നവംബര്‍ 30 പഴശ്ശി ബലിദാനദിനം
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി വീരചരമം പ്രാപിച്ച മലബാറിലെ കോട്ടയം കേരളവര്‍മ്മ പഴശ്ശി രാജാവിനെ കുറിച്ചും അദ്ദേഹത്തോടൊപ്പം പോരാടിയ എടച്ചെന കുങ്കന്‍, തലയ്ക്കല്‍ ചന്തു, കൈതേരി അമ്പു തുടങ്ങിയ ധീരദേശാഭിമാനികളെ കുറിച്ചും കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ വയനാടന്‍ പ്രദേശങ്ങളില്‍ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന, പഴശ്ശിരാജാവിനോടൊപ്പം ഒരുകാലത്ത് പ്രവര്‍ത്തിച്ച ‘ വയനാടന്‍ പുലി പാലൊറ എമ്മന്‍ നായരെ’ന്ന നാടുവാഴിയുടെ ജീവിതം ചരിത്ര ഗ്രന്ഥങ്ങള്‍ക്കു പോലും അപ്രാപ്യമാണ്. കേരളവര്‍മ്മ പഴശ്ശിരാജയുടെ ബലിദാനം നടന്നിട്ട് 215 വര്‍ഷവും മലേഷ്യയിലേക്ക് നാടുകടത്തപ്പെട്ട എമ്മന്‍ നായര്‍ ദിവംഗതനായിട്ട് 200 വര്‍ഷവും പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തില്‍ എമ്മന്‍ നായരെ അറിയാനുള്ള ഒരു ശ്രമം.
കേരളവര്‍മ്മ പഴശ്ശി രാജാവിന്റെ നികുതി പിരിവ് കാര്യക്കാരന്‍, കുറുമ്പ്രനാട് വീരവര്‍മ്മയുടെ അനുയായി, കോട്ടയം മൂത്തരാജാവ് രവിവര്‍മ്മയുടെ സഹായി, ‘മൈസൂര്‍ കടുവ’ ടിപ്പുസുല്‍ത്താന്റെ വിശ്വസ്തനായ ഇടപാടുകാരന്‍, ബ്രിട്ടീഷ് ഇസ്റ്റ് ഇന്ത്യാ കമ്പനിയുടെ യുദ്ധകാര്യ ഉപദേഷ്ടാവ്, വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ പരാജയപ്പെടുത്തിയ കേണല്‍ വെല്ലസ്ലിയുടെ അടുത്ത സുഹൃത്ത്, കമ്പനിയുടേയും പഴശ്ശിരാജാവിന്റെയും ‘ഇരട്ടച്ചാരന്‍’ എന്നിങ്ങനെ പല വേഷങ്ങള്‍ കെട്ടിയാടിയ ‘എമ്മന്‍ നായരു’ടെ രാഷ്ട്രീയ ജീവിതം സംഭവബഹുലവും അനേകം ദുരൂഹതകള്‍ നിറഞ്ഞതുമായിരുന്നു.
പള്ളൂര്‍ എമ്മന്‍ നായര്‍, പാലൊറ എമ്മന്‍, ഏമാന്‍ നായര്‍, പാലൊറെജമാനന്‍, പഴൂര്‍ എമ്മന്‍, മുപ്പൈനാട് എമ്മന്‍, വയനാട് പാലൊറന്‍ കുഞ്ഞനെമ്മന്‍, എമ്മന്‍ പുലി, മാനവന്‍ എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ചരിത്രഗ്രന്ഥങ്ങളിലും വ്യവഹാരരേഖകളിലും വാമൊഴിക്കഥകളിലും പാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മദേശമേതാണെന്നോ, പിന്‍മുറക്കാര്‍ ആരൊക്കെയാണെന്നോ ഗവേഷകന്‍മാര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചരിത്രകാരനായ കെ.കെ.എന്‍. കുറുപ്പിന്റെ അഭിപ്രായത്തില്‍ അദ്ദേഹം തലശ്ശേരിയ്ക്കടുത്തുള്ള പള്ളൂര്‍ സ്വദേശിയാണ്. ഇംഗ്ലീഷിലുള്ള നിരവധി വ്യവഹാരരേഖകള്‍ പരിശോധിച്ചാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ തലശ്ശേരി രേഖകളിലും പഴശ്ശി രേഖകളിലും എമ്മന്‍ നായരുടെ പേരിനോടൊപ്പം ‘പാലൊറ’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഗൃഹനാമത്തെയോ സ്ഥലനാമത്തെയോ സൂചിപ്പിക്കുന്നതാണ്. ‘കുറുംപുറൈ’ എന്ന ചരിത്രഗ്രന്ഥത്തിന്റെ കര്‍ത്താവായ മുണ്ടക്കയം ഗോപിയുടെ അഭിപ്രായത്തില്‍ ഗണപതിവട്ടത്തി (സുല്‍ത്താന്‍ ബത്തേരി) നടുത്തുള്ള പഴൂരാണ് എമ്മന്റെ ജന്മദേശം. പഴൂര്‍ നായന്‍മാര്‍ പാറയ്ക്ക് മീത്തല്‍ പ്രദേശത്തിന്റെ ജന്മിമാരായിരുന്നെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ‘മലബാര്‍ മാന്വലി’ല്‍ വില്യം ലോഗന്‍- ‘പാലൊറെജമാനന്‍’ എന്ന പേരാണ് നല്‍കിയിട്ടുള്ളത്. ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ‘മലയാള നിഘണ്ടു’ വില്‍ ധീരതയുടെ പര്യായമായി സൂചിപ്പിക്കുന്ന * ‘പുളിയന്‍ എമ്മ’നും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ രചിക്കപ്പെട്ടതെന്നു കരുതാവുന്ന രണ്ട് വടക്കന്‍ പാട്ടുകളില്‍ കോട്ടയം രാജാവിന്റെ കാര്യക്കാരനും കാവല്‍ക്കാരനുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ‘വയനാട്ടുപാലൊറന്‍ കുഞ്ഞനെമ്മന്‍’ എന്ന കഥാപാത്രവും ചരിത്രപുരുഷനായ എമ്മന്‍ നായരാകാന്‍ സാധ്യതയുണ്ട്. (*ഗുണ്ടര്‍ട്ട് നിഘണ്ടു – ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് – പേജ് 636)
മൂത്ത സഹോദരനായ രയരപ്പന്‍ നായരൊഴികെ, ചരിത്രരേഖകളില്‍ എമ്മന്‍ നായരുടെ അടുത്ത ബന്ധുക്കളെക്കുറിച്ച് കാര്യമായ പരാമര്‍ശമൊന്നുമില്ല! വടക്കന്‍ പാട്ടില്‍ നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ച് ‘കുഞ്ഞത്തേയി’ എന്ന പ്രൗഢവനിതയാണ് എമ്മന്റെ അമ്മ. അദ്ദേഹത്തിന്റെ ബാല്യകൗമാര കാലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മൈസൂര്‍ സുല്‍ത്താന്‍മാരുടെ പടയോട്ടക്കാലത്ത് എമ്മന്‍ നായരുടെ തറവാട് വീട് അഗ്നിക്കിരയായിട്ടുണ്ട്. കുറച്ചുകാലം നാടുവിട്ട് മാറി താമസിക്കേണ്ടതായും വന്നിട്ടുണ്ട്. കര്‍ക്കശ സ്വഭാവക്കാരനായ ഹൈദരലി രോഗബാധിതനായി മരണപ്പെടുകയും ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയാവുകയും ചെയ്തത് എമ്മന്‍ നായര്‍ക്ക് ഗുണകരമായി. കോട്ടയം മൂത്ത രാജാവിന്റെ പ്രതിനിധിയായി പല തവണ എമ്മന്‍ നായര്‍ ടിപ്പുവിനെ സന്ദര്‍ശിച്ചു. നായരുടെ കാര്യക്ഷമത ബോദ്ധ്യപ്പെട്ട സുല്‍ത്താന്‍ ‘മുപ്പൈനാട് മേനവന്‍’ എന്ന സ്ഥാനം നല്‍കി. മേപ്പാടി മുതല്‍ ചേരമ്പാടി – മുന്നനാട് വരെയുള്ള പ്രദേശങ്ങളുടെ നികുതി പിരിവ് മേല്‍നോട്ടം കൈവന്നതോടെ വയനാട് രാഷ്ട്രീയത്തില്‍ അദ്ദേഹം ഒരു നിര്‍ണ്ണായക ശക്തിയായി മാറി.
കോട്ടയം പ്രധാന നികുതി പിരിവ് കാര്യക്കാരനായിരുന്ന പഴയ വീട്ടില്‍ ചന്തു 1796-ല്‍ പഴശ്ശി പക്ഷത്തുനിന്ന് കമ്പനി പക്ഷത്തേക്ക് കൂറുമാറി. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ടിപ്പു സുല്‍ത്താനുമായി അടുത്ത ബന്ധമുള്ള എമ്മന്‍ നായര്‍ പഴശ്ശിരാജാവുമായി സഹകരിക്കാന്‍ തയ്യാറായത്! പഴശ്ശിരാജ എമ്മനെ തന്റെ കാര്യക്കാരിലൊരാളായി നിയമിച്ചു. ഒരുപക്ഷെ, പടയോട്ടക്കാലത്ത് തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത രവിവര്‍മ്മ രാജാവിന്റെ ആഗ്രഹപ്രകാരമായിരിക്കാം, എമ്മന്‍ പഴശ്ശിരാജാവിന് വേണ്ടി ‘പ്രവര്‍ത്തി’ക്കാന്‍ തയ്യാറായത്!
കാര്യക്കാരനായി ചുമതലയേറ്റ ഉടന്‍തന്നെ എമ്മന്‍ നായര്‍ കൈതേരി എമ്മന്‍, കുങ്കന്‍, ചങ്ങൊട്ടെരി ചന്തു, എടച്ചെനകുങ്കന്‍, തൊണ്ടര്‍ ചാത്തു, കൊയ്യലേരി ചേരന്‍ എന്നീ പ്രമുഖരോടൊപ്പം ചേര്‍ന്ന് ‘പാറപ്രവന്‍ കുട്ടിയത്ത’ എന്ന വര്‍ത്തക പ്രമുഖന്റെ വയനാട്ടിലെ കുരുമുളക് – ഏലം കുത്തക വ്യാപാരം അവസാനിപ്പിച്ചു. കുട്ടിയത്തനെയും അനുയായികളേയും വയനാടന്‍ ചുരമിറക്കി ഓടിച്ചു. കൂടാതെ വയനാട്ടില്‍ തമ്പടിച്ചിട്ടുള്ള കമ്പനിപ്പട്ടാളത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തുകയും പഴശ്ശിരാജാവിനു വേണ്ടി നികുതി പിരിവ് ആരംഭിക്കുകയും ചെയ്തു.
എമ്മന്‍ നായരുടെ ‘ഭരണപരിഷ്‌കാരം’ കമ്പനി അധികാരികളേയും പ്രതിനിധിയായ കുറുമ്പ്രനാട് വീരവര്‍മ്മയേയും ചൊടിപ്പിച്ചു. അവര്‍ കൊട്ടിയൂര്‍, നെല്ലിയാടി പ്രദേശങ്ങളില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കുകയും പ്രതിരോധ കേന്ദ്രങ്ങള്‍ ശക്തമാക്കുകയും ചെയ്തു.
കമ്പനിയുമായി ഉണ്ടാക്കിയ മുന്‍കരാര്‍ വ്യവസ്ഥ ലംഘിച്ച് 1797ല്‍ പഴശ്ശിരാജാവ് കോട്ടയത്തു നിന്ന് വയനാട്ടിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എമ്മന്‍ നായരായിരുന്നു. വയനാട്ടില്‍ ടിപ്പു സുല്‍ത്താന് മേല്‍ക്കോയ്മ ഉണ്ടായിരുന്ന അവസരത്തിലാണ് പഴശ്ശിയുടെ ഈ കൂടുമാറ്റം. ടിപ്പുവിന്റെ അപ്രീതിയുണ്ടാകുമെന്ന കാരണത്താല്‍ പഴശ്ശിരാജാവിന്റെ കരാര്‍ ലംഘനം കമ്പനി അധികാരികള്‍ പരസ്യമായി ചോദ്യം ചെയ്തില്ല. ഇക്കാര്യം മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് എമ്മന്‍ രാജാവിനെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വനയാട്ടിലുണ്ടാവുകയാണെങ്കില്‍ ഗിരിവര്‍ഗ്ഗക്കാരടക്കമുള്ള ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് കമ്പനിക്കെതിരെ ശക്തമായി പോരാടാന്‍ സാധിക്കുമെന്ന് എമ്മന്‍ കണക്കുകൂട്ടിയിട്ടുണ്ടാവണം. കമ്പനിക്കെതിരെയുള്ള സമര പ്രവര്‍ത്തനങ്ങളില്‍ ടിപ്പുസുല്‍ത്താന്റെ സഹായവും അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാകും.
കമ്പനിയെ വയനാട്ടില്‍ നിന്ന് തുരത്തിയോടിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ ടിപ്പു സുല്‍ത്താന് നിയന്ത്രണമുള്ള ‘കാക്കനം കോട്ട’ (എച്ച്. ഡി.കോട്ട) യില്‍ നിന്ന് എമ്മന്‍ നായര്‍ വെടിമരുന്നും തോക്കുകളും ശേഖരിച്ചു. വന്‍ തോക്ക് (പീരങ്കി) വലിക്കാന്‍ രണ്ട് ആനകളെ എമ്മന്‍ ടിപ്പുവിന് കൈമാറി. സംപ്രീതനായ സുല്‍ത്താന്‍ ‘വയനാട് രാജ്യ’ത്തിന്റെ ‘പ്രവൃത്തി’യായി അദ്ദേഹത്തെ നിശ്ചയിച്ചു!
‘കാക്കനം കോട്ട’യിലെ കര്‍ണ്ണാടക സൈന്യത്തിന്റെ സഹായത്തോടെ വള്ളിയൂര്‍ കാവില്‍ വലിയൊരു സൈനികകേന്ദ്രം സ്ഥാപിച്ച് വയനാട്ടിലെ കമ്പനി താവളങ്ങളില്‍ മിന്നലാക്രമണം നടത്തി വെള്ളക്കാരെ ചുരമിറക്കുക എന്ന ബൃഹത്തായ ‘യുദ്ധ പദ്ധതി’ തയ്യാറാക്കി എമ്മന്‍നായര്‍ പഴശ്ശി രാജാവിന്റെ മുന്നില്‍ അവതരിപ്പിച്ചു. 1799 ഡിസംബറില്‍ വയനാട്ടിലെയും കോട്ടയത്തേയും പൗരപ്രമുഖരെ ഉള്‍പ്പെടുത്തി ഒരു വിപുലമായ യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും പഴശ്ശിരാജാവ് നിശ്ചയിച്ച ദിവസം യോഗസ്ഥലത്തെത്തിയില്ല. മാത്രമല്ല, മുന്‍കൂട്ടി തീരുമാനിച്ചതിന് വിരുദ്ധമായി കാക്കനം കോട്ടയില്‍ നിന്നുള്ള മൈസൂര്‍ സൈന്യം വള്ളിയൂര്‍ കാവില്‍ എത്തിയതുമില്ല.
തന്റെ പദ്ധതിക്ക് ടിപ്പുവിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പഴശ്ശിരാജാവിന്റെ അനുവാദത്തോടെ ശ്രീരംഗപട്ടണത്തില്‍ ചെന്ന് ടിപ്പുവിനെ മുഖം കാണിക്കുകയും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അനുകൂല സന്ദര്‍ഭം വരുമ്പോള്‍ മാത്രമേ കമ്പനിക്കെതിരെ ആയുധമെടുക്കുകയുള്ളൂ എന്ന ഉറപ്പോടെ 1797 ജനുവരിയില്‍ 20 ആള്‍ചുമട് പടക്കോപ്പുകള്‍ ടിപ്പുവിന്റെ ആസ്ഥാനത്തു നിന്ന് എമ്മന്‍ കൈപ്പറ്റുകയും മാനന്തവാടിയിലേക്ക് കൊണ്ടുവരികയും ചെയ്തു. മാത്രമല്ല ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനങ്ങളെടുക്കാന്‍ ഫിബ്രവരി ആദ്യവാരത്തില്‍ മൈസൂരിലെത്തണമെന്ന് ടിപ്പു അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുല്‍ത്താന്‍ ആവശ്യപ്പെട്ടതുപോലെ എമ്മന്‍ വീണ്ടും ശ്രീരംഗപട്ടണത്തിലേക്ക് പോയില്ല. ‘എന്തുകൊണ്ട് പോയില്ല?’ എന്ന് പഴശ്ശി രാജാവ് അന്വേഷിച്ചപ്പോള്‍ തീരെ ശരീരസുഖമില്ലെന്നും സാമ്പത്തിക പ്രയാസമുണ്ടെന്നുമായിരുന്നു എമ്മന്റെ മറുപടി. അദ്ദേഹം ശ്രീരംഗപട്ടണത്തിലേയ്ക്ക് പോകുകയില്ലെന്ന് മനസ്സിലാക്കിയ രാജാവ് ആ ദൗത്യം എടച്ചെന കുങ്കന്‍ നായരേയും ആലഞ്ചേരി ഹസ്സനേയും ഏല്‍പ്പിച്ചു.
എമ്മന്‍ നായരാകട്ടെ ഇതിനിടയില്‍ പഴശ്ശി പക്ഷത്തു നിന്ന് കമ്പനി പക്ഷത്തേക്ക് കൂറുമാറി. ഗണപതിയാട്ട് അച്ഛനും (മേലെടം കണ്ണച്ചന്‍ നമ്പ്യാര്‍) ദേവരശന്‍ ഭണ്ഡാരിയുമായിരുന്നു അദ്ദേഹത്തിന്റെ കൂറുമാറ്റത്തിന് പിന്നില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്.
‘ബോംബെയിലെ വലിയ സായിപ്പ് (ഗവര്‍ണ്ണര്‍) മലബാറിലെത്തുമ്പോള്‍ തന്റെ ‘റോള്‍’ എന്തായിരിക്കണമെന്ന്’ ആരാഞ്ഞുകൊണ്ട് എമ്മന്‍ ഗണപതിയാട്ട് അച്ചന് കത്തയച്ചു! കമ്പനിയുടെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ താന്‍ കൂറുമാറ്റം നടത്തുകയുള്ളൂവെന്നും, അദ്ദേഹം അറിയിച്ചു. തന്റെ ‘വിലയറിയാവുന്ന’ നായര്‍ വിലപേശല്‍ നടത്തിയാണ് കമ്പനിയോടൊപ്പം ചേര്‍ന്നത്!
കമ്പനി പക്ഷത്തേക്ക് കൂറുമാറിയ എമ്മന്‍ നായര്‍ക്ക് 1799 ഫെബ്രുവരിയില്‍ എടച്ചെന കുങ്കന്‍, ചാത്തടി തങ്ങള്‍, പെരുന്നന്നൂര്‍ സ്വരൂപക്കാരായ നായര്‍ പ്രമാണിമാര്‍ എന്നിവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും വെള്ളമുണ്ട പ്രദേശത്തുവെച്ച് ചില ചില്ലറ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. ഏറ്റുമുട്ടലില്‍ കുറിച്ച്യരുടെ പിന്തുണ പെരുന്നന്നൂര്‍ സ്വരൂപക്കാര്‍ക്കുണ്ടായിരുന്നു. എമ്മന്‍ നായര്‍ ഒരു കൂട്ടം അനുയായികളുമായി കുറ്റ്യാടി ചുരമിറങ്ങുകയും പയ്യോര്‍ മലയുടേയും കുറുമ്പ്രനാടിന്റെയും അതിര്‍ത്തിയിലുള്ള അത്യോടി ഗ്രാമത്തില്‍ (ചെറുക്കാട് പ്രദേശം) താമസമാക്കുകയും ചെയ്തു.
എമ്മന്‍ നായര്‍ കോഴിക്കോട്ടുള്ള കമ്പനി ആസ്ഥാനത്തു ചെന്ന് അധികാരികളുമായി ചര്‍ച്ച നടത്തുകയും ആത്മരക്ഷാര്‍ത്ഥം കമ്പനിയില്‍ നിന്ന് ആയുധങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കമ്പനി അധികാരികള്‍ ആയുധം നല്‍കാന്‍ തയ്യാറായില്ല. എമ്മന് ആയുധം കൈമാറിയാല്‍ അത് പഴശ്ശിരാജാവ് പിടിച്ചെടുക്കുമെന്നും അതു തങ്ങള്‍ക്കുതന്നെ വിനയാകുമെന്നും കമ്പനി കണക്കുകൂട്ടി. എന്നാല്‍ എമ്മന്‍ നായരുടെയും കുടുംബത്തിന്റെ സുരക്ഷ കമ്പനി ഏറ്റെടുത്തു. സ്വത്തുക്കള്‍ക്ക് സംരക്ഷണം അനുവദിച്ചുകൊണ്ട് ഒരു സാക്ഷ്യപത്രം നല്‍കി. കൂടാതെ, 16 രൂപ വീതം മൂല്യമുള്ള 14 സ്വര്‍ണ്ണ മോഹറുകള്‍, അംഗവസ്ത്രങ്ങള്‍ 200 രൂപ വാര്‍ഷിക പെന്‍ഷന്‍ എന്നിവ അനുവദിച്ചു നല്‍കി. അതേസമയം കുറുമ്പ്രനാട് രാജാവ് തന്റെ അധികാര പരിധിയിലുള്ള ‘ഏഴരകുന്നുംചാലും’ ഭൂമി അത്യോടിപ്രദേശത്ത് അദ്ദേഹത്തിന് ‘ചാര്‍ത്തി’ക്കൊടുത്തു! ‘മാനവന്‍’ എന്ന പേരിലായിരുന്നു അദ്ദേഹം അതേ്യാടി പ്രദേശത്ത് അറിയപ്പെട്ടിരുന്നത്!
എമ്മന്‍ നായര്‍ കമ്പനി പക്ഷത്ത് ഉറച്ചു നില്‍ക്കുന്നതിന് വേണ്ടി മലബാര്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് അനുവദിച്ചു നല്‍കിയ ആനുകൂല്യങ്ങള്‍ 1799ല്‍ ബോംബെയിലെ ഗവര്‍ണ്ണര്‍ ജനറല്‍ അംഗീകരിച്ചു.
1799 മെയ് നാലിന് ജനറല്‍ സ്റ്റ്യുവട്ടിന്റെയും ജനറല്‍ ഹാരിസിന്റെയും നേതൃത്വത്തിലുള്ള കമ്പനിപ്പട ശ്രീരംഗപട്ടണം കോട്ട കീഴടക്കി ടിപ്പു സുല്‍ത്താനെ വധിച്ചു! മൈസൂര്‍ കീഴടങ്ങിയതോടെ കമ്പനിക്ക് മലബാറിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ അവസരം ലഭിച്ചു.
പഴശ്ശിയുടെ ഒളിപ്പോര്‍ ആക്രമണത്തെ ഇല്ലായ്മ ചെയ്യാന്‍ കമ്പനിയുടെ ബോംബെ ആസ്ഥാനം മദ്രാസ് പ്രസിഡന്‍സിയെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. മലബാര്‍, മൈസൂര്‍ പ്രദേശങ്ങളിലെ സൈനിക മേല്‍നോട്ടം കേണല്‍ ആര്‍തര്‍ വെല്ലസ്ലിയ്ക്ക് നല്‍കി. വെല്ലസ്ലി ശ്രീരംഗപട്ടണം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
1799 ജൂണ്‍ ആറിന് പഴശ്ശിരാജ മലബാര്‍ കമ്മീഷന്‍ പ്രസിഡന്റ് ജോണ്‍ സ്‌പെന്‍സര്‍ക്ക് എഴുതിയ കത്തില്‍ എമ്മന്‍ നായര്‍ കമ്പനിയുടെ പേരില്‍ വയനാട്ടിലേക്ക് വരികയും വീടുകള്‍ കത്തിക്കുകയും മറ്റു ദുഷ്പ്രവൃത്തികള്‍ നടത്തുകയും ചെയ്യുന്നതായി പരാതിപ്പെടുന്നുണ്ട്. എമ്മന്റെ പേരുപറഞ്ഞ് ‘അയാളുടെ’ ആളുകള്‍ പാറയ്ക്ക് മീത്തല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിടുന്നതായും ചൂണ്ടിക്കാട്ടുന്നു.
1800 നവംബറില്‍, (ധൂണ്ടിയ വാഹന്‍ എന്ന കലാപകാരിയുടെ ഭീഷണി ഇല്ലാതായശേഷം) വെല്ലസ്ലി പഴശ്ശിക്കെതിരായ നടപടികള്‍ക്ക് വേഗം കൂട്ടി. എമ്മന്‍ നായരെ കഴിയുന്നത്ര വേഗത്തില്‍ ശ്രീരംഗപട്ടണത്തില്‍ എത്തിക്കാന്‍ വെല്ലസ്ലി മലബാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. പഴശ്ശിരാജാവിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിക്കുക, വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസ്സിലാക്കുക, സൈനിക നീക്കങ്ങളില്‍ ആവശ്യമായ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് വെല്ലസ്ലി എമ്മനെ നേരില്‍ കാണാന്‍ താല്പര്യപ്പെട്ടത്.
വെല്ലസ്ലിയെ നേരില്‍ കണ്ട എമ്മന്‍ നായര്‍ കുടക്, കങ്കണക്കോട്ട വഴി ഇംഗ്ലീഷ് പട്ടാളത്തെ അയക്കുക, ഒരേ സമയം വയനാടിന്റെ അഞ്ച് വശങ്ങളിലൂടെ മുന്നേറി പഴശ്ശിയുടെ ശക്തി കേന്ദ്രങ്ങള്‍ ആക്രമിക്കുക, സേനയുടെ നിയന്ത്രണം തനിക്ക് നല്‍കുക എന്നീ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു.
ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതും ദുര്‍ഘടമായ വനപാതകളുള്ളതുമായ വയനാട്ടില്‍ എമ്മന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ ആക്രമണം നടത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് നിരവധി യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വെല്ലസ്ലി തിരിച്ചറിഞ്ഞു. സ്വന്തം നിലയ്ക്ക് യുദ്ധതന്ത്രം രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
വെല്ലസ്ലി ആസൂത്രണം ചെയ്തതുപോലെ സൈനിക നീക്കം നടത്താന്‍ പരിചയസമ്പന്നനായ സ്റ്റീവന്‍ സണെയാണ് കമ്പനി ചുമതലപ്പെടുത്തിയത്. എമ്മന്‍ നായരുടെ സേവനം സ്വീകരിക്കാന്‍ മദ്രാസ് സര്‍ക്കാര്‍ സ്റ്റീവന്‍സണിന് നിര്‍ദ്ദേശം നല്‍കി.
(തുടരും)