ഭാരതത്തിലെ മാധ്യമ പ്രവര്‍ത്തകരിലേറെയും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ഏറെ ബോധവാന്‍മാരാണെന്നു തോന്നിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ മാധ്യമപ്രവര്‍ത്തകരാണവര്‍. അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ മാധ്യമസ്വാതന്ത്ര്യം കൂടിയാണെന്ന് അവര്‍ക്ക് നന്നായറിയാം.
അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ഉണ്ടാകുന്ന ഏതക്രമത്തെയും അവര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും. മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടം കൈവയ്ക്കാന്‍ തുനിഞ്ഞാല്‍ അത് വലിയ കോളിളക്കം തന്നെ ഉണ്ടാക്കും. എന്നാല്‍ ഈ കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി. വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചിട്ട് മാധ്യമ സ്വാതന്ത്ര്യത്തിന്റെ സ്ഥിരം വക്താക്കളൊന്നും പ്രതികരിക്കുന്നതായി കണ്ടില്ല. കാരണം അര്‍ണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ചാനലും ഭാരതത്തിനും അതിന്റെ ദേശീയ താത്പര്യങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ ശബ്ദമുയര്‍ത്തുന്ന ഒരു മാധ്യമമായിപ്പോയി എന്നതാണ്. ഇടത്തോട്ട് ചാഞ്ഞുനില്‍ക്കുന്നവര്‍ക്കും പണത്തൂക്കമൊപ്പിച്ച് പേനയുന്തുന്നവര്‍ക്കും അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകനെ സഹിക്കാന്‍ കഴിയില്ലെന്ന സത്യം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഹത്രാസിലെ പീഡനത്തിന്റെ മറവില്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ നീക്കം നടത്തിയ പോപ്പുലര്‍ഫ്രണ്ടുകാരനായ മാധ്യമ പ്രവര്‍ത്തകനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ കാട്ടിയ ആവേശമൊന്നും അര്‍ണബിനെ അറസ്റ്റു ചെയ്തപ്പോള്‍ കാണാത്തതിന്റെ കാര്യം തിരഞ്ഞ് പാഴൂര്‍ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല. ഭാരതത്തിലെ ഇടതുപക്ഷ-ഇസ്ലാമി പക്ഷം പിടിക്കുന്ന ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും തയ്യാറാക്കുന്ന അജണ്ടകള്‍ക്കനുസരിച്ച് അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിലനിലവാരം മാറിക്കൊണ്ടിരിക്കും. ഭാരതം കണ്ട ഏറ്റവുംവലിയ ഫാസിസ്റ്റുകളായ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ഇവിടുത്തെ ചില മാധ്യമങ്ങള്‍ കാണിക്കുന്ന സ്‌നേഹാദരങ്ങളൊന്നും നരേന്ദ്രമോദിസര്‍ക്കാരിനു കിട്ടിക്കൊള്ളണമെന്നില്ല. മാത്രമല്ല നരേന്ദ്രമോദി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നു സമര്‍ത്ഥിക്കാന്‍ ഏതു നുണയും പടച്ചുവിടാനും ചില മാധ്യമങ്ങള്‍ക്ക് മടിയുമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം മാധ്യമങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് അങ്ങേയറ്റം ഉദാരമായാണ് പെരുമാറാറുള്ളത്.
ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും പത്രമാരണ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്തപ്പോള്‍ അവര്‍ക്ക് സ്തുതിപാടിയ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ ഉള്ള നാടാണിത്. ആ നെറികെട്ട പാരമ്പര്യം പേറുന്നവര്‍ പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതു കേള്‍ക്കുമ്പോള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ അരോചകമായാണ് തോന്നാറ്.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ശിവസേനസര്‍ക്കാര്‍ അര്‍ണബ് ഗോസ്വാമിയെന്ന രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ അര്‍ദ്ധ രാത്രിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി വലിച്ചിഴച്ച് അറസ്റ്റു ചെയ്തുകൊണ്ടുപോയ സംഭവം ഇതുവരെ അറിയാത്ത മാധ്യമങ്ങളും ഈ രാജ്യത്തുണ്ട്. ഫ്രാന്‍സില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പാഠം പകര്‍ന്നുകൊടുത്ത അധ്യാപകന്‍ ചാര്‍ളിഹെബ്ദോ ആക്രമണത്തിനു കാരണമായ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടു. അതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരെന്ന് അവകാശപ്പെടുന്ന പല ഇന്ത്യന്‍ മാധ്യമ വീരന്മാരും അറിഞ്ഞതായി നടിച്ചില്ല. ഇത്തരം സെലക്ടീവ് പ്രതികരണക്കാര്‍ എന്തായാലും അര്‍ണബിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുമെന്ന്പ്രതീക്ഷിക്കാന്‍ വയ്യ.
പാതിരാത്രിയില്‍ വീട്കയറി അറസ്റ്റുചെയ്യാനും വലിച്ചിഴച്ച് കൊണ്ടുപോകാനും മാത്രം എന്ത് കുറ്റമാണ് അര്‍ണബ് ചെയ്തതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസ് ശിവസേന സഖ്യത്തില്‍ ഭരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാനത്തിലെ നീതിനിഷേധങ്ങളെ ചോദ്യംചെയ്യുകയും സോണിയാ ഗാന്ധിയുടെ ദുരൂഹമായ പശ്ചാത്തലങ്ങളെ തുറന്നുകാണിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് അര്‍ണബിനെ വേട്ടയാടാനുള്ള പ്രധാന കാരണം. സഹിഷ്ണുതയെക്കുറിച്ച് സുവിശേഷം പറയുന്ന സോണിയാകോണ്‍ഗ്രസ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകളെ എത്ര അസഹിഷ്ണുതയോടെയാണ് സമീപിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് അര്‍ണബിന്റെ അറസ്റ്റ്.
2018 ല്‍ തെളിവില്ലാത്തതിന്റെ പേരില്‍ ക്ലോസ് ചെയ്ത ഒരു കേസ് ഫയല്‍ വീണ്ടും തുറന്ന് അന്വേഷണത്തിന് തീരുമാനിച്ചതു തന്നെഅര്‍ണബിനെ ജയിലിലടയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. റിപ്പബ്ലിക് ടി.വിയുടെ മുംബൈ സ്റ്റുഡിയോയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അല്‍ വയ്‌നായിക്കിന് പണം കിട്ടാത്തത് കാരണം അയാള്‍ ആത്മഹത്യ ചെയ്തു എന്ന സംഭവത്തില്‍ പ്രേരണാകുറ്റമാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ റിപ്പബ്ലിക് ടി.വി ആരോപണം നിഷേധിക്കുകയും പണം കൊടുത്തതിന്റെ രേഖകള്‍ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുള്ളതാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2019 ല്‍ റായ്ഗഡ് പോലീസ് കേസ്ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയുടെ അനുമതി പോലും വാങ്ങാതെ അടച്ച കേസ് വീണ്ടും കുത്തിപ്പൊക്കി നടപടി എടുത്തിരിക്കുന്നത് അര്‍ണബിനെ ഉന്മൂലനം ചെയ്യുക എന്ന കോണ്‍ഗ്രസ്-ശിവസേനാ അജണ്ടയുടെ ഭാഗമാണ്.
2020 ഏപ്രില്‍ മാസത്തില്‍ പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ അടിച്ചുകൊന്നവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് അര്‍ണബിനെതിരെ നീങ്ങാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ച പ്രധാന സംഗതി. ശിവസേനാ-കോണ്‍ഗ്രസ് സഖ്യത്തിന്റെ അധോലോക അവിഹിത ബന്ധങ്ങളെ തുറന്നുകാട്ടാന്‍ തയ്യാറായ അര്‍ണബിനെപ്പോലുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ തങ്ങള്‍ക്ക് വഴങ്ങില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മാധ്യമ സ്ഥാപനത്തെയും ഇല്ലായ്മ ചെയ്യാന്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് തീരുമാനിച്ചത്. ചാനലിലെ മുഴവന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരെ കേസ്സെടുക്കുകയും അര്‍ണബിനെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ഗുണ്ടകളെ അയക്കുകയും ഒക്കെ ചെയ്ത സോണിയാസേന ഇപ്പോള്‍ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാരിനെ എതിര്‍ത്തുസംസാരിച്ചു എന്ന ഒറ്റക്കാരണത്തിനാണ് നടി കങ്കണാ റാവത്തിന്റെ കെട്ടിടം വരെ പൊളിച്ചു കളയാന്‍ കോണ്‍ഗ്രസ്സുകാര്‍ തയ്യാറായത്. രാജ്യത്തെ ഒരിക്കല്‍ അടിയന്തിരാവസ്ഥയുടെ കല്‍ത്തുറുങ്കിടലച്ച കോണ്‍ഗ്രസ് അധികാരം ഉണ്ടായിരുന്ന ഇടങ്ങളിലൊക്കെ അതിന്റെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ പുറത്തെടുത്തിട്ടുണ്ട്. അവരുടെ എല്ലാ ചെയ്തികള്‍ക്കും പലിശയും കൂട്ടുപലിശയും കൂട്ടി അടയ്‌ക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്നുമാത്രം ഓര്‍മ്മിപ്പിയ്ക്കട്ടെ.