പൊന്നാനി അറബിക്കടലിനും പരപ്പനങ്ങാടി പൂരപ്പുഴയ്ക്കുമിടയില്‍ പരന്നു കിടന്നിരുന്നതാണ് വെട്ടത്തു രാജാവിന്റെ സാമ്രാജ്യം – അംഗരക്ഷകരായപടനായകരോടുത്ത് തീര്‍ത്ഥാടനത്തിനിറങ്ങിയ വെട്ടത്തു രാജാവിന്റെ ശരീരത്തില്‍ ഒരിക്കല്‍ ദേവി ആവേശിച്ചുവെത്രെ. ഒരടി പോലും നടക്കുവാന്‍ കഴിയാതെ വഴിയിലിരുന്നു പോയ രാജാവിന്റെ ശരീരത്തില്‍ നിന്ന് ദേവിയെ ആവാഹിക്കുവാന്‍ ശക്തിയും സാമര്‍ത്ഥ്യവുമുള്ള മാന്ത്രികനെ കണ്ടെത്തുവാന്‍ പടനായകന്‍മാര്‍ പല വഴിക്കു പോയി. മണ്ണാന്‍ സമുദായത്തില്‍ പിറന്ന ചാത്തന്‍കോന്നന്‍ എന്ന ഒരു ചെറുപ്പക്കാരനെയാണ് പടനായകര്‍ കണ്ടെത്തി കൊണ്ടുവന്നത്. ചാത്തന്‍ ദേവിയെ ഒരു തണ്ണീര്‍ കുടത്തിലേക്ക് ആവാഹിച്ച് രാജാവിനെ തന്നെ ഏല്‍പിച്ചു കൊണ്ട് പറഞ്ഞു. ‘മഹാരാജന്‍ അത്ഭുതശക്തിയുള്ള ദേവി ചൈതന്യമാണിത്. ഇത് വിധി പ്രകാരം പ്രതിഷ്ഠിച്ചാരാധിച്ചാല്‍ അവിടുത്തേയ്ക്കും പ്രജകള്‍ക്കും സര്‍വ ഐശ്വര്യത്തിനും കാരണമാകും.’ – ചാത്തന്‍കോന്നന്‍ പറഞ്ഞതനുസരിച്ച് വെട്ടത്തു രാജ്യത്തെ എഴുപത്തിരണ്ട് സ്ഥലങ്ങളിലായി തണ്ണീര്‍ കുടത്തിലെ ദേവി ചൈതന്യത്തെ കുടിയിരുത്തി. അങ്ങനെ വെട്ടത്തു നാടിന്റെ മാത്രം ദേവതയായി തണ്ണീര്‍ ഭഗവതി ഉദയം കൊണ്ടു. ദേവിയ്ക്കു ആട്ടും പാട്ടും ആറാട്ടുമാണ് പ്രാധാന്യം. സമയാചാരപ്രകാരമുള്ള ബ്രാഹ്മണ പൂജ ആവശ്യമില്ല. കൗളാചാരമാണ് പ്രിയം. അകത്താചാരങ്ങള്‍ക്ക് ദേശത്തെ നായന്‍മാരെ തന്നെ രാജാവ് ഏര്‍പ്പെടുത്തി. വെള്ളരിവെയ്ക്കുന്ന നായര്‍ വെള്ളരിക മ്മളായി. പുറത്താചാരത്തിന് ചാത്തന്‍കോന്നനെ ഉത്തരവാക്കി. അടവും തടവും പഠിച്ച്, നാല് പാദം തോറ്റം ചൊല്ലി ഭഗവതിയാട്ടിന് അരങ്ങത്തു നില്‍ക്കാന്‍ യോഗ്യരായ ചാത്തന്‍കോന്നന്റെ പിന്‍മുറക്കാര്‍ക്ക് ചോപ്പന്‍ എന്ന സ്ഥാനപ്പേരും നല്‍കി. അങ്ങനെ വെട്ടത്തു നാട്ടില്‍ മാത്രമുള്ള തണ്ണീര്‍ ഭഗവതിയുടെ തീയ്യാട്ടവകാശികളുടെ ഏതോ പരമ്പരയില്‍ പിറന്ന ഒരു തെയ്യുണ്ണി ചോപ്പനും ഭാര്യ മാതിയും കൂടി ഇല്ലത്തെ ഏതൊ തമ്പുരാന്റ സമ്മതപ്രകാരം ഇല്ലം വക സ്ഥലത്ത് ഒരു കൂര വെച്ച് താമസമായി. ക്രമേണ കൂരയ്ക്ക് പുറത്ത് അവരുടെ കാരണവന്‍മാര്‍ക്കും കുലദൈവത്തിനും ഓരോരോ കല്ലിട്ട് കര്‍മ്മവുമായി. ഇല്ലത്തെ പുറ മ്പണിയും നായന്‍മാര്‍ക്ക് മാറ്റ് വയ്ക്കലും മറ്റുള്ളവര്‍ക്ക് ഉഴിഞ്ഞുവാങ്ങലുമൊക്കെയായി തെയ്യുണ്ണി ചോപ്പന്‍ സുഖമായി ജീവിച്ചു പോന്നു. തെയ്യുണ്ണിക്ക് ആണും പെണ്ണുമായി ഒന്നേ ഉണ്ടായിരുന്നുള്ളു. വേലായുധന്‍. വെട്ടിയും വെളിച്ചപ്പെട്ടും ഭഗവതി കാവുകളുടെ ആവേശമായി വേലായുധന്‍ ചോപ്പന്‍ വളര്‍ന്നു. ഭൂപരിഷ്‌കരണ നിയമം വരുന്നതിന് കുറച്ച് മാസങ്ങള്‍ മുമ്പാണ് ഇല്ലത്തെ കാരണവര്‍ വേലായുധന്‍ ചോപ്പന് ഒന്നര ഏക്കര്‍ ഭൂമി പതിച്ച് നല്‍കിയത്. കല്യാണിയെ കൈ പിടിച്ച് കൊണ്ടു വരുമ്പോള്‍ വേലായുധന്‍ ചോപ്പന്‍ നാട്ടിലെ അറിയപ്പെടുന്ന മന്ത്രവാദി കൂടിയായിരുന്നു. അല്പം കൃഷിയും ഇല്ലത്തെ പുറം കാര്യങ്ങളും മാട്ടും മാരണവും മന്ത്രവാദവുമായി വര്‍ഷകാലം കഴിച്ചുകൂട്ടും. പിന്നെ ആട്ടും പാട്ടും ആറാട്ടുമായി ഉത്സവക്കാലം വരും. ഉത്സവക്കാലത്ത് നിന്ന് തിരിയാന്‍ സമയമില്ലാത്ത ഒരാളായി വേലായുധന്‍ ചോപ്പന്‍ പരിണമിച്ച കാലത്തായിരുന്നു കല്യാണിയെ തുണയ്ക്ക് കൂട്ടിയത്. അന്ന് ഇരിക്ക കൂര ഇല്ലത്തെ പറമ്പിലായിരുന്നു. തെയ്യുണ്ണിയുടെ പുലകുളിയും ചാവടിയന്തിരവും കഴിഞ്ഞ് പിന്നെയും കാലം കുറച്ച് കഴിഞ്ഞിട്ടുണ്ടാവണം. പെട്ടന്നൊരു ദിവസം വല്യമ്പ ്രാന്‍ വിളിപ്പിക്കുകയായിരുന്നു വേലായുധനെ. ‘തെയ്യുണ്ണിയായിട്ടും വേലായുധനായിട്ടും ഏറെക്കാലയി മനയ്ക്കലെ പുറംപണിക്കാരാണല്ലോ. അതോണ്ട് വേലായുധന്‍ താമസിക്കുന്ന അവിടന്നങ്ങട് പുഴക്കര പാടം വരെ ഒരു ഒന്നര ഏക്കര്‍ വേലായുധനങ്ങട്ട് തരാന്ന് നിരീക്യാണ് – ‘വേലായുധന്‍ അത്ഭുതപ്പെട്ട് നിന്നതേയുള്ളു. പക്ഷെ അതൊരു വെറും വാക്കായിരുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞ് ഭൂമിയുടെ ആധാരം വേലയുധനെ ഏല്പിച്ചു. അതിന് മുമ്പ് തനിക്ക് സ്വന്തമായി ഭൂമിയില്ലായിരുന്നുവെന്നോ – അതിന് ശേഷം താനും ഒന്നര ഏക്കര്‍ ഭൂമിയുടെ ജന്‍മിയായി മാറിയെന്നോ വേലായുധനു തോന്നിയിട്ടില്ല. പിന്നെയറിഞ്ഞു ഇല്ലത്തെ സ്വത്തൊക്കെ ഭാഗിച്ചു. ഓരോന്നും ഓരോരുത്തരുടെ പേരിലാക്കി മാറ്റി. കൂട്ടത്തില്‍ കാര്യസ്ഥന്‍ അയ്യപ്പന്‍ നായര്‍ക്കും കിട്ടി കുറച്ചേറെ – അതുകൊണ്ടെന്താ ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ ഏഴൂര്‍ മനയ്ക്ക് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. പാട്ടക്കാരെ ഒക്കെയൊഴിപ്പിച്ച് വേണ്ടപ്പെട്ടോര്‍ക്ക് തീരാധാരം ഒരുക്കിയ വല്യമ്പൂരി വരാന്‍ പോണത് മുമ്പേ കണ്ടു.
ദേവീ ഭക്തനും കൗളാചാരക്കാരനും ഒക്കെ ആയിരുന്നുവെങ്കിലും കൊല്ലത്തില്‍ പതിനാല് ദിവസം വ്രതം നോറ്റ് തൈപ്പൂയത്തിന് പളനിയില്‍ പോകുന്ന ഒരു ശീലം കൂടിയുണ്ടായിരുന്നു വേലായുധന്‍ ചോപ്പന്. കുമാരന്‍ ചേനാര് എന്ന കുമാരന്‍പൂശാരിയാണതിന് കൂട്ട്. കൊല്ലം തോറും ഒരു സംഘം ആളുകളുമായി പാല്‍ക്കാവടിയെടുത്ത് ഊരു തെണ്ടി പളനിമല കേറുന്ന കുമാരന്‍ ചേനാര് വേലായുധന്‍ ചോപ്പന്റെ അടുത്ത സുഹൃത്തായിരുന്നു. നാട്ടിലെ ഈഴവ കുടുംബങ്ങളില്‍ ചില പ്രധാന ദിവസങ്ങളില്‍ നടന്നിരുന്ന സ്വാമി പൂജ അഥവാ ആണ്ടിമുട്ടു കലശത്തിന്റെ ആചാര്യനും കൂടിയായിരുന്നു കുമാരന്‍ ചേനാര്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ നാട്ടുകാര്‍ പൂശാരി എന്ന് ബഹുമാനത്തോടെ വിളിച്ചത്.
ഒരു കൊല്ലം തൈപ്പൂയം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ വേലായുധര്‍ ചോപ്പന്റെ കൂടെ ഏഴ് എട്ട് വയസ്സു പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ ഒരു ചെക്കനുമുണ്ടായിരുന്നു – വിശന്നുവലഞ്ഞ് മലയുടെ താഴെ തളര്‍ന്നിരിക്കുകയായിരുന്നു അവന്‍. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് അവന്റെ മുഖം കണ്ടാലറിയാം – ദയനീയമായ അവന്റെ രൂപം കണ്ടപ്പോള്‍ വേലായുധന്‍ ചോപ്പന് സഹിച്ചില്ല – അവന് വേണ്ട ഭക്ഷണം വാങ്ങി കൊടുത്തു – തിരിച്ചു പോരുമ്പോള്‍ അവന്‍ ചോദിച്ചുവത്രെ. ഞാനും കൂടെ വരട്ടെയെന്ന് – ഭക്ഷണം തന്നാല്‍ മതി, കഴിയുന്ന പണിയൊക്കെ ചെയ്യാം എന്ന്. പറഞ്ഞത് തമിഴിലാണെങ്കിലും പലപ്പോഴും മനുഷ്യന് കാര്യം മനസ്സിലാക്കാന്‍ ഭാഷ പോലും ആവശ്യമില്ലല്ലോ. വേലായുധന് കാര്യം മനസ്സിലായി. മക്കളില്ലാതിരുന്ന വേലായുധന്‍ ചോപ്പന് പിന്നെ അവനെ ഉപേക്ഷിച്ച് പോരാന്‍ കഴിഞ്ഞില്ല – അവന്റെ കയ്യും പിടിച്ചാണ് അയാള്‍ തീവണ്ടിയില്‍ കേറിയത്. കുമാരന്‍പൂശാരി പലതരത്തില്‍ പറഞ്ഞ് പിന്‍തിരിപ്പിക്കുവാന്‍ നോക്കി. എന്നാല്‍ തന്റെ പ്രാര്‍ത്ഥന കേട്ട ഭഗവാന്‍ മുരുകന്‍ തനിക്ക് കൊണ്ടുവന്ന് തന്നതാണ് അവനെ എന്നദ്ദേഹം വിശ്വസിച്ചു. അവന്റെ പേരോ നാളോ നാടോ ഒന്നും വേലായുധന്‍ ചോപ്പന്‍ അന്വേഷിച്ചില്ല. അവന് ചോപ്പന്‍ ഒരു പേരിട്ടു. ആണ്ടവന്‍ – ‘നമ്മളെ കാലൊന്ന്വല്ല ഇനി വരാന്‍ പോവണത് – അവനെ നാലക്ഷരം പഠിപ്പിച്ചോ വേലായുധാ. അല്ലാച്ചാല്‍ അതിന് പെഴച്ച് പോവാന്‍ കഴിഞ്ഞൂന്ന് വരില്യ’. വല്യ നമ്പൂരിയുടെ ഉപദേശപ്രകാരം ആദ്യം അവനെ കളരിക്കല്‍ പണിക്കരുടെ എഴുത്ത് കളരിയില്‍ ചേര്‍ത്തു. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അവന്റെ സാമര്‍ത്ഥ്യം ആശാന്‍ പെട്ടന്ന് മനസ്സിലാക്കുകയും ചെയ്തു. ആശാന്റെ പൂഴി മണലില്‍ നിന്നും പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഠിക്കേണ്ടവനാണവന്‍. പഠിക്കാനുള്ള അവന്റെ കഴിവ് മനസ്സിലാക്കിയ ആശാന്‍ പറഞ്ഞതനുസരിച്ച് ചോപ്പന്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. ക്ലാസില്ലാത്ത ദിവസങ്ങളില്‍ വേലായുധന്റെ വാലായ് അവന്‍ ദേശങ്ങള്‍ ചുറ്റി. ഉത്സവങ്ങള്‍ക്കും മന്ത്രവാദങ്ങള്‍ക്കും കൈയാളായി. ആണ്ടിമുട്ട് കലശത്തിന് പോകുമ്പോള്‍ കുമാരന്‍ ചേനാര് വന്ന് വേലായുധനോട് ചോദിക്കും-‘എടോ ഇന്ന് ഒരു കലശണ്ട് – ആണ്ടവനെ എന്റെ കൂടെ ഒന്ന് വിടോ – ഒരു കൈ സഹായത്തിന്‌സാക്ഷാല്‍ ആണ്ടവന്റെ മകനല്ലെ അവന്‍ ?’ അവനെ സ്വാമി പൂജയ്ക്ക് പറഞ്ഞയക്കാന്‍ വേലായുധന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. ആളുകള്‍ അവനെ കളിയാക്കി വിളിച്ചു. ആണ്ടി പൂശാരി. തണ്ണീര്‍ ഭഗവതിയ്ക്ക് അവന്‍ ഊറ്റം കൊണ്ട വെളിച്ചപ്പാടായി – ആണ്ടവന് പൂശാരിയും. പക്ഷെ വളര്‍ന്നു വന്നപ്പോഴും അവനെ നാട്ടുകാര്‍ വിളിച്ചത് ആണ്ടിപ്പൂശാരിയെന്നായിരുന്നു. അതായിരുന്നു ആണ്ടിപ്പൂശാരിയുടെ ചരിത്രത്തിന്റെ ആരംഭം- കഥകളൊക്കെ പലര്‍ക്കുമറിയാമായിരുന്നുവെങ്കിലും ആണ്ടിയ്ക്ക് അച്ഛന്‍ വേലായുധനും വേലായുധന് മകന്‍ ആണ്ടവനുമായിരുന്നു. വേലായുധന്റെ ‘ആണ്ടവോ —-‘ എന്ന നീട്ടി വിളിയും അതിന് സംഗീതാത്മകമായ ആണ്ടവന്റെ ‘അച്ഛേയ്…’ എന്ന മറുപടിയും നട്ടുച്ച പൊള്ളി കിടന്ന വേനല്‍പാടങ്ങളിലും ഇടവപ്പാതിയില്‍ കരകവിഞ്ഞൊഴുകിയ പുഴവക്കത്തും മാറ്റൊലി കൊണ്ടിരുന്നു. അച്ഛന്റെ ആണ്ടവനായും അമ്മയുടെ പൊന്നു വായും സാക്ഷാല്‍ ആണ്ടവന്റെ പൂശാരിയായും ഭഗവതിയുടെ വെളിച്ചപ്പാടായും പലതായി അവതരിച്ച ആണ്ടിയുടെ ചരിതം അങ്ങനെ ഒരു ഗ്രാമത്തിന്റെ ഇതിഹാസമെഴുതി തുടങ്ങിയിരുന്നു. കുമാരന്‍ – സാക്ഷാല്‍ സുബ്രഹ്മണ്യന്‍ മംഗല സ്വരൂപിയായ് വാണരുളുന്ന കുമരമംഗലം ദേശത്ത് അങ്ങനെ ആണ്ടി പൂശാരിയ്ക്കും ഒരിടമുണ്ടായി. കുമരമംഗലത്ത് കാലാകാലങ്ങളില്‍ ലോപിച്ച് ലോപിച്ച് കോരങ്ങത്ത് ആയി – അങ്ങനെ കോരങ്ങത്തെ ആണ്ടിപ്പൂശാരി ഭഗവതിയെ തോറ്റിയുണര്‍ത്തി. വെട്ടിയും വെളിച്ചപ്പെട്ടും കരക്കാരുടെ വീര പുരുഷനായി കാരണവന്‍മാര്‍ ഭയഭക്തിബഹുമാനത്തോടെ അയാളെ കണ്ടാല്‍ ആചാരം ചൊല്ലി. എങ്കിലും ചില കുട്ടികള്‍ പരസ്പരം പറഞ്ഞു ‘ആണ്ടി പൂശാരിയ്ക്ക് നൊസ്സാണ്. അടുത്തേയ്‌ക്കൊന്നും പോവണ്ട – എപ്പളാ എളകാന്ന് പറയാന്‍ പറ്റില്യ’ കുട്ടിക്കാലത്ത് ഇല്ലത്തെ ഭവത്രാതന്‍ നമ്പൂരിയുടെ. മകന്‍ സ്‌കന്ധന്‍ നമ്പൂരിയും അത്ഭുതത്തോടെ ആ കഥയൊക്കെ കേട്ടിട്ടുണ്ട്. ഭയവും ആരാധനയും നിറഞ്ഞ കണ്ണുകളാല്‍ ആണ്ടി പൂശാരിയെ കണ്ടുനിന്നിട്ടുണ്ട്. പിന്നെ പിന്നെ അത് വെറുപ്പ് മാത്രമായി മാറി. അതിന് കാരണവുമുണ്ട്. വരച്ചും മായ്ച്ചും മനസ്സില്‍ പതിഞ്ഞു പോയ വെറുപ്പിന്റെ ഒരു ചിത്രം മാത്രമാണ് ഇപ്പോള്‍ ഇല്ലത്തെ കുട്ടിയ്ക്ക് മനസ്സിലുള്ളത്. ആ കുട്ടിയെ അവസാനമായി ഒന്നു കാണണമെന്നാണ് ആണ്ടിപ്പൂശാരി ആഗ്രഹിച്ചത്. ആ ആഗ്രഹം തീര്‍ക്കാനാണ് ഇല്ലത്തെ കുട്ടിയായ സ്‌കന്ധന്‍ നമ്പൂതിരിയെ അയ്യപ്പന്‍ നായര്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. മണ്ണാന്റെ മരണമൊഴി കേള്‍ക്കാന്‍ ഒരു തമ്പ്രാന്‍ കുട്ടിയ്‌ക്കോ നിയോഗം ?
(തുടരും)