ന്യൂദല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വനവാസി നേതാക്കള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നു. കേരളത്തില്‍ പഴശ്ശിരാജയോടൊപ്പം തോള് ചേര്‍ന്ന് കുറിച്യപ്പടയെ നയിച്ച തലക്കല്‍ ചന്തുവിന്റെ സ്മരണയ്ക്കായുള്ള സ്മാരകം കോഴിക്കോടാണ് നിര്‍മ്മിക്കുക. വര്‍ഷങ്ങളായി വനവാസി വികാസ് കേന്ദ്രം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉന്നയിച്ച ആവശ്യമാണിത്. 7.50 കോടി രൂപ ഇതിനകം കേന്ദ്രസര്‍ക്കാര്‍ ഇതിനായി അനുവദിച്ചു. 16.16 കോടി രൂപയാണ് മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്. അതില്‍ കേന്ദ്ര സര്‍ക്കാര്‍ 15 കോടി രൂപ നല്‍കും.
എട്ടു സംസ്ഥാനങ്ങളില്‍ ഇതേപോലെ വനവാസി നേതാക്കള്‍ക്കായി മ്യൂസിയങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദിവാസി ക്ഷേമവകുപ്പു മന്ത്രി അര്ജ്ജുന് മുണ്ടെ ജൂണ്‍ 27ന് രാജ്യസഭയിലാണിക്കാര്യം അറിയിച്ചത്.
തെലങ്കാനയില്‍ രാംജി ഗോബ്, മണിപ്പൂരില്‍ റാണി ഗൈഡന്ല്യു, മധ്യപ്രദേശില്‍ താന്തിയ ഭീല്‍, ഭീമാ നായക്, ആന്ധ്രയില്‍ അല്ലൂരി സീതാറാം, ഝാര്‍ഖണ്ഡില്‍ ബിര്‍സമുണ്ട, ഛത്തീസ് ഷഹീദ് വീര്‍ നാരായണ്‍ സിങ്ങ് എന്നിവര്‍ക്കും വനവാസി നേതാക്കളുടെ ഓര്‍മ്മക്കായി ഗുജറാത്തില്‍ വനവാസി മ്യൂസിയവും സ്ഥാപിക്കും.