”കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം” എന്ന് ചങ്ങമ്പുഴ ഹൃദയവേദനയോടെയാണ് പാടിയത്. പുറംമോടി നോക്കി ആളുകളെ വിലയിരുത്താനും വിശ്വസിക്കാനും കഴിയില്ല.
മുഖം പത്മദളാകാരം
വചസ് ചന്ദനശീതളം
ഹൃദയം വഹ്നിസന്തപ്തം
ത്രിവിധം ദുഷ്ട ലക്ഷണം.
താമരയിതള്‍ പോലുള്ള മുഖവും ശാന്തമായ വാക്കും വെന്തുനീറുന്ന ഹൃദയവുമായി നടക്കുന്നവനെ ദുഷ്ടനായി മാത്രമേ കാണുവാന്‍ സാധിക്കു. വേഷവും രൂപവും നോക്കി ആളെ അളക്കുവാന്‍ പ്രയാസമാണ്. കോലം നന്നെന്നു കരുതി ശീലം നന്നെന്ന് വരുമോ എന്ന പഴഞ്ചൊല്ല് വളരെ അന്വര്‍ത്ഥമാണ്. ആളിനെ അടുത്തറിയുമ്പോഴേ സ്വഭാവം അറിയൂ. കോലം മോശമായാലും നല്ല ശീലമുള്ളവനെ ആദരിക്കുവാനും വിശ്വസിക്കുവാനും സാധിക്കും.
ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ഉയര്‍ത്തുന്നത് അവന്റെ സ്വഭാവമാണ്. ശീലങ്ങള്‍ ഒരു വ്യക്തിയുടെ സംസ്‌കാരത്തെ കരുപ്പിടിപ്പിക്കുന്നു. സാംസ്‌കാരിക ഗുണങ്ങളായ സത്യം, സ്‌നേഹം, ദയ, ദാനം, ശുചിത്വം, ധര്‍മ്മം എന്നിവ ജീവിതത്തില്‍ പാലിക്കുകയും അതിനെ തന്റെ ജീവിതാനുഭൂതിയാക്കി മാറ്റുന്നവനുമാണ് യഥാര്‍ത്ഥ വ്യക്തിത്വത്തിന്റെ ഉടമയാകുന്നത്. ബ്രേക്ക് വണ്ടിയെ വേഗത്തിലും സുഗമമായും ഓടിക്കാന്‍ സഹായിക്കുന്നു. വ്യക്തികള്‍ക്ക് ആദര്‍ശത്തിലൂന്നിയ ബ്രേക്ക് ആവശ്യമാണ്. താമരയില ജലത്തില്‍ കിടന്നാലും ജലം ഇലയെ ബാധിയ്ക്കാത്തതുപോലെ ഏതു സാഹചര്യത്തിലും സൗശീലമുള്ളവന്റെ ജീവിതം വഴിതെറ്റുകയില്ല. വ്യക്തികളുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നിലപാടുകള്‍ രൂപപ്പെടുന്നത്. നിലപാടിനനുസരിച്ചാണ് നല്ല പ്രവൃത്തികളുണ്ടാകുന്നത്. കാഴ്ചപ്പാടാണ് വ്യക്തികള്‍ക്ക് കഴിവുണ്ടാക്കികൊടുക്കുന്നത്. കാഴ്ചപ്പാടിനാധാരമായത് വ്യക്തികളുടെ സ്വഭാവ സവിശേഷതയാണ്. നല്ല സ്വഭാവമുള്ളവന്‍ സനാതന മൂല്യമായ നൈതികതയില്‍ ഉറച്ചു നില്‍ക്കുന്നു.
യഥാര്‍ത്ഥത്തില്‍ മനുഷ്യനാകാന്‍ ശരീരത്തിന്റെ പൂര്‍ണ്ണതയാണ് അനിവാര്യം എന്ന് അര്‍ത്ഥമില്ല. ശരീരത്തേക്കാള്‍ ശ്രേഷ്ഠം സംസ്‌കാരമാണ്. ദൃഷ്ടിയില്ലാത്തതല്ല പ്രശ്‌നം. ദൃഷ്ടിയുള്ളവരില്‍ ദര്‍ശനമില്ലാത്തതാണ്. ദര്‍ശനം ലഭിക്കുവാന്‍ നല്ല ശീലവും അതിനനുസരിച്ചുള്ള അഭ്യാസവും ഉള്‍ക്കൊണ്ടവനു മാത്രമേ സാധിക്കു. നാടിന്റെ പ്രശ്‌നം സംസ്‌കരിക്കപ്പെടാത്ത മാനസിക ഊര്‍ജ്ജമാണ്. ആദര്‍ശത്തിനനുസരിച്ചുള്ള മനസ്സും മനസ്സിനനുസരിച്ചുള്ള ജീവിതവും രൂപപ്പെടണം. പുറംമോടിയില്‍ ഭ്രമിക്കാതെ അന്തര്‍ സൗന്ദര്യത്തെ മനസ്സിലാക്കി ഇടപെടുന്നതാണ് ഉത്തമം. കോലം നന്നായവന്റെ ശീലം നന്നായില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവന്‍ അപകടം ഉണ്ടാക്കിവയ്ക്കും. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കൂടുന്ന ഇക്കാലത്ത് കോലത്തേക്കാള്‍ ശ്രേഷ്ഠം ശീലമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ പഴഞ്ചൊല്ല് നമുക്ക് നല്‍കുന്നത്. അന്തഃസാരം ഉള്ളവര്‍ക്കു മാത്രമേ മനുഷ്യസ്‌നേഹവും സാമൂഹ്യാര്‍ജ്ജവവും ലഭിക്കുകയുള്ളു.