Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

ശലഭജീവിതങ്ങള്‍

ശ്രീജിത്ത് മൂത്തേടത്ത്

Aug 4, 2020, 11:15 am IST

പോകാറായോ? പോകാം. ആരോടാണയാള്‍ പറഞ്ഞത്? എന്നോടോ? അതോ തുണിസഞ്ചിയില്‍ കുത്തിനിറച്ച സാമാനങ്ങളോടോ? കൂടുതുറന്നുവിടുമ്പോള്‍ താന്‍ സ്വതന്ത്രനാക്കപ്പെട്ടുവെന്നു വിശ്വസിക്കാനാകാതെ, ചുറ്റുപാടും നോക്കി വെപ്രാളപ്പെടുന്ന കിളിയെപ്പോലെ അയാള്‍ പരുങ്ങുന്നു. കൃഷ്ണമണികള്‍ ചില്ലുകുപ്പിയിലിട്ട ഗോലിക്കായകളെപ്പോലെ കിലുങ്ങിക്കൊണ്ടിരുന്നതിനാല്‍ ദൃഷ്ടിയെവിടെയാണുറയ്ക്കുന്നതെന്ന് വ്യക്തമാകുന്നില്ല.

ന്നാ ശെരി. ഞാന്‍ പൂവ്വാട്ടോ. അറ്റം വരെ നിവര്‍ത്തിയിട്ട കുപ്പായക്കൈകളില്‍ വിശ്വാസം വരാതെ ഒന്നുകൂടെ നോക്കി, ചിറകുപോലെ വിരിച്ച്, ക്ഷീണിച്ച പക്ഷിയെപ്പോലെ, പറക്കാനാകാതെയയാള്‍ സ്‌കൂളിന്റെ പടികളിറങ്ങി ചാടിച്ചാടിപ്പോയി. ഉപേക്ഷിക്കപ്പെട്ട കൂടുപോലെ തുണിസഞ്ചി വരാന്തയില്‍ തൂണോടുചാരിക്കിടന്നു. അതില്‍നിന്നും പച്ചക്കറികളും പലവ്യഞ്ജനങ്ങളും സാമാനാങ്ങളും പുറത്തേക്ക് തലയിട്ടുനോക്കുന്നു. സഞ്ചിയിലെ സാമാനങ്ങള്‍ സുമി കുത്തിനിറച്ചതാണ്. തുണിസഞ്ചിയില്‍ത്തന്നെ സാധനസാമഗ്രികള്‍ വിതരണം ചെയ്യണമെന്നത് അവള്‍ടെ വാശിയായിരുന്നല്ലോ. പ്രകൃതിവാദികളില്‍ തീവ്രവാദിയാണവള്‍ എന്ന് കരുണാകരന്‍മാഷ് സുമിയക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരൂന്നലുണ്ടായിരുന്നു. തുടങ്ങിയതില്‍പ്പിന്നെ പതിനഞ്ചു ദിവസമായി ഇവിടെയും, പഞ്ചായത്തിലെ തൊട്ടടുത്ത ക്യാമ്പുകളിലേക്കും അടിയുടുപ്പുകളും, നാപ്കിനുകളും മുതല്‍ മരുന്നുകളുടെയും, പല വ്യഞ്ജനങ്ങളുടെയും വരെ കാര്യങ്ങള്‍ അന്വേഷിച്ച് എത്തിച്ചുകൊടുക്കുന്നത് അവളാണ്.

ഈ കുട്ടിയുടെ ഇടപെടലില്ലായിരുന്നേല്‍ ഇത്രയും ഭംഗ്യായി ക്യാമ്പ് മുന്നോട്ടു കൊണ്ടുപോകാന്‍ നമ്മള്‍ക്ക് പറ്റൂല്ലായിരുന്നൂട്ടോ.
അവസാനിക്കുന്നതിന്റെ തലേന്ന് നടന്ന ക്യാമ്പംഗങ്ങളുടെയും, നടത്തിപ്പുകാരുടെയും പൊതുയോഗത്തില്‍ കരുണാകരന്‍മാഷ് സുമിയെ ഏറെ പ്രശംസിച്ചു സംസാരിച്ചിരുന്നു. അതില്‍പ്പിന്നെ രാത്രിയില്‍ ഭക്ഷണമൊക്കെ കഴിച്ച്, എല്ലാരുമുറങ്ങാന്‍ പോയതിനു ശേഷം, ഹാളിലെ കസേരയില്‍ തലകുമ്പിട്ടിരുന്ന് അവളേറെനേരം കരഞ്ഞു.
എന്തിനാടോയിങ്ങനെ കരേന്നത്?

എന്റെ ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി കിട്ടിയില്ല. ഏങ്ങലടിച്ചു കരഞ്ഞു. കരേട്ടേന്ന് ഞാനും വിചാരിച്ചു. അങ്ങിനെങ്കിലും അവളുടെ സങ്കടോന്ന് തീരുന്നെങ്കില്‍ തീരട്ടെ.
നാലാംക്ലാസ്സില്‍ പഠിക്കുമ്പോ കരുണാകരന്‍മാഷായിരുന്നു അവളുടെ ക്ലാസ്മാഷ്. നല്ലവണ്ണം കണക്കു പഠിപ്പിക്കുന്ന മാഷായിരുന്നൂത്രേ. ഒപ്പം വായനയുടെയും എഴുത്തിന്റെയും അസുഖവുമുണ്ട്. സ്‌കൂളുവിട്ടാല്‍ ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനായി അരയങ്ങാടിയുടെ മുക്കിലും മൂലയിലും നടക്കുന്ന മാഷുടെ വേഷം അന്നും ഇന്നും വെളുത്ത ജൂബയും കറുത്ത കരയുള്ള ഖദര്‍മുണ്ടുമാണ്. നന്നായി പാട്ടുപാടാറുള്ള മാഷ് അങ്കണത്തൈമാവും, പൂതപ്പാട്ടും പാടിക്കഴിയുമ്പോള്‍ കുട്ടികളെല്ലാം കരഞ്ഞുതുടങ്ങും. സുമിക്കാണേല്‍ കവിത കേള്‍ക്കാന്‍ വല്ല്യ ഇഷ്ടവ്വായിരുന്നു. മാഷുപാടുന്ന ഈണത്തില്‍ കവിതകള്‍ ഉരുവിട്ട് പഠിച്ച് അവള്‍ ക്ലാസ്സില്‍ കുട്ടികളുടെ മുന്നില്‍ മാഷെപ്പോലെ അവതരിപ്പിക്കായിരുന്നൂത്രെ!

വലുതാവുമ്പോള്‍ നീയ്യ് ആരാ ആവ്വാ?
മാഷ് ചോദിക്കുമ്പോള്‍ മറ്റ് കുട്ടികളുടെ മുന്നില്‍ തലയുയര്‍ത്തിനിന്ന് അവള്‍ പറയും.
വലിയൊരു മാഷ്. കരുണാരന്‍ മാഷെപ്പോലെ കവിതചൊല്ലുന്ന മാഷ്.
അതുകേള്‍ക്കുമ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിക്കും. എല്ലാവരുടെയും മുന്നില്‍ നാണംകെട്ട് നനഞ്ഞുപോയി ചൂളിനില്‍ക്കുന്ന അവളെ തലയില്‍ തലോടി മാഷപ്പോള്‍ സമാധാനിപ്പിക്കും. എന്നിട്ട് ആരുമില്ലാത്തയവസരത്തില്‍ ചുറ്റും നോക്കി, രഹസ്യഭാവത്തില്‍ ചോദിക്കും.
നീയ്യൊരു പെണ്‍കുട്ടിയല്ലേ? പിന്നെയെങ്ങിന്യാ മാഷാവ്വാ? ടീച്ചറല്ലേ ആവ്വണ്ടേ? അതോണ്ടല്ലേ മറ്റുള്ളോര് ചിരിച്ചേ?
താന്‍ പറഞ്ഞതിലെ അബദ്ധമോര്‍ത്തപ്പോളവള്‍ ചിരിക്കും. മാഷും കൂടെ ചിരിക്കും.
ഒരു ദിവസം ഉച്ചയ്ക്കാണതുണ്ടായത്. ഭക്ഷണത്തിനു ശേഷം കുട്ടികളെല്ലാം കളിക്കാന്‍ പോയിരുന്നു. ക്ലാസ്സ് മുറിയില്‍ സുമിയും, മാഷും മാത്രം. കസേരയിലിരുന്ന് കടലാസില്‍ പൂമ്പാറ്റകളുടെ ചിത്രങ്ങള്‍ വെട്ടി ഒട്ടിച്ചുകൊണ്ടിരുന്ന മാഷുടെ മടിയിലേക്ക് സ്വാതന്ത്ര്യത്തോടെ കയറിയിരുന്ന സുമി എന്തൊക്കെയോ സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
കാക്കയെന്താ മാഷേ കറുത്തിരിക്ക്ന്നത്?

അത്… കാക്കയുടെ കുപ്പായം കറുത്തതായതോണ്ട്.
അപ്പോ കാക്കക്ക് വേറെ വെളുത്ത കുപ്പായോണ്ടാവ്വോ?
എല്ലാര്‍ക്കും ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ കുപ്പായങ്ങളല്ലേ മോളേ?
ഉത്തരം കേട്ട് അവളൊന്നും മിണ്ടിയില്ല. മനസ്സിലായിട്ടോ, ആവാഞ്ഞിട്ടോ മിണ്ടാത്തെതെന്നറിയാതെ മാഷ് അവളുടെ മുഖത്തുനോക്കിയിരുന്നു.
മാഷെന്തിനാ എപ്പഴും വെള്ത്ത കുപ്പായം ഇടുന്നേ?
മാഷൊരു വെളുത്തയുടുപ്പിട്ട ശലഭല്ലേ?
അയ്യേ! മാഷ് പൂമ്പാറ്റിയാണോ? അപ്പോ ഞാനാരാ പൂവ്വോ?

ചോദ്യോം, ഉത്തരോം, മറുചോദ്യോം ഒക്കെയായങ്ങിനെയാക്കളി തുടര്‍ന്നു. പൂമ്പാറ്റകള്‍ എന്തിനാ പൂക്കളില്‍ ചെന്നിരിക്കുന്നേയെന്ന് ചോദിച്ചപ്പോള്‍, തേന്‍കുടിക്കാനാണെന്നും, പരാഗണം നടത്താന്‍ സഹായിക്കാനാണെന്നുമൊക്കെ മാഷ് ഉത്തരം പറഞ്ഞു. കുറേനേരമിരുന്നപ്പോള്‍ മാഷുടെ മടിയില്‍ അസാധാരണമായ ചൂട് അറിഞ്ഞതും അവളിറങ്ങിപ്പോരുകയായിരുന്നു. മാഷുടെ മുണ്ട് നനഞ്ഞിരിക്കുന്നത് കണ്ട് അവള്‍ കൈകൊട്ടിച്ചിരിച്ചു. മാഷ് മുഖം ചുളിച്ച് എന്തോയൊളിപ്പിക്കാനെന്നതുപോലെ ഇളിഭ്യനായി നിന്നതേയുള്ളൂ. ചിരിച്ചില്ല. അതുകണ്ടപ്പോഴവള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവളാര്‍ത്താര്‍ത്ത് ചിരിച്ചു.
അയ്യേ, മാഷ് ചിച്ചിയൊഴിച്ചേയെന്ന് കളിയാക്കിയപ്പോള്‍ ആരോടും പറയരുതെന്ന് വിലക്കിയിരുന്നെങ്കിലും, രാത്രി അമ്മയോടവള്‍ക്കതിനെക്കുറിച്ച് പറയാതിരിക്കാനായില്ല. സ്‌കൂളിലെന്തു കാര്യണ്ടായാലും വരുമ്പോഴും പോകുമ്പോഴും എന്തു സംഭവിച്ചാലും അമ്മയോടു തുറന്നു പറയണമെന്ന് മാഷ് തന്ന്യാണവളെ പഠിപ്പിച്ചിരുന്നത്. അമ്മയും മാഷിന്് അമളിപറ്റിയ തമാശകേട്ട് ചിരിച്ചുമറിയുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്പോള്‍ ഒന്നും മിണ്ടാതിരുന്ന അമ്മ പിന്നീടെപ്പൊഴോ അച്ഛനോട് സ്വകാര്യം പറയുന്നതും, അച്ഛന്‍ ദേഷ്യപ്പെടുന്നതും, പാതിയുറക്കത്തിനിടയിലും അവളറിഞ്ഞിരുന്നു. അടുത്ത ദിവസം അച്ഛനവളെ അമ്മയുടെ വീടിനടുത്തുള്ള മറ്റൊരു സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ത്തപ്പോഴും,

എന്തിനാണച്ഛാ എന്നെ സ്‌കൂളുമാറ്റുന്നത്? എനിക്ക് കരുണാരന്‍ മാഷുടെ സ്‌കൂളുമതി –
എന്ന് ചിനുങ്ങിക്കരഞ്ഞപ്പൊഴും അച്ഛന്റെ മുഖത്ത് ദേഷ്യഭാവമായിരുന്നു. പുതിയ സ്‌കൂളിലെ ടീച്ചറോട് അതേപ്പറ്റി പറഞ്ഞപ്പോള്‍,
മാഷമ്മാരുടെ മടിയിലൊന്നും കേറിയിരിക്കരുത്. നീയ്യ് വലിയ കുട്ടിയാവ്വല്ലേ?
എന്ന് ശാസിച്ചു. പിന്നെ മുതിര്‍ന്ന്, സ്‌കൂള്‍ കാലമൊക്കെ കഴിഞ്ഞ ശേഷാണത്രെ മാഷെ സുമി കാണുന്നത്. അരയങ്ങാടി സ്‌കൂളില്‍ സംഘടിപ്പിച്ച കവിയരങ്ങില്‍ ക്ഷണിക്കാതെതന്നെ അവള്‍ കവിതചൊല്ലാല്‍ ചെല്ലുകയായിരുന്നു. ശലഭങ്ങളെക്കുറിച്ചുള്ളൊരു കവിതയായിരുന്നു അവളന്ന് ചൊല്ലിയത്. ശലഭങ്ങള്‍ പൂക്കളില്‍ നിന്നും പൂക്കളിലേക്ക് പൂമ്പൊടിപകര്‍ന്ന് പറന്നുപോകുമെന്നും, അവയിലുണ്ടാകുന്ന കായ്കളെയും അവ പാകമാകുമ്പോള്‍ ചിതറിത്തെറിക്കുന്ന വിത്തുകളില്‍ നിന്നും പുതിയ ചെടികള്‍ മുളയ്ക്കുന്നതും, അവയില്‍ വീണ്ടുമൊരു പൂക്കാലം വിരിയുന്നതുമൊന്നും ശലഭമറിയാറില്ലെന്നും മറ്റും. അന്ന് അവളെ കണ്ടപ്പോള്‍ മാഷുടെ മുഖത്തു പൊടിഞ്ഞ വിയര്‍പ്പുതുള്ളികളുടെ വലിപ്പം നിമിഷാര്‍ദ്ധം കൊണ്ട് വലുതായി വന്നതുകണ്ട് അവള്‍ ചിരിച്ചു. കവിത മാഷുടെ താളം തെറ്റിച്ചെന്ന ധാരണയില്‍ അധികമൊന്നും പറയാതെ പോവുകയും ചെയ്തു.

കരച്ചിലടങ്ങിയപ്പോള്‍ സുമി എന്റെ മടിയില്‍ തലചായ്ച്ച് കിടന്ന് പറഞ്ഞു.
ഇല്ലെടോ. മാഷ് അന്ന് അങ്ങിന്യൊന്നും ചിന്തിച്ചിട്ട്‌പോലുണ്ടാവൂല്ല. മാഷക്കങ്ങിന്യൊന്നും ആവാന്‍ കഴിയൂല്ല. പക്ഷെ ഇന്നത്തെ കാലായിരുന്നെങ്കില് മാഷ് ജെയിലില്‍ കെടന്നേനെ. അച്ഛന് അത്രയ്ക്കും ദേഷ്യംണ്ടായിരുന്നു മാഷോട്.

ഞാനവളെ മുടിയില്‍ തലോടി സമാധാനിപ്പിച്ചു. രാത്രി ഏറെ വൈകി എന്റെ കാറിലവളെ വീട്ടില്‍ കൊണ്ടാക്കുമ്പോള്‍ ഭര്‍ത്താവ് വരാന്തയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ എന്നെ നോക്കി സൗഹൃദത്തോടെ കൈവീശിയെങ്കിലും, സുമി മുഖം വെട്ടിച്ച് അകത്തേക്കു പോവുകയാണുണ്ടായത്.
ഇതെന്തായിപ്പോ ഇങ്ങിനെ? അയാള്‍ക്കൊന്നും കൊടുത്തില്ലെ?

സുമിയുടെ ശബ്ദമാണ്. ഞാന്‍ ഭയപ്പെട്ടിരുന്നതും, അവളെത്തന്നെയായിരുന്നെങ്കിലും അവളടുത്തെത്തിയപ്പോള്‍ ഒരു സമാധാനം.
എന്തോന്നറീല്ല. അയ്യാള്‍ക്ക് വീടൊന്നൂല്ലാന്നു തോന്നുന്നു. നിര്‍ബ്ബന്ധിച്ച് കൈയ്യില്‍ പിടിപ്പിച്ച്വോട്ത്തിട്ടും സഞ്ചീം ഇവിടിട്ടേച്ച് ഒന്നും പറയാതെയങ്ങ് എറങ്ങിപ്പോയി.
ആ, അത്രയ്ക്കഹമ്മതിയോ? എന്നാപ്പിന്നെ ആവശ്യള്ളോര്‍ക്കാര്‍ക്കെങ്കിലും കൊടുക്കാമെന്ന ആത്മഗതത്തോടെയവള്‍ സഞ്ചിയും തൂക്കി, പായയും ചുരുട്ടിപ്പിടിച്ച് ഓഫീസിലേക്കു നടന്നപ്പോള്‍ എനിക്ക് പിന്നാലെ ചെല്ലുവല്ലാതെ വേറെ നിര്‍വ്വാഹല്ലാണ്ടായി.

എന്തുകൊണ്ട് അയാള്‍ ഒന്നും സ്വീകരിച്ചില്ല? എന്നൊരന്വേഷണം പോലും ആരുടെയും ഭാഗത്തുനിന്നുമുണ്ടായില്ല. കരുണാകരന്‍ മാഷുപോലും ചോദിച്ചില്ല. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ പത്തു ദിവസമായി കഴിയുന്നവര്‍ തിരിച്ചുപോകുമ്പോള്‍ അവര്‍ക്ക് രണ്ടാഴ്ചയെങ്കിലും കഴിയാനാവശ്യമായ ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും സഞ്ചിയിലാക്കി കൊടുത്തയക്കണമെന്നത് കൂട്ടായ തീരുമാനമായിരുന്നു.
ശരിക്കും ആവശ്യമുള്ളവര്‍ക്കുതന്നെ കൊടുക്കണം എന്ന് സുമി എടുത്തു പറഞ്ഞിരുന്നു. സാമാനസഞ്ചി വാങ്ങാത്തവര്‍ ആവശ്യല്ലാത്തോരാവും. അതോണ്ടാവും അയാളൊന്നും വാങ്ങാതെയിറങ്ങിപ്പോയപ്പോള്‍ ആര്‍ക്കുമൊരു അസ്വാഭാവികതയും തോന്നാതിരുന്നത്. സുമിയെയന്വേഷിച്ച് ഇപ്പോഴും ആരൊക്കെയോ വരുന്നുണ്ട്. ക്യാമ്പ് കഴിഞ്ഞിട്ടും അവളുടെ തിരക്ക് തീര്‍ന്നിട്ടില്ല. ഈ ക്യാമ്പിന്റെ കാലയളവിലവളൊരു പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞിരിക്കയാണ്. ഏതൊക്കെയോ സംഘടനകളുമായി ബന്ധപ്പെടുന്നു. വിളിപ്പുറത്ത് എന്ത് സഹായത്തിനും തയ്യാറായി സന്നദ്ധപ്രവര്‍ത്തകരായ ചെറുപ്പക്കാരുണ്ട്. അവരവളെ മാഡം എന്നാണ് വിളിക്കുന്നത്. എത്ര മനോഹരമായാണവള്‍ ഫോണിലൂടെ ഇംഗ്ലീഷില്‍ സംസാരിക്കുന്നത്! പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് വീടുവെച്ചുകൊടുക്കാനുള്ള സംവിധാനങ്ങളൊരുക്കാനുള്ള ശ്രമത്തിലാണവളിപ്പോള്‍. അവളെ സഹായിക്കാന്‍ വിദേശത്ത് പണക്കാരായ ധാരാളമാളുകളുണ്ടത്രേ!

ആളുകള്‍ടെ കൈയ്യില് പണംണ്ട്. പണത്തിന്റെയഹങ്കാരംകൊണ്ട് ഒരു കാര്യോമില്ലാന്ന് ഈ പ്രളയം മനുഷ്യനെ പഠിപ്പിച്ചുകൊടുത്തില്ലേ? നമ്മളൊരാളായിട്ട് കൂട്ടിയോജിപ്പിക്കാന്‍ നിന്നുകൊടുത്താല്‍ മതി. പണം നമ്മുടെ കൈയ്യില് ആളുകള് കൊണ്ടത്തരും.

സുമിയുടെ വാക്കുകളില്‍ ആത്മവിശ്വാസമുണ്ട്. കണ്ണുകളില്‍ തീയ്യും. ഒരുപക്ഷെ സര്‍ക്കാര്‍ സംവിധാനങ്ങളേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായവള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുമായിരിക്കും. ക്യാമ്പിന്റെ സമയത്ത്, ചുമതലക്കാരന്‍ കരുണാകരന്‍മാഷായിട്ടും, സുമി വന്നാല്‍ മാഷ് മെല്ലേ പിന്നോട്ട് വലിയും. എല്ലാ കാര്യങ്ങളും അവളോട് ചോദിച്ചിട്ട് ചെയ്താ മതിയെന്ന് പറയും. ഒരുപക്ഷെ മാഷിന് അവളെ അഭിമുഖീകരിക്കാനുള്ള വിഷമമായിരിക്കും. എല്ലാം സംശയം മാത്രമാണ്. സുമി പറഞ്ഞതുകേട്ടതുവെച്ച് അവള്‍ക്കുതന്നെ വലിയ ഉറപ്പില്ലായെന്നതുപോലെ തോന്നും. പക്ഷെ മുതിര്‍ന്നപ്പോള്‍ അവളെല്ലാം മനസ്സിലാക്കിയത്രെ! അവള്‍ പഠിച്ചതും മനുഷ്യന്റെ മനോലോകങ്ങളെക്കുറിച്ചായിരുന്നൂല്ലോ. ഓരോരുത്തരും എങ്ങിനെ ചിന്തിക്കുമെന്നൊക്കെ അവള്‍ക്ക് മനസ്സിലാകുന്നുണ്ടാകും. എന്റെ മനസ്സും വായിക്കുന്നുണ്ടാവ്വോ! ജാള്യതയൊരു തണുപ്പായി തലയിലേക്കു പടരുന്നു.

അയാള്‍ക്ക് പോവാന്‍ വീടില്ലെന്നല്ലേ പറഞ്ഞത്! എന്റെ മനസ്സിലൊരു ലഡു പൊട്ടി. അതെ. അയാള്‍ക്ക് വീടില്ല. സുമി വിചാരിച്ചാലയാള്‍ക്കുകൂടെ വീടുവെച്ചുകൊടുക്കാന്‍ പറ്റ്വായിരിക്കില്ലേ?
അയാള്‍ ക്യാമ്പിലേക്ക് വന്നതെനിക്കോര്‍മ്മയുണ്ട്. കരുവന്നൂര്‍പ്പുഴയുടെ ബണ്ടുപൊട്ടി, നാടിനെ മുഴുവന്‍ പ്രളയം വിഴുങ്ങിയതിന്റെയും രണ്ടു ദിവസം കഴിഞ്ഞ് ഒരു നട്ടുച്ചയ്ക്കാണയാളെ ദേശീയ ദുരന്ത നിവാരണ സേന ക്യാമ്പിലെത്തിച്ചത്. കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.

രണ്ട് ദിവസായി കടേടെ മോളില് ഒറ്റപ്പെട്ട് കെടക്ക്വാ. നാട് മുഴുവന്‍ വെള്ളത്തില് മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഇവന്‍ മറ്റേ വെള്ളം മോന്തിക്കൊണ്ടിരിക്ക്വാരുന്നു. കണ്ടാലും, കൊണ്ടാലും പഠിക്കാത്ത വര്‍ഗ്ഗം. ചത്തുപോവണ്ടാന്നു വിചാരിച്ചിട്ട് കൊണ്ടുവന്നതാ.
സേനാംഗങ്ങളോടൊപ്പം അയാളെ ക്യാമ്പില്‍ക്കൊണ്ടുവന്നാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തകന്‍ പറഞ്ഞു. മദ്യത്തിന്റെ രൂക്ഷഗന്ധം കാരണം അടുത്തുപോലും നില്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മുഷിഞ്ഞ് മങ്ങിയ കുപ്പായത്തിലെ വിയര്‍പ്പിനും മദ്യത്തിന്റെ ഗന്ധം. ധരിക്കാനുള്ള പുതിയ വസ്ത്രങ്ങളും, കിടക്കാനുള്ള പായയും കൊടുത്ത് താമസമുറിയില്‍ കൊണ്ടുചെന്നാക്കി ഭക്ഷണം കൊടുത്തപ്പോള്‍ കഴിക്കാന്‍ തയ്യാറായില്ല. രക്ഷിച്ചു കൊണ്ടുവന്നതിലുള്ള പ്രതിഷേധമായിരുന്നു. മരിക്കണമായിരുന്നൂത്രേ!

സുമിതന്നെ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ആ മനുഷ്യനെ സൂക്ഷിക്കണം. അയാളുടെയുള്ളില്‍ ഒരഗ്നിപര്‍വ്വതം പുകയുന്നുണ്ട്.
അതേ സുമിയാണിപ്പോള്‍ അയാള്‍ക്കുവേണ്ടെങ്കില്‍ വേണ്ട. വേണ്ടോര്‍ക്ക് കൊടുക്കാലോയെന്നു പറഞ്ഞ് സാധനങ്ങളുമെടുത്ത് നടക്കുന്നത്.
എന്തിനാ വിഷമിച്ചു നില്‍ക്കുന്നേ? അയാള് ഒന്നും വാങ്ങാതെ പോയതിലാ? ഞാന്‍ പറഞ്ഞില്ലേ, അങ്ങേരൊരു സാധാരണ മനുഷ്യനൊന്ന്വല്ല. നല്ല പൊകച്ചിലുണ്ടുള്ളില്. ഇതുപോലെത്തരെയാളുകളെ ഞാങ്കണ്ടതാ. രണ്ടു ദെവസൂടി കഴീട്ടെ. മ്മക്കന്വേഷിക്കാം.

ഓ. സമാധാനം. അയാളുടെ കാര്യം സുമിയുടെ മനസ്സിലുണ്ട്. അല്ലേലും, അങ്ങിനെ പെട്ടെന്നൊന്നും ഒരാളെ ഒരു കാരണവുമില്ലാതെ തള്ളിക്കളയുന്നവളല്ലവള്‍. അവളുമൊരു അഗ്നിപര്‍വ്വതം പേറി നടക്കുവാണല്ലോ.
ക്യാമ്പും കഴിഞ്ഞു, ശുചീകരണവും കഴിഞ്ഞു ഞാന്‍ സ്വന്തം കാര്യം നോക്കി നടക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ഇന്നാണ് സുമി വീണ്ടും കയറിവന്നത്.
ഞാനന്വേഷിച്ചൂട്ടോ. വിശദായിട്ടന്നെ. അയ്യാളെ കാണ്‍മാനില്ലയെന്നതാണ് പ്രധാന വിവരം. അതുതന്ന്യാ പ്രതീക്ഷിച്ചതും. പറ്റ്വെങ്കില്‍ ഒര് ഷര്‍ട്ടെടുത്തിട്ട് എന്റെ കൂടെ വാ. മ്മക്കൊരാളെ കാണാന്ണ്ട്.
ഈ സര്‍ക്കാര് മലരന്മാര് ഭയങ്കര പറ്റിപ്പാ. എത്ര തൊകയാ ദുരിതാശ്വാസ ഫണ്ടെന്നും പറഞ്ഞ് പിരിച്ചെടുത്തത്! പ്രളയത്തില് മുങ്ങിക്കെടന്ന ജീവനക്കാരെ മുഴ്വോനും പിഴിഞ്ഞെടുത്തു. ഭീഷണിപ്പെടുത്തീം, ഏഷണി പറഞ്ഞൂം, രാഷ്ട്രീയം കളിച്ചൂം ഒക്കെ. ന്നിട്ടിപ്പം ആര്‍ക്കും ഒന്നും കൊടുക്കുന്നില്ലാന്നാ കേട്ടെ. പതിനായിരം രൂപാ കൊടുക്കുന്നൂത്രെ. കെടപ്പാടം മുങ്ങി പണ്ടാറടങ്ങിപ്പോയോന് പതിനായിരം ഉലുവകൊണ്ട് എന്തുണ്ടാക്കാനാ? അപേക്ഷ കൊടുക്കണത്രെ! പാവങ്ങളെ പറ്റിച്ച് തിന്ന് വീര്‍ക്കുന്നോരാ ഓരോ സര്‍ക്കാരും. പറഞ്ഞിട്ട് കാര്യല്ല. മ്മടെ നാടിന്റെ അവസ്ഥ അങ്ങിന്യായിപ്പോയി.
സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് അവള്‍ എന്തൊക്കെയോ അമര്‍ഷത്തോടെ പറഞ്ഞുകൊണ്ടിരുന്നു. അവളെപ്പോഴും ഇങ്ങിനെയാണ്. കാറിലാണേലും, സ്‌കൂട്ടറിലാണേലും യാത്ര തുടങ്ങിയാല്‍ സംസാരം നിര്‍ത്തില്ല. എനിക്കാണെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ പിന്നൊന്നും പറയാന്‍ തോന്നില്ല. ഇരുചക്രമാണെങ്കില്‍ പ്രത്യേകിച്ചും. പണ്ട് അശ്രദ്ധകൊണ്ടുണ്ടായൊരു വീഴ്ച പഠിപ്പിച്ചതാണ്. വര്‍ത്തമാനം പറയാതെ, ഓടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കും. മുന്നില്‍ പോകുന്ന വാഹനങ്ങളിലും റോഡിലെ ഗട്ടറിലും ഹമ്പിലും സീബ്രാ വരകളിലും ഇടയ്ക്കിടെ മുന്നില്‍ വന്നു ചാടുന്ന കാല്‍നടയാത്രക്കാരിലുമൊക്കെ കണ്ണുകള്‍ ആഴ്ന്നുചെല്ലുമെങ്കിലും അപ്പോഴും മനസ്സിലൊരു പാട്ട് കേറിവരും. പലപ്പോഴും പഴയ ഏതെങ്കിലും പാട്ടായിരിക്കുമത്. ഇപ്പോള്‍ കയറിവന്നത് മുല്ലപ്പൂമ്പല്ലിലോ മുക്കുറ്റി കവിളിലോ എന്ന പാട്ടാണ്. സുമിയുടെ പല്ലുകള്‍ കാണാന്‍ പണ്ടേ നല്ല ഭംഗിയാണ്. തുടുത്ത, ഇളം മഞ്ഞനിറമുള്ള കവിളുകളും. ചെറുപ്പത്തിലവളെയെന്റെയാരാധനാപാത്രമാക്കി മാറ്റിയത് മുല്ലപ്പൂമ്പല്ലുകളും, മുക്കുറ്റിക്കവിളുകളുമാണെന്ന് സംശയമില്ല. അന്നിവളെ ഒന്ന് കാണാനും, മിണ്ടാനും കൊതിച്ച് എത്രനാള്‍ പിന്നാലെ നടന്നിട്ടുണ്ടാവും!

നാലാം ക്ലാസ്സുവരെ അരയങ്ങാടി സ്‌കൂളില്‍ ഒരുമിച്ചുണ്ടായിരുന്ന കാലത്തുള്ള മോഹമാണ്. അവളുടച്ഛനോടൊപ്പം കൈപിടിച്ച് പലപ്പോഴും വീട്ടിലേക്കു വന്നുകേറുമ്പോള്‍ നെഞ്ച് പെരുമ്പറകൊട്ടും. എപ്പോഴും അച്ഛന്റെകൂടെമാത്രം ഒട്ടിപ്പിടിച്ചിരിക്കാറുള്ളയവള്‍ എന്റെയോരോ ചലനങ്ങളും നിരീക്ഷിച്ചിരിക്കുന്നത് കാണാറുണ്ട്. ധൈര്യം സംഭരിച്ച് ഒരിക്കല്‍ കളിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യമൊന്നു മടിച്ചെങ്കിലും, പിന്നെ അച്ഛന്റെ സമ്മതത്തോടെ തൊടിയിലേക്കു വന്നതും, ഞാന്‍ പെറുക്കിക്കൂട്ടി സൂക്ഷിച്ചുവെച്ചിരുന്ന മഞ്ചാടിപ്പാത്രം അപ്പാടെയവള്‍ക്കുകൊടുത്തതും, അവളുടെ മുഖം നാണത്താല്‍ ചുവന്നതുമൊക്കെ വല്ലാതൊരടുപ്പമുണ്ടാക്കിയതില്‍പ്പിന്നെയാണ് അവള്‍ കരുണാകരന്‍മാഷുടെ മടിയില്‍ കയറിയിരുന്നതിന്റെ തലേന്ന്, വീട്ടിനകത്തുവെച്ച്, ആരുമില്ലാതടുത്തുകിട്ടിയപ്പോള്‍ ഒരു മുത്തം കൊടുക്കാന്‍ പറ്റിയത്. അവള്‍ തരിച്ചുനിന്നുപോയി. അരുതാത്തെതെന്തോ ചെയ്തുവെന്ന ഭാവമായിരുന്നു മുഖത്ത്. അച്ഛന്റെകൂടെയന്ന് വീട്ടില്‍നിന്നുമിറങ്ങിപ്പോകുമ്പോല്‍ പതിവുപോലെ ചിരിച്ചു കൈവീശിയില്ല. സ്‌കൂള്‍ മാറിപ്പോയതില്‍പ്പിന്നെ കാണാന്‍ കഴിഞ്ഞുമില്ല. പിന്നെക്കാണുന്നത് മുതിര്‍ന്നതിനു ശേഷം കോളേജിലൊക്കെ പോയിത്തുടങ്ങിയതില്‍പ്പിന്നെയാണ്. അന്നൊക്കെ വലിയ പത്രാസായിരുന്നു. കവിത, കഥ ന്നൊക്കെ പറഞ്ഞ് വലിയ ജാഡക്കാരിയായി നടക്കും. ഇതൊന്നും ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഞാന്‍ അപകര്‍ഷതയോടെയാണവളെ നോക്കിയിരുന്നതും.

കല്ല്യാണാലോചിക്കാന്‍ വീട്ടിലേക്കു വരട്ടേയെന്ന് ഒരിക്കല്‍ ധൈര്യം സംഭരിച്ച് ചോദിച്ചപ്പോള്‍ ചുണ്ടുകോട്ടിയൊരു ചിരിയായിരുന്നു ഉത്തരം. ചിരിയില്‍ മുഴച്ചുനിന്നത് കളിയാക്കലായിരുന്നുവെന്ന് വ്യക്തം. നീയൊക്കെ അതിനുമാത്രമായോ ചെക്കാ – എന്ന ധ്വനി.
സീബ്ര വരയിലൂടെ ഒരു ചെറിയ പെണ്‍കുട്ടി പേടിയോടെ നടക്കാന്‍ മടിച്ചുനില്‍ക്കുന്നു. സ്‌കൂട്ടര്‍ നിര്‍ത്തിക്കൊടുത്തു. പിന്നില്‍നിന്നും ഒരു ബസ്സ് ഹോണടിച്ച് ബഹളമുണ്ടാക്കുന്നു. സുമിയിപ്പോള്‍ ഒന്നും മിണ്ടാതെ സ്വന്തം ലോകത്ത് ലയിച്ചിരിക്കുകയാണ്. എന്റെ ഷര്‍ട്ടില്‍ മുറുക്കെ പിടിച്ചിട്ടുണ്ട്. വീണ്ടും കണ്ടുമുട്ടിയതില്‍പ്പിന്നെ വളരെ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. കല്ല്യാണമൊക്കെ കഴിഞ്ഞ് അവള്‍ കുറേക്കാലം പുറത്തായിരുന്നു. ഭര്‍ത്താവിന് ഗള്‍ഫിലായിരുന്നു ജോലി. ഇപ്പോള്‍ നാട്ടില്‍ത്തന്നെയെന്തോ ബിസിനസ്സാണെന്നു കേട്ടു. അതേപ്പറ്റി ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറുന്നതായി തോന്നിയതിനാല്‍ കൂടുതലന്വേഷിക്കാന്‍ തോന്നിയിട്ടില്ല.

പഴയ കൂട്ടുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സുമിയുടെ മുഖം കണ്ടപ്പോള്‍ ഒന്ന് മെസേജയച്ചാലോയെന്നാലോചിച്ച് വേണ്ടെന്നുവെച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവളുടെ സന്ദേശം വരുന്നത്. പിന്നെ തുടരെത്തുടരെ സുപ്രഭാതം, ശുഭരാത്രി ആലേഖനം ചെയ്ത ചിത്രങ്ങളുടെ കൈമാറ്റം. ഇടയ്ക്കിടെ ചെറിയ കവിതകള്‍. പലതുമെനിക്ക് മനസ്സിലാകാത്തതാണെങ്കിലും നന്നായിട്ടുണ്ടെന്ന മട്ടില്‍ തള്ളവിരലുയര്‍ത്തിക്കാണിക്കുന്ന സ്‌മൈലി ചിഹ്നമിടും. അവള്‍ക്ക് സന്തോഷമാകട്ടെയെന്നു കരുതി മാത്രം. പിന്നൊരു ദിവസം ബസ് സ്റ്റാന്റില്‍ വെച്ചു കണ്ടപ്പോള്‍ ഒരുപാടു നാളായി കാണാതിരുന്ന സുഹൃത്തുക്കള്‍ കണ്ടുമുട്ടിയതുപോലായിരുന്നു. ആഹ്ലാദത്തോടെയുള്ള കൈപിടുത്തവും, സംസാരവും വീര്‍പ്പുമുട്ടിച്ചു. അവള്‍ നാട്ടിലുണ്ടെന്നു മനസ്സിലാകുന്നത് അപ്പോള്‍ മാത്രമായിരുന്നു.
നീയ്യെന്താ ആലോചിക്കണെ? എന്നെക്കുറിച്ചാ?

അവള്‍ എന്റെ ചിന്തകളെ പിടിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു.
നിര്‍ത്ത്.. നിര്‍ത്ത്.. ഇവിടെത്തന്നെ. ആ കാണ്ന്ന കടേലെ ആളെയാണ് നമുക്ക് കാണേണ്ടത്. വാ..
കടയുടമസ്ഥന്‍ നിരത്തിവെച്ച ജീരകസോഡക്കുപ്പികളില്‍ നിന്നും രണ്ടെണ്ണം തുറന്ന് ഞങ്ങളുടെ മുന്നില്‍ വെച്ചു.
ഇരിക്ക്.

കസേര നീക്കിയിട്ടുതന്നു.

സുമിക്ക് അയാളെ നേരത്തെയറിയാന്നു തോന്നുന്നു. ഇവളെങ്ങിനെയാണ് ഇത്രയധികം ബന്ധങ്ങളുണ്ടാക്കുന്നത്! ചോദ്യങ്ങള്‍ ചോദിച്ചതും, വിവരങ്ങളന്വേഷിച്ചതും അവള്‍തന്നെയായിരുന്നു. എനിക്ക് ചോദിക്കാന്‍ തോന്നിയവകൂടെ അവള്‍ ചോദിച്ചതിനാല്‍ മിണ്ടാതിരുന്നതേയുള്ളൂ.
തിരിച്ചു പോരുമ്പോള്‍ മൗനിയായിരുന്ന അവളെക്കൊണ്ട് എന്തെങ്കിലും പറയിക്കണമെന്ന് കരുതി ചോദിച്ചതിനൊക്കെ ഒരു മൂളലിലോ, ഒറ്റ വാക്കിലോ ഉത്തരമൊതുക്കി. അവളുടെ വീട്ടിലേക്കുള്ള വഴി തിരിയുന്നയിടത്ത് സ്‌കൂട്ടര്‍ നിര്‍ത്താന്‍ പറഞ്ഞ് ഒന്നു മൂരിനിവര്‍ന്നു. ഏറെനേരം ഇരുചക്ര വാഹനത്തിലിരുന്ന് മുഷിഞ്ഞതുപോലെ. ജീന്‍സിന്റെ വലത്തേ പോക്കറ്റില്‍ നിന്നും സിഗരറ്റ് പാക്കറ്റെടുത്ത് ലൈറ്ററിനായവള്‍ ഇടത്തേപ്പോക്കറ്റില്‍ തപ്പി.

എനിക്കന്നേ തോന്നിയിരുന്നു. ഇതുപോലെന്തോ കാര്യായിരിക്കൂന്ന്. എന്റെ മുമ്പില് വന്നുപെടുന്നോരൊക്കെ ഇങ്ങിനത്തെയെന്തെങ്കിലുമായിരിക്കുന്നതെന്താടോ!
ആ ചോദ്യത്തിലെന്തൊക്കെയോ അടങ്ങിയിട്ടുണ്ട്.
അയാള്‍ എങ്ങോട്ടാ പോയതെന്ന് യാതൊരു രൂപവും ഇല്ലല്ലേ? എന്തെങ്കിലും കടുംകൈ കാണിച്ചിട്ടുണ്ടാവ്വോ?
എന്റെ ചോദ്യത്തിന് ഒരു സിഗരറ്റ് കൊളുത്തി അവള്‍ നിഷേധിച്ചു. വല്ലാതെ അസ്വസ്ഥയാകുമ്പോഴേ അവള്‍ പുകയൂതിവിടുന്നത് കാണാറുള്ളൂ. ജീന്‍സിന്റെ പോക്കറ്റിലെപ്പോഴും സിഗരറ്റും ലൈറ്ററുമുണ്ടാകും. ഊതിവിടുന്ന പുക തനിക്കുതന്നെ അസഹ്യമാണെന്നവിധം കൈകൊണ്ട് തട്ടിമാറ്റി അവള്‍ പറഞ്ഞു.
അങ്ങിനെ മരിക്കാനൊന്നൂള്ള ധൈര്യൊന്നും അങ്ങേര്‍ക്കുണ്ടാവില്ല. എങ്ങിനെങ്കിലും തീര്‍ന്നുകിട്ടണംന്ന് തോന്നീട്ടുംണ്ടാവും. അത്രയധികം അനുഭവിച്ചിട്ടുണ്ടാവൂല്ലോ. പോലീസുകാര് നന്നായുപദ്രവിച്ചിട്ടൂണ്ടാവും. ഇങ്ങിനുള്ളോരെ നെലം തൊടീക്കില്ലെന്നാ പറഞ്ഞുകേള്‍ക്കുന്നത്. പിന്നെ നാട്ടുകാരുടെയും, കുടുംബക്കാരുടെയും മുന്നില്‍ നില്‍ക്കാന്‍ പറ്റാത്തയവസ്ഥ. നികൃഷ്ടജീവിയപ്പെലെയല്ലേ ആളുകള് നോക്ക്വാ? അവരാരും, ആരോടും അങ്ങിനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ലെന്ന മാതിരി. അവനവന്‍ മനസ്സില് പലവട്ടം ചെയ്ത തെറ്റ് മറ്റുള്ളോര് ചെയ്ത് കാണുമ്പോള്ള അസൂയേണ്ടല്ലോ. അതാണ് സദാചാര വെഷയങ്ങളില് പലതിലും ആള്വളുടെ പ്രതികരണം. തനിക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്തവനോടുള്ള അമര്‍ഷം. ആള്‍ക്കൂട്ട കൊലപാതകങ്ങള് പോലും അങ്ങിന്യുണ്ടാവുന്നതാ. എല്ലാ മനുഷ്യന്‍മാരും ഭയങ്കരം അഭിനയക്കാരാട്ടോ. സമ്മതിക്കണം. ഉള്ളിലമറുന്ന മൃഗത്തെയൊളിപ്പിക്കാന്‍ അവര് പെട്ന്ന പെടാപ്പാട് കാണുമ്പോ ചിരിവെരും. ഇവന്‍മാരൊക്കെ വല്ല സിനിമേലും അഭിനയിച്ചിര്‌ന്നേല്‍ അവാര്‍ഡിന്റെ മഴയായിര്‌ന്നേനെ. എന്നാലോ? ഭീരുത്വം ഒളിച്ചുവെക്കാനൊട്ട് പറ്റൂം ഇല്ല. ഇയാളും ഭീരു തന്ന്യാ. എല്ലാ മനുഷ്യന്‍മാരെയും പോലെ മരിക്കാന്‍ പേടിയുള്ളവന്‍. പ്രളയം ഒഴുക്കിക്കൊണ്ടുപോയ്‌ക്കോളുംന്നൊരു അവസാനത്തെ ആശ്രയത്തെപോലും അഭിമുഖീകരിക്കാന്‍ മദ്യത്തിന്റെ പിന്തുണയയാള്‍ തേടിയിരുന്നതതുകൊണ്ടാണ്.
സിഗരറ്റ് പുക തൊണ്ടയില്‍ തടഞ്ഞപ്പോളവള്‍ ചിരിച്ചു. ചിരി ചുമയായി മാറി. പിന്നെ നിര്‍ത്താതെ ചുമ. ചുമച്ചു കൊടലു പൊറത്തു ചാടുംന്നായപ്പോളിരുന്നു.
എന്നാടാ നോക്കി നിക്കന്നെ? ഒന്ന് തടവിത്താടാ.
കുന്തിച്ചിരിക്കുന്നയവളുടെ പുറത്ത് സ്വാതന്ത്ര്യത്തോടെ തടവിക്കൊടുത്തപ്പോളുള്ളിലെവിടെയോ ഒരു പെടച്ചില്‍. നേരിയ വെളുത്ത നൈലോണ്‍ മോലുടുപ്പാണവളിട്ടിരിക്കുന്നത്. തടവുമ്പോള്‍ ബ്രേസിയറിന്റെ ഹൂക്കില്‍ കൈതടഞ്ഞപ്പോഴൊക്കെ ചുമച്ചുകൊണ്ടവള്‍ തിരിഞ്ഞുനോക്കി.
ന്താടാ?

ഞാന്‍ പരുങ്ങി.
അമര്‍ത്തിത്തടവടാ. പെണ്ണ്ങ്ങളെ തൊട്ടിട്ടില്ലേ നീയ്യ്?
എന്റെ പരിശ്രമത്തിലെയായാസം കണ്ടിട്ടാവുമവള്‍ മതിയെന്ന് ആംഗ്യം കാണിച്ച് എഴുന്നേറ്റു. ആശ്വാസമുണ്ടെന്നു തോന്നുന്നു. എവിടുന്നോ പറന്നുവന്ന ശലഭത്തില്‍ കണ്ണുനട്ടിരിക്കുകയാണവള്‍.
ദാ. ഇതിവിടേം വന്നോ? വെറ്‌തേല്ല. നിമിത്തങ്ങളിലൊക്കെ എനിക്ക് നല്ല വിശ്വാസാ. പണ്ട് കരുണാരന്‍മാഷ് പറയ്യ്വാരുന്നു അങ്ങേരൊര് ശലഭാണെന്ന്. ഞാന്‍ പൂവ്വും. പൂവിലെ തേന്‍ കുടിക്കലല്ലേ ശലഭത്തിന്റെ പണി. പരാഗണോം, സേവനോക്കെ ബൈപ്രൊഡക്ടല്ലേ.

അവളുടെ ചുണ്ടില്‍ പരിഹാസച്ചിരി.

അന്നയ്യാള് പ്രളയാനുഭവം പങ്കുവെച്ചതോര്‍മ്മയില്ലേ? വെള്ളം കൂടിക്കൂടി വരുമ്പോള്‍ ഉള്ളില്‍ സന്തോഷം നിറയുകയായിരുന്നൂന്ന്! മറ്റുള്ളോര് എങ്ങിനെ പ്രതികരിക്കൂന്ന് പേടിച്ചിട്ടായിരിക്കുമാള് പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞത്. ഇത്തരക്കാര്‍ പൊതുവെ പേടിത്തൊണ്ടന്‍മാരാരിക്കും. ചുറ്റുമുള്ളവരുടെ പ്രതികരണത്ത്യായിരിക്കും ഇവരേറ്റവും പേടിക്കുന്നത്.

അന്ന്, ക്യാമ്പില്‍ അന്തേവാസികള്‍ക്കായി കൗണ്‍സിലിംഗ് ക്ലാസ് ഏര്‍പ്പെടുത്തിയിരുന്ന ദിവസം പ്രളയാനുഭവങ്ങള്‍ പങ്കുവെക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കിയിരുന്നതോര്‍മ്മവന്നു. ആരോടും മിണ്ടാതെ പുറകിലത്തെ നിരയില്‍ കസേരയില്‍ കുന്തിച്ചിരിക്കുകയായിരുന്നു അയാള്‍. കൗണ്‍സിലിംഗിനായി വന്ന ഡോക്ടര്‍ അനുഭവം പങ്കുവെക്കാനായി ഓരോരുത്തരെയും വിളിച്ചപ്പോള്‍ പലരും വിമുഖതകാട്ടിക്കൊണ്ടിരുന്നപ്പോഴാണ് പൊടുന്നനെ എഴുന്നേറ്റുനിന്ന് കൈയുയര്‍ത്തി ഞാന്‍ പറയാമെന്നയാള്‍ മുന്നോട്ടുവന്നത്. ആവേശത്തോടെ പറഞ്ഞുതുടങ്ങിയെങ്കിലും സദസ്സിലെ നിശബ്ദതകണ്ട് ഭയന്നെന്നതുപോലെ വേഗംതന്നെ വേദിയില്‍നിന്നും ഇറങ്ങിപ്പോകുകേം ചെയ്തു.

സ്വന്തം നാട്ടിലേക്കയാള്‍ പോകാന്‍ സാധ്യതയില്ല. ഹാ.. എവിടെയെങ്കിലും പോയി തൊലയട്ടെ. നമ്മള്‍ക്കെന്ത് ചേതം?
സുമി ഒരുതവണകൂടെ സിഗരറ്റ് ആഞ്ഞുവലിച്ച് ബാക്കി ഊതിക്കെടുത്തി വലിച്ചെറിഞ്ഞു.
അന്നേ എനിക്കു തോന്നിയിരുന്നു. രണ്ടുപേരുടെയും കണ്ണുകളില്‍ ഒരേ പകപ്പ്. കരുണാരന്‍ മാഷും, ഇയ്യാളും തമ്മിലുള്ള വ്യത്യാസം ഒരാള് ജയിലില്‍ കിടന്നിട്ടില്ല, ഒരാള് കെടന്നിട്ടുണ്ട് ന്നു മാത്രാ.
എന്റെ നട്ടെല്ലില്‍നിന്നുമൊരു മിന്നല്‍ തലയിലേക്കു കയറിപ്പോയി. സുമി തലകുടഞ്ഞ് ഒരു സിഗരറ്റ് കൂടെ കത്തിച്ച് കുത്തിക്കെടുത്തി, പറഞ്ഞു.

നീയ്യ് വണ്ട്യെട്ക്ക്. നിന്റെ വീട്ടിലേക്കു പൂവ്വാം. അവിടിപ്പോ ആരൂല്ലാലോ. കൊറച്ചേരം മ്മക്ക് മിണ്ടീം പറഞ്ഞൂം ഇരിക്കാം. നീയ്യാവുമ്പോ എനിക്ക് പേടിക്കാണ്ട് അട്ത്തിരിക്കാലോ.
അവളുടെ ചുണ്ടില്‍ അര്‍ത്ഥം പിടിതരാത്തൊരു പുഞ്ചിരി ശലഭത്തെപ്പോലെ പറ്റിക്കിടന്നു.

Share3TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മലയാള വായനയിലെ വഴിമുടക്കികള്‍

സ്വയംകൃതാനര്‍ത്ഥമീയവസ്ഥ

അമേരിക്കയെ നടുക്കുന്ന കൂട്ടക്കുരുതികള്‍

പി.ടി.ഉഷയെ അസഹിഷ്ണതയോടെ കാണുന്നവര്‍

പുഷ്പകവിമാനം

യാഥാര്‍ഥ്യത്തെ തസ്മകരിക്കാനായി ചരിത്രത്തെ വികൃതമാക്കുന്നു

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies