കഴിഞ്ഞ ഒക്ടോബര്‍ പതിനേഴ് ഇന്ത്യന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ചരിത്രപ്രധാന ദിനമായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശതാബ്ദിയിലെത്തിയ സുദിനം. എന്നാല്‍ അതിന്റെ ആഘോഷ പകിട്ടുകളൊന്നും എങ്ങും കണ്ടില്ല. ചിലര്‍ ചില ലേഖനങ്ങളിലൂടെ ചരിത്രമുഹൂര്‍ത്തത്തെ അനുസ്മരിച്ചതൊഴിച്ചാല്‍ ഒന്നുമുണ്ടായില്ല എന്നു പറയുന്നതാവും ശരി. ഊര്‍ധ്വന്‍വലിച്ചു കിടക്കുന്ന അപ്പൂപ്പന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിലെ അനൗചിത്യം മക്കളും കൊച്ചുമക്കളും തിരിച്ചറിഞ്ഞതുപോലുള്ള അവസ്ഥയാണിത്. 1917ലെ റഷ്യന്‍ വിപ്ലവം കഴിഞ്ഞ് അതില്‍നിന്നുംപ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് 1920 ഒക്ടോബര്‍ 17ന് റഷ്യയിലെ താഷ്‌ക്കന്റിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുക്കുന്നത്.
റഷ്യയിലേതുപോലൊരു വിപ്ലവം ഇന്ത്യയിലും ചിലര്‍ സ്വപ്‌നംകണ്ടിരുന്നു. എന്നാല്‍ റഷ്യന്‍ സാമ്രാജ്യത്വമോഹപൂര്‍ത്തിക്ക് ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം കൊണ്ടുവരിക എന്ന പദ്ധതിയായിരുന്നു റഷ്യന്‍ കമ്മ്യൂണിസ്റ്റ് യജമാനന്മാര്‍ക്ക് ഉണ്ടായിരുന്നത്. ഇത് അറിയാതെയല്ല എം.എന്‍. റോയിയെപ്പോലുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ റഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. അന്യരാജ്യങ്ങളോടുള്ള വിധേയത്വം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജീനുകളില്‍ രേഖപ്പെടുത്തപ്പെടുന്നത് ഇവിടം മുതലാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളോടുള്ള ഭാരതീയന്റെ പോരാട്ടങ്ങളെ പരമപുച്ഛത്തോടെയാണ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് മേലാളന്മാര്‍ കണ്ടിരുന്നത്. റഷ്യയുടെ കീഴില്‍ വരുന്ന ഒരു കമ്മ്യൂണിസ്റ്റ് ലോകക്രമമായിരുന്നു അവരുടെ പദ്ധതി. അതിനായി വിലയ്‌ക്കെടുക്കപ്പെട്ടവരായിരുന്നു ആദ്യകാല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍. റഷ്യയോടുള്ള വിധേയത്വം പിന്നീട് ചിലര്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റുകളോടു തോന്നിത്തുടങ്ങിയപ്പോഴാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദ്യ പിളര്‍പ്പുണ്ടാവുന്നത്. ഭാരതവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശയാദര്‍ശങ്ങളോ നയപരിപാടികളോ ആയി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പിന്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജന്മം കൊണ്ടു തന്നെ ഇന്ത്യനല്ലായിരുന്നു എന്നതാണ് സത്യം. ഇന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ നയപരിപാടികള്‍ ഭാരതത്തിന്റെ സ്വത്വത്തെ ആധാരമാക്കിയല്ല രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രവിരുദ്ധമായ നിലപാടുകള്‍കൊണ്ട് കുപ്രസിദ്ധമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനമെന്ന പ്രത്യാശ ഉണര്‍ത്തിയ ആദ്യകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യ പ്രതിപക്ഷമായി മാറാന്‍പോലും കുറഞ്ഞൊരുകാലത്തേക്കെങ്കിലും അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ ഭാരതത്തിന്റെ ദേശീയതയേയും പാരമ്പര്യത്തേയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്തരം പ്രവണതകള്‍ വച്ചുപുലര്‍ത്തിയവരെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കുകയും ചെയ്തിട്ടുണ്ട്. 1925 ല്‍ കാണ്‍പൂരില്‍ നടന്ന യോഗത്തില്‍ സഖാവ് സത്യഭക്തയെ പുറത്താക്കാന്‍ കാരണം ഇന്ത്യന്‍ ദേശീയതയിലൂന്നിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി വാദിച്ചു എന്നതുകൊണ്ട് മാത്രമാണ്. പിന്നീട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതായി പിളര്‍ന്നെങ്കിലും ഏതാണ്ടെല്ലാ കക്ഷികളുടെയും മുഖമുദ്രയായിരുന്നത് ഭാരത വിരുദ്ധതയായിരുന്നു. ഭാരതീയമായ എന്തിനോടും അങ്ങേയറ്റം നിഷേധാതകമായ നിലപാടാണ് എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വച്ചുപുലര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ഇസ്ലാമിക മതമൗലികവാദവുമായി ഐക്യപ്പെടുന്നതില്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളൊന്നും തടസ്സമായിട്ടില്ലെന്നും കാണാം. ഇന്ത്യന്‍ മതപരതയെ എതിര്‍ത്തു പോന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഇസ്ലാമിക മത മൗലികവാദം എന്നും പഥ്യമായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍കഴിയും. അതിന്റെ കാരണം റഷ്യയിലാരംഭിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ അംഗങ്ങള്‍ തന്നെ മുസ്ലീം മതമൗലികവാദികളായിരുന്നു എന്നതാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ തങ്ങളുടെ മതഭരണകൂടംനിലവിലില്ലാത്തതിനാല്‍ അത്തരം ഭരണകൂടത്തിനുകീഴില്‍ കഴിയാന്‍വേണ്ടി ഭാരതത്തില്‍ നിന്നു ഹിജ്‌റ (പലായനം) ചെയ്ത മത മൗലിക വാദികളായ ഒരുപറ്റം മുസ്ലിങ്ങളെ ഒരുമിച്ച് ചേര്‍ത്തു റഷ്യയില്‍ എം.എന്‍. റോയിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയത്. മുസ്ലിം മതമൗലികവാദികളോടുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം ഇവിടെ തുടങ്ങുന്നു എന്നു പറയാം.
1940 ല്‍ ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് മുസ്ലിം ലീഗ് വാദമുന്നയിച്ചപ്പോള്‍ അതിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഭാരതത്തെ പതിനേഴായി വെട്ടിമുറിക്കണമെന്നും മൗണ്ട്ബാറ്റന്‍പ്രഭുവിനോട് ആവശ്യപ്പെടുകയുണ്ടായി. 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തുകൊണ്ട് ബ്രിട്ടീഷ് അധികൃതരുമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുണ്ടാക്കിയ രഹസ്യധാരണയുടെ രേഖകള്‍ ഇന്ന് ലഭ്യമാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക് തെറ്റുപറ്റി എന്ന പേരില്‍ സി.അച്യുതമേനോന്‍ 1988 നവംബര്‍ 6 ന് മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ 1930ല്‍ ബോംബെയിലെ ചൗപതികടലോരത്ത് ഭാരത പതാക കത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. 1942 മെയ് മാസത്തില്‍ ബോംബെ പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും അതിനാല്‍ തന്നെ പല തുണ്ടുകളായി വിഭജിക്കാമെന്നും സമര്‍ത്ഥിക്കുക ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിലും കമ്മ്യൂണിസ്റ്റുകള്‍ പിന്‍തുടര്‍ന്ന രാഷ്ട്രവിരുദ്ധ സമീപനങ്ങള്‍ ചില്ലറയല്ല. 1956ല്‍ പാലക്കാട് വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മാത്രമാണ് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയെന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറായത്. അതുവരെ സ്വാതന്ത്രൃദിനത്തെ കരിദിനമായി ആചരിച്ചവരായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. 1962 ല്‍ ചൈന ഭാരതത്തെ ആക്രമിച്ചപ്പോള്‍ ചൈനക്കനുകൂല നിലപാടെടുത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും അതേനിലപാട് പിന്‍തുടരുന്നു എന്നതാണ് സത്യം.
അടുത്തകാലത്ത് ഭാരതത്തിന്റെ അതിര്‍ത്തി കൈയേറാന്‍ ശ്രമിച്ച ചൈനയെ ശക്തമായി നാം നേരിട്ടപ്പോള്‍ ഭാരത ഭരണനേതൃത്വത്തെ വിമര്‍ശിക്കാനാണ് കമ്മ്യൂണിസ്റ്റ് നേതൃത്വം തയ്യാറായത്. ഭാരത പാര്‍ലമെന്റ് ആക്രമിച്ച കേസ്സില്‍ കുറ്റവാളി എന്ന് കോടതി വിധിച്ച അഫ്‌സല്‍ ഗുരുവിനുവേണ്ടിയും അനേകം പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനത്തിന് നേതൃത്വം കൊടുത്ത യാക്കൂബ് മേമനുവേണ്ടിയും വാദിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ട ഭാരതവിരുദ്ധതകൊണ്ട് ഇന്ന് ജനങ്ങളാല്‍ തിരസ്‌കൃതമായി ആസന്നമൃതിയെ സമീപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രസ്ഥാനത്തിന്റെ ശതാബ്ദി കടന്നുവന്നിരിക്കുന്നത്. ബംഗാളിലും ത്രിപുരയിലും നാമാവശേഷമായ ചുവപ്പന്‍ പ്രത്യയശാസ്ത്രം കേരളത്തില്‍മാത്രമാണ് ഇനി അധികാരത്തില്‍ അവശേഷിക്കുന്നത്. അതാകട്ടെ ഒരുകൂട്ടം സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ പിടിയിലാണുതാനും. ശതാബ്ദിയിലെത്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ സംബന്ധിച്ച് ആഘോഷിക്കാനൊന്നുമില്ലെന്നുമാത്രമല്ല അനുശോചിക്കാന്‍ ഏറെ ഉണ്ടുതാനും. സ്വയംകൃതാനര്‍ത്ഥങ്ങള്‍ വേട്ടയാടുന്ന ഇന്ത്യന്‍ കമ്മ്യൂണിസത്തെ ശാന്തമായി മരിക്കാന്‍ വിടുക എന്നതുമാത്രമാണ് ഇനി ബാക്കിയുള്ളത്.