ഒരു നായക്ക് മറ്റൊരു നായയെ സഹിക്കാനാവില്ലത്രേ. മാധ്യമപ്രവര്‍ത്തര്‍ തമ്മിലും അങ്ങനെയാണെന്ന് പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റൊന്നുമല്ല അതൊരു തൊഴില്‍പരമായ അസൂയ മാത്രമാവാം. അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നാണല്ലോ. മാധ്യമരംഗത്ത് മാത്രമല്ല ഏത് തൊഴിലിലും അത് സ്വാഭാവികവും സാര്‍വത്രികവുമാണ്. മനുഷ്യര്‍ക്കെല്ലാം മഹര്‍ഷിമാരാവാനാവില്ലല്ലോ. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മാധ്യമപ്രവര്‍ത്തനം ഉപജീവനമായി കൊണ്ടുനടക്കുന്ന ഞാനിവിടെ വിമര്‍ശനവിധേയനാക്കുന്നത് മറ്റൊരു മാധ്യമപ്രവര്‍ത്തകനെയാണ്. അസൂയയോ കുശുമ്പോ കുടിപ്പകയോ ഒന്നുമല്ല അതിന് പിന്നില്‍. എന്റെ ഉപ്പും ചോറുമായ മാധ്യമപ്രവര്‍ത്തനത്തിനോടുള്ള കലവറയില്ലാത്ത, കറ കളഞ്ഞ ആത്മാര്‍ത്ഥത ഒന്നു കൊണ്ടാണ്. മാധ്യമപ്രവര്‍ത്തകന്റെ ആത്യന്തികമായ പ്രതിബദ്ധത അവന്റെ അഥവാ അവളുടെ മുതലാളിയോടല്ല, ദൃശ്യമാധ്യമമെങ്കില്‍ പ്രേഷകരോടും മുദ്രണമാധ്യമമെങ്കില്‍ വായനക്കാരോടുമാണ് എന്ന പഴയതും ഒരുപക്ഷെ കാലഹരണപ്പെട്ടതുമായ വിശ്വാസം മൂലമാണ്. ഇനി വെറും അസൂയ എന്ന് ആരെങ്കിലും വിധിയെഴുതിയാല്‍ അതിലും പരാതിയോ പരിഭവമോ ഉണ്ടാവുകയുമില്ല.
ആദ്യകാലത്തൊക്കെ അസൂയ എന്നതിനെക്കാളേറെ എന്നില്‍ ആരാധന തോന്നിച്ചിട്ടുള്ള അനവധി മാധ്യമപ്രതിഭകളുണ്ട്. അവര്‍ ഏറെയും അച്ചടി മാധ്യമരംഗത്ത് ഉള്ളവരാണ്. ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചിലരും എന്റെ ആദരവിനോ ആരാധനയ്‌ക്കോ പാത്രമായിട്ടുണ്ട്. മിക്കവരും പത്രങ്ങളില്‍ നിന്ന് ചാനലുകളിലേക്ക് ചേക്കേറിയവരാണ്. അവരില്‍ ഒരാളാണ് അഭിമുഖത്തിലൂടെ ആരെയും അസ്തപ്രജ്ഞനാക്കാം എന്ന് അഹങ്കരിക്കുന്ന കരണ്‍ ഥാപ്പര്‍. അദ്ദേഹത്തിന്റെ അഭിമുഖ പരിപാടികള്‍ വ്യത്യസ്ത ചാനലുകളില്‍ ഞാന്‍ കാത്തിരുന്ന് കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആകര്‍ഷകമായി തോന്നിയിട്ടുണ്ട് ആദ്യമൊക്കെ അദ്ദേഹത്തിന്റെ ‘The Devil’s Advocate’ എന്ന അഭിമുഖ പരമ്പര. ദേശീയ ചാനലുകളില്‍ പലതിലും നിറഞ്ഞു നിന്നിരുന്ന കരണ്‍, ബിബിസി തുടങ്ങിയ ചില വിദേശചാനലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിക്കറ്റ് താരം കപില്‍ദേവിനെ ക്രൂരമായ ചോദ്യശരങ്ങളെയ്തു പൊട്ടിക്കരയിച്ചത് കരണ്‍ ഥാപ്പറാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നരേന്ദ്ര മോദിയുമായുള്ള അഭിമുഖം അപൂര്‍ണമായി കരണിന് അവസാനിപ്പിക്കേണ്ടി വന്നതും ചോദ്യങ്ങളിലെ നെറികേട് മൂലമാണ്. ‘നമുക്ക് അഭിമുഖം ഇവിടെ അവസാനിപ്പിക്കാം, നമ്മുടെ സൗഹൃദം തുടരാം’ എന്നായിരുന്നു മോദിജിയുടെ പ്രതികരണം.
അഭിമുഖം (Interview) എന്നത് ഒരു കലയാണ്. Interview വില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ഒപ്പിയെടുക്കുന്നതാണ് ആ മാധ്യമകല. അവിടെ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നയാളാണ് താരം. അയാള്‍ എത്ര നിസ്സാരനായാലും, ആദരവും അംഗീകാരവും നല്‍കിയേ മതിയാവൂ എന്നത് ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ ധര്‍മമാണ്. ഒരു പൂവില്‍ നിന്ന് അതിനെ വേദനിപ്പിക്കാതെ, മുറിവേല്‍പ്പിക്കാതെ പൂമ്പാറ്റ തേന്‍ നുകരുന്ന പോലെ വേണം ഒരു അഭിമുഖം നടത്തുന്നയാള്‍ അഭിമുഖം നല്കുന്ന വ്യക്തിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചെടുക്കേണ്ടത്. ഇരുവര്‍ക്കും ആ പ്രക്രിയ ആസ്വാദ്യകരമാവണം. ഒപ്പം പ്രേക്ഷകനും. അല്ലാതെ ഒരു കുറ്റവാളിയെ ഇന്‍സ്‌പെക്ടര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതുപോലെ അല്ലേ അല്ലത്.
ഇന്ന് പല ചാനല്‍ അഭിമുഖങ്ങളിലും മൂന്നാംമുറ ചോദ്യം ചെയ്യലാണ് നാം കണ്ടുവരുന്നത്. കരണ്‍ ഥാപ്പറാണ് ഈ പോലീസ് മാതൃകയിലുള്ള ചോദ്യം ചെയ്യല്‍ പരിപാടിയുടെ ഉപജ്ഞാതാവ്. ഇന്റര്‍വ്യു എന്നത് interrogation ആക്കി അധഃപതിപ്പിച്ചത് ആദ്യം കരണ്‍ ഥാപ്പറാണ്. അഭിമുഖത്തിന് ഇരുന്നുകൊടുക്കുന്നത് ആരായാലും ആ വ്യക്തിയെ നിസ്സാരനായി നിര്‍വീര്യനാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കരണിന്റെ ’The Devil’s Advocate’ ‘ എന്ന അഭിമുഖ പരിപാടിയുടെ പതിവ് ശൈലി. അറംപറ്റിയതോ അതോ അറിഞ്ഞു പേരിട്ടതോ എന്നറിയില്ല പേര് അന്വര്‍ത്ഥമാക്കുന്നു കരണിന്റെ ഈ പരിപാടി. അടുത്തിടെ കരണ്‍ ഥാപ്പറിനെ പ്രസ് കൗണ്‍സില്‍ ശാസിച്ചതായും ശിക്ഷിച്ചതായും വാര്‍ത്ത വന്നിരുന്നു. മലയാള മാധ്യമങ്ങളിലൊന്നും ആ വാര്‍ത്ത കണ്ടിരുന്നില്ല. ചില ഇംഗ്ലീഷ് മാധ്യമങ്ങളിലാണ് അത് പ്രത്യക്ഷപ്പെട്ടത്. ഇവിടെ പ്രതിപാദിച്ച അഭിമുഖശൈലിയൊന്നുമല്ല കരണിനെതിരെ നടപടി കൈക്കൊള്ളാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചത്. ടെലിവിഷന്‍ പരിപാടികളുമല്ല. ‘ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ പത്രത്തില്‍ അദ്ദേഹം എഴുതിയ ഒരു പംക്തിയില്‍ വന്ന ഒരു പരാമര്‍ശമാണ് കരണിനെ കുടുക്കിയത്. പരാതി നല്‍കിയത് ഒരു സാധാരണ വായനക്കാരന്‍. പക്ഷെ വിവരമുള്ളതുകൊണ്ടും പത്രപ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടുമാവണം ധോംബിവാലിയില്‍ താമസക്കാരനായ അക്ഷയ് പഥക് കരണിനെതിരെ പ്രസ് കൗണ്‍സിലിനെ സമീപിച്ചത്.
പത്രവായനക്കാര്‍ക്കേറെയും പ്രസ് കൗണ്‍സിലിനെ കുറിച്ചോ അതിന്റെ അധികാരങ്ങളെ കുറിച്ചോ വലിയ ധാരണയുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ പ്രസ് കൗണ്‍സിലില്‍ പത്രങ്ങള്‍ക്കെതിരായുള്ള പരാതികളുടെ പ്രവാഹമായിരുന്നേനെ. പത്രങ്ങളുടെ പ്രവര്‍ത്തനത്തെ പ്രത്യേകിച്ച് അവയുടെ ഉള്ളടക്കത്തെ നിരീക്ഷിക്കാനും മാധ്യമമര്യാദയ്ക്ക് വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി കൈക്കൊള്ളാനും അധികാരമുള്ള സംവിധാനമാണ് പ്രസ് കൗണ്‍സില്‍. പക്ഷെ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള പല്ലും നഖവും പ്രസ് കൗണ്‍സിലിന് പണ്ട് മുതല്‍ക്കേ ഇല്ലായെന്നതും വസ്തുതയാണ്.
കരണ്‍ഥാപ്പറിനെതിരെ നീങ്ങാന്‍ പ്രസ് കൗണ്‍സിലിനെ പ്രകോപിപ്പിച്ചത് ആര്‍എസ്എസ് മേധാവി മോഹന്‍ജി ഭാഗവതിനെതിരെ വിവാദവും വിദ്വേഷവും ഇളക്കിവിടാന്‍ വേണ്ടി അദ്ദേഹം പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നാരോപിച്ചു കൊണ്ടുള്ള പംക്തിയാണ്. ‘ഗോഹത്യ നടത്തുന്നവരെ വധിക്കണമെന്ന് വേദങ്ങള്‍ അനുശാസിക്കുന്നു’ എന്ന് സര്‍സംഘചാലക് പ്രസ്താവിച്ചിട്ടുണ്ട് എന്ന് ആരോപിച്ചുകൊണ്ടാണ് കരണ്‍ തന്റെ പംക്തിയില്‍ മോഹന്‍ജി ഭാഗവതിനെ വിമര്‍ശിച്ചത്. അങ്ങനെ ഒരു പ്രസ്താവന ഒരിടത്തും ഒരുകാലത്തും മോഹന്‍ജിയില്‍ നിന്ന് ഉണ്ടായിട്ടേ ഇല്ലെന്നിരിക്കെ ഇല്ലാത്ത പരാമര്‍ശത്തിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തിന്റെ നായകനെതിരെ ചെളിവാരിയെറിയുകയാണ് കരണ്‍ ഥാപ്പര്‍ ചെയ്തതെന്നായിരുന്നു വായനക്കാരന്റെ പരാതി.
വിശദീകരണമാരാഞ്ഞ പ്രസ് കൗണ്‍സിലിന് കരണ്‍ നല്‍കിയ മറുപടി തീരെ തൃപ്തികരമായിരുന്നില്ല. ആര്‍ എസ്എസ് മേധാവി അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതായി ‘ലോക് സത്ത’ എന്ന മറാഠി പത്രത്തില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് താന്‍ തന്റെ പംക്തിയില്‍ വിമര്‍ശനമഴിച്ചുവിട്ടത് എന്ന് മാത്രമായിരുന്നു കരണ്‍ പ്രസ് കൗണ്‍സിലിനു നല്‍കിയ വിശദീകരണം. പ്രസ് കൗണ്‍സിലിന്റെ അന്വേഷണത്തില്‍ തികച്ചും അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണ് ആ വാര്‍ത്ത എന്നാണ് ബോധ്യമായത്. കൗണ്‍സില്‍ കരണിനെതിരെ മാത്രമല്ല ‘ലോക് സത്ത’ യ്‌ക്കെതിരെയും വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖപ്രസംഗമെഴുതിയ, അതിന്റെ പത്രാധിപര്‍ ഗിരീഷ് കൂബേറിനെയും ശാസിക്കുകയാണുണ്ടായത്.
‘ഇങ്ങനെയൊരു വീഴ്ച തുടക്കക്കാരനായ ഒരു യുവ റിപ്പോര്‍ട്ടറില്‍ നിന്നായിരുന്നെങ്കില്‍ അത് ക്ഷമിക്കാമായിരുന്നു. പക്ഷെ ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനപരിചയമുള്ള ഒരു മുതിര്‍ന്ന പംക്തികാരനാണ് ഇത്തരത്തില്‍ എഴുതിയിട്ടുള്ളത്’- പ്രസ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എന്ന് മാത്രമല്ല ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളയാളിനെതിരെ ഇങ്ങനെയൊക്കെ എഴുതിവിടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും കാര്യങ്ങള്‍ സ്ഥിരീകരിക്കേണ്ടതുമായിരുന്നു എന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഒരു പഴംചൊല്ല് കടമെടുത്താല്‍ കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുകയായിരുന്നു കരണ്‍ ഥാപ്പര്‍. അല്ലെങ്കിലും ആര്‍എസ്എസ്സിനെയും അതുയര്‍ത്തുന്ന ആശയങ്ങളെയും ആക്രമിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല കരണ്‍ ഥാപ്പര്‍. പലപ്പോഴും പട്ടിയെ പേപ്പട്ടിയാണെന്ന് മുറവിളി കൂട്ടി തല്ലിക്കൊല്ലിക്കുക എന്നതാണ് ഥാപ്പറിന്റെ പതിവ്. ആ ശൈലിക്കേറ്റ തിരിച്ചടിയാണ് പ്രസ് കൗണ്‍സിലിന്റെ ശാസന.
ഇനി ആരാണീ കരണ്‍ ഥാപ്പര്‍ എന്നതിനെപ്പറ്റിക്കൂടി ഏതാനും വാക്കുകള്‍. കുപ്രസിദ്ധമായ ജാലിയന്‍വാല കൂട്ടക്കൊലക്ക് ഉത്തരവിട്ട ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ ജനറല്‍ ഡയറിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ പൂര്‍വികര്‍ ഥാപ്പര്‍ കുടുംബത്തിലുണ്ട്. ഇന്തോ ചീനായുദ്ധത്തില്‍ നമ്മുടെ രാഷ്ട്രത്തിന്റെ തോല്‍വിക്കിടയാക്കിയ സൈനികോദ്യോഗസ്ഥരില്‍ പ്രധാനി ആയിരുന്നു കരണിന്റെ അച്ഛന്‍, അന്നത്തെ കരസേനാമേധാവി ജനറല്‍ പി.എന്‍.ഥാപ്പര്‍. വിജയലക്ഷ്മി പണ്ഡിറ്റ് വഴി നെഹ്‌റു കുടുംബവുമായും കരണ്‍ ഥാപ്പറിന് അടുത്ത ബന്ധമാണ്. ഹിന്ദു എന്നോ ഹിന്ദുത്വമെന്നോ കേട്ടാല്‍ കലി തുള്ളുന്ന ചരിത്രകാരി റൊമീല ഥാപ്പറും കരണിന്റെ അടുത്ത ബന്ധുവാണ്. ഇതിലധികം എന്തുവേണം ആര്‍എസ്എസ് വിരോധത്തിന്?