ഭാരതത്തിന്റെ ചരിത്രനിര്‍മ്മിതിക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോ കാലഘട്ടത്തില്‍, പ്രത്യേകിച്ച് ഇരുപതാം നൂറ്റാണ്ടില്‍, പ്രതിലോമകരമായി അപനിര്‍മ്മിക്കപ്പെട്ട ചരിത്രമെന്ന നിലയില്‍ക്കൂടി ഭാരതത്തിന്റെ ചരിത്രരചനക്ക് ഒരു സ്ഥാനമുണ്ട്. ഇങ്ങനെയൊരു ഗതികേട് ലോകത്ത് മറ്റൊരു രാഷ്ട്രവും അഭിമുഖീകരിച്ചിട്ടില്ല.
1917ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷമുള്ള സോവിയറ്റ് യൂണിയന്‍ ഒരിക്കലും മഹത്തായ സോവിയറ്റ് പാരമ്പര്യത്തോട് അനീതി കാണിച്ചിട്ടില്ല. എണ്‍പതുകളുടെ ഒടുക്കം വരെ, സോവിയറ്റ് യൂണിയന്റെ പ്രചാരണത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളിലൂടെ കേരളത്തില്‍ ലഭ്യമായിരുന്ന ‘സോവിയറ്റ് നാട്’, ‘സോവിയറ്റ് സമീക്ഷ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ മഹാനായ പീറ്റര്‍ ചക്രവര്‍ത്തിയെക്കുറിച്ചും സോവിയറ്റ് പാരമ്പര്യങ്ങളെക്കുറിച്ചുമൊക്കെ ധാരാളം ലേഖനങ്ങള്‍ വന്നിരുന്നു. ഹിറ്റ്‌ലറുടെ നാസിപ്പടയുടെ മുമ്പില്‍ വന്‍ പരാജയം കണ്‍മുമ്പില്‍ കണ്ട സേനയെ സ്റ്റാലിന്‍ ഉത്തേജിപ്പിച്ചത് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം പറഞ്ഞുകൊണ്ടായിരുന്നില്ല, പകരം മഹത്തായ സോവിയറ്റ് ദേശീയതയെ വാഴ്ത്തിക്കൊണ്ടായിരുന്നു.
കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഭരിച്ച എല്ലാ രാജ്യങ്ങളിലും ഏതാണ്ടിതൊക്കെതെന്നയായിരുന്നു അവസ്ഥ. ഒരു രാജ്യത്തും അവര്‍ സ്വന്തം പാരമ്പര്യത്തെ തള്ളിപ്പറയുകയോ ചരിത്രത്തെ വളച്ചൊടിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇവിടെ, നമ്മുടെ ചരിത്രത്തോട് ചെയ്തത് നേര്‍ വിപരീതമായിട്ടായിരുന്നു. അറുപതുകളുടെ അവസാനം സ്ഥാപിക്കപ്പെട്ട ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല, ഭാരത ചരിത്ര ഗവേഷണ കൗണ്‍സില്‍ എന്നിവയിലൂടെ നൈതികതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സും കൂടി ഭാരതത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല, നമ്മുടെ തലമുറകളെ ഭീകരമായി വഴിതെറ്റിക്കുക കൂടി ചെയ്തു.
അങ്ങനെയാണ് മുഗള്‍ സാമ്രാജ്യത്തെ പഠിച്ച തലമുറകള്‍ മറാത്താ സാമ്രാജ്യത്തെ പഠിക്കാതിരുന്നത്. താജ്മഹലിന്റെയും കുത്തബ്മീനാറിന്റെയും ചരിത്രം പഠിച്ച നമ്മള്‍ കൊണാര്‍ക്കും തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രവും പരിചയപ്പെടാതിരുന്നത്. അങ്ങനെയാണ് ചരിത്രാതീത കാലം മുതലുള്ള ഭാരതത്തിന്റെ ചരിത്രം തമസ്‌കരിക്കപ്പെട്ട്, ആര്യാധിനിവേശവാദം സിലബസ്സുകളില്‍ സ്ഥാനം പിടിച്ചത്.
ഈ ചരിത്ര അപനിര്‍മ്മിതിയുടെ ഫലമായി ടിപ്പു സ്വാതന്ത്ര്യസമര നായകനായി. ഭഗവാന്‍ ഗിദ്വാനി എഴുതിയ The Sword of Tipu Sultan എന്ന സാങ്കല്‍പിക നോവലിനെ ഈ വാദക്കാര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. ആ പുസ്തകം ആസൂത്രിതമായി ഭാരതത്തിലെ ധാരാളം സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി. ടിപ്പുവിനെ ബ്രിട്ടീഷുകാരോട് പൊരുതിയ ധീരദേശാഭിമാനിയായും ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കിയ മതേതര വാദിയായുമൊക്കെ ചിത്രീകരിച്ച നോവല്‍ മലബാറിലെ ഹിന്ദുവിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതായിരുന്നു. ഈ നോവല്‍ പിന്നീട് ദൂരദര്‍ശനില്‍ സീരിയല്‍ ആവുകയും ചെയ്തു. ടിപ്പുവിന്റെ അതിക്രമങ്ങളെ മുഴുവന്‍ തമസ്‌കരിച്ച് വെള്ളപൂശുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് മാപ്പിളലഹളയെ മഹത്വവല്‍ക്കരിക്കാനും ഉപയോഗിക്കുന്നത്.
അതുപോലെയൊന്നാണ് ഏറെ ആഘോഷിക്കപ്പെട്ട മഹാത്മാ ഗാന്ധിയുടെ ‘ബയോ പിക്’ ആയ റിച്ചാര്‍ഡ് ആറ്റന്‍ ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമ. ഗാന്ധിജിയെ മുന്നില്‍ നിര്‍ത്തി, നെഹ്രുവിനെയും അതിലൂടെ നെഹ്രു കുടുംബത്തെയും മഹത്വ വല്‍ക്കരിക്കാനുള്ള ശ്രമം ആ സിനിമയില്‍ ഉടനീളം കാണാന്‍ കഴിയും. നേതാജി സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലകന്‍, ഭഗത് സിംഗ്, വീര സവര്‍ക്കര്‍ തുടങ്ങിയ ആ കാലഘട്ടത്തിലെ മഹാപുരുഷന്‍മാരെ മുഴുവന്‍ തമസ്‌കരിച്ചാണ് ഭാരത സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ‘ഗാന്ധി’ സിനിമ വെള്ളിത്തിരയില്‍ എത്തിയത്.
അതായത് സിനിമയിലൂടെ, ഗവേഷണപുസ്തകങ്ങളിലൂടെ, നോവലുകളിലൂടെ, നാടകങ്ങളിലൂടെ ഒക്കെ ചരിത്രത്തെ അപനിര്‍മ്മിക്കുന്ന ഒരു ആസൂത്രിത പ്രക്രിയ ഇവിടെ, പ്രത്യേകിച്ച് കേരളത്തില്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ആണ് ആഷിക് അബു പ്രഖ്യാപിച്ച, പ്രിഥ്വീരാജ് നായകനാകുന്ന ‘വാരിയംകുന്നന്‍’ ദേശസ്‌നേഹികളുടെ രൂക്ഷമായ പ്രതികരണത്തിന് കാരണമാകുന്നതിനെ വിലയിരുത്തേണ്ടത്. ആരായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദു ഹാജി എന്നത്, പ്രക്ഷുബ്ധമായ സമകാലീന കാലത്ത് ചര്‍ച്ചാ വിഷയമാകുന്നതും അതുകൊണ്ടാണ്.
1884 ലായിരുന്നു ഈ മനുഷ്യന്റെ ജനനം എന്ന് രേഖകള്‍ പറയുന്നു. 1895 ലെ കുപ്രസിദ്ധമായ മണ്ണാര്‍ക്കാട് ലഹളയിലെ പങ്കിനെ തുടര്‍ന്നു ഇദ്ദേഹത്തിന്റെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ആന്തമാനിലേക്ക് അയക്കുകയും ചെയ്തു. കുഞ്ഞഹമ്മദിനെ 1909ല്‍ മെക്കയിലേക്ക് നാടുകടത്തി എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇതൊരു ആസൂത്രിതമായ കള്ള പ്രചാരണമാണ്.
സാധാരണഗതിയില്‍ നാടുകടത്തുന്നത് സ്വന്തം അധീനതയിലുള്ള വിദൂര ദേശങ്ങളിലേക്കാണല്ലോ. മക്ക ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ല എന്ന് മാത്രമല്ല, നാടുകടത്താന്‍ ആന്‍ഡമാന്‍ പോലെയുള്ള പ്രദേശമുള്ളപ്പോള്‍ എന്തിനു മെക്ക എന്ന ചോദ്യം ഉയരുന്നു. അതുമല്ല, ഇയാളെ നാടുകടത്തിയതായി ബ്രിട്ടീഷ് രേഖകളില്‍ ഒന്നുമില്ല. മാത്രമല്ല, നാടുകടത്തപ്പെട്ട വ്യക്തി വെറും ആറുകൊല്ലത്തിനുശേഷം തിരിച്ചുവരാന്‍ ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചു എന്നതും അവിശ്വസനീയമാണ്. പക്ഷേ, പരമ്പരാഗതമായിത്തന്നെ കുറ്റവാളി കുടുംബത്തിലെ അംഗം, കുറ്റകൃത്യങ്ങളില്‍ വ്യാപൃതനായിരുന്ന, ജന്മനാ കുറ്റവാളിയായ കുഞ്ഞഹമ്മദ് അധികൃതരുടെ നോട്ടപ്പുള്ളി ആയിരുന്നു എന്നത് സത്യമാണ്. കുറച്ചുകാലത്തേക്ക് നാടുവിട്ടുപോകാന്‍ അയാള്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്.
ലഹളകളിലെ കൊള്ളയെയും കൊള്ളിവെയ്പ്പിനെയും തുടര്‍ന്ന് ഇദ്ദേഹം നാടുവിട്ടു പോയി കോഴിക്കോടിനടുത്ത മുക്കത്ത് താമസിച്ചു എന്നൊരു വാദമുണ്ട്. എന്നാല്‍ അല്ല, സാക്ഷാല്‍ മക്കത്തേക്ക് തന്നെ കടന്നിരുന്നു എന്ന വാദമാണ് വിശ്വസനീയം എന്ന് തോന്നുന്നു. അവിടെ കച്ചവടക്കാരെയും യാത്രക്കാരെയും കൊള്ളയടിക്കുന്ന ഒരു സംഘത്തില്‍ ധാരാളം മാപ്പിളമാര്‍ ഉണ്ടായിരുന്നു. കുഞ്ഞഹമ്മദ് അതില്‍ ചേര്‍ന്നിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. ആറു വര്‍ഷത്തിനു ശേഷം ഹാജിയാരായി മടങ്ങിവന്ന അയാള്‍ അധികൃതരുടെ മുന്നില്‍ നല്ല കുട്ടിയായി, ഒരു കാളവണ്ടിക്കാരനായി അടങ്ങി ജീവിച്ചു. ലഹളയുടെ നേതാവ് ആലി മുസ്ലിയാരുടെ അയല്‍പക്കത്തായിരുന്നു കുഞ്ഞഹമ്മദ് ഹാജി താമസിച്ചിരുന്നത് എങ്കിലും, കലാപത്തിന്റെ തയ്യാറെടുപ്പുകളിലോ ആയുധ സംഭരണത്തിലൊ ഒന്നും അയാളുടെ പേരില്ല. പോലീസിന്റെ നോട്ടപ്പുള്ളി, അധികൃതര്‍ക്ക് കൊടുത്ത ഉറപ്പ് എല്ലാമായിരുന്നു അതിന്റെ കാരണം.
1924ല്‍ ആര്‍.എച്ച്.ഹിച്ച് കോക്ക് എഴുതിയ Peasant Revolt in Malabar ല്‍ പറയുന്നു. ‘മൊയ്തീന്‍ കുട്ടിഹാജിയുടെ മകന്‍ വാരിയന്‍ കുന്നത്ത് ചക്കിപ്പറമ്പന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ചെയ്തികളെക്കുറിച്ച് പറയാം. 1883ല്‍ ജനിച്ച ഇയാള്‍ വെട്ടിക്കാട്ടിരി അംശത്തിലെ വള്ളുവനാട് സ്വദേശിയാണ്. തുവ്വൂരിലെ സമ്പന്നരായ മാപ്പിളമാരില്‍ പെട്ട പാറവെട്ടി കുടുംബത്തിലെ അംഗമായ അവര്‍ക്ക് അവിടെ ധാരാളം ഭൂസ്വത്തുക്കളുണ്ട്. ഇവരുടെ ഏതാണ്ട് എല്ലാ ബന്ധുക്കളെയും 1894 ലെ ലഹളയില്‍ പങ്കെടുത്തതിനു വെടിവെച്ചു കൊല്ലുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. ഇയാളുടെ പിതാവിനെ ജീവപര്യന്തം നാടുകടത്തിയതാണ്. 1909 ല്‍ പാണ്ടിക്കാട് ചന്തയില്‍ വന്ന പാലക്കാട്ടെ മൂത്തന്മാരുടെ സ്വര്‍ണ്ണം കൊള്ളയടിച്ച വലിയൊരു സംഭവമുണ്ടായി. അതേ കാലത്ത് മഞ്ചേരിക്കും പാണ്ടിക്കാടിനും ഇടക്ക് വെച്ച് തപാല്‍ തീവണ്ടി കൊള്ളയടിച്ച സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.’ (Peasant Revolt in Malabar RH Hichcock).
കൊള്ളമുതലുകള്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കം വാരിയന്‍കുന്നത്ത് കുടുംബത്തില്‍ വ്യാപകമായിരുന്നു. അതിനാല്‍ തന്നെ കുഞ്ഞഹമ്മദ് ഹാജിക്ക് മാപ്പിളമാരില്‍ തന്നെ ശത്രുക്കള്‍ ഏറെയുണ്ടായിരുന്നു. ഇങ്ങനെ സ്വസമുദായത്തിലെ ശത്രുക്കളെ ലഹളക്കാലത്ത് ഇയാള്‍ വകവരുതിയിട്ടുണ്ട്. അതാണ് വാരിയന്‍കുന്നന്‍ ഹിന്ദുക്കളെ മാത്രമല്ല മാപ്പിളമാരെയും കൊന്നിട്ടുണ്ട്. അതുകൊണ്ട് അയാള്‍ ഹിന്ദുക്കളുടെ മാത്രം ശത്രുവായിരുന്നു എന്ന് പറയുന്നത് ശരിയല്ല എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.
ഹിച്ച്‌കോക്ക് തുടരുന്നു:
‘1894 മുതല്‍ വാരിയന്‍ കുന്നന്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ മുതലെടുത്ത് മറ്റു മാപ്പിളമാര്‍ ഇവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയ കുഞ്ഞഹമ്മദ് ഹാജിക്ക് ഇക്കാരണത്താല്‍ തന്നെ വിരോധികളും ഉണ്ടായിരുന്നു.’
‘മെക്കയിലേക്ക് ഒളിച്ചോടിപ്പോയ ഇയാളുടെ അവിടുത്തെ ചെയ്തികളെപ്പറ്റി അറിയില്ലങ്കിലും ജിദ്ദയില്‍ നിന്നുള്ള തീര്‍ഥാടകരെ കൊള്ളയടിക്കുന്ന സംഘത്തില്‍ ഏറനാട്ടില്‍ നിന്നുള്ള മാപ്പിളമാര്‍ ഉണ്ടാകാറുണ്ട്. തിരിച്ചെത്തിയ ഇയാള്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു. എന്തായാലും ആറു വര്‍ഷത്തോളം കുറ്റം പറയാനില്ലാത്ത ജീവിതമായിരുന്നു.’
ജിഹാദികളിലും കമ്മ്യൂണിസ്റ്റുകളിലും ഉള്ള പൊതുസ്വഭാവങ്ങളിലൊന്ന്ആള്‍ക്കൂട്ടത്തിലും ഏറ്റവും സുരക്ഷിതമായ അവസ്ഥയിലും കാണിക്കുന്ന പരാക്രമങ്ങള്‍ ആണ്. അങ്ങനെയുള്ള ആള്‍ക്കൂട്ട ബലത്തില്‍ അവര്‍ ക്രൂരതയുടെ പര്യായങ്ങള്‍ ആയിരിക്കും. പെട്ടെന്നുള്ള ആക്രമണത്തില്‍ തല്‍ക്കാലിക മുന്‍കൈ കിട്ടുകയും ബ്രിട്ടീഷ് ഓഫീസര്‍മാര്‍ അടക്കം പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ കുഞ്ഞഹമ്മദ് ഹാജിയുടെ ഉള്ളിലെ അടക്കി കിടത്തിയിരുന്ന ക്രിമിനല്‍ സടകുടഞ്ഞെഴുന്നേറ്റു. പിന്നീടുള്ള നാല് മാസങ്ങളില്‍ ഏറനാട് കണ്ടത്, രാജ്യത്തിന്റെ ചരിത്രത്തിലെ രക്തം മരവിച്ചുപോകുന്ന കൊടും ക്രൂരതയുടെ ചിത്രങ്ങളാണ്.
മാധവന്‍ നായര്‍ എഴുതുന്നു: ‘പൂക്കോട്ടൂര്‍ യുദ്ധത്തിനു മുമ്പ്, സുമാര്‍ 3000-ഓളം മാപ്പിളമാര്‍ യുദ്ധത്തിനു തയ്യാറായി. കുഞ്ഞഹമ്മദാജിക്കും സംഘത്തിനും ആളയച്ച് കിട്ടാവുന്നിടത്തോളം ആയുധങ്ങള്‍ അവര്‍ ശേഖരിച്ചു.ആ പ്രദേശത്തെ ഹിന്ദുക്കളെ കിട്ടിയേടത്തോളം മുഹമ്മദീയരാക്കി.’
ഗോപാലന്‍ നായര്‍ എഴുതുന്നു: ‘ആഗസ്റ്റ് 20 മുതല്‍ 31 വരയുള്ള പത്ത് ദിവസങ്ങളില്‍ ഹൈന്ദവര്‍ മാപ്പിള കലാപകാരികള്‍ക്ക് മുന്‍പില്‍ നിസ്സഹായരായി കിടന്നു. ഓരോ ഹിന്ദു കുടുംബത്തിനും അത് കദനകഥ ആയിരുന്നു. ഓരോ സര്‍ക്കാര്‍ കെട്ടിടവും ഓരോ അമ്പലവും തകര്‍ക്കപ്പെട്ടു.'(1921 മാപ്പിള ലഹള, ആര്യസമാജം, വെള്ളിനേഴി )
ഗോപാലന്‍ നായര്‍ തുടരുന്നു: ‘കുപ്രസിദ്ധി നേടിയ മറ്റൊരു തങ്ങളായിരുന്നു ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍. തുവ്വൂരിനും കരുവാരക്കുണ്ടിനും മദ്ധ്യേ ഒരു തരിശു കുന്നിന്‍ ചെരിവില്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നാലായിരത്തോളം അനുയായികളുടെ നടുവിലായിരുന്നു അയാള്‍ കോടതി കൂടിയത്. നാല്‍പതില്‍പരം ഹിന്ദുക്കള്‍ കൈകള്‍ പിന്നില്‍ കെട്ടിയ അവസ്ഥയില്‍ തങ്ങളുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. പട്ടാളക്കാര്‍ക്ക് പാലും ഇളനീരും നല്‍കി എന്നതായിരുന്നു ആരോപണം. ഇവരില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടു. അവിടുത്തെ കിണറ്റുവക്കത്ത് ഒരു പാറമേല്‍ ഇരുന്നുകൊണ്ട് വിധിനടത്തലിനു അയാള്‍ സാക്ഷ്യം വഹിച്ചു. പ്രതികളുടെ കഴുത്തുവെട്ടി കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. 38 പേരെ കൊലചെയ്തു.തങ്ങള്‍ക്ക് പൂര്‍വ്വ വൈരാഗ്യമുണ്ടായിരുന്ന ഒരു വിമുക്ത ഹെഡ് കോണ്‍സ്റ്റബിളിന്റെ തല രണ്ടു പകുതിയായി അറുത്തു കിണറ്റിലിടുകയായിരുന്നു. പാലക്കാംതൊട്ടി അവ്വോക്കര്‍ മുസ്ലിയാര്‍ ചെമ്പ്രശ്ശേരി തങ്ങളെപ്പോലെ ഹിന്ദുക്കളെ കൊന്നു കിണറ്റില്‍ തള്ളുന്നതില്‍ ആഹ്ലാദിച്ച മറ്റൊരു കലാപ നേതാവായിരുന്നു. (1921 മാപ്പിള ലഹള, ആര്യസമാജം, വെള്ളിനേഴി, പേജ് 87 )
ഇങ്ങനെ, മാധവന്‍ നായര്‍, ശ്രീധരമേനോന്‍, കെ.പി.കേശവമേനോന്‍, സര്‍.സി.ശങ്കരന്‍ നായര്‍, മഹാത്മാ ഗാന്ധി, ആനി ബസന്റ്, രവീന്ദ്ര നാഥ് ടാഗോര്‍ തുടങ്ങിയ എണ്ണം പറഞ്ഞ മഹാ വ്യക്തികളൊക്കെ ഒരേ സ്വരത്തില്‍ നെഞ്ചുപൊട്ടി പറഞ്ഞ ചരിത്ര വസ്തുതകളാണ് മാപ്പിള ലഹളയില്‍ ഹിന്ദുക്കളോടു കാട്ടിയ സമാനതകളില്ലാത്ത ക്രൂരതകള്‍. അതിന്റെ നായകനായിരുന്നു ഇന്ന് രാജ്യദ്രോഹികളുടെ ഹീറോയായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
മാപ്പിള ലഹളയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഒന്നാണല്ലോ വാഗണ്‍ ട്രാജഡി. ട്രെയിനില്‍ കോയമ്പത്തൂരേക്ക് കൊണ്ടുപോയ മാപ്പിള കലാപകാരികള്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ തിങ്ങിനിറഞ്ഞു ശ്വാസം മുട്ടി കൊല്ലപ്പെട്ട സംഭവം എക്കാലത്തെയും ഘോരകൃത്യങ്ങളില്‍ ഒന്നുതന്നെയാണെന്നതില്‍ സംശയമില്ല. പക്ഷേ, സമാനമായതോ, അതിലും ഘോരമായതോ ആയ തുവ്വൂര്‍ കിണര്‍ എന്തുകൊണ്ട് പില്‍ക്കാല ചരിത്രരചയിതാക്കള്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചു എന്നിടത്താണ് ചരിത്ര അപനിര്‍മ്മിതിയെക്കുറിച്ചുള്ള പൊള്ളുന്ന ചോദ്യങ്ങള്‍ ഉയരുന്നത്. ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ നേരിട്ട് നടന്ന ഈ ക്രൂരതയില്‍ കുഞ്ഞഹമ്മദ് ഹാജിക്ക് പങ്കില്ല എന്നതാണ് ചിലര്‍ ഉയര്‍ത്തുന്ന വാദം.
ലഹളക്കാലത്ത് ഉടനീളം ചെമ്പ്രശ്ശേരി തങ്ങളും കുഞ്ഞഹമ്മദ് ഹാജിയും പലക്കാംതൊട്ടി അവ്വോക്കര്‍ മുസ്ലിയാരും ഒരേ കൈയും മനസ്സുമായി തീയും കാറ്റും പോലെയാണ് കലാപത്തെ നയിച്ചിരുന്നത്. കുഞ്ഞഹമ്മദ് ഹാജിയുടെ സ്വാധീനത്തില്‍ തന്നെയാണ് ചെമ്പ്രശ്ശേരി തങ്ങള്‍ കലാപ നേതൃത്വത്തിലേക്ക് ഇറങ്ങുന്നത് തന്നെ. മാത്രവുമല്ല, കുഞ്ഞഹമ്മദ് ഹാജി തുവ്വൂര്‍ സ്വദേശിയുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരിക്കെ തുവ്വൂര്‍ സംഭവത്തില്‍ അയാള്‍ക്ക് പങ്കില്ല എന്ന് പറയുന്നതില്‍ യാതൊരു കഴമ്പുമില്ല.
ആഗസ്റ്റ് 27 നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ളയടിക്കപ്പെടുന്നത്. പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, പണയപ്പണ്ടങ്ങള്‍ ഉടമസ്ഥര്‍ക്ക് മടക്കി കൊടുത്തെങ്കിലും അപ്പോള്‍ അവിടെയുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ പൂര്‍ണ്ണമായി കവര്‍ച്ച ചെയ്തു. അതുപോലെ ഹജൂര്‍ കച്ചേരി കയ്യേറി മുഴുവന്‍ രേഖകളും തീയിട്ടു നശിപ്പിച്ചതോടെ ഹിന്ദുക്കളില്‍ നിന്നും കൈയ്യേറിയ ഭൂമിയും സ്വത്തുക്കളുമൊന്നും ഒരിക്കലും തിരിച്ചു കിട്ടാത്ത അവസ്ഥയുമായി. ലഹളക്കു ശേഷം മടങ്ങിയെത്തിയ ഹിന്ദുക്കള്‍ക്ക് കാണാന്‍ കഴിഞ്ഞത് അവരുടെ വീടുകളും കൃഷിഭൂമിയും എല്ലാം നഷ്ടമായ കാഴ്ചയാണ്. അവകാശപ്പെടാന്‍ ഒരു രേഖയും, ജീവന്‍ കയ്യിലെടുത്ത് ഓടിപ്പോയ അവരുടെ പക്കലോ സര്‍ക്കാരിന്റെ പക്കലോ ഉണ്ടായിരുന്നില്ല.
ഏതു കാലഘട്ടത്തിലെയും ഇസ്ലാമിക അധിനിവേശങ്ങളുടെ ഏറ്റവും വലിയ പ്രേരണാസ്രോതസ്സ് എന്ന് പറയുന്നത് കൊള്ളയടിക്കാനും ബലാല്‍സംഗം ചെയ്യാനുമുള്ള അവസരങ്ങളാണ്. ലോകത്തെവിടെയും നടന്ന, ഇപ്പോഴും നടക്കുന്ന ഇസ്ലാമിക ഭീകര ആധിപത്യങ്ങളില്‍ നമുക്കിത് കാണാന്‍ കഴിയും. 1947 ഒക്ടോബറില്‍ കാശ്മീര്‍ ആക്രമിച്ചു കയറിയ അഫ്ഘാന്‍ ഗോത്രവര്‍ഗ്ഗ സൈനികര്‍ക്ക് പാകിസ്ഥാന്‍ നല്‍കിയ വാഗ്ദാനവും ഇത് തന്നെയായിരുന്നു. ഈ ജന്മവാസന കാരണം, വരുന്ന വഴിയെല്ലാം കൊള്ളയടിച്ചും മാനഭംഗം ചെയ്തും നഷ്ടപ്പെടുത്തിയ സമയത്തിലൂടെയാണ് ഭാരത സൈന്യം ശ്രീനഗറില്‍ പറന്നിറങ്ങിയതും ശേഷിച്ച കാശ്മീരിനെ രക്ഷിച്ചതും.
താലിബാന്റെ കാലത്ത് അഫ്ഗാനിസ്ഥാനിലെ അവസ്ഥ എന്തായിരുന്നു? ഐ എസ്സിന്റെ അധീനതയിലുണ്ടായിരുന്ന സിറിയയിലെ അവസ്ഥ എന്താണ്? നമ്മുടെ മുമ്പില്‍ സമകാലിക ചരിത്രം നിവര്‍ത്തിയിടുന്ന നേര്‍ക്കാഴ്ചകള്‍ ആണിത്.
ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ക്രിമിനല്‍ നേതാവ് ആധിപത്യം പുലര്‍ത്തിയ നാല് മാസത്തെ ഏറനാട് വള്ളുവനാട് താലൂക്കുകളും. അതിക്രമങ്ങളായാലും അന്യമത വിരോധമായാലും കൊള്ളയായാലും കൊള്ളിവെയ്പ്പയാലും ബലാല്‍സംഗമായാലും അങ്ങനെ ഏതു മാനദണ്ഡത്തില്‍ അളന്നാലും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മനുഷ്യനെ മധ്യകാല മതാന്ധതയുടെ പ്രതിരൂപമായി മാത്രമേ കാണാന്‍ കഴിയൂ.
ലഹളയില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് കുഞ്ഞഹമ്മദ് ഹാജിയെ കുറ്റം പറയരുത് എന്ന രീതിയിലുള്ള വാദങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അറുപത്തേഴു ലക്ഷം ജൂതരെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞ രണ്ടാം ലോകമഹായുദ്ധത്തിലെ ഹോളോക്കൊസ്റ്റില്‍ ഹിറ്റ്‌ലര്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. ലക്ഷക്കണക്കിന് നിരപരാധികളെയും സ്വന്തം പാര്‍ട്ടി സഖാക്കളെയും കൊന്നുകളഞ്ഞ സ്റ്റാലിന്റെ വാഴ്ചക്കാലത്ത് അദ്ദേഹം നേരിട്ട് കൊലപാതകം നടത്തിയിട്ടില്ല.അതുപോലെ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന മലബാറിലെ കൂട്ടക്കുരുതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും നായകനായ ഈ കൊടും ക്രിമിനലിന് തന്നെയാണ് എന്ന് നമ്മോടു പറയുന്നത് ചരിത്ര രേഖകളും മഹാന്മാരുടെ വാക്കുകളുമാണ്.
കേരളചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ വംശഹത്യയെ ആണ് ഇപ്പോള്‍ ആസൂത്രിതമായി വെള്ളപൂശിക്കൊണ്ടിരിക്കുന്നത്. വാരിയന്‍ കുന്നന്‍ സ്ഥാപിച്ച രാജ്യം അല്‍-ദൌളയും ഭരണം ഇസ്ലാമിക മതനിയമങ്ങള്‍ മാത്രം അനുസരിച്ചും ആയിരുന്നു എന്നത് വിദഗ്ദ്ധമായി മറച്ചുകൊണ്ട് അയാള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മലയാള രാജ്യം സ്ഥാപിച്ചു എന്ന രീതിയിലാണ് പ്രചരണം കൊഴുക്കുന്നത്. ഇങ്ങനെയൊരു കാര്യം ഈ ലഹളയെ വെള്ള പൂശാന്‍ ശ്രമിച്ച കെ.എന്‍.പണിക്കരെപ്പോലുള്ളവര്‍ പോലും പറഞ്ഞിട്ടില്ല.
ഒന്നോര്‍ക്കണം. ഈ കലാപത്തിനു നൂറു കൊല്ലത്തെ പഴക്കമേയുള്ളൂ. നേരിട്ട് സാക്ഷ്യം വഹിച്ചവരും അനുഭവിച്ചവരും അടുത്തകാലം വരെ പച്ച ജീവനോടെ നമ്മുടെയിടയില്‍ ഉണ്ടായിരുന്നു. എല്ലാ സംഭവങ്ങളും അതീവ കൃത്യതയോടെ രേഖപ്പെടുത്തപ്പെട്ടിരുന്നു.എല്ലാ ചരിത്ര അവശിഷ്ടങ്ങളും എല്ലാ ഭീകരതയോടെയും നിലനില്‍ക്കുന്നു. പകല്‍പോലെ വ്യക്തമായ, തികച്ചും ഏകപക്ഷീയമായ ഒരു രാക്ഷസീയതയുടെ നാള്‍വഴികളെയാണ് സ്വാതന്ത്ര്യസമരമെന്നു വെള്ളപൂശി, വ്യഭിചരിക്കുന്നത്. അതിനു നെടുനായകത്വം വഹിച്ച ഒരു രാക്ഷസനെയാണ് മാനവികതയുടെ പ്രതിരൂപമാക്കുന്നത്.
തുടക്കത്തില്‍ പറഞ്ഞതുപോലെ, അപനിര്‍മ്മിക്കപ്പെടുന്ന ചരിത്രരചന എന്ന ഗതികേട് ലോകത്തില്‍ ഭാരതത്തിനു മാത്രമാണുള്ളത്. എന്നാല്‍ അത് രൂക്ഷമായി ചോദ്യംചെയ്യപ്പെടുന്നു എന്നത് സമകാലിക ഭാരതത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹവുമാണ്.
ഇറങ്ങാന്‍ പോകുന്ന ഒരു സിനിമയെ ഒരു കലാരൂപമായി മാത്രം കണ്ടാല്‍ പോരെ, കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കലയെ കലയായി മാത്രം സ്വീകരിച്ച് ആസ്വദിക്കുന്ന ഒരു സമൂഹമല്ല നമ്മുടേത്. ഓരോ കലാരൂപത്തിനും ജനമനസ്സുകളില്‍ വന്‍ സ്വാധീനം ചെലുത്താനും അത് മനോഭാവത്തെ തന്നെ മാറ്റിമറിക്കാനും കാരണമാകുന്നതിന് ചരിത്രത്തില്‍ തെളിവുകള്‍ ധാരാളമുണ്ട്. അതിലൊന്നാണ് ആദ്യം സൂചിപ്പിച്ച ഭഗവാന്‍ ഗിദ്വാനിയുടെ നോവല്‍. ഈ മനഃശാസ്ത്രം ഏറ്റവും നന്നായി ദുരുപയോഗം ചെയ്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ വളര്‍ന്നതും നമ്മുടെ ചരിത്രത്തെ അപ്പാടെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും. ചാന്നാര്‍ ലഹളയും ക്ഷേത്രപ്രവേശനവും പന്തിഭോജനവും ഒക്കെ അവര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ.
കെ.കെ.എന്‍ കുറുപ്പ്, കെ.എന്‍.പണിക്കര്‍ തുടങ്ങി കെ.ടി. ജലീല്‍ വരെയുള്ളവരുടെ നീണ്ടനിര അക്കാദമിക് രംഗത്ത് മാപ്പിള ലഹളയെ വെളുപ്പിച്ചെടുക്കാന്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് ഒരുപാട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാപ്പിള ലഹളയെ കാര്‍ഷിക വിപ്ലവമായും സ്വാതന്ത്ര്യസമരമായുമൊക്കെയുള്ള ആട്ടിന്‍ തോലുകള്‍ അണിയിച്ച് ചരിത്ര പഠ്യപദ്ധതികളിലേക്ക് ഇടിച്ചുകയറ്റുന്നതില്‍ അവര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. ആ അജണ്ടയുടെ ഭാഗമായിത്തന്നെയാണ് ഇപ്പോള്‍ കെഇഎന്‍ കുഞ്ഞഹമ്മദും കെ. കുഞ്ഞിക്കണ്ണനെയും പോലുള്ള ഇടതുപക്ഷ സൈദ്ധാന്തികര്‍ രംഗത്ത് വന്നിരിക്കുന്നത്. ആഷിക് അബുവിന്റെ വാരിയംകുന്നന്റെ ആശയവും മറ്റൊന്നല്ല എന്ന് മനസ്സിലാക്കാന്‍ ഒരു അക്കാദമിക ബുദ്ധിജീവിയുമാകേണ്ട. ബുദ്ധിപരമായ സത്യസന്ധതയും അത്യാവശ്യം ചരിത്രബോധവും മാത്രം മതി.
ബ്രിട്ടീഷ് ഭരണകാലത്ത് സാമൂഹ്യവിരുദ്ധതക്കും കുറ്റകൃത്യങ്ങള്‍ക്കുമെല്ലാം ഒരുപാട് പേര്‍ ശിക്ഷിക്കപ്പെടുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അവരെയെല്ലാം കൊണ്ടുവന്നു സ്വാതന്ത്ര്യസമരത്തിന്റ ആലയില്‍ കെട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധത എന്ന ഒറ്റ കാരണം പറഞ്ഞു ഖിലാഫത്തിനെ ഒപ്പം കൂട്ടിയ മഹാത്മാഗാന്ധി ചെയ്ത ചരിത്ര വിഡ്ഢിത്തത്തിനു ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് മലബാറിലെ ഹിന്ദു ജനതയാണ്. ആ വിഡ്ഢിത്തത്തിന്റെ ചീഞ്ഞുനാറിയ അവശിഷ്ടം പുതുതലമുറയുടെ വായില്‍ തിരുകാനുള്ള ഇപ്പോഴത്തെ ശ്രമത്തിന്റെ ഭാഗമാണ് ആഷിക് അബുവിന്റ വാരിയംകുന്നന്‍.
അതുകൊണ്ടുതന്നെയാണ് ആഷിക് അബുവിന്റെ ഈ സിനിമാ സംരംഭം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് വിധേയമാകുന്നത്. വെറുമൊരു സിനിമ എന്ന ഉദ്ദേശ്യമല്ല അയാള്‍ക്കുള്ളത് എന്നത് വ്യക്തമായിരിക്കെ വെറുമൊരു സിനിമയെ കാണുന്ന രീതിയില്‍ ഈ പ്രവൃത്തിയെ കാണാന്‍ ചരിത്രബോധമുള്ള പൊതുസമൂഹം തയ്യാറല്ല.
തുടക്കം മുതല്‍ അപനിര്‍മ്മിക്കപ്പെട്ട ഒരു വംശഹത്യയുടെ ചരിത്രത്തെ ഇഴകീറി പരിശോധിക്കാനും യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തെറ്റിദ്ധാരണകള്‍ അകറ്റാനും ലഭിച്ച സുവര്‍ണ്ണവസരമെന്ന നിലയില്‍ ഈ വിവാദത്തെ ക്രിയാത്മകമായി സമീപിക്കേണ്ടത് ഓരോ ദേശസ്‌നേഹിയുടെയും ധര്‍മ്മമാണ്.
References
1. മലബാര്‍ കലാപം-കെ.മാധവന്‍ നായര്‍
2. മാപ്പിള ലഹള, സത്യവും മിഥ്യയും- തിരൂര്‍ ദിനേശ്
3. ഖിലാഫത്ത് സ്മരണകള്‍- മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്
4. Malabar Mutiny 1921 സി.ഗോപാലന്‍ നായര്‍
5. Peasent Revolt in Malabar – RH Hichcock
6. 1921 പാഠവും പൊരുളും ഡോ.ദീപേഷ് വി.കെ.
7. മലബാര്‍ ജിഹാദ്-രാമചന്ദ്രന്‍
8. മനോജ് ബ്രൈറ്റ് -ലേഖനങ്ങള്‍
9. ഡോ.സി.ഐ.ഐസക് ”
10. തിരൂര്‍ ദിനേശ് ”