അന്ത്രുവിന്റെ ചായക്കടയിലിരുന്ന് ബീഡി വലിയ്ക്കുകയായിരുന്നു ഗോവിന്ദന്‍. രാവിലെത്തെ കച്ചവടമൊക്കെ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയിരിക്കുന്നു. ഗ്ലാസും പ്ലെയിറ്റും കഴുകി കൊണ്ടിരിക്കുകയായിരുന്നു അന്ത്രു. അപ്പോഴാണ് കാക്കി ചേത്ത്യാര് വടിയും കുത്തിപ്പിടിച്ച് അങ്ങോട്ട് വന്നത്. രണ്ട് ബീഡിയും നാല് വെറ്റിലയും ഒരു കഷണം പുകയിലയും വാങ്ങാന്‍ വന്നതായിരുന്നു അവര്‍. ചേത്ത്യാര് അപൂര്‍വം ചിലപ്പോള്‍ ബീഡി വലിയ്ക്കാറുണ്ട്. ‘വല്ലാത്ത പല്ലുവേദന. അതാണ്ടെയ് ഒരു ബീഡി വലിച്ചേക്കാച്ച്ട്ട് വന്നതാണ്. ആരും ചോദിച്ചില്ലെങ്കിലും ഗോവിന്ദനെ നോക്കി ചേത്ത്യാര് പറഞ്ഞു. ‘അയ്‌ന് വേദനിയ്ക്കാന്‍ മാത്രം ഇങ്ങക്ക് ണ്ടോ പല്ല് തള്ളേ’ – ഗോവിന്ദന്റെ മറുപടി കേട്ട് അന്ത്രു ചിരിച്ചു. ‘നായരേ, ഇങ്ങളെ കാണിയ്ക്കാനാ ഇയ്ക്ക് പല്ല്. ഇന്റെ ആവശ്യത്തിനൊക്കെണ്ട്. നേരം വെള്ക്ക്‌ണേന്റെ മുന്നേ പീടിത്തലയ്ക്കല് വന്നിരിയ്ക്കാണല്ലോ. ഓട്ട്പാത്രം പണേം വച്ച മാതിരി – ഇനിപ്പൊ തിരിച്ച് കൊണ്ടോവലും ണ്ടാവൂല -‘
‘അത് പ്പൊ ബീട്ടില് അയിനെ കൊണ്ടെന്താകാരിം? പിന്നെ കണ്ട പൊന്തേലും കാട്ടിലും പോയിരിക്ക്‌ണേക്കാ നല്ലത് ഈ മഞ്ചപ്പൊറത്തിരിക്കണ തന്നെ ല്ലെ?’ – അന്ത്രു ചിരിച്ചു കൊണ്ട് പറഞ്ഞു. ‘അതും ശര്യാ നാട്ടിലെ പെണ്ണ്ങ്ങക്ക് മനസ്സമാധാനത്തില് കുളിക്കാലോ.’
‘തള്ളേ -രാവിലെത്തന്നെന്നെ ചൂടാക്കണ്ടട്ടോ – കാലനും കൂടി കൊണ്ടാവാത്ത പഴേ ഓട്ടുപാത്രം ആരാന്ന് എല്ലാര്‍ക്കും അറയാം. ന്റെ വായേന്ന് പുളിച്ചത് നാലെണ്ണം കേക്കാനിക്കണ്ട.’ ‘പിന്നെ !ആ ചൂട് കൊള്ളണ്ട പ്രായക്കെ പോയി കുട്ട്യേ – ആ ചോയിച്ചീന്റെ അവടെ ചെന്ന് പറഞ്ഞോക്കിം. ഓളെ തിയ്യന്‍ ജയിലിലല്ലേ – അവടെ ചെലപ്പ ചൂട് ചെലവാവും. – അന്ത്ര്വാപ്ലേ ഇങ്ങള് സാധനം കാട്ടിക്കാണിം. ഞാന്‍ വേഗം പോട്ടെ – അല്ലെങ്കി ഒന്നും രണ്ടും പറഞ്ഞൂടും- ‘
അന്ത്രു പൊതിഞ്ഞു കൊടുത്ത സാധനങ്ങള്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടി അവര്‍ മെല്ലെ നടന്നു നീങ്ങി. ഗോവിന്ദന്‍ വല്ലാത്ത കലിപ്പിലായിരുന്നു. എന്നാല്‍ അത് ശ്രദ്ധിക്കാതെ അന്ത്രു തന്റെ പണിയിലേക്ക് മുഴുകി.
കാക്കി ചേത്ത്യാര്‍ക്ക് എത്ര വയസ്സുണ്ടെന്ന് ചോദിച്ചാല്‍ അവര്‍ക്കു തന്നെ ഉത്തരമില്ല. ഏട്ടാനുജന്‍മാര്‍ മൂന്ന് പേര്‍ ഒന്നിച്ച് കല്യാണം കഴിച്ചു കൊണ്ടുവന്നതാ ണത്രേ. ആറ് മക്കളുമുണ്ട്. ഭര്‍ത്താക്കന്‍മ്മാരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. രാവിലെ വടിയും കുത്തി അവര്‍ പുറത്തിറങ്ങും. വഴിയില്‍ കാണുന്ന ആരെങ്കിലും ചായ കുടിക്കാന്‍ എന്നും പറഞ്ഞ് എന്തെങ്കിലും കൊടുത്താല്‍ അത് വാങ്ങും. എവിടെയാണോ എത്തുന്നത് അവിടെ നിന്ന് കഞ്ഞി കുടിയ്ക്കും. അവസാനം കിടക്കാന്‍ നേരത്ത് വീട്ടിലെത്തും. വീട്ടില്‍ ഇളയ മരുമകള്‍ ഉണ്ട് . അവര്‍ തമ്മില്‍ ഒരു കണ്ടത്തില്‍ നില്കാന്‍ പഴുതില്ല. മകന്‍ ഒന്നും കണ്ടതായും കേട്ടതായും നടിക്കില്ല. ‘പെങ്കോന്തന്‍ – അവന്റെ കൈയിന് എല്ലുണ്ടെങ്കില്‍ ഓള് ഇത്ര നെഗളീയ്‌ക്കോ – ഞാന്‍ ഓനേ പറയൊള്ളു. എരപ്പന്‍!’ കാക്കി ചേത്ത്യാര്‍ക്ക് മകനെ കുറിച്ചുള്ള അഭിപ്രായമാണ്. കാക്കി ചേത്ത്യാര് കടയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെയാണ് വേലായുധന്‍ ചോപ്പന്‍ അങ്ങോട്ട് കയറി വന്നത്. ‘ആട്ടൊക്കെ കുറിച്ചീലേ ചോപ്പാ ‘ അന്ത്രു ഒരു ചായ കൊണ്ട്‌വച്ച് ചോദിച്ചു. ‘ആട്ടു കുറിച്ചു. അടുത്ത വെള്ളിയാഴ്ചയാണല്ലോ.’
വേലായുധന്‍ പറഞ്ഞു. ‘ഇപ്രാവശ്യം മോന്‍ വെളിച്ചപ്പെടാന്‍ ണ്ടാവോ?’ അന്ത്രു സംശയത്തോടെ ചോപ്പനെ നോക്കി. ‘ഒന്നും തീരുമാനിച്ചിട്ടില്ലാ. ഭഗവതി എന്താ കരുതിച്ചാല്‍ അതു നടക്കും’ വേലായുധന്‍ ചായ ഒരു കവിള്‍ കുടിച്ച് കൊണ്ട് പറഞ്ഞു. ‘അതെങ്ങനെ നടക്കാനാ . ഓന്റെ പ്രാന്തൊക്കെ മാറാതെ വെളിച്ചപ്പെടാന്‍ പറ്റോ?’ ഗോവിന്ദന്‍ ബീഡി ഒന്ന് ആഞ്ഞ് വലിച്ച ശേഷം അന്ത്രുവിനെ നോക്കിപ്പറഞ്ഞു. പ്രാന്ത് നിന്റെ തന്ത രാവുണ്ണി നായര്‍ക്കാണെന്ന് പറയാന്‍ വേലായുധന് തോന്നി. ദേഷ്യം കടിച്ചമര്‍ത്തി അയാള്‍ മിണ്ടാതിരുന്നു. ‘കോയിന്ദനായരേ, ങ്ങക്ക് പ്പൊ കാക്കീ ന്റെ ടത്ത് ന്ന് കിട്ടീതൊന്നും പോരെ . ‘അന്ത്രു അതും പറഞ്ഞ് രൂക്ഷമായി ഗോവിന്ദനെ ഒന്ന് നോക്കി. ഗോവിന്ദന്‍ മെല്ലെ എഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങി. ‘ചോപ്പന് ഒന്നും തോന്നണ്ട – അയിന് പുത്തിം പോതം ഒറച്ചിട്ടില്ലാന്ന്. ‘ വേലായുധന്‍ ചോപ്പന്‍ ഒന്നും മിണ്ടിയില്ല. അന്ത്രു വിഷയം മാറ്റാനെന്ന പോലെ പറഞ്ഞു.. ‘കാക്കി ആട്ട് ഒറപ്പിച്ചതറഞ്ഞിക്ക്ണ്ന്നാ തോന്ന്ണത്. വെറ്റിലയും പൊഹ ലയും വാങ്ങി എറങ്ങീക്ക്ണ്. അങ്ങട്ടെന്നെയേരിക്കും – അല്ല. കൊല്ലത്തിലും അതാണല്ലോ. പതിവ്.’ സാധാരണ അങ്ങിനെയാണ്. ദേശത്തെ ആട്ട് നിശ്ചയിച്ചാല്‍ ദേശത്തെ മണ്ണാന്‍ കുടിയില്‍ പിന്നെ ഏഴ് ദിവസം പൂരമാണ്. ബന്ധുക്കളും മറ്റും നേരത്തെ വരും. കൂട്ടത്തില്‍ ആദ്യം വരുന്നത് കാക്കി ചേത്ത്യാരാണ്. രാവിലെ വന്ന് രാത്രിയേ പോകൂ. ഏഴു ദിവസവും അവിടെയുണ്ടാവും. മുറുക്കാനും ഉണ്ണാനും കുടിക്കാനും മുമ്പില്‍ തന്നെ. ‘ആരും ല്യാത്തോര്‍ക്ക് ഈശ്വരന്‍ണ്ട് ന്നല്ലേ? അപ്പോ ഈശ്വരന്റെ കാര്യത്തിലെങ്കിലും മുന്നില് ഈ ഞാനും വേണ്ടെ’ അതാണ് കാക്കി ചേത്ത്യാരുടെ ചോദ്യം.
അന്ത്രു പറഞ്ഞത് ശരിയായിരിന്നു എന്ന് വേലായുധന്‍ ചോപ്പന്‍ വീട്ടിലെത്തിയപ്പോള്‍ മനസ്സിലായി. അവിടെയുണ്ടായിരുന്നു കാക്കി ചേത്ത്യാര്. പൂതനും തിറയും ദേശം ചുറ്റാനുള്ള ഒരുക്കത്തിലാണ്. നാട്ടുകാരായ പലരും ഏറെ കുട്ടികളും കാഴ്ചക്കാരായുണ്ട്. വിടിന്റെ ഉമ്മറത്തേയ്ക്ക് കയറുന്ന ചവിട്ടുപടിയില്‍ എല്ലാം കണ്ടും കേട്ടും വിശദമായൊന്നു മുറുക്കി കൊണ്ടിരിക്കുകയാണ് കാക്കി ചേത്ത്യാര്. ആണ്ടവനും തിരക്കിലാണ്. കാരണവന്‍ മ്മാര്‍ക്കായി സ്ഥാപിച്ച കല്ലുകള്‍ക്കായി പഞ്ചാര്‍ച്ചന കഴിച്ച് ഗണപതിയ്ക്ക് സങ്കല്പ പൂജ കഴിച്ച് അഞ്ചു നറുക്കിട്ട് പിതൃക്കള്‍ക്ക്. കര്‍മം ചെയ്യുന്ന കുഞ്ഞന്‍ കാരണവരുടെ അടുത്ത് നില്ക്കു കയായിരുന്നു ആണ്ടവന്‍. കുഞ്ഞന്‍ വേലായുധന്റെ അടുത്ത കുടുംബത്തില്‍ പെട്ട ഒരാളാണ്. ആട്ട് ഉറപ്പിച്ചാല്‍ പിന്നെ സഹായിയായി എന്തിനും ഏതിനും കുഞ്ഞന്‍ കൂടെയുണ്ടാകും. അത് വേലായുധന് വലിയ കാര്യമാണ്. പ്രായം കൊണ്ട് അയാള്‍ വേലായുധന്റെ മൂത്തതാണെങ്കിലും അവര്‍ പരസ്പരം പേര് തന്നെയാണ് വിളിയ്ക്കാറ്.
വേലായുധന്‍ നേരെ വന്ന് കാക്കി ചേത്ത്യാരുടെ സമീപത്തിരുന്നു. കൈതോല കൊണ്ട് മെടഞ്ഞുണ്ടാക്കിയ മുറുക്കാന്‍ വട്ടി തന്റെ മുമ്പിലേയ്ക്ക് വലിച്ചു വെച്ചു. അതില്‍ നിന്ന് നല്ലൊരു വെറ്റില തെരഞ്ഞെടുത്തു കൊണ്ടു പറഞ്ഞു. ‘ചേത്ത്യാര് ഇനി ആട്ട് കഴിഞ്ഞിട്ട് ഇബ്ട്ന്ന് പോയാ മതി. ഈ വയസ്സ് കാലത്ത് അങ്ങട്ടും ഇങ്ങട്ടും ങ്ങനെ നടക്കാന്‍ നിക്കണ്ട.’
‘ഒറങ്ങാന്‍ ന്റെ കുടീലെത്തണം വേലായ്ധാ – അത്‌വരെ എവിടേ ച്ചാലും മതി. ഇത്തിരി കഞ്ഞിന്റെ ള്ളം – അതും കുടിച്ച് നേരം കളേണം – അത്രേ വേണ്ടൂ – അതിന്റെ ടയ്ക്ക് എവിടെങ്കിലും വീണ് ചത്ത് പോണം. ഒരു പായത്തലയ്ക്ക് കെടത്താതിരിന്നാ മതി. ആരാ ള്ളത് നോക്കാന്‍’- ‘വേലായുധന്‍ ഒന്നും പറയാതെ വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചു. ‘അല്ല കുട്ട്യേ അന്റെ ചെക്കന് ഒരു മംഗലം ഒക്കെ വേണ്ടെ – ഓന്‍ പോത്ത് പോലെ ങ്ങനെ നടന്നാ മത്യോ ?’ ചേത്ത്യാര് വേലായുധനെ ഒന്നു നോക്കി. വേലായുധന്‍ വായിലിട്ട മുറുക്കാന്‍ നന്നായി ചവച്ച് രണ്ട് വിരല്‍ ചുണ്ടത്ത് വച്ച് അതിനിടയിലൂടെ നീട്ടിതുപ്പി. പിന്നെ സാവധാനം പറഞ്ഞു. ‘വേണം – അവനും വേണ്ടെ ഒരു കുടുംബവും കുട്ട്യോളും – ഓന്റെ സൂക്കട് ഒന്ന് മാറീട്ടാവാന്ന് വിചാരിക്ക്യാ.’
‘എന്ത് സൂക്കട് – ങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് ഓനെ ഒരു ദണ്ണക്കാരനാക്കാണ്ടിരുന്നാ മതി. ഇ ഞ്ഞിപ്പൊ എന്തെങ്കിലും ണ്ടെങ്കില്‍ തന്നെ അതൊക്കെ നല്ലൊരു ത്തീന്റെ കൈയില്‍ പിടിച്ചാ അപ്പൊ മാറും. ന്നെ കൊണ്ടേര് ണേന് മുമ്പേ ന്റെ മൂത്ത ചേനാര്ക്ക് മുഴു പ്രാന്തേര്ന്നാലാ – ഓര് ടെ അമ്മ പറഞ്ഞ് ഞാന്‍ കേട്ടതാ. ന്റെ ട്ത്ത്ണ്ടാ അതൊക്കെ ചെലവാവ്ണ് – അത് ഞാന്‍ തന്നെ മാറ്റി കൊടുത്തു.’ വേലായുധന്‍ ഒന്നു വെറുതെ ചിരിച്ചു.
‘ആ കുഞ്ഞന്റെ ഒരു പേരക്കുട്ടിണ്ടല്ലോ. ഞാന്‍ ന്നാ അയിനെ കണ്ടത്. നല്ല മാറും മൊലിം ള്ള കുട്ട്യാ – ഓന് ചേരും. ഇങ്ങള് കുടുംബം കൂട്ട്വക്കെ ആവുമ്പോ വേണച്ചാല്‍ നടക്കും ചെയ്യും. ഓള് ത് വരെ ന്റെ ട്ത്ത്‌ണ്ടേ ര്‍ന്ന്. നല്ല കുരുത്തള്ള സ്വഭാവം – വേണെങ്കില്‍ നോക്കിക്കോ.’ -കാക്കി ചേത്ത്യാര് പറഞ്ഞു. കുഞ്ഞന്റെ മകന്റെ മകളാണ് ദേവു. കറുത്തിട്ടാണെങ്കിലും ഐശ്വര്യമുള്ള പെണ്‍കുട്ടി. കുഞ്ഞന്റെ കൂടെ കുടുംബം മുഴുവനും അവിടെയെത്തിയിട്ടുണ്ടായിരുന്നു. കുഞ്ഞന്റെ മകന്‍ പൂതത്തിന്റെ തുടി കൊട്ടാനും തിറയ്ക്ക് പറയടിക്കാനും ഒക്കെ പോവാറുണ്ട്. അച്ഛന്റെ കൂടെ തന്നെയാണ്. അരങ്ങേറ്റം കഴിഞ്ഞതാണ്. അവരുടെ ദേശത്ത് ആട്ടുണ്ടാകുമ്പോള്‍ വെളിച്ചപ്പെടാറുണ്ട്. ആലോചന യഥാര്‍ത്ഥത്തില്‍ വേലായുധന് ബോധിച്ചു. ആണ്ടവന്റെ അസുഖ കാര്യങ്ങളൊക്കെ അവര്‍ക്കും അറിയാം. വേലായുധന്‍ ചോദിച്ചാല്‍ വേണ്ടാ എന്ന് പറയുകയുമില്ല. കുടുംബം വലിയ കൊഴപ്പമില്ല. ആട്ടിനും ആറാട്ടിനുമൊക്കെ പോവുമ്പോള്‍ കഴുത്തിനൊപ്പം കള്ള് കുടിക്കും. അതല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നും ഇല്ല.
‘അത് പ്പോ – ആണ്ടവന്റെ മനസ്സിലെന്താന്ന് അറ്യേണ്ടെ? ഇപ്പഴത്തെ കുട്ട്യോളല്ലേ ? പോരാ ത്തേന് കോളേജിലൊക്കെ പഠിച്ച കുട്ടിം. ഞാന്‍ പറഞ്ഞാ അവന് എതിരൊന്നും ണ്ടാവൂല. ന്നാലും ഓന്റെ മനസ്സൊന്നറിയണം.’- അത് കേട്ട് മുറുക്കാന്‍ പൂത്തിരി പോലെ തെറിപ്പിച്ചു കൊണ്ട് കാക്കി ചിരിച്ചു.
‘ഓനും ഓളും കൂടി ഇബടെ വര്‍ത്താനും പറഞ്ഞ് നിന്നീരുന്നു. അത് കണ്ടിട്ട് നിക്ക് തോന്നീത് ഓന് ഓളോടൊരു കമ്പം ണ്ട് ന്നാ….. നി ഓന്റെ ഉള്ളറയണമെങ്കില് അത് ഞാന്‍ ചോയിച്ച് പറഞ്ഞ് തരാ’ കാക്കി അക്കാര്യം ഏറ്റെടുക്കുകയായിരുന്നു.
ദേവൂനെ പലപ്പോഴും ആണ്ടവന്‍ കണ്ടിട്ടുണ്ട്. ഏറെ സംസാരിക്കാറുമുണ്ട് എന്നല്ലാതെ കാക്കി പറഞ്ഞതുപോലെ അവളോ ടെന്തെങ്കിലും പ്രത്യേക ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നുമുണ്ടായിരുന്നില്ല . മാത്രമല്ല, ഒരു വിവാഹത്തെ കുറിച്ചൊന്നും അയാള്‍ ചിന്തിച്ചിട്ടു മുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് കിട്ടിയ ഒരു സന്ദര്‍ഭത്തില്‍ കാക്കി സൂത്രത്തില്‍ ആണ്ടവനോട് വിഷയം അവതരിപ്പിച്ചു. ‘കല്യാണോ? -അതിനൊക്കെ ഇങ്ങ്യ ത്ര കാലം ണ്ട്?’ ആണ്ടവന്‍ ചിരിച്ചു. ‘എടാ മന്താ, ആവത്ള്ള കാലത്ത് കല്യാണം കയിക്കണം .ന്നെപ്പെണ്ണ് കൊണ്ടരുമ്പോ പതിമൂന്ന് വയസ്സാ ഇനിയ്ക്ക് പ്രായം. തണ്ടും തടീം ള്ള ഒരുമ്പട്ട മൂന്നാണ് ങ്ങള് ടെ എടേലാ ഞാന്‍ കയിഞ്ഞ് പോന്നത്.. മൂത്തോ നെ അടുത്ത കൊല്ലത്തില് പെറേം ചെയ്തു. പ്രായം നോക്കീട്ടൊന്നും വല്യ കാര്യം ല്യാ – അനക്ക് ഓളെ പിടിച്ചിരിക്ക്ണാച്ചാ അത് പറീം ‘
ആണ്ടവന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു. ‘അപ്പൊ മൂത്താളുടെ അച്ഛനാരാ?’
‘അതൊക്കെ എങ്ങന്യാ ടെ ഒറപ്പിച്ച് പറയ്യാ. മൂത്ത കുട്ടിയ്ക്ക് മൂത്ത ചേനാര് എന്നങ്ങണ്ട് തീരുമാനിച്ചു. അത് പോട്ടെ ജ്ജ് അന്റെ കാര്യം പറയ്യ് – ജ്ജ് ആങ്കുട്ട്യാണങ്കില്‍ അടുത്ത കൊല്ലത്തെ ആട്ട് നടക്കുമ്പൊ ആ പെണ്ണിന്റെ കൈയില് ഒരു കുട്ടിണ്ടാവണം’- അണക്ക് കയ്യോ അത് പറിം’- ആണ്ടവന്‍ വെറുതെ ചിരിച്ചതേയുള്ളു. ആ ചിരിയില്‍ നിന്ന് കാക്കി ചേത്ത്യാര് അവന്റെ സമ്മതം വായിച്ചെടുത്തു. പൂതനും തിറയും നിറഞ്ഞാടുന്നതിനിടയില്‍ തുടിയും പറയും കൊട്ടിത്തിമര്‍ക്കുന്നതിനിടയില്‍ കാക്കി ആണ്ടവന്റെ സമ്മതം വേലായുധന്‍ ചോപ്പന്റെ ചെവിട്ടില്‍ പറഞ്ഞു. ‘ഓന് സമ്മതാ ട്ടോ. ചേത്ത്യാര്ക്കും ഒരു ഊണിനുള്ള വക ണ്ടാക്കണം. മറക്കണ്ടട്ടോ.’
(തുടരും)