‘പ്രത്യയശാസ്ത്ര യുദ്ധത്തിന്റെ അവസാന ഘട്ടം എത്തിയിരിക്കുന്നു’, ഠേംഗിഡിജി ‘മൂന്നാം ബദല്‍’ (തേര്‍ഡ് വേ) എന്ന പുസ്തകത്തില്‍ പ്രഖ്യാപിച്ചു. ‘ഭാരതീയ ബദല്‍ മാര്‍ഗ്ഗം ആണ് ഏക മാര്‍ഗ്ഗം’ എന്നു ലോകത്തെ ബോദ്ധ്യപ്പെടുത്തേണ്ടത് നമ്മുടെ പ്രതിബദ്ധതയാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ലോക ചരിത്രം പഠിച്ച പ്രസിദ്ധ ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി എത്തിച്ചേര്‍ന്ന നിഗമനവും ഇത് തന്നെ: ‘മനുഷ്യരാശിയുടെ മോചനം ഭാരതീയ മാര്‍ഗ്ഗമാണ്……………പാശ്ചാത്യ തുടക്കമുള്ള ഒരു അദ്ധ്യായത്തിനു ഒരു ഭാരതീയ പരിസമാപ്തി ഉണ്ടാകും.’ കമ്മ്യൂണിസം, മുതലാളിത്തം എന്നിവ പരാജയപ്പെട്ട് ലോകം ഒരു ബദല്‍ പ്രത്യയ ശാസ്ത്രത്തിന് വേണ്ടി കാതോര്‍ക്കുമ്പോള്‍ ഭാവി ലോകത്തിന് പ്രതീക്ഷയായി ഭാരതത്തിന് പറയാനുള്ളതാണ് ഠേംഗിഡിജി തന്റെ പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിട്ടുള്ളത്. ഭാരതീയ ബദലിന്റെ പാഠപുസ്തകമാണത്. വരും നാളുകളില്‍ ഓരോ ഭാരതീയനും ഈ പ്രത്യയശാസ്ത്ര യുദ്ധത്തിന്റെ പടയാളിയാകേണ്ടി വരും. നവോത്ഥാനത്തിലൂടെ ഹിന്ദു രാഷ്ട്രത്തിന്റെ പരംവൈഭവം നമ്മുടെ പ്രതിജ്ഞയാണ്, അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത ഠേംഗിഡിജിയുടെ മൂന്നാം മാര്‍ഗ്ഗത്തെ വിശേഷിപ്പിച്ചത് ഠേംഗിഡിണോമിക്‌സ് (“Thengadinomics”) എന്നാണ്; മന്‍മോഹണോമിക്‌സ്, മോഡിണോമിക്‌സ് എന്നത് പോലെ.
1980 കളുടെ തുടക്കത്തില്‍ ഠേംഗിഡിജി കമ്മ്യൂണിസം ഇനി പത്ത് വര്‍ഷം തികക്കില്ലെന്ന പ്രവചനം നടത്തി. 1990 കള്‍ ആരംഭിക്കുമ്പോഴേക്കും അതു പോലെ തന്നെ സംഭവിച്ചു. ‘മൂന്നാം ബദല്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹം 2010നു മുമ്പായി മുതലാളിത്തവും തകര്‍ച്ചയിലെത്തുമെന്ന് പ്രവചിച്ചു: ”മുതലാളിത്തത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, അത് 2010 വരെ പോലും നില നില്‍ക്കില്ല. അതിനാല്‍ ഒരു മൂന്നാം ബദലിന് വേണ്ടിയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. (1995 എഡിഷന്‍, പേ. 114) 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായശേഷം അതിനെ പല വിദഗ്ദ്ധരും വിശേഷിപ്പിച്ചത് മുതലാളിത്തത്തിന്റെ ചരമം എന്നാണ്. ത്രികാലവേദിയായ ഒരു ക്രാന്തദര്‍ശിക്ക് മാത്രമേ ഇങ്ങിനെ മുന്‍കൂട്ടി പറയാനാകൂ.
കമ്മ്യൂണിസം, മുതലാളിത്തം,ഹിന്ദു ബദല്‍
കമ്മ്യൂണിസവും മുതലാളിത്തവും പരാജയപ്പെട്ടു, പകരം എന്ത് എന്ന ചോദ്യം ഠേംഗിഡിജിയുടെ മുമ്പില്‍ ഉയര്‍ന്നുകേട്ടത് 1990ല്‍ മോസ്‌കോവില്‍ നടന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ വച്ചാണ്. 1980കളുടെ ഒടുവില്‍ കമ്മ്യൂണിസം സ്വന്തം ആന്തരിക വൈരുദ്ധ്യത്താല്‍ തകര്‍ന്നുവീഴുന്നത് നാം കണ്ടു. കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗരാജ്യങ്ങളിലെ ദയനീയ സ്ഥിതി ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ പരിഷ്‌കാരങ്ങളുടെ ഫലമായി ലോകത്തിന് മനസ്സിലായി. പട്ടിണിയും പിന്നോക്കാവസ്ഥയും നിറഞ്ഞ സോവിയറ്റ് റഷ്യയില്‍ സ്വാതന്ത്ര്യത്തിന്റെ ജീവവായു ലഭിച്ചപ്പോള്‍ ആ രാജ്യം ഛിന്നഭിന്നമായി നിരവധി രാഷ്ട്രങ്ങളായി. പോളണ്ട് എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്ത് പ്രമുഖ ട്രേഡ് യൂണിയന്‍ ആയ സോളിഡാരിറ്റി സമരം ചെയ്തത് നമ്മുടെ നാട്ടിലെപ്പോലെ ബോണസ്സിനും, ശമ്പള വര്‍ദ്ധനവിനുമല്ല, കേവലം രണ്ടു നേരത്തെ റൊട്ടിക്ക് വേണ്ടിയാണ്. ബെര്‍ലിന്‍ മതില്‍ തകര്‍ന്നുവീണപ്പോള്‍ ലോകം കണ്ടത് പിന്നോക്കാവസ്ഥയിലുള്ള കമ്മ്യൂണിസ്റ്റ് കിഴക്കന്‍ ജര്‍മനിയിലെ ജനങ്ങള്‍ കൂട്ടമായി സ്വതന്ത്ര വായു ശ്വസിക്കാന്‍ വികസിത രാജ്യമായ പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് ചാടിക്കടക്കുന്നതാണ്. ചൈന, ക്യൂബ, വിയറ്റ്‌നാം എന്നീ മൂന്നു രാജ്യങ്ങളില്‍ ഒഴികെ ലോകം മുഴുവന്‍ ഏറെക്കുറെ കമ്മ്യൂണിസം ഇല്ലാതായി. പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കമ്മ്യൂണിസത്തെ നിരോധിക്കുന്ന സ്ഥിതിവരെ എത്തി. ഇന്ന് എവിടേയും കമ്മ്യൂണിസ്റ്റ്കാര്‍ പ്രത്യയശാസ്ത്രപരമായ സംവാദത്തിനുപോലും ധൈര്യപ്പെടാത്ത സ്ഥിതിയിലായി. മാര്‍ക്‌സിസം മരിച്ചു.
കമ്മ്യൂണിസത്തിന്റെ പതനത്തോടെ ലോകം മുതലാളിത്തത്തിന് കീഴില്‍ ഏകധ്രുവ ലോകമായി മാറി. ഠേംഗിഡിജി പറഞ്ഞു, വ്യവസായ വിപ്ലവത്തിനുശേഷം പാശ്ചാത്യലോകം ഭൌതികമായി വളരെ മുന്നോട്ടു പോയി. മുതലാളിത്തത്തിന്റെ ഉദയത്തെക്കുറിച്ച് പ്രശസ്ത രാജനൈതിക സാമ്പത്തിക ശാസ്ത്രജ്ഞനായ മാക്‌സ് വെബര്‍ പറഞ്ഞു, മുതലാളിത്തം ക്രൈസ്തവ മതത്തിന്റെ പരിസമാപ്തിയാണ്. പോപ് പോള്‍ മാര്‍പ്പാപ്പ ഇത് ശരിവച്ചുകൊണ്ട് സഭക്ക് മുതലാളിത്തത്തോട് അടുപ്പവും നിരീശ്വര കമ്മ്യൂണിസത്തോട് എതിര്‍പ്പുമാണുള്ളത് എന്നു വ്യക്തമാക്കി. മുതലാളിത്തത്തിന്റെ മൌലികതയെപ്പറ്റി പറയുമ്പോള്‍ ഠേംഗിഡിജി ലിയോനെല്‍ റോബ്ബിന്‍സിന്റെ സാമ്പത്തിക ശാസ്ത്ര നിര്‍വ്വചനം എടുത്തുപറയുന്നു. പരിമിത വിഭവങ്ങളും അന്തമില്ലാത്ത ആവശ്യങ്ങളും. അതായത്, അനിയന്ത്രിത ആവശ്യങ്ങള്‍, അതോടൊപ്പം വിഭവങ്ങളുടെ അപര്യാപ്തത കൈകാര്യം ചെയ്യുന്ന പഠനമാണത്. മുതലാളിത്തത്തെ വളരെ സ്വാധീനിച്ച ചിന്തയാണ് ലിയോനെല്ലിന്റേത്. അതോടൊപ്പം ലിയോനെല്‍ ഒന്നു കൂടി പറഞ്ഞു, ധാര്‍മ്മികത പഠിപ്പിക്കല്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ജോലിയല്ല. ധാര്‍മ്മികത തൊട്ടുതീണ്ടാത്ത മുതലാളിത്തത്തിന്റെ ജീവല്‍ ഘടകങ്ങളാണ് സ്വതന്ത്ര വിപണി, കുത്തക, വ്യക്തിവാദം, ചൂഷണം, സാമ്പത്തിക സാമ്രാജ്യ വാദം മുതലായവ. ഇവയില്ലാതെ മുതലാളിത്തത്തിന് നിലനില്‍ക്കാനാകില്ല. അതിനായി അത് നിരവധി ഉപകരണങ്ങള്‍ ലോകം മുഴുവന്‍ സൃഷ്ടിച്ചിട്ടുണ്ട്. അവയെ ഠേംഗിഡിജി അക്കമിട്ടു പറയുന്നു- Patents, brands, copyrights, trade names, licences, quotas, protective tariffs, cartels, pools, trusts, holding companies, or inter-corporate boards of directors, inter-corporate investments മുതലായവ. പേറ്റന്റ് മൂലം കാലഹരണപ്പെട്ട സാങ്കേതിക വിദ്യ കൈമാറുന്നു. മുതലാളിത്തം അടുത്തകാലത്തായി പുത്തന്‍ രൂപം കൈവരിച്ചതാണ് ഉദാരീകരണം, സ്വകാര്യവല്‍ക്കരണം, ആഗോളീകരണം എന്നിവയടങ്ങിയ എല്‍.പി.ജി. പരിഷ്‌കാര പ്രക്രിയ. മുതലാളിത്തത്തിന്റെ വക്താക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുള്ളത് മുതലാളിത്തത്തിന് വേറെ ബദലില്ല എന്നാണ് þ- TINA (There Is No Alternative).നമ്മുടെ ബുദ്ധിജീവികളെ ഏറെ സ്വാധീനിച്ച ഒരു നിസ്സഹായതയാണ് ഇത്. എന്നാല്‍ കമ്മ്യൂണിസം സ്വന്തം ആന്തരിക വൈരുദ്ധ്യത്താല്‍ തകര്‍ന്നു വീണതുപോലെ മുതലാളിത്തവും അതിന്റെ അന്തര്‍ലീനമായ വൈരുദ്ധ്യത്താല്‍ തകര്‍ന്നടിയുമെന്ന് ഠേംഗിഡിജി പറഞ്ഞു, ആ തകര്‍ച്ച മുതലാളിത്തം സ്വയം പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനാല്‍ നീണ്ടുപോകുന്നുവെന്നു മാത്രം.

ഹിന്ദു ബദലിന്റെ പ്രത്യയശാസ്ത്രപരമായ അവതരണമാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനം. അത് ആദ്യം അറിയണം, അതിന്റെ രണ്ടാം ഘട്ടം അഥവാ പ്രയോഗഘട്ടമാണു ഠേംഗിഡിജിയുടെ മൂന്നാം ബദല്‍. ഠേംഗിഡിജി പറഞ്ഞു, സത്യത്തിന് അതിര്‍ത്തികളില്ല, ഭേദങ്ങളില്ല. എല്ലാ അറിവും സാര്‍വ്വലൗകികം. നല്ലത് ലോകത്തെവിടെ നിന്നും സ്വീകരിക്കാം. ഭാരതീയമല്ലാത്ത എല്ലാത്തിനെയും നിഷേധിക്കുകയല്ല, നല്ലതിന്റെ സ്വാംശീകരണമാണ്, അനുകരണമല്ല വേണ്ടത്. പടിഞ്ഞാറുനിന്നും അങ്ങിനെതന്നെ പറിച്ചു നടുകയല്ല, മറിച്ച് ഭാരതീയ സാഹചര്യത്തിനനുസരിച്ച് അനുയുക്തമാക്കുകയാണ് വേണ്ടത് (adopt and adapt).. ആദാന- പ്രദാനം ഉണ്ടാകണം എന്നത് ആവശ്യമാണ്. പക്ഷേ പ്രശ്‌നം, ഹിന്ദു ഗ്രന്ഥങ്ങളെ പഠിച്ചവര്‍ക്ക് പാശ്ചാത്യ ചിന്തയുമായി പരിചയം പോര, അതുപോലെ നേരെ തിരിച്ചും. കിഴക്കും പടിഞ്ഞാറും ഒന്നിക്കില്ലെന്ന റഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ പ്രസിദ്ധ വാക്യത്തെ ഖണ്ഡിച്ചുകൊണ്ട് ആ ഒന്നിക്കലും സാധ്യമാണെന്ന് ഠേംഗിഡിജി പറഞ്ഞു. നവോത്ഥാന (Renaissance) കാലത്ത് യൂറോപ്പിലെ ബൌദ്ധിക സമൂഹം ആശ്രയിച്ചത് ഹിന്ദു ചിന്തകളെയാണ്.
വികസനം എന്ന സങ്കല്‍പം
ഠേംഗിഡിജിയുടെ പ്രധാന സംഭാവന പാശ്ചാത്യരുടെ ‘വികസനം’ എന്ന സങ്കല്‍പത്തെ പൊളിച്ചെഴുതിയതാണ്. ജി.ഡി.പി. എന്നാല്‍ ഉല്‍പ്പന്നങ്ങളും സാധനങ്ങളും സേവന പ്രവര്‍ത്തനങ്ങളും കമ്പോളത്തില്‍ എത്തുമ്പോള്‍ അവയ്ക്ക് ലഭിക്കുന്ന വിലയുടെ ആകത്തുകയാണ്. കാട്ടില്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് പരിസ്ഥിതിക്ക് നല്ലതാണ്, പക്ഷേ രാജ്യത്തിന്റെ പുരോഗതിയുടെ മാനദണ്ഡമല്ല. മറിച്ച് കാട് നശിപ്പിച്ചു, മരങ്ങള്‍ വെട്ടി തടിയാക്കി കമ്പോളത്തില്‍ എത്തുമ്പോള്‍ അവയുടെ വിലയാണ് രാജ്യത്തിന്റെ പുരോഗതിയുടെ മാനദണ്ഡത്തിലേക്ക്, ജി.ഡി.പി.യിലേക്ക് മുതല്‍ കൂട്ടുന്നത്. ഇതാണ് പാശ്ചാത്യ സാമ്പത്തിക ശാസ്ത്രം. പരിസ്ഥിതി നശിക്കുമ്പോള്‍ രാജ്യം ‘വികസിക്കുന്നു’. കമ്പോളാധിഷ്ഠിതമായ ഈ വൈരുദ്ധ്യത്തെ അദ്ദേഹം തുറന്നുകാട്ടി. കഞ്ചാവിന്റെ വില്പന പോലും ജി.ഡി.പി. വര്‍ദ്ധിപ്പിക്കുന്നു; സമൂഹത്തെയും തലമുറയെയും നശിപ്പിക്കുന്നുവെങ്കിലും. വിദ്യാഭ്യാസവും സേവനം പോലും വ്യവസായമായാലേ രാജ്യം വികസിക്കൂ. വിദ്യാഭ്യാസത്തിന്റെ പേര് തന്നെ ‘അറിവിന്റെ വ്യവസായം’ എന്നാണ്. ഠേംഗിഡിജി ഇവാന്‍ ഇല്ലിച്ചിന്റെ മെക്‌സിക്കന്‍ അനുഭവം ഉദാഹരണമാക്കുന്നു. അവിടെ വികസനം ഗ്രാമീണ ജനതയുടെ നിലനില്പു തന്നെ ഇല്ലാതാക്കി, വരുമാന മാര്‍ഗ്ഗം അടച്ചു, സ്വയംപര്യാപ്തത ഇല്ലാതാക്കി cash economy കൊണ്ട് വന്നു, ആത്മാഭിമാനം നഷ്ടപ്പെടുത്തി, പ്രകൃതിയെ നശിപ്പിച്ചു, പാരമ്പര്യ- സാംസ്‌കാരിക വേരുകള്‍ പിഴുതെറിഞ്ഞു, തൊഴില്‍ ഇല്ലാതാക്കി, രാഷ്ട്രീയ അഴിമതി വ്യാപകമാക്കി.
ജീവിത നിലവാരം കണക്കാക്കുന്നത് വാര്‍ഷിക ഭൌതിക ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ്. പരമാവധി ഉപഭോഗമാണ് രാജ്യപുരോഗതിക്ക് ആവശ്യമെന്ന് ആധുനിക സാമ്പത്തിക ശാസ്ത്രം പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോഴൊക്കെ വിദഗ്ദ്ധ ഉപദേശം ജനങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിച്ച് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നാണ്. ഭൌതികവാദത്തില്‍ അധിഷ്ഠിതമായ പാശ്ചാത്യ ലോകം അതനുസരിച്ചുള്ള മൂല്യവ്യവസ്ഥ ഉണ്ടാക്കി. അതിലുണ്ടായതാണ് ഉപഭോഗ വാദം, അനിയന്ത്രിത കമ്പോളം (laissezfaire), വ്യക്തിവാദം തുടങ്ങിയവ. മുതലാളിത്ത സാമ്പത്തിക ജീവിതത്തിന്റെ പ്രത്യേകതയായ ഉപഭോഗ സംസ്‌കാരം ഭാരതത്തെ പോലെ പരിസ്ഥിതി സൌഹൃദമായ, നിയന്ത്രിത ഉപഭോഗസംസ്‌കാരമുള്ള സമൂഹത്തിന്റെ ആത്മാവിഷ്‌കാരത്തിനു വിരുദ്ധമാണ്.
ഉപഭോഗ നിയന്ത്രണത്തിന് ജെ.കെ. മേത്തയുടെ ‘ആവശ്യങ്ങളില്ലാത്ത സ്ഥിതി’ എന്ന സിദ്ധാന്തം ഠേംഗിഡിജി എടുത്തുപറയുന്നു. കമ്പോള പ്രവര്‍ത്തനമുള്‍പ്പടെ എല്ലാറ്റിലും ലാഭ ലക്ഷ്യത്തേക്കാള്‍ സേവന ലക്ഷ്യം ഹിന്ദുവിന്റെ സമഗ്ര സാമ്പത്തിക ശാസ്ത്രം കണ്ടെത്തുന്നു. ആവശ്യത്തിന് ഉല്‍പാദനം, ഉല്‍പാദനത്തിന്റെ വികേന്ദ്രീകരണം, നീതിപൂര്‍വക വിതരണം തുടങ്ങിയവയാണ് കമ്പോളത്തിന്റെ ചാലകതത്വങ്ങള്‍. അസന്തുലിത വളര്‍ച്ചയില്‍ ഒരു ഭാഗത്തെ വളര്‍ച്ച മറ്റൊരു ഭാഗത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വര്‍ദ്ധിക്കുന്ന അസമത്വം കുറച്ചുകൊണ്ട് നീതിപൂര്‍വകതയും, തുല്യതയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിയാക്കണം.
ഠേംഗിഡിജി ഉപഭോഗവാദത്തെ എതിര്‍ത്തുവെങ്കിലും കമ്പോളത്തില്‍ ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞു. ഉപഭോക്താവിന്റെ താല്‍പര്യം ദേശീയ തല്‍പര്യത്തിന് ഏതാണ്ട് തുല്യമാണ്. പാശ്ചാത്യ വാണിജ്യത്തില്‍ വാങ്ങുന്നവന്‍ ശ്രദ്ധിയ്ക്കുക എന്നതാണു തത്വം. എന്നാല്‍ വേദത്തില്‍ വില്‍ക്കുന്നവന്‍ ശ്രദ്ധിയ്ക്കുക എന്നാണ് നിര്‍ദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.(“Consumer, a sovereign without sovereignty’ ‘ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍).
ഹിന്ദുത്വം ഭൌതിക നിഷേധിയല്ല. ഭൌതികതയും ഒരു മതമാണ്. ഭൌതിക വാദമല്ല, ഭൌതിക നേട്ടങ്ങളാകാം. പക്ഷേ അത് സമഗ്ര പുരുഷാര്‍ത്ഥവുമായി ചേര്‍ത്തുവക്കണം. അര്‍ത്ഥകാമങ്ങള്‍ ധര്‍മ്മാധിഷ്ഠിതമാകണം, മോക്ഷത്തിലേക്ക് നയിക്കണം. നമ്മുടെ sനിത്യജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ ചിന്തകളെയാണ് ഇറക്കുമതി ചെയ്യപ്പെടുന്ന പാശ്ചാത്യ സാമ്പത്തിക മൂല്യങ്ങള്‍ പിടിച്ചുലക്കുന്നത്. പാശ്ചാത്യ സാമ്പത്തിക ശാസ്ത്രം കുടുംബ ബന്ധങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ഉപഭോഗവാദം ശക്തമാക്കിയെന്ന് ഠേംഗിഡിജി ചൂണ്ടിക്കാട്ടുന്നു. സമ്പത്തിന് പ്രാധാന്യം കൊടുക്കുന്നതാണ് കലിയുഗത്തിന്റെ പ്രത്യേകതയെന്നാണ് വ്യാസന്റെ ഭാഷ്യം. മുതലാളിത്തത്തിലും കമ്മ്യൂണിസത്തിലും സ്വത്തവകാശം ഒന്നുകില്‍ അനിയന്ത്രിതം അല്ലെങ്കില്‍ തീരെ ഇല്ല എന്ന സ്ഥിതിയാണ്. നമുക്കത് ആവശ്യാധിഷ്ഠിതവും ചുരുങ്ങിയതുമാകണമെന്ന് ഠേംഗിഡിജി നിര്‍ദ്ദേശിച്ചു.

ക്ലാസ്സിക്കല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ലാഭം കൊയ്യുന്ന മുതലാളിത്തവും, വേതനം പറ്റുന്ന തൊഴിലാളികളും അല്ലാതെ മറ്റ് ജനവിഭാഗങ്ങള്‍ ഇല്ല. രണ്ടുപേര്‍ക്കും പൊതുവായത് ആര്‍ത്ഥിക ലക്ഷ്യം. ഇത്തരം വേതനതൊഴില്‍ ആധാരിത സാമ്പത്തിക ചിന്തയില്‍ സ്വയം തൊഴില്‍, പലിശ എന്നിവ ഇല്ല. അതിനാല്‍ പൂര്‍ണ്ണ തൊഴില്‍ എന്നത് നേടാനായില്ല എന്നദ്ദേഹം പറയുന്നു.
വ്യവസായ ഉടമസ്ഥതയെ സംബന്ധിച്ചു നിര്‍ബ്ബന്ധബുദ്ധി വേണ്ട എന്നാണ് ഠേംഗിഡിജിയുടെ അഭിപ്രായം. പൊതുമേഖല, സ്വകാര്യമേഖല, ജനകീയ അല്ലെങ്കില്‍ വിശ്വകര്‍മ്മമേഖല, അത് ഏതുമാകാം. വിശ്വകര്‍മ്മ മേഖലയില്‍ ഉടമ-തൊഴിലാളി വ്യത്യാസം ഇല്ല. തൊഴിലിന്റെ മിച്ചമൂല്യം സമൂഹത്തിനുള്ളതാകുന്നു എന്നു ഠേംഗിഡിജി പറഞ്ഞു. മുതലാളിത്തത്തില്‍ ഇത് ഉടമക്കാണ്, കമ്മ്യൂണിസത്തില്‍ ഭരണകൂടത്തിനും. വ്യവസായം തൊഴില്‍ അധിഷ്ഠിതമാകണം, മൂലധന അധിഷ്ഠിതമല്ല വേണ്ടതെന്നദ്ദേഹം പറഞ്ഞു. തൊഴിലും മൂലധനമായി കണക്കാക്കണം. വ്യക്തിവികാസത്തിനുള്ള പ്രേരണ തൊഴില്‍ ചെയ്യുമ്പോള്‍ ഉണ്ടാകണം. തൊഴിലിന്റെ തത്വങ്ങള്‍ക്ക് അദ്ദേഹം ശുക്രനീതി പോലുള്ള കൃതികള്‍ ആശ്രയിക്കുന്നു. സ്വയംതൊഴില്‍, വേതന തൊഴില്‍ എന്നിവയെല്ലാം ശുക്ര നീതി ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹം തൊഴില്‍ ബന്ധങ്ങളില്‍ അനിവാര്യ കക്ഷിയാണ്. അത് കേവലം ഉടമ- തൊഴിലാളി തമ്മിലുള്ള ഏര്‍പ്പാടല്ല. കൂട്ടായ വിലപേശല്‍ ഹിന്ദു രീതിയല്ല; മറിച്ച് ദേശീയ പ്രതിബദ്ധതയാണ് വേണ്ടത് എന്നദ്ദേഹം പറഞ്ഞു. പ്രാചീന തൊഴില്‍ നീതിയില്‍ പൂഗം, കുലം മുതലായവകളില്‍ തര്‍ക്കം ഉണ്ടാകുന്നതുവരെ അവയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല.
ശാസ്ത്രവും സാങ്കേതികവിദ്യയും
അറിവും ശാസ്ത്രവും സാര്‍വലൌകികമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതവും നമ്മുടെ ഭാഷകളും ശാസ്ത്രീയ ഭാഷകളാണ്. ശാസ്ത്രവും ആദ്ധ്യാത്മികതയും ഒന്നിക്കണം. സാങ്കേതികവിദ്യയെക്കുറിച്ച് അദ്ദേഹം പറയുന്നു, അര്‍ജ്ജുനന്റെ കയ്യില്‍ പാശുപതാസ്ത്രം സുരക്ഷിതം, പക്ഷേ അശ്വത്ഥാമാവിന്റെ കയ്യില്‍ ബ്രഹ്മാസ്ത്രം കൂട്ടക്കൊലക്കു ഉപയോഗിച്ചു. പാശ്ചാത്യ ശാസ്ത്രവും, സാങ്കേതിക വിദ്യയും ഫ്രാങ്കസ്റ്റീനുകളെ സൃഷ്ടിച്ചു. അണുവായുധം 1945 ല്‍ പ്രയോഗിച്ച ശേഷം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നിയന്ത്രണം വേണ്ടി വരുന്നുവെന്നദ്ദേഹം പറഞ്ഞു. ആല്‍വിന്‍ ടോഫ്‌ലറുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടി സാങ്കേതിക വിദ്യയുടെ സാമൂഹ്യ നിയന്ത്രണം വേണമെന്നദ്ദേഹം പറഞ്ഞു. സാങ്കേതിക മുന്നേറ്റവും സാംസ്‌കാരിക മുന്നേറ്റവും ഒന്നിച്ചാകണമെന്ന് ഠേംഗിഡിജി പറഞ്ഞു. എന്നാല്‍ പാശ്ചാത്യര്‍ ശാസ്ത്രത്തെയും സാമ്പത്തിക ശാസ്ത്രത്തെയും സംസ്‌കാരത്തില്‍ നിന്നും മുറിച്ച് മാറ്റി. രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ താല്‍ക്കാലിക ഫലത്തേക്കുറിച്ച് ചിന്തിക്കുന്നു. പലപ്പോഴും അവ ജന പങ്കാളിത്തമില്ലാതെ കേവലം സാമ്പത്തിക ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ആകുന്നു. ജപ്പാന്‍ എപ്പോഴും പാശ്ചാത്യ സാങ്കേതികവിദ്യയെ സൂക്ഷിച്ചു തിരഞ്ഞെടുത്തിരുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യുക, മനുഷ്യനും പ്രകൃതിയും ഏറ്റുമുട്ടുക എന്നീ കാര്‍ടീഷ്യന്‍ ചിന്ത പടിഞ്ഞാറ് വ്യാപകമായ പ്രകൃതി നാശനത്തിന് ഇട വരുത്തി. മനുഷ്യന്റെ ആര്‍ത്തിക്ക് വേണ്ടി, വ്യവസായവല്‍കരണത്തിന് വേണ്ടി പ്രദൂഷണവും, പ്രകൃതിവിഭവങ്ങള്‍ ക്ഷയിപ്പിക്കലും സാധാരണയായി. പുതിയ സാങ്കേതിക വിദ്യകളും പ്രകൃതി വിഭവങ്ങള്‍ ഇല്ലാതാക്കുകയാണ്. അതിനാല്‍ അനിയന്ത്രിത ചൂഷണത്തിനെതിരെ പ്രകൃതി പ്രതികരിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ വേദ കാലം മുതല്‍ പരിസ്ഥിതിബോധം ശക്തമാണ്. പരിസ്ഥിതി നമുക്ക് ദിവ്യമാണ്, ഭൂമി അമ്മയാണ്. നമുക്കുള്ളത് പരിസ്ഥിതി സൌഹൃദ സംസ്‌കാരവും സാങ്കേതിക വിദ്യയും, പ്രകൃതി സംരക്ഷണവും മറ്റുമാണ്. 1972 ലെ സ്റ്റോക്ക്‌ഹോം സമ്മേളനമാണ് ഇതില്‍ മാറ്റം വരുത്തിക്കൊണ്ട് ഭാരതീയ സമീപനം സ്വീകരിച്ചത്. ഇന്ന് പരിസ്ഥിതിയെയും സാമ്പത്തിക ശാസ്ത്രത്തെയും സമരസപ്പെടുത്താന്‍ ലോകം ശ്രമിക്കുന്നു. പ്രകൃതി നാശനത്തിന് പരിഹാരമായി സാമൂഹ്യ വനവല്‍ക്കരണം, കമ്പനികള്‍ക്ക് പരിസ്ഥിതി ഓഡിറ്റിങ്, മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, ഹരിത ട്രിബുണല്‍ തുടങ്ങിയവ ഇന്നുണ്ട്.
പാശ്ചാത്യര്‍ വൈവിദ്ധ്യത്തെ വൈരുദ്ധ്യമായി കണ്ടു, ഐകരൂപ്യത്തെ ഏകതയായി കണ്ടു, ഭാരതത്തിന്റെ ഏകത്വത്തെ ഐകരൂപ്യമായി തെറ്റിദ്ധരിച്ചു. നാം വൈവിദ്ധ്യത്തില്‍ ഏകത്വം കണ്ടു. ഡോ രാധാകൃഷ്ണന്‍ പറഞ്ഞു, വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ട് പലതിലെ ഒന്നിനെ നാം അംഗീകരിക്കുന്നു. വൈവിധ്യമാണ് സൌന്ദര്യം, ഇരുമ്പ് റോളര്‍ കൊണ്ട് ആ സൌന്ദര്യത്തെ ഏകതാനമാക്കരുത്.