പാപികള്‍ക്ക് പറുദീസയോ സ്വര്‍ഗ്ഗമോ ഒന്നുംഒരു മതവും വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഭൂമിയില്‍ സ്വര്‍ഗ്ഗീയ സുഖങ്ങള്‍ അനുഭവിക്കാന്‍വേണ്ടി മാതൃനാടിനെവരെ ഒറ്റിക്കൊടുക്കാന്‍ തയ്യാറാകുന്ന മഹാപാപികളെ വര്‍ത്തമാനകാലഭാരത രാഷ്ട്രീയ സാമൂഹ്യമണ്ഡലത്തില്‍ നാം കാണുകയാണ്. പണത്തിനും പദവികള്‍ക്കുംഅധികാരത്തിനും വേണ്ടി കാലങ്ങളായി മാതൃഭാരതത്തെ ഒറ്റുകൊടുത്തുകൊണ്ടിരുന്ന പലരുടെയും പൊയ്മുഖങ്ങള്‍ പൊളിച്ചെറിയാന്‍ കഴിയുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ ചൈനീസ് വൈറസായ കൊറോണയോട് പോരാടുമ്പോള്‍ ഭാരതം വൈറസിനോടും അതിനെ പടച്ചുവിട്ട ചൈനയോടും പോരാടിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ അതിര്‍ത്തി ഭേദിക്കുവാന്‍ ചൈനീസ് ചെമ്പട ശ്രമിക്കുമ്പോള്‍ നമ്മുടെ ധീര സൈനികര്‍ ജീവന്‍ കൊടുത്ത് നാടിന്റെ മാനംകാത്തിരിക്കുന്നു. അതിര്‍ത്തിയില്‍ ഹിമാലയം പോലെ ഉറച്ചുനിന്ന് പൊരുതുന്ന നമ്മുടെ സൈനികര്‍ക്ക് ഭാരതം ഒറ്റക്കെട്ടായിപിന്‍തുണ കൊടുക്കേണ്ട സാഹചര്യത്തില്‍ അയല്‍ക്കാരന്റെ ഒറ്റുകാരായി പ്രവര്‍ത്തിക്കുന്ന ചില പ്രസ്ഥാനങ്ങളെയും വ്യക്തികളെയും കണ്ടില്ലെന്നുവയ്ക്കാനാവില്ല. സ്വാതന്ത്ര്യാനന്തരം ഭാരതത്തെ തങ്ങളുടെ തറവാട്ട് സ്വത്തുപോലെ െവച്ചനുഭവിച്ചുകൊണ്ടിരുന്ന നെഹ്രു കുടുംബക്കാര്‍ അധികാരഭ്രഷ്ടരായതോടെ അവര്‍ അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് ഭാരതത്തിന്റെ ആഭ്യന്തരരംഗത്ത് അന്തഃഛിദ്രമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം അതിര്‍ത്തിയില്‍ ശത്രുരാജ്യങ്ങളുടെ കടന്നുകയറ്റ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുകയും തിരിച്ചടികള്‍ നല്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാരതം അതിര്‍ത്തിയില്‍ പാകിസ്ഥാനോടു പൊരുതുമ്പോഴും ചൈനയോട് പൊരുതുമ്പോഴും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വീകരിച്ചുപോന്നത്. അതിന്റെ പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്ന വസ്തുത മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ചൈനയുടെ പക്കല്‍നിന്നും കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ പണ്ടുമുതലേ പണം പറ്റാറുണ്ടെന്നത് എല്ലാവര്‍ക്കും അറിവുള്ള സംഗതിയാണ്. എന്നാല്‍ കോണ്‍ഗ്രസ്സും ഇതുപോലെ പണംപറ്റാറുണ്ടെന്ന വിവരം ഈയിടെയാണ് പുറത്തുവന്നത്. ‘ടൈംസ്‌നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ ചേര്‍ന്നുനടത്തുന്ന’രാജീവ് ഗാന്ധിഫൗണ്ടേഷ’ന്റെ പേരില്‍ കോടികളാണ് ചൈന കൈമാറിയിരിക്കുന്നത്. ചൈനക്ക് വലിയ മുന്‍തൂക്കം നല്കുന്ന മേഖലാ സമഗ്രസാമ്പത്തിക പങ്കാളിത്തക്കരാറില്‍ (R.C. E.P) ഭാരതത്തെക്കൊണ്ട് ഒപ്പിടുവിക്കാനായിരുന്നു ചൈന കോടികള്‍ കൈമാറിയത്. യു.പി. എ ഗവണ്‍മെന്റ് ഭരിക്കുന്ന കാലത്ത് നടന്ന ഈ ഇടപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് പല മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്നറിയിപ്പ്‌നല്‍കിയിരുന്നുവെങ്കിലും അവരുടെ വാക്കുകളെ തൃണവല്‍ഗണിച്ചുകൊണ്ട് തിരക്കിട്ടെത്തിച്ചേര്‍ന്ന കരാര്‍ കോടികളുടെ പ്രതിഫലംപറ്റിക്കൊണ്ടുള്ള ഒന്നായിരുന്നു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
ഭാരതം ചൈനയുമായി സ്വതന്ത്രവ്യാപാരകരാറില്‍ എത്തണമെന്ന് ‘രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്കണ്ടംപററി സ്റ്റഡീസ്’ 2010 ലാണ് യു.പി.എ. ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്. വിദേശ വ്യാപാരത്തെ സംബന്ധിക്കുന്ന അതീവ പ്രാധാന്യമുള്ള നയപരമായ ഈ തീരുമാനം ഗവണ്‍മെന്റിനെക്കൊണ്ട് എടുപ്പിക്കുന്നതിനായി മൂന്നു ലക്ഷം യു.എസ്.ഡോളറാണ് ചൈനയില്‍ നിന്നും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള എന്‍.ജി.ഒ കൈപ്പറ്റിയത്. 2005-2007 കാലത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജീവ്ഗാന്ധി ഫൗണ്ടേഷന് കോടികള്‍ സംഭാവനയായി നല്കിയതിന്റെ പ്രത്യുപകാരമായി രാജ്യത്തിന്റെ പല വിലപ്പെട്ട വിവരങ്ങളുംചൈനക്ക് ചോര്‍ത്തി നല്‍കി. ചൈനയുടെ കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുംവിധം രൂപപ്പെടുത്തിയ ആസിയാന്‍ രാജ്യങ്ങളുമായുള്ള മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഭാരത താത്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു.
യു.പി.എ ഭരണത്തിന്റെ അധികാരത്തണലില്‍ പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍നിന്നു വരെ കോടികണക്കിന് രൂപ ‘രാജീവ്ഗാന്ധി ഫൗണ്ടേഷന്‍’ എന്ന സ്വകാര്യസംഘടനയ്ക്ക് ചോര്‍ത്തിക്കൊടുത്ത വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് കൂടാതെ ‘രാജീവ്ഗാന്ധി ഫൗണ്ടേഷന്‍’ 90ലക്ഷം രൂപ ചൈനീസ് എമ്പസിയില്‍ നിന്നും കൈപ്പറ്റിയതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി കോടിക്കണക്കിനുരൂപ നിരവധി എന്‍.ജി.ഓകള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ ഇത്തരം സംഘടനകളെ വിദേശപ്പണം കൈപ്പറ്റുന്നതില്‍ നിന്ന് വിലക്കിയത്.
ആധുനിക കാലത്ത് രാജ്യങ്ങള്‍ തമ്മില്‍ സായുധ സമരത്തെക്കാള്‍ സാമ്പത്തിക യുദ്ധങ്ങളാണ് നടക്കുന്നത്. വാണിജ്യ രംഗത്ത് മേല്‍ക്കൈ കിട്ടുന്നരാജ്യങ്ങളാവും ആത്യന്തികമായി വിജയിക്കുക. കരാറുകള്‍കൊണ്ട് മറ്റ് രാജ്യങ്ങളെ ബന്ധിക്കുക എന്നതാണ് തന്ത്രശാലികളായ രാഷ്ട്രങ്ങള്‍ ചെയ്യുക. ചൈനയുടെ കരാര്‍തന്ത്രത്തില്‍ ഭാരതത്തെ കുടുക്കുന്നതിന് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന് കോടികള്‍ നല്കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യു.പി.എയുടെ ഭരണകാലത്ത് ഭാരതത്തിന്റെ ചൈനയുമായുള്ള വ്യാപാരക്കമ്മി 33ഇരട്ടി വര്‍ദ്ധിക്കുവാനുള്ള കാരണം ഭാരതവിരുദ്ധമായ കരാറില്‍ നാം ഏര്‍പ്പെട്ടതാണ്. ചൈനയുടെ നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍കൊണ്ട് ഭാരതത്തിന്റെ കമ്പോളം നിറയാന്‍ കാരണം ഇതാണ്.
ഇത്തരം കരാറുകളില്‍ നിന്ന് നരേന്ദ്രമോദി ഗവണ്‍മെന്റ് ഭാരതത്തെ വിമോചിപ്പിച്ചത് ചൈനയേയും കോണ്‍ഗ്രസ്സിനേയും ഒരു പോലെ ചൊടിപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ ചൈന ഭാരതത്തിനെതിരെ പടയൊരുക്കം നടത്തുമ്പോള്‍ അവര്‍ക്ക് അനുകൂലമായ പ്രസ്താവനകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വരാനുള്ള കാരണം മറ്റൊന്നല്ല. യു.പി.എ. ഭരണകാലത്തുണ്ടായ അറുനൂറില്‍ അധികം ചൈനീസ് അതിര്‍ത്തി ലംഘനങ്ങളോട് നിശബ്ദത പാലിച്ചവരാണ് ഇപ്പോള്‍ ചൈനയുടെ മുന്നില്‍ മോദി സറണ്ടറായി എന്ന് കൂകി വിളിക്കുന്നത്. ചീനയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ‘സറണ്ടര്‍ മോദി’ എന്ന് ട്വീറ്റ്‌ചെയ്തത് എന്ന് ഏത് കൊച്ചുകുട്ടിയ്ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
അതിര്‍ത്തിയില്‍ ഭാരത-ചൈന സൈന്യങ്ങള്‍നേര്‍ക്കുനേര്‍ നില്ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടും ഭാരതതാല്‍പ്പര്യങ്ങള്‍ക്കനുഗുണമായിരുന്നില്ല. 1962 ല്‍ ചൈന ഭാരതത്തെആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനക്ക് അനുകൂലമായ നിലപാടായിരുന്നു കൈക്കൊണ്ടിരുന്നത്. 2020ല്‍ അവര്‍ ഭാരതം ചൈനയെ പ്രകോപിപ്പിച്ചു എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ ഊട്ടിവളര്‍ത്തുന്ന അവരുടെ ബുദ്ധിജീവിവര്‍ഗ്ഗവും എല്ലാകാലത്തും ചൈനക്കും പാകിസ്ഥാനും അനുകൂലമായ നിലപാടുകള്‍ എടുക്കുന്നത് എന്നതിന് വ്യക്തമായ തെളിവാണ് സെബാസ്റ്റ്യന്‍പോളിന്റെ മകനും ഇടതു സഹയാത്രികനുമായ റോണ്‍ബാസ്റ്റ്യന്‍ അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ചില സംഗതികള്‍. മുന്തിയ ഇനം ഈന്തപ്പഴവും വിദേശയാത്രക്കുള്ള വിമാനടിക്കറ്റുമൊക്കെ പതിവായി തന്റെ പിതാവിന് എത്തിക്കുന്ന മുസ്ലീം മതമൗലികവാദി സംഘടനകളെക്കുറിച്ച് റോണ്‍ ബാസ്റ്റ്യന്റെ തുറന്നെഴുത്ത് ചെന്നുകൊള്ളുന്നത് നിരവധി ഇടത് കപട ബുദ്ധിജീവികള്‍ക്കാണ്. ഹിന്ദുത്വവുമായി സന്ധിയില്ലാതെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന സുനില്‍ പി.ഇളയിടവും ഇസ്ലാമിക മത മൗലികവാദികളുടെയും പാകിസ്ഥാന്‍ വാദികളുടെയും വേദികളിലെ നിത്യസാന്നിദ്ധ്യങ്ങളായ സച്ചിദാനന്ദ ‘മഹാകവി’യും കെ.പി.രാമനുണ്ണിയും സക്കറിയയുമെല്ലാം എത്ര ഒറ്റുകാശിനാണ് ഭാരതത്തിനെതിരെ പൊരുതുന്നതെന്നേ ഇനി അറിയാനുള്ളൂ. വ്യാജ പുരോഗമനവാദത്തിന്റെയും കപട സെക്യുലര്‍വാദത്തിന്റെയും മറവില്‍ ദേശീയ വാദത്തിനെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകള്‍ ഭാരത-ചൈന സൈന്യങ്ങള്‍ ദോക്‌ലാമില്‍ മുഖാമുഖം ചെറുത്തുനിന്നപ്പോള്‍ ചൈനീസ് എമ്പസിയില്‍ പോയി ഉപഹാരം സ്വീകരിച്ചത് മറക്കാറായിട്ടില്ല.
രാഷ്ട്രം കൊറോണ എന്ന പകര്‍ച്ചവ്യാധിയോടും അതിര്‍ത്തിയില്‍ ശത്രുരാജ്യങ്ങളോടും പൊരുതുമ്പോള്‍ നാടിനെ അകത്തുനിന്നും ഒറ്റുകൊടുക്കാന്‍ ശത്രുരാജ്യത്തിന്റെ പക്കല്‍ നിന്നും പണവും പാരിതോഷികവുംപറ്റി പ്രവര്‍ത്തിക്കുന്ന ഒറ്റുകാരെ കരുതിയിരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ അതിര്‍ത്തിയില്‍ മുപ്പത്തെണ്ണായിരം ചതുരശ്രകിലോമീറ്റര്‍ ചൈനക്ക് അടിയറ വച്ച കോണ്‍ഗ്രസ്സുകാരും അവര്‍ക്ക് പിന്‍തുണയേകുന്ന കമ്മ്യൂണിസ്റ്റുകളും രാജ്യം ചൈനീസ് അധിനിവേശ ശ്രമങ്ങളെ സധൈര്യം ചെറുത്തു തോല്‍പ്പിക്കുമ്പോള്‍ വേവലാതിപ്പെടുന്നത് സ്വാഭാവികം. അതിര്‍ത്തിക്കപ്പുറത്തുള്ള യജമാനന്മാരെ ഇനി അധികകാലം സേവിക്കാന്‍ അവര്‍ക്ക് ആവില്ലെന്നതുതന്നെ അതിന്റെ കാരണം.