”പതിനാറാള്‍ക്കുയരത്തില്‍ കരിങ്കല്ലുകൊണ്ടു കെട്ടിപ്പൊക്കിയ കളരിയാണ്. കളരിക്കുചുറ്റും ഏഴാള്‍ താഴ്ചയുള്ള കിടങ്ങുണ്ട്. കിടങ്ങിനുപുറത്ത് ചുറ്റോടുചുറ്റും ഉയരത്തില്‍ കെട്ടിപ്പൊക്കിയ മതിലുണ്ട്. എല്ലാ കളരിക്കും വാതില്‍ ഒന്നാണെങ്കില്‍ ചന്തുക്കുറുപ്പിന്റെ കളരിക്ക് വാതില്‍ രണ്ടുണ്ട്. നേര്‍വാതില്‍ ഒന്ന്. കളരിക്കു പിന്നില്‍ പൊഴിവാതില്‍ ഒന്ന്.” മാറ്റാനെപ്പേടിച്ചാണ് ഇത്രയും കരുതലുകള്‍ ചന്തുക്കുറുപ്പ് ചെയ്തുവെച്ചിരിക്കുന്നത്. കുറുപ്പിന്റെ അനുകൂലമില്ലാതെ ആര്‍ക്കും കളരിക്കകത്തു കടക്കാനാവില്ലെന്ന് പാണന്‍ പറഞ്ഞു.
പതിനാറുപണം എണ്ണിയെടുത്ത് ആരോമുണ്ണി പാണനു സമ്മാനിച്ചു. പാണന്‍ വിടവാങ്ങിപ്പോയി.
നേരം സന്ധ്യമയങ്ങിയതുകൊണ്ട് ആല്‍ത്തറയില്‍ത്തന്നെ രാത്രി കഴിച്ചുകൂട്ടാമെന്ന് അവര്‍ നിശ്ചയിച്ചു. അതിരാവിലെ എഴുന്നേറ്റ് ഭൂമിതൊട്ടു നിറുകില്‍ വെച്ചു. സൂര്യഭഗവാനെത്തൊഴുതു. നിത്യകര്‍മ്മങ്ങളും കുളിയും കഴിച്ചു. അങ്കക്കുറി വരച്ചു. ഇരുപേരും വീരാളിപ്പട്ടു ഞൊറിഞ്ഞുടുത്തു. പട്ടില്‍പൊതിഞ്ഞുകൊണ്ടുവന്ന അമ്മാവന്റെ ചോരക്കച്ച ആരോമുണ്ണി അരയില്‍ മുറുക്കി. കണ്ണപ്പുണ്ണിയും കച്ചമുറുക്കി.
മാറാപ്പില്‍നിന്ന് അമ്മാവന്റെ കേമന്‍ചുരികയും പരിചയും ഇരുപേരും തൊഴുതെടുത്തു. അവര്‍ അരിങ്ങോടരുടെ വീടിന്റെ നേര്‍ക്കു നടന്നു. പടിപ്പുരയിലിരിപ്പുണ്ടായിരുന്നു ഇരുട്ടത്തൊളിമിന്നുന്ന കുഞ്ചുണ്ണൂലി. വരുന്നവര്‍ ചേകവന്മാരാണെന്ന് അവള്‍ക്കു മനസ്സിലായി. ചേകവന്മാര്‍ക്കിരിക്കാന്‍ പടിപ്പുരത്തിണ്ണയില്‍ പുല്‍പ്പായ നീക്കിയിട്ടു കൊടുത്തു.
”നിന്റെ ആചാരവും ഓചാരവും ഞങ്ങള്‍ക്കു വേണ്ട”
കുഞ്ചുണ്ണൂലിയെ മറികടന്ന് ആരോമുണ്ണിയും കണ്ണപ്പുണ്ണിയും പടകാളിമുറ്റത്തെത്തി. ചേകവന്മാരെക്കണ്ട് മുടിയിന്മേല്‍ കൊടികെട്ടിയ കുട്ടിമാണി വേഗംതന്നെ കളിത്തിണ്ണയില്‍ പുല്‍പ്പായ വിരിച്ചു.
”വന്നാലും, ഇരുന്നാലും ചേകോന്മാരേ”
”നിന്റെ ആചാരവും ഓചാരവും ഞങ്ങള്‍ക്കു വേണ്ട. ചന്തുവിനെ കാണണം. ചന്തു എവിടെ?”
ഒച്ചയും ഉരുവാട്ടവും കേട്ട് ചന്തു കളരിവാതില്‍ തുറന്നു. പടകാളിമുറ്റത്ത് ചുരികയും പരിചയും പിടിച്ചുനില്‍ക്കുന്ന ചേകവന്മാരെക്കണ്ട് ചന്തു വേഗംതന്നെ കളരിയിലേക്കു കടക്കാനുള്ള പാലം വലിച്ചുവെച്ചു. മുന്‍വാതിലടച്ചു തഴുതിട്ടു. *അന്തായം തള്ളി അഴിയെറിഞ്ഞു. അരിമത്താഴേഴിട്ടു പൂട്ടി.
കളരിവാതില്‍ തുറക്കുന്നതും കളരിയാശാനെപ്പോലൊരാള്‍ പുറത്തേക്കു വരുന്നതും മുറ്റത്തുനില്‍ക്കുന്ന ചേകവന്മാരെക്കണ്ട് കളരിയകത്തേക്കുതന്നെ മാറിക്കളഞ്ഞതും ആരോമുണ്ണി കണ്ടു.
നേരമേതുംകളയാതെ അവര്‍ കളരിയിലേക്കു കുതിച്ചു. അപ്പോഴേക്കും ചന്തു പാലം
വലിച്ചുമാറ്റിയിരുന്നു. കളരിവാതില്‍ അടച്ചുകഴിഞ്ഞിരുന്നു. ഇരുപേരും മലക്കം മറിഞ്ഞുകൊണ്ട് കളരിവാതുക്കല്‍ വന്നുനിന്നു. ആരോമുണ്ണി നേര്‍വാതുക്കലും കണ്ണപ്പുണ്ണി കളരിക്കു പുറകിലുള്ള പൊഴിവാതുക്കലും നിന്നു.
”ചന്ത്വമ്മാവാ വാതില്‍
തുറക്കണം” ആരോമുണ്ണി വിളിച്ചുപറഞ്ഞു.
കളരിക്കകത്ത് ഒച്ചയും അനക്കവുമുണ്ടായില്ല.
”വാതിലടച്ച് അകത്തിരിക്കുന്നത് ചേകോന്മാര്‍ക്ക് ചേര്‍ന്നതല്ല. വാതിലു തുറക്കണം ചന്ത്വമ്മാവാ”
അപ്പോള്‍ അകത്തുനിന്ന് ചന്തുവിന്റെ ശബ്ദം കേട്ടു.
”തേടിവരാന്‍ എനിക്ക് മരുമക്കളില്ല”
”വയസ്സുമൂപ്പുകൊണ്ട് അമ്മാവനെന്നു വിളിച്ചതാണ്. വാതില്‍ തുറക്കണം ചന്ത്വമ്മാവാ”
(തുടരും)