ആണ്ടവന് രോഗം അധികവും കാണാറുള്ളത് കുംഭം മീനം മാസങ്ങളിലാണ്. എല്ലാ കുംഭം മീനത്തിലും അങ്ങനെ ഉണ്ടാകാറുമില്ല. രോഗമില്ലാത്ത കാലങ്ങളില്‍ ഉത്സവങ്ങള്‍ക്ക് അച്ഛനെ സഹായിക്കുന്ന രീതി ജോലി കിട്ടിയതിനു ശേഷവും അയാള്‍ തുടര്‍ന്നു പോന്നിരുന്നു. പ്രത്യേകിച്ച് യാതൊരു അസ്വസ്ഥതയും കാണിക്കാത്തത് കൊണ്ടാണ് ആ കൊല്ലം വേലായുധന്‍ ചോപ്പന്‍ ആണ്ടവനെ തറയ്ക്കല്‍ ഭഗവതിയാട്ടിന് ഒപ്പം കൂട്ടിയത്. ഉത്സവം ഗംഭീരമായി നടക്കുകയും ചെയ്തു. വൈകുന്നേരത്തെ എഴുന്നള്ളത്തിനും പുലര്‍ച്ചയ്ക്കുള്ള ഭഗവതിയാട്ടിനും ആണ്ടവന്‍ തന്നെയാണ് കെട്ടിച്ചുറ്റിയത്. നാലാളറിയേ നാല് ദിക്കും കേള്‍ക്കെ ചാത്തന്‍ കുന്നന്‍ മെയ്യടിയാന്‍മാരുടെ നാല് പാദം തോറ്റത്തിന്റെ ഏറിയ ഭാഗവും ആണ്ടവന്‍ തന്നെ ഉരുക്കഴിച്ചു. പുലര്‍ച്ചയ്ക്കുള്ള എഴുന്നള്ളത്തിന് മാത്രമാണ് അച്ഛന്‍ വേലായുധന്‍ ചോപ്പന് വെളിച്ചപ്പെടേണ്ടി വന്നത്. ഉത്സവത്തിന്റെ അവസാന ഭാഗമായ പതിനെട്ടാം കര്‍മ്മം വടക്കന്‍ വാതില്‍ക്കല്‍ നടക്കുമ്പോഴും നേതൃത്വം ആണ്ടവനായിരുന്നു. പതിനെട്ടാം കര്‍മ്മത്തിന് ശേഷം ഭഗവതിയെ തേരേറ്റാന്‍ മണ്ണാന്‍മാരൊക്കെ ഓലച്ചൂട്ട് കത്തിച്ചപ്പോള്‍ ആണ്ടവന്‍ ഉത്സാഹത്താല്‍ പാടി ‘തേരേറമ്മേ തേരേറ് ഇക്കളം തന്നില് തേരേറ്….’ താളം മുറുകുന്നതിനനുസരിച്ച് പത്മക്കളത്തിന്റെ ചുറ്റിലും നിന്ന് കളത്തിന്റെ നടുവിലേയ്ക്ക് ചേര്‍ത്തുവെച്ച ഓല ചൂട്ടിലേയ്ക്ക് തവിട് തൂവി തീ പാളിച്ചു. അതിനിടയിലാണ് എന്തോ ഒരാവേശം പോലെ ആണ്ടവന്‍ ഉറഞ്ഞ് തുള്ളി ഓടിയത്. അതുവരെ കുഴപ്പമില്ലാത്ത ആണ്ടവന്‍ ഉറഞ്ഞ് തുള്ളി ഓടിയത് ഉത്സവത്തിന്റെ ഭാഗമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ചൂട്ട് കുത്തി ക്കെടുത്തി കര്‍മ്മം അവസാനിപ്പിച്ച് ചിലര്‍ അയാളുടെ കൂടെ ഓടി. വേലായുധനും കുഞ്ഞനും കൂടെയുണ്ടായിരുന്നു. ആണ്ടവന്‍ നേരെ ഓടിയത് വീട്ടിലേയ്ക്കായിരുന്നു. അഞ്ചു മാസം ഗര്‍ഭിണിയായ ദേവു ഉത്സവ പറമ്പിലുണ്ടായിരുന്നു. ഭര്‍ത്താവിന്റെ പെട്ടന്നുണ്ടായ മാറ്റത്തില്‍ അവരാകെ പരിഭ്രമിച്ചു. അവരും കൂടെ ഓടാന്‍ നോക്കിയെങ്കിലും മറ്റുള്ള സ്ത്രീകള്‍ അവരെ പിടിച്ചു വെച്ചു. വീട്ടിലെത്തിയ ആണ്ടവന്‍ തന്നെ പിടിക്കാന്‍ അടുക്കുന്നവരെ നോക്കി അലറി. ‘അടുത്ത് വരരുത്… ആരും അടുത്ത് വരരുത്.’ ആക്രോശത്തിനിടയിലും ചിലര്‍ വന്ന് ആണ്ടവനെ പിടിയ്ക്കാന്‍ ശ്രമിച്ചു. അവരെ ആണ്ടവന്‍ തട്ടി മാറ്റി. ആളുകള്‍ വീണ്ടും ഓടിക്കൂടി. ഒന്നുരണ്ടു മണിക്കൂറിന്റെ ബലപ്രയോഗത്തിന് ശേഷമാണ് ആണ്ടവനെ കീഴടക്കിയത്. അപ്പോഴേയ്ക്കും നേരം നന്നായി പുലര്‍ന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഓരോരോ കൂട്ടങ്ങളായി ഉത്സവപ്പറമ്പില്‍ അവശേഷിച്ചവരെല്ലാം വേലായുധന്റെ വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. കൂട്ടത്തില്‍ ആരൊക്കെയൊ താങ്ങി, എങ്ങിനെയൊ ഒരുവിധം ദേവുവും അവിടെയെത്തി. അവള്‍ അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. പലരും പല ആശ്വാസ വാക്കുകള്‍ പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും അവള്‍ കേട്ടതേയില്ല.
കാരണവന്മാര്‍ കൂടിയാലോചിച്ചു. എത്രയും പെട്ടന്ന് ആണ്ടവനെ ആശുപത്രിയിലെത്തിക്കണം. പിടിച്ചു കെട്ടി ചാരുകസേരയിലിരുത്തി റോട്ടിലേയ്ക്ക് എടുക്കണം. അവിടെ നിന്ന് വല്ല ജീപ്പോ കാറോ വിളിച്ച് കൊണ്ടുപോകാം. ഇല്ലത്തൊരു കാറ് അടുത്തയിടയാണ് വാങ്ങിയത്. അതിന്റെ ഡ്രൈവറെ വീട്ടില്‍ പോയി വിളിച്ചുണര്‍ത്തണം. അതിനൊക്കെ ഓരോരുത്തരായി മുന്നോട്ട് വന്നു.
എല്ലാവരും കൂടി ആണ്ടവനെ ബലം പ്രയോഗിച്ച് ഒരു ചാരുകസേരയിലേയ്ക്ക് പിടിച്ചു കെട്ടുകയായിരുന്നു. അതിനിടയിലാണ്. ‘അവരെ കെട്ടിവരിഞ്ഞ് കൊണ്ടു പോവണ്ടാ’ എന്നാര്‍ത്ത് അലമുറയിട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ദേവുവന്ന് അതിനിടയില്‍ വീണത്. അവളെ എല്ലാവരും ചേര്‍ന്ന് എടുത്തു മാറ്റുമ്പോള്‍ അവള്‍ക്ക് ബോധമില്ലായിരുന്നു. കുഞ്ഞനെ വീട്ടില്‍ നിറുത്തി വേലായുധന്‍ ആണ്ടവന്റെ കൂടെ ആശുപത്രിയില്‍ പോയി. അപ്പോഴും ഒന്നുമറിയാതെ തളര്‍ന്നു കിടക്കുകയായിരുന്നു ദേവു. അവള്‍ക്കും ചുറ്റും സ്ത്രീകള്‍ കൂടിയിരിക്കുകയായിരുന്നു..
‘ചതിച്ചോ ഭഗവത്യേ’എന്ന് ആരോ അലമുറയിട്ടത് കേട്ടപ്പോഴാണ് കുഞ്ഞന്‍ അങ്ങോട്ട് കയറിച്ചെന്നത്. തളര്‍ന്നു കിടക്കുന്ന ദേവുവിന്റെ കാലിനു താഴെ ഉറുമ്പിന്‍ കൂട്ടം വരിയിട്ട് നീക്കുന്നതു പോലെ ഒരു നേര്‍ത്ത രേഖയായി രക്തം അരിച്ചിറങ്ങുന്നത് കുഞ്ഞന്‍ കണ്ടു.
ദേവുവിനെ താലൂക്കാശുപത്രിയിലാണ് അഡ്മിറ്റു ചെയ്തിരുന്നത്. ആണ്ടവനെ കോഴിക്കോടും. മൂന്നാം ദിവസം ദേവു ആരോടും യാത്ര പറയാതെ പോയി. അവളുടെ ഗര്‍ഭത്തില്‍ നിന്ന് മൂന്ന് ദിവസം മുമ്പേ ഒഴുകിപ്പോയ കുഞ്ഞിനെ കുറിച്ചവള്‍ അറിഞ്ഞിരുന്നതേയില്ല. അക്കാര്യം പറയാന്‍ അവള്‍ക്ക് ബോധം വന്നിരുന്നില്ല. ആണ്ടവനെ അറിയിക്കുവാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍ പറഞ്ഞു. ‘ഇപ്പോള്‍ അറിയിച്ചിട്ട് യാതൊരു കാര്യവുമില്ല. അതൊന്നും ശരിയ്ക്ക് മനസ്സിലാക്കുവാന്‍ അയാള്‍ക്ക് കഴിയില്ല’. പിന്നെ ഒന്നും ചിന്തിച്ചില്ല കാരണവന്‍മാരുടെ തീരുമാനപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞു. ‘അവസാനമായി ന്റെ കുട്ടിയ്ക്ക് അവളെ ഒന്നു കാണാനും കൂടി കഴിഞ്ഞില്ലല്ലോ’ എന്ന വേലായുധന്റെ തേങ്ങല്‍ മാത്രം ബാക്കിയായി. ആളുകള്‍ ഒഴിഞ്ഞ് വീടു ശൂന്യമായപ്പോഴും ആ തേങ്ങല്‍ മാത്രം ഇടയ്ക്കിടയ്ക്ക് ഗതി കിട്ടാത്ത ഏതോ പ്രേതം കണക്കെ അലഞ്ഞുതിരിഞ്ഞു കൊണ്ടിരുന്നു.
ആണ്ടവന്റെ അസുഖം കുറഞ്ഞു എന്നറിഞ്ഞപ്പോഴാണ് ഡോക്ടര്‍ ഭാര്യയുടെ മരണത്തെക്കുറിച്ച് പറഞ്ഞത്. അതറിഞ്ഞപ്പോള്‍ അവന്‍ പൊട്ടി പൊട്ടി കരഞ്ഞെന്ന് ഡോക്ടര്‍ പറഞ്ഞു – അപ്പോള്‍ അത് കാണാനൊ കേള്‍ക്കാനൊ വേലായുധന്‍ ഉണ്ടായിരുന്നില്ല. മരുമകളുടെ മരണം വേലായുധന്റെ ജീവിതത്തെ വല്ലാതെ മാറ്റി. അതിനു ശേഷം ആരും അയാളെ പുറത്തു കണ്ടിട്ടില്ല. ‘എന്റെ കുട്ടി പോയി എന്റെ കുട്ടി പോയി’ – ആരെങ്കിലും അവിടെ ചെല്ലുമ്പോള്‍ അതു മാത്രമായിരുന്നുവത്രെ അയാള്‍ പറഞ്ഞിരുന്നത്. എല്ലാം വിധിയാണ് വിധിയാണ് – എന്നു പറഞ്ഞ് കരയുക. അതാണല്ലോ. പലപ്പോഴും ഇരുകാലി മനുഷ്യന്റെ വഴി….
അയ്യപ്പന്‍ നായര്‍ പിന്നെ കുറച്ച് നേരത്തേയ്ക്കു ഒന്നും മിണ്ടിയില്ല. സ്‌കന്ദന്‍ നമ്പൂതിരി ഒന്നും ചോദിച്ചതുമില്ല. വയല്‍വരമ്പു കഴിഞ്ഞ് അവര്‍ തറയ്ക്കല്‍ ഭഗവതിയുടെ മുന്നിലൂടെയുള്ള കല്ലുവെട്ടിയുണ്ടാക്കിയ നടവഴിയിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ സ്‌കന്ദന്‍ ചോദിച്ചു. ‘പിന്നെ വേലായുധന്‍ ചോപ്പനെന്താണ് സംഭവിച്ചത്?’ അയ്യപ്പന്‍ നായര്‍ തുടര്‍ന്നു..’വേലായുധന്‍ ചോപ്പന്‍! – അയാളെ കുറിച്ച് അന്വേഷിക്കാനൊ പറയാനോ ഒന്നും ആരും ഉണ്ടായിരുന്നില്ല. അല്ലെങ്കിലും ഉത്സവക്കാലം അടുക്കുമ്പോഴല്ലേ വെളിച്ചപ്പാടിനെ എല്ലാവരും ഓര്‍മ്മിക്കുന്നത്. ആണ്ടവന്‍ പ്രാന്താശുപത്രിയുടെ അടച്ചിട്ട സെല്ലില്‍ ആറുമാസത്തോളം കിടന്നു. ആദ്യമൊക്കെ ഒന്നിടവിട്ട ദിവസങ്ങളില്‍ വേലായുധന്‍ മകനെ കാണാന്‍ പോകുമായിരുന്നു. പിന്നെ ആഴ്ചയിലായി. ശരിയ്ക്കും പറഞ്ഞാല്‍ ഈ സമയത്ത് വേലായുധന് പുറം ലോകവുമായുള്ള ബന്ധം തീരെയില്ലാതായി. കല്യാണിയുടെ മരണശേഷം തന്നെ അയാള്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ജനങ്ങള്‍ വേലായുധന്‍ ചോപ്പനെയും ആണ്ടവനേയും മറന്നു കഴിഞ്ഞിരുന്നു. അവര്‍ക്ക് പുതിയ പുതിയ കാര്യങ്ങള്‍ കിട്ടി. അന്ത്രുവിന്റെ ചായക്കട പൊളിച്ച് കഴിഞ്ഞിരുന്നു. അവിടെ പുതിയ കെട്ടിടംവന്നു. അതില്‍ നല്ലൊരു ഹോട്ടലായി അന്ത്രുവിന്റെ കച്ചവടം രൂപ പരിണാമം സംഭവിച്ചു. അവിടെ വരുന്നവര്‍ക്കും സംസാരിക്കുന്നവര്‍ക്കും ലോക കാര്യങ്ങളായി പ്രിയം.
പിന്നെ വേലായുധന്‍ ചോപ്പന്‍ നാട്ടുകാര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത് അദ്ദേഹത്തിന്റെ മരണത്തോടെയായിരുന്നു. വിഷുപാടത്തിനടുത്ത് വച്ച് വണ്ടിയില്‍ കുടുങ്ങിയാണ് വേലായുധന്‍ ചോപ്പന്‍ മരിച്ചത്. ആ ഭാഗത്തേയ്‌ക്കൊന്നും പൊതുവെ പോകുന്ന ഒരാളല്ല വേലായുധന്‍. അങ്ങോട്ടൊന്നും പോകേണ്ട കാര്യവുമയാള്‍ക്കില്ല. പിന്നെ എങ്ങിനെ വണ്ടിയില്‍ കുടുങ്ങി എന്നത് ഒരു ചോദ്യമായി. പലരും വിശ്വസിക്കുന്നത് വണ്ടിയ്ക്ക് തല വെച്ച് ആത്മഹത്യ ചെയ്തതാണെന്നാണ്. ശരിയാവും. അദ്ദേഹത്തിന് മടുത്തിട്ടുണ്ടാവും. ദുരന്തങ്ങള്‍ക്ക് മീതേ ദുരന്തങ്ങള്‍ മാത്രമാവുമ്പോള്‍ ജീവിതം ആര്‍ക്കും മടുക്കും. എടുക്കാന്‍ വയ്യാത്ത ചുമടും വഹിച്ച് പ്രാഞ്ചി പ്രാഞ്ചി വീഴാന്‍ പോകുമ്പോള്‍ ആ ചുമടൊന്നിറക്കി വെയ്ക്കാനുള്ള ഒരത്താണി ആരാണ് അന്വേഷിക്കാത്തത്. അത് കാണാതാവുന്ന നിരാശയില്‍ തലയിലുള്ളത് ചിലപ്പോള്‍ താഴെയിട്ടെന്നുവരും. അങ്ങനെ തന്റെ ഭാരം വലിച്ചെറിഞ്ഞ് പോയത് തന്നെയാവും വേലായുധന്‍. ‘അയ്യപ്പന്‍ നായര്‍ ഒന്നു നിന്നു. ചെറുതായി കിതയ്ക്കുന്നുണ്ടെന്നു തോന്നി. അല്പസമയത്തിന് ശേഷം അയാള്‍ വീണ്ടും പറഞ്ഞു കൊണ്ട് നടക്കുവാന്‍ തുടങ്ങി.
അച്യുതന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നാട്ടുകാരൊത്തു കൂടി ആണ്ടവനെ കൊണ്ടുവന്നു. വേലായുധന്റെ കര്‍മ്മങ്ങളൊക്കെ കഴിച്ചതിന് ശേഷം തിരിച്ച് കൊണ്ടുപോയി അവിടെ തന്നെ ഏല്‍പിച്ചു. അന്ന്ആണ്ടവന്‍ പരമ ശാന്തനായിരുന്നു. കര്‍മ്മങ്ങള്‍ കഴിയുന്നതുവരെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീരു പോലും വീണില്ല. എല്ലാര്‍ക്കും അത്ഭുതമായിരുന്നു. അവന്റെ ഉള്ളിലുള്ള ദുഃഖം അവന്‍ കടിച്ചമര്‍ത്തി പിടിയ്ക്കുകയായിരുന്നു. തിരിച്ചു പോവുമ്പോളാണ് അയാള്‍ അച്യുതന്‍ നമ്പൂതിരിയുടെ സമീപത്ത് വന്നുനിന്ന് പൊട്ടി പൊട്ടിക്കരഞ്ഞത് ആ കാഴ്ച ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല. എല്ലാവരും പ്രതീക്ഷിച്ചത് അയാള്‍ക്ക് അസുഖം വീണ്ടും കൂടുമെന്നാണ്. എന്നാല്‍ അങ്ങിനെയൊന്നുമുണ്ടായില്ല.
അച്ഛനും കൂടി പോയതോടെ അയാളെ അന്വേഷിക്കാനൊന്നും പിന്നെ ആരുമില്ലാതായി. എന്നാല്‍ അച്യുതന്‍ നമ്പൂതിരി അയാളെ കൈവിട്ടില്ല. ആഴ്ചയില്‍ ഒരിക്കല്‍ ഇല്ലത്ത് നിന്ന് ആരെയെങ്കിലും ഏര്‍പ്പാടാക്കും. ഒന്നു രണ്ട് പ്രാവശ്യം ഞാനും പോയി. അന്നാണ് പ്രാന്തന്‍ ജയില് നേരിട്ട് കണ്ടത്. അത് കണ്ടാല്‍ തന്നെ അറിയാം അവിടെ കിടക്കുന്ന ഓരോരുത്തരും എത്രമാത്രം അനുഭവിക്കുന്നുണ്ടാവുമെന്ന്.
ആണ്ടവന്‍ അസുഖമൊക്കെ മാറി തിരിച്ചെത്തിയപ്പോഴേക്കും ജോലി യൊക്കെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അച്യുതന്‍ നമ്പൂരി അയാളെ കൈവിട്ടില്ല. രാവുണ്ണി നായര് പോയതില്‍ പിന്നെ ഇല്ലത്ത് കാര്യസ്ഥന്മാരാരുമുണ്ടായിരുന്നില്ലല്ലോ. ഇനി അങ്ങനെ കാര്യസ്ഥപണിയ്ക്ക് ആരും വേണ്ടെന്നായിരുന്നു നമ്പൂതിരിയുടെ തീരുമാനം. ആ തീരുമാനം മാറ്റി ആണ്ടവനോട് കാര്യങ്ങളൊക്കെ ഏറ്റെടുക്കാന്‍ പറഞ്ഞു. ആണ്ടവന്‍ പറഞ്ഞു ‘എപ്പഴാ പ്രാന്ത് വരാ – പോവ്വാന്ന് നിയ്ക്കന്നെ അറിയൂല. അതാണ്ട് ഒരു ഉത്തരവാദിത്തവും ഞാനായിട്ട് ഏറ്റെടുക്കാതിരിക്കുന്നതാ നല്ലത്. നിയ്ക്ക് കഴിയുന്നതൊക്കെ വന്ന് ചെയ്യാന്നല്ലാതെ സ്ഥിരമായ ഒരേര്‍പ്പാട് വേണ്ട’ ഭവത്രാതന്‍ നമ്പൂതിരി പല പ്രാവശ്യം പറഞ്ഞു. അച്യുതന്‍ നമ്പൂരി നല്‍കിയ അവസരം പാഴാക്കരുത്. അതേറ്റെടുക്കണം എന്ന്. എന്നാല്‍ ആണ്ടവന്‍ കൂട്ടാക്കിയില്ല. ഇല്ലത്തും മനയ്ക്കലും വരും. എന്ത് പറഞ്ഞാലും ചെയ്യും – കൊടുത്തത് വാങ്ങും അങ്ങനെയായിരുന്നു പിന്നെയുള്ള കാലം. അതിനു ശേഷം ഒരു ഭഗവതിയാട്ടിനും ആണ്ടവനെ കണ്ടിട്ടില്ല. കരക്കാര് വിളിയ്ക്കാഞ്ഞിട്ടല്ല. ‘അച്ഛനില്ലാത്ത ആട്ടിന് ഞാന്‍ ല്യ’ – അയാള് വിട്ടു പറഞ്ഞു. ആട്ട് കുറ്റിയടിച്ചാല്‍ പിന്നെ ഏഴാംപൂജ കഴിഞ്ഞ് നടതുറക്കുന്നതു വരെ ആണ്ടവനെ ഈ ദേശത്ത് തന്നെ ആരും കാണാറില്ല. ഒരൊറ്റ മുങ്ങലാണ്. തിരിച്ചു വന്നതിന് ശേഷം ആരെങ്കിലും ചോദിച്ചാല്‍ ഒരു ചിരി കൊണ്ട് ഉത്തരം വിഴുങ്ങും. വേറൊരു കാര്യം, എന്താച്ചാല്‍ പിന്നെ ആണ്ടവന് ആ സൂക്കേടും കണ്ടിട്ടില്ല കാലം കുറച്ചായി പഴയവര് പലരും പടിയിറങ്ങി, പുതിയ തലമുറ അരങ്ങേറ്റം നടത്തി. പഴയതിനേക്കാളും ഗംഭീരമായി ഉത്സവങ്ങള്‍ നടന്നു. എന്നാലും ആണ്ടവനെ പോലെ ഒരു വെളിച്ചപ്പാടിനെ ഈ ദേശത്തുള്ളോര് കണ്ടിട്ടില്ലാ എന്നതാണ് സത്യം….
ഓര്‍മ്മകളിലൂടെ ഒരു ദേശാടനം നടത്തുകയായിരുന്നു അയ്യപ്പന്‍ നായര്‍. അതുകൊണ്ട് തന്നെ വഴിയുടെ ദൂരം അറിഞ്ഞതേയില്ല. ആണ്ടവന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ക്ക് പിറകെ അയ്യപ്പന്‍ നായര്‍ കൈ പിടിച്ച് കൊണ്ടുപോവുകയാണെന്നറിഞ്ഞിട്ടും ആ വഴി നടക്കുന്നതില്‍ സ്‌കന്ദന് അല്‍പം പോലും പരിഭവം തോന്നിയില്ല. പീഠത്തില്‍ കയറി നിന്ന് ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ആണ്ടവന്റെ ആ പഴയ രൂപം അയാളില്‍ തെളിഞ്ഞു വരികയായിരുന്നു.
(തുടരും)