കോട്ട (രാജസ്ഥാന്‍): ഭാരതത്തിന്റെ കാഴ്ചപ്പാടില്‍ കൃഷി കേവലം കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം മാത്രമായിരുന്നില്ല മറിച്ച് അവരുടെ ജീവിത ധര്‍മ്മം കൂടി ആയിരുന്നു എന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരതീയ കിസാന്‍ സംഘ് സ്ഥാപകനും പ്രമുഖ ചിന്തകനുമായ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവനും സ്തംഭിച്ചുനിന്ന സമയത്തും കൃത്യമായും പരിഭ്രാന്തിയില്ലാതെയും മുന്നോട്ട് നീങ്ങിയ ഒരേയൊരു ഉപജീവനം കൃഷി മാത്രമായിരുന്നു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകം മനസ്സിലാക്കിയിരിക്കുന്നു.
ഭാരതീയ കാര്‍ഷിക പാരമ്പര്യത്തെയും പൈതൃകത്തെയും പരിപാലിക്കുന്നതിനായി ദത്തോപാന്ത് ഠേംഗ്ഡിജി കിസാന്‍ സംഘ് രൂപീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാരതത്തിന്റെ പൈതൃകമായ കൃഷിക്ക് പതിനായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട്. അതുകൊണ്ട് ചെറുതായാലും വലുതായാലും കൃഷി നിരന്തരം തുടരുന്നതാണ് നമ്മുടെ സംസ്‌കാരമെന്ന് നാം മനസ്സിലാക്കണം. വര്‍ത്തമാനകാല സാഹചര്യത്തില്‍ ആധുനികരിക്കപ്പെട്ട കൃഷിയും പാരമ്പര്യ കാര്‍ഷിക മൂല്യങ്ങളും ഒരുമിച്ചുകൊണ്ടുപോയാല്‍ മാത്രമേ നാമുദ്ദേശിക്കുന്ന രീതിയിലുള്ള പരിവര്‍ത്തനം ഉണ്ടാവുകയുള്ളു. അതിനായി അഹോരാത്രം പ്രയത്‌നിക്കുക – അദ്ദേഹം പറഞ്ഞു. ദേശീയ അധ്യക്ഷന്‍ ബസവേ ഗൗഡ ദേശീയ ജനറല്‍ സെക്രട്ടറി ബദരിനാരായണന്‍ സംഘടനാ സെക്രട്ടറി ദിനേശ് കുല്‍ക്കര്‍ണി എന്നിവരും പങ്കെടുത്തു.