നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തുകയെന്ന ലോകത്തിലെ അപൂര്‍വ്വം സംഭവങ്ങളിലൊന്ന് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തുകൊണ്ട് നമ്പര്‍വണ്‍ കേരളം മുന്നണി ഭരണത്തിന്റെ കെട്ടുകാഴ്ചകളിലേക്ക് ഒരിനം കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഭാരതത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന പദവിയോടെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ കാത്തുകെട്ടി നില്‍ക്കുന്ന പിണറായി സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനും ഈ സ്വര്‍ണ്ണക്കടത്തിലുള്ള പങ്കും എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ നില്‍ക്കുന്ന സിപിഎമ്മിന്റെ കപട നിഷ്‌ക്കളങ്കതയുമാണ് ഈ കേസിനെ വിവാദത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിഷയമായതിനാല്‍ അന്വേഷണം പെട്ടെന്നുതന്നെ ദേശീയ അന്വേഷണ ഏജന്‍സിക്കു വിട്ടതോടെ ഈ കേസിന്റെയും അതോടൊപ്പം അന്വേഷിക്കുന്ന എല്ലാ സ്വര്‍ണ്ണക്കടത്തുകേസുകളുടേയും വിധി പതിവില്‍ നിന്നു വ്യത്യസ്തമാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ടു ബന്ധമുള്ള ഒരു വനിത കൂടി ഉള്‍പ്പെട്ടതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു സമാനമായ ഒരു സാഹചര്യത്തിലേക്ക് പിണറായി സര്‍ക്കാരും എത്തിനില്‍ക്കുകയാണ്. ഇരുമുന്നണികളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ അതുകൂടി ഈ കേസോടെ ഇല്ലതായിത്തീര്‍ന്നിരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കും നാടിന്റെ സുരക്ഷക്കും പുരോഗതിക്കും പകരം സ്വന്തം സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളും അഴിമതിയുമാണ് ഇരുമുന്നണികളെയും നയിക്കുന്നതെന്ന വസ്തുതയിലേക്കും ഈ സ്വര്‍ണ്ണവേട്ട വിരല്‍ചൂണ്ടുന്നു.
കഴിഞ്ഞ ജൂണ്‍ 3ന് ദുബായിയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ നയതന്ത്രബാഗില്‍ നിന്ന് 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ചും ഭാരതത്തിന്റെ തന്നെ കസ്റ്റംസ് പ്രിവന്‍ഷന്‍ മാന്വല്‍ പ്രകാരവും നയതന്ത്ര ബാഗുകള്‍ തടഞ്ഞുവെക്കാനോ തുറന്നുനോക്കാനോ പാടില്ലാത്തതാണ്. ബാഗില്‍ സ്വര്‍ണ്ണമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് വിദേശമന്ത്രാലയത്തിന്റെ അനുവാദത്തോടെ കസ്റ്റംസ് അധികൃതര്‍ ബാഗ് തുറന്നുനോക്കിയതോടെയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം പങ്കുള്ള അഴിമതിയുടെയും വ്യാജ ഇടപാടുകളുടെയും പരമ്പര തന്നെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ ഉദ്യോഗസ്ഥനെ ബലിയാടാക്കിക്കൊണ്ട്, അവധിയെടുപ്പിച്ച് വീട്ടിലിരുത്തിക്കൊണ്ട് കേസില്‍ നിന്ന് തല്‍ക്കാലം തലയൂരാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചെങ്കിലും സര്‍ക്കാരിനെ ബാധിച്ച കളങ്കം അത്രവേഗം കഴുകിക്കളയാന്‍ കഴിയുമെന്നു തോന്നുന്നില്ല. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കഠിനാദ്ധ്വാനം ചെയ്ത് പഠിച്ച് പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാന്‍ യോഗ്യത നേടുമ്പോള്‍ പലരെയും പറ്റിച്ച്, കേസുകളില്‍ പ്രതിയാക്കപ്പെട്ട യുവതി, വ്യാജബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ വന്‍ ശമ്പളത്തില്‍ ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റ് പദവിയിലെത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും താല്പര്യങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ്. സി.പി.എം. നേതൃത്വം അറിയാതെ ഒരീച്ച പോലും പറക്കാറില്ല എന്നു പറയാറുള്ള സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സ്വര്‍ണ്ണക്കടത്തിനേക്കാള്‍ വലിയ ഇത്തരം അഴിമതികളും നടന്നിരിക്കുന്നത്. സാധാരണ ഒരു ക്ഷേത്രക്കമ്മറ്റിയില്‍ കൂടി സ്വന്തം അംഗങ്ങളെ എത്തിക്കാന്‍ ശ്രമിക്കാറുള്ള, സര്‍ക്കാര്‍ സര്‍വ്വീസില്‍ ശക്തമായ സംഘടനാ സംവിധാനമുള്ള സി.പി.എമ്മിന് ഇത്രയും വലിയ ശമ്പളമുള്ള ഒരു തസ്തികയിലേക്കുള്ള നിയമനത്തിന്റെ കാര്യത്തില്‍ പങ്കില്ല എന്ന് ആരും വിശ്വസിക്കുമെന്നുതോന്നുന്നില്ല. നാലു വര്‍ഷമായി മുഖ്യമന്ത്രിയുടെ ഒപ്പം നിഴല്‍ പോലെ നടന്ന സെക്രട്ടറി അദ്ദേഹത്തിന്റെ ഓഫീസിലെ സര്‍വ്വ കാര്യങ്ങളിലും അധികാരമുള്ളയാളാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. ഒരു തീയതി പോലും വെക്കാതെ, ഒരു സര്‍ക്കാര്‍ നടപടിയും പാലിക്കാതെ സ്പ്രിംഗ്ലര്‍ കമ്പനിയുമായി കരാറുണ്ടാക്കിയതിനു പിന്നിലും ഇതേ ഉദ്യോഗസ്ഥനായിരുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ എല്ലാ കുറ്റങ്ങളും അയാള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. സ്വന്തം ആശ്രിതനെ കൈയൊഴിയേണ്ടിവന്നതിലൂടെ സ്വര്‍ണ്ണക്കടത്തിലുള്ള പങ്ക് പരോക്ഷമായി സമ്മതിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.
കോവിഡ് കാലത്തും കേരളത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് പെരുകിവരികയാണ്. ഇവിടെ നടക്കുന്ന സ്വര്‍ണ്ണക്കടത്തിന്റെ പിന്നിലെ വസ്തുതകള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കേസരി വാരിക ഒരു മുഖലേഖനത്തിലൂടെ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം സ്വര്‍ണ്ണക്കടത്തുകാരുടെ സ്വാധീനവലയത്തിലാണ്. കോവിഡ് കാലത്ത് കഴിഞ്ഞ ജൂണ്‍ 25വരെയുള്ള കാലയളവില്‍ വന്ദേ ഭാരത് മിഷനിലൂടെയും ചാര്‍ട്ടേഡ് ആയും വന്ന വിമാനങ്ങളില്‍ നിന്നുപോലും കേരളത്തിലെ നാലു വിമാനത്താവ ളങ്ങളില്‍ നിന്ന് 1.52 കോടി രൂപയുടെ സ്വര്‍ണ്ണമാണ് 10 സംഭവങ്ങളിലായി പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ 1473 കോടി രൂപയുടെ 4522 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണ്ണക്കള്ളക്കടത്തും ഭീകരപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. അയര്‍ലെന്റ് സ്വദേശിയെ ഉപയോഗിച്ച് 21 തവണയായി 126 കിലോ സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്തിയതായി 2016ല്‍ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണം കൈപ്പറ്റിയ കലൂര്‍ സ്വദേശി പിടിക്കപ്പെടുമെന്നായപ്പോള്‍ വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് ഇറാനിലേക്കു കടന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന ഒരു സംഘം തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന തിരിച്ചറിവിലേക്കാണ് ഈ അന്വേഷണം എത്തിയത്. വടക്കന്‍ കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായശേഷം ഇസ്ലാമിക ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന ആളുകള്‍ക്കും ഇതേ സംഘമാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിച്ചുകൊടുത്തത്. സ്വര്‍ണ്ണക്കള്ളക്കടത്തും രാഷ്ട്രവിരുദ്ധ ശക്തികളും തമ്മിലുള്ള ബന്ധത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്തിനു പിന്നിലുള്ള ശക്തികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം രാഷ്ട്രവിരുദ്ധ ശക്തികളുടെ സ്വാധീനത്തിന്റെ സൂചനയാണ്. കേരളത്തിലെ എല്ലാ സ്വര്‍ണ്ണക്കടത്തു കേസുകളും അന്വേഷിക്കാനുള്ള കേന്ദ്ര തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. എന്‍.ഐ.എയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിലൂടെ രാഷ്ട്രദ്രോഹശക്തികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിയണം. അത്തരം ശക്തികളെ വളര്‍ത്തുന്ന, അവര്‍ക്കു കൂട്ടുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.