ലോകമാകെ കോവിഡ് ഭീതിയിലാണിപ്പോള്‍. വൈറസിന് മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. സമ്പര്‍ക്കത്തിലൂടെ തന്നെ വളരെ വേഗത്തില്‍ രോഗം പകരും. രോഗനിര്‍ണ്ണയം കൃത്യമായി നടന്ന്, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാല്‍ രോഗവിമുക്തി സാധ്യമാണ്. എന്നാല്‍ ആരിലൊക്കെ രോഗനിര്‍ണ്ണയം നടത്തണമെന്നു തീരുമാനിക്കാന്‍ നിയതമായ മാനദണ്ഡങ്ങളില്ല. രോഗികളുമായി ആരൊക്കെ എങ്ങനെയൊക്കെ സമ്പര്‍ക്കപ്പെട്ടു എന്നു കണ്ടെത്തുക എളുപ്പമല്ല. രോഗനിര്‍ണ്ണയമാണെങ്കില്‍ ചെലവേറിയതും. അതിനാല്‍ എല്ലാവരെയും പരിശോധനകള്‍ക്കു വിധേയമാക്കുക സാധ്യമല്ല. രോഗലക്ഷണങ്ങളായി പറയപ്പെടുന്ന അസ്വസ്ഥതകളുള്ളവര്‍ക്കു രോഗമുണ്ടാകണമെന്നില്ല. രോഗമുള്ളവര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കണമെന്നുമില്ല. ചുരുക്കത്തില്‍, ആരോഗ്യപ്രവര്‍ത്തകരെപ്പോലും അന്ധാളിപ്പിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ആരുമായും സമ്പര്‍ക്കപ്പെടാതെ നിന്ന് രോഗത്തെ മറികടക്കുവാനുള്ള നിര്‍ദ്ദേശമാണ് ഉയര്‍ന്നുവന്നത്. അതനുസരിച്ചാണ് സര്‍വ്വരും അടച്ചിടലിനു വിധേയരായത്. ഉടനെ മറുമരുന്നു കണ്ടെത്തുമെന്നും അതോടെ പ്രശ്‌നപരിഹാരമാകുമെന്നും കരുതി. എന്നാല്‍, ഇതുവരെ ഒന്നുമുണ്ടായിട്ടില്ല. അടച്ചിടല്‍ അപ്രായോഗികമാണെന്നും രോഗത്തെ നേരിട്ടുകൊണ്ട് സമൂഹജീവിതവുമായി മുന്നോട്ടുപോവുകയേ നിവൃത്തിയുള്ളൂവെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.
മാര്‍ച്ച് 24 മുതല്‍ രാജ്യമാകെ അടച്ചിടലിലാണ്. ചെറിയ ഇളവുകളോടെ അതിപ്പോഴും തുടരുകയാണ്. കടകമ്പോളങ്ങള്‍ ഏറെക്കുറെ പ്രവര്‍ത്തനനിരതമാണ്. ഉദ്യോഗസ്ഥരും പ്രവര്‍ത്തനമേഖലകളില്‍ സജീവമായിക്കഴിഞ്ഞു. വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും മാത്രമാണ് അടച്ചിടലിന്റെ തുടക്കം മുതല്‍ ഇപ്പോഴും വീടുകളിലുള്ളത്.
വാര്‍ഷികപരീക്ഷ പൂര്‍ത്തിയാകുന്നതിനു മുമ്പാണ് അടച്ചിടല്‍ വന്നത്. പൊതുപരീക്ഷകളൊഴികെ ബാക്കിയെല്ലാം അതോടെ ഉപേക്ഷിക്കപ്പെട്ടു. പത്തിലേയും പന്ത്രണ്ടിലേയും പരീക്ഷകള്‍ കടുത്ത നിയന്ത്രണങ്ങളോടെ നടത്തുകയുണ്ടായി. സര്‍വകലാശാലാ പരീക്ഷകളും നടന്നേ പറ്റൂ. യഥസമയം തീരുമാനങ്ങളെടുക്കുകയും ഇച്ഛാശക്തിയോടെ അവ നടപ്പാക്കി രോഗപ്രതിരോധത്തോടൊപ്പം സമൂഹജീവിതത്തിന്റെ മറ്റു മേഖലകളിലും മാതൃകപരമായി മുന്നേറുന്ന കേരളത്തിന് ഇത്തരം കാര്യങ്ങളിലൊന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരീക്ഷകള്‍ യഥാവിധി തന്നെ നടക്കുമെന്നുറപ്പാണ്.
അതു മാറ്റിവെച്ചാല്‍, കുട്ടികളെ സംബന്ധിച്ച്, സ്‌കൂളുകള്‍ തുറക്കുക എന്നതാണു കാര്യം.അതെന്ന് എന്ന കാര്യത്തില്‍ ചില ആശങ്കകളുണ്ട്. പ്രത്യേകിച്ച് പ്രവാസികളുടെ മടങ്ങിവരവോടെ രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍. വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണങ്ങളിലൂടെയും കാര്യക്ഷമമായ ഏകോപനത്തിലൂടെയും നമ്മുടെ നാട്ടില്‍ രോഗവ്യാപനം കണിശമായി തടയുന്നതില്‍ നാം വിജയിക്കുകയും ഒരു പരിധി വരെ മാതൃകയാവുകയും ചെയ്തതാണ്. എന്നാല്‍, എല്ലായിടങ്ങളിലും അതല്ലല്ലോ സ്ഥിതി. രോഗവ്യാപനം നിലവിലുള്ള നാടുകളിലാണ് നമ്മുടെ സഹോദരങ്ങള്‍ പ്രവാസികളായി കഴിയുന്നത്. ആപല്‍ഘട്ടത്തില്‍ അവരെ കയ്യൊഴിയാന്‍ നമുക്കാവില്ല. ആശങ്കയില്ലാതെ മടങ്ങിവരാവുന്ന സ്വദേശമായി അവര്‍ കേരളത്തെ കാണുന്നതുതന്നെ നമ്മുടെ വിജയമാണ്. അവരുടെ ആ ശുഭപ്രതീക്ഷ നിലനിര്‍ത്താനുള്ള ബാധ്യതയും നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
ഏതായാലും മറുമരുന്നു കണ്ടെത്തുന്നതുവരെ കൊറോണ മനുഷ്യനു വെല്ലുവിളി തന്നെയാണ്. അകലം പാലിച്ചും അടങ്ങിയിരുന്നും സുരക്ഷിതരാവുകയാണ് എളുപ്പവഴി. അങ്ങനെ നോക്കുമ്പോള്‍ ആത്യന്തികമായി ഈ രോഗം വെല്ലുവിളിക്കുന്നത് നമ്മുടെ ബാല്യകൗമാരങ്ങളെയാണ്. ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ കാലം, കൂടിക്കഴിയലുകളുടെ കാലം, അവര്‍ക്കു നിഷേധിക്കപ്പെടുകയാണ്. ഇവിടെ അവരെ തനിച്ചാക്കാന്‍ പാടില്ല. പ്രകൃതി അവര്‍ക്കു നിഷേധിക്കുന്നത്, അല്പം വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍, അവര്‍ക്കു തിരിച്ചുനല്‍കാന്‍ മുതിര്‍ന്നവര്‍ക്കു കഴിയും. അതിനുള്ള വഴികളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
കുട്ടികളെ മുന്‍നിര്‍ത്തിയുള്ള ആശങ്കകളോടെ നിരവധി രക്ഷിതാക്കളാണ് അന്വേഷണങ്ങളുമായി വരുന്നത്. ഒന്നും ചെയ്യാനാവാതെ അവര്‍ വീട്ടിലിരുന്നാല്‍ ഭാവി എന്താകുമെന്നാണ് പലരും ഭയക്കുന്നത്. പെണ്‍മക്കളുടെ കാര്യത്തില്‍ ആര്‍ക്കും വെപ്രാളമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ സ്‌കൂള്‍ വിട്ടാല്‍ വീട്ടില്‍ തന്നെയാണല്ലോ. ആണ്‍മക്കളാണെങ്കില്‍ അങ്ങനെയല്ല. അവര്‍ക്ക് പുറത്ത് വലിയ കൂട്ടുകെട്ടുകളുണ്ട്. കളിസംഘങ്ങളുണ്ട്. ദിവസവും കുറെനേരം അവര്‍ വീടിനു വെളിയില്‍ ചെലവഴിച്ചിരുന്നതാണ്. അതെല്ലാം നിലച്ച് അവര്‍ വീട്ടില്‍ തന്നെ അടച്ചിരിക്കേണ്ടിവരുന്നത് കുഴപ്പമുണ്ടാക്കില്ലേ എന്നാണ് ആശങ്ക.
ഇവിടെ ചില വസ്തുതകള്‍ വിശദീകരിക്കേണ്ടതുണ്ട്. ഒന്നാമത്, ഏതു പ്രതിസന്ധിയും വളരെവേഗം ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് പ്രതികരിക്കാനുമുള്ള ശേഷി കുട്ടികള്‍ക്കുണ്ട്. മുതിര്‍ന്നവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും അവര്‍ക്കു വേഗം മനസ്സിലാവും. ഇത്തരമൊരു സാഹചര്യത്തില്‍ പുറത്തിറങ്ങാതെ അടച്ചിരിക്കണമെങ്കില്‍ വളരെവേഗം അതിനു സജ്ജമാകാന്‍ അവര്‍ക്കു കഴിയും. കാരണം അവരില്‍ ശീലങ്ങളുടെ ഭാരമില്ല. രണ്ടാമത്തെ കാര്യം, പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ താല്‍പര്യം കൂടെ പഠിക്കുന്ന സമാനതരക്കാരുടെ കൂട്ടായ്മയായ സൗഹൃദസംഘത്തില്‍ (Peer group) സജീവമാകാനാണ്. ഏതു കുട്ടിയും അത്തരമൊരു ഗ്രൂപ്പിലെ അംഗമായിരിക്കും. സമാനനിലവാരക്കാരായതിനാല്‍ പരസ്പരം കൊണ്ടും കൊടുത്തും മുന്നോട്ടുപോകാന്‍ ആര്‍ക്കും സങ്കോചവമുണ്ടാവില്ല. പറയാനുള്ളതും ചെയ്യാനുള്ളതുമൊക്കെ, പരമാവധി, ആ ഗ്രൂപ്പിനുള്ളില്‍ അവര്‍ പറയുകയും ചെയ്യുകയുമാണ് പതിവ്. വീട്ടില്‍ മടങ്ങിയെത്തിയാല്‍ അര്‍ഹമായ പരിഗണന വീട്ടുകാരില്‍ നിന്നു കിട്ടുന്ന കുട്ടിയെ സംബന്ധിച്ച് കൂടുതല്‍ കൂട്ടുകെട്ടുകളുടെ ആവശ്യമില്ല. അയാള്‍ സമരസപ്പെട്ടുപോകും. വീട്ടില്‍ പരിഗണന തീരെയില്ലാത്തവരാണ് കൂട്ടുകെട്ടന്വേഷിച്ചു പുറത്തിറങ്ങുന്നത്. അതും പരിസരപ്രദേശത്തിന്റെ ചെറിയ ചുറ്റുവട്ടത്തില്‍ ഒതുങ്ങും. അതില്‍ തന്നെ തനിക്കു ചേരാത്തവരെ അകറ്റിനിര്‍ത്താന്‍ കുട്ടികള്‍ ശ്രദ്ധിക്കാറുമുണ്ട്. അതിന്റെയും അടിസ്ഥാനം വീട്ടില്‍ നിന്നുള്ള നിരീക്ഷണവും നിര്‍ദ്ദേശങ്ങളുമാണ്. ചുരുക്കത്തില്‍, വീടുകളില്‍ അത്യാവശ്യം പരിഗണന കിട്ടുന്ന കുട്ടികള്‍ പുറംലോകത്തെ അമിതമായി ആശ്രയിക്കില്ല. ഇനി ചെറിയതോതില്‍ പുറത്തിറങ്ങിയാലും പ്രശ്‌നവുമില്ല.
ഈ പുറത്തിറങ്ങല്‍ നിലച്ചു എന്നതാണ് നിലവിലെ പ്രശ്‌നം. അതത്ര ഗുരുതരമായ സാഹചര്യമൊന്നുമല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ആശങ്ക ആരെയും സഹായിക്കില്ല. ആസൂത്രണമാണ് ആവശ്യം. അടച്ചിടല്‍ ഘട്ടത്തില്‍ സമയത്തെ പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതാണു പ്രധാനം. ഇത്ര മണിക്കൂര്‍ സമയം എന്നല്ല ഇത്ര മണിക്കൂര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ കാണാന്‍ ശീലിക്കണം. ഉറക്കം പോലും ഒരു പ്രവര്‍ത്തനമാണ്. വീട്ടുകാര്‍ ഒരുമിച്ചിരുന്ന് കളിതമാശകള്‍ പറയുന്നത് ഒന്നാന്തരം പ്രവര്‍ത്തനമാണ്. ഈ കാഴ്ചപ്പാടോടെ സമയക്രമീകരണം നടത്തിയാല്‍ (Time Scheduling) സമയം ഒന്നിനും തികയുന്നില്ലെന്ന പരാതിയുടെ സ്വഭാവം തന്നെ മാറും.
പലയാളുകള്‍ പലതരം പ്രവര്‍ത്തനങ്ങളിലൂടെ ഏകോപിപ്പിച്ചു മുന്നേറുന്ന ഒരു വ്യവസ്ഥയാണ് (system) ഓരോ വീടും. ആരെങ്കിലും പിന്‍വാങ്ങിയാല്‍, ഒരാള്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തിയാല്‍, വ്യവസ്ഥയുടെ നൈരന്തര്യത്തിനു ഭംഗം വരും. സുഗമമായി മുന്നോട്ടുപോയിരുന്ന വീട്ടകങ്ങളില്‍ അസ്വാരസ്യമുണ്ടാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. എല്ലാ ഗൃഹവ്യവസ്ഥകളിലും എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നില്ല. സമയലഭ്യത, നൈപുണി, ശാരീരികക്ഷമത, അഭിരുചി എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ പങ്കാളിത്തത്തില്‍ ഏറ്റക്കുറച്ചില്‍ സ്വാഭാവികമാണ്. എന്നാലും എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന നിര്‍ബന്ധം അടുത്തകാലംവരെ നമ്മുടെ വീടുകളില്‍ കണ്ടിരുന്നു. പഠനത്തിന്റെ പേരില്‍ കുട്ടികളെ, വിശേഷിച്ച് ആണ്‍കുട്ടികളെ, ഇതില്‍ നിന്ന് തീര്‍ത്തും വിമുക്തരാക്കിയതാണ് അടുത്ത കാലത്തുണ്ടായ കാതലായ മാറ്റം. സിസ്റ്റത്തിന്റെ നടത്തിപ്പില്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ല, അവര്‍ ഒന്നും അറിയേണ്ടതില്ല എന്ന നിലവന്നു. പഠിക്കാനും ആഹരിക്കാനും ഉറങ്ങാനും മാത്രമുള്ള ഇടമായി അവര്‍ക്ക് വീടുകള്‍. അങ്ങനെ മുന്നോട്ടുപോകുന്നതിനിടയില്‍ അടച്ചിടല്‍ വന്നു. പുറത്തിറങ്ങാന്‍ വയ്യ. വീട്ടില്‍ സിസ്റ്റത്തിന്റെ ഭാഗമാകാനും കഴിയുന്നില്ല. ഓര്‍ക്കുക ഈ കേസ്സില്‍ കുട്ടികളല്ല പ്രതികള്‍, രക്ഷിതാക്കള്‍ തന്നെയാണ്. മനുഷ്യത്വനിര്‍മ്മിതിയാണ് പഠനം എന്നറിയാതെപോയത് അവരാണ്. മനസ്സംസ്‌കരണമാണ് അതിനുള്ള വഴി. വീട്ടുചുമതലകളും വ്യവഹാരങ്ങളും നൈപുണികളുമാണ് അതിനുള്ള പ്രധാന ഉപാധികള്‍. പഠനപ്രവര്‍ത്തനങ്ങളുമായി ഇവയെ ചേര്‍ത്തുവെച്ചു മുന്നോട്ടുപോകണം. അങ്ങനെ വരുമ്പോള്‍ ഇനി പറയുന്നത് കോവിഡ് കാലത്തു മാത്രമല്ല ഏതുകാലത്തും നടപ്പാക്കാവുന്ന പ്രവര്‍ത്തനപദ്ധതിയാണ്.
ഭാവനശാലിയായ മനുഷ്യന്‍ സൃഷ്ടിച്ച ഭൗതിക സമൃദ്ധിയാണ് നാം ചുറ്റും കാണുന്നത്. മനുഷ്യന്റെ സര്‍ഗാത്മകതയാണ് ലോകത്തെ ഇന്നു കാണും വിധം മാറ്റിത്തീര്‍ത്തത്. അതുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്‍ ജോയ് പോള്‍ ഗില്‍ഫോര്‍ഡ് സമര്‍ത്ഥിച്ചത്; സര്‍ഗശേഷിവികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
ഏതു ജോലി കുട്ടികളെ ഏല്പിച്ചാലും അവരത് പുതിയ മട്ടിലാണു ചെയ്യുക. അതുതന്നെയാണ് സര്‍ഗാത്മകത. അകത്തും പുറത്തുമായി വീടുകളില്‍ എന്തെല്ലാം പണികളുണ്ട്! അടിച്ചും തുടച്ചും അകം വൃത്തിയാക്കണം. ഭക്ഷണപാനീയങ്ങളുണ്ടാക്കണം. അതിനു ചേരുവകളൊരുക്കണം. അരച്ചും പൊടിച്ചും സഹായിക്കണം. പാത്രങ്ങള്‍ വൃത്തിയാക്കണം. ഭക്ഷണം വിളമ്പുന്നതുപോലും ഒരു ജോലിയാണ്. തുണികള്‍ അലക്കണം, മടക്കണം, ഇസ്തിരിയിടണം, ഒതുക്കിവെയ്ക്കണം, ജനാലകളും കര്‍ട്ടനുകളും വായുവിനും വെളിച്ചത്തിനുമായി ക്രമീകരിക്കണം. ഇരിപ്പിടങ്ങളും മേശകളുമൊക്കെ വൃത്തിയാക്കിയിടണം. കിടക്കവിരികളും ഷീറ്റുകളും ദിവസവും തട്ടിക്കുടഞ്ഞു നേരെയാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും അലക്കണം. ഒരേ മട്ടിലുള്ള ഭക്ഷണം മടുപ്പുണ്ടാക്കും. വിഭവങ്ങള്‍ മാറിക്കൊണ്ടിരിക്കണം. അതെപ്പറ്റി ചര്‍ച്ച വേണം. ചേരുവകള്‍ മാറ്റണം. മുറ്റവും പരിസരവും വൃത്തിയായിക്കിടക്കണം. വാഹനങ്ങളുണ്ടെങ്കില്‍ ഇടയ്ക്കിടെ കഴുകിവൃത്തിയാക്കണം. ഇതെല്ലാം കുട്ടികള്‍ക്കും ചെയ്യാവുന്ന പണികളാണ്. ചായയിടാന്‍, കറിക്കു നുറുക്കാന്‍, തേങ്ങ ചിരവാന്‍, മിക്‌സി പ്രവര്‍ത്തിപ്പിക്കാന്‍, അലക്കുയന്ത്രം, വാക്വം ക്ലീനര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ – ഇങ്ങനെ ആണിനെന്നോ പെണ്ണിനെന്നോ സംവരണം ചെയ്തിട്ടില്ലാത്ത എന്തെല്ലാം പണികളുണ്ട്.!
ചെറിയ പച്ചക്കറിത്തോട്ടം ഏതു വീട്ടിലും വേണം. സ്ഥലമില്ലെങ്കില്‍ ഗ്രോബാഗുകളെ ആശ്രയിക്കാം. പൂന്തോട്ടമുണ്ടാക്കുന്നതും നല്ലതാണ്. പറമ്പുണ്ടെങ്കില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. മരപരിപാലനം നല്ല ഹോബിയാണ്. ഓരോന്നിനെക്കുറിച്ചും പഠിക്കണമെന്നുമാത്രം. മഴക്കാലം വരുന്നു. പ്രളയത്തിലേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. മുന്‍കരുതലുകള്‍ വേണം. കുട്ടികള്‍ കാഴ്ചക്കാരായി നിന്നുകൂടാ.
എല്ലാവര്‍ക്കും കൂടി ചെയ്യാവുന്ന പണികളുമുണ്ട്. അച്ഛനും അമ്മയും മക്കളും കൂടി വീടിന്റെ ഗെയ്റ്റ് പെയിന്റു ചെയ്യുന്ന കാഴ്ച കണ്ടു. എത്ര ആഹ്ലാദത്തോടെയാണ് അവരതു ചെയ്യുന്നതെന്നോ! കോവിഡ് ചില ചിട്ടകള്‍ക്ക് നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. മാസ്‌ക്, കൈകഴുകല്‍ – ഇതൊക്കെ അങ്ങനെ വരുന്നതാണ്. കാലാകാലം ഇതിനൊക്കെ പണം ചെലവഴിക്കാന്‍ പറ്റില്ല. വീടുകളില്‍ തന്നെ നിര്‍മ്മിക്കാനാവുകയും ചെയ്യും. സാനിറ്റൈസര്‍ ചുരുങ്ങിയ ചെലവില്‍ വീടുകളിലുണ്ടാക്കാന്‍ കഴിയുന്നുണ്ട്. തയ്യല്‍ യന്ത്രങ്ങളുണ്ടെങ്കില്‍ വേറെയും പ്രയോജനമുണ്ട്. കുറഞ്ഞ കാലം കൊണ്ട് വീടുകള്‍ക്ക് അക്കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരുത്താം. എല്ലാവര്‍ക്കും തയ്യലറിയാവുന്ന വീട് എന്നത് നല്ല മാതൃകയാവും. വസ്ത്രമില്ലാത്ത കാലമില്ലല്ലോ. ഒരു മാസം അടച്ചിട്ടപ്പോള്‍ മുടിവെട്ടാന്‍ പഠിച്ച എത്രയോ പേര്‍ നമുക്കിടയിലുണ്ട്. പരസ്പരം മുടിവെട്ടി കഴിവുതെളിയിച്ചവര്‍. അത് നിവൃത്തിയില്ലായ്മയുടെ പേരില്‍ ഒളിപ്പിച്ചു പിടിക്കേണ്ടതില്ലല്ലോ. ഒരു മനുഷ്യന് ചെയ്യാവുന്ന ഒരു തൊഴിലിനും മറ്റൊരു മനുഷ്യന് പതിത്വം തോന്നേണ്ടതില്ല.
വ്യക്തിഗത സര്‍ഗശേഷി പ്രകടനത്തിനും സമയം കണ്ടെത്താം. എഴുതുന്നവരുണ്ട്. പാടുന്നവരും വരയ്ക്കുന്നവരുമുണ്ട്. അഭിനയശേഷിയുള്ളവരുണ്ട്. ഒന്നും ഒളിച്ചുവെയ്ക്കരുത്. വീടുതന്നെ വേദി. വീട്ടുകാര്‍ തന്നെ സദസ്യര്‍. പരസ്പരം സഹായിച്ചും പ്രോത്സാഹിപ്പിച്ചും നിത്യാഭ്യാസികളാകണം. എങ്കില്‍ ഉയര്‍ച്ച വളരെ വേഗത്തിലായിരിക്കും.
സ്വതന്ത്രമായി കുറച്ചുനേരം ഒരുമിച്ചിരിക്കേണ്ടതും ആവശ്യമാണ്. മുതിര്‍ന്നവര്‍ അനുഭവങ്ങളിലൂടെ മുതിര്‍ന്നവരാണ്. കുട്ടിക്കാലം മുതലുള്ള ഓര്‍മ്മകളുടെ വലിയൊരു സമ്പാദ്യം ഓരോരുത്തര്‍ക്കുമുണ്ട്. ഓരോന്നായി പുറത്തെടുക്കണം. അനുഭവങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് കഥകളല്ലാതെ മറ്റൊന്നുമല്ല. കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ജന്മങ്ങളുമില്ല. കൂട്ടത്തില്‍ വായനാനുഭവങ്ങളാകാം. യാത്രാനുഭവങ്ങളാകാം. വിശിഷ്ടവ്യക്തികളുമായുള്ള സമ്പര്‍ക്കകഥകള്‍ തീര്‍ച്ചയായും കുട്ടികളോടു പറയണം. എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. കുട്ടികള്‍ക്കും അവരുടെ അനുഭവങ്ങളുണ്ടല്ലോ.
കുറച്ചുനേരം തമാശ പറച്ചിലുകള്‍ക്കു മാത്രമായി മാറ്റിവെച്ചാല്‍ നല്ലതാണ്. നര്‍മ്മബോധം സര്‍ഗശേഷിയുടെയും ബുദ്ധിശക്തിയുടെയും വിളംബരമാണ്. തമാശകള്‍ ആസ്വദിച്ചു ചിരിക്കുന്ന കുടുംബസദസ്സ് പ്രതിസന്ധികളെ അകത്തുകടക്കാനനുവദിക്കാത്ത പ്രതിരോധത്തിന്റെ നെടുംകോട്ടയാണ്.
ടെലിവിഷന്‍ കാണാനും ഒരുമിച്ചുള്ള സമയമാണ് നല്ലത്. പരിപാടികളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടക്കണം. അഭിപ്രായങ്ങള്‍ അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ളവര്‍ പുതിയ തലമുറയില്‍ കുറവാണ്. ഭാഷ എന്ന മനുഷ്യന്റെ ഏറ്റവും ശക്തമായ ആയുധമാണ് അവര്‍ക്കു കൈമോശം വരുന്നത്.
ആരോഗ്യ പരിപാലനത്തിനുള്ള വഴികളും അന്വേഷിക്കാവുന്നതാണ്. യോഗാസനങ്ങള്‍, യോഗാഭ്യാസങ്ങള്‍ ഇവയൊക്കെ യുക്തംപോലെ തിരഞ്ഞെടുക്കാം. ഒന്നിച്ചു ചെയ്യുന്നതായിരിക്കും ഉചിതം.
ഇങ്ങനെ സദാ സക്രിയമായിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് അയാളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്കു സമയം കണ്ടെത്താനോ ആ സമയം ഫലപ്രദമായി വിനിയോഗിക്കാനോ പ്രയാസമുണ്ടാവുകയില്ല. പഠനം പഠനം എന്നു മാത്രം മന്ത്രിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് പഠനം ബാലികേറാമലയാകുന്നത്. ബ്രഹ്മചര്യം, വാനപ്രസ്ഥം, ഗാര്‍ഹസ്ഥ്യം, സന്യാസം എന്നിങ്ങനെ മാനവ ജീവിതത്തെ നാലായി തിരിച്ചപോലെ പഠനം, ജോലിതേടല്‍, വിവാഹം ചെയ്യല്‍, പെന്‍ഷന്‍ വാങ്ങല്‍ എന്നിങ്ങനെ ആധുനിക മനുഷ്യന്റെ ജീവിതത്തെ ആരെല്ലാമോ ചേര്‍ന്ന് നാലായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ പഠിച്ചാല്‍ മതിയെന്നാണ് തീര്‍പ്പ്. ജീവിതത്തെ അതിന്റെ സൗന്ദര്യസമൃദ്ധിയോടെയും സങ്കീര്‍ണ്ണതകളോടെയും കാണാനുള്ള അവസരമാണ് ഇതുമൂലം വിദ്യാര്‍ത്ഥി സമൂഹത്തിന് നഷ്ടമാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ അടച്ചിടല്‍കാലം അവര്‍ക്കു കിട്ടിയ സുവര്‍ണാവസരമാണെന്നു കരുതേണ്ടിവരും. ഇനി എത്ര വൈകി പഠനം പുനരാരംഭിച്ചാലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മറിച്ച്, ഒട്ടേറെ തിരിച്ചറിവുകള്‍ക്ക് അവസരമുണ്ടാവുകയുമാണ് ചെയ്തതെന്നും അവര്‍ക്കു ബോധ്യപ്പെടും. തെറ്റിദ്ധാരണകളുടെ പുറത്ത് മുതിര്‍ന്നവര്‍ തങ്ങള്‍ക്കായി കെട്ടിയുയര്‍ത്തിയ വേലികള്‍ അവര്‍ തന്നെ പൊളിച്ചു കളയുകയും ചെയ്യും.
അതിനാല്‍ കുട്ടികളെ പ്രതി, അവരുടെ പഠനത്തെ പ്രതി, ആശങ്കപ്പെടേണ്ടതില്ല. ഒരു പ്രബുദ്ധസമൂഹത്തില്‍ കാണാന്‍പാടില്ലാത്തവിധം ആശങ്കകളുടെ വലിയൊരു മേലാപ്പ് മലയാള സമൂഹത്തില്‍ ദൃശ്യമാണിപ്പോള്‍. നീരൊഴുക്കുപോലെ അത്രമേല്‍ സ്വാഭാവികതയോടെ മാതൃഭാഷ മൊഴിഞ്ഞു നടക്കുന്ന കുരുന്നിന്റെ കൈപിടിച്ച് അതിനു യാതൊരു പരിചയവുമില്ലാത്ത വിദേശഭാഷയില്‍ പഠിപ്പിക്കുന്ന സ്‌കൂളിലേയ്ക്ക് ചെല്ലുന്നു. പത്തിരുപതു വയസ്സുകഴിഞ്ഞ് പുറത്തേയ്ക്കു പോകേണ്ടി വന്നാലോ എന്ന ആശങ്കയില്‍. വര്‍ണ്ണശബളമായ പത്തുവര്‍ഷം രാവുംപകലും പാഠപുസ്തകങ്ങളുടെ മുമ്പില്‍ ചടഞ്ഞിരിക്കാന്‍ ആ കുട്ടി നിര്‍ബന്ധിക്കപ്പെടുന്നു, ഗ്രേഡ് താഴോട്ടു പോയാലോ എന്ന ആശങ്കയില്‍. പെണ്‍കുട്ടികളുള്ള വീടുകളില്‍ ചെലവുചുരുക്കലിന്റെയും സമ്പാദ്യത്തിന്റെയും പേരില്‍ നിരന്തരം മാനസികസംഘര്‍ഷങ്ങളുണ്ടാകുന്നു. വിവാഹത്തിനു ചെലവേറുമെന്ന ആശങ്കയില്‍. ഇങ്ങനെ ആശങ്കകള്‍ മാത്രം തലമുറ തലമുറ കൈമാറിക്കൊണ്ടിരിക്കുകയും അതകറ്റാനുള്ള ആസൂത്രണം എവിടെയും തുടങ്ങാതിരിക്കുകയും ചെയ്യുന്നതിനിടയിലാണ് അടച്ചിടല്‍ പുതിയ തിരിച്ചറിവുകളിലേയ്ക്ക് നമ്മെ നയിക്കുന്നത്. ഇപ്പോള്‍ നമുക്കറിയാം, മനുഷ്യലോകത്തിന്റെ ഭാവിതന്നെ പ്രവചനാതീതമായിരിക്കുമ്പോള്‍ ആശങ്കകളില്‍ കുരുങ്ങിക്കിടക്കാതെ ആസൂത്രണത്തിന്റെ ബലത്തില്‍ നിവര്‍ന്നുനില്‍ക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന്.
കൊറോണ നമ്മുടെ വിദ്യാഭ്യാസരംഗത്തും കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ഉറപ്പായിരിക്കുന്നു. വിദ്യാഭ്യാസത്തോടുള്ള നമ്മുടെ സമീപനം, ഉള്ളടക്കം, പ്രക്രിയ, മൂല്യനിര്‍ണയം എന്നീ മേഖലകളിലെല്ലാം ചില പുതുക്കലുകള്‍ അനിവാര്യമാണ്.
വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വിഭവ വിനിമയത്തിലെ മുന്‍ഗണനകള്‍ മാറിമറിയാന്‍ കാരണമാകും. വിദ്യാഭ്യാസത്തിന്റെ സാമ്പത്തികവശം മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടും. ഗുണനിലവാരത്തിന് ആനുപാതികമായി ചെലവുചെയ്യാന്‍ കുടുംബങ്ങള്‍ നിര്‍ബ്ബന്ധിക്കപ്പെടും. എല്ലാവരും ഒരേ ഒഴുക്കില്‍ നീങ്ങുക എന്നതായിരിക്കില്ല സമീപനം. ചെറിയ ക്ലാസുകളില്‍ത്തന്നെ അഭിരുചി മേഖലകള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളുണ്ടാകും. അതിന്റെ കൂടി അടിസ്ഥാനത്തില്‍ തുടര്‍ പഠനസാധ്യതകള്‍ പുനഃപരിശോധിക്കപ്പെടും. വിഭവാസൂത്രണം, തൊഴില്‍ സംസ്‌കാരം എന്നിവയില്‍ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരും. കൃഷിയോട് ആഭിമുഖ്യം വര്‍ദ്ധിക്കും. ആരോഗ്യം, ശുചിത്വം, ഭക്ഷണക്രമം എന്നിവയുമായി ബന്ധപ്പെട്ട് ജീവിതശൈലി തന്നെ സമൂലം മാറും. വിലയേറിയ ഭക്ഷണം നല്ല ഭക്ഷണം എന്ന വിചാരഗതി കാലഹരണപ്പെടും. ദുരന്തനിവാരണം പാഠ്യക്രമത്തിലെ അവിഭാജ്യഘടകമാവും. സാമൂഹ്യ അകലം ഒരു യാഥാര്‍ത്ഥ്യമാണെന്നു തിരിച്ചറിയുമ്പോഴും സമൂഹ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കൈവരും. ഗ്രേഡില്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍.എസ്.എസ്., എന്‍.സി.സി., സ്‌കൗട്ട് തുടങ്ങിയവ എന്ന നിലവിട്ട് സന്നദ്ധസേവനം പാഠ്യപദ്ധതിയുടെ അനിവാര്യഭാഗമാവും. ആരോഗ്യം, ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളുമായുള്ള വിദ്യാഭ്യാസത്തിന്റെ ഏകോപനം അത്യാവശ്യമാവും. മാസ്‌കുകളുടെ ഉപയോഗവും കൈകഴുകലുമൊക്കെ ജീവിതചര്യയുടെ ഭാഗമാകുന്നതോടെ അതിന്റെയൊക്കെ നിര്‍മ്മാണനൈപുണി കൂടി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറും. നിലവിലുള്ള ക്ലാസ്മുറി, പഠനസമയം, പഠനരീതി ഇതിലൊക്കെ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരും. അഞ്ചാറു പേര്‍ ഒരുമിച്ചിരിക്കുന്ന അഞ്ചെട്ടു ബെഞ്ചുകള്‍ എന്ന രീതി മാറും. രണ്ടറ്റത്തായി രണ്ടുപേര്‍ ഇരിക്കുകയോ, ഓരോരുത്തര്‍ക്കായി പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളൊരുക്കുകയോ വേണ്ടിവരും. സ്വാഭാവികമായും ക്ലാസിലെ കുട്ടികളുടെ എണ്ണം കുറയും. അത് സമയപുനക്രമീകരണത്തിലേയ്ക്ക് നയിക്കും. ഷിഫ്റ്റ് സമ്പ്രദായം തിരിച്ചുവന്നു എന്നുംവരാം.
വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ ഏകോപനം കുറെക്കൂടി വികേന്ദ്രീകരിക്കപ്പെടും. പഞ്ചായത്തു തലത്തിലും വാര്‍ഡുതലത്തിലുമൊക്കെയുള്ള കൂടിയിരിപ്പുകള്‍ക്ക് പ്രാധാന്യംവരും. ക്ലസ്റ്ററുകള്‍ ശക്തമാകും. കൂടെക്കൂടെയുള്ള അധ്യാപക പരിശീലനങ്ങള്‍ ഇന്നത്തെ മട്ടില്‍ മുന്നോട്ടുപോകില്ല. ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ നടപ്പാകും. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സ്‌കൂള്‍ റിസോര്‍സ് ഗ്രൂപ്പുകള്‍ സജീവമാവുകയും അതിന്റെ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്യും.
ക്ലാസ് മുറികളില്‍ അനുവര്‍ത്തിച്ചു വരുന്ന പഠനതന്ത്രങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാവും. സംഘപ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുമെന്നതാണ് ഏറ്റവും പ്രധാനം. അതേസമയം അനുഭവങ്ങള്‍ പങ്കിടുന്നതിനും വ്യക്തിഗത പ്രകടനങ്ങള്‍ക്കുശേഷമുള്ള ക്രോഡീകരണത്തിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ രീതികള്‍ കണ്ടെത്തേണ്ടിവരും. നിലവില്‍ വന്‍തോതിലുള്ള മുടക്കുമുതലോടെ വിവരസാങ്കേതികവിദ്യാസംവിധാനങ്ങള്‍ ഓരോ സ്‌കൂളിലും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക പോര്‍ട്ടലുകള്‍, ആപ്പുകള്‍ എന്നിവയ്ക്കു പുറമെ വിദ്യാഭ്യാസ ചാനല്‍ തന്നെ നമുക്കു സ്വന്തമാണ്. സാങ്കേതികവിദ്യാവിഭവ സമാഹരണത്തിനും താഴെ തട്ടുവരെ കാര്യക്ഷമമായി അതെത്തിക്കുന്നതിനും ‘കൈറ്റ്’ നേതൃത്വം നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ബൗദ്ധിക മേഖലയ്ക്ക് നല്‍കിവരുന്ന പ്രാധാന്യം കുറയ്ക്കാതെ തന്നെ വൈകാരിക, സര്‍ഗ്ഗാത്മക മേഖലകള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെടും.
കലാ-കായിക-ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി നമ്മള്‍ നടത്തുന്ന മേളകളുടെ സംഘാടനത്തിലും നടത്തിപ്പിലും ചില പുതുക്കലുകള്‍ ആവശ്യമായി വരും. ജനക്കൂട്ടങ്ങളുടെ സാന്നിധ്യത്തില്‍, ഉത്സവാന്തരീക്ഷത്തില്‍, നടന്നുവന്നിരുന്ന മേളകള്‍ സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ വികേന്ദ്രീകരിക്കപ്പെടുകയും ചില തട്ടുകളെങ്കിലും ഒഴിവാക്കപ്പെടുകയും ചെയ്യും.
പൊതുജനങ്ങളുടെ ശാസ്ത്രാവബോധത്തിന്റെ ഗ്രാഫ് ഗണ്യമായി ഉയര്‍ന്നിരിക്കുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. ശാസ്ത്രസത്യങ്ങള്‍ക്കു മുമ്പില്‍ കേവല വിശ്വാസങ്ങള്‍ക്കോ കേവല യുക്തിചിന്തയ്‌ക്കോ പിടിച്ചുനില്‍ക്കാനാവില്ലെന്ന തിരിച്ചറിവ് ഇന്ന് എല്ലാവര്‍ക്കുമുണ്ട്. സമൂഹ ജീവിയെന്ന നിലയില്‍ പുലര്‍ന്നുപോകാന്‍ ശാസ്ത്രാഭിമുഖ്യം അനിവാര്യമായിരിക്കുന്നു. വിദ്യാഭ്യാസനവീകരണത്തിന്റെ ആക്കം കൂട്ടാന്‍ ഈ തിരിച്ചറിവ് തെല്ലൊന്നുമല്ല സഹായിക്കുക.
അക്കാദമിക ലോകത്തിന്റെ ഇത്തരം നിഗമനങ്ങള്‍ മൂര്‍ത്തമായ പ്രവര്‍ത്തനപദ്ധതികള്‍ക്കു രൂപം നല്‍കാന്‍ സഹായകമാവുമെന്നു പ്രത്യാശിക്കാം.
നമ്മുടെ രക്ഷാകര്‍തൃ സമൂഹത്തിലും ഇത്തരുണത്തില്‍, ചില പുനരാലോചനകള്‍ നടക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ പ്രീപ്രൈമറിയിലും ഒന്നാം ക്ലാസ്സിലും കുട്ടികളെ ചേര്‍ക്കുന്ന സമയമാണിത്. പുതുവര്‍ഷാരംഭത്തോടൊപ്പം അഡ്മിഷന്‍ നടപടികളും ആരംഭിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. കൊറോണ എല്ലാം തകിടം മറിച്ചു.
വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ വെപ്രാളപ്പെടേണ്ടിവന്നിട്ടില്ലാത്ത നാടാണ് കേരളം. നടന്നുപോകാവുന്ന അകലത്തില്‍ നമുക്ക് പ്രൈമറി സ്‌കൂളുകളുണ്ട്. അല്ലെങ്കിലും അടുത്തൊന്നും സ്‌കൂളുകളില്ലാത്തതുകൊണ്ടല്ലല്ലോ മൂന്നും അഞ്ചും വയസ്സുള്ള മക്കളെയുമായി നമ്മള്‍ അകലങ്ങളിലേയ്ക്കു പോയത്! സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം പഠിക്കുന്ന കുട്ടിയുടെ സൗകര്യവും സുരക്ഷിതത്വവുമല്ലാതായി. അങ്ങനെ പ്രാഥമിക വിദ്യാലയങ്ങളില്‍ പലതും പ്രബുദ്ധ മലയാളികളാല്‍ അവഗണിക്കപ്പെട്ടു. അതില്‍ പലതും നമ്മുടെയോ പൂര്‍വ്വികരുടെയോ മാതൃവിദ്യാലയങ്ങളായിരുന്നിട്ടും.
നേരാണ്. ചില സ്‌കൂളുകളിലെങ്കിലും ഭൗതിക സൗകര്യങ്ങളുടെ കുറവുണ്ട്. അതാരാണ് പരിഹരിക്കേണ്ടത്? രണ്ടു പ്രളയങ്ങളെ അതിജീവിച്ചും കോവിഡിനെ പരമാവധി പ്രതിരോധിച്ചും തലയുയര്‍ത്തി നില്‍ക്കുന്ന കേരളം ഏതാനും പ്രാഥമിക വിദ്യാലയങ്ങളില്‍ പഠന സൗകര്യങ്ങളില്ല എന്നു പരിതപിച്ചാല്‍ അതൊരു നേരമ്പോക്കായി മാത്രമേ ലോകം കരുതുകയുള്ളൂ.
അയല്‍പക്ക കൂട്ടായ്മകള്‍ കേരളത്തില്‍ വ്യാപകമാണിപ്പോള്‍. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ കണക്കാക്കി അതിനുള്ളില്‍ കഴിയുന്നവരുടെ മറ്റൊരു പരിഗണനകളുമില്ലാതുള്ള കൂട്ടായ്മയാണിത്. സാമ്പത്തികമായും മറ്റും പരിഗണന ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി അസോസിയേഷനുകള്‍ മത്സരിക്കുന്ന കാഴ്ചയാണുള്ളത്. പ്രളയത്തിലും ഇപ്പോള്‍ കോവിഡ് അടച്ചിടല്‍ കാലത്തും അയല്‍ക്കൂട്ടങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കൊപ്പം കൊച്ചുകുട്ടികളുടെ കൂടി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ബാധ്യത ഓരോ കൂട്ടായ്മയ്ക്കുമുണ്ട്. പരിധിക്കുള്ളിലുള്ള സ്‌കൂളുകളുടെ സമുദ്ധാരണത്തിനും അവയ്ക്ക് നേതൃത്വം നല്‍കാന്‍ കഴിയും. അതിനാദ്യം വേണ്ടത് ഓരോ അയല്‍പക്കകൂട്ടായ്മയിലുമുള്ള കുട്ടികള്‍ തൊട്ടടുത്തുള്ള സ്‌കൂളില്‍ ചേരുക എന്നതു തന്നെയാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇതിനേക്കാള്‍ സുഗമമായ വഴി വേറെയില്ല. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏകോപനപ്രവര്‍ത്തനത്തിലൂടെ അവശ്യവിഭവങ്ങളൊരുക്കാനും നമുക്കു കഴിയും. എല്ലാ സ്‌കൂളുകളും നിലവാരമുള്ള സ്‌കൂളുകളാകാനുള്ള എളുപ്പവഴിയും ഇതുതന്നെ. നാടൊരുമിക്കുന്നിടത്തേ നിലവാരമുണ്ടാവൂ.
ചില പ്രതിസന്ധികള്‍ അപ്രതീക്ഷിതമായ ചില മുന്നേറ്റങ്ങള്‍ക്കും നിമിത്തമാകാറുണ്ട്. കോവിഡ് നമ്മെ നയിക്കേണ്ടത് ഏറ്റവും ശാസ്ത്രീയമെന്ന് ലോകം അംഗീകരിച്ച അയല്‍പക്ക വിദ്യാഭ്യാസത്തിന്റെ നാളുകളിലേയ്ക്കാകണം. പുതിയ വിദ്യാലയവര്‍ഷം ആരംഭിക്കുമ്പോള്‍ തുടക്കക്കാര്‍ ഏറ്റവും അടുത്തുള്ള സ്‌കൂളുകളില്‍ തന്നെ ചേരട്ടെ. അങ്ങനെ ഘട്ടംഘട്ടമായി എല്ലായിടങ്ങളിലും ആവശ്യത്തിനു കുട്ടികളുണ്ടാവും. ചിലേടങ്ങളില്‍ കുട്ടികളുടെ എണ്ണക്കൂടുതലാലുള്ള ശ്വാസംമുട്ടലും മറ്റു ചിലേടങ്ങളില്‍ എണ്ണക്കുറവാലുള്ള അടച്ചുപൂട്ടല്‍ ഭീഷണിയുമെന്ന അസന്തുലിതാവസ്ഥയ്ക്കും പരിഹാരമാവും. ശക്തമായ അയല്‍പക്ക വിദ്യാഭ്യാസ സമ്പ്രദായമാണല്ലോ കേരളത്തെ പ്രബുദ്ധകേരളമാക്കിയത്.
ഇനി നഗരത്തിലേക്ക് ഓടണ്ട
വിദ്യാഭ്യാസത്തെ സമീപിക്കേണ്ടത് ശാസ്ത്രാവബോധത്തോടെയാണെങ്കില്‍ കുട്ടിയെ എവിടെ ചേര്‍ക്കണമെന്ന ചോദ്യത്തിന് ഒരുത്തരമേ കാണൂ. വീടിനടുത്തുള്ള സ്‌കൂളില്‍. അയല്‍പക്ക വിദ്യാഭ്യാസത്തേക്കാള്‍ ശാസ്ത്രീയവും സമൂഹത്തിന് അനുഗുണവുമായ മറ്റൊരു സമ്പ്രദായം ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ. ദൂരെനഗരത്തിലുള്ള സ്‌കൂളിലേയ്ക്ക് ദൈനംദിനം വാഹനത്തില്‍ പോയിവരുന്ന കൊച്ചുകുട്ടികളുടെ മാനസിക പ്രയാസങ്ങള്‍ മാത്രമല്ല ഇനി നാം ചര്‍ച്ച ചെയ്യുക അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയാണ്. മാസ്‌കും കയ്യുറയും കൈകഴുകലുമൊക്കെ നിര്‍ബന്ധമാവുകയാണ്, അകലം പാലിക്കലും ബെഞ്ചിലും ക്ലാസിലും കുട്ടികളുടെ എണ്ണം കുറയ്ക്കാം. സീറ്റിലൊരു കുട്ടി എന്ന നിലയില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് വാഹനം ഏര്‍പ്പാടു ചെയ്യാന്‍ കഴിയും? ഈ നിബന്ധനകളൊക്കെ കുട്ടികള്‍ മാത്രം പാലിച്ചാല്‍ മതിയോ? കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകള്‍ ജനസാന്ദ്രതയേറിയ നഗരങ്ങളിലാണുള്ളത്. സാംക്രമിക രോഗങ്ങളുടെ പ്രഭവകേന്ദ്രം ഗ്രാമങ്ങളെക്കാള്‍ നഗരങ്ങളാണെന്നും കാണാം.