പെയ്‌തൊഴിഞ്ഞ മഹാമാരി ഒഴിയാത്തൊരു വേദന കേരളമണ്ണില്‍ അവശേഷിപ്പിക്കുമ്പോള്‍ തനിയാവര്‍ത്തനങ്ങളെ ചെറുക്കാന്‍ നാം എന്തു ചെയ്യുന്നു എന്ന ഒരു ചോദ്യത്തിന് ഉത്തരം തേടുകയാണീ മാധ്യമവിചാരത്തില്‍. അതിഭീതിദവും ദാരുണവുമായ പ്രകൃതിദുരന്തങ്ങള്‍, പ്രളയത്തിന്റെ, ഉരുള്‍പൊട്ടലിന്റെ, മണ്ണിടിച്ചിലിന്റെ, കൊടുങ്കാറ്റിന്റെ എല്ലാം രൂപത്തില്‍ ഇവിടെ പൈശാചികനടനമാടുന്നത് ഒരു തുടര്‍ക്കാഴ്ചയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും അനന്തരഫലമാണ് കാലം തെറ്റിയെത്തുന്ന കാലവര്‍ഷം. പ്രായോഗികവും സമീകൃതവുമായ ഒരു നൂതന വികസനപദ്ധതിയുടെ ഭാഗമായി സുസ്ഥിരമായ പരിസ്ഥിതിസംരക്ഷണവ്യവസ്ഥ എല്ലാ മേഖലകളിലും ഉള്‍പ്പെടുത്തേണ്ട ആവശ്യകത ഇന്ന് വളരെയധികം അനിവാര്യമായിരിക്കുകയാണ്.
മനുഷ്യന്റെ ചെയ്തികളില്‍ സഹികെട്ട് സര്‍വംസഹയായ ഭൂമിപോലും അതിന്റെ സഹജമായ സഹനഭാവം മാറ്റിയിരിക്കുന്നു. ചെയ്തതിനെല്ലാം ശക്തമായി തിരിച്ചടിക്കുന്നു. പട്ടുനൂല്‍പോലെ നമ്മെ തഴുകിയിരുന്ന മഴ… ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന ചാറ്റല്‍ മഴ. ഓരോ ശബ്ദത്തിലും വേഗത്തിലും നിറത്തിലും മണത്തിലുംപോലും വിഭിന്നയായ ഓരോരോ മഴകള്‍… ഭൂമിയെ ഉര്‍വരയാക്കുന്ന വേനല്‍മഴ. അങ്ങനെയങ്ങനെ എത്ര എത്ര മഴകള്‍.. ഓര്‍മ്മയിലെ ആ നല്ല കാലത്തില്‍ മരങ്ങള്‍പോലും പെയ്തിരുന്നു. ഇന്നോ, മഴയുടെ ഈ സൗന്ദര്യത്തിന് ബീഭത്സമായ മുഖം. മലയാളിയെ പേടിപ്പെടുത്തുന്ന പേക്കിനാവാണിന്ന് മഴ. ഓരോ മഴക്കാലവും ഒരുപാട് മരണവുമായി മടങ്ങിപ്പോകുന്നു. തുരന്നു തുരന്നു വികൃതമാക്കിയ മലകള്‍ പകയുടെ തീക്കനലുകളായി ദുരന്തം വിതയ്ക്കാന്‍ കാത്തുനില്‍ക്കുന്നു. ഇനിയെന്നാണ് നാം പ്രകൃതിയില്‍നിന്ന് പാഠം പഠിക്കുക; പ്രകൃതിയെ അറിയുക, പ്രകൃതിയെ കേള്‍ക്കുക.
പശ്ചിമഘട്ടവും പരിസ്ഥിതിപ്രശ്‌നവും
പശ്ചിമഘട്ട മലനിരകള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭാഗമല്ലെന്നും വന്നു ചേര്‍ന്നവയാണെന്നും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോണ്ട്വാന ഭൂഖണ്ഡം പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി പിളര്‍ന്ന് വടക്കന്‍ ദിശകളിലേക്ക് തെന്നിമാറി ഇന്ത്യ ഭൂഖണ്ഡത്തില്‍ ഇടിച്ചതിന്റെ സമ്മര്‍ദ്ദഫലമായി 250 ദശലക്ഷം വര്‍ഷം മുമ്പു രൂപംകൊണ്ടതാണ് പശ്ചിമഘട്ടം. ഇവിടത്തെ ജൈവവൈവിധ്യം രൂപംകൊണ്ടത് 90 ദശലക്ഷം വര്‍ഷം മുന്‍പു മാത്രമാണ്. പശ്ചിമഘട്ടത്തിന്റെ വടക്കന്‍ പ്രദേശങ്ങളായ ഡക്കാന്‍ പീഠഭൂമി 65 ദശലക്ഷം വര്‍ഷം മുന്‍പു നടന്ന അഗ്‌നിപര്‍വ്വതസ്‌ഫോടനത്തിന്റെ അനന്തരഫലമാണ്. പശ്ചിമഘട്ടത്തില്‍ ആവാസവും കൃഷിയും ആരംഭിച്ചത് കേവലം 3000 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് കണക്കാക്കപ്പെടുന്നു. ആദിമ ഗോത്രജനത കാട് വെട്ടിത്തെളിച്ച് പുനം കൃഷി നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. പ്രകൃതിദത്ത ഗുഹകളിലും വന്‍മരങ്ങളുടെ ചുവട്ടിലുമായിരുന്നു അവരുടെ ആവാസകേന്ദ്രങ്ങള്‍. പിന്നീട് ഭൂവല്‍ക്കത്തിനു ക്ഷതമേല്പിക്കത്തക്ക ആധുനിക ഉപകരണങ്ങളോടെയുള്ള നായാട്ടും മത്സ്യസമ്പത്തിന്റെ ചൂഷണവും കന്യാവനങ്ങളിലെ കടന്നുകയറ്റവും നിലവിലിരുന്ന ജൈവവൈവിധ്യവ്യവസ്ഥയെ താറുമാറാക്കാന്‍ തുടങ്ങി. ആധുനികതയെ സ്വാംശീകരിച്ച് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കാന്‍ ആരംഭിച്ചു.
പതിനാറാം നൂറ്റാണ്ടു മുതല്‍ വൈദേശികാധിപത്യത്തിന്റെ വിവിധങ്ങളായ കടന്നുകയറ്റം പശ്ചിമഘട്ട പര്‍വ്വതനിരകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തല്‍ഫലമായി സുഗന്ധദ്രവ്യങ്ങളുടെ ശേഖരണം മാത്രമല്ല കപ്പല്‍നിര്‍മ്മാണത്തിനും മറ്റുമായി വന്‍തോതില്‍ മരങ്ങള്‍ വെട്ടിവീഴ്ത്തി കടത്തല്‍ ആരംഭിച്ചു. ബ്രിട്ടീഷ് ആധിപത്യത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഒന്നടങ്കം ചൂഷണം ചെയ്യുന്ന അവസ്ഥ സംജാതമായി വനങ്ങളും ഖനിജങ്ങളും നിര്‍ബാധം കൊള്ളയടിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു അവര്‍.
വനവിഭവം ചൂഷണം ചെയ്യുക എന്ന സംഘടിതനീക്കം ആരംഭിക്കുന്നത് 1950-കള്‍ക്കു ശേഷമാണ്. വാണിജ്യ വ്യാവസായിക മേഖലയിലെ പ്രമുഖരുടെ താല്പര്യങ്ങള്‍ക്കു വിധേയമായി വനങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ ജനകീയാധികാരകേന്ദ്രങ്ങള്‍ അനുവാദം നല്‍കുകയുണ്ടായി. വനങ്ങളില്‍ നെല്‍ക്കൃഷി, യൂക്കാലിപോലുള്ള മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തു. വനത്തിനും ആവാസവ്യവസ്ഥയ്ക്കും കോട്ടംതട്ടുന്ന രീതിയിലുള്ള തോട്ടങ്ങള്‍, കുടിയേറ്റം, സംഘടിതകൈയ്യേറ്റം എന്നിവ വ്യാപകമായി. 1960-കളില്‍ രൂപംകൊണ്ട വന്‍കിട അണക്കെട്ടുകളും പാരിസ്ഥിതിക ആഘാതത്തിന് വഴിയൊരുക്കി. ഖനികളുടെ വ്യാപനം, വന്‍തോതിലുള്ള റബ്ബര്‍കൃഷി, റിസോര്‍ട്ട് നിര്‍മ്മാണം എന്നിവ പ്രകൃതിചൂഷണത്തിന്റെ മറ്റൊരു മുഖമായി. സര്‍ക്കാര്‍ ഭൂമിയായിരുന്ന പശ്ചിമഘട്ടം സമ്പത്തിന്റെ കലവറയാണെന്നു മനസ്സിലാക്കി കോടതിവിധികളിലൂടെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും സ്വകാര്യവ്യക്തികള്‍ കൈക്കലാക്കി. റയില്‍വേവികസനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, റോഡുകളുടെ വ്യാപ്തി ഇവയെല്ലാം പശ്ചിമഘട്ടത്തിലെ കല്ലുകളെയും മണ്ണിനെയും മരങ്ങളെയും ആധാരമാക്കി. സര്‍ക്കാരിന്റെ വികസനപദ്ധതികളും വ്യവസായവല്‍ക്കരണവും പശ്ചിമഘട്ടത്തിന്റെ അടിത്തറ ഇളക്കി.
പാരിസ്ഥിതികവിഷയങ്ങള്‍ നിത്യജീവിതത്തിലെ ഉയര്‍ന്ന സ്വരവും ഒടുങ്ങാത്ത സൈ്വര്യക്കേടുമായി ഇന്ന് മാറിയിരിക്കുകയാണ്. ഓസോണ്‍പാളിയിലെ വിള്ളല്‍, വ്യവസായശാലകളില്‍നിന്ന് ഉയരുന്ന രാസമാലിന്യങ്ങള്‍, കാലാവസ്ഥാവ്യതിയാനം, മഴയുടെ ഏറ്റക്കുറച്ചില്‍, വേനലിന്റെ കാഠിന്യം എന്നിവ തീവ്രപരിസ്ഥിതിപ്രശ്‌നങ്ങളാണ്. ഹിമാലയം ഉരുകി ഇല്ലാതാകുന്ന ഒരു കാലം, അന്റാര്‍ട്ടിക്കയില്‍നിന്നു മഞ്ഞുവ്യാപനത്താല്‍ ഭാവിയില്‍ പല രാജ്യങ്ങളും മുങ്ങിപ്പോവുമെന്നോ അതിശൈത്യത്തിന്റെ പിടിയില്‍ അമരുമെന്നോ ഉള്ള പ്രചരണങ്ങള്‍ പരിസ്ഥിതിയെ സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയിലെ എങ്ങുമെത്താത്ത ചര്‍ച്ചകളാണ്. ഓരോ രാജ്യവും പുറംതള്ളുന്ന കാര്‍ബണ്‍ മാലിന്യങ്ങളുടെ അളവിനെ സംബന്ധിച്ച കാര്യങ്ങള്‍ അന്താരാഷ്ട്രഉച്ചകോടികളിലെ ചര്‍ച്ചാവിഷയങ്ങളാണ്.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും
ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേല്‍, നീരാവി, നൈട്രജന്‍ ഓക്‌സൈഡുകള്‍ എന്നിവ ജീവന്‍ പരിപോഷിപ്പിക്കുന്നതിനാവശ്യമായ അന്തരീക്ഷതാപം നിലനിര്‍ത്തുന്നതിന് അനുപേക്ഷണീയമാണ്. ഇവ അന്തരീക്ഷത്തില്‍ ഇല്ലാത്തപക്ഷം അന്തരീക്ഷതാപം – 33 degreeC ആകുമായിരുന്നു. ഈ വാതകങ്ങളുടെ അമിതപ്രവാഹത്താല്‍ അസാധാരണമായ രീതിയില്‍ ശരാശരി താപനില ഉയരുന്നതിനാണ് ആഗോളതാപവര്‍ദ്ധന (Global Warming) എന്നു പറയുന്നത്. ഇന്നിതിന് Global Heating എന്ന പേരും ഉപയോഗിക്കുന്നു. ട്രോപ്പോസ്ഫിയറില്‍ (അന്തരീക്ഷത്തിന്റെ താഴെത്തട്ട്) സാധാരണ നിലയിലുള്ള കാര്‍ബണ്‍ഡൈഓക്‌സൈഡ് വാതകത്തിന്റെ സാന്ദ്രത 0.035 ശതമാനമാണ്. അതായത് 350 ppm. (ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും മഞ്ഞുകട്ടകളില്‍, കുടുങ്ങിയ വായുകുമിളകളെ പരിശോധിച്ചു തിട്ടപ്പെടുത്തിയാണ് CO2 സാന്ദ്രത മനസ്സിലാക്കിയിരുന്നത്.) ഒരു നൂറ്റാണ്ടുമുമ്പ് 290 ppm ആയിരുന്നു CO2 സാന്ദ്രത. ജൈവപദാര്‍ത്ഥങ്ങള്‍ കത്തിക്കുമ്പോള്‍ ധാരാളം CO2 അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നു. മോട്ടോര്‍ വാഹനങ്ങളും ഗാര്‍ഹിക ഊര്‍ജ്ജവിനിയോഗവും വ്യവസായശാലകളും ഒക്കെ വര്‍ദ്ധിച്ചത് CO2 വര്‍ദ്ധനയ്ക്ക് ആക്കംകൂട്ടി. ഭൗമാന്തരീക്ഷത്തില്‍ പോയ നൂറ്റാണ്ടില്‍ ഉണ്ടായ CO2 വര്‍ദ്ധന 0.006 ശതമാനം ആയിരുന്നു.
പെട്രോളും പെട്രോളിയം ഉല്‍പന്നങ്ങളും, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയെല്ലാം കാര്‍ബണ്‍ മോചിപ്പിക്കുന്ന സ്രോതസ്സുകളാണ്. വാഹനങ്ങള്‍, എയര്‍ കണ്ടിഷനിങ് സംവിധാനങ്ങള്‍, വൈദ്യുതോപാധികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എല്ലാം ഊര്‍ജ്ജം വന്‍തോതില്‍ ഉപയോഗിച്ച് കാര്‍ബണിനെ ഉത്സര്‍ജ്ജിക്കുന്ന ഉറവിടങ്ങളാണ്. ഉരുക്കും സിമന്റും ഉത്പാദിപ്പിക്കുന്ന വ്യവസായശാലകള്‍ ഭീമമായ തോതില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നതിനാല്‍ കാര്‍ബണ്‍ ഏറ്റവുമധികം ബഹിര്‍ഗമിപ്പിക്കുന്നത് ഇത്തരം വ്യവസായങ്ങളാണ്. കാര്‍ഷികവൃത്തി, വനങ്ങളും മരങ്ങളും വെട്ടിനശിപ്പിക്കുന്നത്, രാസവളപ്രയോഗം എല്ലാം കാര്‍ബണിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.
ആഗോളതലത്തില്‍ കപ്പലുകള്‍ 1100 ടണ്‍ കണികാമാലിന്യങ്ങള്‍ വര്‍ഷംതോറും പുറന്തള്ളുന്നു. ഇന്ന് ലോകമാകമാനം CO2 ഉത്സര്‍ജ്ജിക്കുന്നതിന്റെ 3 ശതമാനവും നൈട്രജന്‍ ഓക്‌സൈഡ് വാതകത്തിന്റെ ആഗോള ഉത്സര്‍ജ്ജനത്തില്‍ 30 ശതമാനവും കപ്പലുകളില്‍ നിന്നാണ്. ഇത് ആഗോള കാലാവസ്ഥയെ മാത്രമല്ല തീരദേശവാസികളെയും പ്രതികൂലമായി ബാധിക്കുന്നു. കാട്ടുതീ, ധൂളിക്കാറ്റുകള്‍, ചതുപ്പുകള്‍, ജീര്‍ണ്ണിക്കുന്ന ജൈവപാഴ്‌വസ്തുക്കള്‍, അഗ്‌നിപര്‍വ്വതങ്ങള്‍ എന്നിവയെല്ലാം പ്രകൃതിദത്ത കാര്‍ബണ്‍ ഉറവിടങ്ങളാണ്.
ക്രൂഡ് ഓയിലും കല്‍ക്കരിയും കത്തിക്കുമ്പോഴും അഗ്‌നിപര്‍വ്വതസ്‌ഫോടനങ്ങള്‍ ഉണ്ടാകുമ്പോഴും ജൈവവസ്തുക്കള്‍ വിഘടിക്കുമ്പോഴും സള്‍ഫര്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുന്നു. 1860-ല്‍ SO2ന്റെ അന്തരീക്ഷത്തിലെ അളവ് ഒരു കോടി ടണ്‍ ആയിരുന്നുവെങ്കില്‍ 1980-കളില്‍ ഒന്നരക്കോടി ടണ്‍ ആയി ഉയര്‍ന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ പുകമഞ്ഞ് സൃഷ്ടിക്കുന്ന നൈട്രജന്‍ ഓക്‌സൈഡുകളും ഉണ്ടാകുന്നുണ്ട്.
ഹരിതഗൃഹവാതകങ്ങളുടെയും CO2ന്റെയും അളവ് അന്തരീക്ഷത്തില്‍ കൂടുന്നതിന് ദൂരവ്യാപകമായ പ്രത്യക്ഷ അനുഭവങ്ങള്‍ ധാരാളമുണ്ട്. ജലക്ഷാമം, തുടര്‍ന്ന് രോഗസാദ്ധ്യത, ആരോഗ്യശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്തത, പോഷണക്കമ്മി തുടങ്ങിയവ അവയില്‍ ചിലതാണ്. അന്തരീക്ഷതാപനില ഉയരുമ്പോള്‍ കാലാവസ്ഥയുടേയും തദ്വാരാ മഴയുടേയും ഏറ്റക്കുറച്ചിലും കാലംതെറ്റിയ വരവും കാലാവസ്ഥാ വ്യതിയാനത്തെ പാരമ്യത്തില്‍ എത്തിക്കുന്നു. വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന മലിനജലം ജലജന്യരോഗങ്ങള്‍ പരത്തുന്ന ഉപാധികൂടിയായിത്തീരുന്നു. വേനല്‍ക്കാലങ്ങളില്‍ ശരീരം നിര്‍ജ്ജലീകരണത്തിനും വിധേയമാകും. ശുദ്ധജലക്ഷാമവും തജ്ജന്യമായ രോഗങ്ങളുടെ വ്യാപനവും ആണ് കാലാവസ്ഥാവ്യതിയാനം കൊണ്ട് 21-ാം നൂറ്റാണ്ടില്‍ ഉണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ ദുരിതം എന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അക്കാദമിക് കമ്മീഷന്‍ താക്കീതു നല്‍കി.
(തുടരും)