ഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന കാലത്തെ സംഭവമാണ്. സര്‍ ഗുരുദാസ് വന്ദോപാധ്യയ അക്കാലത്ത് കല്‍ക്കത്താ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. അന്നദ്ദേഹം കല്‍ക്കത്താ വിശ്വവിദ്യാലയത്തിലെ ചാന്‍സലര്‍ കൂടിയായിരുന്നു.
ഒരു ദിവസം അദ്ദേഹം പ്രമാദമായ ഒരു കേസിന്റെ വാദം കേട്ടുകൊണ്ടിരിക്കെ വൃദ്ധയായ ഒരു സ്ത്രീ കോടതി പരിസരത്തേക്ക് കടന്നുവന്നു. ആ സ്ത്രീ ഗുരുദാസിന്റെ പോറ്റമ്മയായിരുന്നു. കുട്ടിക്കാലത്ത് ഗുരുദാസിനെ മുലയൂട്ടി വളര്‍ത്തിയത് അവരായിരുന്നു. ഇപ്പോള്‍ അവര്‍ സ്വന്തം ഗ്രാമത്തിലാണ് താമസിക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് അവര്‍ കല്‍ക്കത്തയില്‍ വന്നത്. ഗ്രഹണം പ്രമാണിച്ച് ഗംഗാസ്‌നാനത്തിനെത്തിയതായിരുന്നു അവര്‍. ഗംഗാസ്‌നാനത്തിന് ശേഷം ഗുരുദാസനെ ഒന്നു കാണാമെന്നും കരുതി വന്നതായിരുന്നു അവര്‍. കണ്ടവരോടൊക്കെ ചോദിച്ചറിഞ്ഞാണ് അവര്‍ ഹൈക്കോടതിയിലെത്തിയത്.
നാട്ടുമ്പുറത്തുകാരിയായ ഒരു സ്ത്രീ മുഷിഞ്ഞ വസ്ത്രവുമായി കോടതി പരിസരത്ത് നടക്കുന്നത് കാവല്‍ക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗംഗാസ്‌നാനത്തിന് ശേഷം അവരുടെ വസ്ത്രങ്ങള്‍ ഈറനായിരുന്നു. ഈറന്‍ മാറാന്‍ അവരുടെ കൈവശം വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവര്‍ പാറാവുകാരനോട് കൈകൂപ്പി അപേക്ഷിച്ചു, ”മകനെ, എനിക്ക് ഗുരുദാസനെ കാണാന്‍ പറ്റുമോ?”
കേസിന്റെ വാദം കേട്ടുകൊണ്ടിരുന്ന ഗുരുദാസന്റെ ദൃഷ്ടി കോടതിയുടെ പ്രവേശനകവാടത്തിലെത്തി. അദ്ദേഹം കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റ് പുറത്ത് എത്തിയപ്പോള്‍ പാറാവുകാരന്‍ വശത്തേക്ക് മാറിനിന്നു. ഗുരുദാസ് ആ വൃദ്ധയുടെ കാല്‍തൊട്ട് വന്ദിച്ച് അവരെ നമസ്‌കരിച്ചു. ആ കാഴ്ച കണ്ട് ജനം അന്തംവിട്ടു! നാട്ടിന്‍പുറത്തുകാരിയായ ഒരു വൃദ്ധയ്ക്ക് ഹൈക്കോടതിയെപ്പറ്റിയും ജഡ്ജിയെ പറ്റിയുമൊക്കെ എന്തറിയാനാ! വൃദ്ധയുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായൊഴുകി. അതത്രയും ആനന്ദാശ്രുക്കളായിരുന്നു. ”ഈശ്വരാ! എന്റെ മകന്‍ ഗുരുദാസന് നല്ലതുവരട്ടെ” അവര്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അവിടെ കൂടിനിന്നവരോടായി ഗുരുദാസ് പറഞ്ഞു. ”നോക്കൂ, ഇതെന്റെ അമ്മയാണ്. കുഞ്ഞുനാളില്‍ എന്നെ മുലപ്പാലൂട്ടി വളര്‍ത്തിയ എന്റെ പൊന്നമ്മ. ഇവരുടെ മുലപ്പാല്‍ കുടിച്ചാണ് ഈ ഗുരുദാസ് വളര്‍ന്ന് വലുതായത്. ഇന്നേക്കിനി കേസ്സും കൂട്ടവുമൊന്നുമില്ല. കോടതി പിരിഞ്ഞിരിക്കുന്നു. കേസ്സുകള്‍ നാളെ എടുക്കാം. ഞാന്‍ ഇവരേയും കൂട്ടി വീട്ടിലേക്ക് പോവുകയാണ്.”
ഗുരുദാസ് വൃദ്ധയേയും കൂട്ടി വീട്ടിലേക്ക് പോയി.
വീട്ടിലെത്തി ഗുരുദാസ് അവരെ സല്‍ക്കരിച്ചു. ഏറെ സന്തോഷത്തോടെ അവര്‍ നോക്കി. സ്വന്തം മുലപ്പാല്‍ കുഞ്ഞിന് നല്‍കുന്ന പോറ്റമ്മയും അമ്മ തന്നെ. പോറ്റമ്മയെ ഇത്രയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗുരുദാസ് തന്റെ പെറ്റമ്മയായ സ്വര്‍ണ്ണമണി ദേവിയെ എത്രമാത്രം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ടാകും.