തിരുവനന്തപുരം: ക്ഷേത്ര ഭരണത്തില്‍ മതേതര സര്‍ക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അവകാശവും ഉണ്ടെന്ന മുന്‍ സംസ്ഥാനസര്‍ക്കാരുകളുടെ നിലപാടിന് ഏറ്റിട്ടുള്ള കനത്ത തിരിച്ചടിയാണ് പദ്മനാഭ സ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധിയെന്ന് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.
സ്വാതന്ത്യാനന്തരം ക്ഷേത്രഭരണ വ്യവസ്ഥിതി സംബന്ധിച്ച് രാജാവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിക്ക് (കവനന്റ്) സാധുത നല്‍കുന്ന ഈ വിധി ഒട്ടേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. ഇതോടെ കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ക്ക് നിയമ സാധുത ഇല്ലാതായി. കവനന്റ് പ്രകാരം സ്വതന്ത്ര പരമാധികാര ബോര്‍ഡ് രൂപീകരിക്കേണ്ടതിന് പകരം സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍ അംഗങ്ങളായ ബോര്‍ഡാണ് രൂപീകരിച്ചത്.
പത്മനാഭസ്വാമി ക്ഷേത്ര കേസിലും കേരള സര്‍ക്കാര്‍ ഇതേ നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിന്റെ ഭരണം തങ്ങള്‍ക്ക് വേണമെന്ന സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി നിരാകരിക്കുകയും രാജകുടുംബത്തിന്റെ അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു.
സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം. ശബരിമല ആചാര കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ കടന്നുകയറ്റത്തിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതുപോലെ കേരള സര്‍ക്കാര്‍ ക്ഷേത്രസംബന്ധമായി സ്വീകരിച്ച എല്ലാനടപടികളും നിയമവിരുദ്ധമാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.
ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന കെ.പി ശങ്കരന്‍ നായര്‍ കമ്മീഷന്‍, കുട്ടികൃഷ്ണ മേനോന്‍ കമ്മീഷന്‍ തുടങ്ങിയവരുടെ ശുപാര്‍ശകള്‍ക്ക് കിട്ടിയ അംഗീകാരം കൂടിയാണിതെന്ന് കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു