”ദേഹദണ്ഡം പാരമുണ്ടായിരുന്നെങ്കിലും എന്റെ ആങ്ങള അങ്കത്തട്ടില്‍നിന്നിറങ്ങി ആല്‍ത്തറയില്‍ കേറിയിരുന്നു. ഓലയും എഴുത്താണിയും വരുത്തി. നടന്നതെല്ലാം അതേപടി ഓലയില്‍ പകര്‍ത്തി. ഓലക്കെട്ട് നിന്റെ അമ്മയെ ഏല്‍പ്പിക്കാനായി വാഴുന്നോരുടെ കയ്യില്‍ കൊടുത്തു. ആങ്ങളയെ പല്ലക്കിലെടുപ്പിച്ച് വാഴുന്നോരും വന്നു, പുത്തൂരം വീട്ടിലേക്ക്. ഓലക്കെട്ട് അമ്മയുടെ കയ്യില്‍തന്നു. ആ ഓലക്കെട്ട് പടിഞ്ഞാറ്റിമച്ചറയില്‍ കാരോലപ്പെട്ടിയില്‍ അമ്മ സൂക്ഷിച്ചുവെച്ചിട്ടുണ്ട് ”
”ചതിയന്‍ ചന്തു ഇപ്പോള്‍ എവിടെയുണ്ടമ്മേ?”
”കോലോസ്ത്രിനാട്ടിലുണ്ടെന്നാണ് കേള്‍വി.
അരിങ്ങോടരുടെ കളരിക്കു നാഥന്‍. അവന്റെ അളവില്ലാത്ത സ്വത്തുക്കള്‍ക്കുടയോന്‍. മകള്‍
കുഞ്ചുണ്ണൂലിയുടേയും മരുമകള്‍ കുട്ടിമാണിയുടേയും ഭര്‍ത്താവായി, ചന്ത്വാശാനായി വാഴുകയാണുപോലും”
ആരോമുണ്ണി താക്കോലുംകൂട്ടമെടുത്ത് മച്ചറ തുറന്നു. കാരോലപ്പെട്ടിയില്‍ ഭദ്രമായിവെച്ചിട്ടുള്ള ഓലക്കെട്ടെടുത്ത് തെക്കിനിപ്പടിയില്‍ വന്നിരുന്നു. ഓലക്കെട്ടഴിച്ചു വായിക്കവേ ആരോമുണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഓലക്കെട്ട് തിരികെ കാരോലപ്പെട്ടിയില്‍ത്തന്നെ വെച്ചു. മച്ചറ വാതിലടച്ചു.
തലനിറയോളം എണ്ണതേച്ച്, ഇഞ്ചയും പുളിഞ്ചിക്കയും താളിയുമെടുത്ത് അവന്‍ ആറ്റിന്‍ചിറയില്‍ കുളിക്കാനായിപ്പോയി.
കുളികഴിഞ്ഞു വന്ന്, നാലുകെട്ടിനകത്തു കടന്ന് ചന്ദനച്ചാണവലിച്ചുവെച്ച് ചന്ദനമുരസി കുറിതൊട്ടു. അങ്കക്കുറി വേറെ വരച്ചു. പൊന്നുരച്ചു തിലകം തൊട്ടു.
അതുകണ്ട് ഉണ്ണിയാര്‍ച്ച നെഞ്ചത്തു കൈവെച്ചു.
”എന്തിനാ മകനേ നീ അങ്കക്കുറി വരച്ചത്! എവിടേയ്ക്കാ നീ ഒരുങ്ങിപ്പുറപ്പെടുന്നത്? ”
”കോലോസ്ത്രിനാട്ടോളം പോകണം. ചന്തൂനെ കാണണം. അവനോടൊരുവാള്‍ പൊരുതണം”
”അമ്മാവനു ശരിയൊത്ത അടവുള്ളവനാണ് ആ ചതിയന്‍. അവര്‍ ഒരു കളരിയില്‍ പയറ്റിയവരാണ്. പതിനെട്ടടവുകളും പയറ്റിത്തെളിഞ്ഞവന്‍. നാല്‍പ്പത്തിരണ്ടു വയസ്സുണ്ടവന്. മുന്‍കൈത്തണ്ടയ്ക്ക് ഊക്കുള്ള കാലമാണ്. അരിങ്ങോടരുടെ ചതിവിദ്യകള്‍ വശമാക്കിയവന്‍. മൊഴികൂടാതവന്‍ അമ്മാവനെ കൊന്നു. മൊഴിയോടെ അവന്‍ നിന്നെക്കൊല്ലും. വെറുതേ മരിക്കാന്‍ പോകേണ്ടെന്റെ മകനേ. നിണക്ക് ചെറുപ്പകാലമാണ്. അടവും തൊഴിലും ഉറച്ചിട്ടില്ല. മാറ്റാനോടേറ്റുതൊടുത്തിട്ടില്ല”
”ദൈവം വിധിച്ചപോലെ വന്നുഭവിക്കട്ടെ അമ്മേ”
അമ്മ മകനെ ചോറുണ്ണാന്‍ വിളിച്ചു. വടക്കിനിത്തളത്തില്‍ പുല്‍പ്പായ വിരിച്ചു. പൂവനില വെച്ചു. തുമ്പപ്പൂപോലുള്ള ചോറു വിളമ്പി. കറികള്‍ നാലും വിളമ്പി.
ആരോമുണ്ണി കൈയ്‌വായ്മുഖവും ചിതംവരുത്തി. ഇലയ്ക്കുമുമ്പില്‍ വന്നിരുന്നു. ഉരുളയുരുട്ടി ഉണ്ണാനൊരുങ്ങവേ അമ്മാവനെ ഓര്‍മ്മ വന്നു. കണ്ണില്‍ നീരു
നിറഞ്ഞു.
”നീയെന്താ ഊണു കഴിക്കാത്തത് ?”
”ഒരു വറ്റുപോലും ഇറങ്ങുന്നില്ലമ്മേ”
ആരോമുണ്ണി കൈകുടഞ്ഞെണീറ്റു. കിണ്ടിയിലെ വെള്ളംകൊണ്ട് കൈകഴുകി.
പടിഞ്ഞാറ്റി മച്ചറയുടെ വാതില്‍ തുറന്നു ആരോമുണ്ണി. വീരാളിപ്പട്ടു ഞൊറിഞ്ഞുടുത്തു. മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ച് ചമയങ്ങളെല്ലാമെടുത്തണിഞ്ഞു. കളരിഭരമ്പരദൈവങ്ങളെ തൊഴുതുകൊണ്ട്, ഗുരുകാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച്, പുറത്തു കടന്നു. മച്ചറ പൂട്ടി.
അങ്കച്ചമയങ്ങളോടെ നില്‍ക്കുന്ന മകനെക്കണ്ട് ഉണ്ണിയാര്‍ച്ച നെഞ്ചത്തു കൈവെച്ചു. കണ്ണീര്‍ ധാരധാരയായൊഴുകി.
”ഏറെക്കാലം കൊതിച്ചുണ്ടായ മകനല്ലേ നീ. മൂന്നാംവയസ്സില്‍ നിന്റെ മുടിയിറക്കി. അഞ്ചാംവയസ്സില്‍ കാതുകുത്തി. ഏഴാംവയസ്സില്‍ എഴുത്തിനിരുത്തി. ഞാനേ നിന്നെ പയറ്റു പഠിപ്പിച്ചു. അതുകൊണ്ടും പോരാഞ്ഞിട്ട് തുളുനാട്ടില്‍നിന്ന് കുരുക്കളെ വരുത്തി. പതിനെട്ടടവും തുളുവിദ്യയും പഠിപ്പിച്ചു. മാറ്റാനോടേറ്റുമുട്ടി, പൊന്നുമകനേ നിണക്കെന്തെങ്കിലും വന്നുപോയാല്‍, ഇനിയാരെക്കണ്ടിട്ടിരിക്കേണ്ടൂ ഞാന്‍”
(തുടരും)