”പിന്നെന്താ മുത്തശ്ശീ ? ”
”നൊന്തുപെറ്റ മകനല്ലേ അപ്പൂ. പഴയ കഥകള്‍ മകന്റെ ചെകിട്ടിലെത്തിയാല്‍ അവന്‍ പകരം ചോദിക്കാന്‍ ചാടിപ്പുറപ്പെടുമെന്ന് അമ്മയ്ക്കു നല്ല പേടിയുണ്ടായിരുന്നു. അച്ഛനായ കുഞ്ഞിരാമനെപ്പോലെ ജീവനില്‍ കൊതിയുള്ള ചേകോനല്ലാ പൊന്നുമകനെന്ന് ആര്‍ച്ചയ്ക്കു നന്നായിട്ടറിയാം. ആനപ്പകപോലെയാണത്രെ ചേകോന്മാരുടെ പക. കാലമെത്ര പോയാലും പക ഇല്ലാതാവില്ല.
എല്ലാ കഥകളും അമ്മയ്ക്ക്
മകനോടു പറയേണ്ടിവന്നു, ഒരു ദിവസം. കാറാപ്പിള്ളേര് അതിനൊരു നിമിത്തമായി.””
”പറയൂ മുത്തശ്ശീ. ആരാ
കാറാപ്പിള്ളേര് ? ”
”അപ്പൂ അടുക്കളയില്‍
പോയി മുത്തശ്ശിക്ക് കുടിക്കാന്‍
ചൂടുവെള്ളം വേണമെന്നു
പറയ് അമ്മയോട്. തൊണ്ട
വരണ്ടൂ കുട്ട്യേ”
അപ്പു അടുക്കളയിലേ
ക്കോടി. മുത്തശ്ശിക്കു കുടി
ക്കാന്‍ ചൂടുവെള്ളം കൊണ്ടു
വന്നു.
വെള്ളം കുടിച്ചപ്പോള്‍
മുത്തശ്ശി ഉഷാറായി.
മുത്തശ്ശി കഥ പറയാന്‍
തുടങ്ങി.
ആരോമുണ്ണി പതിവു
പോലെ പുലര്‍ച്ചേ എഴുന്നേറ്റു.
പടകാളിമുറ്റത്തു ചെന്ന് ഭൂമി
തൊട്ടു നിറുകില്‍ വെച്ചു. സൂര്യ
ഭഗവാനെ തൊഴുതു. നാലുകെട്ടിനകത്തു കടന്ന് മുക്കൂട്ടുതൈലമെടുത്ത് മെയ്യാസകലം പുരട്ടി. കച്ചപൊതിഞ്ഞെടുത്ത്, പടിയുംപടിപ്പുര കടന്നു. വഴിയില്‍ കാത്തുനില്‍ക്കുന്ന ചങ്ങാതിമാരെക്കൂട്ടി പയറ്റു പഠിക്കാന്‍ തൊടുവോര്‍ കളരിയിലേക്കു നടന്നു.
കുന്നത്തരയാല്‍ത്തറയ്ക്കലെത്തിയപ്പോഴുണ്ട് ആരോമുണ്ണിക്കേറെ പ്രിയമുള്ള കൂട്ടാളിയായ അടിയോടി ആല്‍ത്തറമേലിരിക്കുന്നു.
ആരോമുണ്ണിയെ കണ്ടപ്പോള്‍ അടിയോടി ചിരിച്ചുകൊണ്ടു പറഞ്ഞു:
”ഒരു കാര്യം പറവാനുണ്ടല്ലോ ആരോമുണ്ണീ? ”
”എന്താണോ കാര്യം? ”
”നമ്മള്‍ക്ക് കാറകളി കാണാന്‍ പോയാലോ”
”എന്തു കളിയാണെങ്കിലും പോകാനിടകിട്ടില്ലല്ലോ അടിയോടി. മുടക്കം കൂടാതെ എന്നും കാലത്ത് കളരിയില്‍ ചെല്ലണം. മുടക്കം വരുത്തിയാലോ, കുരുക്കള്‍ ഉറപ്പാണേ ശുണ്ഠിയെടുക്കും”
”പണ്ടേക്കുപണ്ടേയുള്ള കളിയാണ്. കാണാതിരുന്നുകൂടാ. കാറകളി കാണണമെന്നു കലശലായ മോഹമുണ്ട്. നീയും വരണം. നമുക്ക് ഒരുമിച്ചു പോകാം. നീ ഇന്നൊരു ദിവസത്തേക്ക് കുരുക്കളുടെ സമ്മതം വാങ്ങിവരിക”
കാറകളി കാണണമെന്ന് ആരോമുണ്ണിക്കും മോഹമുണ്ടായി.
”നീ ഇവിടെത്തന്നെ ഇരിക്ക്. കളരിയില്‍ചെന്ന് കുരുക്കളുടെ അനുകൂലം വാങ്ങി വരാം”
അടിയോടിയോടു വാക്കു പറഞ്ഞ് ആരോമുണ്ണി കളരിയിലേക്കു നടന്നു.
കച്ചകെട്ടി കുറഞ്ഞോരുനേരം പയറ്റിയതിനുശേഷം കുരുക്കളുടെ അരികേ ചെന്നു.
”എനിക്ക് ചെറിയോരു ബദ്ധപ്പാടുണ്ട്. ഇന്നത്തേക്ക് പയറ്റു മുടിക്കാന്‍ അനുവാദം തരണം”
”എന്താണ് ഉണ്ണിക്കിത്ര ബദ്ധപ്പാട് ? ”
”കാറകളി കാണാന്‍ പോയാല്‍കൊള്ളാമെന്നുണ്ട് ”
”കാറകളി കാണാന്‍ പോകൊല്ലേ. വടകരെ വാഴുന്ന നമ്പ്യാന്മാരും കാറകളി കാണാനെത്തും. നേരിട്ടു കണ്ടാലോ അവര്‍ നിന്നോടെതൃക്കാന്‍ വന്നേക്കും”
”പോകരുതെന്നു വിലക്കല്ലേ കുരുക്കളെ. അനുകൂലത്തോടെ എന്നെ പോകാന്‍ അനുവദിച്ചാലും”
(തുടരും)