പാലക്കാടന്‍ ചുരം കടന്നെത്തുന്ന കിഴക്കന്‍ കാറ്റിനിപ്പോള്‍ ചോരയുടെ മണമാണ്. കണ്ണീരിന്റെ നനവും. വിടരും മുമ്പേ തല്ലിക്കൊഴിച്ച രണ്ട് കുരുന്ന് പെണ്‍കുട്ടികളുടെ ചോരയുടെ നിറമാണിപ്പോള്‍ കേരളത്തിന്. ഇനിയും തോരാത്ത ആ അമ്മയുടെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴാനൊരുങ്ങുകയാണ് ഇവിടുത്തെ ഭരണകൂടം. വാളയാര്‍ ഇപ്പോള്‍ വെറുമൊരു സ്ഥലനാമം മാത്രമല്ല. പറക്കമുറ്റാത്ത രണ്ട് പിഞ്ചുപെണ്‍കുട്ടികളുടെ പേരിലാണ് ഇന്ന് വാളയാര്‍ ലോകശ്രദ്ധയിലെത്തുന്നത്.
പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കും ജീവിക്കാനര്‍ഹതയില്ലെന്ന് വിധിക്കുന്ന സ്റ്റാലിനിസ്റ്റ് ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമായി മാറിയിരിക്കുന്നു വാളയാര്‍. പണത്തിനും പാര്‍ട്ടിക്കും മേല്‍ പരുന്തല്ല നിയമവും പറക്കില്ല എന്ന് കരുതുന്ന ഭീകരവാഴ്ചയുടെ ഇരകളാണ് വാളയാറില്‍ പിടഞ്ഞൊടുങ്ങിയ കുരുന്നുകളും കണ്ണീര് തോരാത്ത ആ അമ്മയും.
പ്രതികളെ രക്ഷിക്കാന്‍ പോലീസും ഭരണകൂടവും നടത്തുന്ന ഇടപെടലുകള്‍ പകല്‍ പോലെ വ്യക്തമായിട്ടും ഇക്കാര്യത്തില്‍ വേണ്ടത്ര പ്രതികരിക്കാന്‍ കേരളം തയ്യാറായിട്ടില്ല എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം. സാംസ്‌കാരിക നായകര്‍ എന്ന് അഭിമാനിക്കുന്ന ഒരുകൂട്ടം എഴുത്തുകാരും മാധ്യമങ്ങളും പുലര്‍ത്തുന്ന രാഷ്ട്രീയ വിധേയത്വവും അര്‍ത്ഥവത്തായ മൗനവും കേരളത്തിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.

ചെരുപ്പുമായി അമ്മ
മലയാളത്തിലെ പ്രമുഖ വാരിക യുപിയിലെ ഹാഥ്രസ് സംഭവം ചര്‍ച്ച ചെയ്യാന്‍ ഇക്കഴിഞ്ഞ ലക്കത്തില്‍ പത്തിലേറെ പേജുകള്‍ നീക്കിവച്ചപ്പോള്‍ വാളയാറിന് അനുവദിച്ചത് അരപേജ് മാത്രം. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുകയും കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത ഹാഥ്രസിലെ നീതി നിഷേധവും രാഷ്ട്രീയവും തലനാരിഴ കീറി ചര്‍ച്ച ചെയ്യാന്‍ വ്യഗ്രത കാണിക്കുന്ന വാരിക തീര്‍ത്തും അരാഷ്ട്രീയമായി വാളയാറിനെ സമീപിക്കുകയും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെ പരോക്ഷമായി സഹായിക്കുകയുമാണ് ചെയ്യുന്നത്.
സംഭവം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പോലും തയ്യാറാകാത്ത കേരള സര്‍ക്കാരും പോലീസുമാണ് വാളയാറില്‍ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിന് നേരെയും മുഖം തിരിച്ച് നില്‍പ്പാണ്‌സര്‍ക്കാര്‍.
ഈ കൊടിയ അനീതി കണ്ടില്ലെന്ന് നടിക്കാനാണ് ബുദ്ധിജീവി നാട്യക്കാരായ പലര്‍ക്കും താത്പര്യം. മുട്ടിലിഴയുന്ന വിധേയത്വത്തിന്റെയും ഭയത്തിന്റെയും നിഴലിലാണ് കേരളത്തിലെ സാംസ്‌കാരിക ലോകമെന്ന് ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതാണ് ഈ മൗനം.
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ എല്ലായിടത്തും തങ്ങളുടെ സ്തുതിപാഠകരായി ഒരുകൂട്ടം എഴുത്തുകാരുടെ സംഘത്തെ വളര്‍ത്തിയെടുക്കാറുണ്ട്. അതിന് തയ്യാറാകാത്തവരെ നിഷ്‌കരുണം വേട്ടയാടാറുമുണ്ട്. ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയതാണെങ്കിലും ജനിതകപരമായി കേരളത്തിലെ മാര്‍ക്‌സിയന്‍ ഭരണകൂടം പിന്തുടരുന്നത് ലോകത്തെമ്പാടും അവര്‍ പിന്തുടര്‍ന്ന പാര്‍ട്ടി സമഗ്രാധിപത്യ ലൈന്‍ തന്നെയാണ്.
കേരളജനതയുടെ ഉന്നതമായ ജനാധിപത്യ ബോധം അതംഗീകരിച്ച് നല്‍കുന്നില്ലെങ്കിലും, കായികശക്തി കൊണ്ടും അധികാരത്തിന്റെയും പണത്തിന്റെയും ആധിപത്യം കൊണ്ടും എഴുത്തുകാരുടെയും മാധ്യമങ്ങളുടേയും വിധേയത്വം കൊണ്ടും അത്തരമൊരു സമഗ്രാധിപത്യ ശൈലി പിന്തുടരാന്‍ അധികാരത്തിലെത്തുമ്പോഴൊക്കെ ഇവിടെ അവര്‍ക്ക് കഴിയുന്നുണ്ട്.
പോലീസും കോടതിയും അന്വേഷണ കമ്മീഷനുമെല്ലാം ഞങ്ങള്‍ക്ക് പാര്‍ട്ടി തന്നെയാണ് എന്ന് അഹങ്കാരത്തോടെ പറയാന്‍ നേതാക്കള്‍ക്ക് കഴിയുന്നത്അത്തരമൊരു സാഹചര്യത്തിലാണ്. പ്രതികളാകുന്നത് പാര്‍ട്ടിക്കാരാണെങ്കില്‍ നിയമം നോക്കുകുത്തിയാകുന്നതും നിസ്സഹായരും ദരിദ്രരുമായ ജനത ഇരകളാക്കപ്പെടുന്നതും അതിന്റെ തുടര്‍ച്ചയായാണ്. അതിലൊടുവിലത്തെ ഉദാഹരണങ്ങളിലൊന്നാണ് വാളയാര്‍.
2017 ജനുവരി 13 നാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഒന്‍പത് വയസുകാരിയായ അവളുടെ സഹോദരിയാണ് ഈ ദൃശ്യം ആദ്യം കാണുന്നത്. വീട്ടില്‍ നിന്ന് മുഖം മൂടി ധരിച്ച രണ്ട് പേര്‍ പുറത്തേക്ക് പോകുന്നത് കണ്ടുവെന്നും ഈ കുട്ടിയുടെ മൊഴിയിലുണ്ട്. ആ കേസില്‍ പോലീസ് ഒരു നടപടിയും എടുത്തില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച കുട്ടി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായിട്ടുണ്ട് എന്ന് വ്യക്തമായിട്ടും ആ ദിശയില്‍ അന്വേഷണമുണ്ടായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് വെറുമൊരു ആത്മഹത്യയാക്കി എഴുതിത്തള്ളാനായിരുന്നു പോലീസ് ശ്രമിച്ചത്.
പക്ഷേ 52 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 4ന് ഒന്‍പത് വയസുകാരിയായ സഹോദരിയും അതേവീട്ടില്‍ അതേ കഴുക്കോലില്‍ സമാനമായ രീതിയില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ടു. ഇതോടെ പ്രാദേശികമായി വലിയ എതിര്‍പ്പുയര്‍ന്നു. രണ്ട് മരണങ്ങളും കൊലപാതകമാണെന്നും പ്രതികളെ പോലീസ് പിടികൂടണമെന്നും ആവശ്യമുയര്‍ന്നു. എതിര്‍പ്പ് രൂക്ഷമായതോടെ പോലീസ് എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന നിലയിലായി. ഒടുവില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തോളം പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം സിപിഎം പ്രാദേശിക പ്രവര്‍ത്തകരായിരുന്നു. അന്ന് രാത്രി തന്നെ സിപിഎം ഏരിയ നേതാവും പഞ്ചായത്ത് അംഗവും സ്റ്റേഷനിലെത്തി ഇവരെ ഇറക്കിക്കൊണ്ടുപോയി. സമ്മര്‍ദ്ദം ശക്തമായതോടെ പിന്നീട് അഞ്ച് പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി വി.മധുവായിരുന്നു ഒന്നാംപ്രതി. പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. മധു മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് മാതാപിതാക്കള്‍ തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു.
ആദ്യം മുതല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. കുട്ടികള്‍ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് സ്ഥാപിക്കാനായിരുന്നു പോലീസ് ശ്രമിച്ചത്. താന്‍ പറഞ്ഞ മൊഴി പോലും രേഖപ്പെടുത്താന്‍ പോലീസുകാര്‍ തയ്യാറായില്ലെന്ന് അമ്മ പറയുന്നു. കൊലപാതകക്കുറ്റം ചുമത്താതെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. പോക്‌സോ കേസില്‍ മൂന്നാം പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായതാകട്ടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പാലക്കാട് ജില്ലാ ചെയര്‍മാനും സിപിഎം നേതാവുമായ അഡ്വ.എന്‍.രാജേഷായിരുന്നു. ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായിരുന്നുകൊണ്ട് പോക്‌സോ കേസില്‍ പ്രതിക്കുവേണ്ടി ഹാജരാവാന്‍ ആ നേതാവിന് ഒരു മനഃസാക്ഷിക്കുത്തുമുണ്ടായിരുന്നില്ല.
മൂത്തമകളുടെ കൊലക്ക് ദൃക്‌സാക്ഷിയായതുകൊണ്ടാണ് ഇളയകുട്ടിയും കൊല്ലപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ ഉറച്ചുവിശ്വസിക്കുന്നത്. ലൈംഗിക പീഡനത്തിനിരയായതിന്റെ മനോദുഃഖത്താല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. തീര്‍ത്തും ദുര്‍ബ്ബലമായ രീതിയില്‍ തയ്യാറാക്കിയ കുറ്റപത്രവും തെളിവുകളും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു.
കേസിന്റെ വിചാരണ വേളയില്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ രണ്ട് വട്ടം മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലാണ് പ്രോസിക്യൂട്ടറെ മാറ്റിയതിനു പിന്നിലെന്ന് പറയുന്നു. അന്വേഷണചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ പോലും പ്രോസിക്യൂട്ടറുമായി കേസ് നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരുന്നില്ല.
അണിയറയിലിരുന്ന് ആരൊക്കെയോ തയ്യാറാക്കിയ തിരക്കഥക്ക് അനുസരിച്ച് നടന്ന കേസ് വിചാരണക്കൊടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടു. ഒന്‍പത് വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ പി.ബി ഗുജ്രാള്‍ മനഃപൂര്‍വ്വമുള്ള നരഹത്യയാകാനിടയുണ്ടെന്ന് എഴുതിവെച്ചിട്ടും പോലീസ് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തിയില്ല. പീഡനം നടത്തിയത് പ്രതികളാണെന്ന് പോലീസിനും പ്രോസിക്യൂഷനും തെളിയിക്കാനുമായില്ല.

തന്റെ മക്കളെ കൊന്നതാണെന്നും പ്രതികളെ രക്ഷിക്കുന്നത് അരിവാള്‍ ചുറ്റിക പാര്‍ട്ടിക്കാരാണെന്നും ആ അമ്മ ഉറക്കെ പലവട്ടം വിളിച്ചുപറഞ്ഞിട്ടും ബധിരകര്‍ണങ്ങളില്‍ പതിച്ച വിലാപം മാത്രമായി അത് മാറി. അവരിന്ന് നീതിക്കുവേണ്ടി സമരത്തിലാണ്. മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചുവെന്ന് ആ മാതാപിതാക്കള്‍ നിറകണ്ണുകളോടെ പറയുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ വീണ് നീതിക്ക് വേണ്ടി ആ മാതാപിതാക്കള്‍ യാചിക്കുന്ന ചിത്രം മലയാളികള്‍ കണ്ടതാണ്. കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട് പ്രതികള്‍ക്ക് വേണ്ടി നിലപാടെടുത്തു. നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല.
കേസില്‍ സി.ബി.ഐ അന്വേഷണം വേണം, കൊലക്കുറ്റം ചുമത്തി അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ കേട്ടതായി പോലും നടിക്കുന്നില്ല. പതിമൂന്നും ഒന്‍പതും വയസുള്ള കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നത് അവിശ്വസനീയമെന്ന് മനഃശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നു.
തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തി ഗ്രാമമാണ് വാളയാര്‍. അട്ടപ്പള്ളം വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു ഗ്രാമമാണ്. മരിച്ച കുട്ടികളുടെ മാതാപിതാക്കളാകട്ടെ അങ്ങേയറ്റം ദരിദ്രരായ ദളിത് വിഭാഗത്തില്‍പ്പെട്ടവരും. നിര്‍മ്മാണ തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ പിന്നെ വൈകിട്ട് തിരിച്ചെത്തുവോളം ഈ ചെറിയ കുട്ടികള്‍ വീട്ടില്‍ തനിച്ചാണ്. അടച്ചുറപ്പില്ലാത്ത, തകരഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികള്‍ ഈ കഴുകന്മാരെ എങ്ങനെ പ്രതിരോധിക്കാനാണ്? സംരക്ഷകരാകേണ്ട പൊതുപ്രവര്‍ത്തകര്‍ തന്നെ വേട്ടക്കാരാകുകയും പോലീസും സര്‍ക്കാരും ആ വേട്ടക്കാര്‍ക്ക് തണലൊരുക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.
ദരിദ്രര്‍ക്കും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെടുന്ന, അന്തസ്സോടെ ജീവിക്കാനര്‍ഹതയില്ലാത്ത മാടമ്പി ഭരണത്തിന്റെ കാലത്തേക്കാണ് സിപിഎം കേരളത്തെ നയിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ട് മുതല്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ആരംഭിച്ച നവോത്ഥാന മുന്നേറ്റങ്ങളുടേയും സാമൂഹ്യ ശാക്തീകരണത്തിന്റെയും എല്ലാ ഗുണ ഫലങ്ങളേയും റദ്ദ് ചെയ്യുന്നതാണ് വര്‍ത്തമാനകാല കേരളത്തിന്റെ ചരിത്രം. രാജ്യത്ത് ഏറ്റവുമധികം ദളിത് -സ്ത്രീ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. വനവാസികള്‍ക്കും പട്ടിക ജാതി വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം പിന്നാക്ക സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡിനേയും ഒറീസയേയും പോലും പിന്നിലാക്കുന്നു.

കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 28.2 ശതമാനമാണ്. അതായത് നൂറ് കുറ്റകൃത്യങ്ങളില്‍ 28 ലധികം ദലിത് പീഡനങ്ങളാണെന്നര്‍ത്ഥം. ജാതി വികാരം ശക്തമെന്ന് വിലയിരുത്തപ്പെടുന്ന അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇത് 7.9 ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടുന്നത്.
താരതമ്യേന തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, യു.പി പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതം കേരളത്തില്‍ വളരെ കുറവാണ് എന്നതു കൂടി ഇതിനനുബന്ധമായി ഓര്‍മ്മിക്കണം.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 ന് ശേഷം സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2016, 17 വര്‍ഷങ്ങളിലായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2111 കേസുകളാണ്. ഇതില്‍ 1776 എണ്ണം പട്ടിക ജാതിയില്‍പ്പെട്ടവര്‍ക്കെതിരെയും 335 എണ്ണം പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുമായിരുന്നു. ആള്‍ക്കൂട്ട കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വരെ ഉള്‍പ്പെടുന്നതാണ് ഈ പട്ടിക.
കേരളത്തിന്റെ മനഃസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. മാനസിക നില തെറ്റിയ യുവാവ് വിശപ്പ് സഹിക്കാനാകാതെ അരി മോഷ്ടിച്ചതിനാണ് ആള്‍ക്കൂട്ടം വധശിക്ഷ വിധിച്ചത്. കൊല്ലപ്പെടുന്നതിന് മുന്‍പ് ഉടുമുണ്ടുരിഞ്ഞ് ബന്ധനസ്ഥനായ നിലയില്‍ ദൈന്യതയോടെയുള്ള മധുവിന്റെ ചിത്രം കേരളത്തിന്റെ മനഃസാക്ഷിയെ എക്കാലവും വേട്ടയാടുമെന്നുറപ്പാണ്.
മധുവിനെ തല്ലിക്കൊന്നവര്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ മാന്യന്മാരായി ജീവിക്കുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രമുഖ പാര്‍ട്ടികളുടെ പിന്തുണയുള്ളവരാണ് ആ പ്രതികളില്‍ പലരും. പരിഷ്‌കൃത സമൂഹവും ഭരണാധികാരികളും പിന്നാക്ക വിഭാഗങ്ങളോട് പുലര്‍ത്തുന്ന നയവും സമീപനവും വ്യക്തമാക്കുന്നതാണ് മധുവിന്റെ കൊലപാതകം.
കേരളത്തിലെ വനവാസി ജനവിഭാഗങ്ങളുടെ ദാരിദ്ര്യത്തിന്റെ യഥാര്‍ത്ഥ ചിത്രവും വെളിവാക്കുന്നുണ്ട് ഈ സംഭവം. ആറ് പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും കേരളത്തില്‍ മാറി മാറി അധികാരത്തിലെത്തിയ രാഷ്ട്രീയ മുന്നണികള്‍ തുടര്‍ന്ന അവഗണനയുടെ നേര്‍ചിത്രമാണ് മധു. അവര്‍ക്കുവേണ്ടി വകയിരുത്തപ്പെട്ട കോടികള്‍ എവിടേക്ക് പോയി എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കേരളം ഭരിച്ചവര്‍ക്ക് ബാധ്യതയുണ്ട്.
2018 ഫെബ്രുവരി രണ്ടിന് കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് നടത്തിയ പ്രസംഗം ഒരര്‍ത്ഥത്തില്‍ ഒരു കുറ്റസമ്മതമായിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി 57 മുതല്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തുന്നുണ്ടെങ്കിലും ഇന്നും ആ സമൂഹത്തിന്റെ നില അങ്ങേയറ്റം മോശമായി തുടരുകയാണെന്ന് ഡോ.തോമസ് ഐസക് തുറന്നു സമ്മതിച്ചു.
കേന്ദ്ര ബജറ്റില്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി വന്‍ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. 2017 -18 ല്‍ അനുവദിച്ചതിനേക്കാള്‍ 28 ശതമാനം വര്‍ധനവാണ് (56,619 കോടി രൂപ)2018-19 ലെ ബജറ്റില്‍ ഉണ്ടായിരുന്നത്. 2019-20 ലെ ബജറ്റില്‍ വീണ്ടും 35.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 76,801 കോടി രൂപയാണ് നടപ്പ് വര്‍ഷം ഈ ഇനത്തില്‍ അനുവദിച്ചിട്ടുള്ളത്.
വിവരാവകാശ പ്രവര്‍ത്തകനായ എന്‍.എസ്. അലക്‌സാണ്ടര്‍ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുന്നത് 2000 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ 20,096.89 കോടി രൂപ പട്ടികജാതി-വിഭാഗങ്ങളുടെ ക്ഷേമത്തിനായി ചെലവഴിച്ചതായി കണക്കുകളുണ്ടെന്നാണ്.
പക്ഷേ അവരുടെ ജീവിതനിലവാരം ഒട്ടും തന്നെ മെച്ചപ്പെട്ടിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ഈ പണം സമാന്തര വഴികളിലൂടെ കൊള്ളയടിക്കപ്പെടുന്നുണ്ട് എന്ന് തന്നെയാണ്. സംസ്ഥാനത്തെമ്പാടും ദളിത് സെറ്റില്‍മെന്റുകളുടെയും കോളനികളുടെയും നില അങ്ങേയറ്റം പരിതാപകരമാണ്. ഈ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ ഭൂരിഭാഗവും വീട് നിര്‍മ്മാണത്തിനാണ് ചെലവഴിക്കുന്നതെന്നും അതുകൊണ്ടാണ് മറ്റ് വികസനങ്ങള്‍ കാണാനാകാത്തതെന്നും വാദിക്കുന്നുണ്ട് ഡോ. തോമസ് ഐസക്. പക്ഷേ സംസ്ഥാനത്ത് സര്‍ക്കാര്‍ പണം കൊണ്ട് പട്ടിക ജാതി വിഭാഗങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു മാതൃകാ വീടെങ്കിലും (പൊതു സമൂഹത്തിന്റെ ശരാശരി നിലവാരത്തിലുള്ള) ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് തോമസ് ഐസക്കിനെപ്പോലുള്ളവരോട് പറയാനുള്ളത്.

സാംസ്‌കാരിക രംഗത്തും നിലനില്‍ക്കുന്നത് കടുത്ത വിവേചനമാണ്. കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന് കേരള സംഗീതനാടക അക്കാദമിയില്‍ നിന്നുണ്ടായ അനുഭവം അതാണ് തെളിയിക്കുന്നത്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന് ഇത്രയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും വേദി നല്‍കാന്‍ പോലും അക്കാദമി ഭാരവാഹികള്‍ തയ്യറാകുന്നില്ല എന്നിടത്താണ് സ്റ്റാലിനിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ ഭീകരത വ്യക്തമാകുന്നത്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും നഗ്നമായ ജാതി വിവേചനത്തിന് ഇരയാക്കുകയും ചെയ്തിട്ടും അക്കാദമി തലപ്പത്തുള്ളവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല അവരെ സംരക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത് എന്നിടത്താണ് പാര്‍ട്ടി ഭരണത്തിന്റെ ഭീകരത വ്യക്തമാകുന്നത്. ഇന്ത്യന്‍ ഭരണഘടനയേക്കാള്‍, നീതിന്യായ വ്യവസ്ഥയേക്കാള്‍, സാമൂഹ്യ നവോത്ഥാന മൂല്യങ്ങളേക്കാള്‍ തങ്ങള്‍ക്ക് വലുതാണ് പാര്‍ട്ടിയും ഭരണവുമെന്ന് തെളിയിക്കുകയാണ് സിപിഎം നേതൃത്വവും അതിനെ പിന്തുണക്കുന്നവരും.