സിനിമക്കുള്ളിലെ സിനിമ എന്നത് ചലച്ചിത്രകാരന്മാര്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണെങ്കിലും മലയാളത്തില്‍ ഈ വിഷയത്തില്‍ കൈവെക്കാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. അപൂര്‍വ്വമായി വന്ന ചിത്രങ്ങള്‍ തന്നെ വിഷയത്തിന്റെ ആത്മാവിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുമില്ല. അതിലൊക്കെ സിനിമ എന്നത് വെറും പശ്ചാത്തലം മാത്രമായിരുന്നു. അതായത് ചലച്ചിത്രകാരന്മാര്‍ തന്നെ തങ്ങളുടെ സ്വന്തം മേഖലയോട് സിനിമയിലൂടെ നീതി പുലര്‍ത്തിയില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
ഈ ചരിത്രം മനസ്സില്‍ വെച്ചുകൊണ്ടാണ് സലിം അഹമ്മദിന്റെ ഓസ്‌കാറിനു ടിക്കറ്റെടുത്തത്. സിനിമയുടെ മുഴുവന്‍ പേര് ‘And the ഓസ്‌കാര്‍ goes to…’ .എന്നാണ്. ആദാമിന്റെ മകന്‍ അബു, പത്തേമാരി തുടങ്ങിയ ചില നല്ല പടങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സലിംഅഹമ്മദിന്റെ സിനിമയാണങ്കിലും ഈ ആശങ്ക ഉണ്ടായിരുന്നു.
സ്വന്തമായി ഒരു നല്ല സിനിമ എന്ന മോഹവുമായി, എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുമായി വര്‍ഷങ്ങളോളം നിര്‍മ്മാതാക്കളെ സമീപിച്ച് നിരാശനായ ഇസഹാക്ക് ഇബ്രാഹിം ഒടുവില്‍ സ്വയം സിനിമയെടുക്കാന്‍ തീരുമാനിക്കുന്നു. സംവിധായകനും നിര്‍മ്മാതാവും ഒരാള്‍ തന്നെ ആകുമ്പോഴുള്ള എല്ലാ ആകുലതകളും സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളുമെല്ലാം അതിന്റെ സ്വാഭാവികതയോടെ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
അമ്പത് ലക്ഷം എന്ന ചെറിയ ബജറ്റില്‍ എടുക്കുന്ന സിനിമക്ക് വേണ്ടി പണം സ്വരൂപിക്കാനുള്ള ആ ചെറുപ്പക്കാരന്റെ ഓട്ടപ്പാച്ചിലില്‍ തുണയാകുന്നത് പ്രധാനമായും സിനിമയോടുള്ള സമര്‍പ്പണവും സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും പിന്തുണയും മാത്രം. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇസഹാക്കിന്റെ സിനിമ വെള്ളിത്തിര പൂകുക തന്നെ ചെയ്തു. ദേശീയ അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴും കടന്നുവന്ന വഴികള്‍ മറക്കാത്ത ഇസഹാക്ക് നല്‍കുന്ന സന്ദേശങ്ങള്‍ സിനിമയിലെന്നല്ല ഏത് മനുഷ്യജീവിതത്തിലും വളരെ വലുതാണ്.
ഇസഹാക്കിന്റെ പടം വിഖ്യാതമായ ഓസ്‌കാര്‍ അവാര്‍ഡിനുള്ള വിദേശസിനിമകളുടെ കൂടെ മത്സരിക്കാനുള്ള ഇന്ത്യയുടെ പടമായി തെരഞ്ഞെടുക്കപ്പെടുന്നിടത്ത് പടം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അപരിചിതമായ രാജ്യത്ത്, കേട്ടുകേള്‍വി മാത്രമുള്ള ഓസ്‌കാറിന്റെയും ഹോളിവുഡിന്റെയും മായികലോകത്ത് പുതിയ കീഴ്‌വഴക്കങ്ങളുമായി യോജിക്കാന്‍ കഷ്ടപ്പെടുന്ന ഇസഹാക്ക് എന്തായാലും മലയാളസിനിമയില്‍ ഒരു പുതിയ അനുഭവം തന്നെയാണ്. ലോകം മുഴുവനുമുള്ള ആയിരക്കണക്കിന് സിനിമകള്‍ മാറ്റുരക്കുന്ന ഓസ്‌കാറില്‍ തന്റെ സിനിമയുടെ ശബ്ദം വേറിട്ട് കേള്‍ക്കണമെങ്കില്‍ വെറും സിനിമാസ്‌നേഹം മാത്രം പോര പ്രയോഗികതയുടെയും കച്ചവടത്തിന്റെയും മേഖലകള്‍ കൂടി ഉണ്ടാകണം എന്ന തിരിച്ചറിവ് ഇസഹാക്കിന് പുതിയ അനുഭവമായിരുന്നു, ഇസഹാക്കിനു മാത്രമല്ല, പ്രേക്ഷകര്‍ക്കും. ഓസ്‌കാര്‍ വേദിയിലെ വര്‍ണ്ണപ്രപഞ്ചങ്ങളില്‍ ആറാടി നില്‍ക്കുന്ന വിശ്വോത്തര കലാകാരന്മാര്‍ താണ്ടിവന്ന വെല്ലുവിളികള്‍ എത്ര ഭീകരമായിരിക്കും എന്നതും മലയാളിക്ക് ഒരു പുതിയ അറിവാണ്.
പൊതുവേ സിനിമകളില്‍ കാണുന്ന പഞ്ച് ഡയലോഗുകളോ അപ്രതീക്ഷിത ട്വിസ്റ്റുകളോ സസ്‌പെന്‍സിനു വേണ്ടി മനപ്പൂര്‍വ്വം ഉണ്ടാക്കുന്ന മെലോഡ്രാമകളോ ഒന്നുമില്ലാതെ ഉടനീളം ശാന്തമായൊഴുകുന്ന ഒരു ജലപ്രവാഹം പോലെ സൗമ്യമാണ് ഈ പടവും അതിന്റെ തിരക്കഥയും. നായകന്റെ ഹീറോയിസം കാണിക്കാനുള്ള കടുത്ത നിറക്കൂട്ടുകള്‍ എവിടെയുമില്ല. ഏത് വെല്ലുവിളിയെയും ശാന്തമായ പുഞ്ചിരിയോടെ സമീപിക്കുന്ന ഇസഹാക്ക് ഒരു ദുര്‍ബ്ബലനാണോ എന്ന് തോന്നാമെങ്കിലും അത് അതീവ വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. ഇസഹാക്കിന്റെയും ചിത്രയുടെയും നിശബ്ദ പ്രണയം എവിടെയെങ്കിലും ക്രാഷ് ലാന്‍ഡ്‌ചെയ്യുമോ എന്ന് തോന്നിയിരുന്നങ്കിലും, അതിന്റെ പരിണിതിയെ പ്രേക്ഷകന്റെ ചിന്തകള്‍ക്ക് വിട്ടുകൊടുത്ത് പിന്‍വാങ്ങിയ സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇതേ സംവിധായകന്റെ തന്നെ പടമായ ആദാമിന്റെ മകന്‍ അബുവിലെ കഥാപാത്രത്തെ സലിം കുമാറിന്റെ മൊയ്തു അനുസ്മരിപ്പിക്കുന്നുണ്ട്. സലിംകുമാര്‍ എന്ന നടന്റെ അഭിനയശേഷി മലയാളം ഇനിയും തിരിച്ചറിയാനുണ്ട് എന്ന് ഓസ്‌കാര്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ഇസഹാക്കായി ടോവിനൊ നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ അനു സിതാര, ലാല്‍, വിജയരാഘവന്‍, ശ്രീനിവാസന്‍, സിദ്ദിഖ് എന്നിവരെല്ലാം തങ്ങളുടെ പങ്ക് അവിസ്മരണീയമാക്കി. ബിജിബാലിന്റെ സംഗീതം എങ്ങും മുഴച്ചു നില്‍ക്കാതെ പതിഞ്ഞുപെയ്യുന്ന ഒരു കാലവര്‍ഷത്തിന്റെ താളത്തില്‍ നമുക്കൊപ്പം നീങ്ങുന്നു.
കുറേക്കാലത്തിനു ശേഷമാണു മധു അമ്പാട്ടിന്റെ ക്യാമറ മലയാളത്തിനു വേണ്ടി ചലിക്കുന്നത്. ഓരോ ഫ്രെയിമും കഥ പറയുന്ന ആ മധു അമ്പാട്ട് ടച്ച് ഈ സിനിമയുടെ ഒരു സൗഭാഗ്യമാണ്.
ഓസ്‌കാര്‍, ഒരു മാസ് ഓഡിയന്‍സിനു വേണ്ടിയുള്ള ഒരു പടമല്ല. എന്നാല്‍ ബുദ്ധിജീവി ജാട്യങ്ങളെ തൃപ്തിപ്പെടുതാനുള്ളതുമല്ല. ഇത് സിനിമയെ സ്‌നേഹിക്കുന്ന ചലച്ചിത്രപ്രേമികള്‍ക്ക് വേണ്ടിയുള്ള പടമാണ്. ഇതിലെ നായകനും നായികയും സിനിമ മാത്രമാണ്.