കൊല്ലം: സംസ്ഥാനത്ത് ഇപ്പോഴത്തെ ഇടത് സര്‍ക്കാരിന്റെ കാലത്ത് അദ്ധ്യാപകര്‍ക്കെതിരെ എടുത്തിട്ടുള്ള പോക്സോ കേസുകള്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ദേശീയ അദ്ധ്യാപകപരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പകപോക്കലിന് പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതായി മുമ്പ് പല തവണ ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമുള്ളതായി തെളിയിക്കുന്നതാണ് കണ്ണൂര്‍ പാലത്തായി കേസിന്റെ പുതിയ വഴിത്തിരിവ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ കെട്ടിച്ചമച്ചതാണ് അദ്ധ്യാപകനായ പദ്മരാജനെതിരെയുള്ള കേസെന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു. ഇടത്- ജിഹാദി കൂട്ടുകെട്ടിന്റെ താല്പര്യപ്രകാരം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പദ്മരാജന് മാസ്റ്റര്‍ക്കെതിരെ പോക്സോ നിയമം ചുമത്താവുന്ന ഒരു തെളിവും കണ്ടെത്താനായില്ല. എന്നിട്ടും അദ്ദേഹത്തെ മൂന്ന് മാസക്കാലം ജയിലിലിട്ടതെന്തിനാണെന്ന ചോദ്യം അവശേഷിക്കുന്നു. കോഴിക്കോടും ആലപ്പുഴയുമടക്കം ഭരണകക്ഷിക്ക് അനഭിമതരായ അദ്ധ്യാപകര്‍ പോക്സോ കേസ് നേരിടുന്നുണ്ട്. പാലത്തായി കേസിന്റെ വെളിച്ചത്തില്‍ സമാനമായ മറ്റ് കേസുകളും സംശയത്തിന്റെ നിഴലിലായതിനാലാണ് കേന്ദ്ര ഏജന്‍സികളുടെ നിഷ്പക്ഷ അന്വേഷണമാവശ്യപ്പെടുന്നതെന്ന് പി.എസ്.ഗോപകുമാര്‍ പ്രസ്താവിച്ചു.