എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ദലൈലാമ. ലഡാക്കില്‍ ചൈന ഇന്ത്യയെ അക്രമിച്ചതിനെ തുടര്‍ന്ന് 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളാകുകയും 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ ദലൈലാമ രണ്ട് രാജ്യങ്ങളും സമാധാനത്തോടെ പരസ്പര ധാരണയോടെ സഹവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഇത് ഇന്ത്യയില്‍ എല്ലാവരെയും, തൃപ്തിപ്പെടുത്തിയില്ല. എങ്കിലും ഇന്ത്യ ശക്തമായിത്തന്നെ ചൈനക്കെതിരായി പ്രതികരിച്ചപ്പോള്‍, പത്തിതാഴ്ത്തി ചൈനക്ക് പിന്നോട്ട് പോകേണ്ടി വന്നു. ഇതോടെ ഇന്ത്യ പലതരത്തിലും ചൈനയെ ഒരു പാഠം പഠിപ്പിക്കാന്‍ ഉറച്ചു. അക്കൂട്ടത്തില്‍ ചൈനീസ് കമ്പനികളെ ഇന്ത്യയില്‍ നിരോധിച്ചതും വാണിജ്യരംഗത്ത് വിലക്കുകള്‍ ഏര്‍പ്പെടുത്തിയതും, യു.എന്‍ സഭയില്‍ ശക്തമായി ചൈനാവിരുദ്ധ നിലപാട് സ്വീകരിച്ചതുമെല്ലാം ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ഏറ്റവുമധികം ചൈനയെ വേദനിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്യാന്‍ സാധ്യതയുള്ള ഒരു ബ്രഹ്മാസ്ത്രം ഇന്ത്യ ഇനിയും പ്രയോഗിച്ചിട്ടില്ല. അതാണ്, ദലൈലാമക്ക് ഭാരതരത്‌ന സമര്‍പ്പിക്കുക എന്നത്. എന്നും ഇന്ത്യന്‍ രാഷ്ട്രീയനഭസ്സില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഒരിക്കലും തീരുമാനമാകാതിരുന്നതുമാണ് ഇക്കാര്യം.
2019 മാര്‍ച്ച് 30ന് ദലൈലാമ ഇന്ത്യയില്‍ അഭയം പ്രാപിച്ചിട്ട് 60 വര്‍ഷം തികഞ്ഞു. ഇത് 61-ാം വര്‍ഷമാണ്. ഇതിനിടയ്ക്ക്, ദലൈലാമക്ക്, വിശ്വവേദികളില്‍ ലഭിക്കാത്ത അംഗീകാരങ്ങളൊന്നുമില്ല. നോബല്‍ സമ്മാനമടക്കം, എല്ലാ അന്തര്‍ദേശീയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ചൈനയെ ശല്യപ്പെടുത്താന്‍ പാശ്ചാത്യ ശക്തികള്‍ കരുതിക്കൂട്ടി ചെയ്യുന്ന പ്രകോപനങ്ങളാണ് യൂറോപ്പിലും അമേരിക്കയിലും ദലൈലാമക്ക് കൊടുക്കുന്ന വലിയ സ്വീകരണങ്ങളെന്ന് ഒരുപക്ഷമുണ്ട്. ചൈനക്കെതിരായി, ടിബറ്റില്‍ നടന്ന 1959ലെ പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ്, രഹസ്യമായി 6000 വരുന്ന അനുയായികള്‍ക്കൊപ്പം 18 വയസ്സുകാരനായ ബുദ്ധന്മാരുടെ ആത്മീയ ഗുരു അവലോകിതേശ്വരന്റെ 14-ാം അവതാരം എന്ന് ബൗദ്ധര്‍ വിശ്വസിക്കുന്ന ദലൈ, ഏറെ സാഹസികവും കഠിനവും അപകടകരവുമായ പലായനം നടത്തിയത്. അദ്ദേഹം ജീവനോടെ ഇന്ത്യയിലെത്തുമെന്ന് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും വിശ്വാസമില്ലായിരുന്നു.
ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതനെങ്കിലും ആത്മധൈര്യവും സാഹസികതയും ക്ഷമയും അതുല്യമായ സ്വാതന്ത്ര്യബോധവും, നയതന്ത്ര കൗശലവും ആത്മവിശ്വാസവും ദലൈലാമയെ മറ്റുള്ളവരില്‍ നിന്നും ഭിന്നനാക്കുന്നു. ഒരിക്കലും കീഴടക്കാനാവാത്ത ആത്മധൈര്യവും യുദ്ധനൈപുണ്യവും ഈ ആത്മീയാചാര്യനുണ്ട്. ഒരു പ്രലോഭനത്തിനും കീഴടങ്ങാത്ത രാഷ്ട്രഭക്തിയും, ആത്മാഭിമാനവും അദ്ദേഹത്തിനുണ്ട്. അതാണ് ചൈന എന്നും അദ്ദേഹത്തെ ഭയപ്പെട്ടത്. തിബറ്റിന്റെ സ്വാതന്ത്ര്യത്തിന് ഇനി ഏതാനും വര്‍ഷങ്ങളുടെ കാത്തിരിപ്പേ വേണ്ടിവരൂ എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ചൈനക്ക് മൂന്നു തലമുറ കഴിഞ്ഞിട്ടും ഇനിയും ടിബറ്റിനെ സ്വന്തമാക്കാനോ, അവിടുത്തെ ജനങ്ങളുടെ വിശ്വാസം നേടാനോ അവരുടെ ജീവിതശൈലിയും മതവിശ്വാസവും ആത്മീയതയും മാറ്റിമറിക്കാനോ കഴിഞ്ഞിട്ടില്ല. വെറും ഒരു കയ്യേറ്റക്കാരായി മാത്രമാണ് ടിബറ്റുകാര്‍ ഇന്നും ചൈനയെ കാണുന്നത്.
ഇത് ദലൈലാമക്ക് തന്റെ സ്വന്തം ജനതയിലുള്ള അഭൂതപൂര്‍വ്വമായ പ്രഭാവത്തെയാണ് കാണിക്കുന്നത്. ഇന്ത്യയില്‍ ഹിമാചലിലുള്ള ധര്‍മ്മശാലയില്‍ തിബറ്റന്‍ സര്‍ക്കാരിന്റെ തലവന്‍ എന്ന നിലക്കാണ് കഴിഞ്ഞ നാല്‌വര്‍ഷം മുമ്പ് വരെ അദ്ദേഹം പ്രവര്‍ത്തിച്ചത്. ആ സ്ഥാനം അദ്ദേഹം അനുയായിക്ക് കൈമാറി, ആത്മീയ ഗുരുസ്ഥാനത്താണ് ദലൈലാമ ഇപ്പോള്‍. ഇന്ത്യയെ എന്നും അദ്ദേഹം ആരാധിച്ചു, സ്‌നേഹിച്ചു. ഇന്ത്യ മാതൃരാജ്യമല്ലെങ്കിലും ആത്മീയ മാതാവ് എന്ന നിലക്ക്, ശ്രീ ബുദ്ധന്റെ ജന്മഭൂമി എന്ന നിലക്ക്, പുണ്യഭൂമി ആയാണ് ദലൈലാമ കാണുന്നത്. ഇന്ത്യയിലെ എല്ലാ ധാര്‍മ്മിക സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായും വലിയ ബന്ധമാണദ്ദേഹത്തിന്. തീര്‍ത്ഥാടനങ്ങളിലും കുംഭമേളകളിലും മത സമ്മേളനങ്ങളിലും എന്നും എപ്പോഴും അദ്ദേഹം പങ്കെടുത്തു പോന്നു. വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനങ്ങളില്‍ ഏറെ ആത്മീയതയോടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തു. വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാളുമായി വലിയ ആത്മബന്ധമായിരുന്നു അദ്ദേഹത്തിന്.
അതുപോലെ ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കുന്നതും ദേശത്തിന്റെ അഖണ്ഡതയും സനാതനത്വവും കാത്തുസൂക്ഷിക്കുന്നതും രാജ്യത്ത് അച്ചടക്കം വളര്‍ത്തുന്നതുമായ സംഘടന എന്ന നിലയ്ക്ക് രാഷ്ട്രീയ സ്വയംസേവക സംഘവുമായി വലിയ കൂട്ടായ്മയാണ് അദ്ദേഹത്തിനുള്ളത്. ശ്രീഗുരുജിയുമായും സുദര്‍ശന്‍ജിയുമായും പ്രത്യേക മമതയും മൈത്രിയും അദ്ദേഹം പുലര്‍ത്തുമായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് സംഘകാര്യാലയത്തില്‍, സര്‍സംഘചാലക് മോഹന്‍ജി ഇല്ലാതിരുന്നിട്ടുകൂടി, ഡോക്ടര്‍ജിയുടെയും ഗുരുജിയുടെയും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അദ്ദേഹം പോയിരുന്നു എന്നും സംഘം ടിബറ്റന്‍ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട സംഘടനയാണെന്നും അദ്ദേഹം നാഗ്പൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്ത് അച്ചടക്കവും സാംസ്‌കാരിക ഐക്യവും വളര്‍ത്തുന്ന പ്രസ്ഥാനമാണ് സംഘമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശയാത്രകളിലും സംഘവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ പരിപാടികളില്‍ യൂറോപ്പിലും അമേരിക്കയിലും അദ്ദേഹം പങ്കെടുക്കാറുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം, വഷളാകുന്നതിന് ഒരു കാരണം, ദലൈലാമക്ക് ഇന്ത്യ അഭയം നല്‍കിയതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇന്ത്യയില്‍ പലായനം ചെയ്ത്, അഭയാര്‍ത്ഥിയായി വന്ന ദലൈലാമ എന്ന യുവാവിനെ ഏറെ വാല്‍സല്യത്തോടും ബഹുമാനത്തോടുമാണ് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ചത്. ഇത് ഇന്ത്യയുടെ പാരമ്പര്യമാണ്. ദലൈലാമയ്ക്ക് എത്തിപ്പെടാമായിരുന്ന ഏറ്റവും സ്വാഭാവികമായ അഭയകേന്ദ്രമായിരുന്നു ഇന്ത്യ. 1962ലെ ഇന്ത്യാ-ചൈനയുദ്ധത്തിന് ഒരു കാരണം ഇതാണെന്നും പറയുന്നവരുണ്ട്.
എന്നാല്‍ യഥാര്‍ത്ഥ കാരണം, ഭൂമി കയ്യേറാനുള്ള ചൈനയുടെ അടങ്ങാത്ത ത്വരയാണ്. ചൈന അയല്‍രാജ്യങ്ങളുമായെല്ലാം അതിര്‍ത്തിതര്‍ക്കത്തിലാണ്. ചരിത്രപരമായി തന്നെ ഒരു സ്വതന്ത്രരാജ്യമായിരുന്നു ടിബറ്റ്. യൂറോപ്പില്‍ സ്വീഡനെയോ, സ്വിറ്റ്‌സര്‍ലാന്റിനെയോ പോലെ, സമാധാനപ്രിയരായ മതനിഷ്ഠരായ ഒരു ജനതയുടെ സ്വതന്ത്രരാജ്യമായിരുന്നു ടിബറ്റ്. അത് കയ്യേറിയ ചൈന, ലക്ഷക്കണക്കിന് ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കി, നരഹത്യാതാണ്ഡവം നടത്തി, ലക്ഷങ്ങളെ കാരാഗൃഹത്തിലടച്ചു. സാംസ്‌കാരികമായി ആ രാജ്യത്തെ കീഴടക്കാന്‍ ചൈനക്കാരെ കുടിയേറിപ്പാര്‍പ്പിച്ചു. ഇതൊന്നും ഇന്നും വിജയിച്ചതുമില്ല. അതാണ് ലാമയെ ചൈന ഭയക്കുന്നത്.
ടിബറ്റിലുള്ള തങ്ങളുടെ ജനതയെ ഓര്‍ത്ത്, എന്നെങ്കിലും ചൈനക്ക് മാനസ്സാന്തരം സംഭവിക്കുമെന്ന പ്രതീക്ഷയില്‍, അനാവശ്യമായി ചൈനയെ ചൊടിപ്പിക്കാതെ തന്ത്രപൂര്‍വ്വമാണ് ദലൈലാമ ഇത്രനാളും കഴിച്ചുകൂട്ടിയത്. എന്നാല്‍ എന്നും അദ്ദേഹം ഇന്ത്യക്ക് നല്‍കിയ വാക്ക് പാലിച്ചു. ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കാതെ സൂക്ഷിച്ചു. ഇവിടുത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നു.
ഭാരതരത്‌ന ചൈനയെ ചൊടിപ്പിക്കും
കഴിഞ്ഞകുറെ നാളുകളായി ഈ ആശയം പലരും മുന്നോട്ടുവെച്ചു. ഇന്ത്യയില്‍ ബിജെപിയും സംഘവും എന്നും ഈ പക്ഷക്കാരായിരുന്നു.
ദലൈലാമയുടെ ശ്രേഷ്ഠമായ ജീവിത പശ്ചാത്തലവും അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധവും കണക്കിലെടുത്ത് ഭാരത രത്‌ന സമ്മാനിക്കണമെന്ന് ഉന്നതതലത്തില്‍ പലരും ചിന്തിച്ചിരുന്നു. ഇതിനുള്ള ഏകതടസ്സം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുമെന്നതായിരുന്നു. ഈ പരിഗണനമൂലമാണ് ഇത്രകാലവും ഇത് സംഭവിക്കാതിരുന്നതും. ചൈനയെ, അനാവശ്യമായി പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിഗമനത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരുകള്‍ ഇതുവരെ.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. ചൈനയെ കഴിയുന്നത്ര, കിട്ടുന്ന എല്ലാ അവസരങ്ങളും പാഴാക്കാതെ പ്രകോപിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്ന നയമാണ് ലഡാക്കില്‍ അവര്‍ നടത്തിയ അതിര്‍ത്തി ലംഘനത്തിനുശേഷം ഇന്ത്യയുടെ നിലപാട്. കൂടാതെ ഇത്തരം നീക്കങ്ങള്‍ക്ക് ഈ അവസരത്തില്‍ ലോകരാജ്യങ്ങളുടെ എല്ലാം പിന്‍തുണയും ഒത്താശയുമുണ്ട്.
രണ്ടാഴ്ച മുന്‍പ് 200 എം.പി.മാര്‍ ഒപ്പിട്ട് ദലായ്‌ലാമക്ക് ഭാരത രത്‌ന നല്‍കണം എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടുതാനും. ഈ അവസരത്തില്‍ ചൈനക്ക് നയതന്ത്രപരമായി നല്‍കാവുന്ന ഏറ്റവും കനത്ത ഒരു തിരിച്ചടിയാവും ഇത്. മാത്രമല്ല ഇത് ലോകത്തിന്റെ ശ്രദ്ധ ടിബറ്റിലേക്ക് തിരിക്കാനും അവിടെ വളര്‍ന്നു വരുന്ന ചൈനയില്‍ നിന്ന് മുക്തി എന്ന ആശയത്തിന് ബലം നല്‍കുന്നതുമാകും. ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയപുരസ്‌കാരമാണിത്. നേരത്തെ നെല്‍സണ്‍ മണ്ഡേലയെ പോലുള്ള വിദേശ നേതാക്കള്‍ക്കും ഈ പുരസ്‌കാരം നല്‍കിയിരുന്നു. ദലൈലാമ, എന്തുകൊണ്ടും ഇതര്‍ഹിക്കുന്ന വ്യക്തിത്വമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ടിബറ്റ് വിഷയത്തിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും തെളിയിക്കുന്നതാകും. മോദിസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, ഏറെ രാഷ്ട്രീയ മാനങ്ങളുള്ള തീരുമാനമാകും ഇത് എന്നതില്‍ സംശയമില്ല. ബുദ്ധന്റെ പാരമ്പര്യവും ആചാരവും തത്വനിഷ്ഠയും ഏറെ കൈവിടാതെ, ലോകസമാധാനമെന്ന ബുദ്ധന്റെ സന്ദേശം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന വ്യക്തിത്വമാണ് ദലൈലാമ. അദ്ദേഹത്തിന് പ്രായവും ഏറെ ചെന്നു. ഇത്രയും കാലം ഇന്ത്യയില്‍ കിട്ടിയ സ്‌നേഹവും ആദരവും ഇതിലും വലുതാണെന്നതാണ് യാഥാര്‍ത്ഥ്യം.
ദലൈലാമ ഇന്ത്യയില്‍ വന്നപ്പോള്‍ കിട്ടിയ സ്വീകരണം അദ്ദേഹത്തെ വിസ്മയിപ്പിച്ചു എന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ മണ്ണില്‍ കാലുകുത്തിയ നിമിഷം മുതല്‍ എവിടെയും ആത്മാര്‍ത്ഥമായ, ഊഷ്മളമായ സ്വതസിദ്ധമായ സ്വീകരണമായിരുന്നു ലഭിച്ചത്. ഇത് ചൈനയിലെ സ്ഥിതിയില്‍ നിന്ന് ഏറെ ഭിന്നമാണ്. അവിടെ എല്ലാം പാട്ടളച്ചിട്ടയാണ്. ഇവിടെ എല്ലാം നൈസര്‍ഗ്ഗികവും അസംഘടിതവും ആത്മാര്‍പ്പണവുമാണ് എന്നദ്ദേഹം എഴുതി.
മാവോ സേതുംഗ്, 50-കളില്‍ ആദ്യം ഇന്ത്യ സന്ദര്‍ശിക്കാന്‍ ആലോചിച്ചിരുന്നു. 1956ല്‍ ചൈന ടിബറ്റ് അക്രമിച്ചപ്പോള്‍ ഇന്ത്യയുടെ നിലപാട് അദ്ദേഹത്തിന് ഇഷ്ടപ്പെടാഞ്ഞതാണ് ഈ സന്ദര്‍ശനം വേണ്ടെന്നു വെയ്ക്കാന്‍ കാരണം. ഇന്ത്യ എന്തിനാണ് ഇത്രയേറെ ദലൈലാമയെ ബഹുമാനിക്കുന്നതെന്ന് ചിന്തിച്ച് മാവോ അത്ഭുതപ്പെട്ടത്രെ. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഡെങ്ങ്‌സിയാവോപിംഗിന്റെ ഓര്‍മ്മയില്‍, മാവോയ്ക്ക് പുച്ഛമായിരുന്നു ദലൈയെ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ അനുവാദത്തോടെ തന്നെ ഇന്ത്യ സന്ദര്‍ശിക്കാന്‍ 1956ല്‍ ദലൈ ആലോചിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് കേന്ദ്രകമ്മറ്റി മീറ്റിംഗില്‍ (ചൈനയുടെ) ഇക്കാര്യം മാവോ ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ വന്നാല്‍ ദലൈലാമ തിരികെ വരില്ലെന്നും എല്ലായിടത്തും നടന്ന് ചൈനയെ കുറ്റം പറയുമെന്നും ഈ മീറ്റിംഗില്‍ മാവോ പറഞ്ഞത്രെ. അതുകൊണ്ട് അനുവദിക്കേണ്ടതില്ലെന്നും നിശ്ചയിച്ചു. പിന്നീട് മാവോ തന്നെ പറഞ്ഞത്രെ. ”ദലൈ വെളിയില്‍ പോയാലും ഒന്നും സംഭവിക്കില്ല. അയാള്‍ക്ക് എന്ത് ശേഷിയാണുള്ളത്. കൂടിയാല്‍ ഓടി നടന്ന് വിലപിക്കുമായിരിക്കും. അത്രതന്നെ.” ചൈനക്ക് ദലായിയോടുള്ള ഈ മനോഭാവത്തില്‍ ഇന്നും, വ്യത്യാസമില്ല. അവര്‍ക്ക് മനംമാറ്റമുണ്ടാകുമെന്നും സ്വയം ടിബറ്റിനെ മോചിപ്പിക്കുമെന്നുമുള്ള ദലൈയുടെ ആശകളൊക്കെ അസ്തമിച്ചു. ഇന്ന് ചൈന ഇന്ത്യയുടെ മേല്‍ നടത്തുന്ന അവകാശവാദങ്ങളെല്ലാം അവരുടെ ടിബറ്റ് കയ്യേറ്റത്തില്‍ നിന്ന് സംജാതമായതാണ്. ബുദ്ധിസ്റ്റ് പശ്ചാത്തലത്തിന്റെ പേരിലാണ് അരുണാചലും ലഡാക്കും ഒക്കെ അവര്‍ അവകാശപ്പെടുന്നതുതന്നെ.