന്ന് പടിപ്പുര വളഞ്ഞു.
ആരോമുണ്ണി പടിപ്പുരവാതില്‍ തുറന്നു. മാലോകരോട് ഉണ്ടായ കാര്യങ്ങള്‍ വിസ്തരിച്ചു.
ചന്തുക്കുറുപ്പ് ചതിച്ചുകൊന്ന ആരോമര്‍ചേകവരുടെ മകനും മരുമകനുമാണ് ഈ വന്നിരിക്കുന്നതെന്നും, വന്നത് പകരം ചോദിക്കാനാണെന്നും കേട്ടപ്പോള്‍, ഉത്തരം ചോദിച്ചത് ഉചിതമായെന്നു പറഞ്ഞ് അയിലാളരെല്ലാവരും പിരിഞ്ഞുപോയി.
ആരോമുണ്ണിയും കണ്ണപ്പുണ്ണിയും വെള്ളാസ്ത്രിയാല്‍ത്തറയോളമെത്തി. ക്ഷീണം തീര്‍ക്കാന്‍ ഇരുപേരും ആല്‍ത്തറമേല്‍ കയറിയിരുന്നു.
”കണ്ണപ്പുണ്ണ്യേ, നാടുവാഴി അറിയാതെ നമ്മള്‍ ഈ നാടുവിട്ടുപോകരുത്. ചന്തുക്കുറുപ്പിനെ ചതിയങ്കത്തില്‍ തോല്‍പ്പിച്ച് എവിടുന്നോ വന്ന രണ്ടു ചേകവന്മാര്‍ തലയും വെട്ടിക്കൊണ്ടുപോയെന്ന് ദേശംതോറും പാണന്മാര്‍ പാടിനടക്കും. അത് നമ്മള്‍ക്കു നാണിഭക്കേടുണ്ടാക്കും. അമ്മാവനും മുത്തച്ഛനും നമ്മുടെ കളരിക്കും കറുത്തേനാര്‍ നാട്ടിനും കേളിയും കീര്‍ത്തിയും കുറയും”
അരിങ്ങോടര്‍കളരിയില്‍ നടന്ന അങ്കംവെട്ടിന്റെ കഥ നാടുവാഴിയുടെ ചെവിയിലെത്തി. നിജസ്ഥിതി അറിവാനായി തമ്പുരാന്‍ ആനക്കഴുത്തേറി, പടയാളികളായ നായന്മാരുടെ അകമ്പടിയോടെ അരിങ്ങോടരുടെ വീട്ടിലെത്തി.
ചന്തുക്കുറുപ്പിന്റെ തലവെട്ടിയെടുത്ത് മാറാപ്പിലാക്കി, എവിടുന്നോ വന്ന രണ്ടു ചേകവന്മാര്‍ എങ്ങോട്ടോ കടന്നുകളഞ്ഞെന്ന് കുട്ടിമാണിയും കുഞ്ചുണ്ണൂലിയും പരാതിപ്പെട്ടു. പുത്തൂരം വീട്ടിലെ ആരോമല്‍ചേകവരുടെ മകനും മരുമകനുമാണ് ആ ചേകവരെന്ന പരമാര്‍ത്ഥം പെണ്ണുങ്ങള്‍ മറച്ചുവെച്ചു.
”ഏതുവഴിക്കാണ് അവര്‍ പോയത് ? ” തമ്പുരാന്‍ ആരാഞ്ഞു.
”വെള്ളാസ്ത്രിയാലിന്റെ ഭാഗത്തേക്കാണ് തമ്പുരാനേ” അയിലാളരിലൊരാള്‍ ഉണര്‍ത്തിച്ചു.
നാടുവാഴിയും പടനായന്മാരും വരുന്നതുകണ്ട് കണ്ണപ്പുണ്ണി പേടിച്ചുപോയി.
”വലഞ്ഞല്ലോ ആരോമുണ്ണി!”
ആരോമുണ്ണിക്കു കുലുക്കമുണ്ടായില്ല. ആരോമര്‍ചേകവരുടെ മകനും മരുമകനുമാണെന്നും അമ്മാവനെ ചതിച്ചുകൊന്ന ചന്തുവിനോടു പകരം ചോദിക്കാന്‍ വന്നതാണെന്നും ആരോമുണ്ണി തമ്പുരാനെ ബോധിപ്പിച്ചു.
ചന്തുക്കുറുപ്പ് പണ്ട് പ്രജാപതിനാട്ടിലെ അങ്കത്തട്ടില്‍വെച്ച് ആരോമരുടെ നാഭിയില്‍ ചതിയില്‍ കുത്തുവിളക്കിന്റെ തണ്ടു കുത്തിയിറക്കിയ കഥ തമ്പുരാനും കേട്ടിട്ടുണ്ടല്ലൊ.
ഉത്തരം ചോദിച്ചതുചിതമായി എന്നു കല്‍പ്പിച്ച് തമ്പുരാന്‍ ആനക്കഴുത്തില്‍നിന്നിറങ്ങി. ചേകവന്മാരെ അടുത്തുവിളിച്ചു. തൃക്കയ്യില്‍ കിടന്ന കനകവളകളൂരി അവര്‍ക്കു സമ്മാനിച്ചു. തമ്പുരാനും നായന്മാരും വന്നവഴിയേ മടങ്ങിപ്പോയി.
(അടുത്ത രണ്ടു ലക്കത്തോടെ പരമ്പര അവസാനിക്കും)