പാറിപ്പോയൊരു പഞ്ചവര്‍ണ്ണക്കിളിയെപ്പോലെ കാലത്തിന്റെ മറുകരയിലേക്ക് അക്കിത്തം മറഞ്ഞുപോകുമ്പോള്‍ ഓര്‍മ്മയുടെ തൂവലുകളും തേനൂറുന്ന കാവ്യങ്ങളും ബാക്കിയാവുകയാണ്. മന്ത്രമുഗ്ദ്ധമായ വരികളിലൂടെ മലയാള കാവ്യസാഹിതിയെ അനശ്വരമാക്കിയ മഹാകവി അക്കിത്തത്തിന്റെ ഭൗതികദേഹം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അഗ്‌നിത്വം കാത്തുസൂക്ഷിച്ച അക്ഷരങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്നുകത്തുകതന്നെ ചെയ്യും. സംഭവബഹുലമായ ഒരു നൂറ്റാണ്ടിന് സാക്ഷ്യംവഹിക്കാന്‍ സൗഭാഗ്യം സിദ്ധിച്ച കവി ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം ചമച്ചാണ് മറഞ്ഞുപോകുന്നത്.
കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരികരംഗത്ത് കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രം ചിന്തകളെ പ്രചോദിപ്പിച്ചിരുന്ന കാലത്ത് അതിന്റെ സഹയാത്രികനായിരുന്നെങ്കിലും പിന്നീട് ആര്‍ഷസരണിയിലെ അടിയുറച്ച പഥികനായി മാറിയ അക്കിത്തം ഇരുപതാം നറ്റാണ്ടിന്റെ ഇതിഹാസമെന്ന ദീര്‍ഘകാവ്യത്തിലൂടെ ചുവപ്പന്‍ പ്രത്യയശാസ്ത്രത്തിന്റെ അബദ്ധജടിലമായ അപൂര്‍ണ്ണതയെ തുറന്നുകാട്ടാനും തയ്യാറായി. അസഹിഷ്ണുതയുടെ രാഷ്ട്രീയം കവിയെ കല്ലെറിഞ്ഞെങ്കിലും നിസ്സംഗതയും നിര്‍മ്മമതയും മുഖമുദ്രയാക്കിയ ആ മഹാമനീഷി ആര്‍ഷപക്ഷത്ത് ഹിമാലയം പോലെ ഉറച്ചുനിന്നു. ചോര്‍ന്നു പോകുന്ന നന്മകളെ ക്കുറിച്ച് വേദനിച്ച കവി പരദുഃഖമെല്ലാം സ്വന്ത ദഃഖമാക്കിയ ആദികവിയെ അനുസ്മരിക്കുന്ന കവിതകളെഴുതി. വേടന്റെ അമ്പേറ്റുവീണ കൊച്ചുകിളിയുടെ വേദനയായിരുന്നു ആദികാവ്യത്തിന്റെ പിറവിക്ക് നിദാനമായതെങ്കില്‍ വേദനിക്കുന്നവന്റെ വിലാപങ്ങള്‍ക്ക് അക്ഷര ഭാഷ്യം ചമച്ചപ്പോഴുണ്ടായ അനശ്വരരേഖകളാണ് അക്കിത്തം കവിതകള്‍.
‘നിരത്തില്‍ കാക്കകൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുലചപ്പി വലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി..’
എന്നെഴുതിയ അക്കിത്തം ദുഃഖവും നടുക്കവും ഉണ്ടാക്കുന്ന കാഴ്ചകളെ അതിന്റെ എല്ലാ തീവ്രതയോടെയും ആവിഷ്‌കരിക്കുന്നതില്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. യുദ്ധങ്ങളും ക്ഷാമവും കെടുതികളും ജീവിതങ്ങളെ വേട്ടയാടുമ്പോള്‍ ഇതുമാതിരിയുള്ള ദൃശ്യങ്ങള്‍ കവിദൃഷ്ടിയില്‍പ്പെട്ടില്ലെങ്കിലേ അതിശയമുള്ളൂ. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ഒരു കവിയെ സംബന്ധിച്ച് ഇരുപതാംനൂറ്റാണ്ട് പ്രതിസന്ധികളുടെയും പ്രതീക്ഷകളുടെയും നിഴലും വെളിച്ചവും കൂടിക്കലര്‍ന്ന കാലസന്ധിയായിരുന്നു. പ്രതിസന്ധികളുടെ ചുഴികളും മലരികളും നിറഞ്ഞ സങ്കീര്‍ണ്ണ കാലത്തിന്റെ കുത്തൊഴുക്കില്‍നിന്നും മനുഷ്യകുലത്തെ ശാന്തിയുടെ സ്വഛതീരങ്ങളിലെത്തിക്കുവാന്‍ ഭാരതത്തിന്റെ ഋഷികല്പിതമായ വഴിയല്ലാതെ മറ്റൊന്നില്ല എന്ന അക്കിത്തത്തിന്റെ തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹത്തിലെ മഹാകവി ജന്മമെടുക്കുന്നത്.
നിരുപാധികമായ സ്‌നേഹത്തിന്റെ പ്രവാചകധ്വനിയാണ് അക്കിത്തം കവിതകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. സര്‍വ്വചരാചര സഹാനുഭൂതിയില്‍നിന്നും ജനിച്ച ആര്‍ഷവചനങ്ങളായിരുന്നു അക്കിത്തത്തിന്റെ കവിത. അതുകൊണ്ടാണ്-
‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മ്മല പൗര്‍ണ്ണമി….’
എന്ന് അക്കിത്തത്തിന് എഴുതാന്‍ കഴിഞ്ഞത്. സഹജീവിയുടെ നേര്‍ക്ക് ഒരു പുഞ്ചിരി പോലും പകര്‍ന്നു നല്‍കാന്‍ തയ്യാറല്ലാത്ത കച്ചവടകാലത്ത് കവിവാക്യത്തിന്റെ പ്രസക്തി ഏറുകയാണ്.
കാലത്തോടുള്ള കവിയുടെ പ്രതികരണങ്ങളാണല്ലോ കവിതകളായി ബഹിര്‍ഗമിക്കുന്നത്. കവി ജീവിച്ച കുമരനെല്ലൂര്‍ ഗ്രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ ചുവരില്‍ കുത്തിവരച്ച് വൃത്തികേടാക്കിയ അജ്ഞാതനോടുള്ള പ്രതിഷേധമായി ഏഴാം വയസ്സില്‍ കുറിച്ചിട്ട ഈരടികളില്‍ ആരംഭിച്ച കാവ്യജീവിതമാണ് മലയാളത്തിന്റെ അഭിമാനവും പുണ്യവുമായി വളര്‍ന്നു പന്തലിച്ചത്. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും അഗ്‌നിസ്ഫുലിംഗങ്ങള്‍ കെടാതെകാക്കുവാന്‍ മഹാകവിക്ക് കഴിഞ്ഞു എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം. അനീതികളോട് സന്ധി ചെയ്യാതെ തനിക്ക് ശരിയെന്ന് തോന്നിയത് ഉറക്കെ പറയുകയും ചെയ്യുകയും ചെയ്യാന്‍ ഏറെപ്പേര്‍ക്കും കഴിയാറില്ല. അവിടെയാണ് അക്കിത്തത്തിലെ അഗ്‌നിത്വം നാം തിരിച്ചറിയുന്നത്. താന്‍ പിന്‍പറ്റിയ പ്രത്യയശാസ്ത്രങ്ങള്‍ മാനവികതയ്ക്ക് എതിരും ഹിംസാത്മകവുമാണെന്ന് തിരിച്ചറിഞ്ഞ ക്ഷണത്തില്‍ അതിനെ ഉപേക്ഷിക്കുവാനും വിശ്വമംഗള പ്രാര്‍ത്ഥനയോടെ നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കാനും അക്കിത്തത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
നമ്മള്‍ വിളിപ്പുലോകത്തെസ്സഖി
നമ്മള്‍ വിളിപ്പൂ കാലത്തെ
ആദിത്യന്‍ മുതലണു വരെ നീളും
ഭൂത പ്രേമ വിപാകത്താല്‍….
അണു മുതല്‍ അണ്ഡകടാഹം വരെ നീളുന്ന നിസ്വാര്‍ത്ഥ സ്‌നേഹമാണ് കവിയെ മുന്നോട്ടു നയിക്കുന്ന തത്വശാസ്ത്രം. അത് ആര്‍ഷമാകാതെ തരമില്ല. അതുകൊണ്ടാണ് 1985 മുതല്‍ അവസാനശ്വാസം വരെ ‘തപസ്യ’ പോലൊരു ദേശീയസാംസ്‌കാരിക പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. കേരളത്തിന്റെ സാംസ്‌കാരിക ലോകം ഇടതുപക്ഷ ഉപജാപകവൃന്ദങ്ങളുടെ പിടിയില്‍ അമര്‍ന്നിരുന്ന കാലത്താണ് തനിക്ക് ലഭിക്കുമായിരുന്ന അംഗീകാരത്തിന്റെ സിംഹാസനങ്ങളെ പരിത്യജിച്ച് നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കുവാന്‍ മഹാകവി അക്കിത്തം ധൈര്യം കാണിച്ചത്. വാല്‍മീകിയുടെയും വ്യാസന്റെയും പാരമ്പര്യത്തില്‍ നിന്നാണ് ഭാരതീയ കവിത പിറക്കുന്നതെന്ന് പറയാന്‍ മഹാകവിക്ക് സംശയമേതുമുണ്ടായിരുന്നില്ല. യുദ്ധമല്ല, ശമമാണ് ഭാരതത്തിന്റെ വഴിയെന്നറിയുന്ന കവി കേരളത്തോടു മാത്രമല്ല, ലോകത്തോടു തന്നെ പറഞ്ഞത്
‘തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കിവാര്‍ത്തെടുക്കാവു
ബലമുള്ള കലപ്പകള്‍’ എന്നാണ്. യുദ്ധത്തിന്റെയും മതവെറിയുടെയും വംശവിഛേദത്തിന്റെയും വര്‍ത്തമാന ലോകത്തോട് മഹാകവിക്ക് പറയാനുള്ളത് വൈദികമായ ശാന്തിമന്ത്രങ്ങളാണ്.
‘അജയ്യ സ്‌നേഹമാമണ്ഡം
വിരിഞ്ഞുണ്ടാം പ്രകാശമേ
സമാധാനപ്പിറാവേ നിന്‍
ചിറകൊച്ച ജയിക്കുക.’
ശാന്തിയുടെയും ചരാചരപ്രേമത്തിന്റെയും കവിശബ്ദം നിലയ്ക്കുന്നില്ല. ഏഴരക്കൊല്ലംകൊണ്ട് പൂര്‍ത്തിയാക്കിയ അക്കിത്ത ഭാഗവതം ഒന്നു മാത്രം മതി ഭാഷയുള്ള കാലംവരെ മഹാകവിയുടെ ആത്മസ്പന്ദനങ്ങള്‍ ഈ മണ്ണില്‍ തുടിച്ചുനില്‍ക്കുവാന്‍. തൊട്ടതെല്ലാംപൊന്നാക്കിയ പ്രതിഭയുടെ സ്പര്‍ശമണികള്‍ സ്വന്തമാക്കി മഹാകവി മലയാള കാവ്യലോകത്ത് ഒരു കുടന്ന നിലാവായി ഉദിച്ചുനില്‍ക്കുകതന്നെ ചെയ്യും. അന്തിമഹാകാലവും കടന്ന് അസ്തമിക്കാത്ത കാവ്യപൗര്‍ണ്ണമിയായി അക്കിത്തം നമുക്കിടയില്‍ ജീവിക്കും… ദീര്‍ഘകാലമായി കേസരിയുമായി ആത്മബന്ധം പുലര്‍ത്തിയ മഹാകവിക്ക് കേസരിവാരികയുടെ പ്രണാമങ്ങള്‍.