ഈ അടുത്തനാളുകളില്‍ ഹിന്ദുഐക്യവേദി നടത്തി വിജയം കൈവരിച്ച രണ്ട് പ്രക്ഷോഭങ്ങളാണ് തിരുവനന്തപുരത്തെ നവരാത്രി വിഗ്രഹഘോഷയാത്രാ നിരോധനത്തിനെതിരെയും കോഴിക്കോട്ടെ പരമ്പരാഗത ശ്മശാന സംരക്ഷണത്തിനുവേണ്ടിയുമുള്ളത്.
വിജയഗാഥ – 1
നവരാത്രി വിഗ്രഹഘോഷയാത്രാ നിരോധനത്തിനെതിരെ
തെക്കന്‍ തിരുവിതാംകൂറിന്റെ സാംസ്‌കാരികത്തനിമയുടെ പ്രതീകമാണ് നൂറ്റാണ്ടുകളായി നവരാത്രി കാലത്ത് നടന്നു വരുന്ന വിഗ്രഹ ഘോഷയാത്ര. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നാണ് വിദ്യാദേവതയായ ശ്രീ സരസ്വതീദേവിയും മുന്നൂറ്റിനങ്കയമ്മയും വേളിമല കുമാരസ്വാമിയും കേരള തലസ്ഥാനത്തേയ്ക്ക് യാത്ര തിരിക്കുന്നത്. ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റിനങ്കയെയാണ് ആദ്യം പുറത്തെഴുന്നള്ളിക്കുന്നത്. വേളിമലയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സുബ്രഹ്മണ്യ ക്ഷേത്രമാണ് കുമാരകോവില്‍. ഇവിടെ നിന്നാണ് കുമാരസ്വാമിയും വെള്ളിക്കുതിരയും എഴുന്നള്ളുന്നത്. കുമാരസ്വാമിയും മുന്നൂറ്റിനങ്കയും പല്ലക്കിലേറി വാദ്യമേളങ്ങളുടെയും റൈഫിള്‍ പോലീസിന്റെയും അകമ്പടിയോടെ ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. ഈ ക്ഷേത്രത്തില്‍ വച്ച് രണ്ടുപേരും കണ്ടുമുട്ടുന്നു. തുടര്‍ന്ന് രണ്ടുപേരും ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തെ വലം വച്ച് സരസ്വതീദേവി കുടിയിരിക്കുന്ന കൊട്ടാരത്തിലേക്ക് എഴുന്നള്ളുന്നു. കുമാരസ്വാമി സരസ്വതീദേവിയുടെ കാവലാളാണെങ്കില്‍ മുന്നൂറ്റിനങ്കയുടെ വേഷം തോഴിയുടേതും. തമിഴകത്തിന്റെ നാട്ടുവഴികളിലെ താലപ്പൊലിയും തട്ടംപൂജയും സ്വീകരിച്ച് മൂന്നുപേരും അനന്തപുരിയിലേക്ക് യാത്രയാകുന്നു. മൂന്ന് ദിവസത്തെ യാത്ര കൊണ്ട് അനന്തപുരിയില്‍ ഘോഷയാത്ര എത്തിച്ചേരുന്നു. കോട്ടയ്ക്കകത്തു വച്ച് തിരുവിതാംകൂര്‍ മഹാരാജാവാണ് മൂന്നു മൂര്‍ത്തികളെയും സ്വീകരിക്കുന്നത്. തുടര്‍ന്ന് പത്മതീര്‍ത്ഥക്കുളത്തിലെ ആറാട്ടിന് ശേഷം നവരാത്രി മണ്ഡപത്തില്‍ സരസ്വതി ദേവിയെ നല്ലിരുപ്പ് മുറിയില്‍ പൂജയ്ക്കിരുത്തും. കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയമ്മനെ ചെന്തിട്ട ദേവീ ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഇതോടെയാണ് അനന്തപുരിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.
നവരാത്രി വിഗ്രഹങ്ങള്‍ ഇത്തവണ അലങ്കരിച്ച ലോറിയില്‍ ആചാരവിരുദ്ധമായി എഴുന്നള്ളിക്കാനായിരു ന്നു കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ വകുപ്പുതല ഉദ്യോഗസ്ഥ ചര്‍ച്ചയില്‍ തീരുമാനിച്ചത്. ലോറിയില്‍ കൊണ്ടുവരാന്‍ ഹൈന്ദവ ദേവന്മാര്‍ അരിച്ചാക്കോ സിമന്റു ചാക്കോ അല്ലല്ലോ. ആചാരങ്ങള്‍ പാലിക്കാനുള്ളതല്ല തകര്‍ക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന കേരള സര്‍ക്കാര്‍ ഇങ്ങനെ തീരുമാനിച്ചതില്‍ അദ്ഭുതമില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ വളരെ കര്‍ക്കശമായിരുന്ന കാലത്തു പോലും പുരി ജഗന്നാഥന്റെ രഥയാത്ര നടത്തുവാന്‍ ഒഡീഷാ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടു. നൂറു കണക്കിനാളുകളാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പുരിയില്‍ രഥങ്ങള്‍ വലിച്ചത്. കോവിഡ് നിയമങ്ങള്‍ പാലിച്ചു തന്നെ ആനപ്പുറത്ത് സരസ്വതിയമ്മനെയും പല്ലക്കിലും വെള്ളിക്കുതിരയിലുമായി കുമാരസ്വാമിയെയും പല്ലക്കില്‍ മുന്നൂറ്റിനങ്കയമ്മനെയും എഴുന്നള്ളിക്കണമെന്നായിരുന്നു ഹൈന്ദവ സംഘടനകളുടേയും ഭക്തജനങ്ങളുടേയും ആവശ്യം.
ഹൈന്ദവ വിശ്വാസി സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനും ഇവിടുത്തെ ആചാരങ്ങള്‍ അതേപടി നിലനിര്‍ത്തുവാനും ബാധ്യതയുള്ള ദേവസ്വം മന്ത്രി ജനാധിപത്യപരമായി ലഭിച്ച മന്ത്രിസ്ഥാനം ഉപയോഗിച്ചുകൊണ്ട് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഇവിടത്തെ ആചാരങ്ങളെ അട്ടിമറിക്കുവാനാണ് ശ്രമിച്ചത്. ഹിന്ദു ഐക്യവേദി ഈ ആചാരലംഘനത്തിനെതിരെ ഗവര്‍ണര്‍ക്കും ദേവസ്വം മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും രേഖാമൂലം പരാതി നല്‍കിയെങ്കിലും ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്ന് ഹിന്ദു ഐക്യവേദി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഘോഷയാത്ര കടന്നു വരുന്ന കേരളത്തിലെ പാറശ്ശാല മുതല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള പതിമൂന്ന് പ്രധാന സ്ഥലങ്ങളില്‍ ഒരേസമയം ധര്‍ണ്ണ സംഘടിപ്പിച്ചു. കൂടാതെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ വസതിക്കു മുന്നിലും ഒരേസമയം പ്രതിഷേധം സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ തക്കല കേന്ദ്രീകരിച്ച് ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലെ ഭക്തജനങ്ങളുടേയും ഹൈന്ദവ സംഘടനകളുടേയും പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കേരള സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനം ഒന്നുകൂടി വ്യക്തമാക്കുന്നതായിരുന്നു പീന്നീട് സംഭവിച്ചത്. സംഘപരിവാറിലെ ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകള്‍ രേഖാമൂലം പരാതി നല്‍കിയിട്ടും ഈ സംഘടനകളെ ഒഴിവാക്കി മറ്റുള്ള സംഘടനകളെ മാത്രമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഏതായാലും വിശ്വാസികളുടെ വികാരത്തിനു മുന്നില്‍ ദേവസ്വം മന്ത്രിക്കും, പിണറായി സര്‍ക്കാരിനും കീഴടങ്ങേണ്ടി വന്നു. ദേവവിഗ്രഹങ്ങള്‍ ലോറിയില്‍ കൊണ്ടുവരാനുള്ള തീരുമാനം ഉപേക്ഷിക്കുകയും ആനയെയും വെള്ളിക്കുതിരയെയും ഒഴിവാക്കി നാലുപേര്‍ വീതം എടുക്കുന്ന ചെറിയ പല്ലക്കുകളില്‍ വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ ഔദ്യോഗിക സ്വീകരണം കേരള സര്‍ക്കാര്‍ ഒഴിവാക്കി. നഗരാതിര്‍ത്തിയായ നേമം കച്ചേരി നട ജംഗ്ഷനില്‍ എല്ലാ വര്‍ഷവും റവന്യൂ വകുപ്പ് നല്‍കുന്ന ആചാരപൂര്‍വമായ വരവേല്പും വിഗ്രഹ ഘോഷയാത്രയ്ക്ക് ഇറക്കി പൂജ നടത്തുന്ന കരമനയില്‍ നല്‍കുന്ന സ്വീകരണവും ഒഴിവാക്കിയത് വഴി ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടുള്ള സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടേയും നയം വ്യക്തമാക്കിയിരിക്കുകയാണ്. എന്തായാലും വിശ്വാസികളുടെ പ്രക്ഷോഭത്തിനു മുമ്പില്‍ ഭരണകൂടത്തിന് തലകുനിക്കേണ്ടിവന്നു.
സന്ദീപ് തമ്പാനൂര്‍
(ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം)
വിജയഗാഥ – 2
പരമ്പരാഗത ശ്മശാന സംരക്ഷണത്തിനു വേണ്ടി
1910 ല്‍ ഗുരുദേവനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീകണ്‌ഠേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് നഗരത്തിന്റെ ഒത്ത മധ്യത്തിലാണ്. ഇവിടെ ക്ഷേത്ര പ്രതിഷ്ഠ നടക്കുന്നതിനും വളരെ മുന്‍പ് തന്നെ, ഇന്ന് ഇന്‍ഡോര്‍ സ്റ്റേഡിയം നിലനില്‍ക്കുന്ന സ്ഥലത്തായിരുന്നു ചാളത്തറ ശ്മശാനം സ്ഥിതി ചെയ്തിരുന്നത്. അതായത് ക്ഷേത്രത്തില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന സ്ഥലം. പിന്നീട് ഗുരുദേവന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാവൂര്‍ റോഡ് ചാളത്തറ ഹിന്ദു ശ്മശാനം മാറ്റി സ്ഥാപിക്കപ്പെട്ടത്. അതായത് ഒരു നൂറ്റാണ്ടിലധികമായി അവിടെ ശവദാഹം നടന്നു വരുന്നുണ്ട്. രാരുമഠത്തില്‍ കണാരു കുട്ടി എന്ന മനുഷ്യ സ്‌നേഹിയാണ് ഒരേക്കറിലധികം വരുന്ന സ്ഥലം പരമ്പരാഗത ശ്മശാന ആവശ്യത്തിനായി വിട്ടു നല്‍കിയിട്ടുള്ളത്. അദ്ദേഹം അത് ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന് കൈമാറുകയും കാലക്രമേണ ഇത്തരം കാര്യങ്ങളുടെ നിര്‍വഹണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആയതിനാല്‍ ആ സ്ഥലം കോര്‍പ്പറേഷന്റെ കൈവശം വന്നു ചേരുകയുമായിരുന്നു. അവിടെ ശ്മശാനം കണ്ടുകൊണ്ട് തന്നെ അതിനു ചുറ്റും ഗള്‍ഫ് പണത്തിന്റെ തള്ളിച്ചയില്‍ ഒരു പ്രത്യേക മതവിഭാഗം ഭൂമി വാങ്ങിക്കൂട്ടി. ശ്മശാനത്തിന്റെ പേര് പറഞ്ഞ് ഇവര്‍ സ്ഥല ഉടമകളായ ഹിന്ദു വിഭാഗത്തില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി വാങ്ങിച്ചെടുത്ത് വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയും പിന്നീട് ശ്മശാന പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ശക്തമായ പരിശ്രമം ആരംഭിക്കുകയും ചെയ്തു.
1995 കാലഘട്ടത്തില്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികളെ കൊണ്ട് ശ്മശാനം അവിടെ നിന്നു മാറ്റാന്‍ അവര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തി. പുത്തന്‍ പണ ശക്തികളോടൊപ്പം ചുവപ്പന്‍ രാഷ്ട്രീയക്കാര്‍ ചേര്‍ന്നതോടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ശ്മശാനം എടുത്തു മാറ്റാന്‍ തത്വത്തില്‍ തീരുമാനിച്ചു. അന്ന് ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനര്‍ ആയിരുന്ന പി.കെ. സഹദേവന്റെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തെ തുടര്‍ന്നാണ് ശ്മശാനം അവിടെ നിന്ന് മാറ്റാന്‍ സാധിക്കാതെ വന്നത്.
ശ്മശാനം പൂര്‍ണമായി മാറ്റാനാകില്ലെന്ന് മനസ്സിലാക്കിയ കോര്‍പ്പറേഷന്‍ അധികാരികള്‍ നവീകരണത്തിന്റെ മറവില്‍ പരമ്പരാഗത ശവ സംസ്‌കാര രീതി മാറ്റിയതായി ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഇത് നേരത്തെ ശ്മശാനം എടുത്തു മാറ്റുക എന്ന ലക്ഷ്യത്തോടെ നടന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു, 2020 സപ്തംബര്‍ 23 നാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് ഇത്തരമൊരു ഉത്തരവ് ഇറക്കുന്നത്. ഈ നീക്കം നേരത്തെ മനസ്സിലാക്കിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സപ്തംബര്‍ 18 ന് തന്നെ സമരവുമായി രംഗത്തെത്തി. സാമുദായിക -ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ശ്മശാനത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സപ്തംബര്‍ 25 ന് ഹിന്ദു ഐക്യവേദിയും ബി ജെ പിയും ശ്മശാനത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പ്രസ്തുത പ്രതിഷേധത്തില്‍ ശ്മശാന തൊഴിലാളികളും അണിചേര്‍ന്നു. പ്രതിഷേധം കനത്തതോടെ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്രണ്ട് നേരിട്ടെത്തി സെക്രട്ടറി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അന്നത്തെ പ്രതിഷേധം താത്ക്കാലികമായി നിറുത്തിവെച്ചു. വൈകിട്ട് നടന്ന ചര്‍ച്ചയില്‍ മേയറും സെക്രട്ടറിയും ഹിന്ദു ഐക്യവേദി മുന്നോട്ട് വെച്ച കാര്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്ന കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് ഒരു നിവേദനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു നല്‍കി. ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുവാന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചു. ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ ധര്‍മ്മ സമരത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഹിന്ദു നേതൃ സമ്മേളനവും 4 ന് ക്ഷേത്ര ഭാരവാഹിയോഗവും നടന്നു. 6 മുതല്‍ പത്ത് വരെ ഹിന്ദു ഐക്യവേദി നേതാക്കളായ കെ. ഷൈനു, ദാമോദരന്‍ കുന്നത്ത്, സുനില്‍കുമാര്‍ പുത്തൂര്‍മഠം, രാജേഷ് നാദാപുരം, ശശി കമ്മട്ടേരി എന്നിവര്‍ നയിച്ച പഞ്ചദിന സത്യഗ്രഹ സമരം നടന്നു. 11 മുതല്‍ 26 വരെ തുടര്‍ച്ചയായി പതിനാറ് ദിവസത്തെ സായാഹ്ന പ്രതിഷേധം നിശ്ചയിക്കപ്പെട്ടു. ഷോഡശ സംസ്‌കാരത്തില്‍ പ്രധാനപ്പെട്ട അന്ത്യേഷ്ടി കര്‍മ്മം അനുഷ്ഠിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഹിന്ദു മത സ്വാതന്ത്ര്യ ധ്വംസനമാണെന്ന് സന്യാസിവര്യന്‍മാരും ഹിന്ദു സാമുദായിക സംഘടന നേതാക്കന്മാരും അഭിപ്രായപ്പെട്ടു. വ്യത്യസ്ത സാമുദായിക സംഘടനകളുടെ പിന്തുണയാല്‍ സമരം ശ്രദ്ധിക്കപ്പെട്ടു.

ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്യുന്നു
സമരം ശക്തമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ വകവെക്കാതെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എം.എല്‍ എ, എ. പ്രദീപ് കുമാറും 16 ന് കോര്‍പ്പറേഷനില്‍ പത്രസമ്മേളനം വിളിച്ചു. 19 ന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശ്മശാനം പൊളിക്കുന്നത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. തടയുമെന്ന് ഹിന്ദുഐക്യവേദിയും പ്രഖ്യാപിച്ചു. തുടര്‍ന്ന് അന്നേ ദിവസം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ശ്മശാനം പൊളിക്കാതെ അവര്‍ക്ക് തിരിച്ചു പോകേണ്ടി വന്നു.
മഹാനവമി ദിനമായ ഒക്ടോബര്‍ 25 ന് നടത്തിയ ഗൃഹാങ്കണ മഹിളാ പ്രതിഷേധവും ശ്രദ്ധിക്കപ്പെട്ടു. അഞ്ഞൂറോളം അമ്മമാര്‍ അതില്‍ അണിനിരന്നു. 26 ന് വിജയദശമി ദിനത്തില്‍ മാവൂര്‍ റോഡ് – അശോകപുരം നിവാസികളുടെ ഐക്യദാര്‍ഢ്യ സമ്മേളനവും ഒപ്പു ശേഖരണവും നടന്നു. തുടര്‍ന്ന് 27 മുതല്‍ 31 വരെ സാമുദായിക നേതാക്കള്‍ നയിക്കുന്ന പഞ്ചദിന നിരാഹാര സമരവും നവംബര്‍ ഒന്നിന് തൊഴിലാളികളുടെ പട്ടിണി സമരവും അതേ ദിവസം തന്നെ കോര്‍പ്പറേഷനിലെ ആറ് ശ്മശാനങ്ങള്‍ക്കു മുന്‍പില്‍ ഐക്യദാര്‍ഢ്യ സമരവും ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചു.
ഇതിനിടയില്‍ കോര്‍പ്പറേഷനിലെ ഏഴ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കൗണ്‍സിലര്‍മാരുടെ സമരത്തിന്റെ ഭാഗമായി ബി.ജെ.പി. – ഹിന്ദു ഐക്യവേദി നേതാക്കള്‍ മേയറെ കണ്ട് ഹിന്ദു സംഘടനകളുടെ ന്യായമായ ആവശ്യം അംഗീകരിക്കണമെന്നും അതിനായി ഹിന്ദു സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു മാസം തുടര്‍ച്ചയായി നടന്നു കൊണ്ടിരുന്ന സമരത്തിനുള്ള ബഹുജനപിന്തുണ വര്‍ദ്ധിച്ചു വന്നു. തുടര്‍ ന്ന് ഒക്‌ടോ. 27 നു നിരാഹാര സമരം തുടങ്ങിയ ദിവസം തന്നെ കോര്‍പ്പറേഷന്‍ മേയര്‍ ഹിന്ദു സംഘടനകളെ 30ന് ചര്‍ച്ചയ്ക്ക് വിളിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചു.

സമരത്തിന് പിന്തുണയുമായി എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് അടക്കമുള്ള 24 സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ഷേത്രങ്ങള്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവയുടെയും പ്രതിനിധികളായ നിരവധി പേര്‍ സമരപന്തലില്‍ എത്തിയിരുന്നു.
30 രാവിലെ 10.30 കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പുറമെ എം. എല്‍ എ, എ. പ്രദീപ് കുമാറും സംബന്ധിച്ചു. ചര്‍ച്ചയില്‍ ഹിന്ദു സംഘടനകള്‍ മുന്നോട്ട് വെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറായി. തുടര്‍ന്ന് ഒക്ടോബര്‍ 31 ന് സമരത്തില്‍ സഹകരിച്ച സംഘടനകള്‍ ഒത്തുകൂടി വിജയദിന ആഘോഷവും നടത്തി.
കെ. ഷൈനു
(ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി)