ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യനാണ് ദലൈലാമ. ബോധിസത്വരില്‍ പ്രഥമനായ ശുഭ്രപദ്മധാരി അവലോകിതേശ്വരന്റെ അവതാരമാണ് ലാമമാര്‍. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗെഡുന്‍ ദ്രുപയെയാണ് ഒന്നാമത്തെ ദലൈലാമയായി കണക്കാക്കപ്പെടുന്നത്. ഇപ്പോഴുള്ള ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ പതിനാലാമത്തെ ദലൈലാമയാണ്.
ലാമോ തോന്‍ഡുപ്പ് എന്നായിരുന്നു ബാല്യകാലത്തില്‍ ദലൈലാമ അറിയപ്പെട്ടിരുന്നത്. 1937-ല്‍, പതിമൂന്നാമത്തെ ദലൈലാമ തബ്‌റ്റെന്‍ ഗ്യാറ്റ്‌സോ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശിരസ്സ് തെക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞാണ് ഇരുന്നത്. ലക്ഷണ പ്രകാരം, ആ ദിശയില്‍ പുതിയ ലാമ ജന്മമെടുത്തിട്ടുണ്ടാവണം എന്നാണ് ബൗദ്ധരുടെ വിശ്വാസം. അതേ സമയത്തുതന്നെ, ബുദ്ധ സന്യാസിമാരിലെ ഒരാള്‍ക്ക് പുതിയ ദലൈലാമയുടെ സൂചനകളെക്കുറിച്ച് ഒരു ദര്‍ശനവുമുണ്ടായി. അങ്ങനെ, ഉചിതമായ ഒരു മുഹൂര്‍ത്തത്തില്‍ ഭരണകൂടത്തിന്റെ അനുമതിയോടെ ഒരു സംഘം ബുദ്ധസന്യാസിമാര്‍ തങ്ങളുടെ പുതിയ നായകനെ അന്വേഷിച്ചിറങ്ങി. ദീര്‍ഘനാളത്തെ അലച്ചിലിനു ശേഷം അവരുടെ യാത്രയവസാനിച്ചത് നനഞ്ഞുലഞ്ഞ ജൂനിപ്പര്‍ മരങ്ങളുള്ള ഒരു വീട്ടിലാണ്. ആഗമനോദ്ദേശ്യം വെളിപ്പെടുത്താതെ, അവിടെ ഒരു രാത്രി തങ്ങാന്‍ സന്യാസിമാര്‍ അനുവാദം ചോദിച്ചു. സന്തോഷത്തോടെ ആ വീട്ടുകാര്‍ അനുവാദം നല്കി. എന്നാല്‍, അവരെ കണ്ടതും ആ വീട്ടിലെ രണ്ടു വയസ്സുകാരന്‍ ലാമോ അവരെ നോക്കി ‘സെറാ ലാമ, സെറാ ലാമ’ എന്നുരുവിട്ടു. അവരുടെ ബുദ്ധവിഹാരത്തിന്റെ പേരായിരുന്നു സെറാ. കുട്ടിയെ ഒരാള്‍ വാത്സല്യപൂര്‍വ്വം എടുത്തു കളിപ്പിക്കുന്നതിനിടെ, മറ്റുള്ളവര്‍, അവര്‍ കൂടെ കൊണ്ടു വന്നിരുന്ന സാധനങ്ങള്‍ ഒന്നൊന്നായി എടുത്തു പുറത്തു വെച്ചു. അക്കൂട്ടത്തില്‍ ഒരു മാല കണ്ടതും, കുട്ടി അതിനു വേണ്ടി വാശി പിടിച്ചു കരയാന്‍ തുടങ്ങി.യഥാര്‍ത്ഥത്തില്‍, അത് ദിവംഗതനായ പതിമൂന്നാമത്തെ ദലൈലാമയുടെ മാലയായിരുന്നു. തങ്ങളന്വേഷിച്ചു വന്നയാള്‍ ഇതു തന്നെയാണെന്ന് സന്തോഷത്തോടെ ആ ബുദ്ധസന്യാസിമാര്‍ മനസ്സിലാക്കി. ടിബറ്റിനെ നാളെ നയിക്കേണ്ടവനാണ് തങ്ങളുടെ പുത്രനെന്നും, അവന്‍ ബോധിസത്വന്റെ അവതാരമാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ആ മാതാപിതാക്കള്‍ക്കുണ്ടായ ആനന്ദം വര്‍ണ്ണനാതീതമാണ്. കാലം കടന്നു പോയി. മതപഠനത്തിന് ശേഷം, 1940-ല്‍, ടിബറ്റന്‍ ബുദ്ധ സന്യാസിമാരുടെ ഗെലൂഗ് വിഭാഗത്തിന്റെ ആത്മീയാചാര്യനായി ലാമോ അവരോധിക്കപ്പെട്ടു. ലാമോയുടെ നാമം, ജാംഫെല്‍ ന്‍ഗ്വാങ് ലോബ്‌സങ്ങ് യെഷെ ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്നാക്കി മാറ്റപ്പെട്ടു. 15-ാം വയസ്സിനുള്ളില്‍ തന്നെ 60 ലക്ഷത്തിലധികം ബുദ്ധ സന്യാസികളുടെ ആത്മീയാചാര്യനായി, ദലൈലാമയായി അദ്ദേഹം മാറിയിരുന്നു.
1950-ലെ വേനല്‍ക്കാലം. ഒരുദിവസം സ്‌നാനം ചെയ്ത് പുറത്തേക്ക് വരികയായിരുന്ന ദലൈലാമയ്ക്ക് പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെട്ടു. ശ്രദ്ധിച്ചപ്പോള്‍ കാലിനടിയിലെ ഭൂമി ഇളകുന്നത് അദ്ദേഹത്തിന് മനസ്സിലായിരുന്നു. പ്രപഞ്ച ശക്തികള്‍ക്കു മേല്‍ സ്വാധീനം ചെലുത്തിയിരുന്ന ആ സന്യാസിവര്യന് അതൊരു സൂചനയാണെന്ന് മനസ്സിലായി. പിറ്റേദിവസം ലഭിച്ചൊരു കത്തില്‍, ടിബറ്റന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ ആക്രമണമുണ്ടായതായി രേഖപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഗവര്‍ണറായിരുന്നു കത്തയച്ചത്. ടിബറ്റില്‍ ചൈനീസ് അധിനിവേശം സാധാരണമായിരുന്നു. മലകളാല്‍ ചുറ്റപ്പെട്ടുകിടന്ന ടിബറ്റില്‍ ഇടയ്ക്കിടെ ചൈനക്കാര്‍ ആക്രമണമഴിച്ചുവിടും. പിന്നീടവര്‍ എതിര്‍പ്പ് ശക്തമാകുമ്പോള്‍ പിന്‍വാങ്ങും. അതായിരുന്നു പതിവ്. എന്നാല്‍ ഇപ്രാവശ്യം, ദ്രിച്ചു നദി മുറിച്ചു കടന്ന് എണ്‍പതിനായിരത്തിലധികം വരുന്ന വലിയൊരു സൈന്യം ലാസ ലക്ഷ്യമാക്കി വരുന്നതായി മുന്നറിയിപ്പ് ലഭിച്ചു. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ദലൈലാമ ദക്ഷിണ ടിബറ്റിലേക്ക് താമസം മാറി. ഒക്ടോബര്‍ മാസത്തോടെ, ടിബറ്റ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കീഴടക്കി.
1951-ഓടെ ഈ പ്രശ്‌നത്തില്‍ ഇടപെടാനും സഹായിക്കാനും അപേക്ഷിച്ചു കൊണ്ട് ദലൈലാമ ഓരോ സംഘത്തെ വീതം ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും അയച്ചു. സമാധാന ദൂതുമായി, ടിബറ്റ് ആക്രമിക്കരുതെന്ന അപേക്ഷയോടെ ഒരു നയതന്ത്ര സംഘത്തെ ചൈനയിലേക്കും അദ്ദേഹമയച്ചു. എന്നാല്‍, ചൈനയ്ക്ക് ടിബറ്റിനു മേല്‍ അവകാശമുണ്ടെന്നായിരുന്നു ബ്രിട്ടന്റെ വാദം. അമേരിക്കയും പ്രശ്‌നത്തില്‍ ഇടപെടാന്‍ വിമുഖത കാണിച്ചു. എന്നാല്‍, ചൈനയുടെ കൊടും ചതി ടിബറ്റന്‍ ജനതയും ലാമയും അറിഞ്ഞില്ല. നയതന്ത്ര സംഘത്തെ തോക്കിന്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് 17 നിബന്ധനകള്‍ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടിയില്‍ മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ അവരെക്കൊണ്ട് ഒപ്പുവയ്പ്പിച്ചു. ടിബറ്റിനെ പ്രതിനിധീകരിച്ച് ഒപ്പിടാനുള്ള അധികാരം ടിബറ്റന്‍ സര്‍ക്കാര്‍ നയതന്ത്ര സംഘത്തിന് നല്‍കിയിരുന്നില്ല. എന്നാല്‍, ചൈനയ്ക്കാവശ്യം ലോകത്തിനു മുന്നില്‍ ഒരു കരാറിന്റെ സാധുത സൃഷ്ടിക്കുക മാത്രമായിരുന്നു. ഒപ്പിടുന്നതിനു മുന്‍പ് തങ്ങളുടെ സര്‍ക്കാരിനെ ബന്ധപ്പെടണമെന്ന ടിബറ്റന്‍ നയതന്ത്ര പ്രതിനിധികളുടെ ആവശ്യം നിരാകരിക്കപ്പെട്ടു. വ്യാജ നിര്‍മ്മിതിയില്‍ അഗ്രഗണ്യരായ ചീനക്കാര്‍ നിര്‍മ്മിച്ച വ്യാജ ടിബറ്റന്‍ ഔദ്യോഗിക മുദ്രകളും സീലുകളും അവര്‍ക്കു മുന്നില്‍ നിരത്തി വയ്ക്കപ്പെട്ടു. വലിയൊരു ആപത്തിലേയ്ക്കാണ് നടന്നു കയറിയത് എന്നു മനസ്സിലായ ടിബറ്റന്‍ പ്രതിനിധിസംഘം ജീവനെ ഭയന്ന് അവര്‍ പറയുന്ന കരാറുകളിലെല്ലാം ഒപ്പിട്ടു കൊടുത്തു.
1951 മെയ് 23ന് ഒപ്പുവച്ച, 17 പോയിന്റ് എഗ്രിമെന്റ് എന്നറിയപ്പെട്ട ആ കരാര്‍ ടിബറ്റിന്റെ സകല സ്വാതന്ത്ര്യത്തെയും തച്ചുടയ്ക്കുന്നതായിരുന്നു. ടിബറ്റെന്ന പരമാധികാര രാഷ്ട്രത്തെ ചൈനയുടെ കാല്‍ക്കീഴില്‍ കൊണ്ടു വരാനുള്ള ഗൂഢപദ്ധതി. ചൈനീസ് സൈന്യത്തിന് ടിബറ്റില്‍ എവിടെ വേണമെങ്കിലും ക്യാമ്പുകള്‍ നിര്‍മ്മിക്കാനും യഥേഷ്ടം വിഹരിക്കാനുമുള്ള അധികാരം, ടിബറ്റന്‍ സൈന്യത്തെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ലയിപ്പിക്കാനുള്ള അധികാരം എന്നിവയായിരുന്നു പ്രധാനമായും ആ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ടിബറ്റില്‍ ഒരു മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാനും കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ വേണ്ടി ഒരു മിലിറ്ററി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാനുള്ള ചൈനയുടെ ആവശ്യവും നിസ്സഹായരായി ടിബറ്റന്‍ നയതന്ത്ര പ്രതിനിധികള്‍ അംഗീകരിച്ചു കൊടുത്തു. ടിബറ്റന്‍ സൈന്യത്തിന്റെ പ്രതിഷേധം ആളിക്കത്തിയെങ്കിലും ലാമയുടെ വാക്കുകള്‍ അവരെ തണുപ്പിച്ചു.
കരാറിലെ അധികാരം ചൈന നടപ്പിലാക്കിത്തുടങ്ങി. മെല്ലെ മെല്ലെ, അത് തദ്ദേശ ജനതയോടുള്ള അക്രമത്തിനു വഴിമാറി. പിന്നീടുള്ള ഒന്‍പത് വര്‍ഷങ്ങള്‍, ദലൈലാമയുടെ നയതന്ത്ര വൈദഗ്ധ്യവും ക്ഷമയും പരീക്ഷിക്കുന്നതായിരുന്നു. ഒരു വശത്ത് സ്വന്തം ജനങ്ങള്‍ക്കു മേല്‍ ചൈനീസ് പട്ടാളക്കാരുടെ അതിക്രമങ്ങള്‍, മറുവശത്ത് വര്‍ദ്ധിച്ചു വരുന്ന ടിബറ്റന്‍ ജനതയുടെ പ്രതിഷേധം.
1954-ല്‍, സമാധാന ദൂതുമായി ദലൈലാമ തന്നെ നേരിട്ട് ചൈനയിലേക്കു പോയി. മാവോ സേതൂങ്, ചൗ എന്‍ ലായി, ഡെങ് സിയാവോ പിംഗ് തുടങ്ങിയ മുന്‍നിര ചൈനീസ് നേതാക്കളെ കണ്ട ലാമ, ടിബറ്റന്‍ ജനതയുടെ ദുരവസ്ഥ വിവരിച്ചെങ്കിലും, നിരീശ്വരവാദികളും കൊടും ക്രൂരരുമായ കമ്മ്യൂണിസ്റ്റ് കാട്ടാളന്മാര്‍ക്ക് ബുദ്ധന്റെ സ്‌നേഹവും ശാന്തിയും നിറഞ്ഞ ഭാഷ മനസ്സിലായില്ല.
നിരാശനായ അദ്ദേഹം, അവസാന ശരണമായി നെഹ്‌റുവിനെ സമീപിക്കാന്‍ തീരുമാനിച്ചു. 1956ല്‍ ഭഗവാന്‍ ശ്രീബുദ്ധന്റെ 2500-മത് ജന്മദിനം ആഘോഷിക്കാന്‍ വേണ്ടി ഇന്ത്യയിലെത്തിയ ദലൈലാമ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുന്നില്‍ അഭയം യാചിച്ചു. എന്നാല്‍, ചൈനയെ പിണക്കാന്‍ താല്‍പര്യമില്ലാതിരുന്ന നെഹ്‌റു, നിര്‍ദ്ദാക്ഷിണ്യം ആ അപേക്ഷ നിരസിക്കുകയാണ് ചെയ്തത്. 30 വര്‍ഷത്തിലധികമായി ദലൈലാമയെ വ്യക്തിപരമായി അറിയാവുന്ന അലക്‌സാണ്ടര്‍ നോര്‍മാന്‍ എന്ന എഴുത്തുകാരന്‍, തന്റെ ഗ്രന്ഥത്തില്‍ അക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തെ ഉലയ്ക്കുന്ന യാതൊന്നും ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായിരുന്നില്ല. ദലൈലാമയും നെഹ്‌റുവും തമ്മിലുള്ള കൂടിക്കാഴ്ച ഡല്‍ഹിയില്‍ വെച്ച് നടന്നിരുന്നു. സംഭാഷണത്തിന്റെ ആദ്യഘട്ടത്തില്‍, ലാമ പറയുന്നത് നെഹ്‌റു താല്‍പര്യപൂര്‍വം ശ്രദ്ധിച്ചു കേട്ടിരുന്നു. എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയിരുന്നു. ക്രമേണ, അത് ഉറക്കം വരുന്നതിന്റെ ലക്ഷണങ്ങള്‍ വരെ പ്രകടമാക്കി.” ദലൈലാമയെ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തത് അലക്‌സാണ്ടര്‍ നോര്‍മാനാണ്.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ലോകത്ത് സ്വീകാര്യത ലഭിക്കുന്നത് എതിര്‍ത്തിരുന്ന അമേരിക്കയ്ക്ക് ചൈന ടിബറ്റ് കീഴടക്കുന്നത് താല്‍പര്യമില്ലാത്തതായിരുന്നു. യു.എസ് ചാരസംഘടനയായ സി.ഐ.എ, ദലൈലാമയുടെ സഹോദരനായ ഗ്യാലോ തോന്‍ഡുപ്പിന്റെ സഹായത്തോടെ വിപ്ലവകാരികള്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. യു.എസിലെ റോക്കി പര്‍വതനിരകളില്‍ അഞ്ച് മാസത്തോളം അവര്‍ക്ക് ഒളിയുദ്ധത്തിലും ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും പരിശീലനം നല്‍കപ്പെട്ടു. വളരെ വൈകിയാണ് ഈ കാര്യം ദലൈലാമ പോലും അറിഞ്ഞത്. എന്നാല്‍ ഇക്കാര്യം എങ്ങനെയോ മണത്തറിഞ്ഞ ചൈന, ടിബറ്റില്‍ സൈനിക വിന്യാസം കൂട്ടിത്തുടങ്ങി. എതിര്‍ത്ത ടിബറ്റന്‍ പൗരന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെട്ടു. ടിബറ്റന്‍ ബുദ്ധവിഹാരങ്ങളും മൊണാസ്ട്രികളും ഒന്നൊന്നായി തകര്‍ക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അന്നും പാര്‍ട്ടി സ്റ്റഡി ക്ലാസുകള്‍ നടത്തുന്ന പരിപാടിയുണ്ടായിരുന്നു. ചൈനീസ് ദേശീയതയും കമ്മ്യൂണിസ്റ്റ് ആശയഭക്തിയും ചെയര്‍മാനോടുള്ള വിധേയത്വവും ജനങ്ങളിലുണ്ടാക്കാന്‍ വേണ്ടിയായിരുന്നു അത്. ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരെ, ജനങ്ങള്‍ കാത് കൊടുക്കുന്നവരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായ പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകളില്‍ അടയ്ക്കാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, 1958 മാര്‍ച്ചില്‍, സുന്‍ഹ്വാ പ്രവിശ്യയിലുള്ള ബിംദോ ബുദ്ധവിഹാരത്തിലെ ജ്ഞാന പല്‍ റിംപോച്ചെയേയും പട്ടാളക്കാര്‍ ക്യാമ്പില്‍ അടച്ചു.
ടിബറ്റിലെ പഞ്ചെന്‍ ലാമയെ പോലെ പ്രമുഖരായ മറ്റു പല ലാമമാര്‍, എന്തിനധികം, സാക്ഷാല്‍ ദലൈലാമയുടെ അടക്കം ഗുരുവായിരുന്നു ജ്ഞാന പല്‍ റിംപോച്ചെ. ഇത് ടിബറ്റന്‍ ജനങ്ങളില്‍ രോഷം ആളിക്കത്താന്‍ ഇടയാക്കി. തടിച്ചു കൂടിയ നാലായിരത്തിലധികം പേര്‍ ചൈനീസ് ടാസ്‌ക് ഫോഴ്‌സുമായി ഏറ്റുമുട്ടി. പൊരിഞ്ഞ പോരാട്ടത്തില്‍ ചൈനീസ് സൈനിക തലവന്‍ വധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പട്ടാളക്കാര്‍ നിരീശ്വരവാദികളും അന്യമതസ്ഥരെ പരിഹസിക്കുന്നവരുമായതിനാല്‍ തുര്‍ക്കിഷ് വംശജരായ സലര്‍ മുസ്ലിങ്ങളും ഈ പ്രക്ഷോഭത്തില്‍ ടിബറ്റന്‍ ബുദ്ധരോടൊപ്പം അണിനിരന്നു.
സുന്‍ഹ്വാ തെരുവില്‍ അണിനിരന്ന പ്രക്ഷോഭകരെ നേരിടാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ട് റെജിമെന്റ് അയക്കപ്പെട്ടു. വളരെ ക്രൂരമായാണ് ആ പ്രക്ഷോഭത്തെ ചൈനീസ് പട്ടാളം നേരിട്ടത്. നഗരത്തിന്റെ ഇരുവശത്തു നിന്നും ഇരച്ചു കയറിയ ചീനപ്പട എവിടെയൊക്കെ ആള്‍ക്കൂട്ടം കണ്ടോ, അവിടെയൊക്കെ തുരുതുരാ വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണ ജനങ്ങളായിരുന്നു. നാലു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് മാത്രം 435 പേര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ നിരായുധരാണെന്ന് കണ്ടിട്ടും പട്ടാളക്കാര്‍ അവരെ വെടിവച്ചു വീഴ്ത്തിക്കൊണ്ടിരുന്നു. സുന്‍ഹ്വാ പട്ടണത്തില്‍ നിന്നും സൈന്യം പിന്‍വാങ്ങുമ്പോഴേക്കും 719 പേരെ ചൈന കൊന്നു തള്ളിയിരുന്നു. തന്റെ അറസ്റ്റിന്റെ പേരില്‍ നടന്ന പ്രതിഷേധ സമരവും, അതിനെതിരെ നടന്ന മൃഗീയമായ കൂട്ടക്കൊലയും ജ്ഞാന പല്‍ റിംപോച്ചെ വൈകിയാണ് അറിഞ്ഞത്. എഴുന്നൂറിലധികം മനുഷ്യജീവനുകള്‍ താന്‍ നിമിത്തം നഷ്ടമായെന്ന മനോദുഃഖം താങ്ങാനാവാതെ ആ വന്ദ്യവയോധികന്‍ ക്യാമ്പില്‍ ആത്മഹത്യ ചെയ്തു.
ഈ സംഭവം ജനങ്ങള്‍ക്കിടയില്‍ തിബറ്റന്‍ ഗറില്ലകളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. ജനങ്ങള്‍ പരമാവധി പോരാളികളുമായി സഹകരിച്ചു തുടങ്ങി. സ്വതന്ത്ര ടിബറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ജനിച്ചവരായി വിപ്ലവകാരികളെ ജനം കണ്ടു. ലാസയില്‍ അവര്‍ക്ക് ശക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ സാധിച്ചു. ലാസ, ടിബറ്റിന്റെ തലസ്ഥാന നഗരം അറിയപ്പെടുന്നത് ‘വിലക്കപ്പെട്ട നഗരം’ എന്നാണ്. ക്ഷേത്രങ്ങളും ബുദ്ധ വിദ്യാലയങ്ങളും കൊണ്ട് സമ്പന്നമായ ലാസ, ടിബറ്റിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ഈ നഗരത്തിന്റെ വിശുദ്ധിയും സംസ്‌കാരവും കാത്തു സൂക്ഷിക്കാന്‍ ടിബറ്റന്‍ ജനത ബദ്ധശ്രദ്ധരായിരുന്നു. അതുകൊണ്ടു തന്നെ, വിദേശികളുടെ ആഗമനവും താമസവും അവര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. അതിനാലാണ് ലാസയ്ക്ക് ഈ പേരു ലഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്റും ചൈനീസ് ഭരണത്തിന്റെ ശക്തികേന്ദ്രവുമായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു സംസാരിക്കാന്‍ ദലൈലാമയെ ചൈന നിര്‍ബന്ധിച്ചു. ചൈനയിലെ ജനങ്ങളുടെ മുന്നിലും ലോകത്തിന്റെ മുന്നിലും ടിബറ്റില്‍ ചൈനീസ് ഭരണകൂടം നടത്തുന്ന കിരാത വാഴ്ചയെ വെള്ളപൂശിക്കാണിക്കുക എന്നതായിരുന്നു ചൈനയുടെ ഉദ്ദേശ്യം. ദലൈലാമ പറഞ്ഞാല്‍ ടിബറ്റില്‍ മറുവാക്കില്ല. അദ്ദേഹത്തിന്റെ ന്യായീകരണം ലോകത്തിന്റെ പ്രതിഷേധത്തെ നിശബ്ദമാക്കിക്കൊള്ളുമെന്നും ചൈന കണക്കുകൂട്ടിയിരുന്നു. ദലൈലാമയത് ചെയ്യില്ലെന്ന് അറിയുന്നതിനാല്‍, വേണ്ടിവന്നാല്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുവരാനും മാവോ ഭരണകൂടം പദ്ധതിയിട്ടു.
1959 മാര്‍ച്ച് ഒന്നാം തീയതി, ദലൈലാമയ്‌ക്കൊരു സന്ദേശം ലഭിച്ചു. ലാസയുടെ അടുത്തുള്ള നോര്‍ബുലിങ്കയില്‍, വരുന്ന പത്താം തീയതി നടക്കാന്‍ പോകുന്ന ദൃശ്യവിരുന്ന് ആസ്വദിക്കാന്‍ ലാമയെ ക്ഷണിച്ചു കൊണ്ട് ചൈനീസ് മിലിട്ടറി ജനറല്‍ സാങ് ചെന്‍വു എഴുതിയതായിരുന്നു അത്. ചൈനീസ് നൃത്ത കലാകാരന്മാര്‍ ഒരുക്കുന്ന ആ വിരുന്നു നടക്കുക മിലിട്ടറി ഹെഡ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ആദ്യം ലാമ നിരസിച്ചുവെങ്കിലും, പിന്നീട് അദ്ദേഹം ക്ഷണം സ്വീകരിച്ചു. എന്നാല്‍ വരുംദിനങ്ങളില്‍ കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ ചൈന മുന്നോട്ടുവെച്ചു. വിരുന്നില്‍ ദലൈലാമ ഒറ്റയ്ക്ക് വേണം പങ്കെടുക്കാനെന്നും, അദ്ദേഹത്തിന്റെ സുരക്ഷാഭടന്മാര്‍ അനുഗമിക്കേണ്ട കാര്യമില്ലെന്നും ജനറല്‍ വിനീതമായി അറിയിച്ചു. ലാമയുടെ സുരക്ഷിതത്വം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അത് ഭംഗിയായി നിര്‍വ്വഹിച്ചു കൊള്ളാമെന്നും ജനറല്‍ ഉറപ്പു നല്‍കി.
സംശയാസ്പദമായ ഈ നിര്‍ദ്ദേശം എങ്ങനെയോ പുറത്തറിഞ്ഞതോടെ, ടിബറ്റന്‍ ജനതയൊന്നടങ്കം കടലുപോലെ ഇളകി മറിഞ്ഞു. തങ്ങളുടെ പരമാചാര്യനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനെതിരെ ടിബറ്റിലെ ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി. ദലൈലാമയുടെ ലാസയിലെ കൊട്ടാരം കാക്കാന്‍ വേണ്ടി ചുറ്റും ജനങ്ങള്‍ തടിച്ചുകൂടി. ആയിരങ്ങള്‍ പതിനായിരങ്ങളായി, ലക്ഷങ്ങളായി. തങ്ങളുടെ ബുദ്ധനെ കാക്കാന്‍ ടിബറ്റന്‍ ജനത അഹോരാത്രം കാവല്‍ നിന്നു.ജനങ്ങളുടെ കനത്ത പ്രതിഷേധം തിരിച്ചറിഞ്ഞ ദലൈലാമ, പരിപാടിയില്‍ പങ്കെടുത്തില്ല. ഏതുനിമിഷവും കലാപം പൊട്ടിപ്പുറപ്പെടുമെന്ന് മനസ്സിലാക്കിയ ടിബറ്റന്‍ വിപ്ലവകാരികളും ഗറില്ലകളും ലാസയിലെ തന്ത്രപ്രധാനമായ മേഖലകള്‍ കൈയടക്കി. ബാരിക്കേഡുകളും ആയുധങ്ങളുമായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തയ്യാറെടുപ്പുകള്‍ തുടങ്ങി. മാര്‍ച്ച് പത്താം തിയതി, കനത്ത സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പാഗ്ബല സോയ്‌നം ഗ്യാംചോ എന്ന ഒരു ലാമയെ കൊലപ്പെടുത്തിയ ശേഷം ചൈനീസ് പട്ടാളക്കാര്‍ ജനക്കൂട്ടത്തിന് മുന്നിലൂടെ കിലോമീറ്ററുകളോളം ശവം കുതിരയെക്കൊണ്ട് കെട്ടിവലിപ്പിച്ചു. ലാമമാരെ ദൈവിക തുല്യമായി കരുതിയിരുന്ന ജനങ്ങള്‍ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാര്‍ച്ച് 12ന്, ഗുര്‍ട്ടെന്‍ കുന്‍സങ്ങ്, പാമോ കുന്‍സങ്ങ് എന്നീ സ്ത്രീകളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വനിതകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇവര്‍ക്കുനേരെ കിരാതമായ അക്രമമായിരുന്നു ചീനക്കാര്‍ അഴിച്ചു വിട്ടത്. സ്ത്രീ-പുരുഷഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളുടെയും മേലെ ചൈനീസ് വാഹനങ്ങള്‍ കയറിയിറങ്ങി. പ്രക്ഷോഭകാരികളുടെ നേരെ പീരങ്കി തിരിച്ച് പട്ടാളക്കാര്‍ ഷെല്ലാക്രമണം നടത്തി. എണ്ണൂറിലധികം ഷെല്ലുകള്‍ തൊടുത്ത് ദലൈലാമയുടെ വേനല്‍ക്കാലവസതി ചൈനക്കാര്‍ പൊടിച്ചു കളഞ്ഞു. ചക്‌പൊരി ഹില്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ബാര്‍ക്കോര്‍ വരെയുള്ള പാത നൂറുകണക്കിന് ബുദ്ധസന്യാസിമാരുടെയും ജനങ്ങളുടെയും മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു. റൈഫിളുകളുടെയും മെഷീന്‍ ഗണ്ണിന്റെ ഹാമറിന്റെയും ശബ്ദം ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ടിബറ്റിന്റെ പുറം ലോകത്തേക്കുള്ള ഒരേയൊരു മാധ്യമമായ അവിടത്തെ റേഡിയോ ട്രാന്‍സ്മിറ്ററില്‍ ആ ശബ്ദം വന്നലച്ചു.
മാര്‍ച്ച് 10 മുതല്‍ 23 വരെ നടന്ന ടിബറ്റന്‍ പ്രക്ഷോഭം എന്നറിയപ്പെടുന്ന ഈ പോരാട്ടത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനു പേര്‍ ലാസയില്‍ നിന്നും നാടു കടത്തപ്പെട്ടു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, 12 മണിക്കൂറില്‍ അധികമാണ് ചൈനീസ് പട്ടാളം ടിബറ്റന്‍ പൗരന്മാരുടെ ശവശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത്.
മോഹന്‍ലാല്‍ അഭിനയിച്ച യോദ്ധ എന്ന ചലച്ചിത്രത്തില്‍, സൂര്യഗ്രഹണം നോക്കി ഭാവി നിര്‍ണയിക്കുന്ന, രക്ഷകന്റെ വരവ് പ്രവചിക്കുന്ന ഒരു ലാമയുണ്ട്. ടിബറ്റന്‍ ബുദ്ധിസത്തില്‍ നെച്ചുങ് എന്നാണ് ഈ വ്യക്തി അറിയപ്പെടുക. ആസ്ഥാന പ്രവാചകന്‍ എന്ന് വേണമെങ്കില്‍ പറയാം. ദലൈലാമയെയും ബുദ്ധ ധര്‍മ്മത്തെയും അപകടങ്ങളില്‍നിന്നും സംരക്ഷിക്കുകയാണ് ഇയാളുടെ പ്രധാന കര്‍ത്തവ്യം. പ്രധാനമായ ഏതൊരു കാര്യവും ദലൈലാമ ഇയാളോട് അഭിപ്രായം ചോദിച്ച് മാത്രമേ തീരുമാനിക്കൂ. ആശയക്കുഴപ്പത്തിലായ ലാമ, മാര്‍ച്ച് 17-ന് നെചുങ്ങുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. നിലവിലുള്ള നെചുങ്, ടിബറ്റില്‍ നടക്കാന്‍ പോകുന്ന അധിനിവേശവും മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം മനസ്സിലായ അദ്ദേഹം ‘ടിബറ്റ് വിടുക’ എന്നു മാത്രം ലാമയോട് പറഞ്ഞു. ധ്യാനത്തില്‍ തെളിഞ്ഞതിനാല്‍ ഇക്കാര്യം നേരത്തെ ഊഹിച്ചിരുന്ന ദലൈലാമ, സ്ഥിരീകരണത്തിന് വേണ്ടിയാണ് നെചുങ്ങിനെ സമീപിച്ചത്. അതോടെ, ടിബറ്റ് ജനതയുടെ പരമാധികാരിയും രക്ഷിതാവുമായ ദലൈലാമ, രാജ്യം വിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ദലൈലാമ അവസാനമായി തന്റെ ജനതയ്ക്ക് നല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു.
‘ടിബറ്റില്‍ നിലവിലുള്ള സാഹചര്യങ്ങളെ പ്രത്യാശയുടെ ദീര്‍ഘവീക്ഷണത്തോടെ ജനങ്ങള്‍ നോക്കിക്കാണുക. പ്രവാസത്തിലും പുനരധിവാസം മാത്രമായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. സത്യവും നീതിയും ആയുധമാക്കിയ നമ്മുടെ ഭാവി നിര്‍ണ്ണയിക്കപ്പെടും. ടിബറ്റ് സ്വാതന്ത്ര്യം വീണ്ടെടുക്കുക തന്നെ ചെയ്യും.’
1959 മാര്‍ച്ച് 17ന് രാത്രി പത്തുമണിയോടെ ഒരു സൈനിക വേഷത്തില്‍ ദലൈലാമ തന്റെ കൊട്ടാരത്തില്‍ നിന്നിറങ്ങി. ആറ് ക്യാബിനറ്റ് മന്ത്രിമാരോടും വിശ്വസ്തരായ 20 അനുചരരോടുമൊപ്പം ഒരു ജനതയുടെ കണ്‍കണ്ട ദൈവമായിട്ടും വിധിവൈപരീത്യം കൊണ്ട് ജന്മനാട് വിട്ട് ആ നിസ്വന് പലായനം ചെയ്യേണ്ടി വന്നു. മാര്‍ഗ്ഗമദ്ധ്യേ, ലാമയുടെ സുരക്ഷയ്ക്കായി വിശ്വസ്തരായ പല സൈനികരും വന്നു ചേര്‍ന്നു. പൂജ്യത്തിന് താഴെയുള്ള താപനില സൃഷ്ടിച്ച കൊടും തണുപ്പില്‍ ആ സംഘം 15 ദിവസം ഹിമാലയത്തിലൂടെ സഞ്ചരിച്ചു. ചൈനീസ് പട്ടാളക്കാര്‍ പിന്തുടരാതിരിക്കാന്‍ രാത്രി മാത്രമാണ് അവര്‍ യാത്ര ചെയ്തത്.
അശരണരെ എക്കാലവും നെഞ്ചോട് ചേര്‍ത്ത് പിടിച്ച വലിയൊരു സംസ്‌കാരത്തിന്റെ നടുവിലേക്ക് മാര്‍ച്ച് 31ന് ഒരു വിശ്വാസി സമൂഹത്തിന്റെ ദൈവം അഭയം ചോദിച്ചു വന്നു കയറി. അരുണാചല്‍ പ്രദേശ് വഴി ഇന്ത്യയിലെത്തിയ ലാമയുടെ സഞ്ചാര കാലഘട്ടം മുഴുവന്‍ അദ്ദേഹം കൊല്ലപ്പെട്ടു എന്നായിരുന്നു ഭൂരിപക്ഷവും കരുതിയിരുന്നത്. ടിബറ്റിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിരുന്ന ഇന്ത്യന്‍ ഭരണകൂടം, ദലൈലാമയ്ക്ക് ഹാര്‍ദ്ദമായ സ്വാഗതമേകി. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ ദലൈലാമയ്ക്കും കൂട്ടര്‍ക്കും വാസസ്ഥലം ഒരുക്കപ്പെട്ടു. ടിബറ്റന്‍ ബുദ്ധവിഹാരങ്ങള്‍, ഈ സ്ഥലത്തിന് പില്‍ക്കാലത്ത് ‘ചെറിയ ലാസ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. ടിബറ്റന്‍ ഭാഷ, മതം, സംസ്‌കാരം എന്നിവ പഠിപ്പിക്കാന്‍ വേണ്ട സകല സൗകര്യങ്ങളും ഇന്ത്യ ആ യുവ ബുദ്ധന് ചെയ്തു കൊടുത്തു.
ദലൈലാമ, ടിബറ്റ് നിയന്ത്രിക്കാന്‍ വേണ്ടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ടിബറ്റ് എന്ന ഒരു വിദൂര ഭരണകൂടം ധര്‍മ്മശാല കേന്ദ്രീകൃതമാക്കി സ്ഥാപിച്ചു.
മതാധിഷ്ഠിതവും സൗമ്യരുമായ ഒരു ജനതയെ, നിരീശ്വരവാദികളും സര്‍വ്വോപരി മൃഗീയ വാസനയുള്ളവരുമായ ഒരു ഭരണകൂടം ആക്രമിച്ചു കീഴടക്കിയാല്‍ എങ്ങനെയായിരിക്കും അവരുടെ ഭാവി? അതാണ് ടിബറ്റില്‍ സംഭവിച്ചത്.
ഇനി പരാമര്‍ശിക്കുന്ന ഖണ്ഡികയിലെ വിവരങ്ങള്‍ 1999 മാര്‍ച്ച് 17-ല്‍ കാനഡ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍, കനേഡിയന്‍ ജ്യൂവിഷ് കോണ്‍ഗ്രസ്സ്, കനേഡിയന്‍ സെന്റര്‍ ഫോര്‍ ഫോറിന്‍ പോളിസി ഡെവലപ്‌മെന്റ് എന്നീ സംഘടനകള്‍ അന്താരാഷ്ട്ര ന്യൂനപക്ഷ മത പീഡനം എന്ന ഈ വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തെ ആസ്പദമാക്കിയാണ്.
ഒരു രാജ്യം കീഴടക്കണമെങ്കില്‍ ആദ്യം ചെയ്യുക അതിന്റെ പൈതൃകം നഷ്ടപ്പെടുത്തുകയാണ്. പരിഹസിക്കുക, അപമാനിക്കുക, വ്യര്‍ത്ഥമാണെന്ന് പ്രചരണം നടത്തുക എന്നീ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ സാധാരണ ഇതില്‍ വിജയം നേടാന്‍ കഴിയും. എന്നാല്‍, ചൈന ആദ്യം പ്രയോഗിച്ചത് പൈതൃക ചിഹ്നങ്ങളും മന്ദിരങ്ങളും ആക്രമിച്ചു നശിപ്പിക്കുക എന്ന നയമായിരുന്നു. വാരാണസി, അയോധ്യ എന്നീ രണ്ടു പ്രദേശങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ ഹിന്ദുമതത്തിലുണ്ടാവുന്ന സാംസ്‌കാരിക ക്ഷതമെന്താവുമോ അതു പോലെയുള്ള അപചയമായിരുന്നു ആംദോ, ഖാം എന്നീ രണ്ടു പ്രവിശ്യകള്‍ നശിച്ചപ്പോള്‍ ടിബറ്റിനു സംഭവിച്ചത്. ഏറ്റവുമധികം ബുദ്ധ വിഹാരങ്ങളും, ബുദ്ധ വിദ്യാലയങ്ങളും ചൈന നശിപ്പിച്ചു കളഞ്ഞത് പുണ്യപുരാതനമായ ഈ നഗരങ്ങളിലാണ്. അതില്‍ മിക്കതും ഭഗവാന്‍ ശ്രീബുദ്ധന്റെ കാലം മുതല്‍ നിലവിലുള്ള പ്രാചീന വിദ്യാലയങ്ങളായിരുന്നു. 1950-70 വരെയുള്ള രണ്ട് ദശാബ്ദങ്ങള്‍ ഏറ്റവും ക്രൂരമായാണ് ചൈന എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത്.
ദലൈലാമയ്‌ക്കൊപ്പം കുറച്ചു കാലത്തിനിടയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ബുദ്ധസന്യാസിമാര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. രാജാവില്ലാത്ത ഒരു രാജ്യത്തെ പ്രജകളുടെ ഗതി നേരത്തെ മനസ്സിലാക്കിയ അവര്‍ മാത്രം രക്ഷപ്പെട്ടുവെന്ന് വേണം പറയാന്‍. അവരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല. സിദ്ധാര്‍ത്ഥനെ ഭഗവാന്‍ ശ്രീബുദ്ധനാക്കി മാറ്റിയ ഈ മണ്ണ് അവരെ ചതിച്ചില്ല. എന്നാല്‍, വളരെ ദയനീയമായിരുന്നു ടിബറ്റില്‍ ശേഷിച്ച മറ്റുള്ളവരുടെ സ്ഥിതി. എതിര്‍ത്തവരെ മുഴുവന്‍ തോക്കിനിരയാക്കിക്കൊണ്ട് ബുദ്ധ പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ ഒന്നൊന്നായി ചൈനീസ് സര്‍ക്കാര്‍ ഇടിച്ചു നിരത്തി.
അഞ്ചു ദശാബ്ദത്തിനുള്ളില്‍ അവര്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ഇടിച്ചു നിരപ്പാക്കിയത് ആറായിരത്തിലധികം ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്. ആദ്യ ദശാബ്ദത്തില്‍ തന്നെ ലക്ഷക്കണക്കിന് ബുദ്ധ സന്യാസിമാരും സന്യാസിനിമാരും മഠങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. പ്രാദേശികമായി സംഘടിച്ച് ഗറില്ലകളും വിപ്ലവകാരികളും അവരെ എതിര്‍ത്തു നില്‍ക്കാന്‍ നോക്കിയെങ്കിലും ചൈനയുടെ മൃഗീയമായ സൈനിക ശക്തിക്ക് മുന്നില്‍ അതൊന്നും വിലപ്പോയില്ല. പിടികൂടിയവരെ മരണ വേദനയനുഭവിപ്പിച്ചു പീഡിപ്പിച്ച ശേഷമാണ് ചൈനീസ് പട്ടാളം കൊന്നിരുന്നത്.
സാമൂഹിക പരിഷ്‌കരണം എന്ന ലേബലില്‍ ടിബറ്റിനു മേല്‍ ചൈന പ്രത്യേക നിയമമേര്‍പ്പെടുത്തി. രക്തം മരവിപ്പിക്കുന്ന ക്രൂരതകള്‍ക്ക് ക്രമസമാധാനപാലനം എന്ന ഔദ്യോഗിക പരിരക്ഷ നല്‍കുകയായിരുന്നു ചൈനയുടെ ഉദ്ദേശ്യം. ഇതുവഴി അന്താരാഷ്ട്ര പ്രതിച്ഛായ മങ്ങലേല്‍ക്കാതെ സൂക്ഷിക്കാമെന്ന് ഭരണകൂടം കണക്കുകൂട്ടി. സാംസ്‌കാരിക വിപ്ലവം എന്നറിയപ്പെട്ട ഈ താവഴി തുടച്ചു നീക്കുന്ന പ്രക്രിയ നടപ്പിലാക്കാന്‍, ചെങ്കിസ് ഖാനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യമൃഗമായ മാവോ സേതൂങ് സൈന്യത്തിന് ടിബറ്റില്‍ സമ്പൂര്‍ണ്ണ അധികാരം കൊടുത്തു. ടിബറ്റന്‍ ബുദ്ധ പൈതൃകത്തെ നിശബ്ദമായി ഉന്മൂലനം ചെയ്യുക എന്നതായിരുന്നു മാവോ നല്‍കിയിരുന്ന നിര്‍ദ്ദേശം. ടിബറ്റന്‍ പുനരുദ്ധാരണം എന്ന പേരില്‍ ടിബറ്റിന്റെ തനത് വ്യക്തിത്വവും സാംസ്‌കാരിക അടയാളങ്ങളും നശിപ്പിക്കപ്പെട്ടു. ടിബറ്റിനെ പരിപൂര്‍ണ്ണമായും ചൈനയില്‍ ലയിപ്പിക്കുക, ടിബറ്റ് എന്ന ബുദ്ധരാഷ്ട്രം ജനങ്ങളുടെ ഓര്‍മ്മയില്‍ നിന്നു പോലും മായ്ച്ചു കളയുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ലക്ഷ്യം. എന്നാല്‍, മാവോ മരിച്ചതോടെ സ്ഥിതിഗതികളില്‍ നേരിയൊരു മാറ്റമുണ്ടായി. പ്രത്യക്ഷത്തില്‍ ബുദ്ധസന്യാസിമാരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതിനും പകരം പഴയ പാര്‍ട്ടി ക്ലാസ് നയം സിപിസി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) വീണ്ടും പൊടി തട്ടിയെടുത്തു.
1987-ല്‍ തുടങ്ങിയ ഈ പുനരധ്യാപന ക്യാമ്പുകള്‍, ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക്‌സമാനമായിരുന്നു. പതിനായിരക്കണക്കിന് പേരെ ചൈനീസ് സര്‍ക്കാര്‍ ക്യാമ്പുകളില്‍ അടച്ചു. ഓരോ ബുദ്ധസന്യാസിയിലും ചൈന അടുത്ത ദലൈലാമയെയാണ് കണ്ടത്. തടവിലാക്കിയവരില്‍ മുക്കാല്‍ഭാഗവും 30 വയസ്സിനു താഴെയുള്ള ബുദ്ധമത പ്രവര്‍ത്തകരായിരുന്നു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മതപഠനവും പ്രാര്‍ത്ഥനയും കര്‍ശനമായി വിലക്കിയിരുന്നു. പിടിക്കപ്പെട്ടാല്‍ മരണമായിരുന്നു ശിക്ഷ. സ്ത്രീകളെയും അവര്‍ ഒഴിവാക്കിയില്ല.ടിബറ്റന്‍ സന്യാസിനിമാരെ തണുപ്പകറ്റുന്ന ജീവനുള്ള പുതപ്പുകളായി പട്ടാളക്കാര്‍ ഉപയോഗിച്ചു. മനസ്സു മരിച്ച ആ പെണ്‍കുട്ടികള്‍ എതിര്‍ത്തു നില്‍ക്കാന്‍ പോലും അശക്തരായിരുന്നു. മഠങ്ങളിലെ പതിവു കാഴ്ചയെന്ന പോലെ ദുരൂഹ സാഹചര്യങ്ങളില്‍ പല സന്യാസിനിമാരും പുലരുമ്പോള്‍ മരിച്ചു കിടന്നു.
കത്തുന്ന നെഞ്ചോടെ ടിബറ്റന്‍ ജനത എല്ലാം കണ്ടു നിന്നു. കാരണം, 1972-ല്‍, അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സണ്‍, ചെയര്‍മാന്‍ മാവോയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയെ തുടര്‍ന്ന് യു.എസ് ചാരസംഘടനയായ സിഐഎ, ടിബറ്റന്‍ വിപ്ലവകാരികള്‍ക്ക് നല്‍കിയിരുന്ന സഹായങ്ങള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയിലിരുന്ന് നിശബ്ദമായി എല്ലാം വീക്ഷിക്കുന്ന ദലൈലാമയുടെ മനസ്സു പോലും പൊള്ളിപ്പോയൊരു സന്ദര്‍ഭമായിരുന്നു അമേരിക്കയുടെ ആ അവസരവാദം. ആയുധം വെച്ച് കീഴടങ്ങിയാല്‍, ഗറില്ലകളുടെ പേരിലുള്ള കുറ്റങ്ങള്‍ പിന്‍വലിക്കപ്പെടുമെന്ന് മാവോ ഉറപ്പു നല്‍കി. അന്നത്തെ പതിനായിരം രൂപയും അവര്‍ക്ക് നല്‍കാമെന്ന് ചൈന സമ്മതിച്ചു. ആ പണം കൊണ്ട് അവര്‍ക്ക് ഇന്ത്യയില്‍ ഭൂമി വാങ്ങുകയോ, ടിബറ്റില്‍ വ്യവസായം നടത്തുകയോ ചെയ്യാനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്ന ഉറപ്പു കൂടി ലഭിച്ചതോടെ കീഴടങ്ങിയത് 1,500 ഗറില്ലകളാണ്. ടിബറ്റന്‍ ജനതയുടെ പ്രതിരോധത്തിന്റെ നട്ടെല്ലായിരുന്നു അതോടെ തകര്‍ന്നത്. കാരണം, ഒളിപ്പോരില്‍ വിദഗ്ധരായ സിഐഎ പരിശീലിപ്പിച്ച ഗറില്ലാ സൈന്യത്തിലെ പ്രധാന പോരാളികളായിരുന്നു കീഴടങ്ങിയ 1,500 പേരും.
ടിബറ്റന്‍ ജനതയുടെ പ്രതിരോധത്തിന്റെ മുനയൊടിഞ്ഞതു മനസ്സിലാക്കിയ ചൈന, തേര്‍ഡ് വര്‍ക്ക് ഫോറമെന്ന പേരില്‍ ആധിപത്യ നിയമങ്ങള്‍ കര്‍ശനമാക്കി. ഫോറത്തിന്റെ തീരുമാനത്തിന്റെ ഫലമായി 1994-ല്‍ ടിബറ്റ് ജനതയുടെ മേല്‍ പുതിയ നയങ്ങള്‍ ഏര്‍പ്പെടുത്തി. ചൈനീസ് സര്‍ക്കാരിന് വിശ്വസ്തന്‍ എന്നു തെളിയണമെങ്കില്‍ ദലൈലാമയെ ഓരോ ബുദ്ധ സന്യാസിയും തള്ളിപ്പറയണമായിരുന്നു. ദലൈലാമയുടെ ചിത്രങ്ങള്‍ പൊതു സ്ഥലങ്ങളിലോ പത്രമാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടു. ബുദ്ധവിഹാരങ്ങളില്‍ മാത്രമായി അവ ഒതുങ്ങി. സാമാന്യ ജനങ്ങള്‍ക്ക് പിന്നെയും സ്വാതന്ത്ര്യമുണ്ടായിരുന്നു. അതേസമയം, 1996-ല്‍ നിയമം ചൈനീസ് സര്‍ക്കാര്‍ പിന്നെയും കടുപ്പിച്ചു. ദലൈലാമയുടെ ചിത്രങ്ങള്‍, ബുദ്ധ മത ചിഹ്നങ്ങള്‍, ബുദ്ധപ്രതിമകള്‍ എന്നിവയെല്ലാം കര്‍ശനമായി നിരോധിക്കപ്പെട്ടു.
ബുദ്ധ വിഹാരങ്ങള്‍ മുതല്‍ സന്യാസിനിമാരുടെ കിടപ്പറകളില്‍ വരെ പരിശോധനയെന്ന പേരില്‍ പട്ടാളക്കാര്‍ കയറിയിറങ്ങി. അതേ വര്‍ഷം മെയ് മാസത്തില്‍, ലാസയിലെ ഗാന്‍ഡെന്‍ ബുദ്ധ വിഹാരത്തില്‍ പരിശോധനയ്ക്കു ചെന്ന പട്ടാളക്കാര്‍, ദുര്‍ബലമായി പ്രതിഷേധിച്ചതിന് ആറു ബുദ്ധ സന്യാസിമാരെയാണ് വെടിവെച്ചിട്ടത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ടിബറ്റില്‍ നടന്നത്. അതിന്റെ പരിണതഫലം, 92 ബുദ്ധഭിക്ഷുക്കളെ ബുദ്ധവിഹാരത്തില്‍ നിന്നും പുറത്താക്കി കൊണ്ടുള്ള ചൈനയുടെ നടപടിയാണ്. ദലൈലാമയെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലത്തില്‍ ഒപ്പിടാത്തതായിരുന്നു അവര്‍ ചെയ്ത കുറ്റം.
1996-ല്‍ പാര്‍ട്ടി പുനരധ്യാപന ക്യാമ്പുകള്‍ക്ക് ഒരു ഓമനപ്പേര് നല്‍കപ്പെട്ടു. പാട്രിയോട്ടിക് എജുക്കേഷന്‍ ക്യാമ്പയിന്‍ എന്ന പേരിലറിയപ്പെട്ട സാമൂഹിക പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ആ പദ്ധതി പ്രകാരം ഓരോ മതങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രചാരകര്‍ അയക്കപ്പെട്ടു. ബുദ്ധന്റെയും പത്മസംഭവന്റെയും പ്രബോധനങ്ങളുയര്‍ന്ന ക്ഷേത്ര മണ്ഡപങ്ങളില്‍ ബുദ്ധ സന്ന്യാസിമാര്‍ക്ക് അവര്‍ മാവോ സൂക്തങ്ങള്‍ സുവിശേഷങ്ങളായി ചൊല്ലിക്കൊടുത്തു. എതിര്‍ക്കുന്നവരെയും അനുസരണക്കേട് കാണിക്കുന്നവരെയും തോക്കിനിരയാക്കാന്‍ ഗാര്‍ഡുകള്‍ പുറത്ത് കാവല്‍ നിന്നു. ടിബറ്റിനെ കോട്ട പോലെ ചുറ്റി നിന്ന ഗിരിശൃംഗങ്ങള്‍ പോലും തേങ്ങിയ കാലഘട്ടമായിരുന്നു അത്. ജീവനേക്കാള്‍ സ്‌നേഹിച്ച ധര്‍മ്മത്തെ തള്ളിപ്പറയാന്‍ കഴിയാതെ നിരവധിപേര്‍ കാല്‍നടയായി രാജ്യം വിട്ടു. പത്തു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ അഭയം തേടി ഇന്ത്യയിലെത്തി. അതിലും എത്രയോ അധികം പേരാണ് കൊടും തണുപ്പും മഞ്ഞും സഹിച്ചുള്ള യാത്രയില്‍ മരിച്ചു വീണത്. നിരവധി പേര്‍ പിടിക്കപ്പെട്ടു, മാര്‍ഗ്ഗമധ്യേ ചൈനീസ് പട്ടാളം വെടിവെച്ചു കൊന്നവരുടെ കണക്കുകള്‍ കൃത്യമായി അറിയുന്നത് ഒരു പക്ഷേ, ഹിമവാനു മാത്രമായിരിക്കും.
1995-ല്‍, ടിബറ്റിലെ ഒരു ഇടയ കുടുംബത്തില്‍ നിന്നും ഒരു കുഞ്ഞിനെ പത്താമത്തെ പഞ്ചെന്‍ ലാമയായി തിരഞ്ഞെടുത്തു. അവസാനവാക്ക്, ചൈനീസ് നിയന്ത്രിത ഭരണകൂടത്തിന്റെയായിരിക്കണം എന്ന കര്‍ശന നിയമം, കുഞ്ഞിനെ കണ്ടെത്തിയ പുരോഹിത വൃന്ദം അവഗണിച്ചു. ചടങ്ങുകള്‍ നിഷ്‌കര്‍ഷിക്കുന്നതിനാല്‍, കുഞ്ഞിനെ തിരഞ്ഞെടുത്തിരിക്കുന്ന വിവരം ദലൈലാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പക്ഷേ, മറ്റൊരു കുട്ടിയെ തിരഞ്ഞെടുത്ത ഭരണകൂടം, അവനെ പാര്‍ട്ടി സ്റ്റഡി ക്ലാസിന് അയച്ച് ഉത്തമ കമ്മ്യൂണിസ്റ്റ് ലാമയായി വളര്‍ത്താന്‍ ആഗ്രഹിച്ചു. എന്നാല്‍, ഇഞ്ചിഞ്ചായി പീഡിപ്പിച്ചിട്ടും, ബുദ്ധസന്യാസിമാര്‍ ആരും അവനെ പഞ്ചെന്‍ ലാമയുടെ പുനര്‍ജന്മമായി അംഗീകരിച്ചില്ല. കുപിതരായ ചൈനീസ് ഭരണകൂടം, പുരോഹിത വൃന്ദത്തിന്റെ തലവനായ ഛാദ്രെല്‍ റിന്‍പോച്ചെയെ ആറു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചാണ് പ്രതികാരം ചെയ്തത്. പഞ്ചെന്‍ ലാമയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പോലും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ജാഗ്രത ഇതാണെങ്കില്‍, ഇവിടെ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പതിനഞ്ചാമത്തെ ദലൈലാമയെ തിരഞ്ഞെടുക്കുന്ന ചടങ്ങ് ചൈനീസ് ഭരണകൂടത്തിന്റെ കിരാത ദംഷ്ട്രകള്‍ ഏതുവിധേനയും തടയുമെന്ന കാര്യം ഉറപ്പാണ്. കാരണം, മറ്റൊരു ദലൈലാമ ടിബറ്റിന്റെ മേലെയുള്ള ആധിപത്യത്തിന് ഭീഷണിയായി വളരുന്നത് ചൈനയ്ക്ക് ഏറ്റവും കനത്ത വെല്ലുവിളിയാകും എന്നതുതന്നെ.
ചൈനീസ് അധിനിവേശത്തിനു പിറകില്‍ കൃത്യമായ വ്യാവസായിക ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. സമൃദ്ധമായ ടിബറ്റിലെ പ്രകൃതി വിഭവങ്ങളില്‍ മുന്‍പേ കണ്ണു വെച്ചിരുന്ന ചൈന, ഈ ഏഴു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അവിടെ നിന്നും കടത്തിയ മുതലിന് കയ്യും കണക്കുമില്ല. 5,400 കോടി ഡോളര്‍….! നമുക്ക് ചിന്തിക്കാനാകുമോ എത്ര വലിയ തുകയാണെന്ന്? അത്ര രൂപയുടെ തടി മാത്രം ടിബറ്റില്‍ നിന്നും ചൈന കടത്തിക്കഴിഞ്ഞു. ഫലം, ടിബറ്റിലെ വനങ്ങളുടെ 80 ശതമാനത്തിലധികം പരിപൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു. വനങ്ങളാല്‍ നിബിഢമായിരുന്ന ടിബറ്റിലെ താഴ്‌വരകള്‍ ഇന്ന് മൊട്ടക്കുന്നുകളാണ്.
ചൈനീസ് കമ്പനിയായ ബി.വൈ.ഡി, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാണ്. ദക്ഷിണ ചൈന കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഈ കമ്പനി തന്നെയാണ് ലോകത്തിലെ ഏറ്റവും ബൃഹത്തായ ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാതാക്കള്‍. ഇവരുടെ പ്രവര്‍ത്തിക്കാനാവശ്യമായ ലിഥിയം മുഴുവന്‍ ഖനനം ചെയ്‌തെടുക്കുന്നത് ടിബറ്റില്‍ നിന്നാണ്. വ്യവസായ ഭീമനായ വാറന്‍ ബഫറ്റ് ഈ കമ്പനിയുടെ ഓഹരിയുടമയാണ്. ചൈനയ്‌ക്കെതിരെ തികഞ്ഞൊരു ദേശീയ വാദിയായ ട്രംപ് പലപ്പോഴും നിസ്സഹായനായി പോകുന്നത് ഇത്തരം വന്‍സ്രാവുകള്‍ ചൈനയില്‍ പണം മുടക്കിയത് കാരണമാണ്. ഛാബിര്‍ സാക്ക തടാകത്തിലെ രക്തമൂറ്റിക്കുടിച്ചാണ് ചൈനീസ് കമ്പനികള്‍ ഇത്രയും ലിഥിയം തുരന്നെടുക്കുന്നത്. ഈ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെയെല്ലാം അധികൃതര്‍ തന്നെ ഖനികളില്‍ കൊന്നു തള്ളിയിട്ടുണ്ട്.ഗാന്‍ഷിസു റോങ്ദ എന്ന കമ്പനിയാണ് ഇതിനു മുന്‍കൈ എടുക്കുന്നത്. സംസ്‌കരണത്തിന് ശേഷം അവസാനിക്കുന്ന രാസമാലിന്യങ്ങള്‍ എല്ലാം നദികളിലേക്കാണ് കമ്പനികള്‍ ഒഴുക്കിവിടുക. 2013 ഒക്ടോബറില്‍, കിഴക്കന്‍ ടിബറ്റിലെ ഗാജിക്കയിലെ ഖനിയുടെ ഉടമസ്ഥര്‍, അവിടെ നിന്നുള്ള വിഷപദാര്‍ത്ഥങ്ങള്‍ നേരെ നദിയിലേക്കൊഴുക്കി. വിഷലിപ്തമായ ജലം കുടിച്ചതിന്റെ ഫലമായി 30 കിലോമീറ്റര്‍ ദൂരത്തുള്ള വളര്‍ത്തുമൃഗങ്ങളും വന്യജീവികളും കൂട്ടത്തോടെയാണ് നുരയും പതയുമൊലിപ്പിച്ചു ചത്തു വീണത്.
2016-ല്‍, ഇതുപോലൊരു അശ്രദ്ധയുടെ ഫലമായി കന്നുകാലികളും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു. അന്ന് ടിബറ്റ് നടത്തിയ പ്രക്ഷോഭം എങ്ങനെയോ പുറംലോകം അറിഞ്ഞതോടെയാണ് ഇക്കാര്യത്തിന് മാധ്യമശ്രദ്ധ ലഭിക്കുന്നത്. 2014-ല്‍, ഗ്രീന്‍പീസ് ഈസ്റ്റ് ഏഷ്യ വിഭാഗം തിബത്തില്‍ നടക്കുന്ന പ്രകൃതി വിഭവ ചൂഷണത്തെപ്പറ്റി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും, ചൈന ഇപ്പോഴും നിര്‍ബാധം ക്രൂരത തുടരുകയാണ്.
2008 മാര്‍ച്ചില്‍, 1959-ലെ ടിബറ്റന്‍ വിപ്ലവത്തിന്റെ സമാധാനപരമായ ഓര്‍മ്മ പുതുക്കല്‍ നടത്താന്‍ ടിബറ്റന്‍ ജനത തീരുമാനിച്ചു. അന്യായമായി തടവിലാക്കിയിരിക്കുന്ന ബുദ്ധ സന്യാസിമാരുടെയും സന്യാസിനിമാരുടെയും മോചനത്തിനുവേണ്ടി അവര്‍ തെരുവിലൂടെ സമാധാനപരമായി നടത്തിയ ജാഥയ്ക്കു നേരെ ചൈനീസ് പട്ടാളം ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ജനങ്ങളില്‍ ഒരു വിഭാഗം ശക്തമായി തിരിച്ചടിച്ചു. ബുദ്ധ സന്യാസിനിമാരെ തടവറകളില്‍ ചൈനീസ് പട്ടാളക്കാര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയരാക്കുന്ന വാര്‍ത്തകള്‍, ആയിടെ പുറത്തു വന്നിരുന്നു. ഇതു മനസ്സില്‍ കിടന്നു പുകഞ്ഞിരുന്ന ടിബറ്റന്‍ യുവാക്കള്‍ ചൈനീസ് പട്ടാളത്തിനോട് ഏറ്റുമുട്ടി. എന്നാല്‍, 2008-ല്‍ നടത്തേണ്ട ബെയ്ജിങ് ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായിരുന്ന ചൈനീസ് ഭരണകൂടം, അതിക്രൂരമായി ഈ അക്രമം അടിച്ചമര്‍ത്തി. ചൈന ആദ്യം ചെയ്തത്, ടിബറ്റിലേക്കുള്ള വിദേശ മാധ്യമങ്ങളുടെ പ്രവേശനം നിരോധിക്കുകയായിരുന്നു. തൊട്ടുപിറകെ വിന്യസിക്കപ്പെട്ട 5,000 ട്രൂപ്പുകളിലെ സൈനികര്‍, സമരക്കാരെ റോഡില്‍ പട്ടിയെപ്പോലെ വെടി വെച്ചിട്ടു. ഏതാണ്ട് 18 പേര്‍ മരിച്ചുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് നൂറ്റി നാല്പതിനടുത്തായിരുന്നു.
2009 മുതല്‍ ഏതൊരു കഠിനഹൃദയന്റെയും ഹൃദയം തകരുന്ന കാഴ്ചകള്‍ക്കാണ് ടിബറ്റ് സാക്ഷ്യം വഹിച്ചത്. പ്രത്യാശയുടെ അവസാന കിരണങ്ങള്‍ നഷ്ടപ്പെട്ട ബുദ്ധഭിക്ഷുക്കള്‍ ജനസഹസ്രങ്ങളെ സാക്ഷിയാക്കി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു തുടങ്ങി. താപേ എന്ന 25 വയസുകാരനായ ബുദ്ധഭിക്ഷുവാണ് ടിബറ്റിന്റെ ആദ്യ രക്തസാക്ഷി. കിര്‍ദി ബുദ്ധവിഹാരത്തിലെ സന്യാസിയായിരുന്നു താപേ. ചൈനീസ് സര്‍ക്കാര്‍, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 27-ന് താപേ, നടുറോഡില്‍ വെച്ച് സ്വയം അഗ്‌നിക്കിരയായി. എന്നാല്‍, പിശാച് പോലും ലജ്ജിച്ചു പോകുന്ന ക്രൂരമായിരുന്നു ചൈനീസ് പടയാളികള്‍ ചെയ്തത്. തീപ്പന്തം പോലെ കത്തുന്ന ആ യുവസന്യാസിയുടെ നെഞ്ചു നോക്കി അവര്‍ നിറയൊഴിച്ചു.
2011-ല്‍, പട്ടാളക്കാരുടെ ആക്രമണത്തില്‍ 10 ബുദ്ധഭിക്ഷുക്കള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്, ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുമ്പോള്‍ ഫുന്‍സോങ് എന്ന യുവസന്യാസിയ്ക്ക് പ്രായം വെറും 20 വയസ്സായിരുന്നു.ങാബ പ്രവിശ്യയില്‍ നടുറോഡില്‍ വച്ച് ശരീരത്തില്‍ അടിമുടി തീ പടര്‍ന്നു കയറുമ്പോള്‍, അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞത് ‘ദലൈലാമ സൗഖ്യത്തോടെ പതിനായിരം വര്‍ഷം ജീവിക്കട്ടെ’ എന്നാണ്.
നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, എന്നാല്‍, 28 സ്ത്രീകളും 128 പുരുഷന്മാരും അടക്കം 156 ബുദ്ധസന്യാസിമാരാണ് ടിബറ്റില്‍ ബുദ്ധധര്‍മ്മം സംരക്ഷിക്കാന്‍ പച്ച ജീവനോടെ കത്തിയെരിഞ്ഞത്. ഇക്കൂട്ടത്തില്‍, 16 വയസ്സ് തികയാത്തവര്‍ മുതല്‍ പടു വൃദ്ധര്‍ വരെയുണ്ട്. ഇവരില്‍ നിന്നും ഭാരതത്തിലെ ഹൈന്ദവര്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇക്കഴിഞ്ഞ ഏഴു ദശാബ്ദത്തിനുള്ളില്‍ ടിബറ്റില്‍ കൊല്ലപ്പെട്ടത് ഏതാണ്ട് 12 ലക്ഷം ബുദ്ധസന്യാസിമാരാണ്. കര്‍ശനമായ മാധ്യമ നിയന്ത്രണം ഉണ്ടായിട്ടും പുറത്തറിഞ്ഞ സംഖ്യ ഇതാണെങ്കില്‍, യഥാര്‍ത്ഥ സംഖ്യ ഇതിലും എത്രയോ അധികമായിരിക്കും. മാവോയുടെ ഭ്രാന്തന്‍ ആശയങ്ങളില്‍ നിന്നും ബുദ്ധധര്‍മ്മത്തെ സംരക്ഷിച്ചു പിടിക്കാന്‍, ടിബറ്റില്‍ സ്വാതന്ത്ര്യത്തിന്റെ പുലരി ആസ്വദിച്ചു കൊണ്ട് നിത്യനിദ്രയെ പുല്‍കാന്‍ ഓരോ ബുദ്ധസന്യാസിയ്ക്കും ഭാഗ്യമുണ്ടാകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.