അഷ്ടമി രോഹിണി നാള് വന്നു
ഒരു വട്ടം കൂടി ഞാന്‍ കണ്ണനായി.
മയില്‍പ്പീലിയില്ലാതെ, മുരളികയില്ലാതെ
ചമയങ്ങളണിയാതെ കണ്ണനായി.
ശൈശവ ബാല്യകൗമാരകാലങ്ങളെന്‍
ഓര്‍മ്മയില്‍ പീലി നിവര്‍ത്തിയാടി.
അഷ്ടമിരോഹിണി നാളിലെ വേഷങ്ങള്‍
ഓര്‍മ്മയില്‍ ആനന്ദനൃത്തമാടി.
വീടൊരുക്കീ ബാല്യം വീണ്ടെടുത്തു
വീടൊരു വൃന്ദാവനികയായി
കണ്ണന്റെ ജന്മ നാള്‍ സദ്യയുണ്ണാന്‍
അമ്മതന്‍ ചാരത്തൊരുണ്ണിയായ് ഞാന്‍.
ഉള്ളിലെ അമ്പാടി പൈതലൊന്നെന്‍
മുമ്പിലൂടോടിക്കളിച്ചിടുന്നു.
കണ്ണുനീര്‍ കൊണ്ടൊന്നും കണ്ടതില്ല
കാല്‍ത്തള നാദമിടക്ക് കേള്‍ക്കാം.
വിശ്വ ശാന്തിക്കായവതരിക്കും
അമ്പാടി കണ്ണനാം എന്റെയുണ്ണി.
കണ്‍മുമ്പിലെത്തുന്ന നാള്‍ വരാനായ്
പ്രാര്‍ത്ഥനാ പൂര്‍വ്വം ഞാന്‍ കൂപ്പിടുന്നു …..