സിദ്ധാര്ത്ഥന് എന്ന നാലാം ക്ലാസ്സുകാരന്റെ ജീവിതത്തിലേയ്ക്ക് ശ്രീബുദ്ധനു കയറിവരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. അങ്ങിനെ അവിചാരിതമായിട്ടാണല്ലോ പലതും സംഭവിയ്ക്കുന്നത്. റെയില്‍വെ പുറമ്പോക്കിലെ പത്തുനാല്‍പ്പതു വീടുകളിലെ സാമാന്യം വൃത്തിയുള്ളൊരു വീടായിരുന്നു സിദ്ധാര്‍ത്ഥന്റേത്. ചുടുകട്ട കൊണ്ട് കെട്ടിയ തൂണുകളും തകരംകൊണ്ട് മറച്ച ചുവരും ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയുമൊക്കെ ആ കോളനിയിലൊരാര്‍ഭാടം തന്നെയായിരുന്നു. മറ്റ് പലരുടെയും വീടുകളുടെ മേല്‍ക്കൂര നഗരത്തിലെ സിനിമ പരസ്യക്കാര്‍ ഉപേക്ഷിച്ച ഫ്‌ളക്‌സുകളോ ടാര്‍പോളിന്‍ ഷീറ്റോ ഒക്കെ ഉപയോഗിച്ചുണ്ടാക്കിയതായിരുന്നു.
റെയില്‍പ്പാളം കടന്ന് ബീച്ച് റോഡിലൂടെ പോലീസ് സ്റ്റേഷന്‍ കഴിഞ്ഞ് ഒരു കിലോമീറ്റര്‍ നടന്നാല്‍ അവന്‍ പഠിക്കുന്ന ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളായി. പക്ഷെ പ്രാര്‍ത്ഥനപാടി ക്ലാസ്സുകള്‍ ആരംഭിച്ചിട്ടല്ലാതെ ഒരിക്കലും അവന് ക്ലാസ്സില്‍ എത്താന്‍ കഴിയാറില്ല. സ്‌കൂളു തുറന്ന ആദ്യ രണ്ടു മൂന്നാഴ്ച അവന്‍ സ്‌കൂളില്‍ പോയതേയില്ല. യൂണിഫോമില്ലാതെ ചെന്നാല്‍ വെറുതെ ചീത്തകിട്ടുമല്ലോയെന്നു കരുതിയിട്ടായിരുന്നു പോകാതിരുന്നത്. പക്ഷെ ശ്യാമളടീച്ചര്‍ വിടാന്‍ ഭാവമില്ലായിരുന്നു. അവര്‍ യൂണിഫോമും പുതിയ പുസ്തകങ്ങളുമായി വന്ന് സിദ്ധാര്‍ത്ഥന്റെ അപ്പൂപ്പനെ കണ്ടിട്ടാണ് പിറ്റേ ദിവസം മുതല്‍ അവന്‍ സ്‌കൂളില്‍പോയി തുടങ്ങിയത്.
അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന റെയില്‍വെ പുറമ്പോക്കിലെ സിദ്ധാര്‍ത്ഥന്റെ വീടുതപ്പിയുള്ള ശ്യാമളടീച്ചറിന്റെ വരവ് അവന്‍ ദൂരെ നിന്നേ കണ്ടിരുന്നു. വെള്ളക്കെട്ടിലെടുത്തിട്ട കല്ലുകളിലും കട്ടകളിലും ചവിട്ടി ഒരു സര്‍ക്കസുകാരിയെപ്പോലെ തന്റെ പുതിയ ചെരുപ്പ് നനയ്ക്കാതെ അവന്റെ വീടോളം വരെ വരുവാന്‍ ടീച്ചര്‍ നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇത്തിരി കീറിയതെങ്കിലും പെപ്‌സിയുടെ പരസ്യമുള്ള ഒരു ബനിയനിട്ട് അവന്‍ ടീച്ചറിനെ സ്വീകരിക്കാന്‍ ചാറ്റല്‍ മഴ കൂസാതെ പുറത്തേയ്ക്കിറങ്ങി ച്ചെന്നു. അതുകൊണ്ട് ടീച്ചര്‍ക്ക് അവന്റെ വീട് തെറ്റിയില്ല. സിദ്ധാര്‍ത്ഥന്റെ അമ്മൂമ്മയുടെ പക്കല്‍ യൂണിഫോമും പുസ്തകങ്ങളുമേല്‍പ്പിച്ച ശ്യാമളടീച്ചര്‍, സ്‌കൂളില്‍ വച്ചെങ്ങും കാണാത്ത ഒരു വിനയത്തോടെയാണ് തലേദിവസം സേവിച്ച വാറ്റുചാരയത്തിന്റെ ഗന്ധം പരത്തി കട്ടിലില്‍ കിടക്കുന്ന കാളന്‍ നായാടിയെന്ന സിദ്ധാര്‍ത്ഥന്റെ അപ്പൂപ്പന്റെ കാല്‍ചുവട്ടില്‍ നിന്നത്. മുറുക്കാന്‍ ചാറ്റലുകൊണ്ട് ചെമ്പിച്ച അയാളുടെ താടിരോമങ്ങള്‍ ശ്വാസനിശ്വാസങ്ങള്‍ക്കനുസരിച്ച് തുള്ളിക്കളിച്ചിരുന്നു.
”നായാടീടെ മോന്‍ പഠിച്ച് ഡാക്ടറോ കളട്ടറോ ആകൂന്നു വച്ചല്ല ടീച്ചറെ പള്ളിക്കൂടത്തി വിടുന്നേ… ഉച്ചക്കഞ്ഞിയെങ്കിലും കിട്ടിയാ അത്രേം കൊറച്ച് ഈ കെളവനന്വേഷിച്ചാമതീല്ലോന്നു കരുതീട്ടാ…” വൃദ്ധന്‍ ചാരായത്തിന്റെ കെട്ട് പൊട്ടിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു.
”സിദ്ധാര്‍ത്ഥന്‍ പഠിക്കാന്‍ കഴിവൊള്ള കുട്ടിയാ….” ശ്യാമളടീച്ചര്‍ സിദ്ധാര്‍ത്ഥനെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് വിനയംകൊണ്ടു.
പിറ്റേദിവസം മുതല്‍ സിദ്ധാര്‍ത്ഥന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. കാട്ടുമൃഗങ്ങളുടെ പടങ്ങള്‍ ചുവരില്‍ വരച്ച് മോടികൂട്ടിയിരുന്ന അവന്റെ സ്‌കൂളിന്റെ മേല്‍ക്കൂര അവിടിവിടെ ഓടുപൊട്ടി ചോരുന്നുണ്ടായിരുന്നു. നാലുക്ലാസ്സിലും കൂടി പത്തോ അറുപതോ കുട്ടികള്‍ മാത്രമുണ്ടായിരുന്നതുകൊണ്ട് ചോരാത്ത ഇടങ്ങളിലേക്ക് അവരെ മാറ്റി ഇരുത്തി ക്ലാസ്സുകള്‍ എടുക്കാന്‍ അധ്യാപകര്‍ക്കു കഴിഞ്ഞു. എല്ലാവരും തന്നെ നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ നിന്നും വരുന്നവരായതുകൊണ്ട് മേല്‍ക്കൂരയുടെ ചോര്‍ച്ചയൊന്നും അവരെ ബാധിച്ചതേയില്ല. ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ പഠിപ്പിയ്ക്കുവാന്‍ ബഹുമിടുക്കിയാണെങ്കിലും ശ്യാമള ടീച്ചറിന്റെ കാര്യം വലിയ കഷ്ടമായിരുന്നു. ഇനിയും കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ ഡിവിഷന്‍ ഫാളുണ്ടാകുംപോലും. തന്റെ പണിപോകാതിരിക്കാന്‍ വീടുകളില്‍ പോയി യൂണിഫോമും കുടയും പുസ്തകവുമൊക്കെ നല്‍കി കുട്ടികളെ പിടിക്കുന്ന പണികൂടി വര്‍ഷാരംഭത്തില്‍ അവര്‍ക്കു ചെയ്യേണ്ടതുണ്ടായിരുന്നു. പലപ്പോഴും ദിവാകരന്‍ സാറും ഈ കാര്യത്തില്‍ അവരെ സഹായിച്ചിരുന്നു.
”ഹോ… ഇന്നെന്താണോ പതിവില്ലാതെ നേരത്തേ… ” ദിവാകരന്‍ സാറിന്റ പരിഹാസമാണ് സിദ്ധാര്‍ത്ഥനെ വരവേറ്റത്. നേരത്തെ ചെന്നാലും താമസിച്ച് ചെന്നാലും മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വസ്തുവാണ് താനെന്ന് സിദ്ധാര്‍ത്ഥനറിയാമായിരുന്നു. പിന്‍ബഞ്ചിലേക്ക് കടന്നിരിക്കുന്നതിനിടയില്‍ ആരോ തന്നെ നായാടിയെന്ന് വിളിച്ചത് അവന്‍ കേട്ടില്ലെന്നുവച്ചു. തന്റെ അപ്പൂപ്പന്റെ അച്ഛന്റെ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും വന്ന നായാടി ജാതിക്കാരാണ് തങ്ങളെന്ന് സിദ്ധാര്‍ത്ഥനറിയാമായിരുന്നു. സ്‌കൂളില്‍ ചേര്‍ക്കുമ്പോ ജാതീടെ കോളത്തില്‍ ‘നായാടി’ എന്നെഴുതി ചേര്‍ത്തതു കൊണ്ടാണല്ലോ കൂട്ടുകാരൊക്കെ തന്നെ നായാടി എന്ന് പരിഹസിക്കുന്നതെന്ന് അവന്‍ ഉള്ളില്‍ പരിതപിച്ചു.
നഗരം ചതുപ്പില്‍ ഒരു പുണ്ണുപോലെ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയകാലത്ത് മനുഷ്യമലം നീക്കം ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന പണിക്കാരായിരുന്നു തന്റെ പൂര്‍വ്വികരെന്ന് സിദ്ധാര്‍ത്ഥന്‍ അവന്റെ അപ്പൂപ്പന്റെ കുടുംബ പുരാണ കഥനങ്ങളില്‍ നിന്നും ഗ്രഹിച്ചിരുന്നു. വാറ്റു ചാരായം അധികം കഴിക്കാന്‍ പണം തികയാത്ത രാത്രികളിലാകും അയാള്‍ കുടുംബപുരാണം വായിച്ചിരുന്നത്. നഗരം വളര്‍ന്ന്, എല്ലാവീടുകളിലും കക്കൂസുകള്‍ വന്നതോടെ തോട്ടിപ്പണി ക്രമേണ നിലച്ചു പോയി. അതോടെ തോട്ടിപ്പണി ചെയ്തിരുന്നവരെ കോര്‍പ്പറേഷനിലെ ചപ്പും ചവറും മാലിന്യങ്ങളും വാരുന്ന വണ്ടികളിലെ ദിവസവേതനക്കാരാക്കി മാറ്റി. ചിലരെയൊക്കെ കോര്‍പ്പറേഷന്റെ ചവറുവണ്ടിയിലെ സ്ഥിരം ജോലിക്കാരായി നിയമിച്ചു. അങ്ങനെ നിയമനം കിട്ടിയവരിലൊരാളായിരുന്നു കാളന്‍ നായാടി എന്ന സിദ്ധാര്‍ത്ഥന്റെ അപ്പൂപ്പന്‍.
അങ്ങ് തമിഴ്‌നാട്ടിലെ ഉള്‍വനങ്ങളില്‍ പുലികളെയും കരടികളെയും നായാടി നടന്നിരുന്ന തന്റെ പൂര്‍വ്വികരുടെ പരാക്രമങ്ങളില്‍ അയാള്‍ ഏറെ അഭിമാനിച്ചിരുന്നു. തമിഴ് കലര്‍ന്ന ഏതോ ഭാഷയില്‍ അത്തരം പരാക്രമത്തിന്റെ പഴംപാട്ടുകള്‍ പോലും അയാള്‍ പാടുന്നത് സിദ്ധാര്‍ത്ഥന്‍ കേട്ടിട്ടുണ്ട്… പക്ഷെ തന്റെ അപ്പൂപ്പന്‍ നഗരത്തിലെ ചപ്പുചവറുകളുടെ കൂനയില്‍ കൂറകളെയും പെരുച്ചാഴികളെയും വേട്ടയാടുന്നതിന്റെ പരിഹാസ്യദൃശ്യങ്ങള്‍ സിദ്ധാര്‍ത്ഥന്റെ സ്വപ്നങ്ങളില്‍ പലവട്ടം മിന്നിമറഞ്ഞിട്ടുണ്ട്.
ദിവാകരന്‍ സാര്‍ ക്ലാസ് കഴിഞ്ഞ് പോയതും ശ്യാമളടീച്ചര്‍ വന്നതും സിദ്ധാര്‍ത്ഥന്‍ അറിഞ്ഞതേയില്ല. ക്ലാസ്സിലാകെ ഇലഞ്ഞിപ്പൂമണം പരന്നപ്പോഴാണ് ശ്യാമളടീച്ചര്‍ വന്നകാര്യം അവന്‍ അറിഞ്ഞത്. ടീച്ചര്‍ വീട്ടില്‍ തന്നെ വിളിക്കാന്‍ വന്നപ്പോഴും ഇതേ മണമായിരുന്നു. പട്ടച്ചാരായത്തിന്റെ മണവും പുറമ്പോക്കിലെ ഓടയുടെ നാറ്റവും നിറഞ്ഞു നിന്നിരുന്ന അവന്റെ വീട്ടില്‍ ഒന്നു രണ്ടു ദിവസത്തേയ്ക്ക് ഇലഞ്ഞിപ്പൂമണം തങ്ങിനിന്നിരുന്നതായി അവന്‍ ഓര്‍ത്തു. അപ്പൂപ്പന്‍ ചവറു കോരിതള്ളിക്കൊണ്ടു പോകുന്ന അര്‍ബാനയിലെ ദുര്‍ഗന്ധത്തെ കുറച്ചുദിവസത്തേയ്‌ക്കെങ്കിലും മാറ്റി നിര്‍ത്താന്‍ ശ്യാമള ടീച്ചറിന്റെ സന്ദര്‍ശനം കൊണ്ടായതില്‍ അവന്‍ കൃതജ്ഞതകൊണ്ടു.
മിക്കപ്പോഴും അവന്റെ നിക്കര്‍ ഈറനായിരുന്നതിനാലാണ് അവന്‍ പിന്‍ ബഞ്ചിലേക്ക് മാറിയിരുന്നത്. മഴക്കാലം ആയതുകൊണ്ട് ഉള്ള ഒരു നിക്കര്‍ ഉണങ്ങികിട്ടാന്‍ വലിയ പാടായിരുന്നു. കൂട്ടുകാരില്‍ ചിലരോടൊപ്പം ഇരുന്നപ്പോള്‍ തന്റെ നിക്കറിന്റെ നനവു തട്ടി അവര്‍ അസ്വസ്ഥരാകുന്നു എന്നുതോന്നിയപ്പോഴാണ് അവന്‍ പിന്‍ ബഞ്ചിലേക്ക് സ്വയം പിന്മാറിയത്. പിന്‍ബഞ്ചില്‍ ഇരിക്കുന്നതുകൊണ്ട് പല ഗുണമുണ്ട്. പെട്ടെന്ന് ഒന്നും അദ്ധ്യാപകരുടെ ശ്രദ്ധ എത്തില്ല എന്നതാണ് ഒരു മെച്ചം. അതുകൊണ്ടുതന്നെ ചോദ്യങ്ങളും തുടര്‍ന്ന് കിട്ടാറുള്ള അടിക്കും കുറച്ച് കുറവുണ്ടാവും. എന്നാല്‍ ശ്യാമള ടീച്ചറുടെ ചരിത്രവും ഭൂമിശാസ്ത്രവും അവന് ഏറെ ഇഷ്ടമായിരുന്നു. ടീച്ചറിന് തന്നോട് അല്പം സ്‌നേഹമുണ്ടെന്ന് തോന്നിയിരുന്നതിനാല്‍ അവന്‍ അവരുടെ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.
”നേപ്പാളിലെ ലുംബിനിയിലായിരുന്നു ശ്രീബുദ്ധന്റെ ജനനം. സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു ശ്രീ ബുദ്ധന്റെ ബാല്യകാലത്തിലെ പേര്…” ശ്യാമള ടീച്ചര്‍ ചരിത്രപാഠത്തിലേക്ക് കടന്നിരിക്കുകയാണ്. ശ്രീ ബുദ്ധന്റെ ബാല്യകാലത്തിലെ പേര് സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു എന്നു കേട്ടപ്പോള്‍ അവന് തന്നെ കുറിച്ച് തെല്ല് അഭിമാനം തോന്നി. അവന്‍ അടുത്തിരുന്ന സഹപാഠികളെ ഒന്ന് പാളി നോക്കാതിരുന്നില്ല. ഒരാളും സിദ്ധാര്‍ത്ഥന്‍ എന്ന പേരുള്ള ഒരാള്‍ ആ ക്ലാസ്സില്‍ പഠിക്കുന്നതായേ ഭാവിച്ചില്ല. അല്ലെങ്കില്‍ തന്നെ തന്നെയാരും സിദ്ധാര്‍ത്ഥന്‍ എന്നു വിളിക്കാറില്ലല്ലോ എന്നവനോര്‍ത്തു. നായാടി എന്ന ജാതിപ്പേരിലാണ് അവനെ അവന്റെ കൂട്ടുകാര്‍ വിളിച്ചിരുന്നത്. ഇതിനിടയില്‍ ടീച്ചര്‍ ശ്രീബുദ്ധന്റെ മനോഹരമായ ഒരുചിത്രം ബ്ലാക്ക് ബോര്‍ഡില്‍ നിവര്‍ത്തി ഇട്ടു. സിദ്ധാര്‍ത്ഥന് ശ്രീബുദ്ധനെ വല്ലാതെ അങ്ങ് ബോധിച്ചു. അതിന്റെ പ്രധാനകാരണം ശ്രീബുദ്ധന്റെ നീണ്ടകാതുകള്‍ തന്റെ അമ്മൂമ്മയുടെ കാതുകളെ ഓര്‍മ്മിപ്പിച്ചിരുന്നു എന്നതാണ്. ശ്രീബുദ്ധന്റെ ഐതിഹാസികമായ ജീവിത വഴിയിലൂടെ ശ്യാമള ടീച്ചര്‍ കയ്യും കലാശവും കാട്ടി മുന്നേറുകയായിരുന്നു. കഥയുടെ രസച്ചരട് മുറിച്ച് കൊണ്ട് ഏതോ ഒരു കുട്ടിയുടെ കീഴ്ശ്വാസം ശ്രീബുദ്ധന്റെ അഹിംസാ സിദ്ധാന്തത്തിനുമേല്‍ ദുര്‍ഗന്ധം വിതറി. പക്ഷെ സിദ്ധാര്‍ത്ഥന്‍ അത് കാര്യമാക്കിയില്ല. അവന്‍ തനിക്ക് എത്രയും വേണ്ടപ്പെട്ട ഏതോ ഒരു ബന്ധുവിന്റെ ജീവിതമാണ് ശ്യാമളടീച്ചര്‍ വിവരിക്കുന്നത് എന്ന മട്ടില്‍ ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്നു.
ചരിത്രത്തിന്റെ ഇടവഴികളിലൂടെയും നെടുവഴികളിലൂടെയും ശ്യാമളടീച്ചര്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കെ കപില വസ്തുവില്‍ ശുദ്ധോദന മഹാരാജാവിന്റെ പുത്രനായി ജനിച്ച സിദ്ധാര്‍ത്ഥന്‍ താന്‍ തന്നെ എന്ന് അവന്‍ ഭാവന ചെയ്തു. സിദ്ധാര്‍ത്ഥന്റെ ഏറ്റവും വലിയ സങ്കടം തന്റെ പേര് അന്ന് പലവട്ടം ശ്യാമളടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞിട്ടും ഒരാള്‍ പോലും തന്നെ ശ്രദ്ധിച്ചില്ല എന്നതായിരുന്നു. ചേരിയിലെ ചതുപ്പില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള തവള പിടിയന്‍ ചേരയെയാണ് സിദ്ധാര്‍ത്ഥന്‍ അപ്പോള്‍ ഓര്‍ത്തത്. തന്റെ സിദ്ധാര്‍ത്ഥന്‍ എന്ന പേരിനെ നായാടി എന്ന ജാതിച്ചേര വിഴുങ്ങി കഴിഞ്ഞതായി അവന് ബോദ്ധ്യമായി. താന്‍ റെയില്‍വേ പുറമ്പോക്കിലെ തകര ഷീറ്റ് മേഞ്ഞ കൊച്ചുപുരയിലാണ് ജനിച്ചതെങ്കിലും തന്റെ പേരുകാരനായ ഒരു സിദ്ധാര്‍ത്ഥന്‍ കപില വസ്തുവിലെ രാജകൊട്ടാരത്തില്‍ ജനിച്ചതില്‍ അവന്‍ സ്വകാര്യമായി അഭിമാനംകൊണ്ടു. പക്ഷേ സിദ്ധാര്‍ത്ഥ രാജകുമാരന്‍ സുന്ദരിയായ തന്റെ ഭാര്യ യശോധരയെയും മകന്‍ രാഹുലിനെയും ഉപേക്ഷിച്ച് എന്തിനാണ് പാതിരാത്രി പടി ഇറങ്ങിപ്പോയത് എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. തന്റെ അച്ഛനും അമ്മയും തന്നെ വിട്ടുപോകാനും ഇതുപോലെ വലിയ കാര്യമൊന്നുമുള്ളതായി അവന് തോന്നിയിട്ടില്ല. പക്ഷെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ തന്റെ അച്ഛനും അമ്മയും ചെയ്തതുപോലെ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാത്തതില്‍ അവന്‍ ആശ്വാസം കൊണ്ടു.
”സിദ്ധാര്‍ത്ഥ രാജകുമാരന്‍ എന്തിനാണ് കൊട്ടാരം വിട്ട് പോയത് എന്ന് കുട്ടി പറയൂ” – ശ്യാമള ടീച്ചറിന്റെ ചോദ്യം ഒന്നാമത്തെ ബഞ്ചില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്. ഉത്തരം അറിയാതെ ലൈലയും രാജീവുമൊക്കെ എഴുന്നേറ്റ് പരസ്പരം മിഴിച്ചു നോക്കി നിന്നപ്പോള്‍ ശ്യാമള ടീച്ചര്‍ തന്നെ ചരിത്രത്തിന്റെ ആ ദുരൂഹ വഴികളിലൂടെ ആത്മാന്വേഷിയായി സഞ്ചരിച്ചു തുടങ്ങി. രാജ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ക്ക് നടുവില്‍ നിന്നും ആദ്യമായി പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥന് വാര്‍ദ്ധക്യത്താല്‍ കഷ്ടപ്പെടുന്ന ചുക്കിചുളിഞ്ഞ് കൂനിക്കൂടിയ ഒരു മനുഷ്യനെയും നാലഞ്ച് ആളുകള്‍ ചേര്‍ന്ന് എടുത്തു കൊണ്ടു പോകുന്ന ഒരു മൃതദേഹവും ഒക്കെ കണ്ടപ്പോള്‍ മരണം, രോഗം, വാര്‍ദ്ധക്യം തുടങ്ങിയ അവസ്ഥാന്തരങ്ങളെക്കുറിച്ച് ആദ്യമായി ധാരണ ഉണ്ടായിപോലും. സുഖസൗകര്യങ്ങളുടെ നടുവില്‍ മാത്രം ജീവിച്ച സിദ്ധാര്‍ത്ഥ രാജകുമാരന് മനുഷ്യദുഃഖങ്ങളെയും ദുരിതങ്ങളെ കുറിച്ചും ധാരണ ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യം തേടി ഇറങ്ങിപ്പോവുകയാണത്രേ ഉണ്ടായത്.
ശ്യാമളടീച്ചര്‍ പറഞ്ഞ എല്ലാമൊന്നും മറ്റു കുട്ടികളെപ്പോലെ തന്നെ സിദ്ധാര്‍ത്ഥനും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം അവന് ഉറപ്പായിരുന്നു. സിദ്ധാര്‍ത്ഥ രാജകുമാരന്‍ റെയില്‍വേ പുറമ്പോക്കിലെ തന്റെ വീട്ടില്‍ വന്നിരുന്നെങ്കില്‍ ഇത്രയൊന്നും കഷ്ടപ്പെടാതെ ബോധോദയം ഉണ്ടാകുമായിരുന്നു. ട്രെയിനിന്റെ മുന്നില്‍ ചാടി മരിച്ച തന്റെ അച്ഛനമ്മമാരുടെ മങ്ങി അടര്‍ന്നതെങ്കിലും ഒരു ചിത്രം വീട്ടില്‍ ഉള്ളത് അവന്‍ ഓര്‍ത്തു. ആ ചിത്രം കാണുമ്പോഴെങ്കിലും സിദ്ധാര്‍ത്ഥ രാജകുമാരന് മരണത്തെകുറിച്ച് ചിലതെങ്കിലും മനസ്സിലാക്കാമായിരുന്നു. വേനലില്‍ വെള്ളം വറ്റി വിണ്ടുകീറിയ ചേരിയിലെ ചെളിക്കുഴിപോലെ ചുക്കി ചുളുങ്ങി കരുവാളിച്ച തന്റെ വല്ല്യമ്മയെ കാണുമ്പോള്‍ വാര്‍ദ്ധക്യം എന്താണെന്ന് സിദ്ധാര്‍ത്ഥ രാജകുമാരന് മനസ്സിലാക്കാമായിരുന്നു. ന്യൂഇയറിന് ചേരിയിലെ പിള്ളേര്‍ നാസിക് ഡോളില്‍ കൊട്ടുന്നതുപോലെ ചുമച്ചു ചോര തുപ്പികൊണ്ടിരിക്കുന്ന തന്റെ അപ്പൂപ്പനെ കണ്ടാല്‍ സിദ്ധാര്‍ത്ഥന് രോഗത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും എല്ലാ പാഠങ്ങളും ഉള്‍ക്കൊണ്ട് ബുദ്ധനായി തീരാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇതൊന്നും ഇല്ലാതെ തന്നെ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി മാറിയതില്‍ അവന് സന്തോഷമേ ഉണ്ടായിരുന്നുള്ളു.
ശ്യാമള ടീച്ചറിന്റെ ക്ലാസ് കഴിഞ്ഞപ്പോള്‍ ഉച്ചയ്ക്കുള്ള ഇടവേളയായിരുന്നു. കഞ്ഞിയും പയറും കഴിക്കാന്‍ കുട്ടികള്‍ തിക്കിത്തിരക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ മനസ്സില്‍ ശ്രീബുദ്ധന്‍ തപസ്സ് ചെയ്യുകയായിരുന്നു. ഒരിക്കല്‍ അമ്പലകുളത്തില്‍ കണ്ട താമര മൊട്ടുപോലുള്ള ശ്രീബുദ്ധന്റെ കണ്ണുകളും വൈകുന്നേരം കടലില്‍ മുങ്ങി മറയുന്ന സൂര്യന്റേതു പോലുള്ള നേര്‍ത്ത പുഞ്ചിരി ചുവപ്പും അവന്റെ മനസ്സില്‍ ബുദ്ധ ഗന്ധമായി നിറഞ്ഞു നിന്നിരുന്നു.
വൈകുന്നേരം ക്ലാസ്സ് വിട്ടുമടങ്ങുമ്പോള്‍ അവന്‍ ചിന്തിച്ചതത്രയും ശ്രീബുദ്ധന്റെ അനാഥ സഞ്ചാരങ്ങളെ കുറിച്ചായിരുന്നു. വലുതാകുമ്പോള്‍ തനിക്കും ബുദ്ധനെപ്പോലെ റെയില്‍വേ പുറമ്പോക്കിലെ തന്റെ കുടില്‍ വിട്ട് അകലേക്ക്… അകലേക്ക് യാത്ര പോകണമെന്ന് അവന്‍ തീരുമാനിച്ചു. ശ്രീബുദ്ധന്റെ ഗന്ധം ഇലഞ്ഞിപ്പൂവിന്റേതായിരുന്നു എന്ന കാര്യത്തില്‍ അവന് യാതൊരു തര്‍ക്കവുമുണ്ടായിരുന്നില്ല. ബുദ്ധചിന്തയുടെ ഗുരുത്വം കൊണ്ട് നടപ്പില്‍ അവന്റെ തല കുനിഞ്ഞുപോയതുകൊണ്ടാവാം പോലീസ് സ്റ്റേഷനും ഖാദര്‍ ഇക്കായുടെ പലചരക്ക് കടയും ഒക്കെ കടന്നത് അവന്‍ അറിഞ്ഞതേയില്ല. അമ്മൂമ്മ പണ്ടെങ്ങോ അവന് പറഞ്ഞു കൊടുത്ത സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നുപോകുന്ന അവസാനിക്കാത്ത പടിക്കെട്ടുകള്‍ പോലെ റെയില്‍വെ ട്രാക്കിന് എതിര്‍വശത്ത് ആകാശം മുട്ടി നില്‍ക്കുന്ന ഫ്‌ളാറ്റുകള്‍ കണ്ടപ്പോഴാണ് അവന്റെ വീട് എത്താറായി എന്ന ബോധം ഉണ്ടായത്. ഫ്‌ളാറ്റുകളുടെ വന്‍മതിലിന് പുറത്ത് പച്ചചായം പൂശിയ കോര്‍പറേഷന്റെ ചവറു വീപ്പ അവന്റെ ശ്രദ്ധയില്‍ പെട്ടത് അപ്പോഴാണ്. ഫ്‌ളാറ്റില്‍ എല്ലാം വലിയ പണക്കാരാണ് താമസിക്കുന്നത് എന്ന് അപ്പൂപ്പന്‍ പറഞ്ഞ് അവനറിയാമായിരുന്നു. അവര്‍ക്ക് ആവശ്യമില്ലാത്ത പലതും കൊണ്ടുവന്നു കളയുന്ന കൂപ്പ ത്തൊട്ടി തന്റെ അപ്പൂപ്പനാണ് എല്ലാദിവസവും വൃത്തിയാക്കുന്നത് എന്നതില്‍ അവന് അല്പം അഭിമാനം തോന്നി. പണക്കാരുടെ കുട്ടികള്‍ ഉപേക്ഷിക്കുന്ന ചെരുപ്പുകളും പന്തും ഒക്കെ അമ്മൂമ്മ തനിക്കായി എടുത്തു കൊണ്ടു വന്നിരുന്നത് ഈ വീപ്പയില്‍ നിന്നായിരുന്നുവെന്ന് അവന്‍ ഓര്‍ത്തു. പെട്ടെന്നാണ് അവന്‍ ആ കാഴ്ച കണ്ടത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപേക്ഷിക്കുന്ന ചവറ് വീപ്പയില്‍ നിന്നും കുറച്ച് ദൂരെയായി കാലുപോയതെങ്കിലും കൊത്തുപണിയുള്ള മരത്തില്‍ നിര്‍മ്മിച്ച ഒരു പീഠവും കളിമണ്ണില്‍ ചുട്ടെടുത്ത മനോഹരമായ ഒരു ബുദ്ധവിഗ്രഹവും കിടക്കുന്നു. അവന്‍ ഓടിയടുത്തെത്തുമ്പോഴും ബുദ്ധന്‍ ധ്യാനത്തില്‍ നിന്ന് ഉണര്‍ന്നിരുന്നില്ല. മുടി മൂര്‍ദ്ധാവില്‍ കെട്ടി കണ്ണുകള്‍ പാതി അടച്ച് അവനെ കൊതിപ്പിച്ച് കൊണ്ട് ബുദ്ധന്‍ കിടക്കുകയായിരുന്നു. രാവിലെ ശ്യാമള ടീച്ചറുടെ ചരിത്ര പാഠ പുസ്തകത്തിന്റെ കൊട്ടാര കെട്ടില്‍ നിന്നും സത്യാന്വേഷിയായി ഇറങ്ങിതിരിച്ച ബുദ്ധന്‍ എങ്ങനെയാണ് ഈ ചവറുകൂനയില്‍ എത്തിച്ചേര്‍ന്നത് എന്ന് ചിന്തിച്ച് നില്‍ക്കെ കോണ്‍വെന്റ് സ്‌കൂളിലെ കുട്ടികളെ ഫ്‌ളാറ്റിലിറക്കി മടങ്ങി വന്ന സ്‌കൂള്‍ ബസ് അവനെ തൊട്ടുരുമി ചെളിതെറിപ്പിച്ച് കടന്നുപോയി. നെഞ്ച് മുതല്‍ ശിരസുവരെ മാത്രം നിര്‍മ്മിച്ചിരുന്ന ആ ധ്യാനബുദ്ധന്റെ വിഗ്രഹം എടുത്തുയര്‍ത്തുമ്പോള്‍ പ്രതീക്ഷിച്ചതിലേറെ ഭാരമുണ്ടായിരുന്നു. കെട്ടികിടന്ന മഴവെള്ളത്തില്‍ തന്റെ പ്രിയപ്പെട്ട ബുദ്ധഭഗവാനെ അവന്‍ കുളിപ്പിച്ച് എടുത്തപ്പോള്‍ ബുദ്ധന്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അവന് തോന്നി. പുസ്തകസഞ്ചിയോടൊപ്പം ബുദ്ധനെയും കൊണ്ടുപോകാനുള്ള അവന്റെ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്.
അവിടവിടായി കെട്ടികിടക്കുന്ന ചെളിവെള്ളം കൂസാതെ അവന്‍ വീട്ടിലേയ്ക്ക് ഓടുകയായിരുന്നു. താന്‍ പോയി വരുമ്പോഴേക്കും ബുദ്ധന്‍ മറ്റാരുടെയെങ്കിലും കൂടെ പോയി കളയുമോ എന്ന ഭയമായിരുന്നു അവന്റെ ഉള്ളില്‍. പതിവില്ലാതെ ഓടിക്കിതച്ചുവരുന്ന സിദ്ധാര്‍ത്ഥനെ കണ്ട് അമ്മൂമ്മ തെല്ല് പരിഭ്രമിക്കാതിരുന്നില്ല. അവര്‍ അടുക്കളവേലയ്ക്ക് പോവുന്ന റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലെ ഏതോ വീട്ടില്‍ നിന്നും അവനായി കൊണ്ടുവന്ന പലഹാരം പോലും കഴിക്കാതെ അപ്പൂപ്പന്റെ അര്‍ബാന വണ്ടിയും തള്ളി ഇവന്‍ ഇത് എങ്ങോട്ട് പോകുന്നുവെന്ന് അമ്മൂമ്മ അത്ഭുതംകൂറി. പകല്‍ അത്രയും നഗരത്തിലെ മാലിന്യങ്ങള്‍ സഞ്ചരിച്ച ആ രഥത്തില്‍ കയറി ബുദ്ധന്‍ റെയില്‍വേ പുറമ്പോക്കിലെ കോളനിയിലേക്ക് എത്തിയത് രാജകീയമായിട്ടായിരുന്നു. ചെറുതായി തൂളിയ മഴ ആ രാജകീയ എഴുന്നെള്ളത്തിന് ആരോ തളിച്ച പനിനീര്‍ പോലെയാണ് സിദ്ധാര്‍ത്ഥന് തോന്നിയത്.
റെയില്‍വേ ട്രാക്കിനെയും വീടുകളെയും വേര്‍തിരിക്കുന്ന ഇരുമ്പ് വേലിയോട് ചേര്‍ന്നുനിന്ന ഒരു നാട്ടുമാവിന്റെ ചുവട്ടിലാണ് സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനെ പ്രതിഷ്ഠിച്ചത്. റെയില്‍വേയുടെ പിഴുതുപോയ അതിര്‍ത്തികല്ലുകളില്‍ ഒന്ന് അവന്‍ ബുദ്ധന്റെ പീഠമാക്കി മാറ്റി. അവന്‍ നട്ടുനനച്ചു വളര്‍ത്തിയ ചെറിയ പൂന്തോട്ടത്തിനു നടുവില്‍ ഫ്‌ളാറ്റിലെ ഏതോ സമ്പന്നന്റെ സ്വീകരണ മുറിയില്‍ നിന്നും പടിയിറക്കിയ ബുദ്ധന്‍ ഒരഭയാര്‍ത്ഥിയെ പോലെ തപസ്സു തുടങ്ങി.
നഗരമദ്ധ്യത്തിലെ പൂന്തോട്ടത്തില്‍ കൃത്രിമ തടാകത്തിന് നടുവില്‍ നില്‍ക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ അപ്പോള്‍ സിദ്ധാര്‍ത്ഥന്റെ മനസ്സിലേയ്ക്ക് കടന്നുവന്നു. പിന്നെ ഒട്ടും വൈകാതെ അവന്‍ കുഴി എടുത്ത് ഏതോ കല്ല്യാണസാരിയുടെ പരസ്യമുള്ള പ്ലാസ്റ്റിക് കൂടുകള്‍ വിരിച്ച് അവനൊരു താല്‍ക്കാലിക കുളം തന്നെ നിര്‍മ്മിച്ചു. കോര്‍പ്പറേഷന്റെ പൊതു പൈപ്പില്‍ നിന്നും അമ്മൂമ്മയുടെ ചളുങ്ങിയ ചരുവത്തില്‍ വെള്ളം ശേഖരിച്ച് നിറച്ചതോടെ അവന്റെ വീടിന്റെ മുന്നില്‍ ബുദ്ധന്‍ രാജകീയമായി ശോഭിച്ചു. പണിയെല്ലാം ഒടുങ്ങി തിണ്ണയില്‍ ഇരുന്ന് തെല്ല് വിശ്രമിക്കുമ്പോഴാണ് അമ്മൂമ്മ മുറ്റത്തിന്റെ കോണില്‍ കൊച്ചുമകന്‍ പടുത്തുയര്‍ത്തിയ ബുദ്ധവിഹാരം കണ്ടത്. പൂച്ചെടികള്‍ക്ക് ഇടയില്‍ ബുദ്ധന്റെ നില്പ് അമ്മൂമ്മയ്ക്കും ബോധിച്ചു എങ്കിലും അതുണ്ടാക്കിയേക്കാവുന്ന കുഴപ്പങ്ങളെക്കുറിച്ച് വ്യാകുലപ്പെടുകയാണ് ഉണ്ടായത്. ”ദൈവങ്ങളുടെ ബിമ്മം അപ്പൂപ്പന്‍ മുള്ളുന്നടത്താണോടാ കൊണ്ടുവയ്ക്കുന്നത്. ഇതിന്റെ ശാപവും കൂടെ ഏക്കാന്‍ മേലാ. ഈ ചെക്കന് ഇത് എന്തിന്റെ ഏനക്കേടാ…” അമ്മൂമ്മ അങ്ങനെയാണ്, താന്‍ എന്തു ചെയ്താലും അതിനെ ചൊല്ലി പതം പറയാനേ നേരം ഉണ്ടാവൂ- സിദ്ധാര്‍ത്ഥന്‍ വിചാരിച്ചു. ശ്രീബുദ്ധന്‍ തന്റെ മുറ്റത്ത് അപ്രതീക്ഷിതമായി എത്തി തപസ്സു തുടങ്ങിയതില്‍ ഉള്‍ക്കുളിര്‍ നുകര്‍ന്നുകൊണ്ട് സിദ്ധാര്‍ത്ഥന്‍ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് കടല്‍ തീരത്തെ പള്ളിയില്‍ നിന്ന് സായാഹ്ന നിസ്‌കാരത്തിനുള്ള വാങ്ക് മുഴങ്ങിയത്. വാങ്കു തീര്‍ന്നതോടെ തെക്കോട്ടു പാഞ്ഞു പോകാറുള്ള വൈകുന്നേരത്തെ പാസഞ്ചര്‍ നിലവിളിച്ചുകൊണ്ട് പാഞ്ഞ് പോയതും പട്ടച്ചാരായം മോന്തി നായാടികളുടെ പരാക്രമങ്ങളും പുലയാട്ടും പാടി അപ്പൂപ്പന്‍ വേലികടന്ന് എത്തിയതും ഒരുമിച്ചായിരുന്നു. ആടി കുഴഞ്ഞ് എത്തിയ അപ്പൂപ്പന്റെ തെറിപ്പാട്ട് ബുദ്ധന്റെ ഏകാന്ത തപസ്സിനെ ഭംഗപ്പെടുത്തുന്നതൊന്നും അയാള്‍ അറിഞ്ഞില്ല. കുടിച്ച ചാരായം മൂത്രമായി മാറുന്ന പാതിരാത്രികളില്‍ അയാള്‍ ശമനംതേടിയിരുന്ന മാഞ്ചുവട്ടില്‍ മറ്റൊരാള്‍ കയറികൂടിയത് അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ”ആരാടീ ഇത് ഇവിടെ കൊണ്ടുവന്ന് വച്ചത്”…. അയാള്‍ അമ്മൂമ്മയോട് അട്ടഹസിച്ചുകൊണ്ട് മാഞ്ചുവട്ടിലേക്ക് പാഞ്ഞു. അപ്പൂപ്പന്റെ ആദ്യ ചവിട്ടില്‍ തന്നെ ബുദ്ധന്‍ തെറിച്ച് സിദ്ധാര്‍ത്ഥന്‍ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ വീണു. ആ തൊഴികൊണ്ടത് ബുദ്ധനല്ലായിരുന്നു, സിദ്ധാര്‍ത്ഥന്റെ നെഞ്ചിലെ കാല്‍പനിക ശോഭയുള്ള ബോധി സത്വനായിരുന്നു. അപ്പൂപ്പന്റെ പരാക്രമം കണ്ട് ഭയന്നു പിന്മാറിയ അവനെ അമ്മൂമ്മ ആശ്വസിപ്പിച്ചു. അവന്റെ നിറഞ്ഞൊഴുകിയ കണ്ണുനീരിനെ അമ്മൂമ്മയുടെ വരണ്ട കൈകള്‍ കുടിച്ചുവറ്റിച്ചു.
”ചെക്കനാ വഴിയിലെങ്ങോ കിടന്ന ഒരു ബിമ്മം കൊണ്ടുവന്ന് മാഞ്ചോട്ടി വച്ചതിന് ഇത്രേം ബഹളം ഒണ്ടാക്കാനൊണ്ടോ” – അമ്മൂമ്മ അപ്പൂപ്പനെ സമാധാനിപ്പിക്കാനായി പറഞ്ഞു.
”ഈ എരണം കെട്ടവന്റെ തല കണ്ടതോടെ തള്ളയും തന്തയും തീവണ്ടിക്ക് ചാടിചത്തില്ല്യോ…? ഇനി ബിമ്മത്തിന്റെ തല കൊണ്ടുവച്ച് എന്നെയും കൊല്ലിക്കാനുള്ള പുറപ്പാടാണോ” – അയാള്‍ മുറ്റത്തേക്ക് കാറിതുപ്പി.
”ഇപ്പോ കൊണ്ടുപോയി ഈ മാരണം കടലികളഞ്ഞോണം… അല്ലങ്കില്‍ ഇന്ന് പച്ചവെള്ളം കൊടുക്കരുത്.”
കുടിച്ച ചാരായം തികട്ടി വരുംപോലെ അയാള്‍ എന്തക്കൊയോ പുലമ്പിക്കൊണ്ടിരുന്നു. പിന്നെ കുറേ നേരം പതിവുപോലെ നായാടിപ്പാട്ടുകള്‍ പാടിയ വൃദ്ധന്‍ അവിടെ ചുരുണ്ടുകൂടി ഉറക്കം പിടിച്ചു.
അപ്പൂപ്പന് തന്നോട് ഇഷ്ടമില്ലെന്ന് സിദ്ധാര്‍ത്ഥന് തോന്നിയിട്ടുണ്ട്. വഴിയോരത്ത് ആരോ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച പൂച്ചക്കുഞ്ഞുങ്ങളെ താന്‍ എടുത്തുകൊണ്ടു വന്നപ്പോഴും അതിനെ പുറത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കലിതുള്ളുമ്പോള്‍ പറഞ്ഞതും താന്‍ ഉണ്ടായതുകൊണ്ടാണ് അച്ഛനും അമ്മയും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചത് എന്നാണ്. വലുതാകുമ്പോള്‍ എന്തായാലും ശ്രീബുദ്ധനെ പോലെ വീട് വിട്ട് പോകണമെന്ന് അവന്‍ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചു.
വല്യമ്മയുടെ കാര്യം ഓര്‍ക്കുമ്പോഴാണ് അവനൊരു സങ്കടം. തന്നോടല്‍പ്പം സ്‌നേഹമുള്ളത് വല്ല്യമ്മയ്ക്ക് മാത്രമാണന്നവനറിയാം. വലുതായാലും വല്ല്യമ്മ മരിച്ചിട്ട് പോയാല്‍ മതിയെന്ന് അവന്‍ മനസ്സില്‍ പറഞ്ഞു.
”മോന്‍ ഇരുട്ടും മുമ്പ് ആ ബിമ്മം കൊണ്ടുപോയി കടലികളഞ്ഞേക്ക്. ഇല്ലെങ്കി നിന്റെ അപ്പൂപ്പന്‍ അയല്‍ക്കാര്‍ക്കുകൂടി സൈ്വര്യം കൊടുക്കില്ല .” – വല്യമ്മ പറഞ്ഞു.
ഇരുട്ട് വീണ വഴികളിലൂടെ അര്‍ബാനയില്‍ കടല്‍തീരത്തേക്കുള്ള മടക്കയാത്രയില്‍ ബുദ്ധന്‍ നിസംഗനായി ഇരുന്നെങ്കിലും സിദ്ധാര്‍ത്ഥന്‍ എന്ന നാലാം ക്ലാസ്സുകാരന്റെ മനസ്സ് കണ്ണീര്‍ നനവില്‍ കുതിര്‍ന്നിരുന്നു. അര്‍ബാനയില്‍ എന്താണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ബുദ്ധന്റെ മേല്‍ മുത്തശ്ശി പഴയ സിമന്റ് ചാക്ക് പുതപ്പിച്ച് കൊടുത്തിരുന്നു. കടല്‍ തീരത്തേക്ക് വണ്ടിതള്ളിപോവുമ്പോള്‍ പലരും എതിരെ വന്നെങ്കിലും ആര്‍ക്കും വിശേഷിച്ച് ഒന്നും തോന്നിയില്ല. അവിടെ ഉള്ളവരെല്ലാം മാലിന്യം കൊണ്ടുപോയി തള്ളുന്നത് കടലിലായതുകൊണ്ട് അങ്ങനെ ഉള്ള എന്തോ ആണ് എന്നാണ് മറ്റുള്ളവര്‍ കരുതിയത്. പുലിമുട്ടില്‍ നിന്നും കടലിലേക്ക് തള്ളിയാല്‍ ബുദ്ധന്‍ കടലാഴത്തില്‍ എവിടെ എങ്കിലും സമാധിതേടും എന്ന് സിദ്ധാര്‍ത്ഥന് അറിയാമായിരുന്നു. മുന്നോട്ടു പോകുന്തോറും അവന് ബുദ്ധനെ പിരിയന്‍ വേദന ഏറിവരുന്നതായി തോന്നി. പുലി മുട്ടിന് അപ്പുറത്ത് മാനത്തേക്ക് കൈകൂപ്പി നില്‍ക്കുന്ന പള്ളി മിനാരങ്ങളെ സാക്ഷിയാക്കി അവന്‍ കടല്‍തീരത്ത് മണല്‍കൂട്ടി ബുദ്ധവിഗ്രഹത്തെ അവിടെ വെച്ച് മടങ്ങി പോന്നു. കാറ്റുകൊള്ളാന്‍ വരാറുള്ളവരും പന്ത് കളിക്കാറുള്ളവരും അപ്പോള്‍ പിരിഞ്ഞു കഴിഞ്ഞിരുന്നു എന്നതുകൊണ്ട് ആരുടെയും നോട്ടങ്ങളും ചോദ്യങ്ങളും അവന് അഭിമുഖീകരിക്കേണ്ടിവന്നില്ല. ഇതാകുമ്പോള്‍ വൈകുന്നേരങ്ങളില്‍ കളിക്കാന്‍ വരുമ്പോള്‍ തനിക്ക് കുറച്ചു സമയമെങ്കിലും ബുദ്ധനെ കാണാമെന്ന് അവന്‍ കരുതി. കടല്‍ തീരംവിട്ട് ഇടവഴിയിലേക്ക് കടക്കുന്നതിനുമുന്നേ അവന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. നേരിയ നിലാവില്‍ കടല്‍ത്തിരമാലകളുടെ മന്ത്രങ്ങള്‍ കേട്ട് ബുദ്ധന്‍ അവിടെ തന്നെ തപസ്സ് ചെയ്യുന്നുണ്ടായിരുന്നു. ബുദ്ധന്റെ ചുണ്ടിലെ പുഞ്ചിരി അപ്പോള്‍ അവന്റെ ചുണ്ടിലും ഒന്ന് പകര്‍ന്ന് കത്തി.
പിറ്റേന്ന് രാവിലെ ഒന്നാമത്തെ പിരീഡ് ദിവാകരന്‍ സാറിന്റെ കണക്ക് ക്ലാസ്സായിരുന്നു. പത്ത് ആപ്പിളുകള്‍ ആര്‍ക്കൊക്കെയോ പങ്കിട്ട് കൊടുക്കുന്നതിന്റെ കണക്കാണ് അന്ന് സാറ് പഠിപ്പിക്കാന്‍ ശ്രമിച്ചത്. ആരൊക്കെ ആപ്പിള്‍ എങ്ങനെയൊക്കെ പങ്കിട്ടാലും തനിക്ക് കിട്ടാന്‍ സാധ്യതയില്ല എന്നറിയാമായിരുന്നതുകൊണ്ട് ശ്യാമള ടീച്ചറിന്റെ തലേ ദിവസത്തെ ബുദ്ധചരിതത്തിന്റെ ബാക്കിക്കായി അവന്‍ കാത്തിരുന്നു. അതിനിടയില്‍ വഴിയോരത്ത് കൂടി വലിയ മുദ്രാവാക്യങ്ങളും പ്രതിഷേധ ജാഥകളും കടന്നുപോകുന്നുണ്ടായിരുന്നു. ശ്യാമള ടീച്ചര്‍ അന്ന് ബുദ്ധനെകുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല പേര്‍ഷ്യന്‍ മരുഭൂമിയില്‍ നിന്ന് വന്ന മുഗളന്മാരുടെ പടയോട്ടവും പരാക്രമങ്ങളുമായിരുന്നു ക്ലാസ്സില്‍ വിവരിച്ചത്. യുദ്ധങ്ങളിലും പടയോട്ടങ്ങളിലും താല്‍പര്യമില്ലാതിരിക്കുമ്പോഴാണ് പുറത്ത് ഫയര്‍ഫോഴ്‌സിന്റെ മണിയടിയും നിലവിളി ഒച്ചയും കേട്ടത്. നിര്‍ത്താതെ പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയപ്പോഴാണ് ദിവാകരന്‍ സാര്‍ ക്ലാസ്സിലേയ്ക്ക് പരിഭ്രാന്തനായി കടന്നുവന്ന് സ്‌കൂള്‍ വിടുകയാണ് എന്നറിയിച്ചത്. കാര്യമെന്തെന്ന് തിരക്കിയ ശ്യാമള ടീച്ചറിനോട് ശബ്ദം താഴ്ത്തിയാണ് ദിവാകരന്‍ സാര്‍ അപ്പോള്‍ സംസാരിച്ചത്.
നഗരത്തില്‍ വര്‍ഗ്ഗീയ കലാപം പടര്‍ന്നു പിടിച്ചിരിക്കുന്നത്രെ! ആരോ ഇന്നലെ രാത്രി കടല്‍ത്തീരത്തുള്ള മുസ്ലീം പള്ളിയുടെ മുന്നില്‍ വിഗ്രഹം പ്രതിഷ്ഠിച്ചെന്നോ മതവികാരം വ്രണപ്പെടുത്തി എന്നോ ഒക്കെ പറയുന്നതിന്റെ പൊട്ടും പൊടിയും സിദ്ധാര്‍ത്ഥന്റെ കാതിലും എത്തി. പറഞ്ഞതിന്റെ പൊരുളൊന്നും അവന് മനസ്സിലായില്ലെങ്കിലും എന്തോ കുഴപ്പങ്ങള്‍ സംഭവിച്ചിരിക്കുന്നെന്ന് അവന് മനസ്സിലായി. നാലു മണി അടിച്ച് സ്‌കൂള്‍ അപ്പോഴേക്കും വിട്ടു കഴിഞ്ഞിരുന്നു. വീട്ടിലേയ്ക്ക് നടക്കുന്നതിനിടയിലാണ് റെയില്‍വേ കോളനിക്കടുത്ത് വീടുകള്‍ക്കാരോ തീയിട്ടെന്ന് പറയുന്നത് കേട്ടത്. എന്തിനാണ് മനുഷ്യര്‍ വീടുകള്‍ക്ക് തീയിടുന്നതെന്നൊന്നും അവനു മനസ്സിലായില്ല. എന്തായാലും ഫയര്‍ എന്‍ജിന്‍ തീകെടുത്തുന്നതു കാണാനുള്ള വര്‍ദ്ധിച്ച കൗതുകത്തോടെ അവന്‍ വേഗം നടന്നു. പോകുന്ന വഴിയില്‍ പോലീസ് സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് അവനൊന്നു പാളി നോക്കി. അപ്പോള്‍ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു കളഞ്ഞു. പോലീസ് സ്റ്റേഷനിലെ പൂവരശിന്റെ ചോട്ടില്‍ അപ്പോള്‍ അവന്റെ ബുദ്ധന്‍ ചാഞ്ഞ് കിടന്ന് ഉറങ്ങുകയായിരുന്നു. അവന്‍ ഒന്നേ നോക്കിയുള്ളൂ. ബുദ്ധന്റെ ചുണ്ടിലെ പുഞ്ചിരി തീരെ കാണാന്‍ ഉണ്ടായിരുന്നില്ല. ഒരു പോലീസ് വാന്‍ സൈറണ്‍ വിളിച്ച് പുറത്തേക്ക് പാഞ്ഞതോടെ ഫയര്‍ എഞ്ചിന്‍ തീ കെടുത്തുന്നതു കാണാനുള്ള ആകാംക്ഷയോടെ അവന്‍ റെയില്‍വെ കോളനിയിലേക്ക് പാഞ്ഞു. ഓട്ടത്തിനിടയില്‍ കിഴിഞ്ഞുപോയ അവന്റെ നിക്കര്‍ ഒരു കൈകൊണ്ട് പിടിച്ചുകൊണ്ടാണെങ്കിലും അവന്‍ ഒരു ഉറച്ചതീരുമാനത്തില്‍ എത്തിയിരുന്നു. വലുതാവുമ്പോള്‍ വീടുവിട്ടുപോയാലും ബുദ്ധനാകേണ്ട എന്നതായിരുന്നു ആ തീരുമാനം.