സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വിദേശ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരമായി ‘വി-കണ്‍സോള്‍’ എന്ന പേരില്‍ ഒരു ഭാരതീയ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന്റെ ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാം സ്ഥാനം നേടാനും ചേര്‍ത്തലയിലെ ടെക്ജന്‍ഷ്യ കമ്പനിക്ക് സാധിച്ചത് മെയ്ക് ഇന്‍ ഇന്ത്യയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി നടത്തിയ ഇന്നവേഷന്‍ ചാലഞ്ചില്‍ പങ്കെടുത്ത രണ്ടായിരത്തോളം കമ്പനികളെ പരാജയപ്പെടുത്തിയാണ് ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജന്‍ഷ്യ ഈ മികച്ച വിജയം നേടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി പോലും ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഒരു സംസ്ഥാനത്തു നിന്നാണ് രാജ്യത്തിനു മുഴുവന്‍ അഭിമാനമേകിയ ഈ നേട്ടമുണ്ടായത് എന്ന കാര്യം നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ലൈവിലൂടെ വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: ”ശ്രദ്ധേയമായ കാര്യം, അവര്‍ കേരളത്തിലെ ആലപ്പുഴയില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ മാറ്റത്തിന്റെ സൂചനയാണിത്. സാങ്കേതിക മികവുള്ള ഉല്പന്നങ്ങള്‍ നമ്മുടെ ചെറു പട്ടണങ്ങളില്‍വരെ രൂപം കൊള്ളുന്നു.” മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ സോഹോ, എച്ച്‌സിഎല്‍ തുടങ്ങിയ ടെക്-ഭീമന്മാരെ പോലും തറപറ്റിച്ചാണ് ‘മെയ്ക് ഇന്‍ ഇന്ത്യ’ ആപ്ലിക്കേഷനായ വി-കണ്‍സോള്‍ അപൂര്‍വ്വമായ ഈ നേട്ടം കൈവരിച്ചത്.
കോവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യം ലോക് ഡൗണ്‍ ആയതോടെയാണ് മിക്ക സംഘടനകളും സ്ഥാപനങ്ങളും യോഗങ്ങള്‍ ചേരുന്നതിന് ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഭാരതീയമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ അഭാവവും ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് ഈ സമയത്തു തന്നെ. മെയ്ക് ഇന്‍ ചൈന പദ്ധതിയിലൂടെ ചൈന ഈ രംഗത്ത് നേരത്തെ സ്ഥാനം പിടിച്ചതുകൊണ്ടും ഭാരതം അല്പം പിന്നിലായിപ്പോയതുകൊണ്ടുമാണ് ചൈനയില്‍നിന്നു പുറപ്പെട്ട കൊറോണ വ്യാപനത്തിന്റെ കാലത്ത് അവരുടെ തന്നെ ‘സൂം’ പോലുള്ള ആപ്ലിക്കേഷനുകള്‍ നമുക്ക് ഉപയോഗിക്കേണ്ടിവന്നത്. അവസരത്തെ വെല്ലുവിളിയായി കണ്ട കേന്ദ്ര സര്‍ക്കാര്‍ ‘മെയ്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി ഇന്നവേഷന്‍ ചാലഞ്ച് പ്രഖ്യാപിക്കുകയും ഭാരതീയമായ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വികസിപ്പിക്കാനുള്ള മത്സരത്തില്‍ രണ്ടായിരത്തോളം കമ്പനികള്‍ പങ്കെടുക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഇതില്‍നിന്ന് 30 ടീമുകളെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ പ്രസന്റേഷനുശേഷം പന്ത്രണ്ടു ടീമുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. സോഫ്റ്റ്‌വെയറിന്റെ പ്രാഥമിക രൂപം അവതരിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപ വീതം ഈ കമ്പനികള്‍ക്ക് നല്‍കി. ഇവ അവലോകനം ചെയ്ത് മൂന്ന് കമ്പനികളെ തെരഞ്ഞെടുക്കുകയും സാങ്കേതികത്തികവുള്ള സോഫ്റ്റ് വെയര്‍ ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ 20 ലക്ഷം രൂപ വീതം ഗ്രാന്റ് നല്‍കുകയും ചെയ്തു. ഈ കടമ്പകളെല്ലാം കടന്നാണ് ടെക്ജന്‍ഷ്യ വി.-കണ്‍സോള്‍ എന്ന ഏറ്റവും മികച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തെ വിജയത്തിലെത്തിച്ചത്. ഇന്നവേഷന്‍ ചാലഞ്ചില്‍ വിജയിച്ച ടെക്ജന്‍ഷ്യക്ക് ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ഒപ്പം മൂന്നു വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാരിന്റെ കരാറുകളും വാര്‍ഷിക മെയിന്റനന്‍സ് ഗ്രാന്റായി 10 ലക്ഷം രൂപയും ലഭിക്കും. മലയാളം ഉള്‍പ്പെടെ 8 ഭാരതീയ ഭാഷകളിലാണ് വി-കണ്‍സോള്‍ പ്രവര്‍ത്തിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നതാണ് ഈ വിജയം.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ 2014 സപ്തംബര്‍ 25ന് ആരംഭിച്ചതാണ് ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതി. ദേശീയ, അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളെ ഭാരതത്തില്‍ തന്നെ നിര്‍മ്മാണം നടത്താന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഫലമായി 2015 ആയതോടെ ഭാരതത്തില്‍ ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അമേരിക്കയേയും ചൈനയേയും മറികടന്നാണ് ഭാരതം ഇക്കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തരം പരിഷ്‌ക്കരണങ്ങള്‍ പരിഗണിച്ചാണ്, ജി.ഡി.പിയില്‍ 2030ല്‍ അമേരിക്കയെ മറികടക്കുന്ന ചൈനയെ 2050 ല്‍ ഭാരതം മറികടക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സികള്‍ നിഗമനത്തിലെത്തിയത്. തുടര്‍ന്ന് 2015 ആഗസ്റ്റ് 15ന് പ്രഖ്യാപിച്ച ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതി’ യും രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. അനേകം യുവതീയുവാക്കളെ സ്വന്തം പദ്ധതികളുമായി മുന്നോട്ടുവരാന്‍ പ്രേരിപ്പിച്ചതും അവര്‍ക്ക് മുദ്രാലോണ്‍ പോലുള്ള പദ്ധതികളിലൂടെ മൂലധനം ലഭ്യമാക്കിയതും വ്യവസായരംഗത്ത് ഉണര്‍വ്വുണ്ടാക്കി. പതിനായിരം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിക്കുവേണ്ടി തുടക്കത്തില്‍ തന്നെ നീക്കിവെച്ചത്. പുറത്തുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒട്ടേറെ സംരംഭങ്ങള്‍ കേരളത്തിലും ഈ പദ്ധതിയിലൂടെ ആരംഭിക്കപ്പെട്ടിട്ടുണ്ട്. അനൗദ്യോഗിക കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളിലുണ്ടായ നിക്ഷേപം 573 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ 341 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി കണക്കാക്കപ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയത്തില്‍ തൊഴില്‍ പരിശീലനത്തിനു നല്‍കുന്ന പ്രാധാന്യവും ഇതോടൊപ്പം എടുത്തുപറയേണ്ട കാര്യമാണ്. 6-ാം ക്ലാസ് മുതല്‍ പഠനത്തില്‍ നൈപുണ്യവികസനം ഉറപ്പുവരുത്തുന്നതും നാലുവര്‍ഷത്തെ ബിരുദപഠനത്തിന്റെ ഏതു വര്‍ഷത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി പുറത്തുപോകാനും ഇഷ്ടമുള്ള മേഖലയില്‍ പഠനം തുടരാനോ തൊഴില്‍ ചെയ്യാനോ കഴിയുന്ന രീതിയും രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്. ഈയിടെ ദേശീയ അധ്യാപക പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള രണ്ടദ്ധ്യാപകരെ തിരഞ്ഞെടുത്തതും വിദ്യാഭ്യാസരംഗത്തിന് അവര്‍ നല്‍കിയ സവിശേഷമായ സംഭാവനകള്‍ കണക്കിലെടുത്താണ്. കൊല്ലം ചവറ തെക്കുംഭാഗം ഗവ. എല്‍വി എല്‍പിഎസിലെ പ്രധാനാദ്ധ്യാപിക ടി. തങ്കലത 2011 ജൂണില്‍ ആ സ്‌കൂളിലെത്തുമ്പോള്‍ 27 കുട്ടികളുമായി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയായിരുന്നു. ഇപ്പോള്‍ ഓരോ ക്ലാസിനും 2 വീതം ഡിവിഷനുകളുമായി 337 കുട്ടികളാണ് ഈ വിദ്യാലയത്തിലുള്ളത്. പുരസ്‌കാരത്തിന് അര്‍ഹനായ ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ വി.എസ്. സജികുമാറിന് പുരസ്‌കാരം ലഭിച്ചത് നവീന സങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പുതിയ പഠനതലങ്ങളും രീതികളും ആവിഷ്‌ക്കരിച്ചു നടപ്പാക്കിയതിനാണ്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇത്തവണ 47 അദ്ധ്യാപകരെ ദേശീയ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയം. ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ ജോയ് സെബാസ്റ്റ്യനും സഹപ്രവര്‍ത്തകര്‍ക്കും ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ ടി.തങ്കലത, വി.എസ്.സജികുമാര്‍ എന്നിവര്‍ക്കും കേസരിയുടെ അഭിനന്ദനങ്ങള്‍.