വരണ്ടുണങ്ങിയ മണ്ണ് ജീവിതത്തെ കരിച്ചു തുടങ്ങിയ നാളുകളിലെപ്പൊഴൊ ആണ് അമ്പഴകന്റെ പൂര്‍വ്വികര്‍ ചുരം കടന്ന് കേരളത്തിലേക്ക് വന്നത്. പിന്നിലുപേക്ഷിച്ചു പോന്ന തമിഴകത്തിന്റെ ഗന്ധങ്ങള്‍ വാരിപൂശിയ ഭസ്മത്തിലും കായ സഞ്ചിയിലും നിറച്ച് തേയിലത്തോട്ടങ്ങളിലും ഏലക്കാടുകളിലും വിയര്‍ത്തവര്‍ ചത്തൊടുങ്ങിയ മണ്ണില്‍ പുതിയ തലമുറകള്‍ കിളിച്ചുപൊന്തി. അവരുടെ പിന്‍മുറക്കാരില്‍ ചിലര്‍ അമ്പഴകനെപ്പോലെ ടാപ്പിംഗ് തൊഴിലാളികളായി കോട്ടയം പത്തനംതിട്ട ജില്ലകളുടെ മലമടക്കുകളിലെ റബ്ബര്‍ എസ്റ്റേറ്റുകളില്‍ ഇര തേടി കുടിയിരുന്നു. തൊഴിലാളികള്‍ സകുടുംബം കഴിഞ്ഞു പോരുന്ന നീണ്ട ഷെഡ്ഡുകളെ ലയങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. ഒരു കിടപ്പുമുറിയും അടുക്കളയും പൂമുഖവും ചേര്‍ന്ന പ്രദേശം ഒരു കുടുംബത്തിന്റെ ജീവിത ഭൂപടമായിരുന്നു. ഇരു ചുവരുകള്‍ക്കുമപ്പുറം മറ്റൊരു കുടുംബം ഇര പിടിയന്‍ എട്ടുകാലിയെപ്പോലെ പതിയിരിക്കുന്നുണ്ടാവും. തോട്ടം തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന തുച്ഛ ശമ്പളം കൊണ്ട് ഉണ്ടും ഉറങ്ങിയും ഇണ ചേര്‍ന്നും പെറ്റും പുലര്‍ന്ന സാധു ജന്മങ്ങളുടെ നരക കുടീരമായിരുന്നു ലയങ്ങള്‍.
പശ്ചിമഘട്ടത്തിന്റെ പള്ളയില്‍ പായല്‍ പോലെ പടര്‍ന്നു പിടിച്ച തെക്കേ മല എസ്റ്റേറ്റിലെ നീണ്ട ലയങ്ങളിലൊന്നിലായിരുന്നു അമ്പഴകന്‍ ഭൂമി തൊട്ട് നിലവിളിച്ചത്. അച്ഛനും അപ്പൂപ്പനുമായി രണ്ടു മൂന്നു തലമുറ ജീവിച്ച അതേ ലയത്തില്‍ പൊണ്ടാട്ടി മല്ലികയും ബുദ്ധി വളരാത്ത അഴകേശനെന്ന മൂത്ത മകനും അഴകും ആരോഗ്യവും ബുദ്ധിയും തികഞ്ഞ നീലാംബരി എന്ന ഇളയ മകളുമായി അയാള്‍ ജീവിച്ചു പോന്നു. ആര്‍ഭാടമില്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞു പോന്ന അവരുടെ ജീവിതത്തില്‍ റബ്ബറിന്റെ വിലയിടിവിന്റെ രൂപത്തിലാണ് ദുരന്തങ്ങളുടെ പടയോട്ടം ആരംഭിച്ചത്. കൂലി വര്‍ദ്ധനവിനായി തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ച പണിമുടക്ക് തോട്ടം മേഖലയെ മുഴുവന്‍ നീണ്ട കാലം സ്തംഭിപ്പിച്ചു. വെളുപ്പാന്‍ കാലത്ത് കുളിച്ച് കുറി വരച്ച് ഭക്തിനിര്‍ഭരമായി ആണ്ടിപ്പോറ്റി മാരിയമ്മന്‍കോവില്‍ തുറക്കാന്‍ പോകും പോലെ പുലര്‍ച്ചെ നാലു മണിക്ക് തന്നെ ഉണര്‍ന്ന് ഹെഡ് ലൈറ്റ് കെട്ടി ആരംഭിച്ചിരുന്ന റബ്ബര്‍ ടാപ്പിംഗ് മുടങ്ങിത്തുടങ്ങിയതോടെ അമ്പഴകന്റെ ജീവിതം പട്ട മരവിപ്പ് ബാധിച്ച റബ്ബര്‍ മരം പോലെയായി. തൂവിപ്പോയ റബ്ബര്‍ പാല്‍ ഉറഞ്ഞതിന്റെ കെട്ട വാട അയാളുടെ ജീവിതത്തിലെമ്പാടും പരന്നു.
അറിയാവുന്ന ഏക തൊഴില്‍ നിലച്ചതോടെയാണ് അയാള്‍ വാറ്റുചാരായത്തിന്റെ അമ്ലനീരില്‍ സ്വയം നഷ്ടപ്പെടുവാന്‍ തുടങ്ങിയത്. വലിയമല എസ്റ്റേറ്റിന്റെ അടിവാരങ്ങളിലെ വാറ്റു മടകളിലുള്ള തീര്‍ത്ഥക്കയങ്ങളില്‍ മുങ്ങിക്കുളിച്ചീറനായി കാവടിയാടി അമ്പഴകന്‍ വീടണയുമ്പോള്‍ നേരം പാതിരാ ആയിട്ടുണ്ടാവും. വീട്ടുകാര്യങ്ങള്‍ അയാള്‍ നോക്കാതായിട്ട് കാലങ്ങളായിരുന്നു. റബ്ബര്‍ വെട്ടുള്ള കാലത്ത് ഭാര്യ മല്ലിക അയാളെ സഹായിക്കാനും പാലെടുക്കാനും താഴ്‌വാരത്തെ റബ്ബര്‍ പാല്‍ സംഭരണ കേന്ദ്രത്തിലെത്തിക്കാനും ഒക്കെ സഹായിച്ചിരുന്നു. തോട്ടം മേഖല സ്തംഭിക്കുകയും വീട് പട്ടിണിയാകുകയും ചെയ്തതോടെയാണ് മല്ലിക പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന നീലാംബരിയും പശു പരിപാലനത്തിനും പാല്‍ വീടുകളില്‍ എത്തിക്കാനുമൊക്കെ അമ്മയെ സഹായിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നെങ്കിലും പശുവിനു പുല്ലരിയുന്ന പണിത്തിരക്കില്‍ അവള്‍ പലപ്പോഴും ക്ലാസ്സിലെത്തിയിരുന്നില്ല. എന്നിട്ടും നല്ല മാര്‍ക്കിലായിരുന്നു അവള്‍ ഓരോ ക്ലാസ്സും ജയിച്ചു കയറിയിരുന്നത്. നന്നായി പാടിയിരുന്ന അവള്‍ കലാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി.
വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികളും തോട്ടം തൊഴിലാളികളുടെ മക്കളായിരുന്നു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അവരില്‍ പലരും സ്‌കൂളില്‍ വന്നിരുന്നതു തന്നെ ഉച്ചക്കഞ്ഞി കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു. മലയോരത്തെ സര്‍ക്കാര്‍ സ്‌കൂളിന്റെ പരാധീനതകളുടെ നടുവിലേക്കാണ് തൃപ്പൂണിത്തുറയില്‍ നിന്നും സുന്ദരേശന്‍ സാര്‍ സ്ഥലം മാറിയെത്തിയത്.
തൃപ്പൂണിത്തുറ നഗര ഹൃദയത്തിലെ സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ സ്‌ക്കൂളില്‍ നിന്നും തെക്കേ മല എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള അടിവാരം സ്‌കൂളില്‍ വന്നുപെട്ട സുന്ദരേശന്‍ മാഷിന് തമിഴ് മക്കളെ മലയാളം പഠിപ്പിക്കാനുള്ള യോഗമായിരുന്നു കാത്തിരുന്നത്. കഥകളിയും സിനിമയും പിന്നെ കുറച്ച് കച്ചേരി ഭ്രാന്തും എല്ലാം ചേര്‍ന്നാല്‍ സുന്ദരേശന്‍ എന്ന മദ്ധ്യവയസ്‌ക്കന്‍ മലയാളം മാഷായി. ഇതുവരെ വിവാഹം കഴിക്കാത്തതു കൊണ്ടും വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളു എന്നതുകൊണ്ടും ഉല്‍സവ പറമ്പുകളില്‍ കഥകളി കണ്ടും കച്ചേരി കേട്ടും എറണാകുളം നഗരത്തിലെ തീയേറ്ററുകളില്‍ മാറി മാറി സെക്കന്റ് ഷോ കണ്ടും നടന്നിരുന്ന സുന്ദരേശന്‍ സാറിന് റബ്ബര്‍ കാടുകള്‍ക്കു നടുവിലെ അടിവാരം സ്‌കൂള്‍ ജയിലായാണ് തോന്നിയത്. ഇരയിമ്മന്‍ തമ്പിയുടെ കൃതികളും സാഹിത്യ സംഭാവനകളുമൊക്കെയായിരുന്നു ആദ്യ ദിവസം സുന്ദരേശന്‍ സാര്‍ കുട്ടികളെ പഠിപ്പിച്ചത്. കച്ചേരികള്‍ കേട്ടും കൃതികള്‍ മൂളി നടന്നും ഒരുമാതിരി രാഗങ്ങളെല്ലാം അയാള്‍ക്ക് ഹൃദിസ്ഥമായിരുന്നു. സ്വാതി തിരുനാളിനെ താരാട്ട് പാടി ഉറക്കാന്‍ ഇരയിമ്മന്‍ തമ്പി രചിച്ച ‘ഓമന തിങ്കള്‍ കിടാവോ’ അതി സുന്ദരമായി ആലപിച്ചതോടെ പുതിയ മലയാളം സാറ് ആദ്യ ദിവസം തന്നെ കുട്ടികളുടെ മനസ്സില്‍ കയറിക്കൂടി.
”ആരാണ് ഇതൊന്നു ചൊല്ലുക…”
പുതിയ സാറിന്റെ ചോദ്യത്തിന് എല്ലാ കുട്ടികളും ഒരുമിച്ച് കൈ ചൂണ്ടിയത് എണ്ണക്കറുപ്പിന്റെ അഴകില്‍ പിച്ചിപ്പൂ ചാര്‍ത്തിയ ഒരു സുന്ദരിക്കുട്ടിയിലേക്കായിരുന്നു.
“”ഉം.. കുട്ടി ചൊല്ലു…” സാറിന്റെ വാക്കുകള്‍ പ്രതീക്ഷിച്ചിരുന്നതു പോലെ അവള്‍ എഴുന്നേറ്റു നിന്നു. പിന്നെ ക്ലാസ്സിനെ നിശ്ശബ്ദമാക്കിക്കൊണ്ട് ഒരു കുയില്‍നാദം താരാട്ട് പാടി… കാവ്യ കല്ലോലിനിയുടെ നാദ തരംഗങ്ങള്‍ അയാളെ അല്‍ഭുത സ്തബ്ധനാക്കിയിരുന്നുവെന്ന് മുഖം പറയുന്നുണ്ടായിരുന്നു.
”കുട്ടി സംഗീതം പഠിയ്ക്കുന്നുണ്ടോ…?” അയാള്‍ ചോദിച്ചു.
”ഇല്ല സാര്‍”“- അവള്‍ വിനയം വിടാതെ പറഞ്ഞു.
”ഇരിക്കൂ…” – അയാള്‍ മൊഴിഞ്ഞു.
”കുട്ടി ഇപ്പോള്‍ പാടിയത് ഏത് രാഗത്തിലാണെന്ന് ആര്‍ക്കെങ്കിലും പറയാമോ…?” ആ ചോദ്യം അവര്‍ തീരെ പ്രതീക്ഷിച്ചില്ലെന്നു തോന്നി.
”ആര്‍ക്കു പറയാം…”
ചോദ്യം ക്ലാസ്സില്‍ അനാഥമായി കറങ്ങിത്തിരിഞ്ഞപ്പോള്‍ സുന്ദരേശന്‍ സാര്‍ തന്നെ അതിന് ഉത്തരം പറഞ്ഞു.
”കുട്ടി അറിഞ്ഞോ അറിയാതെയോ ഇപ്പോള്‍ പാടിയത് നീലാംബരി രാഗമാണ്. താരാട്ട് പാട്ടുകള്‍ക്ക് പ്രസിദ്ധമായ നീലാംബരി…”
”നീലാംബരി അവളുടെ പേരാണ് സാര്‍…”
ഏതോ പെണ്‍കുട്ടിയാണത് വിളിച്ചു പറഞ്ഞത്..
”അതെയോ…!” അയാള്‍ അല്‍ഭൂതം കൂറി.
ഒന്നാം ദിവസം നീലാംബരി രാഗത്തിലെ താരാട്ടില്‍ ശുഭകരമായെങ്കിലും എവിടെ അന്തി ഉറങ്ങുമെന്ന വലിയ പ്രശ്‌നം സുന്ദരേശന്‍ സാറിന്റെ മനസ്സില്‍ കനം തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.
ആദ്യ ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസിനോടു ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ ബഞ്ചുകള്‍ ചേര്‍ത്തിട്ട് കിടന്നുറങ്ങിയെങ്കിലും എസ്റ്റേറ്റിലെ റബ്ബര്‍ ചിരട്ടകളില്‍ പെറ്റുപെരുകിയ കൊതുകും മലയടിവാരത്തിലെ സൂചി കുത്തുന്ന തണുപ്പും ഒരുപോലെ അയാളെ കുത്തി നോവിച്ചു കൊണ്ടിരുന്നു. അടുത്തെവിടെയെങ്കിലും വീടോ റൂമോ കിട്ടുമോയെന്ന് അന്വേഷണങ്ങള്‍ക്കൊടുവിലായിരുന്നു അമ്പഴകന്റെ മുന്നില്‍ അയാള്‍ ചെന്നുപെട്ടത്.
“”സാറിനെ പോലെ വല്യ പട്ടണത്തി ജീവിച്ചോര്‍ക്കൊന്നും കഴിയാമ്പറ്റിയ സ്ഥലവല്ല ഇത്… എത്രേം പെട്ടന്ന് ഇവടന്ന് രക്ഷപ്പെടാന്‍ നോക്ക് സാറേ…”
ചാരായം മൊത്തമായും ചില്ലറയായും കൊടുക്കുന്ന മാടപ്പീടികയുടെ മുന്നില്‍ തൂണില്‍ ശരീരം താങ്ങി നിന്നുകൊണ്ട് അമ്പഴകന്‍ ഇങ്ങനെ പറഞ്ഞെങ്കിലും തന്റെ മകളെ പഠിപ്പിക്കുന്ന സാറിനെ കൈവിടാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. അങ്ങിനെയാണ് എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ ഒരു മുറി സുന്ദരേശന്‍ സാറിന്റെ അഭയ കേന്ദ്രമായി മാറിയത്. അമ്പഴകന്റേതടക്കം രണ്ടു ലയങ്ങള്‍ കഴിഞ്ഞിട്ട് കുന്നിന്‍ ചരിവിലെ കാറ്റും വെളിച്ചവുമുള്ള ഒരു പ്രദേശത്തായിരുന്നു മാനേജരുടെ ബംഗ്ലാവ്. തോട്ടം പ്രതിസന്ധിയിലായതോടെ ഇപ്പോള്‍ മാനേജര്‍ തന്നെ വരാറില്ല. വല്ലപ്പോഴും വരുന്ന സൂപ്പര്‍വൈസര്‍മാരായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. നീലാംബരിയും അവളുടെ അമ്മയും ചേര്‍ന്നാണ് മുറി അടിച്ചു വാരി വെടിപ്പാക്കി നല്‍കിയത്. തുരുമ്പിച്ച മേശമേല്‍ പത്രം വിരിച്ച് പൂര്‍ണ്ണത്രയീശന്റെ കൊച്ചു ഫോട്ടോയും മുറിയുടെ മൂലയില്‍ ഒരുമണ്ണെണ്ണ സ്റ്റൗവും പ്രതിഷ്ഠിച്ചപ്പോള്‍ അതൊരു വീടുപോലെ തോന്നിച്ചു. മല്ലികയുടെ പാല്‍ കച്ചവടത്തില്‍ വിശ്വസ്തനായ ഒരു ഉപഭോക്താവിനെ കൂടി കിട്ടിയതില്‍ അവര്‍ അകമേ സന്തോഷിച്ചു.
രാവിലെ ഏഴു മണിയോടെ നീലാംബരി പാലുമായി എത്തുമ്പോഴേയ്ക്കും സുന്ദരേശന്‍ കുളി ജപങ്ങള്‍ കഴിഞ്ഞ് പത്രപാരായണം തുടങ്ങിയിട്ടുണ്ടാകും. പത്രം വരാന്‍ വൈകുന്ന ദിവസങ്ങളില്‍ താഴെ മാടക്കടയില്‍ പാല്‍ കൊടുക്കാന്‍ പോകും വഴി സുന്ദരേശന്‍ സാറിനുള്ള പത്രം എടുത്തു കൊണ്ടുപോയി കൊടുക്കുന്നതും നീലാംബരിയുടെ പണിയായിരുന്നു. അവധി ദിവസങ്ങളില്‍ ആവശ്യപ്പെടാതെ തന്നെ അവള്‍ മുറിയും പരിസരവും അടിച്ചു വാരി വൃത്തിയാക്കിപ്പോന്നു. അത്തരം ദിവസങ്ങളില്‍ സുന്ദരേശന്‍ സാര്‍ അവള്‍ക്ക് ബ്രൂ കോഫിയും ബിസ്‌ക്കറ്റുമൊക്കെ നല്‍കുക മാത്രമല്ല അവളെക്കൊണ്ട് ഒരു പാട്ടെങ്കിലും പാടിക്കുകയും ചെയ്യുമായിരുന്നു. കവിതകളും ലളിത ഗാനങ്ങളുമൊക്കെ അവള്‍ പാടുമ്പോള്‍ രാഗഭാവങ്ങള്‍ മഴവില്ലഴകില്‍ പീലി വിരിച്ചാടും പോലെ അയാള്‍ക്ക് തോന്നി.
”കുട്ടി പ്ലസ് ടു കഴിഞ്ഞാല്‍ സംഗീത കോളേജില്‍ ചേരണം. തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ ഞാന്‍ ഏര്‍പ്പാട് ചെയ്ത് തരാം…””
സുന്ദരേശന്‍ സാര്‍ അതു പറയുമ്പോള്‍ നീലാംബരി ശോകം കലര്‍ന്ന ഒരു ചിരി മുഖത്തു വരുത്തുക മാത്രം ചെയ്തുപോന്നു. കാരണം സ്‌കൂളില്‍ പഠിക്കുന്നതു തന്നെ അമ്മ കഷ്ടപ്പെട്ട് പശുക്കളെ വളര്‍ത്തിയിട്ടാണ്. അമ്മ പട്ടിണി കിടന്നും മുണ്ടു മുറുക്കി ഉടുത്തും സ്വരൂപിക്കുന്ന പൈസ അവളുടെ അപ്പ ബലമായി പിടിച്ച്‌വാങ്ങി ചാരായം കൂടിച്ച് അന്തിയാകുമ്പോള്‍ എവിടെയെങ്കിലും വീണു കിടക്കാന്‍ തുടങ്ങിയതില്‍ പിന്നെ അവളുടെ മുഖത്ത് ചിരി വിരിയാറില്ല. അടിവാരത്തെ സ്‌കൂളില്‍ തന്നെ പോകാന്‍ പണമില്ലാത്ത താനെങ്ങനെ തൃപ്പൂണിത്തുറയില്‍ സംഗീത കോളേജില്‍ ചേരുമെന്നവള്‍ വിഷാദിച്ചു. എന്തായാലും സംഗീതം പഠിപ്പിക്കുന്ന കോളേജ് ഉണ്ടെന്ന വിവരം അവള്‍ക്കൊരു പുതിയ അറിവായിരുന്നു. നീലാംബരിയുടെ സംഗീതവാസനയെക്കുറിച്ചും അവളെ സംഗീത കോളേജില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതിനെക്കുറിച്ചും സുന്ദരേശന്‍ സാര്‍ അവളുടെ അമ്മയോടും ഇടയ്ക്കിടയ്ക്ക് സൂചിപ്പിച്ച് പോന്നു.
റബ്ബര്‍ കാടുകളുടെ താഴ്‌വര ആദ്യമൊക്കെ വല്ലാത്ത ഏകാന്തതയും വിരസതയും സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോള്‍ അയാള്‍ നഗര ജീവിതത്തെക്കാള്‍ ആ കുഗ്രാമത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. അതിനൊരു പ്രധാന കാരണം സംഗീതവാസനയുള്ള ഒരു കുട്ടി തന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നതു കൂടിയായിരുന്നു. കുട്ടികളുടെ വര്‍ഷാവസാന പരീക്ഷ കഴിഞ്ഞ് തൃപ്പൂണിത്തുറയ്ക്ക് മടങ്ങണമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ കൊറോണ വൈറസ് നാട്ടിലാകെ പടരുന്നതിന്റെ വാര്‍ത്തകള്‍ വരുന്നത്. കുട്ടികളുടെ പരീക്ഷകള്‍ പാതിവഴിയില്‍ നിര്‍ത്തി വച്ചതു കാരണം നാട്ടില്‍ എപ്പോള്‍ പോകാമെന്ന കാര്യത്തിനും അവ്യക്തതയായി. മാത്രമല്ല നാടും നഗരവുമെല്ലാം ലോക് ഡൗണായതോടെ സുന്ദരേശന്‍ സാര്‍ അടിവാരം ഗ്രാമത്തില്‍ ശരിക്കും കുടുങ്ങിപ്പോയി. ജൂണില്‍ സ്‌ക്കൂള്‍ തുറക്കും മുന്നെ വീട്ടില്‍ ഒന്നു പോയി വന്നു എങ്കിലും മുഖംമൂടി വച്ച നഗരവും അടച്ചിട്ട കടകളും സിനിമാ തീയേറ്ററുകളുമെല്ലാം അയാളെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. സാധാരണ രണ്ടു മാസക്കാലത്തെ മധ്യവേനലവധി നാട്ടിലെ അമ്പല പറമ്പുകളില്‍ കഥകളി കണ്ടും കച്ചേരി കേട്ടും ആഘോഷമാക്കി മാറ്റാറുള്ള അയാളുടെ ഓര്‍മ്മയിലെങ്ങും ഇത്രയും ശ്മശാന മൂകമായ അവധിക്കാലമുണ്ടായിട്ടില്ല.
എസ്റ്റേറ്റ് മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളും കോവിഡ് ലോക്ക് ഡൗണും കൂടി ചേര്‍ന്ന് തെക്കേമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ജീവിതത്തെ മാത്രമല്ല അടിവാരം ഗ്രാമത്തെ തന്നെ കശക്കി എറിഞ്ഞു കഴിഞ്ഞിരുന്നു. തൊഴിലാളികളായ പുരുഷന്മാരെല്ലാം കള്ളവാറ്റിന്റെ രാസലായനികളില്‍ വിശപ്പും ദാഹവും മറന്നെങ്കിലും സ്ത്രീകളും കുട്ടികളും നിത്യനിദാനങ്ങള്‍ക്കായി വല്ലാതെ കഷ്ടപ്പെടുന്നതായി സുന്ദരേശന്‍ സാറിന് തോന്നി. നീലാംബരിയുടെ അമ്മ പലപ്പോഴായി ചോദിച്ചു വാങ്ങിയ വായ്പ തുക തന്നെ വീടുകളിലെ കാര്യങ്ങള്‍ പന്തിയല്ലെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. രണ്ടു മൂന്നു മാസത്തെ എങ്കിലും പാലിന്റെ പണം മുന്‍കൂര്‍ പറ്റിയത് അവരുടെ നിവൃത്തികേടു കൊണ്ടാണെന്ന് അയാള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞു.
പതിവുപോലെ മഴയുടെ അകമ്പടിയോടെയുള്ള സ്‌കൂള്‍ തുറക്കല്‍ ഇത്തവണ ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സ് എന്നത് അടിവാരം സ്‌കൂളിലൊക്കെ തികച്ചും പുതിയൊരറിവായിരുന്നു. എല്ലാ കുട്ടികള്‍ക്കും മൊബൈലോ കമ്പ്യൂട്ടറോ സ്വന്തമായി ഉണ്ടെങ്കിലേ ഇനി മുന്നോട്ട് പഠനം നടക്കു എന്ന വിവരം ഒരു ഞെട്ടലോടെയാണ് ഗ്രാമവാസികള്‍ തിരിച്ചറിഞ്ഞത്.
”അരി മേടിക്കാന്‍ പാങ്ങില്ലാത്ത ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ കുട്ടികള്‍ ഇനി എങ്ങനെ പഠിക്കും സാറെ…?” “നീലാംബരിയുടെ അമ്മ മല്ലിക വഴിയില്‍ വച്ച് കണ്ടപ്പോള്‍ പറഞ്ഞത് സത്യമാണെന്ന് സുന്ദരേശന്‍ സാറിനും തോന്നാതിരുന്നില്ല.
പാഠപുസ്തകങ്ങളും നോട്ട്ബുക്കും പോലും വാങ്ങിക്കൊടുക്കാന്‍ നിര്‍വാഹമില്ലാത്ത രക്ഷകര്‍ത്താക്കള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്ന ചിലവേറിയ പഠനത്തിനു മുമ്പില്‍ പകച്ചു നിന്നു. ചിലരൊക്കെ വിറ്റും പെറുക്കിയും കുട്ടികള്‍ക്ക് മൊബൈലും മറ്റും വാങ്ങി നല്കി.
ഓണ്‍ലൈന്‍ കാസ്സുകള്‍ ആരംഭിക്കുന്ന സ്‌ക്കൂള്‍ തുറവിയുടെ രാവിലെ പതിവ് തെറ്റിച്ച് സുന്ദരേശന്‍ സാറിനുള്ള പാലുമായി വന്നത് നീലാംബരിയുടെ അമ്മയായിരുന്നു.
“”എവിടെപ്പോയി നീലാംബരി…” അയാളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരമറിയാത്ത കുട്ടിയെപ്പോലെ മല്ലിക തല കുനിച്ചു നിന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്.
”അയ്യോ.. എന്തുപറ്റി? നീലാംബരിക്ക് വല്ല അസുഖമോ മറ്റോ…?” അയാള്‍ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പ് മല്ലിക വിതുമ്പിക്കൊണ്ടാണ് അത് പറഞ്ഞത്.
”ഒള്ള പശുക്കളിലൊന്നിനെ വിറ്റ് അവക്കൊരു മൊബൈല് വാങ്ങിക്കൊടുത്താലെങ്കിലും അതിന്റെ പടിത്തം നടക്കുവല്ലോന്ന് വിചാരിച്ചതാ സാറെ… ജീവിതത്തി എനിക്കിനി ആകെ ഒള്ള പ്രതീക്ഷയാ സാറെ അവള്…” മല്ലിക തേങ്ങിക്കൊണ്ടിരുന്നു.
”അതിനിപ്പം എന്താ ഒണ്ടായെ…” – സുന്ദരേശന്‍ സാര്‍ ആശ്വസിപ്പിക്കും പോലെ ചോദിച്ചു.
”പശൂനെ വിറ്റു കിട്ടിയ ആകെ ഒണ്ടായിരുന്ന എണ്ണായിരം രൂപ അതിയാന്‍ പിടിച്ചു പറിച്ച് ചാരായ ഷാപ്പിലോട്ട് പോയപ്പം തൊടങ്ങിയ കരച്ചിലാ എന്റെ കൊച്ച്…. ഈ വര്‍ഷംപത്താം ക്ലാസ്സിലോട്ട് കേറിയതിന്റെ സന്തോഷത്തിലായിരുന്നു മോള്… ഇനി ഞാന്‍ എങ്ങനെ പഠിക്കുമമ്മേ എന്നു ചോദിച്ചാ സാറെ അവള് കരയുന്നേ.. ഞാന്‍ എന്തു പറഞ്ഞാശ്വസിപ്പിക്കും സാറെ…” മല്ലിക മാറിലിട്ട തോര്‍ത്തിന്റെ തുമ്പുകൊണ്ട് മൂക്കുതുടച്ചു.
സുന്ദരേശന്‍ സാര്‍ അവരുടെ ധര്‍മ്മസങ്കടത്തില്‍ ഒരു മാത്ര താടിക്ക് കൈ കൊടുത്തിരുന്നു പോയി.
“”എല്ലാത്തിനും വഴിയൊണ്ടാക്കാന്ന് അവളോട് പറ…” പാല്‍ പാത്രവുമായി മടങ്ങുന്ന മല്ലികയോട് അതു പറയുമ്പോള്‍ അയാള്‍ നീലാംബരിക്ക് ഒരു മൊബൈല്‍ വാങ്ങിക്കൊടുത്താലെന്തെന്ന് ചിന്തിക്കുകയായിരുന്നു. അവളെപ്പോലെ പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടി പണമില്ലാത്തതു കൊണ്ട് കഷ്ടപ്പെടരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഭാവിയുള്ള കുട്ടിയാണവള്‍.
അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസമായ അന്ന് കുട്ടികളുടെ കലപില ശബ്ദങ്ങളുടെ രാഗമാലിക ഉയരേണ്ട സ്‌ക്കൂള്‍ മുറ്റവും ക്ലാസ്സ് മുറികളും മരണ വീട് പോലെ നിശ്ശബ്ദമായി കിടക്കുന്നത് അയാളില്‍ നൊമ്പരമുണര്‍ത്തി. സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ നല്ലൊരു പങ്കും എത്തിയിട്ടുണ്ടായിരുന്നില്ല. വന്നവരില്‍ ചിലര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന കൊണ്ടു പിടിച്ച ചര്‍ച്ചയാണ്. ഉച്ച കഴിഞ്ഞ് മലഞ്ചരക്കുമായി പോകുന്ന ഒരു ജീപ്പില്‍ കയറി അയാള്‍ നഗരത്തിലേക്ക് പോയത് നീലാംബരിക്ക് ഒരു മൊബൈല്‍ വാങ്ങുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ആയിരുന്നു. നഗരമാകട്ടെ ഹര്‍ത്താലിലെന്നപോലെ അടഞ്ഞുകിടന്നിരുന്നു. അങ്ങിങ്ങ് അപൂര്‍വ്വം ചില കടകളൊഴിച്ചാല്‍ ബാക്കിയെല്ലാം മുഖം മൂടി ധരിച്ച മനുഷ്യരെപ്പോലെ തന്നെ കാണപ്പെട്ടു. വളരെ തിരഞ്ഞു നടന്നതിനു ശേഷമാണ് മൊബൈല്‍ വില്‍ക്കുന്ന ഒരു കട കണ്ടുപിടിക്കാന്‍ അയാള്‍ക്കായത്. അവിടെയാകട്ടെ പതിവില്ലാത്ത തിരക്കും. പാവങ്ങളും പണക്കാരുമെല്ലാം തിരക്കു കൂട്ടുന്നത് തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്താണെന്ന് സുന്ദരേശന് മനസ്സിലായി.
ഒരു ഫോണ്‍ തിരഞ്ഞെടുത്ത് പുറത്തിറങ്ങുമ്പോള്‍ സന്ധ്യ മയങ്ങി കഴിഞ്ഞിരുന്നു. പുതിയ ഫോണ്‍ ഭദ്രമായി തോള്‍സഞ്ചിയില്‍ വയ്ക്കുമ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നാളെ രാവിലെ പാലുമായി നീലാംബരി വരുമ്പോള്‍ പുതിയ ഫോണ്‍ അവള്‍ക്ക് സമ്മാനിക്കണമെന്ന് അയാള്‍ തീരുമാനിച്ചു. അപ്പോള്‍ എന്തു സന്തോഷമായിരിക്കും അവളുടെ മുഖത്തുണ്ടാവുക എന്നോര്‍ത്തപ്പോള്‍ അയാള്‍ ആനന്ദഭൈരവി രാഗത്തില്‍ ഒരു കീര്‍ത്തനം മൂളിപ്പോയി.
തെക്കേ മലയുടെ അടിവാരത്ത് അയാള്‍ വണ്ടിയിറങ്ങുമ്പോള്‍ ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. വൈകുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വെളിച്ചം കരുതിയിരുന്നില്ല. മലമുകളിലെവിടെ നിന്നോ ഓലിയിടുന്ന ഒരു ചാവാലി നായുടെ ശബ്ദം ചീവീടുകളുടെ നിലവിളിക്കും മേലെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. തെക്കേ മലയിലെ വീടുകള്‍ക്കൊക്കെ നേരത്തെ ഉറക്കം പിടിക്കുന്ന സ്വഭാവമായതു കൊണ്ട് വീട്ടു വെളിച്ചങ്ങളൊന്നും കാണാനുണ്ടായിരുന്നില്ല. ഒരു വര്‍ഷമായി നടന്നു ശീലിച്ച വഴികള്‍ ഏതിരുട്ടിലും കാലുകള്‍ക്ക് പരിചിതമാണ് എന്ന ധൈര്യത്തിലാണ് അയാള്‍ നടന്നു തുടങ്ങിയത്. നേരിയ നാട്ടു വെളിച്ചം റബ്ബര്‍ മരങ്ങളുടെ ഇടയിലേക്കെത്തുമ്പോള്‍ വഴി പിരിയുന്നു എന്ന അനുഭവമാണ് ആണ്ടിപ്പൂജാരിയുടെ വീടിനു മുന്നില്‍ അയാളെ നിര്‍ത്തിക്കളഞ്ഞത്. ഭാഗ്യത്തിന് ആണ്ടിപ്പൂജാരി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അയാള്‍ കൊടുത്ത മെഴുകുതിരി കഷ്ണവും അത് കാറ്റില്‍ കെടാതിരിക്കാന്‍ നല്കിയ ചിരട്ട മുറിയും ഏതാനും കൊള്ളി മാത്രമുള്ള തീപ്പെട്ടിയും കൈയില്‍പ്പിടിച്ച് സുന്ദരേശന്‍ വീണ്ടും നടന്നു തുടങ്ങി.
റബ്ബര്‍ എസ്റ്റേറ്റിനുള്ളിലെ ഒറ്റയടിപ്പാതയിലേക്ക് കയറുമ്പോള്‍ മെഴുതിരി കൊളുത്താമെന്ന് അയാള്‍ കരുതി. റബ്ബര്‍ കാടുകള്‍ക്കിടയിലെവിടെയോ തൊഴിലാളികളുടെ ലയങ്ങള്‍ പിരമിഡുകള്‍ പോലെ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇരുട്ടിന്റെ സാന്ദ്രത ഏറി വരുന്നതിനൊപ്പം മലമുകളില്‍ ഉയര്‍ന്ന ഇടി മുഴക്കം മഴയുടെ വരവറിയിച്ചു. റബ്ബര്‍ കാടുകള്‍ക്കു മേലെ കുതിച്ചു പാഞ്ഞു വരുന്ന മഴയുടെ ഇരമ്പല്‍ അയാളുടെ കാലുകളുടെ വേഗം കൂട്ടിയെങ്കിലും കൊഴുത്ത ഇരുട്ടില്‍ മഴയെ ഓടി ജയിക്കാനയാള്‍ക്ക് കഴിഞ്ഞില്ല. തൂളി തുടങ്ങിയ മഴ തല നനയ്ക്കാതിരിക്കാന്‍ ഇടതു കൈപ്പടം കൊണ്ട് അയാള്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു.
മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ട കഴിഞ്ഞാല്‍ ലയങ്ങളുടെ മുന്നിലൂടെ തന്റെ വാടകവീട്ടിലേക്കുള്ള വഴി കുറച്ചു കൂടി എളുപ്പമാകുമെന്നയാള്‍ ഓര്‍ത്തു. ഇതിനിടയില്‍ മെഴുതിരി കൊളുത്താന്‍ പലവട്ടം നടത്തിയ ശ്രമങ്ങളെ കാറ്റ് പരാജയപ്പെടുത്തിയിരുന്നു. മഴ നനയാതിരിക്കാനുള്ള ഓട്ടത്തിനിടയിലാണ് അത് സംഭവിച്ചത്. വിറക് കമ്പ് പോലെ എന്തിലോ ചെന്ന് മുഖമടിച്ച് അയാള്‍ പിന്നിലേക്ക് മലര്‍ന്നുവീണു. തീപ്പെട്ടിയും മെഴുതിരിയും തെറിച്ചു പോയെങ്കിലും മൊബൈല്‍ സൂക്ഷിച്ച തുണിസഞ്ചി അയാള്‍ ചേര്‍ത്തുപിടിച്ചു. വിറകു കമ്പു പോലെ എന്തോ തന്റെ മുഖത്തടിച്ചത് അയാള്‍ക്ക് വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു.. തപ്പിപ്പിടഞ്ഞെഴുന്നേറ്റ അയാള്‍തെറിച്ചു പോയ തീപ്പെട്ടിയും മെഴുതിരിയും പരതി നോക്കിയെങ്കിലും കിട്ടിയില്ല. കാറ്റു പിടിച്ചതു പോലെ റബ്ബര്‍ മരക്കൊമ്പുകള്‍ ആടി ഉലയുന്നതിന്റെ ശബ്ദം അയാളില്‍ ഭീതി നിറച്ചു. പിന്നെ ഒരോട്ടമായിരുന്നു. എവിടെയൊക്കെയൊ തട്ടിയും തടഞ്ഞുമുള്ള ഓട്ടം എങ്ങിനെയൊക്കെയോ അയാളെ വീടെത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് പിടികിട്ടിയില്ല. തന്റെ മുഖം എന്തിലെങ്കിലും ചെന്ന് ഇടിച്ചതാണോ ആരെങ്കിലും പതിയിരുന്ന് അടിച്ചതാണോ എന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
മുറിവോ ചതവോ ഏറ്റില്ലെങ്കിലും തന്റെ മുഖത്ത് ഉണക്ക കമ്പു പോലെ എന്തോ വന്നുകൊണ്ടത് അയാള്‍ക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു. ചെളി പുരണ്ട വസ്ത്രങ്ങള്‍ മാറ്റി തലയും ദേഹവും തുടച്ച് കട്ടിലില്‍ കിടന്ന അയാള്‍ യാത്രാക്ഷീണം കൊണ്ട്‌പെട്ടെന്ന് തന്നെ ഉറക്കം പിടിച്ചു. എത്ര നേരം ഉറങ്ങിയെന്ന് അയാള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നില്ല. പുറത്ത് വലിയ നിലവിളിയും ഒച്ചപ്പാടും കേട്ട് ചാടി എഴുന്നേല്‍ക്കുമ്പോഴാണ് നേരം വെളുത്തത് തന്നെ അയാള്‍ അറിഞ്ഞത്. പുറത്തിറങ്ങി നോക്കുമ്പോള്‍ താഴെ ലയങ്ങളിലുള്ള സ്ത്രീകളും പുരുഷന്മാരുമൊക്കെ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ചിലര്‍ നിലവിളിക്കുന്നുണ്ടായിരുന്നു.
അയാള്‍ ഒരു ഷര്‍ട്ടെടുത്തിട്ട് താഴേയ്ക്ക് എത്തുമ്പോള്‍ മണ്‍തിട്ടയില്‍ കൂടി നില്‍ക്കുന്നവര്‍ താഴേയ്ക്ക് ചൂണ്ടി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. കരഞ്ഞു കൊണ്ട് മടങ്ങുന്ന ചില സ്ത്രീകളോട് എന്തുപറ്റിയെന്ന് ചോദിച്ചെങ്കിലും ആരും ഒന്നും പറയുകയുണ്ടായില്ല. കൂടിനിന്നവര്‍ക്കിടയിലൂടെ മുന്നോട്ടു ചെന്നപ്പോഴാണ് ഒരു കാര്യം അയാള്‍ക്ക് മനസ്സിലായത്. ഇന്നലെ രാത്രി എന്തിലോ മുഖമടിച്ച് താന്‍ വീണ വഴിയിലാണ് ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നത്. അതോടെ നെഞ്ചിടിപ്പ് പെരുമ്പറ പോലെ ഉയരുന്നതായി അയാള്‍ക്കു തോന്നി. മണ്‍തിട്ടില്‍ നിന്നും താഴേക്കിറങ്ങിയതോടെ എല്ലാവരുടെയും ഉല്‍ക്കണ്ഠയ്ക്കും സങ്കടത്തിനും കാരണമായ ദൃശ്യം അയാളുടെ മുന്നിലും തൂങ്ങി ആടാന്‍ തുടങ്ങി. നടവഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന റബ്ബര്‍ മരക്കൊമ്പില്‍ കൊരുത്ത ചണക്കയറിന്റെ തുമ്പില്‍ ഒരു പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. താരാട്ട് കേട്ടുറങ്ങുന്ന നിഷ്‌ക്കളങ്ക മുഖഭാവത്തോടെ തല തെല്ല് ചരിച്ച് തൂങ്ങി നില്‍ക്കുന്നത് തന്റെ പ്രിയ ശിഷ്യ നീലാംബരിയാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് ഒരു നോട്ടമേ വേണ്ടി വന്നൊള്ളു. താഴെക്കിടക്കുന്ന മെഴുതിരിയും തീപ്പെട്ടിയും ചിരട്ടയും കണ്ടപ്പോള്‍ അയാളില്‍ നിന്ന് നിശബ്ദമായ ഒരു നിലവിളി ഉയര്‍ന്നു… വഴിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പില്‍ തൂങ്ങിയാടുന്ന മരിച്ച് മരവിച്ച് വിറകു കമ്പുകള്‍പോലെയായിത്തീര്‍ന്ന രണ്ടു പാദങ്ങളിലാണ് താന്‍ മുഖമടിച്ച് വീണതെന്ന അറിവില്‍ അയാളുടെ കൈകള്‍ യാന്ത്രികമായി മുഖംതടവിക്കൊണ്ടിരുന്നു.
പിന്നെ തിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ അവളുടെ മുഖത്തേക്ക് അയാള്‍ ഒന്നുകൂടി നോക്കിപ്പോയി. ചോരയിറ്റുന്ന അവളുടെ ചുണ്ടുകളില്‍ പാടി പൂര്‍ത്തിയാക്കാത്ത ഒരു താരാട്ട് പാട്ട് തടഞ്ഞു നില്‍ക്കുന്നതായി അയാള്‍ക്ക് തോന്നി. നീലാംബരി രാഗത്തിന്റെ സാന്ദ്ര തരംഗങ്ങള്‍ അപ്പോള്‍ അവിടെയെല്ലാം പരക്കുന്നുണ്ടായിരുന്നു… പിന്നെ അയാള്‍ ഒരു ദൂരെയാത്രക്ക് തയ്യാറെടുത്തവനെപ്പോലെ വേഗം തിരിഞ്ഞു നടന്നു.