പഴക്കത്തിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മുറിയില്‍ നിന്ന് വായു പുറത്തേയ്ക്കു ചാടുവാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് ആ ജനവാതില്‍ ഒന്ന് തുറന്നിടാന്‍ ആഗ്രഹിച്ചത്. താന്‍ പോയതിന് ശേഷം പിന്നെ ആരും ആ മുറി ഉപയോഗിച്ചിട്ടില്ല. ഇടയ്ക്ക് മാളുവമ്മ വന്ന് അടിച്ചു തുടച്ച് വൃത്തിയാക്കിയിട്ടുണ്ടാവും. അത് ആ അമ്മയ്ക്ക് നിര്‍ബന്ധമാണല്ലോ. ആമവാതം കൊണ്ടുള്ള കാല്‍മുട്ടു വേദന കാരണം മാളുവമ്മയ്ക്കീ കോണിപ്പടി കയറുന്നത് വളരെ പ്രയാസമാണെങ്കിലും തന്നോടുള്ള സ്‌നേഹം കൊണ്ട് അവര്‍ കുത്തിപ്പിടിച്ച് കയറിയിട്ടുണ്ടാവും –
‘ന്നാലും ഈ കുട്ടിയ്ക്ക് താഴെയെങ്ങാനും കിടന്നാല്‍ പോരെ -മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ – ‘ എന്നവര്‍ പല പ്രാവശ്യം ആരോടെന്നില്ലാതെ പറഞ്ഞിട്ടുണ്ടാവണം. ജനല്‍ തുറ- ന്നിട്ടപ്പോഴാണ് നിലാവിന്റെ ഓളങ്ങളില്‍ നീന്തി തുടിക്കുന്ന കാര്‍മേഘങ്ങളെ കണ്ടത്. അത് നോക്കിയിരിക്കാന്‍ നല്ല രസമാണ്. ഈ പഴയ എട്ടു കെട്ടിന്റെ രണ്ടാം നിലയിലെ വിശാലമായ മുറിയിലാണ് തന്റെ ഓര്‍മ്മകളുടെ മണം പരതി നടക്കുന്നതെന്നവനറിയാം. അതു കൊണ്ടു തന്നെ ഇല്ലത്തുണ്ടെങ്കില്‍ ഇവിടെ തന്നെ കിടക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമാണ്. പത്തിരുപത് മുറികളുള്ള, ഈ എട്ടുകെട്ടിന് താഴെത്തെ നില കൂടാതെ രണ്ടു നിലയുണ്ട്. പണ്ടൊക്കെ കൂട്ടു കുടുംബ വ്യവസ്ഥിതിയായിരുന്നതു കൊണ്ട് ഇഷ്ടംപോലെ ആളുകളുണ്ടായിരുന്നു വെത്രെ. പക്ഷെ തന്റെ ഓര്‍മ്മയില്‍ അച്ഛനും മുത്തച്ഛനും മുത്തശ്ശിയും അച്ഛമ്മ എന്നു വിളിക്കുന്ന മുത്തശ്ശിയുടെ അനുജത്തിയും അമ്മയും മാത്രം. അച്ഛനും മുത്തച്ഛനും പോയതില്‍ പിന്നെ മുത്തശ്ശിയും അച്ഛമ്മയും അമ്മയും മാത്രമായി. അവര്‍ മൂന്നു പേരും താഴെ ഒരു മുറിയിലാണ് ഉറങ്ങാറുള്ളത്. പത്തായപ്പുരയില്‍ അയ്യപ്പന്‍ നായരും കുടുംബവുമുണ്ട്. അവരാണ് എല്ലാ കാര്യത്തിനും ഇല്ലത്തുള്ളവരുടെ ആശ്രയം. അയ്യപ്പന്‍ നായരുടെ ഭാര്യയാണ് മാളുവമ്മ.
‘കുട്ട്യേ ഒറങ്ങിയോ?’ അയ്യപ്പന്‍നായരാണ് – അതു പറഞ്ഞു കൊണ്ടാണ് അയ്യപ്പന്‍ നായര്‍ കടന്നുവന്നത്. ‘മോന്‍ വന്നൂന്നറിഞ്ഞു – തേങ്ങ വിറ്റ കാശു വാങ്ങാന്‍ ആ കമ്മതാജീന്റെ വീടു വരെയൊന്നു പോയി. അവിടെയിരുന്ന് അയാളോടൊന്നും രണ്ടും പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്യ. ഉച്ചവരെ ഫോണ്‍ വിളി കേക്കാത്തോണ്ട് കുട്ടി നാളേ ണ്ടാവൂന്നാ കരുത്യേ -‘ അയ്യപ്പന്‍ നായര്‍ പറഞ്ഞു നിറുത്തുന്നതിന് മുമ്പേ അയാള്‍ ചോദിച്ചു.
‘അതു പോട്ടെ അയ്യപ്പനായരെ ന്തിനാ ലീവ് കിട്ടൂച്ചാ ഒന്ന് വന്നു പോണംന്ന് പറഞ്ഞത്. എക്‌സാമൊ ക്കെ ആയി തുടങ്ങി. ഇപ്പോള്‍ ലീവ് എടുക്കുന്ന തത്ര നല്ലതല്ല – ന്നാലും അയ്യപ്പ നായര് വെറുതെ വിളിക്കില്യ – എന്തെങ്കിലും അത്യാവശ്യം ണ്ടാവും എന്ന് തോന്ന്യപ്പോള്‍ രാവിലെ തന്നെ പുറപ്പെട്ടു.- എന്താത്ര അത്യാവശ്യം ?.’
‘അത്ര അത്യാവശ്യം ഒന്നും ഇല്യ – പിന്നെ നമ്മളെ – ആ ആണ്ടി പൂശാരിയില്ല്യേ – അയാള്‍ക്ക് തീരെ സുഖല്യ – കുട്ടിയെ ഒന്ന് കാണണം ന്ന് ഒരു മോഹം – അതാ ഞാന്‍ വരാന്‍ പറഞ്ഞത്.’
‘എന്തൊരു കഷ്ടാ അയ്യപ്പന്‍നായരേ ഇത്? ആ പൂശാരിയ്ക്ക് വയ്യാത്തേന് ഞാനെന്തിനാ വരുണത്?-അയാളുടെ ബന്ധുക്കളൊ കുടുംബക്കാരോ ഒക്കെ അല്ലേ വരേണ്ടത്. ന്നെ കാണണംന്ന് അയാള്‍ക്ക് തോന്നാനെന്താ കാരണം.? നിക്കൊന്നും മനസ്സിലാവ്ണല്യ – വെറുതെ വിളിച്ച് വരുത്ത്യപോലായല്ലോ – ന്നാലും കഷ്ടം ണ്ട് ട്ടോ- -‘
‘വയസ്സായ ഓരോരുത്തരുടെ ആഗ്രഹല്ലേ – ന്നാ കുട്ടി ഒറങ്ങിക്കോളു. നാളെ നമുക്ക് പോയ് അയാളെ ഒന്ന് കാണാം. മറ്റന്നാള്‍ മോന് തിരിച്ചുപോവ്വേം ആവാം – ക്ഷീണണ്ടാവും വേഗം ഒറങ്ങിക്കോളു- ‘ അയ്യപ്പന്‍ നായര്‍ മുറിയ്ക്ക് പുറത്തിറങ്ങി –
ഏകാന്തതയുടേയും പഴക്കത്തിന്റേയും മണം മുറിയില്‍ എന്തോ പരതി നടക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റ് മേലാസകലം ഇഴഞ്ഞുകയറുകയായിരുന്നു. ഓര്‍മ്മകള്‍ക്ക് ഇറങ്ങി നടക്കാന്‍ ഇതിലും അനുയോജ്യമായ ഒരന്തരീക്ഷം വേറെയുണ്ടാവില്ല. ‘ഒറ്റയ്ക്കിവിടെ കെടക്കാന്‍ പേടി ആവ്ണ്‌ല്യേ കുട്ട്യേ -‘ എന്ന അച്ഛന്റെ ചോദ്യം ഇതിനുള്ളിലുടെ കറങ്ങി നടക്കുന്നുണ്ട്-
അല്ല എന്തിനാവും ആണ്ടി പുശാരി തന്നെ കാണണ മെന്നാഗ്രഹിച്ചത് – അയാള്‍ക്കും തനിക്കുമായിട്ടെന്താണ് ബന്ധം? അമ്പലത്തിലെ ഉത്സവത്തിന് ഉറഞ്ഞ് തല വെട്ടിപ്പൊളിച്ച് മുഖം നിറച്ച് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ആണ്ടി പൂശാരിയുടെ രൂപം ബാല്യത്തിന്റെ ഓര്‍മ്മ ചെപ്പില്‍ നിന്ന് പുറത്തേയ്ക്ക് തലനീട്ടി. അന്നൊക്കെ ഭയം കലര്‍ന്ന വലിയൊരാരാ ധനയായിരുന്നു അയാളോട്. അയാളുടെ അച്ഛന്‍ വേലായുധ നേയും കണ്ട ചെറിയ ഓര്‍മ്മയുണ്ട്. വേലായുധന്‍ സ്ത്രീകളെ പോലെ മുടി പിന്നില്‍ കെട്ടിവെച്ചിരുന്നു. അയാള്‍ അത്യാവശ്യം കറുത്ത് തടിച്ച ഒരാളായിരുന്നു. എന്നാല്‍ മകന്‍ ആണ്ടി പൂശാരിയാകട്ടെ നല്ല വണ്ണം വെളുത്തിട്ടും. ആണ്ടി പൂശാരിക്കുമുണ്ട് ചുരുണ്ട് നീണ്ട മുടി. കാണാന്‍ സുന്ദരനായിരുന്നു അരോഗദൃഢഗാത്രനായിരുന്ന ആണ്ടി പൂശാരി. ബാല്യത്തിന്റെ ഒരു ഘട്ടത്തില്‍ പൂശാരിയോട് അടുപ്പം കൂടുതലായിരുന്നു. ഇല്ലത്തെ നിത്യ സന്ദര്‍ശകന്‍മാരിലൊരാളായിരുന്നു വല്ലോ അദ്ദേഹം – ഇടയ്ക്ക് കഥകള്‍ പറഞ്ഞു തരും – ദേവീദേവന്‍മാരെ കുറിച്ച്, നാട്ടിലെ പ്രമാണിമാരെ കുറിച്ച്, രാത്രി ഇറങ്ങി നടക്കുന്ന യക്ഷികളെ കുറിച്ച്, ഒടിയന്‍മാരെ കുറിച്ച് അങ്ങനെ എത്രയെത്ര കഥകള്‍? എങ്കിലും അദ്ദേഹത്തിനിപ്പോള്‍ തന്നെ കാണണമെന്ന് തോന്നാനെ ന്തായിരിക്കും കാരണം?- പഠനവുമായി ബന്ധപ്പെട്ട് മധുരയില്‍ താമസമാക്കിയതില്‍ പിന്നെ ആണ്ടി പൂശാരിയെ കണ്ടിട്ടില്ല – രണ്ട് കൊല്ലം കഴിഞ്ഞു അയാളെ കണ്ടിട്ട്. ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസത്തെ ലീവിന് വരുമ്പോള്‍ അമ്മ പറയും ‘കുട്ട്യേ – ആ പൂശാരി എന്നും നിന്നെ അന്വേഷിക്കും. പോകുന്നേന് മുമ്പ് അയാളെ ഒന്ന് കണ്ടോളോണ്ടൂ- ‘-തല കുലുക്കി സമ്മതം പറയുമെങ്കിലും അതിനുവേണ്ടി ശ്രമിച്ചിട്ടില്ല – അല്ലെങ്കിലും രണ്ടോ മൂന്നോ ദിവസത്തെ ലീവാണു ണ്ടാവുക. അപ്പോള്‍ പുറത്തിറങ്ങാന്‍ തന്നെ തോന്നില്ല -മുത്തശ്ശിയ്ക്ക് ഏറെ പറയാനുണ്ടാവും -അത് കേട്ടു കഴിയുമ്പോളേക്കും അച്ഛമ്മ വരും ‘നിയ്ക്ക് ന്റെ കുട്ടിയെ കണ്ണു നിറച്ചൊന്നു കാണാനും കൂടി കിട്ടിയില്യ – ‘ എന്ന പരാതിയുമായി. അവരോട് സംസാരിച്ച് കളിച്ച് ചിരിച്ച് ആ ഒന്നോ രണ്ടോ ദിവസം കടന്നു പോകുന്നതറിയില്ല. സത്യത്തില്‍ താന്‍ വരുമ്പോളാണ് അവരൊക്കെ ജീവിക്കുന്നത് എന്നറിയാം. എഞ്ചിനീയറിംഗിന് മധുരയില്‍ കൊണ്ടാക്കുന്നതിനോട് അച്ഛമ്മയ്ക്കും മുത്തശ്ശിയ്ക്കും എതിര്‍പ്പായിരുന്നു. എന്നാല്‍ അച്ഛന്‍ പറഞ്ഞു. ‘കുട്ടികള്‍ ലോകം കണ്ടു വളരണം. പല സംസ്്കാരങ്ങളുമായി അടുത്തിടപഴകണം. അപ്പോഴെ അവരുടെ മനസ്സ് വിശാലമാകു. ഈ എട്ട്‌കെട്ട് മാത്രമാണ് ലോകം ന്നീരീച്ച് – ഇതിന്റെ ഉള്ളില്‍ തളച്ചിട്ടാല്‍ ന്നപ്പോലെ ഒരു കിണറ്റിലെ തവളയായി പോകും. – അവന്‍ ലോകം കാണട്ടെ -‘ അച്ഛന്റെ നിര്‍ബന്ധമായിരുന്നു മധുരയിലെ പഠനം – ‘അല്ലെങ്കില്‍ തന്നെ പഠിച്ചിട്ട് ഇപ്പൊ എന്തിനാ? ആ കുട്ടിയ്ക്കും അയിന്റെ നാല് തലമുറയ്ക്കും കഴിയാനുള്ളത് ഇവിടെ ല്യേ?’ എന്ന അയ്യപ്പന്‍ നായരുടെ ചോദ്യത്തിനൊന്നും അച്ഛന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല -പോകുന്നതിന് മുമ്പേ-അച്ഛന്‍ മൂന്ന് വെറ്റിലയും ഒരു അടയ്ക്കയും അമ്പത് രൂപയും തന്ന് പറഞ്ഞു. ആ ആണ്ടി പൂശാരിയ്ക്ക് ദക്ഷിണ കൊടുക്കണം. കാല് തൊട്ടനുഗ്രഹം വാങ്ങണം -അത് ശരിക്കും അത്ഭുതപ്പെടുത്തി. ഇല്ലത്തെ ആരെങ്കിലും അതും താഴ്ന്ന ജാതിക്കാരുടെ കാലു തൊടുന്നതൊന്നും അതിന് മുമ്പ് കണ്ടിട്ടില്ല. ഇവിടെ മാത്രമല്ല, കുടുംബത്തിലെവിടെയും. അമ്മാത്തുള്ളവരൊക്കെ അത് കേട്ടാല്‍ സഹിക്കുമെന്നും തോന്നിയിട്ടില്ല. എന്നാല്‍ അച്ഛന് ഉത്തരമുണ്ടായിരുന്നു – ജാതി മനുഷ്യരുണ്ടാക്കിയതാ- ജന്‍മംകൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത് – ചിലപ്പോള്‍ തോന്നിയിട്ടുണ്ട് അച്ഛന്റെ മനസ്സ് എത്ര വിശാലമാണെന്ന്. ഈ ഗ്രാമത്തിനപ്പുറം ഏറിയാല്‍ ഗുരുവായൂര് വരെയല്ലാതെ അച്ഛന്‍ എവിടേയ്‌ക്കെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്നെ ചേര്‍ത്താന്‍ വേണ്ടി മധുരയ്ക്ക് വന്നത് മാത്രമാണ്. പിന്നെ അദ്ദേഹം പഠിച്ച കോളേജുവരേയും. പുറം ലോകം കണ്ടതുകൊണ്ടൊന്നുമല്ല മനസ്സ് വിശാലമാകുന്നത്.- ജാത്യാചാരങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങിക്കിടന്ന പിന്നാക്ക സമുദായങ്ങളുടെ ചരിത്രം പാഠപുസ്തകങ്ങളില്‍ കുരുങ്ങിക്കിടന്ന തൊന്നുമല്ല, ഇവിടെ കണ്ടത്. വര്‍ണ്ണാവര്‍ണ്ണ വിവേചനത്തിന്റെ കുശുമ്പും കൂറുമ്പുമൊന്നും അച്ഛന്റെ വാക്കുകളില്‍ കേട്ടിട്ടില്ല.
അച്ഛനും ആണ്ടി പൂശാരിയും മാറി മാറി ഓര്‍മ്മകളില്‍ നിന്ന് ഇറങ്ങി വരികയാണ്. എങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്തത് – ആണ്ടി പൂശാരിയ്ക്ക് തന്നെ കാണേണ്ട ആവശ്യം, അതെന്താണെന്നതു മാത്രമാണ്.
ജാലകം വഴി തണുത്ത കാറ്റ് ഒഴുകിയെത്തുന്നുണ്ട്. നിശാ പക്ഷി കളുടെ ശ്രുതിരഹിതമായ സംഗീതവും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. അര്‍ദ്ധരാത്രിയുടെ മന്ത്രക്കളങ്ങളില്‍ മാരണവിദ്യ നടത്തുന്ന പുള്ളും കുത്തിച്ചൂളാനും മുത്തശ്ശി പറഞ്ഞ കഥകളില്‍ നിന്ന് പറന്നു വരുന്ന സമയം. അയാള്‍ മെല്ലയെഴുന്നേറ്റ് ജനവാതില്‍ അടച്ചു. പുറത്തു നിന്നു വരുന്ന ശബ്ദങ്ങളെ ഏതെങ്കിലും വാതില്‍ കൊട്ടിയടച്ച് ഒഴിവാക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ അകത്തുനിന്നു കേള്‍ക്കുന്നവ എങ്ങനെ ഒഴിഞ്ഞു പോവാനാണ്. അകത്തിപ്പോഴും ആണ്ടി പൂശാരിയുടെ അര മണി കിലുങ്ങുന്നു – കാല്‍ച്ചിലമ്പ് ചിലമ്പുന്നു. അതിനിടയിലൂടെ – ഉഗ്വേയ് – ങ്ഹ – – ങാ ഹ — എന്ന അട്ടഹാസം പ്രകമ്പനം കൊള്ളുന്നു – ഉത്സവപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന ചെണ്ടയുടെ ദ്രുതതാളത്തിനൊത്ത് നൃത്തച്ചുവടകള്‍ വച്ച് വളരുകയാണ് പൂശാരി. രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കം തൂങ്ങിയ തന്നെ തോളിലിട്ട് അച്ഛന്‍ മുമ്പില്‍ നടക്കും പിന്നില്‍ ടോര്‍ച്ചടിച്ച് കൊണ്ട് അയ്യപ്പനായരും. ‘വേലായുധന്‍ ചോപ്പനേക്കാള്‍ ഊറ്റം കൂടുതല് ആണ്ടിയ്ക്ക് തന്നെ ല്ലെ അയ്യപ്പോ?’ – ‘അതയതെ – കെട്ടിച്ചിറ്റിയാല്‍ സാക്ഷാല്‍ ഭഗവതിയാണന്നേ തോന്നു’- പാതിമയക്കത്തിലാണ് അവരുടെ വാക്കുകള്‍ കേട്ടിരുന്നത്. അന്നൊക്കെയുള്ള ആ ഭയഭക്തി ബഹുമാനമൊക്കെ നഷ്ടപ്പെട്ടത് പത്തില്‍ പഠിക്കുമ്പോഴാണ്. പിന്നീട് അയാളോടെന്തോ വെറുപ്പായി. കാണുന്നതു പോലും ഇഷ്ടമല്ലാതായി. അയാള്‍ സ്‌നേഹം കാണിച്ച് അടുത്തു വരുമ്പോള്‍ കരുതി കൂട്ടി അകന്നു നടന്നു. ഇപ്പോഴും എന്തോ ഒരു വെറുപ്പുണ്ട്. കാണണമെന്ന് തോന്നുന്നേയില്ല.- പക്ഷെ എങ്ങിനെ ഒഴിഞ്ഞുമാറാനാണ്. ഓര്‍മ്മയുടെ ഉത്സവപ്പറമ്പുകള്‍ മുഴുവന്‍ കേള്‍ക്കെ അയാള്‍ അലറി വിളിക്കുകയല്ലേ – ‘നിക്ക് കാണണം – അവസാനമായിട്ടൊന്ന് കാണണം’ എന്ന്. കാണണം -പലരും പരിഹസച്ചത് മനസ്സില്‍ ഉറഞ്ഞ് കിടക്കുന്നുണ്ട്. മരിക്കാന്‍ പോവുകയാണെന്നല്ലെ പറഞ്ഞത്. അയാളില്‍ നിന്നല്ലാതെ സത്യം മറ്റാരില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന പല സംശയങ്ങള്‍ക്കും അയാളില്‍ നിന്ന് ഉത്തരം കിട്ടണം. അതെ സംശയാത്മ വിനശ്യതി എന്നല്ലെ അച്ഛന്‍ പഠിപ്പിച്ചത്. പുറത്തറിയിക്കാതെ ഉള്ളില്‍ കൊണ്ടു നടക്കുന്ന അനേകം സംശയങ്ങളുണ്ട്. ഏകാന്തതകളില്‍ ഉള്ളു പൊള്ളിക്കുന്നവ- സത്യം തിരിച്ചറിയേണ്ട സമയമായിരിക്കുന്നു പ്രായവും. കാണുമ്പോള്‍ ചോദിക്കാനുള്ള പല ചോദ്യങ്ങളുണ്ട്. എല്ലാം ചോദിക്കണം നാളെയാവട്ടെ.
(തുടരും)