Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

കലാകൈരളിയുടെ ദേവദുന്ദുഭി

എ.കെ. അനുരാജ്എ.കെ. അനുരാജ്
2 October 2020

നീളന്‍ ജുബ്ബ; നീണ്ട മുടിയും ഇടതൂര്‍ന്ന താടിയും. പ്രസന്നമായ മുഖം; സദാ ചൂണ്ടില്‍ സംഗീതം. ആ ചൂണ്ടിലെ സംഗീതം കേരളത്തിലെ ഓരോ ചുണ്ടും ഏറ്റുവാങ്ങുന്നുണ്ട്. മലയാളത്തോളം വളര്‍ന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെന്ന ചലച്ചിത്ര പ്രതിഭയ്ക്കു പക്ഷേ, രോഗം വിലങ്ങുതടിയായി. പക്ഷവാതം ശരീരത്തിന്റെ ഇടതുപാതി തളര്‍ത്തിയെങ്കിലും മനസ്സു തളര്‍ന്നില്ല. മാരക രോഗത്തെ തളര്‍ത്തി നേടിയ പുത്തന്‍ ഉണര്‍വിന്റെ ആവേശത്തിലാണ് അദ്ദേഹം. പൊരുതിജയിച്ച യോദ്ധാവിന്റെ വീര്യവും ആത്മധൈര്യവും വാക്കുകളില്‍ നിറയും. പഴയ കൈതപ്രംസ്റ്റൈല്‍ ചിരി മുഖത്തു വീണ്ടുമെത്തി! രോഗത്തെ അതിജീവിച്ച കരുത്തുറ്റ മനസ്സാണോ ചലച്ചിത്രത്തിന്റെ സമസ്ത മേഖലകളിലും വെന്നിക്കൊടി പാറിച്ചതാണോ കൈതപ്രത്തിന്റെ വലിയ സംഭാവന? അഭിമുഖത്തില്‍ അദ്ദേഹം അടിവരയിടുന്നു: സിനിമയല്ല കാര്യം; സമൂഹമാണ്. അഭ്രപാളികളില്‍ ഏഴു നിറങ്ങളിലും തിളങ്ങിയ കലയുടെ സപ്തവര്‍ണങ്ങളിലുമേറെ മോഹിപ്പിക്കുന്നതാകട്ടെ, ത്യജിക്കാന്‍ പഠിപ്പിച്ച, ശാന്തിക്കാരനായി കഴിഞ്ഞ യുവത്വത്തിന്റെ നാളുകളും.

Google NewsAdd Kesari Weekly as a preferred source on Google

ജന്മാഷ്ടമി പുരസ്‌കാര നിറവില്‍ കൈതപ്രം

സംഘപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് കൈതപ്രം. തപസ്യ, ബാലഗോകുലം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ദശാബദ്ങ്ങളായുള്ള അടുപ്പമുണ്ട്. ഒരു കാലത്ത് തപസ്യയുടെ സാഹിത്യവേദികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു കൈതപ്രം. കേസരി പത്രാധിപരും ബാലഗോകുലം – തപസ്യ എന്നിവയുടെ മാര്‍ഗ്ഗദര്‍ശിയുമായ എം.എ. സാര്‍ എന്ന എം.എ. കൃഷ്ണനുമായുള്ള ആത്മബന്ധമാണ് സംഘടനയുമായി കൂടുതല്‍ അടുക്കാനുള്ള സാഹചര്യമൊരുക്കിയത്. ബാലഗോകുലത്തിന്റെ പതാകഗീതമായ ”മാനത്തേക്കുയര്…. അഭിമാനത്തോടുയര്” എന്ന മനോഹരമായ ഗീതത്തിന്റെ രചയിതാവും കൈതപ്രം തന്നെയാണ്. അതുള്‍പ്പെടുത്തി ബാലഗോകുലത്തിന് ഒരു കാസറ്റും തയ്യാറാക്കി നല്‍കിയിരുന്നു. അനുജന്മാരായ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയും സംഗീത സംവിധായകനായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയും സംഘ-വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത ചുമതലകള്‍ വഹിച്ചിരുന്നവരും സംഘവുമായി ആത്മബന്ധം പുലര്‍ത്തുന്നവരുമാണ്. 2020ലെ ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം ലഭിച്ചത് കൈതപ്രത്തിനാണ്. സുഗതകുമാരി, യൂസഫലി കേച്ചേരി, അക്കിത്തം തുടങ്ങി നിരവധി പ്രതിഭകള്‍ക്ക് സമ്മാനിച്ച ജന്മാഷ്ടമി പുരസ്‌കാരം കൈതപ്രത്തിലെത്തി നില്‍ക്കുമ്പോള്‍ പുരസ്‌കാരത്തിന്റെയും പുരസ്‌കൃതരായവരുടേയും ശോഭ ഏറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വാസ്തവം.

സമഗ്ര സംഭാവനകളെക്കുറിച്ചാണ് ഈ അഭിമുഖം ഉദ്ദേശിച്ചത്. കൂടുതല്‍ പറയാനുണ്ടാവുക സ്വാഭാവികമായും സംഗീതത്തെക്കുറിച്ചും ചലച്ചിത്ര ലോകത്തെക്കുറിച്ചും ആയിരിക്കുമല്ലോ. അതുകൊണ്ടുതന്നെ മറ്റു മേഖലകള്‍ സ്പര്‍ശിച്ചശേഷം സംഗീതവും സിനിമയും ചര്‍ച്ച ചെയ്യാമെന്നാണു തോന്നുന്നത്?
♠ശാന്തിയില്‍ തുടങ്ങാം! ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണു ശാന്തിക്കാരനായത്. അറുപതുകളുടെ തുടക്കത്തിലാണ് അത്. തലശ്ശേരി പൊന്ന്യത്താണു തുടക്കം. മാസം 10 രൂപ ശമ്പളം; നിവേദ്യം വെച്ചുകഴിക്കാന്‍ ഇരുനാഴി അരിയും. അനുജന്‍ വാസു(സംഗീതജ്ഞന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി)വും ഒപ്പമുണ്ടായിരുന്നു. ഒരു കാലവും മോശമല്ലാത്ത എനിക്ക് ആ കാലവും ആസ്വദിക്കാനുള്ളതായിരുന്നു. ശാന്തിക്കൊപ്പം സംഗീത പഠനവും ഉണ്ടായിരുന്നു. 50 പൈസ ടിക്കറ്റില്‍ സിനിമകള്‍ കാണുമായിരുന്നു. ചെമ്മീന്‍ ആദ്യ ഷോ തന്നെ കണ്ടു. തലശ്ശേരി ജീവിതത്തിനിടെ നക്‌സലുകളുടെ പൊലീസ് സ്റ്റേഷന്‍ അക്രമത്തിനു സാക്ഷിയായി. രാത്രി പാലയാട്ടേക്കു നടക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനു സമീപം ബഹളം കണ്ടത്. പശുക്കള്‍ ഓടുന്നതൊക്കെ കണ്ടു. പിറ്റേന്നു പത്രം കണ്ടപ്പോഴാണു സംഭവത്തിന്റെ ഗൗരവം പിടികിട്ടിയത് (ആയുധങ്ങള്‍ തട്ടിയെടുക്കുന്നതിനായി കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ 1968ല്‍ നക്‌സലൈറ്റുകള്‍ നടത്തിയ വിഫലമായ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ അക്രമത്തെക്കുറിച്ചാണു പരാമര്‍ശം).

ADVERTISEMENT

സാഹിത്യജീവിതത്തെ ഏറെ സ്വാധീനിച്ചതും തലശ്ശേരി ജീവിതമാണ്. എന്‍.എസ്.മേനോന്റെ നേതൃത്വത്തില്‍ തലശ്ശേരി ട്രെയിനിങ് കോളജ് കേന്ദ്രീകരിച്ചു നടന്നിരുന്ന സാഹിത്യ സമിതി സമ്മേളനങ്ങളുടെ ഭാഗമായി. പി.കുഞ്ഞിരാമന്‍ നായര്‍, ജി.ശങ്കരക്കുറുപ്പ്, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ജി.എന്‍.പിള്ള, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരെയൊക്കെ അവിടെ വെച്ച് കാണാന്‍ പറ്റി. രണ്ടാം നിരയിലായിരുന്നു അക്കാലത്ത് സുഗത കുമാരി ടീച്ചറും എന്‍.എന്‍.കക്കാടും വിഷ്ണു നാരായണന്‍ നമ്പൂതിരിയുമൊക്കെ. എ.ബി.വാജ്‌പേയി തലശ്ശേരിയില്‍ വന്നപ്പോള്‍ പ്രസംഗം കേട്ടതും ഓര്‍ക്കുന്നു.

കേരളത്തിന്റെ വടക്കേയറ്റത്തുള്ള തലശ്ശേരിയില്‍നിന്ന് ആരംഭിച്ചു മറ്റു പലയിടങ്ങളിലും ശാന്തിക്കാരനായി. തിരുവനന്തപുരം വരെ എത്തി. എങ്ങനെയാണ് ശാന്തിക്കാരന് അത്തരത്തിലൊരു യാത്ര ഉണ്ടായത്?
♠തലശ്ശേരിയില്‍നിന്നു ശാന്തി പൂഞ്ഞാറിലേക്കു പറിച്ചുനട്ടു. അതാണു ശാന്തി ചെയ്തിരുന്ന നാളുകളിലെ ഏറ്റവും അര്‍ത്ഥവത്തായ കാലം. പൂഞ്ഞാര്‍ കൊട്ടാരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ പൂജ ചെയ്യാമോ എന്നു തമ്പുരാന്‍ പി.കെ.കേരളവര്‍മ രാജ ചോദിച്ചതു ഞാന്‍ വിവേകാനന്ദ സാഹിത്യ സര്‍വസ്വം വായിച്ചുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു. തമ്പുരാനു നല്‍കിയ മറുപടി, ഇല്ലത്തു ബുദ്ധിമുട്ടുണ്ടെങ്കിലും ശമ്പളമോ ദക്ഷിണയോ കൈപ്പറ്റി ശാന്തിക്കാരനാവാന്‍ തയ്യാറല്ല എന്നായിരുന്നു. ഈ വ്യവസ്ഥയില്‍ മൂന്നു വര്‍ഷത്തോളം നിത്യശാന്തി നടത്തി. ത്യജിക്കുക എന്നത് അങ്ങനെയാണു പഠിച്ചത്. അതു വലിയൊരു പാഠമായിരുന്നു. താന്‍ ആ ചെയ്തതാണു ജീവിതത്തില്‍ ചെയ്ത ഏറ്റവും മഹത്തായ സംഭവമെന്നു തമ്പുരാന്‍ പിന്നീടൊരിക്കല്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞിട്ടുണ്ട്. എന്റെ ശാന്തിക്കാരനായുള്ള ജീവിതത്തിലെ; അല്ല, ആകെ ജീവിതത്തിലെ തന്നെ ഏറ്റവും മഹത്തായ സംഭവമായി ഞാനും കരുതുന്നത് പൂഞ്ഞാര്‍ക്കാലം തന്നെയാണ്. മീനച്ചിലാറില്‍ ഇലകള്‍ ഇറുത്തിട്ടശേഷം അവ ഒഴുകിത്താഴുന്നതു നോക്കിയിരിക്കുമായിരുന്നു. കാരണം, ഒരു പ്രതീക്ഷയ്ക്കും വകയുണ്ടായിരുന്നില്ല. അപ്പോഴത്തെ അവസ്ഥയില്‍ ലോകത്തില്‍ ആരും അറിയാത്ത ഒരാള്‍! ജീവിതം ഇങ്ങനെത്തന്നെ മുന്നോട്ടുപോകും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എങ്കില്‍ അങ്ങനെയാവട്ടെ എന്നതായിരുന്നു ചിന്ത. പാട്ടു പഠിക്കുമായിരുന്നു. പാട്ടു പഠിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടാവുമെന്ന് അക്കാലത്തു പ്രതീക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല.

ശാന്തിയുടെ അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരത്തെത്തി. വലിയശാല ശിവക്ഷേത്രം, ഇടപ്പഴഞ്ഞി ശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ ശാന്തി നടത്തിയിട്ടുണ്ട്. അവിടെവെച്ചാണ് കാവാലം നാരായണപ്പണിക്കര്‍, നെടുമുടി വേണു തുടങ്ങിയവരെയൊക്കെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്തെ ശാന്തിക്കാലത്തിനിടെ രസകരമായ ഒരു സംഭവമുണ്ടായി. ഞാന്‍ വിസ്തരിച്ചുതന്നെയാണു പൂജ ചെയ്തിരുന്നത്. എന്നാല്‍, അവിടെയുണ്ടായിരുന്ന പ്രായംചെന്ന ഒരു ശാന്തി എന്തിനാണു പൂജ ഇത്ര വിസ്തരിച്ചു ചെയ്യുന്നതെന്നു ചോദിക്കുമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്ത നിന്റെ മുന്‍തലമുറകളിലെ വൈദികര്‍ക്കൊക്കെ എന്തു കിട്ടി എന്നും ചോദിക്കുമായിരുന്നു. എന്റെ മറുപടി എന്തെങ്കിലും പ്രതീക്ഷ വെച്ചല്ല, മറിച്ച് എന്തിനു ചെയ്യാതിരിക്കണം എന്ന ചിന്തയെ മുന്‍നിര്‍ത്തിയാണു വിസ്തരിച്ചു പൂജ ചെയ്യുന്നത് എന്നായിരുന്നു. പിന്നീട് മാതൃഭൂമിയില്‍ ജോലി കിട്ടുകയും കവിതയും പാട്ടുമൊക്കെയായി ഞാന്‍ അറിയപ്പെട്ടു തുടങ്ങുകയും ചെയ്തശേഷം പ്രായംചെന്ന ആ ശാന്തിക്കാരനെ ഒരിക്കല്‍ കാണാനിടയായി. നിന്റെ തീരുമാനമായിരുന്നു ശരിയെന്ന് അദ്ദേഹം അപ്പോള്‍ എന്നോടു പറഞ്ഞു.

ശാന്തിക്കിടെ വേറെയും അവിസ്മരണീയമായ അനുഭവങ്ങളുണ്ട്. ഗുരുവായൂരില്‍ 41 ദിവസം മുടങ്ങാതെ നിര്‍മാല്യം തൊഴാന്‍ സഹായകമായത് ശാന്തി ചെയ്യുന്ന കാലത്താണ്. നിര്‍മാല്യം മാത്രമല്ല എല്ലാ പൂജയും തൊഴുമായിരുന്നു! പക്ഷവാതം പിടിച്ച ഗുരുനാഥനെ ക്ഷേത്രത്തിലെത്താന്‍ സഹായിക്കാനാണു ഞാന്‍ അദ്ദേഹത്തോടൊപ്പം ഗുരുവായൂരില്‍ എത്തിയത്. മക്കളേക്കാള്‍ സ്‌നേഹം നല്‍കി ശിഷ്യനായ എന്നെ കൂട്ടുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് എഴുന്നേറ്റ് അദ്ദേഹത്തെ വിളിച്ചുണര്‍ത്തി കുളിക്കാന്‍ സഹായിച്ചു ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകുമായിരുന്നു.

ശാന്തിക്കാരനില്‍ നിന്നു മാതൃഭൂമിയിലേക്കും അതുവഴി മാധ്യമ പ്രവര്‍ത്തനത്തിലേക്കും കടന്നു. മാതൃഭൂമിയും അതിലേറെ അവിടത്തെ പ്രൂഫ് റീഡിങ് വിഭാഗവും ചരിത്രവും സാഹിത്യവുമൊക്കെയായി ഏറെ ബന്ധമുള്ളതാണ്. എങ്ങനെയായിരുന്നു മാതൃഭൂമി ജീവിതം?
♠കുട്ടിക്കൃഷ്ണ മാരാര്‍ ചെയ്ത ജോലിയാണു ചെയ്യാന്‍ പോകുന്നത് എന്നത് എനിക്ക് അന്നുമിന്നും അഭിമാനമാണ്. ജി.അരവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ശുപാര്‍ശ ചെയ്തിരുന്നു. അഭിമുഖത്തില്‍ നല്ല മാര്‍ക്ക് കിട്ടി. അതോടെയാണു ജോലിക്കു തെരഞ്ഞെടുക്കപ്പെട്ടത്. ജോലിക്കിടെയുണ്ടായ ഏറ്റവും പ്രധാന സംഭവം കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ടപകടത്തെക്കുറിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. ആ ബോട്ടില്‍ യാത്ര ചെയ്തിരുന്ന താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരിയുടെ ദൃക്‌സാക്ഷിവിവരണമാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. പ്രജാമണ്ഡലം അംഗമായിരുന്നു അക്കാലത്ത് ആശാന്‍. അദ്ദേഹം അവസാനമാണ് ജെട്ടിയിലെത്തിയതും ബോട്ടില്‍ കയറിയതും. ബോട്ടിന്റെ താഴെത്തട്ടിലുള്ള ഫസ്റ്റ് ക്ലാസിലായിരുന്നു ആശാന്റെ സീറ്റ്. ആ ബോട്ടില്‍ ആശാനെ കാണാനും അദ്ദേഹത്തോടു സംസാരിക്കാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു കൃഷ്ണന്‍ ഭട്ടതിരിയും മറ്റേതാനും പേരും. ആശാന്റെ അടുത്തേക്കു പോകാതെ ശങ്കിച്ചുനിന്നപ്പോള്‍ ‘കയറിക്കോളൂ, ആരെയും കാത്തിരിക്കേണ്ട’ എന്നായിരുന്നു അവരോട് ആശാന്‍ പറഞ്ഞത്. അതാണ് ആശാന്‍ അവസാനമായി സംസാരിച്ച വാക്കുകള്‍! ബോട്ട് മുങ്ങിയപ്പോള്‍ മേല്‍ത്തട്ടില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. അപകടത്തില്‍നിന്നു രക്ഷപ്പെട്ട് അല്‍പം കഴിഞ്ഞു നോക്കിയപ്പോള്‍ മുങ്ങി മരിച്ചവരുടെ മൃതശരീരങ്ങള്‍ കരയില്‍ ഒരു തെങ്ങിന്‍ചുവട്ടില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ ആശാനും ഉണ്ടായിരുന്നു. പെട്ടെന്നു തിരിച്ചറിയാന്‍ സഹായിച്ചതു വേഷമാണ്. അപകടത്തിനു നിമിഷങ്ങള്‍ക്കു മുമ്പു കണ്ട അതേ വിധത്തില്‍ കമ്പിളിപ്പുതപ്പു പുതച്ചിരുന്ന കുമാരനാശാന്റെ ചേതനയറ്റ ശരീരം കൃഷ്ണന്‍ ഭട്ടതിരിക്കു വര്‍ഷമെത്ര കഴിഞ്ഞാലും മനസ്സില്‍നിന്നു മായാത്ത ചിത്രമായിരുന്നു. ഈ റിപ്പോര്‍ട്ട് മാതൃഭൂമിയുടെ ഒന്നാം താളില്‍ എത്തിച്ചത് എനിക്ക് മായാത്ത ഓര്‍മ്മയാണ്. എല്ലാ എഡിഷനുകളിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചത് അന്നത്തെ പത്രാധിപര്‍ എന്‍.വി.കൃഷ്ണവാര്യരായിരുന്നു. അന്നത്തെ പ്രമുഖ റിപ്പോര്‍ട്ടര്‍മാര്‍ക്കൊന്നും ലഭിക്കാത്ത ശ്രദ്ധ ആ റിപ്പോര്‍ട്ടിലൂടെ പ്രൂഫ് റീഡറായ എനിക്കു ലഭിച്ചു.

സ്വന്തം കവിതകളുടെ പ്രൂഫ് വായിക്കാനുള്ള അവസരം മാതൃഭൂമിക്കാലത്ത് ഉണ്ടായി. ഓര്‍ക്കുന്ന മറ്റൊരു അനുഭവം ഒ.വി.വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥയുടെ പ്രൂഫ് വായന പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയതാണ്. വായിച്ചുതീരുംമുന്‍പേ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പ്രമുഖരുടെ കൈപ്പട കാണാനും വായിക്കാനുമുള്ള അസുലഭമായ അവസരമുണ്ടായി. വായിച്ചുമനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള പി.കുഞ്ഞിരാമന്‍ നായരുടെ കയ്യെഴുത്തു ഞാന്‍ എളുപ്പത്തില്‍ വായിക്കുമായിരുന്നു. ജി.ശങ്കരക്കുറുപ്പിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും വി.കെ.എന്നിന്റെയും എം.ടി.വാസുദേവന്‍ നായരുടെയും കൈപ്പടയും വായിക്കാന്‍ സാധിച്ചു. ലളിതാംബിക അന്തര്‍ജനത്തിന്റെ കൈയക്ഷരം വായിക്കാന്‍ സാധിച്ചതാണ് ഏറ്റവും മഹത്തരമായി ഞാന്‍ കരുതുന്നത്.

എഴുത്തിലേക്ക് എപ്പോഴാണു തിരിഞ്ഞത്?
♠കുട്ടിക്കാലത്തു തന്നെ എഴുത്തിനു പശ്ചാത്തലമൊരുങ്ങി. വായനയാണ് എഴുത്തിലേക്കു നയിച്ചതെന്നു പറയാം. യു.പി.സ്‌കൂളില്‍ പഠിക്കുമ്പോള്‍ കമ്പരാമായണം വായിക്കുമായിരുന്നു. അതെനിക്കൊരു ഭ്രമമായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ വായിക്കുമായിരുന്നു. അവിടെനിന്നു വായന നീണ്ടു; ആരോഗ്യനികേതനം (താരാശങ്കര്‍ ബന്ദോപാധ്യായ രചിച്ച നോവല്‍) വരെ വായിച്ചു. ഒറ്റ ദിവസം രാത്രികൊണ്ട് ‘സുന്ദരികളും സുന്ദരന്മാരും’ (ഉറൂബ് രചിച്ച നോവല്‍) വായിച്ചുതീര്‍ത്തു. കവിതകളെല്ലാം വായിച്ചിരുന്നു. എഴുത്തു തുടങ്ങിയതു ചെറുകഥകളിലൂടെയാണ്. പക്ഷേ, എല്ലാറ്റിനും എം.ടിയുടെ രചനയുടെ ഛായ വരുന്നതായി തോന്നി. അങ്ങനെ കഥയെഴുത്തു നിര്‍ത്തി!

മൂകാംബികയില്‍ വെച്ചാണു കവിത ലഭിച്ചത്. പുഞ്ഞാറിലെ ശാന്തിക്കാലം കഴിഞ്ഞു തിരിച്ചെത്തിയതു ദുഃഖിതനായാണ്. ഒന്നുമില്ലാത്ത അവസ്ഥ. 12 ദിവസം മൂകാംബികയില്‍ ഭജനമിരുന്നു. അതിനിടെ ഒരു ദിവസം അകത്തു പ്രദക്ഷിണം വെക്കുന്നതിനിടെ അമ്മ എന്തോ തന്നതായി തോന്നി. അതു കവിതയായിരുന്നു! 450ഓളം സിനിമകള്‍ക്കു പാട്ടെഴുതുന്നതു വരെയുള്ള കവിതയുടെ ചരിത്രം അവിടെ പിറക്കുന്നു.

‘ലയം’ എന്ന വാക്കുമായി (‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിനുവേണ്ടി രചിച്ച ‘ദേവദുന്ദുഭി സാന്ദ്രലയം’ എന്ന ഗാനത്തിന്റെ ആലാപനം ആരംഭിക്കുന്നത് ‘ലയം’ എന്ന വാക്കിലൂടെയാണ്) മലയാള ചലച്ചിത്ര ഗാനരചനയിലേക്കു കടന്നുവന്ന വ്യക്തിയാണ് കൈതപ്രം. കൈതപ്രം എന്ന കവി പാട്ടെഴുത്തുകാരനാവുകയായിരുന്നു. ആദ്യ പാട്ടിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ഗാനരചയിതാവാണ്. ഈ രീതിയില്‍ മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നപ്പോള്‍ തുടക്കത്തില്‍ ഉണ്ടായ അനുഭവം, ലഭിച്ച സ്വീകരണവും പ്രതികരണവുമൊക്കെ എങ്ങനെയാണ് ഓര്‍ക്കുന്നത്?
♠ആദ്യത്തെ പടത്തില്‍ തന്നെ ഞാന്‍ സംതൃപ്തനായിരുന്നു. കാരണം അതില്‍ വെറൈറ്റി ഗാനങ്ങള്‍ ഉണ്ട്. സ്പീഡുള്ള ‘പൂവട്ടക തത്തിച്ചിന്നി’, പതുക്കെയുള്ള ‘ദേവദുന്ദുഭി’യെന്ന മെലഡി ഒക്കെയുണ്ട്. എങ്കിലും എനിക്കു കാത്തിരിക്കേണ്ടിവന്നു, അടുത്ത പടം കിട്ടാന്‍. രണ്ടു വര്‍ഷമെടുത്തു. ‘കുടുംബപുരാണ’ത്തിനാണ് അടുത്തതായി പാട്ടെഴുതിയത്. പിന്നീട് ഇതുവരെ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന പാട്ടെഴുത്തുകാരനായ ഭാസ്‌കരന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും ബിച്ചു തിരുമലയുമൊക്കെ ഇരിക്കെത്തന്നെ മുന്നിലെത്താന്‍ എനിക്കു കഴിഞ്ഞു. തൊണ്ണൂറുകളില്‍ ഞാന്‍ മാത്രമായിരുന്നു മലയാള സിനിമകള്‍ക്കു പാട്ടെഴുതാന്‍ ഉണ്ടായിരുന്നത്. ’97ലാണ് ഗിരീഷ് (പുത്തഞ്ചേരി) വരുന്നത്. അപ്പോള്‍ മാത്രമാണു പകരം ഒരാള്‍ ഉണ്ടായത്.

 

ഇത്രയും മഹാരഥന്‍മാര്‍ ഇരിക്കെ ഒന്നാമനാവുക എന്നത് എളുപ്പമല്ലല്ലോ. അപ്പോള്‍ എന്തോ ഒരു സവിശേഷത കൈതപ്രത്തിന്റെ പാട്ടുകള്‍ക്ക് ഉണ്ടായിരിക്കണം. എങ്ങനെയാണ് അതു നേടിയെടുത്തത്?
♠അമ്മ(മൂകാംബികാ ദേവി)യുടെ അനുഗ്രഹം! എന്റേതു സ്വന്തം ശൈലിയാണ്. വൈദികാംശം വരികളില്‍ അറിയാതെ നിറഞ്ഞിരുന്നു. ‘ദേവദുന്ദുഭി’യില്‍’നീരദഭാവം മരതകമണിയും സൗപര്‍ണികാതീര ഭൂവില്‍’ എന്ന വരി പാടുന്നതിനിടെ ദാസേട്ടന്‍ (യേശുദാസ്) എന്നെ അകത്തേക്കു വിളിച്ചു. ഈ വരി എഴുതുമ്പോള്‍ അമ്മയെത്തന്നെയാണോ ആലോചിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ദാസേട്ടന് അറിയാമല്ലോ അത് എന്നു ഞാന്‍ മറുപടി നല്‍കി. ആ ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂകാംബികാ ദേവിയാണ്! പാണ്ഡിത്യമല്ല കാര്യം. ആത്മാംശം പാട്ടില്‍ അലിയിച്ചുചേര്‍ക്കാനും സ്‌നേഹമെന്ന സാര്‍വലൗകിക വികാരത്തെ ഉള്‍ക്കൊള്ളാനും സാധിച്ചതാണു വിജയം. കവിതയും സംഗീതവും സന്ദര്‍ഭവും ഭാഷയും തമ്മിലുള്ള ചേരുവ നന്നാവണം. അപ്പോള്‍ ഇനിയും നല്ല പാട്ടുകള്‍ ഉണ്ടാവും.

സംവിധായകന്‍ ഗാനരംഗം പറഞ്ഞുതരികയും അതിനു ചേരുംവിധമുള്ള ഗാനങ്ങള്‍ ആവശ്യപ്പെടുകയും ആണല്ലോ ചെയ്യു ന്നത്. എന്നിരിക്കെ, ബാഹ്യബിംബങ്ങളെ പാട്ടില്‍ സന്നിവേശിപ്പിക്കുക എല്ലായ്‌പ്പോഴും പ്രാവര്‍ത്തികമാണോ?
♠പരിമിതമായ സ്വാതന്ത്ര്യം ലഭിക്കും. എന്റെ വരികള്‍ മറ്റുള്ളവര്‍ക്കൊക്കെ സ്വീകാര്യമായാലേ ഞാന്‍ എഴുന്നേല്‍ക്കാറുള്ളൂ. ചിലപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം സ്വീകാര്യമായാലും എനിക്ക് സ്വീകാര്യമാകാറില്ല! പുറത്തിറങ്ങിയതില്‍ ഞാന്‍ സംതൃപ്തനല്ലാത്ത പാട്ടുകളുണ്ട്. ജനങ്ങള്‍ അതു കൊണ്ടാടുന്നത് അമ്മയുടെ കാരുണ്യം നിമിത്തമാണ്.

സിനിമയില്‍ പാട്ടെങ്ങനെയാണ് ഫിറ്റാവുക, സിനിമാപ്പാട്ടുകള്‍ എങ്ങനെയാണ് ഹിറ്റാവുക എന്നു നിരീക്ഷിച്ചുകാണും?
♠സന്ദര്‍ഭത്തിനുവേണ്ടി മാത്രമല്ല പാട്ടെഴുതുന്നത്. കഥാപാത്രത്തിനൊപ്പം എന്റെ ജീവിതവും ഉണ്ടാകും; ഉണ്ടാവണം. എന്റെ പ്രണയവും വിരഹവും പാട്ടിലുണ്ടാവും! എന്റെ ദുഃഖവും നിരാശയും ജീവിതനിരര്‍ത്ഥകതാ ബോധവുമുണ്ട്. രചയിതാവു ചട്ടുകം മാത്രമാണ്. സ്‌നേഹം മാത്രമാണ് ആത്യന്തികം. കഥാപാത്രത്തോടു സ്‌നേഹം വേണം. തന്നോടുതന്നെ സ്‌നേഹം വേണം. സമൂഹത്തോടും സ്‌നേഹം വേണം. അപ്പോഴാണ് പാട്ടു ക്ലിക്കാവുന്നത്!

ആഴത്തിലുള്ള വായനയും അറിവുമൊക്കെ ഉണ്ടായിരുന്ന തലമുറയില്‍ നിന്നു പാട്ടെഴുത്ത് വായനാശീലം ഒട്ടൊക്കെ പരിഷ്‌കരിക്കപ്പെട്ട യുവതലമുറയിലേക്കു കടക്കുമ്പോള്‍ മലയാള ചലച്ചിത്ര ഗാനങ്ങള്‍ വേറൊരു ദിശയില്‍ നീങ്ങുകയാണോ? വേദനിപ്പിക്കുന്നില്ലേ അത്?
♠’മുറപ്പെണ്ണി’-ലെയും ‘കിരീട’ത്തിലെയുമൊക്കെ പാട്ടുകള്‍ ആ സിനിമകള്‍ മറന്നാലും കാലം മറക്കില്ല.

തലമുറകള്‍ മാറുമ്പോള്‍ ഓര്‍മ്മകളും മാറില്ലേ? ഗാനങ്ങളുടെ സുന്ദരമായ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു ഭാവിയുണ്ടോ?
♠മനുഷ്യനേ മാറുന്നുള്ളൂ; കാലം മാറുന്നില്ല. കാലം നല്ലതിനെ കൊണ്ടുനടക്കും. നിങ്ങള്‍ക്ക് അതിനു യോഗമില്ലെങ്കില്‍ നിങ്ങളുടെ കാലത്ത് ഉണ്ടാവില്ല എന്നേ ഉള്ളൂ.

പാട്ടെഴുതി ചലച്ചിത്ര ലോകത്തെത്തിയ ശേഷം സംഗീത സംവിധാനത്തിലേക്കു കടന്നെത്തിയതു സ്വാഭാവികമായ വളര്‍ച്ചയാണോ?
♠സംഗീതത്തിലും നൃത്തത്തിലും ആദ്യം പഠിക്കുന്നതു നാലു താളങ്ങളാണ്. ഈ താളങ്ങളില്‍ ഒന്നിലായിരിക്കും മൈക്കിള്‍ ജാക്‌സന്റെയും ജോണ്‍സന്റെയുമൊക്കെ പാട്ടുകള്‍. അവ മനസ്സിലാക്കാന്‍ സംഗീതം പഠിക്കുന്നതിലൂടെ സാധിക്കും. ഈണത്തിനാണല്ലോ ഞാന്‍ പാട്ടെഴുതുന്നത്. എഴുതിയാല്‍ ഞാന്‍ പാടിക്കൊടുക്കുമായിരുന്നു. ‘വെണ്ണിലാച്ചന്ദനക്കിണ്ണ’മൊക്കെ മുഴുവന്‍ പാടിയിട്ടുണ്ട്. സാഹിത്യത്തോടെ പാടാന്‍ വിദ്യാസാഗറിന് അന്നു ബുദ്ധിമുട്ടായിരുന്നു. ഇതു തുടര്‍ന്നുവരുന്നതിനിടെയാണ് ജയരാജ് സംഗീത സംവിധാനം ചെയ്യാന്‍ ക്ഷണിച്ചത്. ആദ്യപടം ഹിറ്റായതോടെ എനിക്കും അനിയന്‍ വിശ്വനും മകന്‍ ദീപാങ്കുരനും ഉണ്ണിക്കൃഷ്്ണന്‍ നമ്പൂതിരി(ഭാര്യാപിതാവ്) ക്കുമൊക്കെ ഗോള്‍ഡണ്‍ ഡിസ്‌ക് ലഭിച്ചു. ജയരാജിന്റെ രണ്ടുമൂന്നു പടങ്ങള്‍ ചെയ്തതോടെയാണു മറ്റുള്ളവര്‍ വിളിക്കാന്‍ തുടങ്ങിയത്. സംഗീത സംവിധായകര്‍ എഴുതാന്‍ വിളിക്കാതെയാകുമോ എന്ന സംശയം നിമിത്തം ഞാന്‍ പിന്നീട് അല്‍പം പിന്‍വാങ്ങുകയായിരുന്നു. എന്റെ പാട്ടുകള്‍ക്കു സംഗീതമേകാന്‍ എന്നെപ്പോലെ മറ്റൊരാള്‍ക്കും കഴിയില്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സംഗീതവും സാഹിത്യവും പരസ്പര ബന്ധിതമാണ്. ‘കളിവീടുറങ്ങിയല്ലോ’ എന്ന പാട്ടൊരുക്കുമ്പോള്‍ മോഹന(രാഗ)മൊക്കെ എത്രയോ ഉപയോഗിച്ചതാണ് എന്നു ദാസേട്ടന്‍ പറഞ്ഞു. പക്ഷേ, വേറിട്ടതാക്കാന്‍ സാധിക്കുമെന്നു ഞാന്‍ തെളിയിച്ചില്ലേ? അതു സമന്വയത്തിലൂടെയാണു സാധിക്കുന്നത്.

വയലാര്‍-ദേവരാജന്‍ ടീം എന്നതുപോലെ കൈതപ്രം-ജോണ്‍സണ്‍ ടീം എന്നൊരു കാലം ഉണ്ടായിരുന്നു. ഇനി അങ്ങനെയുള്ള ജോടി പ്രതീക്ഷിക്കാമോ?
♠കൈതപ്രം-രവീന്ദ്രന്‍ സഖ്യവും ഉണ്ടായിരുന്നു. അക്കാലത്തു ചേര്‍ച്ചയുണ്ടായിരുന്നു. ഒരുമിച്ചിരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. ജോണ്‍സണും ഞാനും ഒരിക്കലും അകന്നിട്ടില്ല. പരസ്പര വിശ്വാസമുണ്ടായിരുന്നു. വാട്‌സാപ്പില്‍ ട്യൂണ്‍ അയച്ചുതരികയും അതുപ്രകാരം വരികള്‍ എഴുതി അയച്ചുകൊടുക്കുകയും ചെയ്യുന്ന കാലത്ത് എന്ത് കൈതപ്രം-ജോണ്‍സണ്‍; എങ്ങനെ ടീം രൂപപ്പെടും?

കൈതപ്രത്തെ ജനങ്ങള്‍ ഓര്‍ക്കുന്നതിന് ഒരു കാരണം പാടി അഭിനയിക്കുന്ന വ്യക്തി എന്നതും ആയിരിക്കാം. പാടി അഭിനയിച്ച അനുഭവം എങ്ങനെ ഓര്‍ക്കുന്നു?
♠ഇരുപതോളം സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ എനിക്കു കൂടുതല്‍ താല്‍പര്യമില്ല. എന്നാല്‍ ഏറ്റവും കാശു കിട്ടുക അതില്‍നിന്നാണ്. ലോഹിതദാസും ജയരാജുമൊക്കെ പറഞ്ഞിട്ടാണു ഞാന്‍ അഭിനയിച്ചത്.

മിക്ക നടീനടന്‍മാരും കൊണ്ടുനടക്കുന്ന സ്വപ്‌നമാണു ചലച്ചിത്ര സംവിധായകനാവുക എന്നത്. കൈതപ്രവും ശ്രമിച്ചു?
♠പാട്ടെഴുതാനും സംഗീതം ചെയ്യാനും തിരക്കഥ എഴുതാനും അഭിനയിക്കാനും സാധിക്കുമെങ്കില്‍ സംവിധാനവും വഴങ്ങും എന്നാണു ഞാന്‍ കരുതുന്നത്. മൊത്തമായി ഞാന്‍ ചെയ്ത സിനിമ കാണണമെന്നുണ്ട്. അതിനാണു പുറപ്പെട്ടത്. അതു ചെയ്തിരിക്കും. എന്റെ ആദ്യത്തെ പടം ജനങ്ങള്‍ സ്വീകരിക്കുമെന്ന ഉറപ്പുണ്ട്. ‘മഴവില്ലിനറ്റം വരെ’ എന്ന സിനിമയുടെ എല്ലാ ജോലികളും പൂര്‍ത്തിയായി. ഇനി വിതരണമാണു ബാക്കിയുള്ളത്.

ചലച്ചിത്രത്തിന്റെ മറ്റെല്ലാ മേഖലകളിലും വിജയിച്ചെങ്കിലും സംവിധാന രംഗത്തേക്കു കടന്നപ്പോള്‍ തിരിച്ചടിയുണ്ടായി. എന്തുകൊണ്ടാണ് അതുണ്ടായത്?
♠സിനിമ മൊത്തത്തില്‍ പണത്തിന്റെ കളിയാണ്. പാട്ടെഴുത്തിനും സംഗീതത്തിനും പണം വേണ്ട. അതേസമയം, സിനിമ മറ്റൊരാളുടെ പണംകൊണ്ടു പൂര്‍ത്തിയാക്കപ്പെടുന്നതാണ്.

പണമാണോ കള്ളപ്പണമാണോ?
♠കള്ളപ്പണമാണ്. പണം വാരിയെറിയുന്നതു കാണുമ്പോള്‍ മനസ്സിലാവുക കള്ളപ്പണമാണ് എന്നാണ്. പഴയ കാലത്തെ പ്രൊഡ്യൂസര്‍മാര്‍ അങ്ങനെ ആയിരുന്നില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണക്കടത്തിനും ലഹരിക്കടത്തിനുമൊക്കെ ചലച്ചിത്ര ലോകവുമായി ബന്ധമുണ്ട്. കള്ളക്കടത്തുകാരെ ചലച്ചിത്ര ലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണികളായി ചലച്ചിത്ര പ്രവര്‍ത്തകര്‍ നിലകൊള്ളുന്നു എന്ന ആരോപണവും ഉണ്ട്. അത്തരക്കാരാണു മലയാള സിനിമയെ നിയന്ത്രിക്കുന്നത് എന്നു പറയുന്നു. ഷാഡോ പ്രൊഡ്യൂസര്‍മാരാണോ ഇപ്പോഴുള്ളത്? ചലച്ചിത്രമെന്ന കല ദുരുപയോഗം ചെയ്യപ്പെടുകയല്ലേ? രാഷ്ട്രീയം, മതം തുടങ്ങിയവ സംബന്ധിച്ച ഹിഡണ്‍ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുകയാണോ?
♠ഉദ്ദേശ്യം കലയാണോ കൊലയാണോ എന്നതാണു പ്രശ്‌നം. കലയ്ക്കു തെറ്റായ വഴി ആവശ്യമില്ല. കലാകാരന്‍മാര്‍ ഉള്ളിലുള്ള കല നന്നായി അവതരിപ്പിക്കും. അവര്‍ക്കു കള്ളപ്പണമോ വലിയ ആര്‍ട്ടിസ്റ്റുകളോ ആവശ്യമില്ല. ആര്‍ട്ടിസ്റ്റുകള്‍ എട്ടും പത്തും കോടി രൂപ വാങ്ങുന്നതാണു വലിയ പ്രശ്‌നം. ഇതിനു പണം കണ്ടെത്താനാണു കള്ളപ്പണം തേടുന്നത്.

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ഉള്ളതു മലയാള ചലച്ചിത്ര രംഗത്തു മാത്രമല്ല. ഹോളിവുഡ്ഡിലും ബോളിവുഡ്ഡിലും തമിഴ് സിനിമയിലുമൊക്കെ നടീനടന്‍മാരും സാങ്കേതിക വിദഗ്ധരും ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട് എന്നതു പരസ്യമാണ്. എന്നാല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്‍പും ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടല്ലോ. ചലച്ചിത്ര പ്രവര്‍ത്തകര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു എന്നതില്‍നിന്നു ലഹരിക്കാര്‍ ചലച്ചിത്രത്തെ ദുരുപയോഗം ചെയ്യുന്നു എന്ന സാഹചര്യമല്ലേ ഇപ്പോഴുള്ളത്?
♠ശരിയാണ്. ലഹരിയിലാണു മുങ്ങുന്നത്; കലയിലല്ല. പണ്ടു ചലച്ചിത്രകാരന്‍മാര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതു കലയെ ഉത്തേജിപ്പിക്കാനാണ്. ഇപ്പോഴത്തെ സ്ഥിതി അതല്ല. മറ്റു പല ഉദ്ദേശ്യങ്ങളും സഫലമാക്കുന്നതിനായാണ് ഇപ്പോള്‍ പലരും ചലച്ചിത്ര രംഗത്തേക്കു വരുന്നത്. നടികളെ സ്വന്തമാക്കാനും ഉപദ്രവിക്കാനുമാണു പലരും വരുന്നത്. സുന്ദരികളെ ഏറ്റവും എളുപ്പത്തില്‍ കിട്ടുക ചലച്ചിത്ര ലോകത്തുനിന്നാണ് എന്നതാണ് അത്തരക്കാരെ ആകര്‍ഷിക്കുന്നത്.

കള്ളപ്പണക്കാരുടെയും പുത്തന്‍കൂറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയും അധീശത്വം നിമിത്തം മുന്‍കാല ചലച്ചിത്ര പ്രവര്‍ത്തകര്‍ തഴയപ്പെടുകയാണ്. ഇതു മലയാള ചലച്ചിത്ര രംഗത്തു തുടര്‍ച്ച ഇല്ലാതാക്കുന്നില്ലേ? രാജ്യാന്തര തലത്തില്‍ പോലും മലയാള ചലച്ചിത്ര ലോകം ശ്രദ്ധിക്കപ്പെട്ടിരുന്ന കാലം അസ്തമിക്കുകയാണോ?
♠നമുക്കു കലയില്‍ വിശ്വസിച്ചേ പറ്റൂ. കല ഒരിക്കലും ചതിക്കില്ല എന്നാണ്. സംഗീതത്തില്‍ വിശ്വസിച്ചോളൂ; സംഗീതം നിങ്ങളെ ചതിക്കില്ല എന്നു പലരും പറഞ്ഞുതന്നിട്ടുണ്ട്. അതു സത്യമല്ലേ? കല നമ്മെ നാലു കാലിലേ വീഴ്ത്തൂ. കലയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇനിയും നല്ലകാലം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. ദുഷ്ടശക്തികള്‍ക്ക് ഇത് ഒരു പരിധിവരെ മാത്രമേ കീഴടക്കാന്‍ സാധിക്കുകയുള്ളൂ.

സംഗീതവുമായി ബന്ധപ്പെട്ടു പ്രതിഭ തെളിയിച്ച കൈതപ്രം, കണ്ണാടി ഭാഗവതര്‍ (കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരി) എന്ന കഴിവുറ്റ സംഗീതജ്ഞനായ പിതാവ്, സംഗീതരംഗത്തെ യുവപ്രതിഭയായ ദീപാങ്കുരന്‍ എന്ന മകന്‍- സംഗീതരംഗത്തെ മൂന്നു തലമുറകള്‍. ഒരുപക്ഷേ, മൂന്നാം തലമുറയില്‍നിന്നു നാലാം തലമുറയിലേക്കു നീളുന്ന സംഗീത പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന യേശുദാസിന്റെ കുടുംബം മാത്രമേ കാണൂ, മുന്‍പില്‍. എന്താണു പറയാനുള്ളത്?
♠എനിക്കു പിന്‍തുണ ലഭിച്ചിട്ടില്ല. അച്ഛന്‍ സംഗീതജ്ഞനായിരുന്നു എങ്കിലും എന്നെ സംഗീതം പഠിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഞാന്‍ സംഗീതം പഠിക്കുന്നതില്‍ അച്ഛനു താല്‍പര്യവും ഇല്ലായിരുന്നു. മറ്റൊന്നിനുമല്ല, സംഗീതത്തെക്കുറിച്ച് അറിയാന്‍ പഠിച്ചിരിക്കുക എന്നേ ഉദ്ദേശിക്കുന്നുള്ളൂ എന്നു ഞാന്‍ മറുപടി നല്‍കി. ജീവിതയാത്രയില്‍ എന്നും സംഗീതം എനിക്കൊപ്പം ഉണ്ടായിരുന്നു. എഴുത്തും ഞാന്‍ സ്വയം നേടിയെടുത്തതാണ്. വായിച്ച് എഴുത്തുകാരനായതാണ്. എന്നാല്‍ എനിക്ക് ആഗ്രഹമുള്ളതുകൊണ്ടാണ് ദീപാങ്കുരനെ സംഗീതകാരനാക്കിയത്. കുട്ടിക്കാലം മുതല്‍ത്തന്നെ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. അതേസമയം, പാരമ്പര്യംമാത്രം പോരാ. ത്യാഗം ചെയ്താലേ സാധിക്കൂ. ജീവിതം മുഴുവന്‍ ത്യാഗം ചെയ്ത ദാസേട്ടനു കിട്ടിയ അളവോളം സംഗീതം അദ്ദേഹത്തിന്റെ മകനു ലഭിച്ചില്ല. ത്യാഗം കുറഞ്ഞതുകൊണ്ടാണ് അത്.

മ്യൂസിക് തെറാപ്പി എന്ന ആശയം മുമ്പോട്ടുവെച്ചിരുന്നല്ലോ. ഏതു വിധമാണ് അതു മുന്നോട്ടുനീങ്ങുന്നത്?
♠സംഗീതംകൊണ്ട് സാന്ത്വനമേകാന്‍ സാധിക്കും. അതാണു ലക്ഷ്യം. ഒന്നോ രണ്ടോ സിനിമാപ്പാട്ടു പാടിയതുകൊണ്ട് എന്തു കാര്യമാണു സംഗീതം പഠിച്ച ഒരാള്‍ക്കുള്ളത്? 450 സിനിമകള്‍ക്കു പാട്ടെഴുതിയ എനിക്കു പറയാനുള്ളത് സിനിമയല്ല കാര്യം, സമൂഹമാണ് എന്നാണ്. ഞാന്‍ എഴുതിയാലോ പാടിയാലോ സ്‌നേഹം പിറക്കുമെങ്കില്‍ അതിലാണു ഞാന്‍ വിശ്വസിക്കുന്നത്. എന്റെ പണമേറെയും ചെലവിട്ടതു സ്വാതി തിരുനാള്‍ കലാകേന്ദ്രത്തിനു വേണ്ടിയാണ്.

ശാന്തിയെക്കുറിച്ചു പറഞ്ഞാണ് അഭിമുഖം തുടങ്ങിയത്. മറ്റു ജാതിക്കാരും ശാന്തിക്കാരായിത്തുടങ്ങിയെങ്കിലും ഇപ്പോഴും കേരളത്തില്‍ ശാന്തിക്കാരായി കൂടുതല്‍ അവസരം ബ്രാഹ്മണര്‍ക്കാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നായിരുന്നു തുടക്കത്തില്‍ പേര്. എന്നാല്‍ പേരില്‍നിന്നു നമ്പൂതിരി എന്ന് ഒഴിവാക്കി എന്ന് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. കൈതപ്രം ദാമോദരന്‍ എന്നാണോ ഇപ്പോള്‍ ഇഷ്ടപ്പെടുന്ന പേര്? എന്താണ് അത്തരമൊരു തീരുമാനത്തിലേക്കു നയിച്ചത്?
♠കൈതപ്രം ദാമോദരന്‍ എന്നാക്കിയിട്ടില്ല. കൈത്രപ്രം എന്നു മാത്രമായാണു പേരു ചുരുക്കിയത്. എന്റെ തറവാട്ടു പേരിനേക്കാള്‍, എന്റെ പേരിനേക്കാള്‍ നല്ലത് എന്റെ നാടിന്റെ പേരാണ് എന്നു തോന്നിയതുകൊണ്ടാണ്.

എന്തുകൊണ്ടാണ് നമ്പൂതിരി എന്നതു പേരില്‍നിന്ന്് ഒഴിവാക്കണമെന്നു തോന്നിയത്?
♠ജാതിചിന്ത കൂടുതലാവേണ്ട എന്നു കരുതി ചെയ്തതാണ്. നമ്പൂതിരിയാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നതേ ഉള്ളൂ. ജാതിയില്‍ വിശ്വസിക്കുന്നില്ല; സ്‌നേഹത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ. ഹിന്ദുസമൂഹത്തില്‍ ജാതിസമ്പ്രദായം ഏറ്റവും അപകടകരമാണ്. ആവശ്യമില്ലാത്ത ഒന്നാണു ജാതി. എനിക്കു പൂജാസാധനങ്ങളൊക്കെ വാങ്ങിത്തരുന്നത് മുസ്ലിംകുട്ടിയാണ്. എനിക്കോ കുടുംബത്തിനോ അവനോട് അശുദ്ധിയില്ല. അങ്ങനെയാവണം എന്നാണു കരുതുന്നത്. പുറത്തുനിന്നു പറഞ്ഞതുകൊണ്ടായില്ല; അകത്തു മാറ്റം വരുത്താന്‍ തയ്യാറാകണം.

കമ്മ്യൂണിസ്റ്റായി മാറിയ ഇ.എം.എസിനെ പോലെയുള്ളവര്‍ക്കു പോലും ജാതിപ്പേര് ഒഴിവാക്കാന്‍ തോന്നിയില്ല. കൈതപ്രത്തിന് അതു തോന്നി. എന്താണ് ഇത്തരത്തിലൊരു മാറ്റത്തിനു കാരണം?
♠ഇ.എം.എസ്സിന് ഉള്ളില്‍ ജാതിചിന്ത ഉണ്ടായിരുന്നു. അതേസമയം, എനിക്ക് അതില്ല.

Tags: കൈതപ്രംKaithapram
Share4TweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

നവതി കടന്ന നാരീരത്‌നം

നിമിത്ത മാത്രം ഭവ സവ്യസാചിൻ

നവതി കടന്ന നാരീരത്‌നം

നവതി കടന്ന നാരീരത്‌നം

Shopping Cart

Latest

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies