”വാഴുന്നോരേ, അമ്മയും അച്ഛനും വീട്ടിലുണ്ട്. എന്നെ പല്ലക്കിലെടുത്തുകൊണ്ട് വീട്ടിലേക്കു കൊണ്ടുപോകരുത്. അവര് കല്ലോടു തലതല്ലി മരിക്കും”
ആരോമരെ പല്ലക്കില്‍നിന്നിറക്കി, നായന്മാര്‍ കൈത്താളംപൂട്ടി നടത്തി.
ഏറെ പാരവശ്യത്തോടെ പൊന്നുമകന്‍ നടന്നുവരുന്നത് കണ്ണപ്പച്ചേകവര്‍ നാലുകെട്ടിന്റെ
മുഖപ്പിലിരുന്നേ കണ്ടു. വേഗം പടിപ്പുരയിലേക്കു ചെന്നു. ആരോമര്‍ അച്ഛന്റെ കാല്‍ക്കല്‍ വീണ്
ആചാരം ചെയ്തു.
”എവിടേ മുറിവു പറ്റിയത് എന്റെ പൊന്നുമകനേ! ”
”എന്തിനവിടം പറയുന്നച്ഛാ
അരിങ്ങോടര്‍ നീട്ടിയ നീട്ടെനിക്ക്
എള്ളോളംതന്നെ മുറിഞ്ഞതുള്ളു.”
അങ്കം മുറുകിയ നേരത്ത് ചുരിക കണയില്‍ മുറിഞ്ഞതും, മാറ്റച്ചുരിക തരാതെ ചന്തു ഒഴിഞ്ഞുമാറിയതും, ”ആ തക്കം നോക്കി മാറ്റാന്‍ കച്ചത്തെരുപ്പുനോക്കി ചുരിക നീട്ടിയതും, ഒഴിഞ്ഞുമാറിയെങ്കിലും എള്ളോളം തൊലി മുറിഞ്ഞതും, മുറിച്ചുരികകൊണ്ട് അരിങ്ങോടരെ എതിരിട്ടതും, ചുരികയെറിഞ്ഞ് അരിങ്ങോടരുടെ തലയറുത്തതും അച്ഛനെ കേള്‍പ്പിച്ചു.
അങ്കംപിടിച്ച തളര്‍ച്ചയോടെ ചന്തൂന്റെ മടിയില്‍ തലയും വെച്ചു ആലസ്യത്തോടെ ഞാന്‍ കണ്ണടച്ചു.
”ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണ്
കുത്തുവിളക്കിന്റെ തണ്ടെടുത്തു
കച്ചത്തെരുപ്പിലും നീട്ടി ചന്തു
ഞെട്ടിയുണര്‍ന്നങ്ങു
നോക്കുന്നേരം
അരിങ്ങോടര്‍ കൂട്ടത്തില്‍ ചാടി ചന്തു
ചന്തു ചതിച്ച ചതിയാണച്ഛാ
ആവതില്ലയ്യോ വിധിഫലമേ!”
ആരോമര്‍ നേരനുജനെ അരികത്തു വിളിച്ചു.
”നേരമ്മാവന്റെ മകള്‍ തുമ്പോലാര്‍ച്ചയേയും എന്റെ മകനേയും കാണണം. അവരെ കൂട്ടിക്കൊണ്ടുവരാന്‍ ഉടനെ ആളെ അയക്കണം ”
മികവില്‍ മികച്ചേരിയിലേക്ക് വാഴുന്നോര്‍ നായന്മാരെ അയച്ചു. ഒന്നോടിയും ഒന്നുനടന്നും നായന്മാര്‍ മികച്ചേരിയിലെത്തി. തുമ്പോലാര്‍ച്ചയോടു വിവരം പറഞ്ഞു. അമ്മാവന്‍ അപ്പോള്‍ പകിടകളിക്കാനായി അയല്‍നാട്ടിലെവിടെയോ പോയിരിക്കുന്നു.
”ആരോമര്‍ചേകവര്‍ അങ്കം ജയിച്ചുവന്നിട്ടുണ്ട്. മകനെ കാണണമെന്നു പറയുന്നു”
കേട്ടപാടേ തുമ്പോലാര്‍ച്ച മകനേയുംകൂട്ടി പുത്തൂരം വീട്ടിലേക്കു പുറപ്പെട്ടു. നാടും ദേശവും താണ്ടി പുത്തൂരം വീട്ടിലെത്തി. ആരോമരുടെ അവസ്ഥകണ്ട് അവള്‍ക്കു സങ്കടം സഹിക്കാനായില്ല.
”നേരനുജാ. നീ ഇവനെ സംരക്ഷിക്കണം. വിദ്യകളൊക്കെ പഠിപ്പിക്കണം. വേണ്ടതെല്ലാം അവനു കൊടുക്കണം. എനിക്കു വല്ലാതെ ദാഹിക്കുന്നു. ചെന്തെങ്ങിളന്നീരു വേണം”
ഉണ്ണിക്കണ്ണന്‍ ചെന്തെങ്ങിളന്നീര് മൂക്കുചെത്തിക്കൊണ്ടുവന്നു.
ആരോമര്‍ ഇളന്നീരു കുടിച്ച് ദാഹം തീര്‍ത്തു.
അപ്പോഴേക്കും ദേശവാഴിയും നാടുവാഴിയും പരിവാരങ്ങളും വന്നു. മാലോകരും വന്നുനിറഞ്ഞു.
”പൊന്നമ്മേ കച്ചയഴിക്കട്ടെ. പൊന്നച്ഛാ കച്ചയഴിക്കട്ടെ. നേര്‍പെങ്ങളേ കച്ചയഴിക്കട്ടെ. കുഞ്ചുണ്ണൂലി കച്ചയഴിക്കട്ടെ. നേരനുജാ കച്ചയഴിക്കട്ടെ. വാഴുന്നോരേ കച്ചയഴിക്കട്ടെ. തമ്പുരാനേ കച്ചയഴിക്കട്ടെ. മാലോകരേ കച്ചയഴിക്കട്ടെ. ഇനിയുള്ള കാഴ്ചകള്‍ നമ്മള്‍ തമ്മില്‍
കാണില്ല”
ആരോമര്‍ കച്ചയഴിച്ചു. ഉടനെ മരണപ്പെടുകയും ചെയ്തു.
ആരോമരുടെ ജീവന്‍ വേര്‍പെട്ട ശരീരം മടിയിലെടുത്തുവെച്ച്
കണ്ണപ്പച്ചേകവര്‍ നെഞ്ചത്തടിച്ചു
കരഞ്ഞു. പെറ്റമ്മ ബോധംകെട്ടു വീണു.
(തുടരും)