വായന ഒരു സംസ്‌കാരമാണ്. അത് നല്ലശീല ഗുണവുമാണ്. ഒരു മോഹമാണ്… ദാഹമാണ്. വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍ ആഹാരവും ജലവും ചോദിച്ചുവാങ്ങുന്നതുപോലെ. മനസ്സിന്റെ വിശപ്പും ദാഹവുമകറ്റി, ഓജസ്സും തേജസ്സും പകരാന്‍ നല്ല വായന കൊണ്ടുകഴിയും. വിശക്കുന്നവന് ആഹാരം കൊടുക്കുന്നതിനു തുല്യമാണ് വായനശീലമുള്ള ഒരുവന് പുസ്തകം നല്‍കുന്നത്.
എന്താണ് വായിക്കേണ്ട ത്? ശരീരത്തിന് പഥ്യാഹാരമെന്നപോലെ, മനസ്സിന് പഥ്യമായ, ഗുണകരമായതേ വായിക്കാവൂ, അല്ലെങ്കില്‍ മനസ്സ് കേടുവരും.
മനുഷ്യമനസ്സിലെ മാറാല മൂടിയ, അന്ധകാരം നിറഞ്ഞ കോണുകളെ വൃത്തിയാക്കി ജ്ഞാനത്തിന്റെ കെടാവിളക്ക് കൊളുത്തുവാന്‍ വായനയ്ക്കു കഴിയും… ആ വിളക്ക് കരിപടരാതെ, എണ്ണവറ്റി, കരിന്തിരി കത്താതെ പ്രത്യേകം ശ്രദ്ധിയ്ക്കണം. അറിവാണ് വെളിച്ചം. അജ്ഞത ഇരുട്ടാണ്. ‘തമസോ.. മാ… ജ്യോതിര്‍ഗമയാ’ എന്ന വാക്യം മറക്കാതിരിയ്ക്കുക. വായന ചിലര്‍ക്ക്… വെറുമൊരു നേരംപോക്കാണ്. മറ്റുചിലര്‍ക്ക് അതൊരു തപസ്യയാണ്… വേറെ ചിലര്‍ അതിനായി വളരെ സമയം നീക്കിവയ്ക്കുന്നു.
മനസ്സുകൊണ്ട് വേണം വായിക്കാന്‍. മനസ്സറിഞ്ഞ് വായിച്ച് മനസ്സിനുള്ളില്‍ ഓരോ രംഗവും ദൃശ്യവല്‍ക്കരിക്കണം. നമ്മള്‍ വായിച്ചറിഞ്ഞ പല കഥാപാത്രങ്ങളും മിഴിവോടെ മനസ്സില്‍ വരുന്നതായി തോന്നും. അങ്ങനെ ഹൃദയത്തില്‍ പതിഞ്ഞത് ഒരിയ്ക്കലും മായുകയില്ല… ഏതു ചാനല്‍ ദൃശ്യത്തെക്കാളും സിനിമാരംഗത്തെക്കാളും മനോഹരമായ അനുഭവമാണത്. അത് ഒരിയ്ക്കലും മറക്കാത്തതിനാല്‍ അത്തരം പുസ്തകങ്ങള്‍ വീണ്ടും വായിക്കാന്‍ തോന്നും.
വായന വളരാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം – നാം ഇഷ്ടപ്പെടുന്നവ ധാരാളം വായിച്ച് ശീലിയ്ക്കുക എന്നതാണ്. ക്രമേണ മറ്റുള്ളവയും വായിക്കാന്‍ കഴിയണം. അതിനാല്‍ നല്ലതു തെരഞ്ഞെടുത്ത് വായിക്കുക.
വായനാശീലം പോലെ മുഖ്യമാണ് എഴുതുവാനുള്ളശീലം. പണം മുടക്കിവാങ്ങുന്ന സാങ്കേതികവിദ്യകള്‍ ഇല്ലാതിരുന്ന കാലത്ത് ഇന്‍ലാന്റ് എന്ന വസ്തുവിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു. ഒരു നല്ല കത്ത് വായിക്കുന്ന സുഖം ഫോണ്‍ സംഭാഷണത്തിന് ഉണ്ടാവില്ല.
കുട്ടികള്‍ക്ക് വായനാശീലം കുറയുന്നതിന് ഉത്തരവാദികള്‍ മാതാപിതാക്കള്‍ തന്നെയാണ്. കാരണം, നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് അവരെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഗൃഹത്തിലെ മറ്റ് അംഗങ്ങള്‍, ഗുരുനാഥന്‍മാര്‍, സുഹൃത്തുക്കള്‍ എല്ലാവരും വായനാശീലം വളര്‍ത്തുവാന്‍ സഹായിക്കണം.