ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല മുതല്‍ ലിപുപേഖ് ചുരം വരെ റോഡ് നിര്‍മ്മിച്ചതില്‍ ഭാരത-നേപ്പാള്‍ ഗവണ്മെന്റുകള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നു. ഭാരതം റോഡു നിര്‍മ്മിച്ചതിനുള്ള നേപ്പാളിന്റെ പ്രതിഷേധത്തിനു പിന്നില്‍ മറ്റാരെങ്കിലുമാകാന്‍ സാദ്ധ്യതകളുണ്ടെന്ന് കരസേനാമേധാവി ജനറല്‍ എം.എം. നരവനെ അഭിപ്രായപ്പെട്ടു. ‘നേപ്പാളുമായി ഉറച്ചബന്ധം തുടരുമെന്നും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായി ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധമുണ്ട്,ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തം’ എന്നും അദ്ദേഹം പിന്നീട് പ്രതികരിക്കുകയുണ്ടായി. എം.എം. നരവനെയുടെ ഈ നിരീക്ഷണങ്ങളെ സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണിവിടെ.
ധാര്‍ച്ചുലയുമായി ലിപുപേഖിനെ ബന്ധിപ്പിച്ച് 80 കി.മീ. നീളം വരുന്ന റോഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് മെയ് 8 ന് ഉദ്ഘാടനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും ഗവണ്മെന്റുകള്‍ തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്. റോഡ് നേപ്പാളിലൂടെ കടന്നുപോകുന്നുവെന്നാണ് നേപ്പാളിന്റെ അവകാശവാദം. അതില്‍ അവര്‍ ഔദ്യോഗിക പ്രതിഷേധവും അറിയിച്ചു. തുടര്‍ന്ന് ഭാരതത്തിന്റെ ഭൂപ്രദേശങ്ങളായ കാലാപാനി, ലിപുപേഖ്, ലിംപിയാപുര എന്നിവ ഉള്‍പ്പെടുത്തി നേപ്പാള്‍ അതിന്റെ രാഷ്ട്രീയ ഭൂപടം പരിഷ്‌കരിച്ചു. ഭാരതത്തിന്റെ ഭൂപ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി പുതുക്കിയ നേപ്പാള്‍ ഭൂപടത്തിന് പാര്‍ലമെന്റിന്റെ അധോസഭയും ഉപരിസഭയും അംഗീകാരം നല്‍കി.
ചരിത്രപരമായ രേഖകളുടെയും വസ്തുതകളുടെയും പിന്‍ബലമില്ലാതെ ഏകപക്ഷീയമായി ഭൂപടം തിരുത്തുന്നത് ഭാരത-നേപ്പാള്‍ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും നേപ്പാളിന്റെ ഏകപക്ഷീയമായ ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഭാരതം നിലപാടെടുത്തു. എന്നാല്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിലുപരി ഭാരതത്തെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകളും രാഷ്ട്രീയ നീക്കങ്ങളുമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മഒലിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നേപ്പാള്‍ ഗവണ്മെന്റ് ഒരു ചുവടുമാറ്റത്തിനോയെന്ന് ന്യായമായും സംശയിക്കാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ഹിന്ദുഭൂരിപക്ഷ നേപ്പാള്‍. ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നു മാത്രമല്ല നേപ്പാള്‍ സര്‍ക്കാരിനുണ്ടായ ഭരണപരാജയത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ഭൂപട വിവാദം ശര്‍മ്മഒലിക്ക് തുണയായി. ഒലിയുടെ രാഷ്ട്രീയ തന്ത്രമാകാം ഇത് എങ്കില്‍ക്കൂടിയും നേപ്പാള്‍ ഗവണ്മെന്റില്‍ ചൈനയുടെ സ്വാധീനം കാണാതിരുന്നുകൂടാ. ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നതകളും നേതൃത്വവടംവലികളും ഉണ്ടായപ്പോള്‍ അത് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ഭരണസ്ഥിരതയെ ബാധിക്കാതിരിക്കാന്‍ അവിടുത്തെ ചൈനീസ് അംബാസഡര്‍ നടത്തിയ ഇടപെടലുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഇന്ന് ഒലിയെ വിമര്‍ശിക്കാന്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആര്‍ക്കും ധൈര്യമില്ല. ചൈനയുടെ പിന്തുണയാല്‍ ഭരണസ്ഥിര അദ്ദേഹം ഉറപ്പാക്കി. അതിനുള്ള പ്രത്യുപകാരമാകണം നേപ്പാളില്‍ ഭൂപടത്തെച്ചൊല്ലി ഉയര്‍ത്തി വിടാന്‍ ശ്രമിക്കുന്ന ഭാരത വിരുദ്ധത.
ഭരണാധികാരത്തിനും ഭരണസ്ഥിരതയ്ക്കും ഭരണത്തുടര്‍ച്ചയ്ക്കും ഭാരതവിരുദ്ധ വികാരം ഉപയോഗപ്പെടുത്തുക എന്നത് പാകിസ്ഥാനില്‍ പതിവാണ്. അതുപോലെ നേപ്പാളിലും പ്രധാനമന്ത്രി ഒലി ആ തന്ത്രം പരീക്ഷിക്കുകയാണ്. ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു വശത്ത് പാകിസ്ഥാനി ജിഹാദികളുടെ ഹിന്ദുസ്ഥാന്‍ വിരുദ്ധതയും മറുവശത്ത് കമ്മ്യൂണിസ്റ്റ് ഭാരതവിരുദ്ധതയും. ചീന അതിന് എല്ലാ പ്രോത്സാഹനവും നല്‍കുന്നു. പ്രത്യേകിച്ച് കോവിഡ് അനന്തരകാലത്ത് കോവിഡ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചീന ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. മൂലധന നിക്ഷേപത്തിന് പ്രാപ്തിയുള്ള രാജ്യങ്ങളെല്ലാംതന്നെ ചൈനയുടെ പിടിപ്പുകേടില്‍ അതൃപ്തിയുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ചീനയിലെ വിദേശനിക്ഷേപം ജനാധിപത്യ സുതാര്യ ഭാരതത്തിലേക്ക് വഴിമാറിപോകുമോ എന്ന് ചൈന ഭയപ്പെടുന്നു. ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളെ പ്രലോഭിപ്പിച്ചും, പ്രീണിപ്പിച്ചും ഭാരതവിരുദ്ധ നിലപാടിലേക്കു മാറ്റി ഭാരതത്തിന്റെ അതിര്‍ത്തിയുടനീളം സംഘര്‍ഷഭരിതമാക്കിയാല്‍ ഇവിടെയെന്നും പ്രശ്‌നങ്ങളാണെന്ന ഭീതി അന്താരാഷ്ട്ര സമൂഹത്തില്‍ ഉയരും. അത് വിദേശമൂലധനത്തെയും സംരഭകരേയും ആകര്‍ഷിക്കാനുള്ള ഭാരതത്തിന്റെ പ്രയത്‌നത്തിനും യശസ്സിനും കോട്ടം വരുത്തുമെന്ന് അവര്‍ കണക്കാക്കുന്നു. അതിര്‍ത്തിയില്‍ ഭാരതം ത്വരിതഗതിയില്‍ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാളിനെ മറയാക്കി തടയിടാനും ശ്രമിക്കുന്നു. ഇതിനാലാണ് നേപ്പാളിന്റെ പ്രതിേഷധങ്ങള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ആകാന്‍ സാദ്ധ്യതയുണ്ടെന്ന് കരസേനാമേധാവി പ്രതികരിച്ചത്.
കമ്മ്യൂണിസ്റ്റ് നേപ്പാള്‍ ഭാരതവുമായി തര്‍ക്കത്തിലാവുകയെന്നത് ചൈനീസ് താല്പര്യമാണ്. യുദ്ധം കൂടാതെ ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യമായിട്ടല്ല ചൈന കുതന്ത്രം പ്രയോഗിക്കുന്നത്. ഭാരത വിരുദ്ധത ദേശീയ വികാരമാക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് നേപ്പാളിനെ വാര്‍ത്തെടുക്കാന്‍ ചീന ശ്രമിക്കുന്നു എന്നു കരുതണം. ഭാരതവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ ഭാരത വിരുദ്ധവികാരം സൃഷ്ടിച്ച് അതില്‍നിന്ന് നേട്ടം കൊയ്യുകയെന്നത് ചൈനീസ് നയതന്ത്രയുദ്ധത്തിലെ സ്വാഭാവിക രംഗങ്ങളാകാം. എന്നാല്‍ ഈ ഭാരതവിരുദ്ധത തങ്ങളുടെ ദേശീയ വികാരങ്ങളായി പരിണമിക്കുമ്പോള്‍ അത് നേപ്പാളിന്റെ അസ്തിത്വത്തെതന്നെ ബലി കഴിക്കുന്നതാകുമെന്ന് അവര്‍ തിരിച്ചറിയുന്നതിന് കാലമേറെ ചെല്ലേണ്ടതില്ല.
നേപ്പാളിന്റെ പ്രകൃതിദത്ത വാതായനങ്ങള്‍ എല്ലാം ഭാരതത്തിലേക്കാണ് തുറക്കുന്നത്. ചരിത്രപരവും സാംസ്‌കാരികവും ആഴത്തിലുള്ളതുമായ സുസ്ഥിര ഭാരത നേപ്പാള്‍ ബന്ധങ്ങളാണ് നേപ്പാളിന് ഗുണം ചെയ്യുക. തുറന്ന അതിര്‍ത്തികളാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്. പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടും വിസയുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാം. ഗവണ്മെന്റ് ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതിനുള്ള അവകാശങ്ങളും ഉണ്ട്. ഇത്തരത്തില്‍ സവിശേഷ ബന്ധങ്ങളുള്ള നേപ്പാള്‍, ചൈനീസ് വ്യാളിയുടെ ഉപകരണമായി മാറ്റപ്പെടുകയാണെങ്കില്‍ അതിനോടു വൈകാരികമായി പ്രതികരിക്കാതെ വിവേകപൂര്‍ണ്ണമായ ഇടപെടലാണ് നടത്തേണ്ടുന്നത്. ആയതില്‍നിന്നാണ് ”നേപ്പാളുമായി ഇന്ത്യയ്ക്കുള്ള ഉറച്ച ബന്ധം തുടരും. ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌കാരികവുമായി ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധമുണ്ട്. ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തം” എന്ന് പ്രതികരണം ഉടലെടുത്തത്.
പൊരുതി നേടിയ ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍, വ്യാളിയുടെ സ്വാധീനം നേപ്പാളിന് വ്യാധിയാകാതിരിക്കണമെങ്കില്‍ സമഗ്രാധിപത്യ ചൈനയല്ല, ജനാധിപത്യ ഭാരതമാണ് സ്വാഭാവിക സുഹൃത് രാജ്യമെന്ന ബോദ്ധ്യം അവിടുത്തെ ജനതയിലുണ്ടാകണം. ചൈന ഒരിക്കലും ഭാരതത്തിനു പകരം വയ്ക്കാവുന്ന സുഹൃദ് രാജ്യമാകില്ലെന്ന് നേപ്പാളിന്റെ രാഷ്ട്രീയ നേതൃത്വവും തിരിച്ചറിയുന്നിടത്താണ് ഭാരതത്തിന്റേയും നേപ്പാളിന്റെയും വിജയം.