ആണ്ടവന് സര്‍ക്കാര്‍ ജോലി കിട്ടി എന്ന് കേട്ടപ്പോള്‍ കല്യാണിയ്ക്കും വേലായുധനുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നാല്‍ പൊന്നാനിയില്‍ ആണ് നിയമനം എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് സങ്കടമായി. ദിവസവും പോയി വരാന്‍ വല്ലാതെ ബുദ്ധിമുട്ടും. തിരൂരില്‍ നിന്ന് പൊന്നാനിയ്ക്ക് വഞ്ചിയുണ്ട്. എപ്പോഴുമില്ല. ബസ്സിനു പോകണമെങ്കില്‍ കുറ്റിപ്പുറത്തിറങ്ങി പിന്നെ എടപ്പാള്‍ ബസ് കയറി അവിടുന്ന് പൊന്നാനിയ്ക്ക് പോകണം. ഒരിക്കലും സമയത്തിനെത്താന്‍ കഴിയില്ല. അതിനെക്കാള്‍ നല്ലത് വഞ്ചിയില്‍ പോകുന്നതാണ്. ആദ്യത്തെ കുറച്ച് ദിവസം പോയിവരാം. പിന്നെ അവിടെ എവിടെയെങ്കിലും താമസിക്കാന്‍ ഒരിടം കിട്ടുമോ എന്ന് നോക്കാമെന്ന ആണ്ടവന്റ തീരുമാനം അവരംഗീകരിച്ചു. ഇനിയെത്രയും പെട്ടന്ന് മംഗലം നടത്തണം എന്ന അച്ഛന്റെ നിര്‍ബന്ധത്തിന് ആണ്ടവന്‍ എതിരൊന്നും പറഞ്ഞില്ല. ഭവത്രാതന്‍ നമ്പൂരിയുടെ വേളി കഴിഞ്ഞ പോലെ വലിയ ആര്‍ഭാടമൊന്നുമില്ലാതെയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആവാമെന്നായിരുന്നു വേലായുധന്റെ അഭിപ്രായം. ഭവത്രാതന്റെ വേളി നാട്ടിലാരെയും അറിയിക്കാതെയായിരുന്നു. ഭവത്രാതന്‍ ആണ്ടവനോട് കാര്യം പറഞ്ഞിരുന്നുവെങ്കിലും കല്യാണത്തിന് ക്ഷണിച്ചിരുന്നില്ല. അത് മനസ്സിലാക്കാന്‍ ആണ്ടവനും കഴിഞ്ഞു. മനയ്ക്കലേയ്ക്ക് ആണ്ടവന്‍ ഇടയ്ക്ക് പോകാന്‍ തുടങ്ങിയിരുന്നു. വല്യമ്പൂരിയേയും അയ്യപ്പന്‍ നായരേയും കാണാറും സംസാരിക്കാറുമുണ്ട്. അവര്‍ക്കൊന്നും ആണ്ടവനോട് പറയത്തക്ക ദേഷ്യമുള്ളതായി അയാള്‍ക്ക് തോന്നിയിട്ടില്ല. എന്നാല്‍ ഇല്ലത്തേയ്ക്കു പിന്നെ ആണ്ടവന്‍ പോയിട്ടില്ല. പോകുവാന്‍ അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഭവത്രാതന്‍ അത് നിരാശപ്പെടുത്തി. അച്യുതന്‍നമ്പൂതിരിയ്ക്ക് കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ടെന്നും എന്നാലും ഇനി അവിടേയ്ക്ക് വല്ലാതെ പോകേണ്ടെന്നുമാണ് ഭവത്രാതന്‍ പറഞ്ഞത്. ജോലി അറിയിപ്പ് കിട്ടിയപ്പോള്‍ അച്യുതന്‍ നമ്പൂരിയ കാണണമെന്നും അനുഗ്രഹം വാങ്ങണമെന്നും ആണ്ടവന്‍ ഭവത്രാതനെ അറിയിച്ചു. അപ്പോഴും അദ്ദേഹം പറഞ്ഞു. അവിടേയ്ക്കു പോവേണ്ട – അച്യുതന്‍ മാമയ്ക്കറിയാം. റവന്യൂ വകുപ്പില്‍ ഉടന്‍ നിയമനമുണ്ടാകുമെന്നും നല്ല പ്രാമോഷന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഡിഗ്രിയുണ്ടായതുകൊണ്ട് ശ്രമിച്ചാല്‍ ഭാഗ്യംണ്ടെങ്കില്‍ കലക്ടറുവരെ ആകാമെന്നദ്ദേഹം അറിയിച്ചു. എന്തായാലും താഹസില്‍ദാര്‍ വരെ ആകുന്ന കാര്യത്തില്‍ സംശയം വേണ്ടാ എന്നും പറഞ്ഞു. പിന്നെ അങ്ങോട്ടേയ്‌ക്കോറ്റെ ചെല്ലണ്ട കാര്യം പറഞ്ഞാല്‍ അത് വേണ്ടെന്ന് പറയാനും പറഞ്ഞിട്ടുണ്ട്. അത് കേട്ടപ്പോള്‍ പിന്നെ ആ യാത്ര വേണ്ടെന്ന് ആണ്ടവനും കരുതി.
ജോലി കിട്ടി രണ്ട് മാസം കഴിഞ്ഞതില്‍ പിന്നെയായിരുന്നു ആണ്ടവന്റെ വിവാഹം. വലിയ ആര്‍ഭാടമൊന്നുമില്ലാത്ത ഒരു ചടങ്ങില്‍ ദേവു ആണ്ടവന്റെ ഭാര്യയായി. കല്യാണിയ്ക്കും വേലായുധനും ദേവു നല്ലൊരു സഹായമായിരുന്നു. പഠിപ്പും വിവരവുമല്ല കണ്ടറിഞ്ഞു പെരുമാറാനുള്ള കഴിവാണ് കുടുംബത്തില്‍ സന്തുഷ്ടിയുണ്ടാക്കുന്നതെന്ന് ദേവു തെളിയിച്ചു കൊണ്ടേയിരുന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. കല്യാണിയുടെ മരണമായിരുന്നു കാരണം. വിറകു കെട്ടുമേറ്റി വീട്ടിലേയ്ക്കു വരുന്ന വഴിയില്‍ കാലുതെന്നിവീണതായിരുന്നു. ഒരാഴ്ച കിടന്നു. മരണത്തിനും ചിലപ്പോള്‍ ചില കാരണങ്ങള്‍ വേണ്ടി വരുമായിരിക്കും. അത്രയേ ആ വീഴ്ചയെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നൊള്ളു. കല്യാണിയുടെ മരണത്തോടെ വേലായുധന്‍ കൂടുതല്‍ ഭക്തിയിലേയ്ക്ക് മുഴുകി. പുറത്തേയ്‌ക്കൊന്നും പോവാതായി. എപ്പോഴും വീട്ടില്‍ തന്നെ. ആണ്ടവന്‍ അതിരാവിലെ പോയാല്‍ പിന്നെ വൈകിട്ട് ഇരുട്ടിയതിന് ശേഷമേ വരൂ. ആളും ബഹളവുമില്ലാത്ത വേലായുധന്റെ വീട് ആരവങ്ങളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയായി.
അന്ന്, ആണ്ടവന്‍ ജോലി കഴിഞ്ഞ് വരികയായിരുന്നു. തോണിയിറങ്ങിയപ്പോള്‍ തന്നെ സമയം വളരെ വൈകിയിരുന്നു. കരിക്കുന്നു വഴിയായിരുന്ന വരവ്. കല്ക്കരിവണ്ടികളില്‍ നിന്ന് കരി ഒഴിവാക്കുന്നത് കൂട്ടിയിടുന്ന റെയില്‍വെയുടെ സ്ഥലത്തെയാണ് കരിക്കുന്ന് എന്ന് പറഞ്ഞിരുന്ന്. ആളൊഴിഞ്ഞ സ്ഥലമാണ് കരിക്കുന്ന്. ചില പ്രത്യേക സമയങ്ങളില്‍ നാടോടികള്‍ അവിടെ ടെന്റ് കെട്ടി താമസിക്കാറുണ്ട്. അവിടെ വച്ചാണ് ഗോവിന്ദനെ അവിചാരിതമായി കണ്ടുമുട്ടിയത്. ‘അല്ല, ആണ്ടവന്‍ ഇന്നും പണിക്ക് പോയിരുന്നോ,നല്ലോരു ദിവസായിട്ട്’- ഗോവിന്ദന്‍ ഒരു പരിഹാസ ചിരിയോടെയാണ് ചോദിച്ചത്. ആണ്ടവന്‍ ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കിനിന്നു. അവന്‍ തുടര്‍ന്നു.. ‘അറിഞ്ഞില്ലേ? – ആണ്ടവന്‍ ഒരച്ഛനായി. നമ്മുടെ ഇല്ലത്തെ ആത്തോരു കുട്ടിപ്പെറ്റു – കുട്ടി ആങ്കുട്ട്യാ – അന്ത്രൂന്റെ ചായക്കടയില്‍ നിന്നാ ഞാനറിഞ്ഞത്. കുട്ടി ആണ്ടവനെപ്പോലെ തന്നെ ഉണ്ടെന്നാ കേട്ടത് -‘ ഗോവിന്ദന്‍ ചിരിച്ചു.’ചെലവ് ചെയ്യണം ട്ടോ – ഒരു പണില്യാം ണ്ടെ അച്ഛനാവാനും വേണം ഭാഗ്യം’ – ആണ്ടവന് തന്റെ ശരീരം മുഴുവന്‍ പെരുത്തുകയറുന്നതുപോലെ തോന്നി. നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ. ആയിരം യക്ഷികള്‍ ഒന്നിച്ച് ചിരിക്കുന്നതുപോലെ – ‘ചെലവ് ചെയ്യാം ടാ നായിന്റെ മോനേ – അണക്ക് ഒരു ചെലവ് പണ്ടേ ബാക്കിണ്ട്. – ‘ അത് പറഞ്ഞു കൊണ്ട് ആണ്ടവന്‍ ഒറ്റ ചവിട്ടായിരുന്നു. ഗോവിന്ദന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. ഗോവിന്ദന്‍ തെറിച്ചുവീണു. താഴെ കിടക്കുന്ന ഒരു കരിങ്കല്ലിലാണ് അവന്റെ തല ചെന്നിടിച്ചത്. എന്നാല്‍ അതൊന്നും നോക്കാതെ ആണ്ടവന്‍ നടന്നു. അവന്റെ മനസ്സിന്‍ ഒരു കൂട്ടം കടന്നലുകള്‍ മൂളുന്നുണ്ടായിരുന്നു. ലോകത്തുള്ള യക്ഷിയമ്പലങ്ങളെല്ലാം തുറന്നിരുന്നു. സുന്ദരികളായ യക്ഷികള്‍ കാമമോഹിതരായി അവന്റെ മുമ്പില്‍ ഉന്‍മാദനൃത്തം ചവിട്ടി – സുരതം സുരതം എന്നവരൊന്നിച്ച് ആര്‍ത്ത് വിളിയ്ക്കുന്നത് അവന്‍ കേട്ടു.
തിടുക്കപ്പെട്ടു വീട്ടിന്നകത്തേയ്ക്ക് കയറിപ്പോയ ആണ്ടവനെ അച്ഛന്‍ കണ്ടു. അവന്റെ കണ്ണുകള്‍ കലങ്ങിയതും മുഖം ചുവന്നിരിക്കുന്നതും ഒറ്റനോട്ടത്തില്‍ അയാള്‍ ശ്രദ്ധിച്ചു. ‘ ചതിച്ചോ ന്റെ ഭഗവത്യേ – ‘ അയാള്‍ ഹൃദയം പൊട്ടി വിളിച്ചു.
വൈകുന്നേരം ആണ്ടവനെ തിരഞ്ഞ് പോലീസ് വന്നപ്പോഴാണ് നാട്ടുകാരില്‍ പലരും കാര്യമറിഞ്ഞത്. ആണ്ടവന്‍ ഗോവിന്ദനെ അടിച്ചു. ഗോവിന്ദന്റെ നില വളരെ ഗുരുതരമാണ്. – ‘ഓനു പിന്ന്യം പ്രാന്ത് എള ഗ്യാ ?’ പലരും മൂക്കത്ത് വിരല്‍ വച്ചു. ചിലര്‍ പറഞ്ഞു. ‘ആ കോയിന്ദന്‍ നായര് വെറുതെ പോയി ചോയിച്ച് വാങ്ങീതാവും – ഒരു കാര്യല്ലാണ്ടെ ആണ്ടവന്‍ ആരേയും തല്ലൂല.’നാട്ടുകാര്‍ സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ അഭിരമിക്കുമ്പോള്‍ വേലായുധന്‍ ഓടി ചെന്നത് മനയ്ക്കലേയ്ക്കാണ്. ഭാഗ്യത്തിന് അയ്യപ്പന്‍ നായരും വല്യമ്പൂരിയും സ്ഥലത്തുണ്ടായിരുന്നു. ഭവത്രാതന്‍ നമ്പൂതിരി മുത്താഴിയം കോട്ടാണ്. അവിടെ സാവിത്രി പ്രസവിച്ചു കിടക്കുകയാണ്. ഡോകടര്‍ ഇല്ലത്ത് വന്നു പ്രസവം എടുക്കുകയായിരുന്നുവത്രെ. വേലായുധന്‍ കരഞ്ഞു കൊണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. ആണ്ടവനെ പോലീസുകാര് തല്ലിച്ചതയ്ക്കും എന്ന ഭയമായിരുന്നു അയാള്‍ക്ക്. ‘മുത്താഴിയംകോട്ട് പോയി അച്യുത നോട് കാര്യം പറയണം. നിക്ക് പോലീസ് സ്റ്റേഷനില്‍ പോയി വലിയ പരിചയമൊന്നുമില്ല.’വല്യമ്പൂരി പറഞ്ഞു. ഒരു നിമിഷം ആലോചിച്ചതിന് ശേഷം, ‘അല്ലങ്കില്‍ വേലായുധന്‍ ഒറ്റയ്ക്ക് പോവണ്ട ഞാനും കൂടി വരാം -‘ എന്ന് പറഞ്ഞ് അദ്ദേഹം ഒരു തോര്‍ത്തെടുത്ത് തോളിലിട്ട് വേലായുധന്റെ കൂടെ പുറപ്പെട്ടു.
ആണ്ടവനോടിപ്പോഴും ഇല്ലത്തുള്ളോര്‍ക്ക് ദേഷ്യം തന്നെയായിരിക്കും എന്നാണ് വേലായുധന്‍ കരുതിയിരുന്നത്. ഇല്ലത്തേയ്ക്ക് വേലായുധനും പോകാറുണ്ടായിരുന്നില്ല. ഇല്ലത്തുള്ള ആരേയെങ്കിലും കണ്ടാല്‍ അവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് കഴിയുന്നത്ര മാറിപ്പോകാറാണ് പതിവ്. എന്നിട്ടും ഒന്നു രണ്ട് പ്രാവശ്യം അച്യുതന്‍ നമ്പൂരിയേയും നാരായണന്‍ നമ്പൂതിരിയേയും വഴിയില്‍ നിന്നു കാണേണ്ടി വന്നിട്ടുമുണ്ട്.
ആണ്ടവന്റെ കാര്യത്തില്‍ അച്യുതന്‍ നമ്പൂതിരിയ്ക്ക് വലിയ താല്‍പര്യമൊന്നും ഉണ്ടാകില്ല എന്നായിരുന്നു വേലായുധന്‍ പ്രതീക്ഷിച്ചത്. പിന്നെ വല്യമ്പൂരി പറഞ്ഞാല്‍ തടസ്സം പറയില്ല എന്നത് മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ വേലായുധന്‍ ഒട്ടും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് അച്യുതന്‍ നമ്പൂതിരിയില്‍ നിന്നുണ്ടായത്. വിവരം അറിഞ്ഞ ഉടനെ അദ്ദേഹം വേഗത്തില്‍ ഷര്‍ട്ടും ധരിച്ചു കൊണ്ട് വേലായുധനോട് പറഞ്ഞു ‘വേഗം വര്വാ ‘ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അച്യുതന്‍ നമ്പൂതിരിയ്ക്ക് നാട്ടിലും രാഷ്ട്രീയത്തിലുമൊക്കെ ഏറെ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അച്യുതന്‍ നമ്പൂതിരി നേരിട്ട് ഇറങ്ങിയതോടെ വേലായുധന് പകുതി ആശ്വാസമായി.
വേലായുധന്‍ പുറത്ത് നിന്നതേയുള്ളു. അച്യുതന്‍ നമ്പൂതിരിയാണ് അകത്ത് കയറിയത്. ഇന്‍സ്‌പെക്ടറോട് അദ്ദേഹം സംസാരിച്ചു. ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ആശുപതിയില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് വയറ്റില്‍ രക്തസ്രാവുണ്ട്. കരിങ്കല്ലില്‍ വീണ് തലയ്ക്കും പരിക്കുണ്ട്. കേസ് അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല. അയാളെ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. ഗോവിന്ദനെന്തെങ്കിലും സംഭവിച്ചാല്‍ കൊലപാതകമായി കേസുമാറാം. വെറും ഒരടിപിടി കേസുപോലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടാല്‍ അത് തന്റെ ജോലിയെ ബാധിക്കുമോ എന്ന ഭയമായിരുന്നു അയാള്‍ക്ക്. എന്നാല്‍ ആണ്ടവന്‍ മാനസിക രോഗിയാണെന്ന് അച്യുതന്‍ നമ്പൂതിരി പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ പഴുതുകള്‍ കണ്ടെത്താമെന്നായി ഇന്‍സ്പക്ടര്‍. ‘ചികില്‍സിക്കുന്ന രേഖകളാക്കെ ഇല്ലേ’ ? എന്ന് വേലായുധനോട് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. വേലായുധനോട് രണ്ട് മൂന്ന് കടലാസില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ആണ്ടവനെ അവരുടെ കൂടെ പറഞ്ഞയക്കുകയും ചെയ്തു.
കാലങ്ങള്‍ക്ക് ശേഷം അച്യുതന്‍ നമ്പൂതിരിയും ആണ്ടവനും നേരില്‍ കാണുകയായിരുന്നു. ആണ്ടവന്റെ കണ്ണുകള്‍ നിറയുന്നത് അച്യുതന്‍ നമ്പൂതിരി ശ്രദ്ധിച്ചു. ‘എന്താണ്ടായത്’ – എന്ന് അച്യുതന്‍ നമ്പൂതിരി ചോദിച്ചില്ല. ആണ്ടവന്‍ പറഞ്ഞതുമില്ല. ‘രാവുണ്ണി വിവരം വല്ലതും അറിഞ്ഞിരിക്ക്‌ണോ ആവോ’ – അച്യുതന്‍ നമ്പൂതിരി ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ ആണ്ടവനോടായ് ചോദിച്ചു. ‘ആണ്ടവന്‍ നേരെ വീട്ടിലേയ്ക്കാണോ അതോ ഇല്ലത്ത് കേറീട്ട് പോയാ മത്യോ?’ തലതാഴ്ത്തി ആണ്ടവന്‍ പറഞ്ഞു ‘മതി’
‘ഇനി എന്തിനാടോ തലതാഴ്ത്തുന്നത്. ഇത് നീ പണ്ടേ ചെയ്യണ്ടതായിരുന്നു. ഒരു കടം വീട്ടീന്ന് കരുത്യാ മതി’ – അച്യുതന്‍ നമ്പൂരി ചിരിച്ചു.
‘കുട്ടി ഒറ്റയ്‌ക്കേള്ളു – പേടിയ്ക്കാ ആവോ ‘ – വേലായുധന്‍ പറഞ്ഞപ്പോള്‍, വേലായുധനോട് വീട്ടിലേയ്ക്ക് പൊയ്‌ക്കൊള്ളുവാന്‍ നമ്പൂതിരി അനുവാദം നല്‍കി. പിന്നെ അച്യുതന്‍ നമ്പൂതിരിയും ആണ്ടവനും കൂടി മെല്ലെ മുത്താഴിയം കോടില്ലത്തേയ്ക്കു നടന്നു. അപ്പോള്‍ ആകാശത്ത് നിലാവ് ഉദിച്ചുതുടങ്ങിയിരുന്നു. പതുപതുത്ത പഞ്ഞിക്കെട്ടുകള്‍പോലെ ആകാശത്ത് മേഘങ്ങള്‍ പറന്നു നടക്കുന്നത് ആണ്ടവന്‍ കണ്ടു. അവന്റെ ഹൃദയത്തില്‍ നിന്നും ആരോ കയറ്റി വെച്ച വലിയ ഒരു ഭാരം ഉരുകി തീരുന്നതു പോലെ അവനു തോന്നി. അച്യുതന്‍ നമ്പൂതിരി മുമ്പിലും ആണ്ടവന്‍ പിറകിലുമായിരുന്നു. ‘നിറയെ ഇഴജന്തുക്കളുള്ള വഴിയാ. ഞാന്‍ കാല് വെയ്ക്കന്നത് ശ്രദ്ധിച്ച് നടന്നോളു’ തിരുമേനി പറഞ്ഞപ്പോള്‍ ആണ്ടവന്‍ ഒന്നു മൂളി. ഏതിരുട്ടിലും തെളിയുന്ന ആ പാദമുദ്രകള്‍ ശരിക്ക് കാണാനൊ എന്നറിയില്ല തലതാഴ്ത്തിക്കൊണ്ട് അവന്‍ പിറകില്‍ തന്നെ നടന്നത്. പടി പ്പുരയിലെത്തിയപ്പോള്‍ അച്യുതന്‍ നമ്പൂരി പറഞ്ഞു. ‘കേറി വാ ആണ്ട വാ- ഈ മുട്ട് അറുത്ത് കഴിഞ്ഞേ നീയിങ്ങട് കേറാവൂ എന്നേരുന്നു ന്റെ ആഗ്രഹം. അത് നടന്നു. ഇനി പഴയ ആണ്ടവനായിട്ട് നിനക്ക് എപ്പോഴും ഇവിടെ വരാം.’
(തുടരും)