കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്ത് നയതന്ത്ര പ്രതിനിധികളുടെ ഡിപ്ലോമാറ്റിക് ബാഗുകളുടെ മറവില്‍ എന്ന സ്ഥിതിയില്‍ വരെ എത്തി നില്‍ക്കുന്നു. അത് കള്ളക്കടത്തിന്റെ വ്യാപ്തിയും ഗൗരവവും വളരെയേറെ വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ കള്ളക്കടത്തു വരുത്തുന്ന വലിയ ദോഷവും ഒപ്പം രാജ്യസുരക്ഷയ്ക്കുള്ള ഭീഷണിയും നമ്മള്‍ കാണേണ്ടിയിരിക്കുന്നു.
വിദേശത്തുനിന്നും സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ആ രാജ്യങ്ങളിലെ വിലക്കുറവും ഇവിടത്തെ ഒഴിവാക്കുന്ന നികുതിയും കൂടിയുള്ള ലാഭമാണ് കള്ളക്കടത്തുകാര്‍ക്ക് കിട്ടുന്നത്. ഒരു കിലോ സ്വര്‍ണ്ണത്തിന് ഇവിടെ എത്തിച്ചു കഴിയുമ്പോള്‍ 5 മുതല്‍ 7 ലക്ഷം വരെ രൂപ ലാഭം കിട്ടും. കള്ളക്കടത്തിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കി അത് തടയാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടുവരുന്നു. നിയമ പ്രകാരം ഉള്ള ശക്തമായ നടപടികളിലൂടെ കള്ളക്കടത്തിനുള്ള അവസരം നിര്‍ത്തലാക്കുന്നു. ഇങ്ങിനെ ഓരോ വഴി അടയ്ക്കുമ്പോഴും കള്ളക്കടത്തുകാര്‍ പുതിയ വഴികള്‍ കണ്ടുപിടിക്കുന്നു. വലിയ ഗവേഷണം തന്നെ അവര്‍ ഇക്കാര്യത്തില്‍ നടത്തുന്നു. ആദ്യ കാലങ്ങളില്‍ യാത്രക്കാര്‍ ചെറിയ തോതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുവന്നിരുന്നത് പിന്നെ സ്വര്‍ണ്ണ നാണയങ്ങള്‍ ഒളിച്ചു കടത്തല്‍ ആയിമാറി. അതില്‍ നിന്നും സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ ആയി. കള്ളക്കടത്തു നടത്തുന്ന രീതിയിലും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി അവര്‍ നിരന്തരമായ മാറ്റങ്ങള്‍ വരുത്തുന്നു. പെട്ടിയിലോ ബാഗിലോ ഒളിപ്പിച്ചു കൊണ്ടുവന്നിരുന്ന ആദ്യ കാലത്ത്അത് എക്‌സ്-റേ മറ്റു പരിശോധനകളില്‍ കണ്ടുപിടിച്ചപ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിച്ചു കടത്താന്‍ തുടങ്ങി. ആരും സംശയിക്കാത്ത മലദ്വാരത്തില്‍ വരെ ഒളിപ്പിച്ചു കടത്തി തുടങ്ങി. കോഴിക്കോട്ട് അത്തരം ഒരു കടത്തല്‍ സ്വര്‍ണ്ണം ഓപ്പറേഷന്‍ ചെയ്തു എടുക്കേണ്ടി വന്നത് അടുത്ത കാലത്താണ്. ഇത്തരത്തിലുള്ള കടത്തലുകള്‍ പിടിച്ചു തുടങ്ങിയപ്പോള്‍ സ്വര്‍ണ്ണം രൂപമാറ്റം വരുത്തി കൊണ്ടുവരാന്‍ തുടങ്ങി. ഖര രൂപത്തിലുള്ള സ്വര്‍ണ്ണം കുഴമ്പു രൂപത്തില്‍, ദ്രവ രൂപത്തില്‍ അങ്ങിനെ പല രൂപത്തില്‍ കുപ്പികളിലും മറ്റും ആക്കി കൊണ്ടുവന്നു. അത് കസ്റ്റംസ് കണ്ടുപിടിച്ചപ്പോള്‍ വിവിധ ഉപകരണങ്ങളുടെ ആകൃതികളില്‍ ഉണ്ടാക്കി കൊണ്ടുവരാന്‍ തുടങ്ങി. ഇതിനെല്ലാം ശേഷം അവസാനം നയതന്ത്ര പരിരക്ഷയുടെ മറവില്‍ ഉള്ള കള്ളക്കടത്തില്‍ എത്തിനില്‍ക്കുന്നു സ്വര്‍ണ്ണക്കടത്ത്.

വിമാനത്താവളങ്ങള്‍ വഴി ആണല്ലോ സ്വര്‍ണ്ണക്കടത്ത് നടത്തുന്നത്. അവിടെ കസ്റ്റംസ് പരിശോധനയില്‍ ധാരാളം കള്ളക്കടത്തു സ്വര്‍ണ്ണം പിടിക്കാറുണ്ട്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത കള്ളക്കടത്തു സ്വര്‍ണ്ണം എത്രയെന്നു നോക്കാം. ഇക്കഴിഞ്ഞ ഒരു വര്‍ഷം 2019-20 ല്‍ കോഴിക്കോട് -233 കിലോ. കൊച്ചി – 115 കിലോ. തിരുവനന്തപുരം -63 കിലോ. കണ്ണൂര്‍- 33 കിലോ. ആകെ 444 കിലോ സ്വര്‍ണ്ണം ആണ് പിടിച്ചെടുത്തത്. അതിനു മുന്നത്തെ വര്‍ഷവും 400 കിലോ പിടിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ പരിശോധനയെ വെട്ടിച്ചു കുറെ സ്വര്‍ണ്ണം വന്നു കാണാനുള്ള സാധ്യത ഉണ്ട്. സംഭവം ഇവിടെ അവസാനിക്കുന്നില്ല.
പ്രധാനമായും മൂന്ന് നാല് കാര്യങ്ങള്‍ ആണ് സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടു നോക്കേണ്ടത്. ഈ കള്ളക്കടത്തു സ്വര്‍ണ്ണം ആര് അയക്കുന്നു? ഈ സ്വര്‍ണ്ണം വാങ്ങാനുള്ള പണം അയാള്‍ക്ക് എവിടെ നിന്നും കിട്ടുന്നു? ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണ്ണം അയക്കുന്നത്? കള്ളസ്വര്‍ണ്ണം ഇവിടെ എത്തിയാല്‍ എന്ത് ചെയ്യുന്നു? അത് വിറ്റു കിട്ടുന്ന പണം എന്ത് ചെയ്യുന്നു? ഇതിനുള്ള ഉത്തരം ആണ് നമുക്ക് ലഭിക്കേണ്ടത്.
കൊണ്ടുവരുന്നവരുടെ വക അല്ല ഈ സ്വര്‍ണ്ണം എന്നറിയാമല്ലോ. അവര്‍ വെറും കാരിയര്‍സ് -വാഹകര്‍ – മാത്രം. വിമാന ടിക്കറ്റോ, പണമോ, കമ്മീഷനോ ഒക്കെ നല്‍കി സ്വര്‍ണ്ണം കടത്തുന്ന കൂലിക്കാര്‍. അപ്പോള്‍ ഇതിനൊരു മുതലാളി ഉണ്ട്. സ്വര്‍ണ്ണം വാങ്ങാന്‍ പണം മുടക്കിയവര്‍. അത് ഗള്‍ഫുകാരാകാം, ഗള്‍ഫു മലയാളികള്‍ ആകാം. ഇവിടത്തെ മലയാളികള്‍ ആകാം. അയാള്‍ ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നു, രൂപമാറ്റം വരുത്തുന്നു, കൊണ്ടുവരാനുള്ള ആളെ കണ്ടെത്തുന്നു, കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്തുന്നു. കേരളത്തിലേയ്ക്കു കടത്തുന്നു. ആ ‘ആള്‍’ ആരാണെന്നു കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ആ’ആള്‍’ക്ക് സ്വര്‍ണ്ണം വാങ്ങാനുള്ള പണം എവിടെ നിന്നും ഉണ്ടായി എന്നത് അടുത്തതായി കണ്ടുപിടിക്കേണ്ടത്. ഇപ്പോള്‍ തിരുവനന്തപുരത്തു പിടിച്ച 30 കിലോ സ്വര്‍ണത്തിന് വിലയിട്ടത് 13 കോടി രൂപ. ഈ 13 കോടി രൂപ എവിടെ നിന്നും ഉണ്ടായി എന്നത് വലിയൊരു ചോദ്യമാണ്. അത് കള്ളപ്പണമാണ്. കണക്കില്‍ പെടാത്ത പണം. ഈ സ്വര്‍ണ്ണം കേരളത്തില്‍ എവിടെ എത്തുന്നു എന്ന് നോക്കാം. സ്വര്‍ണ്ണം കൊണ്ടുവന്നിട്ട് വഴി നീളെ വിളിച്ചു നടന്നു വില്‍പ്പന നടത്താന്‍ കഴിയില്ലല്ലോ. വാങ്ങാന്‍ ആരും ഇല്ലെങ്കില്‍ വീട്ടില്‍ വച്ചേക്കാനും കഴിയില്ല. അപ്പോള്‍ നേരത്തെ കരാര്‍ ഏര്‍പ്പെട്ട ആര്‍ക്കോ വേണ്ടി ആണ് ഇത് കൊണ്ടുവരുന്നത്. അതായത് നേരത്തെ പറഞ്ഞുറപ്പിച്ച ആള്‍ക്ക് വേണ്ടിയാണ് ഇത് വരുന്നത്. സാധാരണയായി സ്വര്‍ണ്ണം ആഭരണങ്ങള്‍ ആക്കുകയാണല്ലോ. ഈ സ്വര്‍ണ്ണം ഏതെങ്കിലും സ്വര്‍ണ്ണക്കടക്കാര്‍ക്ക് വില്‍ക്കാം. അവര്‍ ആഭരണം ആക്കി വില്‍പ്പന നടത്തുന്നു.
വിഐപി കള്‍, സെലിബ്രിറ്റികള്‍ ഇവരും കള്ളക്കടത്തില്‍ പങ്കാളികള്‍ ആകുന്നു. ഇവരുടെ ഇടയ്ക്കിടെ ഉള്ള ഗള്‍ഫ് സന്ദര്‍ശനങ്ങള്‍ സംശയാസ്പദമാണ്. തിരിച്ചുവരുമ്പോള്‍ ഇവര്‍ സ്വര്‍ണ്ണം കൊണ്ടുവരാം. ഈ വിഐപി സ്റ്റാറ്റസ്സില്‍ ഇവര്‍ നികുതി അടയ്ക്കാതെ കടന്നു പോകാം. സിനിമാ താരങ്ങളും ആ രംഗത്തുള്ളവരും ആണ് മറ്റൊരു കള്ളക്കടത്തു വിഭാഗം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവര്‍ക്ക് സ്ഥിരമായി സ്റ്റേജ് ഷോകള്‍ ഉണ്ട്. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആയാലും ഇവരുടെ തിരിച്ചുവരവ് ഗള്‍ഫ് രാജ്യങ്ങളിലൂടെ ആയിരിക്കും. കുറെയേറെ ലഗേജുകള്‍ ഇവര്‍ക്ക് കാണും. അതിലൂടെ സ്വര്‍ണ്ണക്കടത്തു നടത്താം. ഇവിടെ സിനിമയില്‍ നിന്നും വലിയ വരുമാനമില്ലാത്ത നടീനടന്മാരും കോടികളുടെ വീടും കാറും സ്വന്തമാക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ. അത് ഈ സ്വര്‍ണ്ണക്കടത്തു മാര്‍ഗ്ഗത്തിലൂടെ ആയിരിക്കാം. സിനിമ നിര്‍മ്മാണം ഇന്ന് വലിയൊരു ബിസിനസ്സ് ആണ്. പത്തും ഇരുപതും കോടികള്‍ സിനിമയുടെ ഒരു സെറ്റിന് തന്നെ മുടക്കുന്നു എന്ന് പറയുമ്പോള്‍ ഓരോ ചിത്രത്തിന്റെയും മൊത്തം നിര്‍മ്മാണ ചെലവ് ഊഹിക്കാവുന്നതേയുള്ളൂ. അത്രയും വലിയ ശതകോടീശ്വരന്മാര്‍ ആണോ ഇന്നത്തെ നിര്‍മ്മാതാക്കള്‍? സ്വര്‍ണ്ണക്കടത്തിലൂടെ വരുന്ന കള്ളപ്പണം ആയിരിക്കാം സിനിമകളില്‍ മുടക്കുന്നത്.
ഇത് പൂര്‍ണ്ണമായും കണക്കില്‍ പെടാത്ത സ്വര്‍ണ്ണം ആണ്. അത് വില്‍ക്കുന്ന ജ്യുവലറികളില്‍ ശരിയായി പരിശോധന നടത്തിയാല്‍ കള്ള സ്വര്‍ണ്ണം കണ്ടുപിടിക്കാം. പക്ഷെ സ്വര്‍ണ്ണക്കച്ചവടക്കാരുടെ കൂട്ടായ ശക്തിയ്ക്കും ഭീഷണിയ്ക്കും മുന്‍പില്‍ വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ ശരിയായി പരിശോധന നടത്തുന്നില്ല. ഇവിടെ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തുമ്പോള്‍ രാജ്യത്തിന് കിട്ടേണ്ട കസ്റ്റംസ് ഡ്യൂട്ടി കിട്ടുന്നില്ല. ജിഎസ്റ്റി കിട്ടുന്നില്ല. ആദായ നികുതി കിട്ടുന്നില്ല. അങ്ങിനെ നികുതി വെട്ടിപ്പിലൂടെ രാജ്യത്തെ വലിയൊരു വരുമാനം ഇല്ലാതാകുന്നു. സ്വര്‍ണ്ണ കള്ളക്കടത്തിലൂടെ ലഭിക്കുന്ന കണക്കില്‍ പെടാത്ത ഈ കള്ളപ്പണം മറ്റു പല കള്ള ബിസിനസ്സുകളും നടത്താന്‍ ഉപയോഗിക്കുന്നു. അങ്ങിനെ കള്ളപ്പണം വര്‍ദ്ധിക്കുന്നു. കള്ളപ്പണത്തില്‍ അധിഷ്ഠിതമായ ഒരു സമാന്തര സമ്പദ്ഘടന രാജ്യത്തു രൂപപ്പെടുന്നു. നികുതി വരുമാനം ആണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നത്. നികുതി വരുമാനം ഉപയോഗിച്ചാണ് രാജ്യത്തെ വികസന പ്രവത്തനങ്ങള്‍ നടത്തേണ്ടത്. ജനങ്ങള്‍ക്കു വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. വന്‍തോതിലുള്ള ഈ നികുതി വെട്ടിപ്പ് പ്രക്രിയ രാജ്യത്തിന്റെ ഖജനാവിലേയ്ക്ക് വരേണ്ട പണത്തില്‍ വലിയ വിള്ളലുണ്ടാക്കുന്നു. നാടിന്റെ വികസനത്തെയും ക്ഷേമ പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നു.
ആയിരക്കണക്കിന് കോടികള്‍ ചെലവിടുന്ന തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വര്‍ണ്ണ കള്ളക്കടത്തുകാരെ ആശ്രയിക്കുന്നു. അധികാരത്തില്‍ വരും എന്ന വിശ്വാസത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കാന്‍ ധാരാളം ബിസിനസ്സുകാര്‍ പാര്‍ട്ടിക്ക് വേണ്ടി പണം മുടക്കുന്നു. കേരളത്തിലെ ഭൂരിപക്ഷം ബിസിനസ്സുകാര്‍ക്കും ഗള്‍ഫില്‍ എന്തെങ്കിലും കള്ള ബിസിനസ്സ് ഉണ്ടാകും. അങ്ങിനെ ഉണ്ടാക്കുന്ന പണമാണ് സ്വര്‍ണ്ണ കള്ളക്കടത്തിലൂടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ എത്തിക്കുന്നത്.
സ്വര്‍ണ്ണം വാങ്ങി അയച്ച ആള്‍ ദുബായിലെ കോടീശ്വരന്‍ ബിസിനസ്സ്‌കാരന്‍ ആകാം. മുടക്കിയ പണം ബിസിനസ്സുകാരന് ലാഭം ഉള്‍പ്പടെ തിരിച്ചു കിട്ടണ്ടേ? അതെങ്ങിനെ ദുബായില്‍ അയച്ചുകൊടുക്കും? ഇത് കള്ളസ്വര്‍ണ്ണവും കള്ളപ്പണവും ആണല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ഈ പണം തിരിച്ചുപോകുന്നില്ല, കേരളത്തില്‍ നിക്ഷേപം നടത്തുന്നു, അല്ലെങ്കില്‍ മറ്റെന്തിനോ ഉപയോഗിക്കുന്നു. ഇവിടെയുള്ള രാഷ്ട്രീയക്കാരുടെ ആരുടെയെങ്കിലും ദുബായിലെ ബിനാമി നിക്ഷേപം ആകാനും സാധ്യത ഉണ്ട്. മറ്റൊരു കാര്യം ഈ പണം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതാണ്. രാജ്യത്തിനെ ശിഥിലമാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന കുറെ ഭീകര സംഘടനകള്‍ ഉണ്ട്. ഐ.എസ്. തുടങ്ങിയ സംഘടനകള്‍. അവര്‍ വിദേശ രാജ്യങ്ങളില്‍ ഇരുന്നു കൊണ്ട് കയറ്റി അയച്ചതാകാം ഈ സ്വര്‍ണ്ണം. അവര്‍ക്കു കേരളത്തില്‍ ഏജന്റുമാര്‍ ഉണ്ട്. അഫ്ഗാനിസ്ഥാനിലും സിറിയയിലും കേരളത്തില്‍ നിന്നും ഐ.എസ്സില്‍ ചേര്‍ന്ന് ധാരാളം ആള്‍ക്കാറുണ്ടല്ലോ. സ്വര്‍ണ്ണ കള്ളക്കടത്തില്‍ നിന്നും കിട്ടുന്ന പണം അവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. അതിനുള്ള സാധ്യതകള്‍ ഏറെയാണ്. അതാണ് നമ്മള്‍ ഉടന്‍ അവസാനിപ്പിക്കേണ്ടത്.
സ്വര്‍ണ്ണം കൊണ്ടുവരുന്നവര്‍ക്കെതിരെ ആണ് കസ്റ്റംസ് കേസ് ഉണ്ടാകുന്നത്. അപ്പോള്‍ കള്ളക്കടത്തിന്റെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയാണ്. സ്വര്‍ണ്ണം വാങ്ങിയവരും, അയച്ചവരും ഇവിടെ സ്വീകരിച്ചവരും ഒക്കെ രക്ഷപ്പെടുന്നു. അവരെ കണ്ടെത്തിയാലേ അവര്‍ക്കെതിരെ കേസെടുത്തു ശിക്ഷ വാങ്ങിക്കൊടുത്താല്‍ മാത്രമേ കള്ളക്കടത്തു പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ കഴിയൂ. ഇപ്പോള്‍ പിടിച്ച 30 കിലോ കള്ളക്കടത്തു കേസില്‍ അന്വേഷണം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഏറ്റെടുത്തത്. അവര്‍ക്കു വളരെ ഫലപ്രദമായ രീതിയില്‍ അന്വേഷണം നടത്താനും വിദേശത്തെ സ്വര്‍ണ്ണക്കടത്തുകാരെ കണ്ടെത്താനും മറ്റും കഴിയും. അതുകൊണ്ട് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.