വര്‍ഗ്ഗീയ വികാരത്തെ അവസരോചിതമായി എങ്ങനെ ഉപയോഗിക്കണമെന്ന് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ആരും പഠിപ്പിക്കേണ്ടതില്ല. അവരുടെ വര്‍ഗ്ഗീയവിരുദ്ധ പരിവേഷം പോലും തീവ്രവര്‍ഗ്ഗീയ മുതലെടുപ്പിനുള്ള പൊയ്മുഖമായിരുന്നു എന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. സംഘടിത മത വോട്ടുകള്‍ തട്ടിയെടുക്കാനുള്ള അടവുനയത്തിന്റെ ഭാഗം മാത്രമാണ് കമ്മ്യൂണിസ്റ്റ്കാരുടെ വര്‍ഗ്ഗീയവിരുദ്ധ പൊറാട്ടുനാടകങ്ങള്‍. കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീയ അജണ്ടകളുടെ എല്ലാകാലത്തെയും ഇരകളായിരുന്നു ഇന്ത്യന്‍ മുസ്ലിങ്ങള്‍ എന്ന സത്യം വൈകിയാണെങ്കിലും അവരില്‍ ചിലര്‍ മനസ്സിലാക്കിതുടങ്ങിയിട്ടുണ്ട്. ഇത് മനസ്സിലാകാത്തവരും മനസ്സിലായിട്ടും മനസ്സിലായില്ലെന്നു നടിക്കുന്നവരും ചേര്‍ന്നൊരുക്കുന്ന കെണികളില്‍ വീഴുന്ന പാവപ്പെട്ട മുസ്ലിങ്ങള്‍ നിരവധിയാണ്.
കേരളമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗീയ കുതന്ത്രങ്ങളുടെ പരീക്ഷണശാല. കള്ളക്കടത്തും രാജ്യദ്രോഹവും അഴിമതിയുമെല്ലാമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അങ്ങാടിയില്‍ തുണി അഴിഞ്ഞവന്റെ അവസ്ഥയിലാണ്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പതിവുപോലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണന്‍ മുസ്ലിം മതമൗലികവാദം ആളിക്കത്തിച്ച് മുതലെടുപ്പിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലൂടെ ഇക്കഴിഞ്ഞ ദിവസം ഐ.എസ്.ഭീകരരെപ്പോലും കടത്തിവെട്ടുന്നതരത്തിലുള്ള മുസ്ലിംമൗലികവാദം ഉയര്‍ത്താനാണ് ബാലകൃഷ്ണന്‍ ശ്രമിച്ചിരിക്കുന്നത്.
കോടതി രാജ്യദ്രോഹ കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്തു കേസ്സില്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തതോടെ ഇടതുപക്ഷ സര്‍ക്കാരിന്റെ പതനം ആസന്നമായിരിക്കുകയാണ്. ഭാരതത്തില്‍ ഒരു മന്ത്രിയെ രാജ്യദ്രോഹ കുറ്റത്തിന് ചോദ്യം ചെയ്യുന്നതുതന്നെ ചരിത്രത്തിലാദ്യത്തെ സംഭവമാണ്. രാജ്യദ്രോഹ ഗൂഢാലോചനയുടെ കേന്ദ്രമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നതും സ്വതന്ത്രഭാരതത്തിലാദ്യത്തെ സംഭവമാണ്. കേരളത്തെ ഭാരത മഹാരാജ്യത്തില്‍ നിന്നും അടര്‍ത്തിമാറ്റുക എന്ന കമ്മ്യൂണിസ്റ്റ് അജണ്ടയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍വ്വഹണത്തിന് മുസ്ലീംമതമൗലികവാദികളെ കൂട്ടുപിടിക്കുക എന്ന നയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്‍തുടര്‍ന്നുപോരുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ട ധാര്‍മ്മിക ബാദ്ധ്യത കേരളത്തിലെ ദേശീയ മുസ്ലിങ്ങള്‍ക്കുണ്ട്. യു.എ.ഇയില്‍ നിന്നും മന്ത്രി കെ.ടി.ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കടത്തിയതെന്ത് എന്ന ചോദ്യത്തിന് ആദ്യം നല്‍കിയ മറുപടിയല്ല രണ്ടാമത് നല്‍കിയത്. ഒരു വിദേശ രാജ്യവുമായി നേരിട്ട് ഇടപാടുകള്‍ നടത്താന്‍ ഒരു സംസ്ഥാന സര്‍ക്കാരിനെയും ഭാരത ഭരണഘടന അനുവദിക്കുന്നില്ല. യു.എ.ഇ.കോണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ചാനലിലൂടെ എത്തിയത് സക്കാത്തിനുള്ള ഭക്ഷ്യവസ്തുക്കളാണെന്നായിരുന്നു കെ.ടി.ജലീല്‍ ആദ്യം പറഞ്ഞിരുന്നത്. അതിനു മാത്രം ദരിദ്രരാണോ കേരളത്തിലെ മുസ്ലിങ്ങള്‍ എന്ന ചോദ്യം അപ്പോഴും ബാക്കി നില്‍ക്കുകയാണ്. എന്തായാലും ജലീല്‍ ഭക്ഷ്യവസ്തുക്കളാണ് കൊണ്ടുവന്നതെന്ന വാദത്തില്‍ അധികം ഉറച്ചുനിന്നില്ല. നയതന്ത്ര ബാഗേജില്‍ കൊണ്ടുവന്നത് ഖുറാനാണെന്ന വാദമാണ് ഇപ്പോള്‍ ജലീലും കമ്മ്യൂണിസ്റ്റുകാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് കമ്മ്യൂണിസ്റ്റുകാരന്റെ വര്‍ഗ്ഗീയ അജണ്ട പുറത്തുവരുന്നത്. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വയ്ക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിനെ ഖുറാന്റെ മറവില്‍ വിശുദ്ധ കര്‍മ്മമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ ചോദ്യം ചെയ്യേണ്ടതും ഇതിനെയാണ്. കള്ളക്കടത്തിനും കള്ളപ്പണത്തിനും മറക്കുടയാക്കാനുള്ളതാണോ ഖുറാനെന്ന് ചിന്തിക്കേണ്ടത് യഥാര്‍ത്ഥ ദേശീയ മുസ്ലിമിന്റെ കടമയാണ്. ഇതിലൂടെ സത്യത്തില്‍ ഖുറാനെ അപമാനിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അവരുടെ മക്കളും ചേര്‍ന്നു നടത്തുന്ന രാജ്യദ്രോഹത്തിനും തീവെട്ടിക്കൊള്ളയ്ക്കും മറയിടാനായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു ഖുറാന്‍. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന് ചുവരെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത ‘സിമി’ എന്ന ഭീകരസംഘടനയില്‍ നിന്നും അതേ വിഘടന ഭീകരവാദ ദൗത്യവുമായി കമ്മ്യൂണിസ്റ്റ് കുടക്കീഴിലേക്കു വന്ന കെ.ടി.ജലീലിനെ കേരളത്തിലെ യഥാര്‍ത്ഥ മതവിശ്വാസികളായ മുസ്ലിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഖുറാനടക്കമുള്ള മതപ്രതീകങ്ങളെ ഭീകരവാദത്തിനു മറയാക്കുന്ന ജലീലിനെപ്പോലുള്ളവരെ സാമൂഹ്യ ബഹിഷ്‌ക്കരണം നടത്താന്‍ ദേശീയ മുസ്ലിങ്ങള്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ മകള്‍, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍, മറ്റൊരു കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ മകന്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടു എന്ന് സംശയിക്കുന്ന കോടികളുടെ വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാ വഴികളും അടഞ്ഞപ്പോഴാണ് പച്ച വര്‍ഗ്ഗീയതയുമായി പാര്‍ട്ടി സെക്രട്ടറി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുസ്ലിം ഇരവാദം എന്ന തുറുപ്പുചീട്ടിറക്കിയുള്ള കമ്മ്യൂണിസ്റ്റുകാരന്റെ കളിയില്‍ പലപ്പോഴും കുടുങ്ങിപ്പോയിട്ടുള്ള ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇനിയെങ്കിലും വസ്തുതകള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. സ്വര്‍ണ്ണക്കടത്തിന്റെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നും മറയ്ക്കാന്‍ സെക്രട്ടറിയേറ്റിനു തീയിടാന്‍ മടിക്കാത്ത കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ട് നാടിനു തന്നെ തീയിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഖുറാന്‍ ഒരു നിരോധിത മതഗ്രന്ഥമാണോ എന്നും മോദിസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതു കൊണ്ടാണ് ഖുറാന്‍ വിതരണവും റമദാന്‍ കിറ്റും ഒക്കെ വിവാദമായതെന്നും കഥകള്‍ മെനഞ്ഞ് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തെറ്റിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹത്തിനെതിരെ കൊറോണയുടെ ഭീഷണി പോലും വകവയ്ക്കാതെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ അവരെല്ലാം ഖുറാന്‍ വിരുദ്ധ പ്രക്ഷേഭമാണ് നടത്തുന്നത് എന്നു പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിക്കു മാത്രമേ കഴിയു. ഈ ജനകീയ പ്രക്ഷോഭങ്ങളെ വര്‍ഗ്ഗീയ ഭീകര സംഘടനകളെക്കൊണ്ട് അടിച്ചമര്‍ത്താനുള്ള നിഗൂഢ തന്ത്രമാണ് ഏ.കെ.ജി.സെന്ററില്‍ മെനയുന്നത്. ഖുറാനോടുള്ള കമ്മ്യൂണിസ്റ്റ്കാരുടെ ഭക്തി നാദാപുരം കലാപത്തില്‍ അവര്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കലാപകാലത്ത് മുസ്ലിം വീടുകളും പള്ളികളും ആക്രമിച്ച കമ്മ്യൂണിസ്റ്റുകള്‍ ഖുറാന്‍ വലിച്ചു കീറി കിണറ്റിലെറിഞ്ഞതും ഖുറാനില്‍ മൂത്രമൊഴിച്ചതും ഒന്നും അന്നാട്ടുകാരായ മുസ്ലിങ്ങളെങ്കിലും മറന്നിരിക്കാന്‍ ഇടയില്ല. ജലീല്‍ കുറ്റക്കാരനെന്നു തെളിഞ്ഞാലും അദ്ദേഹം രാജിവയ്‌ക്കേണ്ട എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഏക സ്വരത്തില്‍ പറയുന്നതിന്റെ കാരണം ജലീലിലൂടെ അന്വേഷണം എത്തിച്ചേരുക മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാവും എന്ന് കൃത്യമായി അറിയുന്നതുകൊണ്ടാണ്. കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനെ കാത്തിരിക്കുന്ന ദുരന്തത്തില്‍ നിന്നും അവരെ രക്ഷിക്കാന്‍ ഇനി സാക്ഷാല്‍ അയ്യപ്പ സ്വാമി വിചാരിച്ചാല്‍ പോലും ചിലപ്പോള്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍ മുസ്ലിം മതവികാരം ഇളക്കിവിട്ട് രക്ഷപ്പെടാനാവുമോ എന്നൊന്നു പരീക്ഷിച്ചു നോക്കുകയാണ് സി.പി.എം നേതൃത്വം ചെയ്യുന്നത്. ഇത് സത്യത്തില്‍ ദേശീയ മുസ്ലിമിനെ അപമാനിക്കുന്ന പ്രവൃത്തിയാണ്. അതിനെ ചോദ്യംചെയ്യേണ്ടതും പ്രതിരോധിക്കേണ്ടതും യഥാര്‍ത്ഥ മുസ്ലിമിന്റെ കടമയാണ്.