ആദ്യമായല്ല ബംഗളൂരു നഗരത്തില്‍ കലാപം ഉണ്ടാവുന്നത്.മുഹമ്മദ് നബിയുടെ പേരിലുണ്ടാവുന്ന കലാപവും ആദ്യമല്ല. 1986നു ശേഷം എട്ട് കലാപങ്ങള്‍ക്കാണ് ബംഗളൂരു സാക്ഷ്യം വഹിച്ചത്. 1986-ലെ കലാപം മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്ന കാരണത്താലായിരുന്നു. ആ കലാപങ്ങള്‍ക്കൊന്നുമില്ലാത്ത മാനം ഇക്കഴിഞ്ഞ ആഗസ്റ്റ് 11ന് നടന്ന കലാപത്തിനുണ്ട്. അതിന്റെ ഗൗരവം കണക്കിലെടുത്താവാം കര്‍ണ്ണാടക സര്‍ക്കാര്‍ കലാപകാരികള്‍ക്കു നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്. രാജ്യത്തെ ഏറ്റവും വലിയ സിലിക്കണ്‍ സിറ്റിയായ ബംഗളൂരുവിനെ തകര്‍ക്കാനും അവിടം സുരക്ഷിത മേഖലയല്ല എന്ന സന്ദേശം വന്‍ സംരംഭകര്‍ക്കു നല്‍കാനും കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉദ്ദേശ്യമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കലാപത്തിനു പിന്നില്‍ അന്താരാഷ്ട്രബന്ധമുള്ള ഭീകരസംഘടനകളുടെ പങ്കും സംശയിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ ആസൂത്രിതമായി സൃഷ്ടിച്ചതാണ് ഈ കലാപമെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്.
1986-ല്‍ ഡക്കാന്‍ ഹെറാള്‍ഡ് പത്രത്തില്‍ അച്ചടിച്ചു വന്ന ‘മണ്ടന്‍ മുഹമ്മദ്’ എന്ന കഥയാണ് വര്‍ഗ്ഗീയ കലാപത്തിനു കാരണമായി പറഞ്ഞത്. കലാകൗമുദി വാരികയില്‍ പി.കെ.എന്‍. നമ്പൂതിരി എഴുതിയ കഥയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഡക്കാന്‍ ഹെറാള്‍ഡില്‍ വന്നത്. കേരളത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത കഥ ബംഗളൂരുവില്‍ കലാപത്തിനു ഇടയാക്കിയത്, പിന്നീട് കേന്ദ്രമന്ത്രിയായിരുന്ന ഇബ്രാഹിമിന്റെ രാഷ്ട്രീയ താല്പര്യങ്ങളായിരുന്നു എന്നു വ്യക്തമായിരുന്നു. 16 പേര്‍ മരണപ്പെട്ട ഈ കലാപത്തെക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയില്ല. 1994ല്‍ വീരപ്പമൊയ്‌ലി മുഖ്യമന്ത്രിയായിരിക്കെ മുസ്ലീം പ്രീണനത്തിനുവേണ്ടി ദൂരദര്‍ശനില്‍ കന്നഡ വാര്‍ത്തയ്ക്കു പകരം ഉറുദു വാര്‍ത്ത സംപ്രേഷണം ചെയ്തത് പ്രാദേശിക വികാരം സൃഷ്ടിക്കുകയും കലാപമായി മാറുകയും ചെയ്തു. 25 പേരാണ് കൊല്ലപ്പെട്ടത്. 2006-ല്‍ കന്നഡ നടന്‍ രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്നു അദ്ദേഹത്തിന്റെ ആരാധകരാണ് കലാപമഴിച്ചുവിട്ടത്. 2007ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ജാഫര്‍ ഷെറീഫ് സദ്ദാംഹുസൈനെ തൂക്കിക്കൊന്ന ദിവസം സ്വന്തം പാര്‍ട്ടിയുടെ റാലി സംഘടിപ്പിച്ചു. റാലിക്കാര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ജനു. 19ന് ശ്രീഗുരുജി ജന്മവാര്‍ഷികത്തിന് സ്ഥാപിച്ച കൊടിതോരണങ്ങളും ബാനറുകളും നശിപ്പിച്ചുകൊണ്ട് കലാപം സൃഷ്ടിക്കുകയായിരുന്നു. 2012-ല്‍ അസമിലെ കൊക്രജാറിലുണ്ടായ സാമുദായിക പ്രശ്‌നത്തിന്റെ പേരില്‍ ചിലര്‍ ആ സംസ്ഥാനക്കാരായ കുടിയേറ്റക്കാരെ ബംഗളൂരുവില്‍ അക്രമിക്കുമെന്നു പ്രചരണമിറക്കി. അത് സാമുദായിക സംഘര്‍ഷത്തിനു കാരണമായി. ഒറ്റ രാത്രികൊണ്ട് പതിനായിരത്തിലധികം ഉത്തരേന്ത്യന്‍ സംസ്ഥാനക്കാര്‍ ബംഗളൂരു വിട്ടു. ഇതിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളായിരുന്നു. ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അഭയമരുളിയത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരായിരുന്നു. 2016ല്‍ നദീജലതര്‍ക്കം സംബന്ധിച്ച് തമിഴ്‌നാടും കര്‍ണ്ണാടകയും തമ്മിലുള്ള കേസ്സില്‍ സുപ്രീംകോടതി കര്‍ണ്ണാടക സര്‍ക്കാരിനോട് തമിഴ്‌നാടിനു വെള്ളം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിധിക്കെതിരെ തെരുവിലിറങ്ങിയവര്‍ തമിഴ് സംസാരിക്കുന്നവരെ അക്രമിച്ചു. ഈ കലാപങ്ങളിലെല്ലാം പ്രാദേശിക വാദമോ രാഷ്ട്രീയമായ വര്‍ഗ്ഗീയ പ്രീണനമോ ആണു മുഖ്യകാരണമെന്നു കാണാം.
സാമൂഹ്യമാധ്യമം വഴി പ്രവാചകനെ അവഹേളിച്ചു എന്ന പേരില്‍ ആഗസ്റ്റ് 11ന് ഡി.ജെ. ഹള്ളി, കെ.ജി.ഹള്ളി എന്നീ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങള്‍ കേന്ദ്രമാക്കി നടത്തിയ കലാപത്തിന് ഇത്തരം രാഷ്ട്രീയമാനമോ പ്രാദേശികമാനമോ ഇല്ല. ബംഗളൂരു നഗരത്തെ തകര്‍ക്കുക, വന്‍സംരംഭകരെ ഓടിക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ഈ കലാപം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എസ്.ഡി.പി.ഐ ആണെന്നു സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന മന്ത്രിമാര്‍ മാത്രമല്ല പ്രതിപക്ഷത്തുള്ള ജനതാദളിന്റെ നേതാക്കളും ഈ കലാപം ആസൂത്രിതമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, കര്‍ണ്ണാടക ഫോറം ഫോര്‍ ഡിഗിനിറ്റി എന്നീ മൂന്നു മുസ്ലിം ഭീകരവാദ സംഘടനകളുടെ പങ്കിലേയ്ക്കാണ് പോലീസ് വിരല്‍ ചൂണ്ടുന്നത്.
പുലികേശി നഗര്‍ എം.എല്‍.എയും ദളിത് നേതാവും കോണ്‍ഗ്രസ്സുകാരനുമായ അഖണ്ഡശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീന്‍ പ്രവാചകനെ അവഹേളിക്കുന്ന ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലിട്ടു എന്നതിന്റെ പേരിലാണ് കലാപം ആരംഭിച്ചത്. ഇതിലും ഏറെ ദുരൂഹതകള്‍ ഉണ്ട്. തനിക്ക് ലഭിച്ച ഒരു പോസ്റ്റിന്റെ പ്രതികരണമായി സ്വകാര്യ പോസ്റ്റിലിട്ട കാര്യങ്ങള്‍ ബോധപൂര്‍വ്വം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് നവീന്‍ പറയുന്നത്. 2018ല്‍ കോസ്റ്റല്‍ കര്‍ണ്ണാടക നിവാസിയും ഇപ്പോള്‍ സൗദിയില്‍ കഴിയുന്നയാളുമായ അഡയാര്‍ ബഷീര്‍ ഹിന്ദുദൈവങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ചുകൊണ്ടു ഇട്ട പോസ്റ്റാണ് ആരോ ഉപയോഗപ്പെടുത്തിയത്. ബഷീറിനെതിരെ 2018ല്‍ തന്നെ പോലീസ് കേസ്സെടുത്തിരുന്നു. മുസ്ലീം പേരുകളില്‍ വ്യാജ ഐഡി ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹിന്ദുദേവീദേവന്മാരെ ആധിക്ഷേപിക്കുകയും അതിനെതിരെ ഹിന്ദുക്കളില്‍ ചിലര്‍ വൈകാരികമായി പ്രതികരിക്കുമ്പോള്‍ അതിനെ അവസരമാക്കി മതനിന്ദ നടത്തുന്നു എന്ന് പ്രചരിപ്പിച്ച് മതവികാരം ഇളക്കിവിടുകയും ചെയ്യുക എന്ന തന്ത്രം ചിലര്‍ പ്രയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഒരു കെണിയില്‍ നവീന്‍ വീണു എന്നാണ് കരുതുന്നത്.
നവീനിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ശിവാജി നഗര്‍ സ്വദേശി സയ്യിദ് മസൂദും സാഗയപുരം സ്വദേശി മുസമ്മില്‍ പാഷയും കെ.ജി. ഹള്ളി പോലീസ്സില്‍ പരാതി നല്‍കി. ഇവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആളെക്കൂട്ടി. 300 ഓളം വാഹനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. അള്ളാഹു അക്ബര്‍ വിളിയും തക്ബീര്‍ മുഴക്കലുമായി മുഖംമൂടി ധരിച്ച ആളുകള്‍ കലാപത്തിന് തയ്യാറായി വാള്‍, വടി തുടങ്ങിയ ആയുധങ്ങളുമായിട്ടാണ് എത്തിയത്. പോലീസ് നവീനിനെ അറസ്റ്റു ചെയ്തു. നവീനിനെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ഈ ജനക്കൂട്ടം ആവശ്യപ്പെട്ടു. പോലീസ് ഇതിനു തയ്യാറാവാത്തതിനെ തുടര്‍ന്ന് അവര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അക്രമി സംഘം രണ്ടു ഗ്രൂപ്പായി എന്നും ഒരു കൂട്ടര്‍ പോലീസ് സ്റ്റേഷന്‍ അക്രമിച്ചപ്പോള്‍ മറ്റൊരു വിഭാഗം എം.എല്‍.എ അഖണ്ഡശ്രീനിവാസ മൂര്‍ത്തിയുടെ വീട് അക്രമിച്ചു എന്നുമാണ് വാര്‍ത്ത. അക്രമികള്‍ വ്യാപകമായി കലാപം അഴിച്ചുവിട്ടു. വാഹനങ്ങള്‍ കത്തിക്കല്‍, ഒരു പ്രത്യേകമതവിഭാഗത്തിന്റെ വീടുകള്‍, കടകള്‍ എന്നിവ തകര്‍ക്കല്‍, കൊള്ളയടിക്കല്‍ എന്നിവയും നടന്നു. പോലീസ് കലാപകാരികള്‍ക്കു നേരെ ശക്തമായ നടപടി സ്വീകരിക്കുകയും വെടിവെപ്പിനു ഉത്തരവിടുകയും ചെയ്തു. പോലീസിന്റെ വെടിയേറ്റ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഷേര്‍സിദ്ധിഖ്, വസിംപാഷ, മുഹമ്മദ് യാദിന്‍ എന്നിവരാണ് വെടിവെയ്പില്‍ മരിച്ചത്. പിന്നീട് ഒരാള്‍ കൂടി മരണപ്പെട്ടു. കാമരാജപേട്ട് എം.എല്‍.എ ബി.സെഡ്. സമുര്‍ അഹമ്മദ് ഖാന്‍ ഇടപെട്ടിട്ടും അക്രമികള്‍ കലാപത്തില്‍ നിന്നു പിന്‍തിരിഞ്ഞില്ല എന്നും വാര്‍ത്തയുണ്ട്. ഇവര്‍ വളരെ ആസൂത്രിതവും സംഘടിതവുമായി പ്രത്യേക പദ്ധതികളോടും നിര്‍ദ്ദേശാനുസരണവുമാണ് എത്തിയത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
മുസമ്മില്‍പാഷ, അഫ്‌നാന്‍, സയദ്മസുദ്, അയാസ്, അല്ലബാഷ തുടങ്ങിയവരാണ് കലാപത്തിന് നേതൃത്വം നല്‍കിയത്. മൂര്‍ച്ചയേറിയ ആയുധങ്ങളും ഇരുമ്പുദണ്ഡും മരക്കമ്പുകളും ചുടുകട്ടകളും ജനക്കൂട്ടത്തിന്റെ കയ്യിലുണ്ടായിരുന്നു. സ്റ്റേഷനിലേക്ക് കല്ലേറുണ്ടായി. നിരവധി പോലീസുകാര്‍ക്കു പരിക്കേറ്റു. സ്റ്റേഷന്റെ സമീപത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്കു തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും ആകാശത്തേയ്ക്കുള്ള വെടിവെപ്പും പരാജയപ്പെട്ടപ്പോള്‍ പോലീസ്സിന് അക്രമികള്‍ക്കു നേരെ വെടിവെക്കേണ്ടിവന്നു. കലാപത്തെക്കുറിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കയാണ്. പോലീസിനെ സഹായിക്കാനാണ് മുസമ്മില്‍ പാഷയുടെ നേതൃത്വത്തില്‍ എസ്.ഡി.പി.ഐക്കാര്‍ ശ്രമിച്ചതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം.
അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ വീടും വഴിയോരത്ത് സമീപവാസികള്‍ പാര്‍ക്കു ചെയ്തിരിക്കുന്നവയടക്കമുള്ള വാഹനങ്ങളും കത്തിച്ചതിലും എസ്.ഡി.പി.യുടെ പങ്ക് പോലീസ്സിന് വ്യക്തമായിട്ടുണ്ട്. തങ്ങളുടെ എം.എല്‍.എയും ദളിതനുമായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് അക്രമിക്കപ്പെട്ടിട്ടും കോണ്‍ഗ്രസ് തണുപ്പന്‍ നയമാണ് സ്വീകരിച്ചത്. കലാപകാരണം കണ്ടെത്താന്‍ വസ്തുതാ പരിശോധന സമിതിയെ നിയോഗിക്കുകയല്ലാതെ കുറ്റവാളികളായ എസ്.ഡി.പി.ഐക്കെതിരെ അവര്‍ ശക്തമായി പ്രതികരിച്ചിട്ടില്ല. വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സാമൂഹ്യധ്രുവീകരണം സൃഷ്ടിക്കുന്നത് തങ്ങളുടെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന ഭയം അവര്‍ക്കുണ്ട്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും കലാപം അടിച്ചൊതുക്കുകയും ചെയ്തതുകൊണ്ട് കലാപകാരികള്‍ ഉദ്ദേശിച്ച രീതിയില്‍ അതു ആളിപ്പടര്‍ന്നില്ല. മുസ്ലിം-ദളിത് ഐക്യത്തിന്റെ വക്താക്കളാണ് എസ്.ഡി.പി.ഐ. എന്നാല്‍ അവരുടെ കലാപത്തിന്റെ ആദ്യ ഇര ദളിതന്‍ തന്നെ ആകുന്നു എന്ന വസ്തുത ദളിത് വിഭാഗത്തിന് പ്രത്യേകിച്ചും, ഹിന്ദു സമൂഹത്തിനു പൊതുവിലും ഉള്ള മുന്നറിയിപ്പാണ്.
അറസ്റ്റിലായ മുസമ്മില്‍പാഷ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയും കഴിഞ്ഞ ബ്രഹത്ത് ബംഗളൂരു മഹാനഗരപാലിക തെരഞ്ഞെടുപ്പില്‍ 60-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. നവീനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതും ആളെ കൂട്ടി കലാപത്തിനു നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു എന്ന് പോലീസ് പറയുന്നു. ജനതാദള്‍ പ്രവര്‍ത്തകനായ വാജിദിന് അഖണ്ഡശ്രീനിവാസ മൂര്‍ത്തിയോട് പക ഉണ്ടായിരുന്നു എന്നും എം.എല്‍.എക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ എം.എല്‍.എ പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഇയാളെ വിളിച്ച് താക്കീതു നല്‍കി വിടുകയും ചെയ്തിരുന്നു എന്നും വാര്‍ത്ത വന്നിട്ടുണ്ട്. എസ്.ഡി.പി.ഐയ്ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തെളിവു ലഭിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞത്.
![](https://kesariweekly.com/wp-content/uploads/2020/09/karnataka-killed2jpg.jpg)
നേതൃത്വം നല്‍കിയ കമാല്‍പാഷ
ആര്‍. എസ്. എസ്സിനെ ഉന്മൂലനംചെയ്യല്‍
സംസ്ഥാനത്ത്, പ്രത്യേകിച്ച് മൈസൂരില്‍ നിരവധി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ എസ്.ഡി.പി.ഐക്കാര്‍ വധിച്ചിട്ടുണ്ട്. 2008ല്‍ ഹുസ്‌നൂര്‍ സ്വദേശി വസന്തകുമാര്‍ പാട്ടീല്‍, 2009ല്‍ മൈസൂരിലെ വെങ്കിടേശ്, ഹരീഷ്, ശശികുമാര്‍, 2010ല്‍ മൈസൂരിലെ പരേഷ്‌മേത്ത്, 2011ല്‍ ഹുസ്‌നൂറില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വധിക്കപ്പെട്ട രണ്ട് കൗമാരക്കാര്‍, 2013ല്‍ മംഗളൂരുവിലെ ശരത് മാഡിവാല, 2015ല്‍ ദീപക് റാവു, വിശ്വനാഥ പൂജാരി, 2016ല്‍ ടിപ്പു ജയന്തി ആഘോഷത്തെ വിമര്‍ശിച്ച കുട്ടപ്പ, 2016-ല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി വധിക്കപ്പെട്ടതിലെ മുഖ്യസാക്ഷി രാജു, രാജേഷ് എന്നിവര്‍ എസ്.ഡി.പി.ഐക്കാരാല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകങ്ങള്‍ നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താല്പര്യം കാട്ടിയിരുന്നില്ല. യദിയൂരപ്പ സര്‍ക്കാര്‍ ഈ കേസ്സുകളെല്ലാം അന്വേഷിക്കാനും ശക്തമായ നിയമനടപടികളിലേയ്ക്ക് കടക്കാനും തീരുമാനിച്ചിരിക്കയാണ്. അന്താരാഷ്ട്ര ബന്ധമുള്ള പല ഭീകരരെയും ബംഗളൂരുവിലേയും മൈസൂരിലേയും ഒളി കേന്ദ്രങ്ങളില്‍ നിന്നു എന്‍.ഐ.ഐയും പോലീസ്സും പിടികൂടുന്നത് പതിവാണ്. 2016ല്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ രുദ്രേഷിനെ വധിച്ച കേസ്സിലെ പ്രതി സമിയുദ്ദീനെ ഡിജെ ഹള്ളി അക്രമത്തില്‍ പങ്കാളിയായതിന്റെ പേരില്‍ പോലീസ് പിടികൂടിയിട്ടുണ്ട്. സംഘപരിപാടി കഴിഞ്ഞ് മോട്ടോര്‍ ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുന്ന രുദ്രേഷിനെയാണ് വധിച്ചത്. സമിയുദ്ദീന് അല്‍ഹിന്ദ് എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ട്.
ആഗസ്റ്റ് 11ലെ ബംഗളൂരു കലാപം എസ്.ഡി.പി.ഐയുടെ ഒരു ടെസ്റ്റ് ഡോസ് മാത്രമാണ് എന്നു കരുതപ്പെടുന്നു. ബംഗളൂരുവില്‍ എസ്.ഡി.പി.ഐ പിടിമുറുക്കാനും നഗരത്തെ വലിയൊരു കലാപത്തിന്റെ കേന്ദ്രമാക്കാനും ലക്ഷ്യമിടുന്നതായാണ് അറിയുന്നത്. ഇതിനുവേണ്ട ആയുധങ്ങളും സാമ്പത്തിക സഹായവും വിദേശത്തുനിന്നും കേരളത്തില്‍ നിന്നും ഒഴുകുന്നതായും സംശയിക്കുന്നുണ്ട്. കേരള മുസ്ലിം അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ വഴിയാണ് ഫണ്ട് വരുന്നതു എന്നും സംശയിക്കുന്നുണ്ട്. കേരളത്തില്‍ അക്രമം നടത്തിയ എസ്.ഡി.പി.ഐക്കാര്‍ ഒളിവില്‍ പാര്‍ക്കുന്നത് ബംഗളൂരുവിലാണ്. കളിയിക്കാവിള ചെക്കുപോസ്റ്റില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തത് ബംഗളൂരുവില്‍ നിന്നാണ്. മൈസൂരില്‍ എസ്.ഡി.പി.ഐ സ്വാധീനമുറപ്പിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ സിലിക്കന്‍ സിറ്റിയായ ബംഗളൂരുവിനെ തകര്‍ക്കാനുള്ള പദ്ധതി ഐ.എസ്.ഐ.എസ്സിന്റെതാണെന്നു സംശയിക്കുന്നു. ദക്ഷിണഭാരതത്തിലെ പ്രധാനസ്ഥലങ്ങളെയും വ്യക്തികളെയും ലക്ഷ്യം വെച്ചുകൊണ്ട് ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്ത ആറു മലയാളികളെ എന്‍.ഐ.എ. പിടികൂടിയിരുന്നു. പിന്നീട് ഇവരുടെ കൂട്ടത്തിലുള്ള ഒരാളെ തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചിരുന്നു. ഐ.എസ്. ബന്ധമുള്ള അബ്ദുറഹ്മാന്‍ എന്ന യുവ ഡോക്ടറെ ബംഗളൂരുവിലെ റാമിയാസ് മെഡിക്കല്‍ കോളേജില്‍ നിന്നു എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തു. ഐ.എസ് ഭീകരര്‍ക്കുവേണ്ടി മെഡിക്കല്‍ ആപ്പ് തയ്യാറാക്കി നല്‍കിയ ആളാണ് അബ്ദു റഹ്മാന്‍. ഇയാള്‍ക്ക് സിറിയയില്‍ പരിശീലനം കിട്ടിയിട്ടുണ്ട്. ഐ.എസ്സിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്‍ പ്രൊവിന്‍സ് അംഗമാണിയാള്‍. കര്‍ണ്ണാടക സ്വദേശിയായ ഒരാള്‍ അബുദാബിയില്‍ നിന്ന് 50000 രൂപ ഭീകരപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട് എന്നും എന്‍.ഐ.എയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്.
”കുറച്ചു നാള്‍ക്കുമുമ്പാണ് മംഗലാപുരത്ത് അക്രമമുണ്ടായത്. പ്രവാചകനെ നിന്ദിച്ചു എന്ന കാരണമുണ്ടാക്കി ബംഗളൂരുവിലെ മുസ്ലിം ആധിപത്യപ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപകമായ അക്രമം നടത്തുകയായിരുന്നു” എന്ന് പേരുവെളിപ്പെടുത്താന്‍ തയ്യാറില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, കെ.എഫ്.സി എന്നിവയ്ക്ക് ആശയപരവും സാമ്പത്തികവുമായ സഹായം നല്‍കുന്നവരുടെ വിശദവിവരങ്ങള്‍ പോലീസ് തേടിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
![](https://kesariweekly.com/wp-content/uploads/2020/09/karnataka-killed.jpg)
കേരളത്തില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ബംഗളൂരുവിലെ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സ്രോതസ്സാണോ എന്ന കാര്യവും എന്‍.ഐ.എ. അന്വേഷിക്കുന്നുണ്ട്. സ്വപ്‌നസുരേഷ് ഒളിത്താവളം കണ്ടെത്തിയത് ബംഗളൂരുവിലാണെന്നും കേരളത്തിലെ കുപ്രസിദ്ധ മുസ്ലീം ഭീകരവാദി മദനി ജയിലിനു പുറത്ത് ജാമ്യത്തില്‍ കഴിയുന്നത് സ്വപ്‌ന ഒളിവില്‍ താമസിച്ച സ്ഥലത്തിനടുത്താണെന്നും ബംഗളൂരുവിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ. മധുസൂദന്‍ പറയുന്നു. മദനിയെ അവിടെ സന്ദര്‍ശിച്ചവരില്‍ ഖുറാന്‍ കടത്ത് കേസ്സില്‍ വിവാദത്തില്‍ അകപ്പെട്ട സംസ്ഥാന മന്ത്രി കെ.ടി. ജലീലുമുണ്ട്. ജലീല്‍ മദനിയ്ക്കുവേണ്ടി പരസ്യമായി രംഗത്തുവന്നയാളാണ്.
വിദേശഫണ്ടുകളുടെ വരവ്, മുസ്ലിം തീവ്രവാദ സംഘടനകളുടെ വേരോട്ടം, ആസൂത്രിതമായ കലാപങ്ങള്‍ എന്നിവയെല്ലാം ഗൗരവത്തിലെടുത്താണ് എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനുള്ള സമ്മര്‍ദ്ദം സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്നതായി മുഖ്യമന്ത്രി യദിയൂരപ്പ പറയുന്നു. ഈ കേസ്സിലെ കുറ്റവാളികളുടെ പേരില്‍ യു.എ.പി.എ പ്രകാരം കേസ്സെടുക്കാനും ഉദ്ദേശിക്കുന്നുണ്ട്.