കോഴിക്കോട്: ഗ്രന്ഥകാരനും ദാര്‍ശനികനും വാഗ്മിയുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്ക്കായി തപസ്യ ഏര്‍പ്പെടുത്തിയ പുരസ്കാരം സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനും വിവര്‍ത്തകനുമായ പ്രൊഫ.സി.ജി. രാജഗോപാലിന്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. പി.നാരായണ കുറുപ്പ്, മാടമ്പ് കുഞ്ഞുകുട്ടന്, ആര്. സഞ്ജയന്, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന് എന്നിവരടങ്ങുന്ന പുരസ്കാര നിര്‍ണയ സമിതിയാണ് പ്രൊഫ. രാജഗോപാലിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
വിവര്‍ത്തനസാഹിത്യത്തിനും സര്‍ഗാത്മകസാഹിത്യത്തിനും നല്കിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് പ്രൊഫ. സി.ജി.രാജഗോപാലിന് പുരസ്കാരം സമ്മാനിക്കുന്നതെന്ന് പുരസ്കാരസമിതി അറിയിച്ചു. ഒക്ടോബര്‍ 20ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രൊഫ. രാജഗോപാലിന് അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ അറിയിച്ചു.