രാവുണ്ണി നായരുടെ മകന്‍ ഗോവിന്ദനെ കുറിച്ച് നാട്ടിലാര്‍ക്കും അത്ര നല്ല അഭിപ്രായല്ല. ചോയിച്ചീടെ വീട്ടിലാണ് ഗോവിന്ദന്‍ നായരുടെ സ്ഥിരതാമസം എന്ന് നാട്ടുകാര്‍ പകുതി കാര്യമായിട്ടും പകുതി കളിയായിട്ടും പറയാറുണ്ട്. ചോയിച്ചിടെ വീട്ടില്‍ ചാരായം വാറ്റുണ്ട്. ചോയിയെ ചാരായം വാറ്റിയതിന് പിടിച്ചതാണ്. ഇപ്പോള്‍ ജയിലിലാണ്. ചോയി പോയപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മൂന്ന് കുട്ടികളെ തീറ്റിപ്പോറ്റാന്‍ മറ്റൊരു വഴിയും ഭാര്യ കണ്ടില്ല. ഭര്‍ത്താവ് ചെയ്ത പണി തന്നെ അവരും തുടര്‍ന്നു. ആ സ്ത്രീയെ എല്ലാവരും ചോയിച്ചി എന്നാണ് വിളിച്ചത്. ചോയിയുടെ ഭാര്യ എന്ന അര്‍ത്ഥത്തിലാവാം. അവരുടെ യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല. എന്നാല്‍ ചോയിച്ചി എന്ന് പറഞ്ഞാല്‍ അറിയാത്തവരാരും നാട്ടിലുണ്ടാവുകയുമില്ല – മുത്താഴിയം കോട്ടില്ലത്തെ കാര്യസ്ഥന്‍ എന്ന നിലയില്‍ നാട്ടില്‍ നിലയും വിലയുമുള്ള കുടുംബമാണ് രാവുണ്ണി നായരുടേത്. എന്നാല്‍ മകന്‍ ഗോവിന്ദന്‍ അത് മുഴുവന്‍ കുളം തോണ്ടിയിട്ടേ അടങ്ങു എന്ന മട്ടിലാണ്. പാടത്ത് പണിയെടുക്കുന്ന പെണ്ണുങ്ങള്‍ക്കും പുഴയിലും അമ്പല കുളത്തിലും കുളിക്കുവാന്‍ പോകുന്ന പെണ്ണുങ്ങള്‍ക്കും എന്നും ഗോവിന്ദന്‍ നായരെ കുറിച്ച് പരാതിയാണ്. ആരോട് പറയാന്‍. രാവുണ്ണിനായരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അദ്ദേഹം മകനോട് നേരിട്ടൊന്നും പറയാറുമില്ല. നാട്ടില്‍ കേള്‍ക്കുന്ന പരാതികളൊക്കെ ഭാര്യയോട് പറയും. ‘എന്റെ വിധി മുടിയന്‍ നേരത്ത് മുച്ചീര്‍പ്പന്‍ കൊലച്ചു എന്ന് പറഞ്ഞാല്‍ മതീല്ലോ. അതങ്ങനെ വരു.’ അവസാനം ഇത്ര കൂടി പറഞ്ഞതിന് ശേഷമേ രാവുണ്ണി നായര് നിറുത്താറുള്ളു. ‘ന്നാല്‍ ഇനി കഞ്ഞി കുടിയ്ക്കല്ലേ..’ പാപ്പി ക്കുട്ടിയമ്മ എല്ലാം കേട്ട് അല്പനേരത്തെ മൗനത്തിന് ശേഷം ചോദിക്കും. കിഴക്കേ കോലായില്‍ വച്ചിരിക്കുന്ന കിണ്ടിയില്‍ നിന്ന് കുറച്ച് വെള്ളമെടുത്ത് കൈയും മുഖവും കഴുകി ഒരു കവിള്‍ വെള്ളം വായിലാക്കി, വലിയശബ്ദത്തോടെ നീട്ടിത്തുപ്പി, തോളില്‍ കിടക്കുന്ന തോര്‍ത്ത് ഒന്നു കുടഞ്ഞ് സര്‍വ്വ ദേഷ്യവും തീര്‍ത്ത് തോളില്‍ തന്നെയിട്ട്, രാവുണ്ണി നായര്‍ കഞ്ഞി കുടിക്കാന്‍ പോകും. അതിലപ്പുറം ഗോവിന്ദനെ എന്തു ചെയ്യണമെന്ന് രാവുണ്ണി നായര്‍ക്ക് അറിയില്ലായിരുന്നു. വിവാഹത്തിന് ശേഷം ഏറെക്കാലം കഴിഞ്ഞ് കാത്തിരുന്ന് കാത്തിരുന്ന്, കണ്ടിടത്തും കേട്ടിടത്തും വഴിപാടുകള്‍ അനവധി ചെയ്തതിന് ശേഷം ഉണ്ടായതാണ് ഗോവിന്ദന്‍ – ഒന്നേയുള്ളു താനും. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറയുന്നത് നേരായിരിക്കണം. മുടിയാന്‍ നേരമായിട്ടുണ്ടാവും. അതാണ് മുച്ചീര്‍പ്പന്‍ കുലച്ചത്. പലരെകൊണ്ടും ഉപദേശിപ്പിച്ചു നോക്കി – ഒരു കാര്യവുമുണ്ടായില്ല. ‘പിന്നിം നായയുടെ വാല് വളഞ്ഞിട്ടു തന്നെ..’
ഗോവിന്ദനും ഖാദറും ഹംസകുട്ടിയും കൂട്ടുകാരായിരുന്നു. ഖാദറ് പള്ളിയിലെ മുക്രിയുടേയും ഹംസകുട്ടി നാട്ടിലെ പ്രശസ്ത മുസ്ലിം കുടുംബത്തിലേയും അംഗങ്ങളാണ്. പറഞ്ഞിട്ടെന്താ വീട്ടില്‍ നിന്ന് പത്ത് പൈസ അവര്‍ക്ക് കിട്ടില്ല. ഉപ്പ കാണാതെ ഹംസകുട്ടി സ്വന്തം പറമ്പിലെ തേങ്ങാക്കുല മോഷ്ടിക്കും. ആ പണമാണ് ചോയിച്ചിയുടെ ചാരായത്തിന് ഏക വഴി. ഖാദറ് ഉപ്പാന്റെ അരപ്പട്ടയില്‍ നിന്നും ഗോവിന്ദന്‍ അമ്മയുടെ കാല്‍പ്പെട്ടിയില്‍ നിന്നും കാശെടുക്കാറുണ്ട്. ഒരിക്കല്‍ ഇല്ലത്തെ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങ മോഷ്ടിച്ച ഗോവിന്ദനെ ആണ്ടവന്‍ കൈയോടെ പിടികൂടി. ‘ആരോടെങ്കിലും പറഞ്ഞാല്‍ കുടലു ഞാന്‍ പുറത്തിടും’ എന്ന് ഗോവിന്ദന്‍ ആണ്ടവനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും ആണ്ടവന്‍ വിവരം അച്യുതന്‍ നമ്പൂരിയെ അറിയിച്ചു. വഴിയില്‍ വച്ച് ഗോവിന്ദനെ കണ്ടപ്പോള്‍ അച്ചുതന്‍ നമ്പൂരി കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. അന്നുമുതല്‍ ഗോവിന്ദന്‍ ആണ്ടവനെ നോട്ടമിട്ടതാണ്. ‘അവന് ഒരു പണി കൊടുക്കണം ഇല്ലെങ്കില്‍ പിന്നെ ഈ ഗോവിന്ദന്‍ ആണായിട്ട് നടന്നിട്ടെന്താ കാര്യം?’ ഇത്തിരി ചാരായം അകത്ത് ചെന്നാല്‍ ഗോവിന്ദന്‍ ഹംസ കുട്ടിയോടും ഖാദറിനോടും ചോദിക്കുന്ന ചോദ്യമാണിത്. ഗോവിന്ദന്‍ നല്ലൊരു കഠാര പണിയിച്ച് അരയില്‍ തിരുകിയിരുന്നു. എപ്പോഴെങ്കിലും വഴിയില്‍ അവനെ ഒറ്റക്ക് കിട്ടും – എന്നാല്‍ അതിനു ശേഷവും പലപ്പോഴും അവര്‍ തമ്മില്‍ കണ്ടു. പക്ഷെ കത്തി അരയില്‍ തന്നെ ഇരുന്നതേയുള്ളു. പാടത്ത് പണിയ്ക്കു വരുന്നവരുടെ മുമ്പിലും അമ്പല കുളത്തില്‍ കുളിയ്ക്കാനിറങ്ങുന്ന പെണ്ണുങ്ങളുടെ മുമ്പിലും വെച്ച് ഗോവന്ദന്‍ കത്തി ഉറയില്‍ നിന്നൂരി . കരിങ്കല്ലില്‍ ചേര്‍ത്ത് അണച്ച് മൂര്‍ച്ച കൂട്ടി വീണ്ടും ഉറയില്‍ തന്നെ വച്ചു.
അതിനിടയിലാണ് നാടിനെ നടുക്കിയ ആ സംഭവമുണ്ടായത്. ഖാദറ് ഹംസ കുട്ടിയെ കുത്തിക്കൊന്നു. ഒന്നിച്ചു നടക്കുകയും ഒന്നിച്ചു കുടിക്കുകയും ചെയ്തിരുന്ന രണ്ട് പേരില്‍ ഒരാള്‍ മറ്റെയാളെ കുത്തിക്കൊല്ലുക – ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചോയിച്ചിയുടെ വീട്ടിലിരുന്ന് ചാരായം കുടിക്കുമ്പോഴാണത്രേ വിഷയമുണ്ടായത്. ചോയിച്ചി ഹംസകുട്ടിയെ പ്രത്യേകം പരിഗണിക്കുന്നു എന്ന് ഖാദര്‍ പരാതി പറഞ്ഞതാണ് വിഷയത്തിനു തുടക്കമായത്. ചാരായം കുടിക്കാനെത്തിയ പലരും അതേറ്റു പിടിച്ചു. പ്രശ്‌നം ഹംസകുട്ടിയും ചോയിച്ചിയും തമ്മില്‍ പല രഹസ്യ ബന്ധങ്ങളുമുണ്ടെന്ന തരത്തിലേയ്ക്ക് മാറി. ‘ആണുങ്ങളായാല്‍ ചിലപ്പോള്‍ അങ്ങനീം ണ്ടായിന്നോരും- അത് ചോയിക്കാന്‍ തന്തയ്ക്ക് പിറന്ന ഒരു എരപ്പാളീം ഇങ്ങാട്ടോരണ്ട ‘ – ഹംസകുട്ടി തന്തയെപ്പറഞ്ഞത് ഖാദറിന് സഹിച്ചില്ല. ‘ആണ്ട – ജ്‌ന്റെ തന്തേനെ പറ്യാന്‍ മാത്രം ആയിക്ക്ണ’ – ഖാദര്‍ ചാടിയെഴുന്നേറ്റ് ഹംസകുട്ടിയുടെ കോളറിന് പിടിച്ചു. ഹംസകുട്ടിയെഴുനേറ്റ് ഒറ്റചവിട്ട്. ഖാദര്‍ വീണു. ഹംസകുട്ടി കത്തിയെടുത്ത് ഖാദറിനെ കുത്തി. ചോയിച്ചി ഇടയില്‍ കയറി തടുത്തതുകൊണ്ട് ചോയിച്ചിടെ കൈയിലും ഖാദറിന്റെ കാലിലും പോറലേറ്റു. ‘ ഇന്നീം ന്റെ കുട്ട്യാളീം ഓര്‍ത്ത് ഇബ്ട്ന്ന് വാണ്ട – തല്ലേ കൊല്ലേ, എന്താച്ചാ ആയിക്കോളീം ഇബ്ട്ന്ന് മാറീട്ട് മതി’ കാല് പിടിച്ച് ചോയിച്ചി കരഞ്ഞപ്പോള്‍ ഖാദര്‍ എഴുന്നേറ്റ് ഹംസകുട്ടിയെ രൂക്ഷമായി ഒന്ന് നോക്കി അവിടുന്നു പോയി. പ്രശ്‌നം രൂക്ഷമാണെന്ന് കണ്ടപ്പോള്‍ കുടിക്കാന്‍ വന്ന പലരും വേഗത്തില്‍ സ്ഥലം വിട്ടു. അന്ന് രാത്രി പാറപ്പുറത്ത് വച്ചാണ് ഹംസകുട്ടി കുത്തേറ്റ് മരിച്ചത്. ഖാദര്‍ നേരെ വീട്ടില്‍ പോയി ഉപ്പ പോത്തിനെ അറുക്കാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള കത്തിയുമായി പാറപ്പുറത്ത് കാത്തിരിക്കുകയായിരുന്നുവെത്രെ. ഏതായാലും ആ വഴിയിലൂടെ ഹംസകുട്ടി തിരിച്ചു പോകുമെന്ന് അയാള്‍ക്കുറപ്പായിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ കുത്തില്‍ ഹംസകുട്ടി വീണു. അതോടെ തല്ക്കാലത്തേയ്ക്ക് ചോയിച്ചീടെ കച്ചവടം നിന്നു. ഖാദര്‍ ജയിലിലായതോടു കൂടി ഗോവിന്ദന്‍ ഒറ്റപ്പെട്ടു. അതോടെ പുഴക്കരയിലെ ഒഴിഞ്ഞ പൊന്തക്കാടുകളില്‍ ബീഡിയും വലിച്ചിരിക്കലായി ഗോവിന്ദന്റെ പണി. ‘ ചാരായം കിട്ടാത്തതു കൊണ്ട് കഞ്ചാവും വലിച്ച് പെണ്ണുങ്ങള് കുളിക്ക് ണേടത്ത് ചിറീലും നോക്കിയിരിക്കലാ കോയിന്ദന്‍ നായര്ക്ക് പണി’ എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു. ‘എന്താ ചെയ്യാ- മുട്യാനായിട്ട് മുച്ചീര്‍പ്പന്‍ കൊലച്ചതാ – അനുഭവിക്കന്നേ’ രാവുണ്ണി നായര്‍ പിറുപിറുത്തു. അടുപ്പൂതി കലങ്ങിയ കണ്ണുകള്‍ കൊണ്ട് അടുക്കളയ്ക്കകത്ത് എരിഞ്ഞു തീരാനല്ലാതെ പാപ്പി കുട്ടിയമ്മയ്ക്ക് മറ്റൊന്നിനും കഴിയുമായിരുന്നില്ല. ‘ഒക്കെ ന്റെ വിധ്യേരിയ്ക്കും’ – അവര്‍ സ്വയം പരാതി പറഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോയിച്ചി ചാരായം വാറ്റാന്‍ തുടങ്ങാത്തതും നാട്ടില്‍ ചര്‍ച്ചയായി. കെട്ട്യോനെ പോലീസ് കൊണ്ടോയി മൂന്നാം ദിവസം വാറ്റാന്‍ തുടങ്ങിയവളാ – അവളാണ് ഹംസകുട്ടിയെ കുത്തി കൊന്നതിന്റെ പേരില്‍ വാറ്റു നിര്‍ത്തുന്നത്. അവള്‍ക്ക് ണ്ടോ പോലീസിനെ വല്ല പേടീം – മുമ്പൊരിക്കല്‍ പോലീസ് അവളുടെ വീടുവളഞ്ഞതാ . അപ്പോള്‍ ഓലമറച്ച് ഉണ്ടാക്കിയ കുളിമുറിയില്‍ കേറി അവള്‍ വാതിലടച്ചു വെത്രെ. ഒരു പോലീസ് കാരന്‍ അങ്ങോട്ടെയ്ക്ക് ചെല്ലുന്നുണ്ടെന്ന് അറിഞ്ഞ ചോയിച്ചി ഉറക്കെ പറഞ്ഞു. ‘പെണ്ണുങ്ങള് മൂത്ര ഒഴിയ്ക്കാന്‍ കേറിയടത്ത് – ഈ പോലീസ്‌കാര്ക്ക് എന്താ ത്ര കാണാന്‍ ?’ അവളുടെ ആ ചോദ്യം കേട്ടതും പോലീസുകാരന്‍ പകച്ചു പിന്‍മാറി. ഒരു കന്നാസ് വാറ്റുചാരായം ആ കുളിമുറിയില്‍ തന്നെ ഒഴിച്ച് കളഞ്ഞവളാണ് ചോയിച്ചി. തൊണ്ടി മുതല്‍ കിട്ടാത്തത് കൊണ്ട് ചോയിച്ചിയെ പോലീസ് അറസ്റ്റ് ചെയ്തില്ല എങ്കിലും, പോലീസുകാരന്‍ രാമന്‍ കുട്ടി അന്നുമുതല്‍ അവളുടെ കുറ്റിപറ്റായി എന്നതാണ് കഥ.
ഹംസ കുട്ടിയുടെ മരണശേഷം ഗോവിന്ദന്‍ അരയില്‍ കത്തി സൂക്ഷിക്കാറില്ല. ആ കത്തി തെക്കിനിയുടെ വാതിലിന്റെ മേപ്പടിയില്‍ ഉറയില്ലാതെ മലര്‍ന്നു കിടന്നു. ആണ്ടവനും ഭവത്രാതനും കോളേജില്‍ പോക്കു തുടങ്ങിയതോടു കൂടി അവര്‍ക്ക് ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചയും കുറഞ്ഞു. എങ്കിലും കഞ്ചാവിന്റെ ലഹരി സിരകളില്‍ നുരഞ്ഞു കേറുമ്പോള്‍ ഹംസകുട്ടിയെ ഖാദര്‍ കുത്തിമലര്‍ത്തിയ പോലെ ആണ്ടവനെ കുത്തിമലര്‍ത്തി വിലങ്ങിട്ട കൈയുമായി പോലീസ് ജീപ്പില്‍ കയറുന്നത് ഗോവിന്ദന്‍ നായര്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തിന്റെ ലഹരിയില്‍ ഒറ്റയ്ക്കിരുന്നു ചിരിച്ചു. പിന്നെ നീണ്ട നെടുവീര്‍പ്പിട്ടു.
‘ആണുങ്ങളായാല്‍ കൊടുത്തും വാങ്ങിയും ആണത്തം കാണിക്കണം അല്ലാതെ കൊണ്ടു നടന്നും കൊണ്ടോയ്‌കൊല്ലിച്ചും അല്ല.’ ഗോവിന്ദനെ കാണുമ്പോള്‍ ചിലര്‍ അടക്കം പറയുന്നത് അയാള്‍ കേള്‍ക്കാഞ്ഞിട്ടല്ല. യാഥാര്‍ത്ഥത്തില്‍ ഹംസകുട്ടിയും ഖാദറും തമ്മില്‍ തല്ലുണ്ടായ ദിവസം ഗോവിന്ദനവിടെ ഉണ്ടായിരുന്നില്ല എന്ന് ചോയിച്ചി സാക്ഷ്യം പറഞ്ഞിരുന്നുവെങ്കിലും ‘തല്ലുണ്ടായതേ ഗോയിന്ദന്‍ നായരോടി. ചായിക്കാരത്തിനും കൂടി മൂപ്പരെ കണ്ടില്ല. ന്നാലും ആ കോയിന്ദന്‍ നായര് ഇന്നാട്ടിലെ നായന്‍മാരെ മുഴുവന്‍ പറീപ്പിച്ചല്ലോ’ എന്നായിരുന്നു നാട്ടിലെ സംസാരം. അതൊക്കെ കേള്‍ക്കുമ്പോള്‍ ഗോവിന്ദന് അടിമുടി വിറയന്‍ വരും. ‘അവനാന്റെ പല്ലെല്ലെ കടിച്ചു പൊട്ടിയ്ക്കന്നെ – ‘ മറ്റൊന്നും ചെയ്യാന്‍ ഗോവിന്ദന് കഴിഞ്ഞില്ല. എന്നാല്‍ നാട്ടുകാര്‍ക്കിടയില്‍ താനൊരു പരിഹാസ പാത്രമാകുന്നുണ്ടെന്ന തോര്‍ത്തപ്പോള്‍ അയാള്‍ക്ക് ആരോടെന്നില്ലാതെ അരിശം വന്നു. കഞ്ചാവ് തലയില്‍ കയറുമ്പോള്‍ അയാള്‍ ഒറ്റയ്ക്കിരുന്നു പുലഭ്യം പറഞ്ഞു. ഏറെ പറയുമ്പോള്‍ കിട്ടുന്ന ചെറിയ ഒരു ശാന്തത – ആ ശാന്തതയില്‍ ഉണ്ടും ഉറങ്ങിയും അങ്ങനെ ഗോവിന്ദന്‍ കഴിഞ്ഞു പോന്നു.
(തുടരും)