അത്തംപത്തോണത്തിന്‍ കേളികൊട്ടായ്
മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍.
ആടിപോയാവണി തേരിലെത്തി
ഓണനിലാക്കുളിര്‍ തേടിയെത്തി.
ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു
അക്ഷമരുത്രാടപ്പാച്ചിലായി.
ചെന്താമര ചേറില്‍ കണ്‍തുറന്നു
തുമ്പപ്പൂ വെണ്മയകം നിറച്ചു.
പൂവേ പൊലി പൂവേ വിളിയുയര്‍ന്നു
പൂക്കുടയേന്തി പുലര്‍ന്നു കാലം
പൂക്കളിലാര്‍പ്പിന്റെ ശീലുചേര്‍ത്തു
പൂക്കളം മുറ്റത്തുയര്‍ന്നു നീളെ.
കോടക്കാറോടി തെളിഞ്ഞു വാനം
കോടിയുടുത്തോണക്കാഴ്ച കാണാന്‍
പോയവസന്തക്കുളിര്‍മ്മ പേറി
പാറിപ്പറക്കും പൂമ്പാറ്റ നീളേ.
ഓണക്കളികള്‍തന്നാര്‍പ്പുയര്‍ന്നു
ഓമനിച്ചോര്‍മ്മയിലോണദൃശ്യം
നന്മതന്‍ നാവേറുപാടുമോണ-
പ്പൂവിളി കാതോര്‍ത്തിരിപ്പു കാലം!