ഗോകുലഗീതം
(ഭക്തകവി പൂന്താനം രചിച്ച ആനന്ദനൃത്തത്തില്‍ നിന്ന് )
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിയ്‌ക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിയ്ക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ
ഉണ്ണി വയറ്റത്തു ചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാല്‍ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിയരയിലെ കിങ്ങിണിയങ്ങനെ
ചങ്ങാതിയായുള്ളൊരേട്ടനുണ്ടങ്ങനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചകമാലകള്‍ ചാര്‍ത്തിക്കൊണ്ടങ്ങനെ
ചെന്തൊണ്ടി വായ്മലര്‍ ദന്തങ്ങളങ്ങനെ
കുണ്ഡലം മെല്ലെയിളകുമാറങ്ങനെ
മഞ്ഞത്തുകിലാട ചാര്‍ത്തിക്കൊണ്ടങ്ങനെ
മുത്തണിമാലകളാടുമാറങ്ങനെ
നന്ദനും കൂടെ കളിച്ചുകൊണ്ടങ്ങനെ
വൃന്ദാവനത്തിലൊരാഘോഷമങ്ങനെ
കൊണ്ടല്‍ നേര്‍വര്‍ണനെ കാണുമാറങ്ങനെ
കണ്ടുകണ്ടുള്ളം തെളിയുമാറങ്ങനെ
ലോകങ്ങളൊക്കെ വിളങ്ങുമാറങ്ങനെ
ലോകൈകനാഥന്റെ ലീലകളങ്ങനെ