അട്ടപ്പാടി: ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കാന്‍ അട്ടപ്പാടിയിലെ മല്ലീശ്വര വിദ്യാനികേതന്‍ സ്‌കൂള്‍ സ്വന്തമായി ആപ്പ് സ്വായത്തമാക്കി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരഭകരായ സ്പാര്‍ക്ക് എഡ്യൂ പോര്‍ട്ടല്‍ ആണ് സ്‌കൂളിനായി ആപ്പ് വികസിപ്പിച്ച് നല്‍കിയത്. തത്കാലമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുക എന്നതിലുപരി ഒരു സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്ന സംവിധാനമാണ് ഈ ആപ്പ്. ഓരോ ക്ലാസ്സിലേയും ഹാജര്‍ നില രേഖപ്പെടുത്തല്‍, പരീക്ഷകള്‍ നടത്തല്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയും ആപ്പിലൂടെ നടത്താവുന്നതാണ്. എടുത്തു കഴിഞ്ഞ ക്ലാസ്സുകള്‍ ആവര്‍ത്തിച്ച് കാണുവാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. അട്ടപ്പാടിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള അനേകം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാണാനും ശ്രവിക്കാനും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദിവസേന വാര്‍ത്തകളായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഇങ്ങനെയൊരു ചിന്ത വന്നത്. ആപ്പിന്റെ ഉദ്ഘാടനം സിനിമാ നടന്‍ വിനു മോഹന്‍ ഓണ്‍ ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ ഇ.ടി.രവീന്ദ്രന്‍, പ്രധാനാധ്യാപിക പി.എസ്. പത്മാക്ഷി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. എ.വി.ഷാജി മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് പരിചയപ്പെടുത്തി കൊടുത്തു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് പ്രസിഡന്റ് വി.പി.എസ്.മേനോന്‍, ഷിജില്‍ (Spark Edu Portal)) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.