കുട്ടിപ്പട്ടാളം രാത്രി ഒന്‍പത് മണിയ്ക്ക് റേഡിയോയ്ക്കു ചുറ്റും സ്ഥാനംപിടിക്കും. അടുത്തുതന്നെ ചാരുകസേരയില്‍ മുത്തശ്ശിയും ഉണ്ടാകും. ഒന്‍പതേ പതിനഞ്ചിന് തുടങ്ങുന്ന നാടകം ശ്രദ്ധിക്കുവാന്‍ ഔത്‌സുക്യത്തോടെ കാത്തിരിക്കുകയാണ്. പ്രതീക്ഷയോടെ ഇരിക്കുമ്പോള്‍ നാടകത്തിന്റെ പേര് ആഘോഷപൂര്‍വ്വം പ്രഖ്യാപിക്കുന്നു. സാമജഗാമിനി. എല്ലാവരും മുഖത്തോടുമുഖം നോക്കി. ഞങ്ങള്‍ കുട്ടികള്‍ക്ക് സാമജഗാമിനിയുടെ അര്‍ത്ഥം അങ്ങ് മനസ്സിലായില്ല. മുത്തശ്ശിയോടു ചോദിച്ചെങ്കിലും നാടകത്തിന്റെ പേരില്‍ മുത്തശ്ശിയ്ക്കും പരിപൂര്‍ണ്ണതൃപ്തി വന്നിട്ടില്ലെന്ന് വ്യക്തം. പുരാണകഥകള്‍ കേള്‍ക്കുവാന്‍ ഇച്ഛിച്ചിരുന്ന മുത്തശ്ശിയുടെ മുഖത്തെ ഇച്ഛാഭംഗം ഞങ്ങള്‍ കുട്ടികളിലും ചെറിയൊരു നിരാശ പരത്തി. എങ്കിലും കേള്‍ക്കുകതന്നെ എന്ന ഭാവത്തില്‍ ഏവരും ഒന്നുകൂടി ഇരിപ്പുറപ്പിച്ചു.
റേഡിയോയിലെ ബാറ്ററിയുടെ ചാര്‍ജ്ജ് തീരാറായതുകൊണ്ട് റേഡിയോ ‘കരകര’ ശബ്ദമുണ്ടാക്കി. മുത്തശ്ശിയുടെ മുഖത്തും മുറുമുറുപ്പ് പ്രത്യക്ഷമായി.
എത്ര ദിവസമായി രാമചന്ദ്രനോട് പറയുന്നു റേഡിയോയിലെ ബാറ്ററി മാറ്റിത്തരാന്‍. കുരുമുളകു വിറ്റിട്ട് ബാറ്ററി മാറ്റും ന്ന് പറഞ്ഞ് നടക്കുകയാണവന്‍. ഭാര്യേടെ എണ്ണ കാച്ചാനുള്ള കഞ്ഞുണ്ണീം, നെല്ലിക്കേം വാങ്ങുവാന്‍ അവനു കാശുണ്ട്.’’
മുത്തശ്ശി മകളുടെ മകന് തന്നോടുള്ള അവഗണനയില്‍ ചെറിയ പരിഭവം രേഖപ്പെടുത്തി. ചെവിയില്‍ കല്ലിട്ടപോലെ റേഡിയോ വീണ്ടും കരകരാ ശബ്ദമുണ്ടാക്കി. മുത്തശ്ശി റേഡിയോ ഓഫ് ചെയ്തു. റേഡിയോ അകത്തുകൊണ്ടുപോയി വെയ്ക്കാന്‍ ശ്രീക്കുട്ടനെ ഏല്‍പ്പിച്ചു. ശ്രീക്കുട്ടന്‍ രാമചന്ദ്രമാമയുടെ മകനാണ്.
നാളെത്തന്നെ റേഡിയോബാറ്ററി മാറ്റുമെന്ന് രാമചന്ദ്രമാമ പ്രസ്താവനയിറക്കിയപ്പോള്‍ മുത്തശ്ശി ഞങ്ങള്‍ക്കു നടുവില്‍ ഇരിപ്പുറപ്പിച്ചു.
ഇനീപ്പൊ എന്തുചെയ്യും? എല്ലാവരും താടിയ്ക്ക് കൈ കൊടുത്തിരുപ്പായി.
ഉടനെ ശ്രീക്കുട്ടന്‍ പറഞ്ഞു. “നമുക്ക് പുലിയന്‍ കുന്നിനെക്കുറിച്ച് കഥ പറഞ്ഞുതരാമെന്ന് മുത്തശ്ശി പറഞ്ഞതല്ലേ… അതായാലോ…”
അങ്ങനെ ഞങ്ങള്‍ പുലിയന്‍ കുന്നിലേയ്ക്കുള്ള യാത്ര തുടങ്ങി. മുത്തശ്ശിയുടെ രക്ഷിതാക്കള്‍ ഉള്ള കാലത്ത് പതിമൂന്ന് കഴിയുള്ള തൊഴുത്തു നിറയെ പശുക്കള്‍ ഉണ്ടായിരുന്നത്രെ. ഈ പശുക്കളെയെല്ലാം തീറ്റിപ്പോറ്റിയിരുന്നത് ചെല്ലനും ചെല്ലന്റെ സഹധര്‍മ്മിണി തത്തയും ചേര്‍ന്നായിരുന്നു. തറവാട്ടില്‍ ചെല്ലനും തത്തയും ഇല്ലാതെ ഒരു പുറംപണിയും നടന്നിരുന്നില്ലത്രെ. മുത്തശ്ശി പറയുന്ന ചെല്ലന്റെ കഥ കേള്‍ക്കാനായിരുന്നില്ല ഒരു കുട്ടിയ്ക്കും താല്പര്യമുണ്ടായിരുന്നത്. എങ്കിലും മുത്തശ്ശിയുടെ കഥ പറച്ചിലിനിടയില്‍ ഭംഗം ഉണ്ടാവേണ്ടെന്നു കരുതി ആരും പുലിയന്‍ കുന്നിനെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചില്ല.
ചെല്ലന്റെ പെണ്ണ് തത്ത അതിസുന്ദരിയായിരുന്നു. ചെല്ലനും തത്തയും രാവിലെ തൊഴുത്തിലുള്ള പശുക്കള്‍ക്ക് കാടിവെള്ളം കൊടുത്തുകഴിഞ്ഞാല്‍ എല്ലാ പൈക്കളെയും അഴിച്ചുവിടും. അവ ഓരോന്നായി വഴിയെ വഴിയെ നടന്ന് വെള്ളാറമല കയറും. പുലിയന്‍ കുന്നില് പോവാതെ നോക്കണമെന്ന മുത്തശ്ശിയുടെ താക്കീത് കേട്ട് ചെല്ലന്‍ തല ചൊറിഞ്ഞ് പറയുമായിരുന്നത്രെ.
എമ്പ്രാളുടെ ഒരു പേടി. നമ്മളെക്കാള് ബുദ്ധീണ്ട് അവറ്റകള്‍ക്ക്. വെള്ളാറമല അതിക്രമിച്ച് പുലിയന്‍ കുന്നില് പോയ ചോത്ര പശുവിനെ കാണാതായതില്‍ പിന്നെ എല്ലാ പശുക്കളും വെള്ളാറമലയുടെ അതിര്‍ത്തിവിട്ട് മേയാന്‍ പോകാറില്ലത്രെ.
ന്നാലും ന്റെ അമ്മൂന്റെ ചോത്രപശു. അവളെ നശിപ്പിച്ച പുലി ഗുണം പിടിക്കില്ല. മുത്തശ്ശി കഥയ്ക്കിടയില്‍ പുലികളെ ശപിക്കുന്നുണ്ട്.
നമ്മുടെ ചെല്ലന്റെ പെണ്ണ് തത്തയെപ്പോലെ അതിസുന്ദരിയായിരുന്നു അവള്‍. അവളുടെ കൂട്ടായിരുന്നു സത്യഭാമ. അവളെ വിട്ട് പോകല്ലേ പോകല്ലേന്ന് എത്ര തവണ ഓതിക്കൊടുത്തു വിട്ടതാ.ആരൊക്കെയോ കയ്യും കണ്ണും കാണിച്ച് അവളെ വശീകരിച്ചുകൊണ്ടോയി കൊലയ്ക്ക് കൊടുത്തു. മുത്തശ്ശിയുടെ കഥകളില്‍ മൃഗങ്ങളും പക്ഷികളും എല്ലാം മനുഷ്യസ്വഭാവത്തിനുടമകള്‍ തന്നെയാണ്. സത്യഭാമ മറ്റൊരുപശുവിന്റെ പേരാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി.
ആരാ മുത്തശ്ശി ഈ ചോത്രപശൂനെ കയ്യും കണ്ണും കാണിച്ച് വശീകരിച്ചത്? ശ്രീക്കുട്ടന്‍ താല്പര്യം അടക്കാനാവാതെ ചോദിച്ചു.
അവള് ഒപ്പം നടന്ന കൂട്ടുകാരിയെ വിട്ട് പോയതല്ലേ….പുലീന്റെ മടയില്.
അതിന് വെള്ളാറമലയില്‍ പുലിയില്ലല്ലോ മുത്തശ്ശി.
അവള് വെള്ളാറമല കടന്നു അതിര്‍ത്തി ലംഘിച്ചു പോയികുട്ട്യേ…
എങ്ങോട്ടാ പോയത് മുത്തശ്ശി? ”
പുലിയന്‍കുന്നിലേക്ക് അല്ലാതെങ്ങോട്ടാ… അപകടം സ്വയം ക്ഷണിച്ചു വരുത്തിയവളാ… ’’ മുത്തശ്ശി പറഞ്ഞൊപ്പിച്ചു.
പുലിയന്‍ കുന്നെന്നു കേട്ടപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഭീതിയോടെ മുത്തശ്ശിയുടെ അരികിലേയ്ക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.
സത്യഭാമ ഒരുപാടു പറഞ്ഞു നോക്കീത്രേ… പോകണ്ടാന്ന്… പക്ഷേ അവള് പോയി. അനുസരണ തൊട്ടു തീണ്ടീട്ടില്ല… അമ്മൂന്റെ ഖേദമാണ് എനിക്കങ്ങട്ട് സഹിക്കാന്‍ കഴിയാത്തത്.
മുത്തശ്ശിയുടെ പൊന്നോമനമകളാണ് അമ്മു. അമ്മോമ്മമ്മ എന്നും മുത്തശ്ശിയോടൊപ്പമാണ്. അമ്മോമ്മമ്മയുടെ മകനായ രാമചന്ദ്രമാമയും ആ തറവാട്ടില്‍ തന്നെ. രാമചന്ദ്രമാമയുടെ പെങ്ങളായ സുശീലമാത്രമാണ് പന്ത്രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് മങ്കരയില്‍ നാരായണീയത്തില്‍ താമസിക്കുന്നത്. സ്‌കൂള്‍ പൂട്ടിയാല്‍ അമ്മോമ്മമ്മയുടെ അടുത്ത് തറവാട്ടില് എല്ലാവരും എത്തിച്ചേരും. മുത്തശ്ശി കഥകളുടെ കെട്ട് അഴിക്കും. ഞങ്ങളുടെ ഇടയില്‍ പുലിയന്‍ കുന്നും, വെള്ളാറമലയും, ആമ്പല്‍ക്കുളവും, കൊയ്യക്കപ്പഴവും എല്ലാം കഥാപാത്രങ്ങളായിവരും. പ്രകൃതിയെ മാറ്റിനിര്‍ത്തിക്കൊണ്ടൊരു കഥ പറയുവാന്‍ മുത്തശ്ശിക്കാവില്ല.
അമ്മോമ്മമ്മയ്ക്ക് പൈക്കളെന്നു വെച്ചാല്‍ ജീവനാണ്. അവയെ തഴുകി കിന്നരിച്ച് ഊട്ടിയുറക്കി തന്റെ ജീവിത സായാഹ്നങ്ങള്‍ മികവുറ്റതാക്കുന്ന അമ്മോമ്മമ്മയ്ക്ക് പരാതികളൊന്നുമില്ല.
പുലിയന്‍ കുന്നിലെ ഈ പുലിമട മുത്തശ്ശി കണ്ടിട്ടുണ്ടോ?” ശ്രീക്കുട്ടന്റെ അനിയത്തി ശിവാനി ചോദിച്ച ചോദ്യം കേട്ട് മുത്തശ്ശിയുടെ മുഖത്തെ പുരികക്കൊടികള്‍ എഴുന്നുനിന്നു..കണ്ണുകള്‍ ചെറുതായി ചെറുതായി കൃഷ്ണമണി മാത്രം കാണാം. അഴിച്ചിട്ടിരുന്ന വെള്ളി നൂലിഴകള്‍ പോലുള്ള മുടി നെറുകയില്‍ കെട്ടിവെച്ചു.
കണ്ടിട്ടുണ്ട് കുട്ട്യോളെ… അദ്ദേഹമുള്ളപ്പോ ഒരൂസം…”
ഞങ്ങള്‍ മുത്തശ്ശിയുടെ മടിയില്‍ കയറിയിരിപ്പായി. തൊഴുത്തില്‍ രാവിലെത്തന്നെ മൊന്തയില്‍ വെള്ളവുമായി പാല്‍ കറന്നെടുക്കുവാന്‍ മുത്തശ്ശി കയറിയത്രെ. പൈയ്ക്കളെല്ലാം ഭീതിയോടെ നില്‍ക്കുന്നതുകണ്ട് തൊഴുത്ത് ആകെയൊന്നു പരതിയ മുത്തശ്ശിയെ സ്തബ്ധയാക്കിക്കൊണ്ട് തൊഴുത്തിന്റെ മൂലയില്‍ വെട്ടിത്തിളങ്ങുന്ന രണ്ടു കണ്ണുകള്‍. ഒരു പടുകൂറ്റന്‍ പുലി വായതുറന്ന് ദംഷ്ട്രകള്‍ പുറത്തുകാട്ടി നില്‍ക്കുന്നതു കണ്ട് അലറിവിളിച്ചു കരഞ്ഞ മുത്തശ്ശിയുടെ ശബ്ദം കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിക്കൂടി. അപ്പോള്‍ തന്നെ പുലി ശരം കണക്കേ പുലിയന്‍ കുന്ന് ലക്ഷ്യമാക്കി ഓടി.
അന്നത്തെ ചെറുപ്പത്തിന്റെ തിളപ്പില്‍ എല്ലാവരും പുലിയുടെ പിറകെ ഓടി. പുലി പുലിയന്‍കുന്നിന്റെ രണ്ടാം വളവിലുള്ള ഒരു വലിയ മടയിലേക്ക് പാഞ്ഞു കയറി. അതിനുളളില്‍ നിന്നുള്ള ഗര്‍ജ്ജനം ഇന്നും കേള്‍ക്കുന്നതുപോലെ മുത്തശ്ശി രണ്ടു ചെവിയും കൈകള്‍കൊണ്ട് പൊത്തി. മുത്തശ്ശി ഒരു ദീര്‍ഘശ്വാസം ഉതിര്‍ത്തു. നിലച്ചു പോയ ശ്വാസഗതി ഞങ്ങളും വീണ്ടെടുത്തു.
അവിടെവെച്ചാണ് അമ്മൂന്റെ ചോത്രപശൂനെ കയ്യും കണ്ണും കാണിച്ച് …” മുത്തശ്ശിക്ക് ഗദ്ഗദം കൊണ്ട് സംസാരിക്കുവാന്‍ കഴിയുന്നില്ല.
പിറ്റേന്ന് അമ്മോമ്മമ്മയോട് ചോദിച്ചു. ”അന്ന് തൊഴുത്തില്‍് കയറിയ പുലി മനുഷ്യരേം പശുക്കളേം ഒന്നും ചെയ്്തില്ലല്ലോ അമ്മോമ്മമ്മേ”
അമ്മോമ്മമ്മ വിഷാദം നിറഞ്ഞ മുഖത്തു ചിരിവരുത്തി.”അതിന് നമ്മടെ വാസസ്ഥാനത്ത് അത് കയറിവന്നതല്ലേ…അത് വഴിതെറ്റി വന്നതാ…അതിന്റെ വഴിക്കങ്ങ് പോയി. അത്രേള്ളൂ?”
“എന്നിട്ട്…?”
അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയപ്പോള്‍ അമ്മോമ്മമ്മ തുടര്‍ന്നു.
പിന്നീടല്ലേ മനുഷ്യര് പുലിയന്‍ കുന്ന് തീയിട്ടുനശിപ്പിക്കാന്‍ തുടങ്ങിയത്. വന്യമൃഗങ്ങളുടെ ജീവനുതന്നെ ഭീഷണിയായിത്തീര്‍ന്നു മനുഷ്യരുടെ ചെയ്തികള്‍..ദുഷ്ടന്മാര് കാണിച്ചു കൂട്ടിയ ഓരോരോ പേക്കൂത്തുകള്…. ഒന്നും വിവരിക്കാതിരിക്യാ ഭേദം.”
അമ്മോമ്മമ്മ പറഞ്ഞത് മുഴുവനായും മനസ്സിലായില്ല.എങ്കിലും സുശീലമ്മയോട് ചോദിച്ചു. പുലിയന്‍ കുന്ന് നശിച്ച കഥ… കാടുകള്‍ വെട്ടിത്തെളിച്ചത്. തീയിട്ടുനശിപ്പിച്ചത്.. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കിയത്.. പക്ഷിമൃഗാദികളുടെ ആവാസസ്ഥലം കയ്യടക്കിയത്..
പുലിയന്‍ കുന്നിലെ പക്ഷിമൃഗാദികള്‍ ഉള്‍ക്കാടുകള്‍ തേടിപ്പോയി. പുലികള്‍ക്ക് വംശനാശം സംഭവിക്കുവാന്‍ തുടങ്ങി.
വെള്ളാറമലയുടെ അതിര്‍ത്തിയിലെത്തിയ നമ്മുടെ ചോത്രപ്പശൂനെ പുലി ആക്രമിച്ചു കൊന്നത് അതിന്റെ ഇര നാം മനുഷ്യര്‍ നഷ്ടപ്പെടുത്തിയതുകൊണ്ടാണ് രാധക്കുട്ടീ… അവ ഇത്രയല്ലേ ചെയ്തുള്ളൂ രാധക്കുട്ടീ…മനുഷ്യരാണെങ്കിലോ….?
രാത്രി സുശീലമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി. “”അവ ഇത്രയല്ലേ ചെയ്തുള്ളൂ രാധക്കുട്ടീ…മനുഷ്യരാണെങ്കിലോ?’