സിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ കേരളം അതിവേഗം വ്യവസായികളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യവസായമെന്നാല്‍ മുതലാളിത്തത്തിന്റെ ഭാഗമെന്ന ധാരണ വെച്ചുപുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ എക്കാലവും വ്യവസായങ്ങള്‍ക്ക് തുരങ്കം പണിയുകയും വ്യവസായികള്‍ക്ക് പാരവെക്കുകയുമാണ് ചെയ്തിട്ടുള്ളത്. അനേകം വ്യവസായശാലകളെ പൂട്ടിച്ച് തൊഴിലാളികളെ പട്ടിണിക്കിട്ട സിപിഎമ്മിനും അവരുടെ തൊഴിലാളി സംഘടനകള്‍ക്കും കേരളത്തെ വ്യവസായശാലകളുടെ ശവപ്പറമ്പാക്കിമാറ്റിയതില്‍ വലിയ പങ്കാണുള്ളത്. വ്യവസായികള്‍ നേരിട്ട ഇതേ ദുരന്തമാണ് പ്രവാസ ജീവിതം കഴിഞ്ഞ് കേരളത്തിലേക്കു തിരിച്ചെത്തിയ ശേഷം, കഷ്ടപ്പെട്ടുണ്ടാക്കിയ പണം സംസ്ഥാനത്തിന്റെ വികസനത്തിനു കൂടി ഉതകുന്ന വിധത്തില്‍ നിക്ഷേപിക്കാനൊരുങ്ങുന്ന പ്രവാസി മലയാളികള്‍ക്കും നേരിടേണ്ടിവരുന്നത്. സിപിഎമ്മിനു ‘പങ്കി’ല്ലാത്ത ഒരു വികസനവും കേരളത്തില്‍ ആവശ്യമില്ല എന്ന നിഷേധാത്മക നിലപാടാണ് അവര്‍ സ്വീകരിച്ചുവരുന്നത്. അതുകൊണ്ടാണ് കേരളം ഇന്നും പുതിയ വ്യവസായികള്‍ക്ക് കടന്നുവരാന്‍ പറ്റാത്ത ഇടമായി തുടരുന്നത്.
സിപിഎമ്മില്‍ നിന്ന് വ്യവസായികള്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കണ്ണൂരിലെ ആന്തൂരില്‍ 15 കോടി രൂപ മുതല്‍മുടക്കി കണ്‍വെന്‍ഷന്‍ സെന്റര്‍ പണിത് അനുമതി ലഭിക്കാതെ സാജന്‍ പാറയില്‍ എന്ന പ്രവാസി മലയാളിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ക്രൂരമായ സംഭവം. സിപിഎം സംസ്ഥാനസമിതി അംഗത്തിന്റെ ഭാര്യ തന്നെ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ആന്തൂര്‍ നഗരസഭ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പലതവണ സാജന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തോളം അയാളെ വട്ടം കറക്കിയശേഷം ആറാമത്തെ തവണ നല്‍കാനുള്ള നിരസിക്കല്‍ ഉത്തരവ് തയ്യാറാക്കിയ സമയത്താണ് എല്ലാ പ്രതീക്ഷകളും അസ്തമിച്ച സാജന്‍ ആത്മഹത്യ ചെയ്തത്. സാജനെ ആത്മഹത്യയിലേക്കു നയിച്ച സംഭവവികാസങ്ങളില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിനടക്കം പങ്കുണ്ടെന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഎമ്മിലെ ഗ്രൂപ്പുവഴക്കുകളുടെ ബലിയാടായിത്തീര്‍ന്നിരിക്കുകയാണ് അദ്ദേഹം. ‘നായനാരുടെ നാട്ടില്‍ തന്റെ സ്വപ്ന സൗധം’ പണിതുയര്‍ ത്തിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സാജന്‍. സംഭവം വിവാദമായപ്പോള്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ‘ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം കെട്ടിടത്തിന് അനുമതി നല്‍കില്ല’ എന്നു വാശിപിടിച്ച നഗരസഭാദ്ധ്യക്ഷയുടെ പ്രസ്താവന സംഭവത്തിന്റെ പിന്നില്‍ സിപിഎമ്മിനുള്ള പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായ പറശ്ശിനിക്കടവ് ഉള്‍പ്പെടുന്ന ആന്തൂര്‍ നഗരസഭയില്‍ ഒരു തരത്തിലുള്ള വികസന സംരംഭവും വരുന്നതില്‍ സിപിഎമ്മിനുള്ള വിപ്രതിപത്തിയും ഈ സംഭവത്തിനു പിന്നില്‍ കാണാം. സിപിഎമ്മിന്റെ ഇത്തരം നടപടിക്കു പിന്നില്‍ പാര്‍ട്ടിയുടെ ഹിന്ദുവിരുദ്ധ സമീപനവും പങ്കുവഹിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. ആന്തൂര്‍ പഞ്ചായത്തും തളിപ്പറമ്പ് നഗരസഭയുടെ ഏതാനും ഭാഗങ്ങളും ചേര്‍ത്ത് രൂപീകരിച്ച ആന്തൂര്‍ നഗരസഭ നേരത്തെ ഉണ്ടായിരുന്ന പാര്‍ട്ടിഗ്രാമത്തിന്റെ വികസിത രൂപമാണ്.
സിപിഎമ്മിന്റെ കുത്തക നിലനില്‍ക്കുന്ന ഇവിടെ ആകെയുള്ള 28 വാര്‍ഡുകളും അവരുടെ കൈയിലാണ്. ഒരു തരിപോലും പ്രതിപക്ഷമില്ലാത്ത ഇവിടെ ആരെങ്കിലും മത്സരിക്കാന്‍ ശ്രമിച്ചാല്‍ ‘വിവരമറിയും’. 14 വാര്‍ഡുകളിലും എതിരില്ലാതെയാണ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. വര്‍ഷങ്ങള്‍ ക്കു മുമ്പ് ആന്തൂര്‍ ദാസന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നത് ബൂത്ത് ഏജന്റായി ഇരുന്നതിനാണ്. സിപിഐയുടെ ഓഫീസുപോലും പലതവണ തകര്‍ക്കപ്പെട്ട പ്രദേശമാണിത്. ഏറ്റവും ഒടുവില്‍ പതിമൂന്നു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഈ മേഖലയില്‍ നിന്നുള്ള പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളും പിടിക്കപ്പെട്ടിരുന്നു. സാജന്റെ ആത്മഹത്യയോടെ പാര്‍ട്ടിഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആന്തൂരില്‍ നിന്ന് ഏറെ അകലെയല്ലാത്ത മലപ്പട്ടം ഗ്രാമപഞ്ചായത്തും പ്രതിപക്ഷമില്ലാത്ത, സിപിഎമ്മിന്റെ കുത്തക ഭരണം നിലനില്‍ക്കുന്ന പാര്‍ട്ടി ഗ്രാമമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 അംഗങ്ങളില്‍ 12 പേരെയും മാറ്റേണ്ടിവന്നത് മണല്‍ കുംഭകോണത്തിന്റെ പേരിലാണ്. എട്ടുകോടി രൂപയുടെ മണല്‍ അംഗങ്ങള്‍ ‘കീശ’യിലാക്കിയതുകൊണ്ടാണ് പാര്‍ട്ടിക്കു തന്നെ ഇത്തരം നടപടി സ്വീകരിക്കേണ്ടിവന്നത് എന്നാണ് പറയപ്പെടുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സംസ്ഥാനത്തില്‍ കോടികളുടെ ഒരു പദ്ധതിക്ക് അനുമതി ലഭിക്കാതെ വന്നതിനു പിന്നില്‍ എന്തെല്ലാം സാമ്പത്തിക തട്ടിപ്പുകളാണ് നടന്നതെന്ന വിവരമാണ് ഇനി ആന്തൂരില്‍ നിന്നു പുറത്തുവരാനുള്ളത്.
ആന്തൂര്‍ സംഭവത്തോടെ കെട്ടിടനിര്‍മ്മാണത്തിനുശേഷം അനുമതിക്കുവേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കേണ്ടിവന്ന നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവരികയുണ്ടായി. കൈരളി ചാനലിന്റെ ജീവനക്കാരന്‍ കൂടിയായിരുന്ന പ്രവാസി മലയാളി കടമെടുത്ത് കോഴിക്കോട് തണ്ണീര്‍പന്തലില്‍ തുടങ്ങിയ സര്‍വ്വീസ് സ്റ്റേഷന്‍ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തത് അവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതുകൊണ്ടാണ്.
ഈ വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നേരിട്ട് പരാതി നല്‍കിയെങ്കിലും ഒരു ഫലവും ഉണ്ടാകാത്തതിനാല്‍ യുവാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആലപ്പുഴയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങിയ പ്രവാസി മലയാളിയില്‍ നിന്ന് നഗരസഭാ സെക്രട്ടറി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവവും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ അധികാരത്തിന്റെ ഉന്നതശ്രേണികളില്‍ ഇപ്പോഴും ഉണ്ടെന്നാണ് അറിയുന്നത്.
ഒറ്റപ്പാലത്ത് സ്വന്തം ക്വാറിയില്‍ ഖനനം നടത്താന്‍ ലീഗ് പ്രവര്‍ത്തകന് സിപിഎമ്മുമായി കരാറില്‍ ഏര്‍പ്പെടേണ്ടിവന്ന സംഭവവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ‘ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവില്ല’ എന്നായിരുന്നു കരാറില്‍ എഴുതിക്കൊടുക്കേണ്ടിവന്ന ഒരു വ്യവസ്ഥ. ‘ബിജെപി, ആര്‍എസ്എസ് എന്നിവരുമായി രാഷ്ട്രീയ സൗഹൃദങ്ങള്‍ ഉണ്ടാവുന്നതല്ല’ എന്ന വ്യവസ്ഥ കൂടി എഴുതിച്ചാണ് സിപിഎമ്മുകാര്‍ വമ്പിച്ച അഴിമതി നടന്ന ഈ ഇടപാടില്‍ സ്വന്തം നില ഭദ്രമാക്കിയത്.
കാലാകാലങ്ങളായി നിലനില്‍ക്കുന്ന മുന്നണി ഭരണത്തില്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കേരള സംസ്ഥാനം. ഏതു മുന്നണി ഭരിച്ചാലും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടും. ഇടതുമുന്നണി ഭരണത്തില്‍ സിപിഎം നേരിട്ടും ഐക്യമുന്നണി ഭരണത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളും അഴിമതിയുടെ ചുക്കാന്‍ പിടിക്കുന്നു എന്ന വ്യത്യാസം മാത്രമേ മുന്നണി ഭരണങ്ങള്‍ തമ്മിലുള്ളൂ. സംശുദ്ധമായ ഒരു ഭരണസംവിധാനം ഉണ്ടാകുന്നതിന് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അധികാരസ്ഥാനങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തുകയും ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തുകയും വേണമെന്ന പാഠമാണ് ആന്തൂര്‍ സംഭവം കേരളത്തിനു നല്‍കുന്നത്.